Monday, 7 May 2012

വീണ്ടും ചില നാട്ടുകാര്യങ്ങൾ --- 'വാപ്പ്വോ.....വാപ്പ്വോ....പൗത്താങ്ങേണോ ?'


ഞാനീ എഴുത്തിന് നിങ്ങൾ ഇതിൽ  വായിച്ചനുഭവിക്കുന്നതിനേക്കാൾ കൂടുതൽ ഗൗരവം കൊടുക്കുന്നുണ്ട്. അത് കൊണ്ട് തന്നെ ഇതിൽ എന്റെ പതിവ് പോസ്റ്റുകളെപ്പോലെ രസകരമാകുവാൻ വഴിയില്ല. ഗൗരവതരമായ ഒരു കാര്യമാണ് ഈ കുറിപ്പിലൂടെ ഞാൻ മുന്നോട്ട് വക്കുന്നത്. അത് ഉൾക്കൊണ്ടാൽ അഭിപ്രായം പറയുക. ഞാൻ, എനിക്കീ നാട്ടിൽ തുടർന്നും എല്ലാവരോടും സജീവതയോടെ ഇടപെടണം എന്നുള്ളതു കൊണ്ട്, ഒരു വാചകത്തിലൂടെ  മാത്രമേ ഗൗരവപരമായ 'ആ' കാര്യം പറഞ്ഞിട്ടുള്ളൂ, മനസ്സിലാക്കുക.

*****************************************************************************

ഞങ്ങളുടെ വീടിന്റെ മുൻ വശത്ത് കൂടി മുപ്പത് മീറ്ററപ്പുറം ഒരു പഞ്ചായത്ത് റോഡ് പോകുന്നുണ്ടെന്ന് മുൻ പോസ്റ്റുകളിൽ പറഞ്ഞിട്ടുണ്ടല്ലോ ? ആ പഞ്ചായത്ത് റോഡിലൂടെ പോയാലാണ്  കഴിഞ്ഞ സപ്റ്റംബർ പൊസ്റ്റിൽ പറഞ്ഞ  'ഝാൻസീ റാണിയുടെയും' (മാളുമ്മ),  കുഞ്ഞേട്ടന്റെയുമൊക്കെ വീടുകൾ. കുഞ്ഞേട്ടന്റെ വീടിനപ്പുറം, ഈ സംഭവത്തിലെ നായകനായ സമീർ താമസിക്കുന്ന വീട്. ഞങ്ങളുടേയൊപ്പം അധികം കളിക്കാനൊന്നും വരാത്ത കൂട്ടത്തിൽ പെട്ടവനാണിവൻ. മാളുമ്മയുടെ വീട്ടിലെ കൂട്ടുകാരും(അഷറഫ് അവന്റെ ചേട്ടൻ മുസ്തഫ) കളിക്കാനൊന്നും വരാറില്ല എന്ന് ഞാൻ മുൻപേ പറഞ്ഞിരുന്നല്ലോ. ഇവരും, കന്ന് കച്ചവടക്കാരൻ സൂപ്പി എന്ന ഞങ്ങളുടെ സൂപ്പ്യാക്കയുടെ സമീറുൾപ്പെട്ട മക്കളും, കളി തുടങ്ങിയ കാര്യങ്ങൾക്കൊന്നും വരാറേയില്ല. ഞങ്ങളുടെ കളിസ്ഥല(കാളപൂട്ട് കണ്ടം)ത്തിനടുത്തായാണ് ഇവരുടേയൊക്കെ വീടുകൾ(എന്നിട്ടും!).

കാര്യങ്ങൾ അങ്ങനേയൊക്കെ ആണെങ്കിലും ഞങ്ങളെ പോലുള്ള അടുത്തുള്ള കുറച്ച് വീടുകളിലേക്ക് പാൽ എത്തുന്നത് സൂപ്പി ആക്കയുടെ വീട്ടിൽ നിന്നാണ്. എന്നെപ്പോലുള്ള ഊരുതെണ്ടികളായ കുട്ടികളുള്ളവരുടെ വീട്ടിലേക്ക് ഞങ്ങൾ തന്നെ പോയി വാങ്ങാറുണ്ടെങ്കിലും, അതിന് 'കഴിയാത്ത' ചില വീട്ടുകാർക്ക്  സൂപ്പ്യാക്കയുടെ വീട്ടിൽ നിന്ന് ആരെങ്കിലും പാൽ കൊണ്ട് പോയി കൊടുക്കാറുണ്ട്. 'ഭാവിയിൽ പാൽ കൊണ്ട് കൊടുക്കേണ്ടി വരും'  എന്ന ദീർഘദൃഷ്ടി കൊണ്ടായിരിക്കാം സൂപ്പി ആക്കയ്ക്ക് മക്കളൊരുപാടുണ്ട്.

അവരുടെ വീടിന് പുറക് വശത്തായി അധികം ആളുകൾ സഞ്ചരിക്കാത്ത ഒരു കാടും റബ്ബർ തോട്ടവുമൊക്കെയാണ്. ആ സ്ഥലത്തേക്ക്, ആ കാലത്ത്, സ്ഥിരമായി മാങ്ങ പറിക്കുവാൻ പോയിരുന്നത് എന്റെ ചേട്ടനും ചേച്ചിയും മാത്രമാകാനേ തരമുള്ളൂ. അത് കൊണ്ട് തന്നെ മാങ്ങക്കാലമായാൽ സദാ സമയവും വീട്ടിൽ പലതരം മാങ്ങകൾ ഉണ്ടാവുമായിരുന്നു. ചേട്ടനും ചേച്ചിയും മാങ്ങ കൊണ്ട് വന്നാൽ, അമ്മയോ ചേച്ചിയോ അതെല്ലാം കഴുകി തോല് ചെത്തി പൂണ്ട്,ഓരോ മാങ്ങയിൽ നിന്നും, എല്ലാവർക്കും വീതം വച്ച് കൊടുക്കുകയാണ് പതിവ്. അല്ലാതെ, ഒരോ മാങ്ങകൾ ഓരോരുത്തരായി എടുക്കുന്ന പതിവ് വീട്ടിലില്ല.

വീടിനടുത്തായി സൂപ്പ്യാക്കയ്ക്ക് ഒരു പറമ്പുണ്ട്. അതിൽ കൃഷിയൊന്നുമില്ലെങ്കിലും കുറച്ച് പ്ലാവും,മാവും മറ്റുമുണ്ട്. അതിലേക്ക് ഇടയ്ക്ക് നമ്മുടെ സൂപ്പ്യാക്കയുടെ മക്കളായ സമീറും അവന്റെ ഇക്ക വാപ്പുവും
വരാറുണ്ട്. ആ കാലത്ത് ഞങ്ങളുടെ വീട് ചാരിയുള്ള ഇടവഴി മാത്രമെ ആ പറമ്പിലേക്ക് പോകാൻ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ, വലുതും ചെറുതുമായി വേറെയും ധാരാളം വഴികളായി. അങ്ങനെ ഒരു മാങ്ങക്കാലത്ത്, സൂപ്പ്യാക്കയുടെ മക്കൾ,ഞങ്ങളുടെ വീടിനോടടുത്തുള്ള വഴിയിലൂടെ, പതിവ് പോലെ അവരുടെ പറമ്പിലേക്ക് പോവുകയാണ്.  വേഗം നടക്കുന്ന ഇക്കയുടെ പിന്നിലായി,സമീർ ആടിപ്പാടി വരുന്നുണ്ട്. വലിയ തിരക്കൊന്നുമില്ലാതെ പോകുന്ന സമീറിനോട് അമ്മ കുറച്ച് മാങ്ങ നീട്ടിക്കൊണ്ട് പറഞ്ഞു,

               'ഡാ അവടെ വീട്ടില് മാങ്ങെക്ക ണ്ടോ പ്പൊ ? ഇല്ല്യെങ്ങ ഇത് കൊണ്ടോയിക്കോ, ആ കേശവൻ നായരടെ പറമ്പ്ന്ന് ഇവ്ട്ത്തെ കുട്ട്യോള് കൊടന്നതാ.'

വേറെ വിശദീകരണത്തിനൊന്നും നില്ക്കാതെ,സന്തോഷത്തോടെ, ആ മാങ്ങ കയ്യിൽ വാങ്ങിയ സമീർ, അമ്മയ്ക്ക് നന്നായൊന്ന് ചിരിച്ച് കൊടുത്തു.(പുന്നെല്ല് കണ്ട തൊരപ്പനെലിയെപ്പോലെ ന്ന് ഞാൻ പറഞ്ഞാൽ അമ്മ തല്ലും).

അമ്മയ്ക്കും സന്തോഷമായി. അമ്മ അവനോട് ചോദിച്ചു,

                                  'അന്റിക്കായ്ക്ക് വേണോ ന്ന് ചോയ്ച്ചോക്കാ..!.'

അമ്മ കൊടുത്ത രണ്ട് മൂന്ന് മാങ്ങകൾ കയ്യിലൊതുക്കിപ്പിടിച്ച് നിൽക്കുന്ന സമീർ, അത് കൂടി കേട്ടപ്പോൾ പിന്നെ ഒന്നും ചിന്തിച്ചില്ല. ഇക്കടെ പങ്ക് മാങ്ങ കൂടി അമ്മയുടെ കയ്യിൽ നിന്ന് കിട്ടിയാൽ....ഹായ്...! അതാലോചിച്ച് മനസ്സിൽ ലഡ്ഢു പൊട്ടിയ... സമീർ മുന്നിൽ ധൃതിയിൽ പോകുന്ന ഇക്കയെ അലറി വിളിച്ചു
.                   
                                    'വാപ്പ്വോ......വാപ്പ്വോ....അണക്ക് പൗത്താങ്ങേണോ ?'

അത് കേട്ട അവന്റിക്ക(വാപ്പു) തിരികെ വന്ന് അമ്മയോട് ഒരുപാട് നാട്ടുകാര്യങ്ങളെല്ലാം സംസാരിച്ച ശേഷം അവർ രണ്ട് പേരും മാങ്ങ വാങ്ങിച്ച് സന്തോഷമായി വീട്ടിലേക്ക് കൊണ്ട് പോയി.

         *********************************************************************

ദിവസങ്ങളും ആഴ്ചകളും മാസങ്ങളും വർഷങ്ങളും കടന്ന് പോയിക്കൊണ്ടേയിരുന്നു. ഈ സമീർ എന്ന കക്ഷിയും,അവന്റിക്കയും ഒരുപാട് മുതിർന്നു,ഞാനും. വാപ്പു കുടുംബഭാരവും തോളിലേറ്റിക്കൊണ്ട് ഗൾഫിലെത്തി. സൂപ്പ്യാക്കയുടെ കന്ന് കച്ചവടവും നന്നായി പോകുന്നു. വാപ്പുവിന്റെ മൂത്ത സഹോദരൻ വർഷങ്ങളായി ഗൾഫിലാണ്. സമീർ അപ്പോൾ പത്തിൽ പഠിക്കുന്നു. എനിക്ക് പ്രത്യേക ഒരു ശീലമുണ്ടായിരുന്നു അക്കാലത്ത്. വീട്ടിൽ പത്രം വരുത്തുന്നുണ്ടായിരുന്നില്ല,അത് കൊണ്ട് തന്നെ അടുത്തുള്ള ജയേഷിന്റെ (എന്റെ ഫിസിയോ) വീട്ടിൽ അതിരാവിലെ പോയി അവിടെ ഗേയ്റ്റിൽ അവർക്ക് വേണ്ടി കിടക്കുന്ന മാതൃഭൂമിയും ദേശാഭിമാനിയും വായിച്ച്, എനിക്ക് അടുത്ത വീട്ടിൽ കൊടുക്കാനുള്ള മാധ്യമവും എടുത്ത് ഞാനിങ്ങ് വീട്ടിലേക്ക് തിരിച്ച് പോരും. അത് പോലെ 'കുഞ്ഞേട്ട'ന്റെ വീടിനടുത്തുള്ള 'സനു'വും വരാറുണ്ട്. അവനും ഇതുപോലെ തന്നെ മാതൃഭൂമിയും ദേശാഭിമാനിയും വായിച്ച് അവന്റെ വീടിനടുത്തേക്കുള്ള മനോരമ എടുത്ത് തിരിച്ച് പോകാറാണ് പതിവ്. തിരിച്ച് പോകുമ്പോഴേക്ക് ഞങ്ങൾ രണ്ട് പേരും, ഞങ്ങൾക്ക് കൊണ്ട് പോകാനുള്ള മനോരമയും മാധ്യമവും പരസ്പരം കൈമാറി വായിച്ച് കഴിഞ്ഞിട്ടുമുണ്ടാകും. അങ്ങനെ ഒരോ ദിവസവും തുടങ്ങുമ്പോഴേക്കും തന്നെ ഞാനും സനുവും ഒരു വിധം കാര്യപ്പെട്ട പത്രങ്ങൾ മുഴുവനും വായിച്ച് കഴിഞ്ഞിട്ടുണ്ടാകും. അങ്ങിനെ പത്രമുള്ള എല്ലാ ദിവസങ്ങളിലും, ഞങ്ങൾ ഇങ്ങനെ രാവിലത്തെ പത്രപാരായണം പൂർത്തിയാക്കാറാണ് പതിവ്. ആ പത്രങ്ങളിൽ വായിച്ച പലവിധ വിഷയങ്ങളോടനുബന്ധിച്ചുള്ള, ഞങ്ങളുടെ കാഴ്ചപ്പാടിൽ ഉള്ള ചർച്ചയും(കൊല്ലണ്ട ?!!) നടക്കാറുണ്ടായിരുന്നു, അപ്പോൾ.

അങ്ങനെ ഒരു ദിവസത്തെ ഞങ്ങളുടെ പത്ര പാരായണം നടക്കുന്നതിനിടയിൽ, ഞങ്ങൾക്ക് പത്ര വായനയോടൊപ്പം സംസാരിക്കാൻ മറ്റൊരു പ്രധാന വിഷയം കൂടി ഉണ്ട്. വീടിനടുത്തുള്ള പരസ്യകലാകാരൻ (ബോർഡ്,ബാനർ എന്നിവ എഴുതുന്ന) വാസുവേട്ടന്റെ അച്ഛൻ 'ബാലൻ വൈദ്യർ' തലേന്ന് രാത്രി മരിച്ചിരിക്കുന്നു. വയസ്സൊരുപാടുണ്ടെങ്കിലും നാട്ടിലെല്ലാവർക്കും അദ്ദേഹം 'ബാലൻ വൈദ്യരാ'ണ്. ആ ഒരു വിളിയിൽ അദ്ദേഹത്തോടുള്ള എല്ലാ ബഹുമാനവും ആദരവും അടങ്ങിയിട്ടുണ്ട് എന്നാണ് ഞങ്ങളുടേയും അദ്ദേഹത്തിന്റേയും ഉറച്ച വിശ്വാസം. ആ നാട്ടിലെ കുട്ടികളും വലിയവരും എല്ലാവരും 'ആ'  ഒരു രീതിയിലാണ് അദ്ദെഹത്തെ 'ബാലൻ വൈദ്യരേ' ന്ന് വിളിച്ചിരുന്നത്.

ഞങ്ങൾ പതിവ് പോലെ രാവിലെ പത്ര പാരായണത്തിനെത്തി 'ബാലൻ വൈദ്യരുടെ' നിര്യാണത്തിൽ വലിയൊരു 'ഞെട്ടൽ' രേഖപ്പെടുത്തി. എന്നിട്ട് 'അഗാധമായ' വായനയിൽ മുഴുകിയിരിക്കുകയാണ്. ആ സമയത്ത് നമ്മുടെ സമീർ, അടുത്ത വീടുകളിൽ കൊടുക്കാനുള്ള, പാൽ നിറച്ച തൂക്കുപാത്രങ്ങൾ ഇരു കൈകളിലും തൂക്കിപ്പിടിച്ച് പഞ്ചായത്ത് റോഡിന്റെ വലിയ കയറ്റം കയറി വരുന്നത്. പതിവ് പോലെ ആടിയും പാടിയും ചെറിയൊരു കുലുക്കത്തോടെയാണ് അവന്റെ നടപ്പ്. കയറ്റത്തിന്റെ അവസാനം മെയിൻ റോഡിനടുത്തായാണ് ഞാനീ പറയുന്ന 'പത്ര' വീട്. അങ്ങനെ, കയറ്റം കയറി വന്ന പാടെ അവൻ, ഒരു ദീർഘനിശ്വാസത്തോടെ ഞങ്ങളോട് തലെന്നത്തെ 'ബാലൻ വൈദ്യർ' സംഭവം,വളരെ അത്ഭുതത്തോടെ ചോദിച്ചു,

                               'എട സന്വോ,മനേഷേ ങ്ങളറിഞ്ഞിലേ, മ്മടെ ബാലൻ ചത്തു ല്ലേ ?'

ഞങ്ങൾ ആ 'ചോദ്യം' കേട്ട് പരസ്പരം നോക്കി ഒന്ന് ചിരിച്ചതല്ലാതെ, അവനോടായി മറുപടി ഒന്നും പറഞ്ഞില്ല.

[ഗ്രാമ ഭാഗത്ത് വിവിധ തരക്കാരായ ആളുകൾ ഉണ്ടാവും. അതിൽ എല്ലാവരും എല്ലാവരെയും ബഹുമാനത്തോടെയും ആദരവോടെയും സംസാരിച്ച് കൊള്ളണമെന്നില്ല. അങ്ങനത്തെ ഒരു സംസാര പ്രത്യേകത കാണിക്കാൻ വേണ്ടി മാത്രമാണ് ഈ കുറിപ്പ്. അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.]