Tuesday, 13 September 2011

ഞങ്ങളു പാരമ്പര്യായിട്ട് കമ്മ്യൂണിസ്റ്റ്കാരാ

കറേയായി സംഭവകഥകൾ പറയുന്നു. ഇനി ഒരു കേട്ടകഥയാവാം. ഒരു കെട്ടുകഥ എന്നും പറയാം.

നാട്ടിൽ ഒരു വനിതാ എൽ.ഐ.സി ജീവനക്കാരി ഉണ്ടായിരുന്നു. സാമാന്യം നന്നായി ആളുകളെ ചാക്കിട്ടു പിടിക്കുന്ന ഒരു വനിതാ തൊഴിലാളി. ഒരുപാട് കാലം ഈ പണിയുമായി നടന്നിട്ടും നാട്ടിലെ ആളുകൾക്കൊന്നും തന്നെ അറിയില്ല എന്ന ഒരു പരാതി പുള്ളിക്കാരിക്ക് ഉണ്ടായിരുന്നു. അങ്ങനെ ആലോചിച്ചിരിക്കുമ്പോഴാണ് ആ ആശയം ഭവതിയുടെ മനസ്സിൽ വന്നതു. ഈ എൽ.ഐ.സി കൊണ്ട് ഒന്ന് നാട് ചുറ്റാം. കിട്ടുന്ന ആളുകളെ ചെർക്കുകയും ചെയ്യാം, ഒരുപാട് ആളുകൾക്ക് തനിയ്ക്കെന്താ പണിയെന്ന് മനസ്സിലാവുകയും ചെയ്യും. അങ്ങനെ ഭവതി രണ്ട് കൂട്ടുകാരികളേയും കൂട്ടി ചാക്കിടാനും, പരിചയപ്പെടാനും വേണ്ടി നാട്ടിലേക്ക് ഇറങ്ങി.

പല വീടുകളിലും കയറി, സസാരിച്ചു, പലരേയും എൽ.ഐ.സി യിൽ ചേർത്തു, ചില സ്ഥലങ്ങളിൽ നിന്ന് നല്ല ചീത്തയും കിട്ടി. 'രാവിലെ ഇങ്ങ്ട് എറങ്ങിക്കോളും ഒരു പണിയും ഇല്ലാണ്ടെ, ഒരു ബാഗും തോളിൽ തൂക്കിയാ ഒക്കെ ആയി ന്നാ വിചാരം' ഇങ്ങനെയൊക്കെ പലതും പല സ്ഥലത്ത് നിന്നും കേട്ടു. പക്ഷെ ഭവതി പിന്തിരിയാൻ ഒരുക്കമില്ലായിരുനു. 'മുന്നോട്ട് വച്ച കാൽ പിന്നോട്ട് ഇല്ല, എന്തായാലും നേരിടുക തന്നെ' ഈയമ്മ മനസ്സിലുറപ്പിച്ചു. അങ്ങനെ കുറേ ദൂരം നടന്നു, പല ആളുകളേയും ചേർത്തു.അങ്ങനെ അവരിൽ കുറച്ചു സന്തോഷം മൊട്ടിട്ടു. കാരണം ഇനിയെന്തായാലും നാട്ടിൽ ആരും തന്നെ കണ്ടാൽ എന്താ ഇതിന് പണീ ന്ന് സശയിച്ചു നോക്കില്ല. ഈയമ്മയുടെ മനസ്സിൽ ആ സന്തോഷം അലതല്ലി.

അങ്ങനെ ഒരു വീട്ടിൽ ചെന്ന് കയറി. നടന്ന് നടന്ന് ഒരുപാടായി, ആളുകളോട് വിശദീകരിച്ചും, നാട്ടുവിശേഷങ്ങൾ പറഞ്ഞും എല്ലാവർക്കും മടുത്ത് തുടങ്ങി. അങ്ങനെ ചെന്നു കയറിയ പാടേ ആരോ, എന്തൊക്കെയോ, എൽ.ഐ.സി യെ കുറിച്ച് വിശദീകരിച്ചു പറഞ്ഞു. വീട്ടിൽ ഒരു സ്ത്രീ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പാവം സ്ത്രീ സാരിതലപ്പു കൊണ്ട് പിന്നിലൂടെ ചുറ്റി മുന്നിലേക്കിട്ട് വയറിനോട് ചേർത്ത് പിടിച്ച് ചുമരും ചാരി നിന്ന് എല്ലാം ക്ഷമയോടെ കേട്ടു. പറയുന്ന സംഭവങ്ങളോടൊക്കെ ആ സ്ത്രീ നന്നായി നന്നായി ചിരിച്ചു പ്രതികരിക്കുന്നത് കണ്ടപ്പഴേ എൽ.ഐ.സി  ജീവനക്കാരിക്ക് ഉഷാറായി. അവർ ചേരും എന്ന് മനസ്സിലുറപ്പിച്ച് സ്ത്രീ ബാഗിൽ നിന്ന് ബൂക്കും പേനയും എടുത്ത് എഴുതാൻ ഉഷാറായി. എന്നിട്ട് ആ പാവത്തിനോട് ചോദിച്ചു.
'ന്നാ   എല്ലാവരീം ചേർക്കാ മ്മക്ക്.'

ആ പാവം സ്ത്രീ ചുമരും ചാരി നിന്ന് കൊണ്ട് തന്നെ വളരെ ശാന്തമായി എൽ.ഐ.സി ക്കാരിയോട് ഇങ്ങനെ പറഞ്ഞു. 'ഞ്ഞങ്ങളു പാരമ്പര്യായിട്ട് കമ്മ്യൂണിസ്റ്റ് കാരാ, വേറെ ഏതെങ്കിലും പാർട്ടീ ചേർന്നു ന്ന് പറഞ്ഞാ ഏട്ടനു അതിഷ്ട്ടാവില്ല. അതോണ്ട് ങ്ങളൊക്കെ ഇപ്പൊ പൊയ്ക്കോളിൻ.'
അതും കേട്ട് അവിടുന്ന് ഇറങ്ങിയ നമ്മുടെ എൽ.ഐ.സി യും സംഘവും വേറെ എവിടേയും കയറി തന്നെ പരിചയപ്പെടുത്താൻ നിൽക്കാതെ സ്വന്തം വീടുകളിലേക്ക് പോയി. എൽ.ഐ.സി യ്ക്കും കൂട്ടാളികൾക്കും നല്ലൊരു ഉറക്കം വേണ്ടി വന്നു ആ മറുപടിയുടെ ക്ഷീണം തീർക്കാൻ.

3 comments:

  1. ഹ ഹ ഹ :)
    കേട്ടകഥ (കെട്ടുകഥ )കൊള്ളാം

    ReplyDelete
  2. സത്യത്തില്‍ ഇങ്ങനെ ഒരു എല്‍ ഐ സി എജന്റ്റ് ഉണ്ടോ മനേഷേ..സംഭവം ഇഷ്ടായ് ട്ടോ ..അവര്‍ ആ ദിവസത്തോടെ ഈ പണി ഉപേക്ഷിച്ചു കാണും ല്ലേ..? ചെറിയ കഥയാണെങ്കിലും രസകരമായി പറഞ്ഞു.

    ആശംസകള്‍.

    ReplyDelete
  3. കെട്ടുകഥ ആയാലും കേട്ടുകഥ ആയാലും ആ മറുപടി ഇഷ്ടമായി.

    ReplyDelete