Thursday, 7 June 2012

'ഇമ്മാ....ന്നിപ്പ കൊല്ല്യേയ്.....ദാ...മടാള് ' (വീണ്ടും ചില നാട്ടുകാര്യങ്ങൾ)

ഞങ്ങൾ മഴക്കാലമായാൽ കളിസ്ഥലങ്ങൾ കാളപൂട്ട് കണ്ടത്തിൽ നിന്ന് മറ്റ് പല പാടങ്ങളിലേക്കായി മാറ്റാറുണ്ട് എന്ന് നേരത്തേയുള്ള പോസ്റ്റുകളിൽ പറഞ്ഞല്ലോ. അങ്ങനെ മാറുന്ന സ്ഥലങ്ങളിൽ പെട്ടതാണ് 'മാളുമ്മയുടെ തൗദാര'ത്തിൽ പറഞ്ഞ സ്ഥലവും ഇനി പറയാൻ പോകുന്ന സ്ഥലവും. പതിവുപോലെ ഒരു മഴക്കാലത്ത്, ഞങ്ങൾ മറ്റൊരു പാടത്തേക്ക് കളി മാറ്റിയിരിക്കുന്നു. അതിനടുത്തായുള്ള വീട്ടിൽ രണ്ട് കുട്ടികളുണ്ട്, ഒരാൾ ഞങ്ങളോടൊപ്പം കളിക്കാനൊക്കെ വരും, അവന്റനിയൻ ഞങ്ങളോടൊപ്പം കളിക്കാനൊന്നും ആയിട്ടില്ല എങ്കിലും, പന്ത് എടുത്ത് തരാനും മറ്റുമായി കളിസ്ഥലത്ത് സദാസമയവും തന്റെ സാന്നിധ്യമറിയിച്ചോണ്ട് ഉണ്ടാവും. അവനെ കുറച്ച് നേരമിരുട്ടിയാൽ അവന്റുമ്മ വിളിക്കും.

                       
            'ഡാ... ഉദേഫ്വോ.....നേരം മോന്ത്യായി,യ്യ് ഞ്ഞ്ങ്ങ്ട് പോന്നാ... മതി ഞ്ഞ് നാളെ പൂവാ',

അത് കേട്ടാൽ അവൻ വേഗം വീട്ടിലേക്കോടും. അങ്ങനെ അവൻ വീട്ടിലെത്തിയാൽ, ഞങ്ങൾക്ക് 'റണ്ണിംഗ് കമന്ററി'യും കേട്ട് കളിക്കാൻ നല്ല രസമാണ്.! അവനോടുള്ള അവന്റെ ഉമ്മയുടെ ചീത്ത പറയൽ ആണ് ഞാൻ പറഞ്ഞ 'റണ്ണിംഗ് കമന്ററി', സ്ഥിരമായി ഒരേ ശൈലിയിലാണത്,

'എട നായേ.. യ്യിമ്മായിരി പണി ഞ്ഞ് കാണിച്ചാ. അന്ന ഞാനീ മടാളോണ്ട് വെട്ടും..........,
    ന്റെ റബ്ബേ,സൊകണ്ടോ തൊയിരം ? ഇവിറ്റങ്ങളേംങ്ങൊണ്ട് ഞാൻ ഒറ്റക്ക് കെടന്ന്, പാട് പെട്വാണലോ ? വേറെ ള്ളൊരാളാണെങ്കീ,അക്കരീം.'

                                                       ഇതാണാ ഉമ്മയുടെ സ്ഥിരമുള്ള ചീത്ത പറയൽ ശൈലി.!

ഒരു ദിവസം കളി നല്ല രീതിയിൽ മുന്നേറുമ്പോൾ, 'ആ' വീട്ടിൽ നിന്ന് പതിവു പോലെ ഉമ്മയുടെ ശകാരങ്ങൾ ഉറക്കെ കേൾക്കുന്നുണ്ട്. ഞങ്ങൾക്ക് കാര്യം മനസ്സിലായി 'അതവൻ' തന്നെ'!,കാരണം 'അവൻ' ഞങ്ങൾക്ക് പന്ത് എടുത്ത് തരാനൊന്നും അതുവരെ എത്തിയിട്ടില്ല. അങ്ങനെ ഞങ്ങളാ സംസാരവും ആസ്വദിച്ച് കളിക്കുമ്പോൾ, ആ വീട്ടിൽ നിന്ന് ഒരലർച്ച,
                                                 
                                          'ന്നിപ്പ കൊല്ല്യേയ്....ദാ മടാള്, ഇമ്മാ.... ഇന്നിപ്പ കൊല്ല്യേ.....!'

                           ****************************************************************

                           
ഞാനിപ്പോൾ കുറെ വർഷങ്ങളായി എന്റെ 'തിരക്കുകളിൽ'(?) മുഴുകി, പാടത്തേക്കൊന്നുമങ്ങനെ ഇറങ്ങാറില്ല. ഈ പറഞ്ഞ ഇവരെയാരേയും കാണാറുമില്ല.(വീട്ടിൽ വരുന്ന കുറച്ച് പേരെ ഒഴിച്ച്).
ഞാൻ ഒരു ആക്സീഡന്റ് പറ്റി വീട്ടിൽ രണ്ടര വർഷത്തിലധികമായി വിശ്രമത്തിലാണെന്ന് നിങ്ങൾക്കറിയാമല്ലോ ? ആശുപത്രിയിൽ നിന്ന് തിരിച്ച് വന്ന് വീട്ടിലെ കുറച്ച് നാളത്തെ വിശ്രമവും കഴിഞ്ഞപ്പോഴേക്ക് അല്പസ്വല്പം നടക്കാനൊക്കെ പറ്റുന്ന അവസ്ഥയിലായിട്ടുണ്ട്. ഞാനല്ലേ ആള് ! നടക്കാനായപ്പോഴേക്ക് ഞാൻ പുറത്തേക്ക് പോകാൻ ധൃതി കൂട്ടിത്തുടങ്ങി. പക്ഷെ ഏട്ടനും അമ്മയും വിടുമോ ?! അവസാനം ഏട്ടൻ, കടയിലേക്ക് രാവിലെ കൊണ്ട് പോകാം എന്ന വ്യവസ്ഥ വച്ചു(ഞങ്ങൾക്ക് ഒരു ആയുർവ്വേദ കടയുണ്ട്).

ഞാനാലോചിച്ചു, എന്താപ്പൊ ഒരായുർവ്വേദ കടയിൽ പോയി ഇരുന്നിട്ട് ?! ഞാനാ ഒത്തുതീർപ്പ് അംഗീകരിച്ചില്ല. പക്ഷെ, പിന്നീട് ആലോചിച്ചപ്പോൾ ഞാനാ ഓഫർ അംഗീകരിച്ചു.

കാരണം, കടയിൽ പോയിരുന്നാലും, പണിക്ക് പോകാത്ത കൂട്ടുകാരെ കടയിലേക്ക് വിളിച്ച് വരുത്തി 'കത്തി' വയ്ക്കാലോ ?! അങ്ങനെ കുറച്ച് സമയത്തെ ആലോചനയ്ക്ക് ശേഷം,
                         
                                         'ന്നാ ശരി കടേങ്കി കട, മ്മക്ക് പോവാ' ന്ന് ഏട്ടനോട് ഞാൻ പറഞ്ഞു.

എന്നേം കൂട്ടി കടയിലേക്ക് പോകേണ്ട കാര്യത്തിലെ ബുദ്ധിമുട്ടാലോചിക്കുമ്പോ ഏട്ടന് കുറച്ച് വൈമനസ്യമുണ്ടെങ്കിലും, എന്റെ നിർബന്ധത്തിന് മുന്നിൽ അതെല്ലാം അലിഞ്ഞില്ലാതായി.


അങ്ങനെ ഏട്ടന്റെ കൂടെ കടയിലേക്ക് പോകാൻ ഞാൻ രാവിലെത്തന്നെ റെഡിയായി. എന്നെ ഇടവഴിയിലേക്ക് ആക്കിത്തന്ന്, റോഡിൽ പോയി നിന്നോളാൻ ഏട്ടൻ പറഞ്ഞു. അങ്ങനെ ഞാൻ,  ഏട്ടൻ പുറകെ ബൈക്കുമായി വരും എന്ന ഉറപ്പിൽ, പയ്യെ ഇടവഴിയിലൂടെ നടന്ന് റോഡിലെത്തി.

ബൈക്കിൽ എന്നേയും കയറ്റി ഇടവഴിയിലൂടെ വരാൻ കുറച്ച് ബുദ്ധിമുട്ടുണ്ട്,അതാണ് എന്നോട് റോഡിൽ നിന്നോളാൻ ഏട്ടൻ പറഞ്ഞത്. ഞാൻ റോഡിൽക്കൂടി പോകുന്ന വാഹനങ്ങളെ രസത്തോടെയും കൗതുകത്തോടെയും നോക്കി നിൽക്കുകയാണ്. പല വണ്ടിക്കാരും,'ഇവനെന്താഡാ വണ്ടികൾ കണ്ടിട്ടില്ലേ ?' എന്ന മട്ടിൽ എന്നെ നോക്കുന്നുണ്ട്. ഞാനതൊന്നും ശ്രദ്ധിക്കാതെ ഏട്ടൻ വരുന്നുണ്ടോ എന്ന് ശ്രദ്ധിച്ച്, വണ്ടികളെ നോക്കുകയാണ്. അപ്പോഴാണ് ഞാൻ അടുത്തുള്ള പാഞ്ചായത്ത് റോഡിലൂടെ കയറ്റം കയറി വരുന്ന നമ്മുടെ മാളുമ്മയെ(ഝാൻസീറാണി) കണ്ടത്. 'ഹാവൂ, ഏട്ടൻ വരുന്ന വരെ എനിക്ക് വർത്തമാനം പറയാനൊരു കമ്പനിയായല്ലോ,' ഞാൻ മനസ്സിൽ കരുതി. പക്ഷെ അപ്പോൾ മാളുമ്മയുടെ ആ ഉറക്കേയുള്ള സംസാരത്തെ 'സഹിക്കണമല്ലോ' എന്ന ചെറിയൊരു വേദനയും എനിക്കുണ്ടായി.

നിങ്ങളിപ്പോ ചിന്തിക്കുന്നുണ്ടാവും ഇവനെന്താ ഇങ്ങനെ ചിന്തിക്കുന്നത് ഒരാളെപ്പറ്റി ന്ന്. അതറിയണമെങ്കിൽ നിങ്ങൾ ഈ മാളുമ്മയോട് ഒന്ന് സംസാരിച്ച് നോക്കണം. ഈ പറയുന്ന പോലൊന്നുമല്ല മാളുമ്മ.! ഒന്ന് രഹസ്യം പറഞ്ഞാൽ ഒരു കിലോമീറ്ററപ്പുറം ഉള്ള കൊപ്പത്ത് നിൽക്കുന്നവർ കേൾക്കും.ആ മാളുമ്മയിതാ ഇന്ന് മക്കനയൊക്കെയിട്ട് എവിടേക്കോ ഉള്ള യാത്രക്കായി ഇറങ്ങിയിരിക്കുന്നു. അതും എന്റെ മുന്നിലേക്ക് .! ഞാൻ പക്ഷെ, 'ആ' ഒരവസ്ഥയിൽ സംസാരിക്കാനൊരാളെ കിട്ടിയല്ലോ എന്നോർത്ത് സന്തോഷിച്ചു. അങ്ങനെ ഏട്ടനേയും കാത്ത് റോഡിൽ നിൽക്കുന്നതിന്റെ ആ ബോറടി മാറ്റാൻ മാളുമ്മയെത്തിയ സന്തോഷത്തിൽ, അവർ വന്ന പാടെ ഞാൻ ചോദിച്ചു,
                           
                                          'എങ്ങട്ടാ മാളുമ്മാ, എവടയ്ക്കോ പൂവ്വാനാണലോ ?'

എന്നോട് പതിവിൽക്കൂടുതലുള്ള സുഖവിവരങ്ങളുടെ അന്വേഷണമൊക്കെ കഴിഞ്ഞ്, മാളുമ്മ പറഞ്ഞു,
                                           'ഞാനേയ് ന്റെ മൂത്തച്ചിടെ വീട്ട്ക്കൊന്ന് പൂവ്വാ, ഇപ്പ ആ കണ്ണൻ ബസ്സ് വരൂലേ, അതില് പൂവ്വാനാ'

സംസാരം പതിവ് പോലെ 'ശാന്ത'മായാണെങ്കിലും, ഞാനതിന്റെ അസ്വസ്ഥതയൊന്നും കാണിച്ചില്ല. അങ്ങനെ സംസാരിച്ച് നിൽക്കുമ്പോഴാണ് എനിക്ക്, സാധാരണയായി പിണയാറില്ലാത്ത 'ആ' 'അബദ്ധം' ഓർമ്മ വന്നത്.
     
"ഇത്രയ്ക്ക് ചെറിയ കാലം കൊണ്ട് എന്റെ ഒരവയവമായി മാറിയിട്ടുള്ള 'കണ്ണട' ഞാനെടുത്തിട്ടില്ല.!"

ഞാൻ പതിയെ തിരിച്ച് വീട്ടിലേക്ക് നടക്കാൻ ഒരുങ്ങി. വീട്ടിലേക്ക് തിരിച്ച് പോവാതെ, ഞാൻ ഏട്ടനെ ഫോണിൽ വിളിച്ചാലും, ഏട്ടൻ എടുക്കില്ല. കാരണം ഏട്ടൻ വേഗം വരാനായി ഞാൻ വിളിക്കുന്നതായേ ഏട്ടന് തോന്നൂ. വീട്ടിലേക്ക് വിളിച്ചാൽ എന്തോ ലൈൻ ബിസീ ന്ന് പറയുകയും ചെയ്യുന്നു. അതുകൊണ്ട് എങ്ങോട്ടും വിളിച്ച് പറയാനൊന്നും നിൽക്കാതെ,കണ്ണടയെടുക്കാൻ ഞാൻ വീട്ടിലേക്ക് നടന്നു.

മാളുമ്മ ചോദിച്ചു,
                                                     
                                   'എന്താ ഡ ചെക്കാ ന്താ യ്യങ്ങട്ടന്നെ പോണ് ?'

നടക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു,
                               
                                'ഞാ ന്റെ കണ്ണട ഇട്ക്കാൻ മറന്നൂന്നും, അത്ട്ക്കാൻ പൂവ്വാ'

ഉടനെ വന്നു മാളുമ്മയുടെ സമാധാനിപ്പിക്കൽ,
                   
                                     'എട യ്യണക്ക് വെയ്യാണ്ട അങ്ങട്ടൊന്നും നടക്കണ്ടേയ് '

മാളുമ്മയെങ്ങാനും പോയി കൊണ്ടുവരാം എന്ന് പറയുമോ എന്ന് വിചാരിച്ച് ഞാൻ നടത്തത്തിന്റെ സ്പീഡ് ഒന്ന് കുറച്ചു, 'മനസ്സിലൊരു ലഡ്ഢു പൊട്ടിയോ' ന്ന് ഒരു സംശയം.!

 നടത്തത്തിന്റെ സ്പീഡ് കുറച്ച് ഞാൻ മാളുമ്മയെ ഒന്ന് ദയനീയമായി നോക്കി.!
           (എങ്ങാനും ചിലപ്പോൾ,
                             'ഞാൻ പോയി ഇട്ത്ത് കൊന്റാ ഡാ,യ്യ് ബട നിന്നോ' ന്ന് പറഞ്ഞാലോ?)

എന്റെ പ്രതീക്ഷ പോലെത്തന്നെ മാളുമ്മ കൊപ്പത്ത് കേൾക്കാൻ പാകത്തിൽ 'ശാന്തമായി' എന്നോട് പറഞ്ഞു,

                       'ഏട്ടനോട് ഞാനിബടന്നങ്ങട്ട് വിളിച്ച് പറയേയ്.....ഓങ്ങ്ട് കൊടന്നോളൂം'

അത് കേട്ടതും കൈകൂപ്പിക്കൊണ്ട് ഞാൻ മാളുമ്മയോട് പറഞ്ഞു,

'ന്റെ പൊന്നാര മാളുമ്മാ, ങ്ങളൊന്നും ചിയ്യണ്ട, ഞാമ്പോയി അത്ട്ത്ത് കൊടന്നോളാ'


അതും പറഞ്ഞ്, ഒരു വലിയ 'അപകടം' ഒഴിവാക്കിയ ആശ്വാസത്തിൽ ഞാൻ തിരിഞ്ഞ് നടക്കാനാരംഭിച്ചതും,നമ്മുടെ 'ഇന്നിപ്പ കൊല്ലി' താരം ഓട്ടോയുമായി വന്ന് മാളുമ്മയെ കൊപ്പത്തേക്ക് കൂട്ടിക്കൊണ്ട് പോയി. ചെറുപ്പത്തിലെ ഉമ്മയുടെ രൂക്ഷമായ ശകാരം അവന്റെ  മാനസിക-ആരോഗ്യ വളർച്ചയെ ബാധിക്കാത്ത തരത്തിൽ നല്ല രീതിയിൽ കൊണ്ട് വന്ന, എന്റെ ആ നല്ല ഗ്രാമാന്തരീക്ഷത്തിന് ഞാൻ നൂറായിരം നന്ദി മനസ്സിൽ പറഞ്ഞ്, അവനോടൊന്ന് നന്നായി ചിരിച്ച് കൊടുത്തു,മനസ്സ് തുറന്ന്.