Tuesday, 28 August 2012

'ഒരു നാല് കുറ്റീം കൊളുത്തൂം ല്ലേ.....അത് ഞാങ്ങ്ട് കൊടന്നേരാ'...!

ഞാൻ ഇതുവരെ പറഞ്ഞിട്ടില്ലാത്ത ഒരു കാലത്തേക്ക് പോവുകയാണ്. അത് എല്ലാവരുടേയും അനുഭവങ്ങൾ പോലെ തന്നെ  പറഞ്ഞാൽ തീരാത്ത കുറെ രസകരമായ സംഭവങ്ങളുടെ ഒരു നീക്കിയിരിപ്പാണ്. അതിലെ പല രസകരമായ സംഭവങ്ങളും ഇവിടെ ഒരു കുറിപ്പായി എഴുതാനുള്ള വലുപ്പമില്ലാത്തത് കൊണ്ട്, ഏറ്റവും കൂടുതൽ മനസ്സിൽ നിൽക്കുന്നവ ഒന്നിച്ച് ഒരു കുറിപ്പാക്കി ഇവിടെ ചേർക്കാം.അതുകൊണ്ട് കുറച്ച് വലുപ്പക്കൂടുതലുണ്ട്,ക്ഷമിക്കുക.

ഞങ്ങൾ പത്താംക്ലാസ്സിൽ പഠിക്കുന്ന കാലമാണ്. ഞങ്ങളുടെ ക്ലാസ്സ് ടീച്ചർ വാസുദേവൻ മാസ്റ്റർ(സസ്കൃതം) ആയിരുന്നു.നല്ല അധ്യാപകനുള്ള സംസ്ഥാന അവാർഡ് കിട്ടിയിട്ടുണ്ട് അദ്ദേഹത്തിന്. അദ്ദേഹം ഒരിക്കലും കുട്ടികളെ (ഞങ്ങളെ മാത്രമല്ല) അടിക്കുമായിരുന്നില്ല. പക്ഷെ എല്ലാവർക്കും അദ്ദേഹത്തെ വളരേയധികം ബഹുമാനവും ഇഷ്ടവുമായിരുന്നു.   അദ്ദേഹം എട്ടിലും ഒൻപതിലും ഞങ്ങളെ ഉപദേശിച്ച് നല്ലവഴിക്ക് നടത്താൻ, ഞങ്ങളുടെ ക്ലാസ്സ് മാഷായി തന്നെ ഉണ്ടായിരുന്നു (എന്നിട്ടും ഞങ്ങൾ ഇങ്ങനേയായി !).  ഞങ്ങൾ പത്താം ക്ലാസ്സിലായപ്പോഴേക്കും അദ്ദേഹം പട്ടാമ്പി സ്കൂളിലേക്ക് ജോലിമാറ്റം കിട്ടി പോയി. അത് ഞങ്ങൾക്കെല്ലാവർക്കും കനത്ത ആഘാതമായിരുന്നു. മൂക്ക് കയറ് കെട്ടഴിഞ്ഞ് പോയ കുറെ കാളകളെ(പശുക്കളും) പോലെയായിരുന്നു പിന്നെ ഞങ്ങളുടെ ക്ലാസ്സ്. ആരേയും പേടിയില്ല, ആരുടേയും വാക്കുകൾ ഗൗനിക്കില്ല. അങ്ങനെ തിരുവായ്ക്ക് എതിർവായില്ലാതെ ആ 'പത്ത്.എ' ക്ലാസ്സ് മുന്നേറിക്കൊണ്ടിരിക്കുന്ന സമയം. ഞങ്ങൾക്കെല്ലാവർക്കും കുറച്ചെങ്കിലും പേടിയുണ്ടായിരുന്നത് (പേ....ടി..യൊന്നുമല്ല....,ഒരു......... ഭയം!) ആ കാലത്ത് അവിടെയുള്ള കുട്ടികളുടേയെല്ലാം പേടിസ്വപ്നമായിരുന്ന ഭാസ്ക്കരൻ മാഷേയാണ്.

ഞങ്ങൾ പത്താം ക്ലാസ്സുകാരന്റെ ഗമയിൽ അങ്ങനെ സ്കൂളിൽ വിലസുകയാണ്. ക്ലാസ്സുകൾ ഒരുപാടായി, പരീക്ഷ ആവാറായി. ആ വർഷം സ്ക്കൂളിൽ ഒരുവർഷത്തെ താൽക്കാലിക നിയമനത്തിൽ കുട്ടികളെ 'പഠിപ്പിക്കാൻ ' വേണ്ടി ഒരുപാട് മാഷ് മ്മാർ എത്തിയിരുന്നു. അങ്ങനെ അവിടെയെത്തിയ ഒരു രവി മാഷായിരുന്നു ഞങ്ങൾക്ക് ഹിസ്റ്ററി എടുത്തിരുന്നത്. അദ്ദേഹത്തിന്റെ ക്ലാസ്സുകൾ ഭയങ്കര രസകരമാണ്. ആളൊരു ഇടതുപക്ഷ ചിന്തയുള്ള കൂട്ടത്തിലാണ്. അതുകൊണ്ട് തന്നെ മൂന്നാം ലോക രാജ്യങ്ങളുടെ ബുദ്ധിമുട്ടുകളെ പറ്റി അദ്ദേഹം അങ്ങനെ ക്ലാസ്സെടുത്ത് തകർക്കുകയുണ്ടായിരുന്നു. അങ്ങനെ ഒരു ക്ലാസ്സ്, അതങ്ങനെ മുന്നേറിക്കൊണ്ടിരിക്കുമ്പോൾ എനിക്ക് അദ്ദേഹത്തെ വരക്കാൻ കലശലായ ആഗ്രഹം. ഞാൻ ക്ലാസ്സിലിരുന്നു വരച്ചു. വര കഴിഞ്ഞപ്പോൾ,'കുഴപ്പമില്ല,' ആ ചിത്രം കണ്ട എനിക്ക് നന്നായി ചിരി പൊട്ടി. ഞാനത് കൂട്ടുകാർക്കൊക്കെ കാണിച്ചുകൊടുത്തു. അവരെല്ലാവരും ചിരിച്ചു. അങ്ങനെയത് ഒരു കൂട്ടച്ചിരി ആയപ്പോൾ മാഷ് ശ്രദ്ധിച്ചു. നോക്കിയ ഉടനെ എല്ലാവരും ചിരി നിർത്തി. എനിക്കന്നും ഹാസ്യം ഒരു വീക്നെസ്സാണ്. ഞാൻ കടിച്ച് പിടിച്ചിട്ടും ചിരി നിൽക്കുന്നില്ല. മാഷ് എന്നൊട് പറഞ്ഞു, 'യൂ സ്റ്റാൻഡ് അപ്പ്'. ഞാൻ ഇത്തിരി ചിരിച്ചുകൊണ്ടുതന്നെ എഴുന്നേറ്റു നിന്നു. അദ്ദേഹം കയ്യിലിരുന്ന മുട്ടൻ ചൂരൽ കൊണ്ട് എന്റെ പുറത്ത് മൂന്നാല് നല്ല സുന്ദരൻ അടികൾ പാസ്സാക്കി.

മൂന്നാല് എന്ന് ഞാൻ ഊഹിച്ചതാ ട്ടോ. അതിൽ കൂടുതലുണ്ടെന്നാ കൂട്ടുകാർ ഇപ്പോഴും പറയുന്നത്. എനിക്കെന്തായാലും അതപ്പോൾ എണ്ണാൻ കഴിഞ്ഞില്ല, കാരണം ആദ്യത്തെ അടിയിൽ തന്നെ എന്റെ തലച്ചോറിന്റെ പ്രവർത്തനം തകരാറിലായിരുന്നു.

നിങ്ങൾക്കിപ്പൊ ഒരു സംശയം ഉണ്ടാവും, 'പുറത്തടി കിട്ടിയാൽ തലച്ചോറിന് എന്തെങ്കിലും സംഭവിക്കുമോ' എന്ന്. കിട്ടണ്ട പോലെ എവിടെ കിട്ടിയാലും തലച്ചോറിന് എന്തേലും സംഭവിക്കും. റോഡിലൂടെ വാണിയംകുളം ചന്തയിലേക്ക് പോത്തുകളെ തെളിച്ചുകൊണ്ട് പോകുന്ന ആളുകളുടെ കയ്യിലേ ഞാൻ ഇത്രയും കനമുള്ള വടി(മുടിംകോൽ) കണ്ടിട്ടുള്ളൂ. അങ്ങനേയുള്ള വടി കൊണ്ടാണ് എനിക്ക് പുറത്തേക്ക്  കിട്ടിയിരിക്കുന്നത്. ക്ലാസ്സിലെ ഏറ്റവും വലിയ അലമ്പന് നല്ല അടി കിട്ടിയ സന്തോഷത്തിൽ എല്ലാരും ഇരുന്നു. പക്ഷെ യഥാർത്ഥ 'വീരൻ' അപ്പോൾ ഊറിച്ചിരിക്കുന്നുണ്ടായിരുന്നു. തന്റെ മേൽ പതിയാറുള്ള മാഷ്മ്മാരുടെ ശ്രദ്ധ കുറച്ച് ദിവസത്തേക്ക് തിരിച്ച് വിടാൻ കഴിയുമല്ലോ എന്ന ആശ്വാസത്തിലായിരിക്കണം ആ ചിരി.!


 ഭാസ്ക്കരൻ മാഷ് ഞങ്ങൾക്കൊരു വിഷയവും എടുക്കാനില്ല, എന്റെ പുറത്തിന്റെ ഒരു ഭാഗ്യേയ്...! പക്ഷെ, അദ്ദേഹത്തിന്റെ സഹധർമ്മിണി ശോഭടീച്ചറാണ് ഞങ്ങൾക്ക് ബയോളജി എടുത്തിരുന്നത്. മാഷെ മാത്രം പേടിച്ചാൽ പോര മാഷിന്റെ ഭാര്യയേയും ഞങ്ങൾക്ക് പേടിക്കണമായിരുന്നു എന്ന് സാരം. പക്ഷെ ഞങ്ങൾ എല്ലാവിധ തരികിടകളുമായി വിലസുന്ന സമയം. ആയിടയ്ക്ക് കാൽക്കൊല്ല പരീക്ഷ കഴിഞ്ഞു. അതിൽ ഞങ്ങൾ ക്ലാസ്സ് ഒന്നടങ്കം ഒരു ചോദ്യത്തിന് തെറ്റായ ഉത്തരം എഴുതിയിരിക്കുന്നത് ടീച്ചർ കണ്ടെത്തി. സത്യത്തിൽ ആ ഒരു ചോദ്യത്തിനു മാത്രമല്ല എല്ലാവരും തെറ്റെഴുതിയിരിക്കുന്നത്. പക്ഷെ ടീച്ചർക്ക് തോന്നി, ആ ഒരു ചോദ്യത്തിന് മാത്രമേ ഞങ്ങളെല്ലാവരും ഒന്നിച്ച് തെറ്റിച്ചിട്ടുള്ളൂ ന്ന്. ടീച്ചർ ഉടനെ അടുത്ത പീരീയഡിൽ ക്ലാസ്സിൽ വന്ന്  അതേ ചോദ്യം ചോദിച്ചു. പതിവുപോലെ ആരും ഉത്തരം പറഞ്ഞ് ടീച്ചറെ ബുദ്ധിമുട്ടിച്ചില്ല. ദേഷ്യം മൂത്ത ടീച്ചർ നാളെ അൻപത് തവണ ആ ചോദ്യവും അതിനുത്തരവും എഴുതിയിട്ട്, തന്നെ കാണിച്ച ശേഷം ക്ലാസ്സിൽ കയറിയാൽ മതിയെന്ന്  കട്ടായം പറഞ്ഞു. അടുത്ത ദിവസം പകുതി കുട്ടികൾ എഴുതിക്കൊണ്ടുവന്നു. ടീച്ചർ ആദ്യ പീരീയഡിൽ തന്നെ ക്ലാസിൽ വന്ന് ഇമ്പോസിഷൻ എഴുതാത്തവരേയൊക്കെ ക്ലാസ്സിൽ നിന്ന് പുറത്താക്കി. അങ്ങിനെ പെൺകുട്ടികൾ പകുതിയോളം പേരും ആൺകുട്ടികൾ മുക്കാൽ പങ്കും ക്ലാസ്സിനു വെളിയിലായി. ആൺകുട്ടികൾ, ക്ലാസ്സിൽ കയറേണ്ട യാതൊരു ടെൻഷനുമില്ലാതെ, ഒരു ഒഴിവു കിട്ടിയ സുഖത്തിൽ കത്തിയടിച്ച് വരാന്തയിലിരുന്നു. പെൺകുട്ടികൾ പക്ഷെ വേഗം ഓരോരുത്തരായി എഴുതിക്കഴിഞ്ഞ് ടീച്ചറെ കാണിച്ച് ക്ലാസ്സിൽ കയറിക്കൊണ്ടിരുന്നു.

ആ സമയത്ത് ഞങ്ങളുടെ അന്നത്തെ ആദ്യ വിഷയമായ ഇംഗ്ലീഷ് എടുക്കാൻ അച്യുതൻ മാഷെത്തി. പുറത്ത് ഇമ്പോസിഷൻ എഴുത്ത് എന്ന വ്യാജേന കത്തിയടിച്ചിരിക്കുന്ന എല്ലാവരേയും ഒന്ന്, ഗൗരവത്തോടെ നോക്കിയ ശേഷം, അച്യുതൻ മാഷ് നീട്ടിമൂളിക്കൊണ്ട്, ക്ലാസ്സിൽ കയറി ഇംഗ്ലീഷ് എടുക്കാൻ തുടങ്ങി. പക്ഷെ ക്ലാസ്സ് എടുക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ല, പുറത്ത് ഭയങ്കര ബഹളം. ഉടനെ അദ്ദേഹം പുറത്തെത്തി ഒരു കുട്ടിയോട്, 'ആരാ പുറത്താക്കിയത്? എന്താ ഇത്ര പേരെ പുറത്താക്കാൻ ഉള്ള കാര്യം?' എന്ന് തിരക്കി. അവൻ സാമാന്യം വിശദമായിത്തന്നെ എല്ലാം മാഷോട് പറഞ്ഞു. 'ആ ചോദ്യവും ഉത്തരവും അൻപത് തവണ എഴുതി ടീച്ചറെ കാണിച്ച് ക്ലാസ്സിൽ കയറിയാ മതിയെന്ന് ടീച്ചർ പറഞ്ഞിട്ടുണ്ട് ' -അവൻ മാഷോട് അങ്ങനെ പറഞ്ഞവസാനിപ്പിച്ചു. അവൻ പറഞ്ഞവസാനിപ്പിച്ചതും ഇമ്പോസിഷൻ എഴുതാതെ കത്തിയടിയിൽ മാത്രം ശ്രദ്ധിച്ചിരിക്കുന്ന രവി എന്ന സുഹൃത്ത് വരാന്തയിൽ നിന്ന് ചാടിയെഴുന്നേറ്റുകൊണ്ട് കൈകൾ രണ്ടും മേല്പോട്ട് ഉയർത്തിക്കൊണ്ട് ഉറക്കെ വിളിച്ച് പറഞ്ഞു.

                                    'അമ്പതല്ല.... സാർ...ഫിഫ്ടീ....'

അത് കേട്ട് വരാന്തയിലെ കുട്ടികളെല്ലാം ചിരിച്ചെങ്കിലും അത് ഗൗനിക്കാതെ അകത്തേക്ക് ക്ലാസ്സെടുക്കാൻ പോകാൻ തുടങ്ങിയ അച്യുതൻ മാഷെ പിടിച്ചുനിർത്തിയത്, ആ ക്ലാസ്സിന് മുൻപിലൂടെ ഗ്രൗണ്ടിലേക്ക് പോവുകയായിരുന്ന വി.എച്ച്.എസ്.സി കുട്ടികളുടേയെല്ലാം അടക്കി പിടിച്ച കളിയാക്കിച്ചിരി ആയിരുന്നു. അത് കണ്ടതും സാറിന്റെ അഭിമാനത്തിന് ക്ഷതമേറ്റു. ഉടനെ വരാന്തയിൽ ഇരുന്ന് ഇമ്പോസിഷൻ എഴുതുന്ന കുട്ടികൾക്കിടയിലൂടെ ചാടി ചാടി ചെന്ന് രവിയുടെ പുറത്ത് തലങ്ങും വിലങ്ങും കൈകൾ കൊണ്ട് ഒരുപാട് തവണ അടിച്ചു.

അടിയേറ്റ് പുളയുന്ന അവൻ പുറം വില്ല് പൊലെ വളച്ച്, ഇടതുകൈ തന്റെ പുറത്തേക്ക് തലോടാൻ എത്തിച്ച് നീക്കിക്കൊണ്ട് അച്യുതൻ മാഷോട്, തന്നെ അടിക്കാനുള്ള കാര്യം ദയനീയമായി അപ്പോൾ തന്നെ തിരക്കി.

'ന്നെ പ്പൊ ങ്ങനെ തല്ലാൻ ഞാ എന്തേ പറഞ്ഞ് ?'

രവിയെ അടിച്ച ശേഷം ഇത്തിരി പശ്ചാത്താപത്തോടെ അച്യുതൻ മാഷ് എല്ലാരോടുമായി പറഞ്ഞു, 'ഊം.....ല്ലാരും ക്ലാസിൽ കയറിക്കോ.....ടീച്ചറോടൊക്കെ ഞാൻ പറഞ്ഞോളാ...' അത് കേട്ടതും എല്ലാവരും ഓടി ക്ലാസ്സിൽ കയറി. ക്ലാസ്സിൽ എത്തിയിട്ടും വരാന്തയിൽ വച്ചുണ്ടായിരുന്ന സംസാരത്തിനുമാത്രം ഒരു കുറവുമുണ്ടായില്ല, കാരണം അവിടെവച്ച് മുഴുപ്പിക്കാൻ സാധിക്കാതെ പകുതിയാക്കിയത് പറഞ്ഞു തീർക്കണ്ടേ?.

ആ സമയത്തുള്ള (ഇപ്പോഴുമുണ്ടോ എന്നറിയില്ല) ഇംഗ്ലീഷ് ടെക്സ്റ്റിൽ ഓരോ പദ്യത്തിന്റേയും കഥയുടേയും അവസാനം അതിന്റെയെല്ലാം എഴുത്തുകാരുടെ ചിത്രവും ഒരു വിവരണവും കൊടുക്കുമായിരുന്നു. അതിലെ ചിത്രങ്ങളാണ് അപ്പോൾ ഞങ്ങളുടെ ചർച്ചാ വിഷയം. ഏതോ ഒരു എഴുത്തുകാരിയുടെ ചിത്രം കാണിച്ച് കൃഷ്ണരാജ് എന്ന സുഹൃത്ത് പറഞ്ഞു, "ഡാ മ്മടെ രവിടെ അമ്മടെ പോലെ' ഞങ്ങളെല്ലാവരും അതാസ്വദിച്ചു, ശബ്ദമില്ലാതെ നന്നായി ചിരിച്ചു. പക്ഷെ അവൻ പറഞ്ഞത് അടുത്ത്തന്നെ ഉണ്ടായിരുന്ന രവി കേട്ടതും,അവൻ വേഗം ടെക്സ്റ്റ് ബുക്ക് പേജുകൾ മറിക്കാൻ തുടങ്ങി. അവന്റെ ലക്ഷ്യം അതിൽ മറ്റു വല്ലവരുടേയും ചിത്രം കിട്ടിയാൽ കൃഷ്ണരാജിന്റെ ആരെങ്കിലുമാണെന്ന് പറഞ്ഞ് കളിയാക്കലും അങ്ങനെ പകരം പാര പണിയലും ആയിരുന്നു.

അധികം മറിക്കേണ്ടി വന്നില്ല, രവിക്ക് ഒരു ചിത്രം കിട്ടി അതിൽ ചൂണ്ടിക്കാണിച്ച് കൊണ്ട് അവൻ പറഞ്ഞു 'ഇത് കൃഷ്ണരാജിന്റെ അമ്മേനെപ്പോല്ണ്ട് .' അത് ഞങ്ങളെല്ലാവരും കണ്ടു, ചിരിച്ചു (എന്ത് കൂതറ, ആരു കാണിച്ചാലും ചിരി കൊണ്ട് അവരെ പ്രോത്സാഹിപ്പിക്കുക എന്നത് ഞങ്ങളുടെ ശീലമായിരുന്നു).

പക്ഷെ, 'കഥാപുസ്തകത്തിൽ 'കാലിയ' അതെല്ലാം കാണുന്നുണ്ടായിരുന്നു' എന്ന് പറയുന്ന പോലെ, അതെല്ലാം ഒരാൾ കാണുന്നുണ്ടായിരുന്നു. അച്ച്യുതൻ മാഷ് !. അദ്ദേഹം രവിയ്ക്ക് നേരെ കൈചൂണ്ടി വലതുചൂണ്ട് വിരൽ മുകളിലേക്ക് ഉയർത്തി ഉറക്കെ പറഞ്ഞു, 'യൂ സ്റ്റാൻഡപ്പ്.   'രവി ഡസ്ക്കിലുള്ള ബാഗിൽ കൈകളമർത്തിക്കൊണ്ട് പാതി എഴുന്നേറ്റ രീതിയിൽ നിന്നു.'

'യൂ ഫോളോ ഡിഫറന്റ് കൈൻഡ്സ് ഓഫ് വേഡ്സ് മീനിംഗ്സ്.'

അച്യുതൻ മാഷടെ ചോദ്യം കേട്ടതും രവി ആകെ വിരണ്ടു, പിന്നെ ഒരുകൈ സഹായത്തിനായി ഒപ്പമിരിക്കുന്നവരെ നോക്കി. ആരും ഒന്നും മിണ്ടാതെ തലതാഴ്ത്തി. അവിടുന്ന് മറുപടിയൊന്നും കിട്ടാതായപ്പോൾ ഞങ്ങളുടെ സൈഡ് ബഞ്ചിലേക്ക് പ്രതീക്ഷയോടെ നോക്കി. ഞങ്ങളെല്ലാവരും മറ്റുള്ള എല്ലാവരുടേയും പോലെ തന്നെ തലതാഴ്ത്തി കൈകൾ രണ്ടും കെട്ടി, താഴോട്ട് നോക്കി,ബഞ്ചിൽ ഒന്ന് നിരങ്ങി അമർന്നിരുന്നു. പിന്നെ രവി ഒട്ടും അമാന്തിച്ചില്ല അവൻ മാഷിന്റെ ചോദ്യത്തിന് സ്വന്തം രീതിയിലുള്ള ഉത്തരം ഉറക്കെ വിളിച്ചു പറഞ്ഞു.

                            'നോ വേഡ്സ് സാർ.....'

ഇത് കേട്ട അച്യുതൻ മാഷ്, 'ബ്രേയ്ക്ക് പോയ ബസ്സിനെപ്പോലെ' രവിക്കു നേരെ ചീറിയടുത്തു. അവന്റെ അടുത്തെത്തിയതും മാഷ് അവന്റെ തലയിൽ പിടിച്ച് താഴ്ത്തി പുറത്തും, മുഖത്തും, പിൻ കഴുത്തിലുമായി തന്റെ കൈ കൊണ്ട് അവനെ ഒരുപാട് തല്ലി. സാധാരണ എത്ര അടികിട്ടിയാലും വീണ്ടും തമാശകൾ(വളിച്ചതാവാം എന്നാലും) പറഞ്ഞ് ക്ലാസ്സിൽ സജീവമായി ഇരിക്കാറുള്ള രവി ഡസ്ക്കിലെ ബാഗിൽ തലവച്ച് അമർന്നു കിടന്നു. അത്രക്ക് രൂക്ഷമായാണ് മാഷ് അവനെ തല്ലിയത്. അവൻ തേങ്ങുന്ന ശബ്ദം ക്ലാസ്സിൽ ഇടക്കിടെ  മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു. അതിനിടയിലണ് മറ്റൊരു സുഹൃത്ത് തരികിട കളിക്കുന്നത് മാഷ് കണ്ടത്. അവനെ മാഷ് അടുത്ത് വിളിച്ചു, മറ്റൊരു അടിയുടെ ഗന്ധം അവിടെയെല്ലാം ഒഴുകിപ്പരക്കുന്നുണ്ടായിരുന്നു.അവൻ ഞങ്ങളുടെ ഡസ്ക്കിനോട് ചാരിയുള്ള മറ്റൊരു സൈഡ് ബഞ്ചിലായിരുന്നു ഇരുന്നിരുന്നത്, അതുകൊണ്ട്, രണ്ടാമത്തെ ബഞ്ചിലിരുന്ന് ഡസ്ക്കിൽ തലയമർത്തിവച്ച്  കരഞ്ഞുകൊണ്ട് കിടക്കുന്ന രവിയോട് ചേർന്ന് വേണം അവന് മാഷിന്റെ അടുത്തെത്താൻ. അവൻ നടന്ന് രവിയുടെ ഡസ്ക്കിനടുത്തെത്തി,രവി കരഞ്ഞുറങ്ങുന്ന ഡസ്ക്കിൽ പിടിച്ചുകൊണ്ട് അവൻ നിന്നു. അപ്പോൾ ഞങ്ങളെല്ലാവരും ഒരു 'ത്യാഗരാജ' സംഘട്ടനം കാണാൻ അക്ഷമരായി കയ്യുംകെട്ടി കാത്തുനിൽക്കുന്നുണ്ട്. അതിനിടയിൽ രവി കരഞ്ഞുകൊണ്ട്, കൈകൾ കൊണ്ട് മുഖം തുടച്ച് ഡസ്ക്കിൽ നിന്ന് മുഖമുയർത്തി ബഞ്ചിൽ ചാരി,ഒന്ന് നിവർന്നിരിക്കാൻ തയ്യാറെടുക്കുന്നുണ്ട് (അടി കാണൽ തന്നെയാവാം ഉദ്ദേശം). അവനപ്പോൾ മുഴുമിപ്പിക്കാത്ത കരച്ചിൽ കടിച്ചമർത്തിക്കൊണ്ട്, അടികൊള്ളാൻ റെഡിയായി വരുന്നവന്, അവർ ഇങ്ങനെ ഒരു ഉപദേശം കൊടുത്തു.

'ഡാ അന്നെ....അടിച്ചാ....യ്യ് തടുത്തോ ട്ടോ, കിട്ട്യാ നല്ല വേദനേ.....ഡാ...'
                             
                                        ***************************************

അങ്ങനെ അരക്കൊല്ല പരീക്ഷയായി. അതിനുവേണ്ടി ഞങ്ങൾക്കനുവദിച്ച് തന്ന പുതിയ ബിൽഡിംഗിലെ(വി.എച്ച്.എസ്.സി യ്ക്കു വേണ്ടി കെട്ടിയ) മൂന്ന് റൂമുകളിലായിരുന്നു പരീക്ഷകൾ.
ക്ലാസ്സ് ഞങ്ങൾ, ഞങ്ങളുടെ പേര് ചീത്തയാക്കാത്തവണ്ണം ഞങ്ങൾ നന്നായി പരിപാലിച്ചു. ഞങ്ങളുടെ പരീക്ഷകൾ കഴിഞ്ഞപ്പോഴേക്കും ആ ബിൽഡിംഗിലെ ഒറ്റ ക്ലാസ്സിനും വാതിലിന് ഓടാമ്പലില്ല, ജനലിന് കുറ്റിയില്ല, സ്വിച്ച് ബോഡിൽ ഒറ്റ സ്വിച്ചില്ല, പോരാത്തതിന് വെള്ളതേച്ച റൂഫിൽ നിറയെ ചെരുപ്പിന്റെ അടയാളത്തിലും വലിപ്പത്തിലും ചെളിപ്പാടുകൾ. കിലുക്കത്തിൽ രേവതി പറഞ്ഞ പോലെ 'ഇത്രേം പ്രശ്നേ ണ്ടായിരുന്നുള്ളൂ അതിനാ ഈ മാഷ്മ്മാരൊക്കെ ഇങ്ങനെ......'

അങ്ങനെ ഞങ്ങളുടെ ക്ലാസ്സിൽ ആ പ്രശ്നത്തിന്റെ വിചാണ, എല്ലാവരുടേയും പേടിസ്വപ്നം, ഭാസ്ക്കരൻ മാഷടെ നേതൃത്വത്തിൽ നടക്കുകയാണ്. പ്രധാന പ്രശ്നം ഒറ്റ ജനലിനും കുറ്റിയും കൊളുത്തുമില്ല എന്നതാണ്. അവസാനം കേരളാപോലീസിന്റെ അന്വേഷണം ധ്രുതഗതിയിൽ
അവസാനിപ്പിക്കുന്ന പോലെ എല്ലാ കുറ്റങ്ങളും,രണ്ട് (?) കുറ്റിയും കൊളുത്തും വീട്ടിൽ കൊണ്ടുപോയ കൃഷ്ണരാജിന്റെ തലയിലായി. നമ്മുടെ 'താരം' രവി, ഭാസ്കരൻ മാഷോട് കുമ്പസാരിച്ചു

                                 'മാഷേ ഞാൻ രണ്ട് കുറ്റീം കൊളുത്തും കൊണ്ടോയിട്ട്ണ്ട്.
                                                         അതൊക്കെ ഞാൻ നാളെ ങ്ങ്ട്   കൊടന്നേരാ ട്ടോ.'

കഴിഞ്ഞ മൂന്ന് കൊല്ലം കൊണ്ട് അവനെ തല്ലി മനസ്സ് മടുത്ത ഭാസ്ക്കരൻ മാഷ് ആ പശ്ചാത്താപം ഫയലിൽ സ്വീകരിച്ചു. അവൻ കൊണ്ടുപോയ കുറ്റിയും കൊളുത്തും അവന്റെ കയ്യിൽ നിന്ന് അടുത്ത ദിവസം, ഔപചാരികമായി ക്ലാസ്സിൽ വന്ന് ഏറ്റു വാങ്ങിയ ശേഷം ഭാസ്ക്കരൻ മാഷ് ഞങ്ങളോടെല്ലാവരോടുമായി പറഞ്ഞു.

'ങ്ങളൊക്കെ കൊണ്ടയതെന്താന്ന് വച്ചാ ങ്ങട്  കൊടന്നോണം,'ഇവൻ' കാണിച്ച പോലെ, അതാ ങ്ങൾക്ക് നല്ലത് ട്ടോ..........പറഞ്ഞില്ലാന്ന് വേണ്ട'

അടുത്ത ദിവസം പശ്ചാത്താപവിവശരായ ഏതൊക്കെയോ ഒന്നുരണ്ട് പേർ രണ്ട് മൂന്ന് കുറ്റിയും കൊളുത്തുമൊക്കെ മാഷിന് കൊണ്ട് വന്ന് കൊടുത്ത് പശ്ചാത്തപിച്ചു് പ്രശ്നം തീർത്തു. പക്ഷെ ഞങ്ങളെല്ലാവരും ആകാംഷയോടെ കാത്തിരുന്ന കൃഷ്ണരാജ് അടുത്തദിവസം സ്കൂൾ ബാഗ് കൂടാതെ മറ്റൊരു 'ബാഗും' തൂക്കിയാണ് സ്ക്കൂളിലെത്തിയത്. അതും തോളിൽ തൂക്കി അവൻ ക്ലാസ്സിൽ വന്ന പാടെ സ്റ്റാഫ് റൂമിലേക്ക് വച്ചടിച്ചു. ആകാംഷാ കുതുകികളായി ഞങ്ങൾ കുറച്ച് പേരും അവനെ സ്റ്റാഫ് റൂം വരെ അനുഗമിച്ചു. സ്റ്റാഫ് റൂമിൽ എത്തിയ പാടെ അവൻ ആ ബാഗ് ഭാസ്ക്കരൻ മാഷടെ മേശപ്പുറത്തേക്ക് എറിഞ്ഞ്കൊടുക്കുന്ന പോലെ വീശിയിട്ടു,എന്നിട്ട് പറഞ്ഞു,

'ഇതാ കെടക്ക്ണു ഇവ്ട്ന്ന് കൊണ്ടോയ കുറ്റീം കൊളുത്തൂം, ങ്ങളത് ന്താച്ചാ ങ്ങട് ചീതോളീം'

അതും പറഞ്ഞ് തിരിഞ്ഞ്, അന്തം വിട്ട് സ്റ്റാഫ് റൂമിന് പുറത്ത് നിൽക്കുന്ന ഞങ്ങൾക്കിടയിലൂടെ അവൻ സ്ലോമോഷനിൽ ക്ലാസ്സിലേക്ക് നടന്നു.






കമന്റ്: ഗൾഫിൽ ഏതോ സ്റ്റാർ ഹോട്ടലിൽ ജോളിയും ജോലിയും ചെയ്യുന്ന കൃഷ്ണരാജ് ഇനി ഇത് വായിച്ചാൽ,നാട്ടിൽ വന്നാൽ, എന്റെ അവസ്ഥ ആ കുറ്റീനെക്കാളും ദയനീയാവും. കാത്തോളണേ..!