Wednesday, 8 February 2012

വീണ്ടും ചില നാട്ടുകാര്യങ്ങൾ...(മാളുമ്മടെ തൗദാരം)

പട്ടാമ്പി വളാഞ്ചേരി റൂട്ടിൽ കൊപ്പം കഴിഞ്ഞ് ഒരു കിലോമീറ്റർ പോയാൽ ഒരു എ.എം.എൽ.പി സ്ക്കൂളുണ്ട്. അതിന്റെ എതിരായി ഒരിടവഴിയിലൂടെ അമ്പത് മീറ്ററോളം പോയാൽ നമ്മുടെ വീടായി. വീട്ടിലേക്കുള്ള ഇടവഴിയോട് ചാരി ഒരു പഞ്ചായത്ത് റോഡും അനേകം ഇടവഴികളും വേറേയുമുണ്ട്. അതിലൂടേയൊക്കെ പൊയാൽ പാടത്തേക്കും, വിടുകളിലേക്കും അമ്പലത്തിലേക്കും എത്തും. അങ്ങനേയുള്ള, വീട്ടിലേക്ക് വരുന്ന ഇടവഴിയോട് ചാരി ഒരു ഇടവഴിയിലൂടെ പോയാൽ കാളപൂട്ട് കണ്ടത്തിലെട്ടും. അതാണ് ഞങ്ങളുടെ പ്രധാന കളിസ്ഥലം. പക്ഷെ മഴക്കാലമായാൽ ഞങ്ങൾക്കവിടെ കളിക്കാൻ പറ്റില്ല, ഗ്രൗണ്ടിൽ നിറയെ വെള്ളമാവും. ആ സമയങ്ങളിൽ ഞങ്ങൾ അടുത്തടുത്തുള്ള മറ്റു ചെറിയ, വെള്ളമില്ലാത്ത പാടങ്ങളിലേക്ക് ഞങ്ങളുടെ കളിസ്ഥലം മാറ്റും. മെയിൻ റോഡിൽ നിന്നും പോകുന്ന ഇടവഴികളും പഞ്ചായത്ത് റോഡുകളും എല്ലാം ഈ പാടങ്ങൾക്ക് അരികിലൂടെയാണ് പോകുന്നത്.


അങ്ങനെ ഞങ്ങൾ കളിക്കാൻ കാളപൂട്ട് കണ്ടത്തിലേക്ക് സ്ഥിരമായി പോകാറുള്ള ഒരു ഇടവഴിയുടെ അവസാന ഭാഗത്തായി ഒരു വീട് നിൽക്കുന്നുണ്ട്. അതിന്റെ അടുത്തായി പാടങ്ങളും ഉണ്ട്. ആ പാടത്തിന്റെ തുടക്കസ്ഥലത്ത് ഒരു ഇലക്ട്രിക് പോസ്റ്റും, അവിടുന്നാണ് ആ വീട്ടിലേക്കുള്ള കണക്ഷൻ.ഞങ്ങൾ ബാറ്റിനും സ്റ്റംബിനും മരങ്ങൾ എടുക്കാറുള്ള  വീടാണ് അത്.  മഴയുള്ള സമയങ്ങളിൽ ഇവിടേയുള്ള പാടത്തേക്കാണ് ഞങ്ങൾ കളിസ്ഥലം മാറ്റുക. അവിടേക്ക് വൈദ്യുത കണക്ഷൻ പോകുന്ന ആ പോസ്റ്റാണ് ഞങ്ങളുടെ മഴക്കാലത്തെ വിക്കറ്റ്. അവിടെ കളിക്കുമ്പോൾ ആ വീട്ടുകാരുമായി സംസാരിക്കുകയും ചെയ്യാം. അതാണ് അവിടുത്തെ കളിക്കുള്ള ഒരു ഗുണം. അവിടെ രണ്ട് പേരേ, ഈ സംഭവം നടക്കുന്ന സമയത്ത് താമസിക്കുന്നുള്ളൂ. ഞങ്ങളുടെ പ്രിയപ്പെട്ട അയമുക്കയും ഭാര്യ മാളുമ്മയും. ഞാൻ മുൻപ് പറഞ്ഞിരുന്ന ജാൻസീറാണി മാളുമ്മയും, ഈ മാളുമ്മയും വേറെയാണുട്ടോ(ഇത് കുറേക്കൂടി വയസ്സുണ്ട്). അവർക്കാകെ രണ്ട് മക്കളെ ഉള്ളൂ. മകളെ കല്യാണം കഴിപ്പിച്ച് അയച്ചിരിക്കുന്നു. മകൻ ദുബായിലും ആണ്. മാളുമ്മ കറ്റ മെതിക്കാനും മറ്റു പലവിധ കൂലിപണികൾക്കും പോവുന്നത് കൊണ്ട്, വയ്യാതെ(ആസ്ത്മ) വീട്ടിലിരിക്കുന്ന, അയമുക്കക്ക് വല്ലതും കഴിച്ച് കഴിഞ്ഞ് കൂടാം. അങ്ങിനെയാണ് ആ വീടിന്റെ ഒരു അവസ്ഥ. അയമുക്ക ഒരു ചെയിൻ സ്മോക്കറാണ് (സിഗറരല്ല, ബീഡി). പല്ലില്ലാത്ത ആ വായകൊണ്ട്, ബീഡിയിൽ ചുണ്ടുകൾ അമർത്തി, ആഞ്ഞാഞ്ഞു വലിക്കുന്നത് കാണാൻ നല്ല രസമാണ്.

ഞങ്ങൾ കളി തുടങ്ങുമ്പോഴേക്ക് മാളുമ്മ പണി കഴിഞ്ഞെത്തും. പിന്നെ ആ വീട്ടിലെ ഓരോ പണികൾ ചെയ്ത്,വീടിന്റെ ചുറ്റും നടന്നു കൊണ്ട്, ഞങ്ങളോടുള്ള ചീത്തപറച്ചിൽ ആരംഭിക്കുകയായി. പ്രധാനമായും കാര്യമില്ലാതെയാവുമെങ്കിലും, അന്ന് അതിനുള്ള കാരണം ഞങ്ങൾ ഉണ്ടാക്കി വച്ചിട്ടുണ്ടായിരുന്നു. മാളുമ്മ വിറകാവശ്യത്തിന് എടുത്ത്, വീടിന്റെ പിന്നിൽ ചാരി വച്ചിരുന്ന ഒരു മടയ്ക്കന ഞങ്ങൾ ബാറ്റ് ഉണ്ടാക്കാൻ എടുത്തിരിയ്ക്കുന്നു. മാളുമ്മ പണി മാറ്റി വന്ന് പതിവ് പോലെ വീടിന്റെ നാലുപുറവും ഓരോ കാര്യങ്ങൾക്കായി നടക്കുന്നതിനിടയിൽ ആ മടയ്ക്കനയുടെ അസാന്നിധ്യം ശ്രദ്ധയിൽ പെട്ടു. മാളുമ്മ വന്നു നോക്കുമ്പോൾ കണ്ണിൽ പെടാൻ പാകത്തിലാണ് ആ വീടിന്റെ അരികിൽ നിന്നും ഞങ്ങളുടെ ബാറ്റ്സ്മാനിലേക്കുള്ള ദൂരം. 'വെറുംരണ്ട് മീറ്റർ'. കീപ്പർ നിൽക്കുതിന് ചാരിയാണ് അതിലൂടെ ആളുകൾ നടക്കുന്ന ഇടവഴി(നടവഴി).

നേരത്തെ, ഞങ്ങൾ ബാറ്റിന് വേണ്ടി തിരയുന്നതിനിടയിൽ ആ പ്രധാന വസ്തു, 'മടയ്ക്കന', കണ്ടിരുന്നു. അപ്പോൾ ആ നടവഴി(ഇടവഴി)യോട് ചാരിയുള്ളതും,ആ വീടിന്റെ അതിർത്തിയുമായ മതിലിൽ,അതൊരു കിണറിന്റെ ആൾമറ കൂടിയാണ്, ബീഡി വലിച്ച് സ്വസ്ഥായി ഇരിക്കുകയായിരുന്ന അയമുക്കയോട് ഞങ്ങൾ ചോദിച്ചു.
                                     
                                         
                                       'അയമുക്കാ ഞങ്ങളീ മയ്ക്കന ഇടുക്കട്ടെ ?'

ബീഡി ആഞ്ഞു വലിച്ച്, പുക പുറത്ത്  വ്ട്ട് കൊണ്ട്, അയമുക്ക നിർവികാരമായി ഇങ്ങനെ പറഞ്ഞു.

                             'ങ്ങള് ഇടുക്ക്വക്കെ ചീതോളീൻ, പച്ചേങ്കില് ആ മാളു വന്നാൽ പറയുന്നതൊക്കെ ങ്ങളെന്നെ കേട്ടോളുണ്ടൂ'.

          'അത് കൊഴപ്പല്ല്യ അയമുക്കാ അതൊക്കെ ഞങ്ങള് നോക്കിക്കോളാ'.
ഞങ്ങളുടെ എല്ലാവരുടേയും മറുപടി ഒരേസമയത്തും, ഉച്ചത്തിലും ആയിരുന്നു.

അങ്ങനെ മാളുമ്മ വന്ന്, ഓരൊ കാര്യങ്ങൾക്കായി വീടിനെ ചുറ്റി നടക്കൽ ആരംഭിച്ചു. മടയ്ക്കനയുടെ അസാന്നിധ്യം കണ്ടപ്പോൾ മുതൽ ഞങ്ങളോടുള്ള ശകാരവും തുടങ്ങി. അത് കേട്ട് ഗതികെട്ട് ഞങ്ങളുടെ കൂട്ടത്തിലെ അനി പറഞ്ഞു.

              'മാളുമ്മാ അയമുക്കോട്  ഞങ്ങൾ ചോദിച്ചപ്പോ കൊഴപ്പല്ല്യാ ങ്ങള് ഇട്ത്തോളീം പറഞ്ഞു, അപ്പ ഇടുത്തതാ ങ്ങട ഈ മടയ്ക്കന.

                  'ഓര് അതോക്കെ പറയും അതും കേട്ട് ങ്ങളത് ഇടുത്തപ്പളോ ?'
         
മാളുമ്മയുടെ മറുപടി കുറച്ചു കനത്തിലായിരുന്നു. ഒരു വാക്പയറ്റിന്റെ രസം മണത്ത അനി മാളുമ്മയുടെ സംസാരം അയമുക്കയുടെ അടുത്തെത്തിച്ചത് ഇങ്ങനെ. (സംഗതി രണ്ട് പേരും പരസ്പര പറയുന്നതൊക്കേയും കേൾക്കുന്നുണ്ട്,എന്നാലും ഇങ്ങനെ എത്തിക്കുന്നതല്ലേ ഒരു രസം.)

                            'മാളുമ്മ പറേണത് കേട്ട അയമുക്ക, ങ്ങളൊടൊന്നും ചോയിക്കണ്ടാ ന്ന് '.

അത് കേട്ട് ബീഡി ആഞ്ഞു വലിച്ച് മതിലിൽ ഇരിക്ക്വായിരുന്ന അയമുക്ക കുറച്ചുറക്കെ പറഞ്ഞു.
         
                           'ഓളതോക്കെ പറയും..ഓള്ക്ക് എന്താ പറയാൻ പറ്റാത്തേ '?
                                           
ഇത് കേട്ട അനി അത് മാളുമ്മയോടും പറഞ്ഞു.
                       
                                  'അയമുക്ക പറേണത്  കേട്ട മാളുമ്മ, ങ്ങള്ക്ക്.... എന്തും.... പറയാന്ന് '

ഇത് കേട്ടതും, കളങ്കമില്ലാത്ത മാളുമ്മയുടെ മനസ്സിൽ നിന്നും ശാന്തരൂപത്തിൽ,താളത്തിൽ ഒരു നീട്ടിയ മറുപടി ഒഴുകി വന്നു.
                          'ആ.....നായി..... അ....തോ...ക്ക പറയും മക്കളേ, ആ നായി അതോക്ക പറയും, ങ്ങള്...... ഇപ്പ അവടെ കളിച്ചാണീം ചെറ്ക്കന്മാരേ......!'

ആ കളി അവസാനിച്ചാൽ ഞങ്ങൾ എല്ലാവരും കുളിക്കാനും നീന്തിക്കളിക്കാനുമായി അടുത്തുള്ള കുളത്തിലേക്ക് പോകും. അടുത്തുതന്നെ വളരെ മനോഹരമായ ഒരു കുളമുണ്ട്. അന്താരാഷ്ട്ര നീന്തൽക്കുളത്തിന്റെ അഴകാണ് അതിലെ വെള്ളത്തിന്, (കാര്യായിട്ടാ ട്ടോ). അത്കൊണ്ട് തന്നെ അതിൽ ഞങ്ങൾ എത്ര ചാടിത്തിമിർത്ത് നീന്തിക്കളിച്ചാലും വെള്ളം കലങ്ങില്ല. അടിയിൽ വെട്ട്കല്ലിന്റെ കനത്ത പാറയും, നാല് പുറത്തും നല്ല കരിങ്കൽപ്പടവുകളുമുള്ളതാണത്.  രണ്ട് കടവുകളുണ്ട് അവിടെ, അവ തമ്മിൽ മറവുകളൊന്നുമില്ല, രണ്ട് കരകളിലുമായാണ് അവ . ഞങ്ങൾ ഇപ്പുറത്ത് പടവുകളില്ലാത്ത കടവിൽ ചാടിക്കളിച്ച് കുളിക്കുമ്പോൾ അപ്പുറത്തെ കടവിൽ സ്ത്രീകൾ അലക്കി,കുളിക്കുന്നുണ്ടാവും.

ഞങ്ങളങ്ങനെ നീന്തിത്തിമർത്ത് ആഘോഷിച്ച് കളിച്ച് കുളിക്കുന്നതിനിടയിൽ മാളുമ്മ. വീട്ടിലെ അലക്കാനുള്ളതുമായി അങ്ങോട്ട് കുളിക്കാൻ വരും. അവിടെ അപ്പൊ അടുത്തുള്ള ആരേലും അലക്കുന്നും, കുളിക്കുന്നുണ്ടാവും. പക്ഷെ അതൊന്നും മാളുമ്മയ്ക്ക് പ്രശ്നമല്ല, അവിടെത്തിയാൽ തുടങ്ങും ഞങ്ങൾക്കുള്ള ശകാരം,
   
                       'സൊകണ്ടോ.........പടച്ചോനേ........തൊയിരം'
           
          'കള്ള ജാത്യോള് അത് വരെ അവടെ ന്റെ മടക്കനീം ഇട്ത്ത് കളിക്ക്വാവും, ഞാ ഇങ്ങട് എറങ്ങാരായാ ഒക്കെ ഇബടേവും, ന്റെ പടച്ചോനേ ഇബിറ്റങ്ങളേങ്ങൊണ്ട് ഒരു തൊയിരൂല്ല്യലോ.'

ശകാരം മൂർദ്ധന്യത്തിലെത്തിയാ അനി പറയും

                  'ന്താ....... പറീണത് ..ങ്ങ്ട് കേട്ടാ...തോന്നും... ങ്ങള്.... സിൽക്ക് സ്മിതേ ന്ന്. '

ഇത് കേട്ടാലൊന്നും മാളുമ്മ വിടില്ല, അപ്പോ പറയും,(മാളുമ്മയ്ക്ക് എന്ത് സിൽക്ക് സ്മിത?, ചാത്തപ്പനെന്ത് മജിസ്ട്രേട്ട് ? )        
       
      'സിൽക്കായാലും, ദുബായിത്തുണ്യായാലും ങ്ങള് ഞാൻ കുളി തൊടങ്ങ്യാലല്ലേ ബടക്ക് ബരൂ.'

മാളുമ്മയുടെ ശകാരം കേട്ട്കൊണ്ട്, അങ്ങോട്ടും എന്തേലും കൊസ്രാക്കൊള്ളി പറഞ്ഞ്, ഞങ്ങളുടെ കുളിയും കളിയും  എല്ലാം കഴിഞ്ഞ് വീട്ടിൽ പോവാൻ നേരം മാളുമ്മ വിളിച്ച് പറയും,

         'ടാ ചെറ്ക്കന്മാരേ നാളീം ങ്ങള് ങ്ങ്ട് ഈ നെരത്തെന്നെ പോന്നോളോണ്ട് ട്ടോ'

അപ്പൊ അനി ഗൗരവത്തിൽ പറയും,

         ' നാളെ ഞങ്ങള് ണ്ടാവില്ല്യാ മാളുമ്മാ, ഞങ്ങക്ക് ഒരീസം കൊണ്ടെന്നെ ങ്ങളെ മട്ടിച്ചു.'

അതും പറഞ്ഞ് ഞങ്ങളെല്ലാവരും വീട്ടിലേക്ക് പോയി, അടുത്ത ദിവസത്തേക്കുള്ള കുറെ 'കടുത്ത' തീരുമാനങ്ങളുമായി.
                                                                                                                                      [തുടരും...]