Wednesday, 7 March 2012

വീണ്ടും ചില നാട്ടുകാര്യങ്ങൾ..(..ന്റിമ്മാ....കള്ളം...കള്ളം.)

അങ്ങനെ ഞങ്ങളുടെ ഓരോ ദിവസവും ഉല്ലാസമായങ്ങനെ കടന്ന് പോകുന്നു. ഞങ്ങൾ കൂട്ടുകാർ എല്ലാവർക്കും വൈകുന്നേരമായാൽ ഗ്രൗണ്ടിലേക്കിറങ്ങി മാളുമ്മയുടെ തൗദാരം കേൾക്കൽ ഒരു ശീലമായിരിക്കുന്നു. അങ്ങനെ ദിവസങ്ങൾ ആഴ്ചകളായും, മാസങ്ങളായും,വർഷങ്ങളായും കലണ്ടറിനെ മാറ്റിക്കൊണ്ടിരുന്നു. ഞാൻ യു.പി സ്ക്കൂളിൽ പഠിക്കുന്ന സമയം, അപ്പോഴുള്ള ആ കൂട്ടത്തിൽ ഏറ്റവും ചേറുത് ഞാനാണ്. ആ സമയങ്ങളിൽ മാത്രമാണ് ട്ടോ, പിന്നീട് എന്റെ പിന്മുറക്കാർ വന്ന് തുടങ്ങി, ഞാനും ഇമ്മിണി വല്ല്യേ സീനിയറായി മാറി. ആ സമയത്ത് എന്റെ ചെറിയ ഏട്ടന്റെ കൂടെ മാത്രമേ ഞാൻ പുറത്ത് പോകാറുള്ളൂ, എന്നെ വീട്ടിൽനിന്ന് വിടാറുള്ളൂ. അങ്ങനെയുള്ള ഒരു ദിവസം, എല്ലാ കൂട്ടുകാരും സമീപത്തുള്ള, എൽ.പി സ്കൂളിന്റെ പുറത്തുള്ള കളിസ്ഥലമായ ഗ്രൗണ്ടിൽ ഒത്ത് കൂടിയിരിക്കുന്നു. നമ്മുടെ, 'മാളുമ്മയുടെ തൗദാരം' ഫേയിം അനി,'കപ്പക്കിഴങ്ങ് ' ഫേയിം നസീർ, പിന്നെ ഷംസു, ഷെരീഫ് അങ്ങനെ ഒരുപാട് പേരുണ്ട്. അവരൊക്കെയുള്ള കൂട്ടത്തിലേക്ക് എന്നെയും കൊണ്ട് വരാൻ കുട്ട്യേട്ടന്(ചെറിയ ഏട്ടന്) ഇഷ്ടമല്ലെങ്കിലും, ഞാൻ തുള്ളിക്കളിച്ച് പിന്നാലെ പോകും. .....................അങ്ങനെ ഗ്രൗണ്ടിലെത്തി, 'എല്ലാവരും' കൂടി കൂലങ്കഷമായി ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. അതങ്ങനെ പുരോഗമിക്കുന്നതിനിടയിൽ, 'ഒന്നും,രണ്ടും' പറഞ്ഞ് നസീറും എന്റെ ഏട്ടനും ഒന്ന് കോർത്തു. ( ആ പ്രായത്തിൽ അതൊക്കെ സ്വാഭാവികമല്ലേ ? ). കൂട്ടത്തിൽ വലിയ ആളുകളായ, ഏട്ടനും നസീറും തമ്മിലാണ് 'കശപിശ'. ആർക്കും ആരുടേയും പക്ഷം ചേരാൻ വയ്യ.

ആ സമയത്ത് ഏട്ടന്റെ കാൽമുട്ടിന്റെ പിൻഭാഗത്ത് ഇരുകൈകൾ കൊണ്ടും വിരലുകൾ കോർത്ത്, വട്ടമിട്ട് പിടിച്ച്, മറ്റൊന്നും ഏട്ടനെ ചെയ്യാനനുവദിക്കാതെ 'പുട്ടി'പിടിച്ചിരിക്കുകയാണ് നസീർ. ഇടത് കാൽ നസീറിന്റെ പിടിയിലാണെങ്കിലും 'നാക്ക് ' ആരും കുരുക്കിട്ട് പിടിക്കാത്തത് കൊണ്ട് അതുകൊണ്ട് നന്നായി അവനെ പ്രകോപിപ്പിക്കുണ്ട് (മൂപ്പിക്കുന്നുണ്ട്) കുട്ട്യേട്ടൻ. അങ്ങനെ അവനോട് ചൂടാകുന്നുമുണ്ട്,

'ഡാ നസീറേ..അവ്ട്ന്ന് പിടി...യ്യ് വിട്ടോ ട്ടോ  .വെറ്തേ തല്ല്   ണ്ടാക്കണ്ട.'

കുട്ട്യേട്ടന്റെ സ്വരത്തിൽ അൽപ്പം ഭീഷണിയുണ്ടോ എന്ന്ാർക്കും സംശയം ഇല്ലാതില്ല.

അമ്മാതിരി ഭീഷണിയിലൊന്നും വിറക്കാത്ത നസീർ, ഏട്ടനെ വിടാനുള്ള ഒരുക്കത്തിലുമല്ല,

'ഇയ്യേയ്.....കൊറേ ദീസായീ  ഇന്നങ്ങനെ ഒരുമായിരി ആക്കാൻ തൊടത്തീട്ട്,അതങ്ങനെ വിട്ടാ ജ്ജ് തലേ കേറും...'

അവസാനം, എന്ത് പറഞ്ഞാലും നസീർ ഇനി പിടി വിടില്ല്യാ ന്ന് മനസ്സിലാക്കിയ ഏട്ടൻ,പെട്ടെന്ന്, ഞങ്ങൾക്കെന്തെങ്കിലും ചെയ്യാൻ കഴിയുന്നതിന് മുൻപേ പ്രതികരിച്ചു. ക.കു.ജൂ,ക.ഗു വിദഗ്ധനായ കുട്ട്യേട്ടൻ, രണ്ട് കൈകളും നസീറിന്റെ തോളിൽ ഊന്നി മുകളിലേക്ക് കുതിച്ച് ചാടി, വലത് കാലിന്റെ മുട്ട് കൊണ്ട്, അവന്റെ നെഞ്ചിനിട്ട്  ഒന്ന് കൊടുത്തു. ഇതെല്ലാം ഞങ്ങൾക്കെന്തേലും ചെയ്യാൻ കഴിയാത്ത വിധം വളരെ പെട്ടെന്ന് കഴിഞ്ഞിരുന്നു. കാൽമുട്ടുകൊണ്ടുള്ള ഇടി നെഞ്ചിൽ കൊണ്ടതും, നസീർ പെട്ടെന്ന് ഏട്ടന്റെ കാലിലെ പിടി വിട്ട്, വലത് കൈ കൊണ്ട് മൂക്കും അമർത്തി പൊത്തി പിടിച്ച് അവൻ നിലത്ത് അമർന്നിരുന്നു. വലത് കൈവിരലുകൾ കൊണ്ട് മൂക്ക് പൊത്തിപ്പിടിച്ചുള്ള, അവന്റെ നിലവിളി അടുത്തുള്ള അവന്റെ വീട്ടിലേക്ക് കേൾക്കാൻ പാകത്തിൽ ഉച്ഛത്തിലായിരുന്നൂ.

'ഇമ്മാ....ക്ക് സാസം കിട്ട്ണില്ലാ...ഇമ്മാ...ക്ക്...സാസം'

ഞങ്ങളാകെ പേടിച്ച് അവന്റെ ചുറ്റും കൂടിയിരുന്നു. ഷംസു അവനെ ഓരോന്ന്പറഞ്ഞ് സമാധാനിപ്പിക്കുന്നുണ്ട്,
                       
                          'എട, നസീറേ യ്യ് ങ്ങനെ നെലോളിക്കല്ലേ...ത് കേട്ടാ....അന്റിപ്പ... ഇപ്പ വെരും...'

പേടിക്കുള്ള കാരണം ഷംസു തുറന്ന് പറഞ്ഞ്, അവനെ ഓരോന്ന് പറഞ്ഞ് സമാധാനിപ്പിച്ചുകൊണ്ടിരുന്നു.

നസീർ പക്ഷെ അതൊന്നും ചെവിക്കൊള്ളാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല.

'ന്റിമ്മാ ക്ക് സാസം കിട്ട്ണില്ലാ....ന്റിമ്മാ....ക്ക്..സാസം....സാ....സം...'

വലത് കൈവിരലുകൾ കൊണ്ട് മൂക്കിൽ പൊത്തിപ്പിടിച്ച്, അവൻ വലിയ വായിൽ അലറുകയാണ്.

എത്ര നേരം, എന്ത് പറഞ്ഞിട്ടും അവൻ നിലവിളി അവസാനിപ്പിക്കുന്നില്ലെന്ന് കണ്ട ഷംസു അവനോട് സഹികെട്ട രീതിയിൽ പറഞ്ഞു,

'യ്യ് ന്റെ പൊന്നാര നസീറേ,....ആ മൂക്ക്മ്മന്നൊന്ന് കയ്യ് ഇട്ക്കേയ്...അപ്പണക്ക് ശാസൊക്കെ ക്ട്ടും.'

അത് കേട്ട നസീർ മൂക്കിൽ നിന്ന് പിടി മെല്ലെ അയച്ചു, എന്നിട്ട്, 'മായാവി വന്നത് കണ്ട രാജൂനെ' പോലെ തുള്ളിച്ചാടി ഞങ്ങളോട്  പറഞ്ഞു,

'ആ.....!...ഇപ്പ ക്ക് സാസം കിട്ട്ണ്ണ്ട് ട്ടോ.....ഇപ്പ കിട്ട്ണ്ണ്ട്.....'


ഉച്ചയ്ക്ക് മുൻപുള്ള സമയം അങ്ങിനെ തീർന്നു പോയി. ഞങ്ങൾ വൈകുന്നേരം, കുളി(കളി) കഴിഞ്ഞ്, അടുത്തുള്ള ഒരു വീട്ടിൽ കല്ല്യാണത്തലേന്നുള്ള 'ഒരുക്കലിന് ' പൊയി. ആ കല്ല്യാണ വീട് നമ്മുടെ 'ഝാൻസീറാണി' ഫേയിം മാളുമ്മയുടെ വീടിനടുത്താണ്. കൂട്ടുകാരെല്ലാരും കൂടി തലേന്നത്തെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. സമയം ഏറെയായി, എല്ലാവരും ഉറക്കത്തെ പ്രതീക്ഷിച്ച് നിശബ്ദരായി ഓരോ കാര്യങ്ങളിലും വ്യാപൃതരായി, കാര്യങ്ങൾക്ക് ധൃതി കൂട്ടിക്കൊണ്ടിരികുകയാണ്. ഞാനും അനിയും തലേന്നത്തെ ആസൂത്രണപ്രകാരമുള്ള 'പദ്ധതികൾ' നടപ്പിൽ വരുത്തിക്കൊണ്ടിരിക്കുന്നു.  അപ്പോഴാണ് നമ്മുടെ 'ഝാൻസീറാണി' മാളുമ്മയുടെ വീട്ടിൽ നിന്ന് ഉച്ചത്തിൽ ഒരു നിലവിളി,
                                                                                         
                                                              'ഇമ്മാ....കള്ളം...കള്ളം....ന്റിമ്മാ കള്ളം...കള്ളം...'

അല്ലെങ്കിലേ ഉറക്കമില്ലാതിരിക്കുന്ന ഞങ്ങളെല്ലാവരും അടുത്ത് തന്നേയുള്ള 'ആ' വീട്ടിലേക്ക് കുതിച്ചു.

'എന്താ മാളുമ്മാ കൊഴപ്പം ?'   ഞങ്ങളിലൊരാൾ ചോദിച്ചു.

പതുക്കെ പറയാനറിയാത്ത മാളുമ്മയുടെ മറുപടി, കൊപ്പം മുഴുവൻ കേൾക്കുന്ന തരത്തിൽ 'ശാന്ത'മായായിരുന്നു.

'അതീ  അസറപ്പേയ് (അഷറഫ്, മകൻ)  ഇമ്മറത്താ കെടക്ക്വ...ഓനീ....ജനലിന്റപ്രത്ത് .ന്തോ....നെയല്.. കണ്ട് പേടിച്ചതാ...കൊയപ്പൊന്നൂല്ല്യാ.....ങ്ങള്...പൊയി...കെടന്നാളീം....'

ഞങ്ങൾ കല്യാണവീട്ടിൽ തിരിച്ചെത്തി ഓരോരോ കാര്യങ്ങളിൽ മുഴുകി. ആ 'കള്ളൻ' കാര്യങ്ങളുടെ വർത്തമാനത്തിനിടയ്ക്ക് അനി പറഞ്ഞു,

         'മ്മടെ വീട്ടിലൊക്കെ...മ്മളാ ഇങ്ങനെ പേടിച്ചണ്ണെങ്കീ...മ്മടെ...അമ്മ മ്മളെ...എങ്ങനേലും.. സമാധാനിപ്പിക്ക്വൊലോ... ?...പൊറത്ത് കൊട്ടീട്ടൊക്കെ ല്ലേ ?....ഈ മാളുമ്മ അതും ചീയ്യിണി ല്ല്യാ....ല്ലേ ഡാ... മനേഷേ...?'

ആലോചിച്ചപ്പോൾ എനിക്കും തോന്നി,

'അത് ശര്യാ.. ല്ലോ..
ഒന്ന് സമാധാനിപ്പിക്ക്ണൂം കൂടില്ല്യാ ആ ചെക്കനെ...വെല്ലാത്തൊരിമ്മെന്നെ അന്യേ... !'

എന്റെ അനിയോടുള്ള മറുപടി അവസാനിച്ചപ്പോഴേക്കും, അടുത്തുള്ള 'ആ' വീട്ടിൽ നിന്നും, മാളുമ്മ മകനെ സമാധാനിപ്പിക്കുന്ന ശബ്ദം ഞങ്ങളുടെ എല്ലാവരുടേയും ചെവിയിൽ മുഴങ്ങിക്കേട്ടു.

                  'ഇന്റസറപ്പേ....എബടേ....കള്ളം,....എബടേ...കള്ളം...ന്റസറപ്പേ....'ആ സമാധാനിപ്പിക്കൽ  ഒരു താരാട്ടായി ഉൾക്കൊണ്ട് കൊണ്ട് ഞങ്ങളെല്ലാവരും ആ കല്ല്യാണ വീട്ടിൽ ഉറങ്ങി.

                                                 [ഇനിയേതെങ്കിലും നാട്ടു വിശേഷങ്ങളുമായി എപ്പോഴേലും വരാം]