Thursday, 7 March 2013

'സ്നേഹത്തിന്റെ അമ്മക്കഥകൾ'........!

സാധാരണ ഞാൻ ദിവസത്തിലെ അധിക വൈകുന്നേരങ്ങളിലും കമ്പ്യൂട്ടറിൽ 'കലാപരിപാടികൾ' നടത്തിക്കൊണ്ട് ഇരിക്കുകയാവും. ചില പ്രത്യേക അവസരങ്ങളിൽ, അതായത്  7.00നും,7.30നും  കറണ്ട് കട്ട് ഉള്ള സമയത്ത്, അധികവും ഞാൻ കമ്പ്യൂട്ടർ ഓഫ് ചെയ്ത് ഉമ്മറത്തുള്ള സോഫയിൽ വന്നിരിക്കാറാണ് പതിവ്. സംഗതി ഇത്തിരി ഇരുട്ടത്താണെങ്കിലും നല്ലൊരു ഏകാന്തത അവിടെ നിന്ന് എനിക്ക് അനുഭവിക്കാനാവാറുണ്ട്. പക്ഷെ അങ്ങനെ ലോഡ് ഷെഡ്ഢിംഗുള്ള അധിക ദിവസങ്ങളിലും അമ്മയും അച്ഛനും അവിടെ സോഫയിലും ചാരുബെഞ്ചിലുമായി കിടന്നും ഇരുന്നും വീട്ടുകാര്യങ്ങൾ സംസാരിക്കുന്നുണ്ടാവും. അങ്ങിനെ ഒരിക്കലവർ ഇരിക്കുന്ന സമയത്ത് എന്റെ നിർബന്ധം കാരണം അമ്മ, ദുർവാശിയെ പറ്റി ഒരു കഥ പറഞ്ഞു തന്നു.
അത് അമ്മ പറഞ്ഞ അതേ രസത്തിൽ,സംസാരരീതിയിൽ ഞാനിവിടെയെഴുതാം,

'നാല് കൂട്ട്വാര് കൂടീട്ട് ഒരോടത്ത് താമസിച്ചേര്ന്നു ട്ടോ,
അവിര് കൂട്തലും കഞ്ഞ്യാ വീട്ട് ല് കഴിക്കാന്ണ്ടാക്ക്യേര്ന്നത്,
അതെന്താ ച്ചാ പണീം ലാഭാണ്,സമീം ലാഭാണ്.!'

'ആ...' ഞാൻ സപ്പോർട്ടിനായി ഒപ്പം കൂടി.

അമ്മ തുടരുന്നു...

'അങ്ങനൊരൂസം അവിര് കഞ്ഞിണ്ടാക്കീട്ട്, കൊറച്ച് കഴിഞ്ഞപ്പോ അത് കുടിക്കാനിര്ന്നൂ,
അപ്പഴാ അവിര്ക്ക് ഓർമ്മ വെന്ന്, ആരും 'പ്ലാല'* ഇട്ത്ത് കൊടന്ന്ട്ടില്ല്യാ.......
കഞ്ഞി കുടിക്കാള്ള ധൃതീല് അയിന്റെ കാര്യങ്ങ്ട് എല്ലാരും മറന്നു.!
ആരാപ്പോ അത് ഇട്ത്ത്വൊന്റാൻ പൂവ്വാ ?
അവ്-രെല്ലാരും കൂടി അതും പറഞ്ഞ്ട്ട് തർക്കായി.'

'ന്ന് ട്ടോ' എനിക്കെന്റെ മനസ്സിനെ അടക്കിനിർത്താനായില്ല.

'ന്ന്ട്ടെന്താ, ആദ്യം മുണ്ട്ണോര് പ്ലാല ഇട്ത്ത്വൊന്റണം ന്ന് അവിര് തീര്മാനിച്ചു.!
അങ്ങനെ പന്തയം തീരുമാനിച്ചപ്പൊ മൊതല്,
അവിരാരും ഒന്നും മ്ണ്ടാണ്ട ആ കഞ്ഞിടെ മുന്നില് ഇരിക്കാന്തൊടങ്ങി.'

'ഊം...'

'നേരങ്ങളും ദെവസങ്ങളും ആഴ്ചോളും കഴിഞ്ഞു..... അവിരാരും ഒന്നും മുണ്ട്ണില്ല്യാ,
അവിര് ഓരോര്ത്തരും ആ കഞ്ഞിപ്പാത്രത്തിന്റെ മുന്നില് കൊഴഞ്ഞ് വീണ്വൊടങ്ങി.'

'കൊറേസായിട്ടും ആ വ്...ട്ന്ന് ഒര് ഒച്ചീം അനക്കൂം കേക്കാഞ്ഞ്ട്ട്,
അയലോക്കക്കാരെല്ലാരും ആ വീട്ടിൽക്ക് വെന്നോക്കി,
അപ്പണ്ട് നാലാളും കഞ്ഞിപ്പാത്രത്തിന്റെ മുന്നില് മരിച്ച് കെടക്ക്ണു.!'

'ഹാ...ഹാ..ന്ന്ട്ടോ...?'
എനിക്ക് ആ ഉദ്വേഗമടക്കാനായില്ല.

'ന്ന്ട്ടെന്താ ആ നാട്ട്വാരൊക്കെക്കൂടി വെല്ല്യോര് കുഴി വെട്ടീട്ട്
അതില് നാലാളീം ഒന്നിച്ച് കുഴിച്ച് മൂടാൻ നോക്കി.'

'ഹാഹാ...അല്ലാ പിന്നെ...'
ഞാനാകെ രസം പിടിച്ച് അമ്മയോട് ചേർന്നിരുന്നു.!

'അങ്ങനെ കുഴിച്ച്ടാൻ നോക്കുമ്പണ്ട് ഒരാളടെ കാല്ങ്ങനെ കുഴിടെ പൊറത്തിക്ക് ന്ക്ക്ണു,
അയില് ആ കുഴിച്ച്ട്ണ ആള് 'കൈക്കോട്ട്വോ*'ണ്ട് അയാൾടെ കല്മ്മെ,
ഒറക്കെ ഒര് തട്ട്വൊട്ത്തു, അത് കുഴിടെ ഉള്ളിൽക്കാക്കാനായിട്ട്.!'

'അപ്പയള് മുണ്ടീട്ട്ണ്ടാവും,
വേനിച്ച്ട്ട്....' എനിക്ക് സംശയമൊന്നുമുണ്ടായില്ല.!

'വ്ചാരിച്ചിരിക്കാണ്ട കിട്ട്യേ ഭയങ്കര അടീല് അയാളാകെ
അമ്മേ...അയ്യോ....ന്ന്
പേടിച്ച് നെലോളിച്ചു.'


'അത്..കേട്ടപ്പോ അയാൾടെ കൂടെ കുഴീ കെടന്നോരൊക്കെക്കൂടി
അയാളോട് വിളിച്ച്വറയ്വാ,

'പോയിട്ത്ത്വൊന്റടാ പ്ലാല, യ്യേണ്പ്പ ആദ്യം മുണ്ട്യേത്.!'

അമ്മ അതും പറഞ്ഞ് ഒരു കഥ അവസാനിപ്പിച്ചു.

എന്റെ കമന്റ് : എന്തിനീം വാദിച്ച് വളച്ചൊടിക്കാൻ കഴിവുള്ളോര്ക്ക് ഇതിനെ അവിരടെ ദൃഢനിശ്ചയത്തിന്റെ പ്രതീകായിട്ടും കാണിക്കാ ട്ടോ.!


ഞാൻ രണ്ട് ദിവസം കഴിഞ്ഞ് പിന്നെയും അമ്മയുടെ അടുത്തിരുന്നു,


'അമ്മാ ഞ്ഞ് വേറൊന്ന് പറഞ്ഞേരും ന്നും,
ന്നാള് പറഞ്ഞ ആ ആദ്യം മുണ്ട്ണ സംഭവം ഇട്ടു.
എല്ലാര്ക്കും നല്ലോണം ഇഷ്ടാവും ചീതു.!'

'ഞാ....ഞ്ഞ്...വേറൊന്ന് ഇടട്ടേ ന്നും...ങ്ങള് പറഞ്ഞേരും.....'
ഞാൻ തിരക്ക് കൂട്ടി.!

'കഴൂമ്മ*ട്വാ ച്ചാ കഴൂമ്മട്,
യ്ക്ക് ചെത്താമ്പൂവാരായീ.....
ന്ന് പറഞ്ഞ പോലേണലോ യ്യീ പറയ്ണത്.!'

'അതെന്താ...മ്മാ.. ഈ കഴൂമ്മടല് ?'
ഞാൻ എനിക്ക് പുതിയ ഒരു വിഷയം കിട്ടിയ സന്തോഷത്തിൽ ചോദിച്ചു.

കഥ പറഞ്ഞു തരാനായി റെഡിയായിരിക്കുന്ന അമ്മ തുടർന്നു,

'അതോ, ഒര് സ്ഥലത്ത് കള്ള് ചെത്ത്ണ പണിള്ള ഒരാളെ
നാട്ടിൽത്തെ അധികാരി കഴൂമ്മടാൻ വിധിച്ചു.
അയാളെ രാവിലത്തന്നെ, കഴൂമ്മടാനായിട്ട്
കഴുമരത്തിന്റട്ത്ത് കൊടന്നു.'

'ന്ന്ട്ടോ...?'
ഞാൻ അമ്മയെ ബോറടിപ്പിക്കാതിരിക്കാനായി ചോദിച്ചു.

'ന്ന്ട്ടെന്താ.....അയാള്ക്ക് ചെത്താമ്പൂവാള്ള നേരായിട്ടും,
കഴുമരത്ത്മ്മ തൂക്കാള്ള ലക്ഷണൊന്നും കാണ് ണില്ല്യ.'

'അയിലയാള് ദേഷ്യം വെന്ന്ട്ട് പറയ്ണതാ ഇത്.'

'ഏത്...?'
കാര്യം എനിക്കറിയാമെങ്കിലും ഞാൻ അമ്മയുടെ അടുത്ത് നിന്ന്
അത് പറഞ്ഞ് കേക്കാനുള്ള കൊതിയിൽ ചോദിച്ചു.'കഴൂമ്മട്വാ ച്ചാ കഴൂമ്മട്,
യ്ക്ക് ചെത്താമ്പൂവാരായി....' ന്ന്.!!!!!!!!

അങ്ങനെ അമ്മ പറഞ്ഞ രണ്ടാമത്തെ കഥയും കഴിഞ്ഞു.കുറച്ച് ദിവസം കഴിഞ്ഞപ്പോൾ അമ്മ വീട്ടിലാരോടോ എന്തോ പറഞ്ഞ് വിശദീകരിക്കുന്നത് കേട്ടു.
ഞാനത് അപ്പോൾ കേട്ടെങ്കിലും അത്രയ്ക്ക് കാര്യമാക്കിയില്ല.......
ദിവസങ്ങൾ കഴിഞ്ഞ് അമ്മയോട് ഞാനാ കാര്യം ചോദിച്ചു.


'അതെന്താ അമ്മാ ന്നാള് ങ്ങളെന്തോ ചൊല്ല് പറഞ്ഞ്ട്ട്
ആരോടോ എന്തോ പറയ്ണത് കേട്ടലോ, അതെന്താ ?'

എന്റെ ചോദ്യം കേട്ട അമ്മ ആദ്യം ഒന്നമ്പരന്നു.
'എന്ത് ചൊല്ല്...?'

'ങ്ങളെന്തോ എലീ ന്നോ വരമ്പ് ന്നോ നത്ത് ന്നൊക്കെ
പറയ്ണ്ണ്ടായിര്ന്നലോ.....അത് ?'


'ആ...ആ..അതോ....ഇതാവും,

ചുണ്ടെലി വരമ്പ് തൊളക്ക്ണ പോലെ,
നത്ത് പൊത്തില് ഇരിക്ക്ണ പോലെ,
വജ്ജ് ല് കരിമ്പന നിക്ക്ണ പോലെ,
............................................................ .
അങ്ങനെന്തോ ഒന്നുംകൂട്യാണ് അവസാനൂം.!''ആ...അതെന്നേ....അതെന്താ ന്നും ?'
അന്ന് അമ്മ പറഞ്ഞത് വീണ്ടും കേട്ട ഞാൻ ഇന്ററസ്റ്റായി ചാടിക്കയറി പറഞ്ഞു.

'അതോ...'
അമ്മ അത് വിശദീകരിക്കാനായി സോഫയിലിരുന്നു.
കൂടെ കേൾക്കാനായി ഞാനും.

'പണ്ടൊര് വീട്ടില് നാല് കള്ളന്മാര് കക്കാൻ കേറി.
ചൊമര് തൊരന്ന്ട്ടാ അവിര് വീട്ടിന്റുള്ളില് കടക്കാൻ നോക്ക്യേത്,
അവിരൊക്കെക്കൂടി ഒരോടത്ത് കൂടിര്ന്ന്ട്ട് ചൊമര് തൊരക്കാൻ തൊടങ്ങി.'

'അപ്പൊ, വീട്ടില് ള്ളൊര് കുട്ടിര്ന്ന് കാണാപ്പാഠം പഠിക്കേര്ന്നു,
ചുണ്ടെലി വരമ്പ് തൊളക്ക്ണ പോലെ.......'

'ചൊമര് തൊരക്ക്ണ കള്ളന്മാരൊക്കെ ഇത് കേട്ട്
പേടിച്ച് അന്തം വ്ട്ട്ട്ടിര്ന്നു,
ആ കുട്ടി പറയ്ണത് അവിരേനേ ന്ന് കര്തീട്ട്,
അവിരാ ചൊമര്ന്റപ്പറത്ത് മ്ണ്ടാണ്ട പത്ങ്ങിര്ന്നു.!'


'കുട്ടി പിന്നീം പഠിക്ക്ണത് വായിക്ക്ക്ക്വാ,
നത്ത് പൊത്തില് ഇരിക്ക്ണ പോലെ..ന്ന്.....
അതും കൂടി കേട്ടപ്പോ,
ആ കള്ളന്മാരൊക്കെ ശരിക്കും പേടിച്ച്ട്ട്,
ആ പറയ്ണത് അവിരേനെത്തന്നേ ന്ന് ഒറപ്പിച്ചു,
കാരണം അവിരവടെ പത്ങ്ങി ഇരിക്ക്വല്ലേ ?'

'അയിലോ....?'
ഞാനപ്പോ ഇന്ററസ്റ്റായി ചോദിചു.

'അയിലവിരൊക്കെ പേടിച്ച്ട്ട്
ആ ചൊമരിന്റപ്പറത്ത് നെട്ന്നനെ* ണീറ്റ് ന്നു.

അപ്പ കുട്ടി വായിക്ക്വാ,
വജ്ജ് ല് കരിമ്പന നിക്ക്ണ പോലെ....ന്ന് '

'ആ വരീം കൂട്യായപ്പോ അവിരാകെ പേടിച്ച്ട്ട്ണ്ടാവും ല്ലേ ?'
എനിക്ക് ഏകദേശം കാര്യം മനസ്സിലായീ ന്ന് അമ്മയെ ഞാൻ ബോധിപ്പിച്ചു.

'ആ വജ്ജ് ല് കരിമ്പന നിക്കണ പോലേ ന്ന് ള്ള വരീം കൂട്യായപ്പോ,
ആ കള്ളന്മാരൊക്കെ പേടിച്ച് വീട്ടിൽക്ക് ജീവനേച്ച്ട്ട് ഓടി.'

'ആ ഓട്ണേനെന്തോ ഒന്നുംകൂട്യാ കുട്ടി പറയ്ണ്ണ്ട്,
അതെന്താ ന്ന് യ്ക്ക് ക്ട്ട്ണില്ല്യാ....'

'ങ്ങളൊന്നാലോയിച്ചോക്കും,അതുംകൂട്യായാ ഒന്നിച്ച്ട്ട് യ്ക്ക് കമ്പ്യൂട്ടറില് -ടാലോ ?'
ഞാൻ ബാക്കിക്കായി അമ്മയോട്, തന്റെ ഓർമ്മയെ ചികയാനായി നിർബന്ധിച്ചു.


'യ്ക്ക്പ്പത്രേ കിട്ട്ണ് ള്ളൂ, ഞ്ഞ്പ്പോ എത്രാലോയിച്ചാലും
അതന്നേ ണ്ടാവൂ......'
അമ്മ കട്ടായം പറഞ്ഞു.

ഈ കഴിഞ്ഞ ജനുവരിയിൽ 63th ജന്മദിനം കഴിഞ്ഞ അമ്മയുടെ ബാല്യകാല ഓർമ്മയല്ലേ ?

'ഒന്നൊറപ്പിച്ച്ട്ട് ഞ്ഞ് കിട്ടില്ല്യാ ന്ന് അമ്മ പറഞ്ഞാ
പിന്നെ അത് കിട്ടില്ല്യാ.....'

അതുകൊണ്ട് ഞാനിത് ഇടുകയാ......

അങ്ങനെ, സുഹൃത്തുക്കളേ നിങ്ങൾക്കായി മൂന്ന് 'അമ്മക്കഥകൾ' ഞാനിതാ സമർപ്പിക്കുന്നു.
ആദ്യവായനയിൽ ആർക്കും കാര്യമായി ഒന്നും മനസ്സിലാവാൻ സാധ്യതയില്ല. പക്ഷെ നിങ്ങൾ എന്നോടുള്ള സ്നേഹം കൊണ്ട് വീണ്ടും വീണ്ടും ഓടിച്ചെങ്കിലും വായിക്കുക.
തീർച്ചയായും മനസ്സിലാവും,അങ്ങനെ ആർക്കും മനസ്സിലാവാത്ത മലയാളമൊന്നുമല്ല ഞങ്ങളുടെ വീട്ടിലും നാട്ടിലും എല്ലാവരും പറയുന്നത്.!!!                   ************************************************************************
പ്ലാല = പ്ലാവില.
കൈക്കോട്ട് = മൺ വെട്ടി.
കഴു = കഴുമരം,തൂക്ക് മരം.(ശിക്ഷ വിധിക്കാനുള്ളത്).
നെട്ന്നനെ = പേടിച്ച് നീണ്ട് നിവർന്ന്.