Saturday, 29 October 2011

'അന്താക്ഷരി'യുടെ അന്തമുള്ള ഉമ്മ

 ഞാൻ രണ്ടിലോ മൂന്നിലോ പഠിക്കുന്ന സമയത്ത് നടന്ന സംഭവമായതുകൊണ്ട് ഈയടുത്തു, ഏതോ കല്ല്യാണവീട്ടിൽ വച്ച്,  ആരോ പറഞ്ഞു കേട്ട സംഭവമാണ്. ഞാൻ നേരത്തെ സെപ്റ്റംബറിലെ 'അന്താക്ഷരി അന്തമുള്ളവരുടെ പാട്ട് ' എന്ന പോസ്റ്റിൽ വിവരിക്കാതെ പറഞ്ഞ നായകൻ സൈഫുദ്ദീൻ എന്ന, ഞങ്ങളുടെ സൈഫുവിന്റെ കുട്ടിക്കാലമാണ് ഇവിടെ പറയുന്നത്.
അവന്റെ ഉമ്മായ്ക്ക്  മൂന്ന് പെണ്മക്കൾക്ക് ശേഷം പിറന്ന ആൺതരിയാണ്. താഴത്ത് വച്ചാ പേനരിക്ക്വോ, തലയിൽ വച്ചാ ഉറുമ്പരിക്ക്വോ ന്ന് വച്ചാണ് ഉമ്മയും ചേച്ചിമാരും അവനെ നോക്കിയിരുന്നത്. ഇത് നടക്കുന്നത് അവൻ യു,പി സ്കൂളിൽ പഠിക്കുമ്പഴാണ്.

സ്കൂൾ വിട്ട് അവൻ വരേണ്ട നേരം കഴിഞ്ഞ് ഒരുപാടായി,പക്ഷെ അവനെ കാണുന്നില്ല. കുറെ നേരം അവന്റെ ഉമ്മ അടുത്ത വീടുകളിൽ ഒക്കെ പോയി പരിഭവങ്ങളും പരാതികളും പറഞ്ഞ് നേരം കളഞ്ഞ് 'ആ' വിഷയത്തിൽ നിന്ന് സ്വന്തം ശ്രദ്ധ തിരിക്കാൻ ഒരു വിഫലശ്രമം നടത്തി നോക്കി. പക്ഷെ നേരം കുറെ കഴിഞ്ഞിട്ടും അവൻ എത്തിക്കാണുന്നില്ല. അപ്പോഴേക്കും അടുത്തവീട്ടിലെ കുട്ടികളൊക്കെ സ്ക്കൂൾ വിട്ട് എത്തി. തൊട്ട് അടുത്തുള്ള വീട്ടിൽ രണ്ട് ആണ്മക്കളാണ്.അവിടെയാണ് അവരപ്പോൾ നിൽക്കുന്നത്. കുട്ടികൾ അതിലൂടെ ഓടിച്ചാടി നടക്കുന്നുണ്ട്. അവരുടെ 'തകർക്കൽ' കാണുമ്പോൾ സൈഫൂന്റെ ഉമ്മായ്ക്ക് സങ്കടം ഇരട്ടിക്കുകന്നുണ്ട്.  'ഇവരുടെ കൂടെയൊക്കെ ഓടിച്ചാടി നടക്കേണ്ട ന്റെ കുട്ടീനെ ഇങ്ങ്ട് കാണിണ് ല്ല്യല്ലൊ ? ' ഉമ്മയുടെ ചിന്തകൾ കാടുകയറിയതൊന്നുമില്ല പക്ഷെ, അടുത്ത വീട്ടിലെ അടുക്കളയിൽ ഇടക്കിടെ കയറിക്കൊണ്ടിരുന്നു.

'എവടെ പോയി കെടക്ക്വാ ഓൻ, ങ്ങളെങ്ങാനും കണ്ടോ ?' അവസാനം ഉമ്മ ആ ചോദ്യം സ്ക്കൂളിൽ നിന്ന് വന്ന് കളിയിലേർപ്പെട്ടിരിക്കുന്ന കുട്ടികളോട് ചോദിച്ചു.

'ഓൻ പ്പ ങ്ങ്ട് വരും മ്മാ' വേണമെങ്കിൽ സമാധാനിച്ചോട്ടെ എന്ന മട്ടിൽ അവർ ഒന്നിച്ച് മറുപടി പറഞ്ഞു.

ഇവരുടെ അമ്മ വീട്ടിൽ തിരക്കിട്ട പണികളിലാണ്. അതിനിടയിൽ ഉമ്മയെ ഓരോന്ന് പറഞ്ഞ് സൈഫൂന്റെ ഉമ്മയെ സമാധാനിപ്പിക്കുന്നുമുണ്ട്.

സാധാരണ സൈഫു വരാറുള്ള ബസ് പോയി കുറെ നേരമായിരിക്കുന്നു. പക്ഷെ അവനെ കാണുന്നില്ല. അവസാനം ഉമ്മ, മനസ്സിലെ ബദ്ധപ്പാട് സഹിക്കവയ്യാതെ തന്റെ പുന്നാര മകനെ തേടി റോഡിലേക്ക് നടന്നു. അവിടുന്ന് ഇടവഴിയിലൂടെ ഒരു കിലോമീറ്ററോളം ഉണ്ടാവും റോഡിലേക്ക്. ഉമ്മയുടെ ബദ്ധപ്പാട് കണ്ട് പേടിച്ച അടുത്ത വീട്ടിലെ അമ്മയും, സൈഫൂന്റെ ഉമ്മയുടെ കൂടെ റോഡിലേക്ക് പോയി.ഇതെല്ലാം ഒരു രസമായിക്കണ്ട് അമ്മയുടെ കുട്ടികളും കളിച്ചുകൊണ്ട് ഒപ്പം കൂടി. റോഡിലെത്തിയിട്ടും ഉമ്മ പായ്യ്യാരം (സ്വയം പരിഭവം പറച്ചിൽ) നിർത്തിയിട്ടില്ല.
'ഓന് ബടെ കുടീൽ ഇരിക്ക്ണോരടെ  ബെശമൊന്നും നോക്കണ്ടലോ, ഇങ്ങ്ട്ട് ബരട്ടേ ഓൻ,ഓന ഞാൻ കാണിച്ചൊട്ക്കാ'. ഇങ്ങനെയൊക്കെ പറയുന്നുണ്ടേലും ഉമ്മയുടെ മനസ്സ് നീറുകയാണ്. അതും ഇടക്കിടെ പുറത്ത് വരുന്നുണ്ട്. ആ നീറ്റൽ ഇടക്കിടെ അടുത്തുള്ള അമ്മയോട് കാണിക്കുന്നുമുണ്ട്. 'അല്ലാ ങ്ങളൊന്ന് ആലോയിച്ചോക്കിം, ക്ക് ബട് ആകെ ഒന്നേ ള്ളൂ 'ആണായിട്ട് ' ന്ന ചിന്ത ഓന്ണ്ടെങ്കീ ഓൻ ബെക്കം ങ്ങ്ട് ബരൂലേ?'
'ഊം.....' അമ്മ ഉമ്മയെ സമാധാനപ്പെടുത്താൻ വേണ്ടി ഒരു നീളമുള്ള മൂളൽ കൊടുത്തു.
ആ അമ്മയുടെ സമാധാനപ്പെടുത്താനുള്ള മൂളലൊന്നും ഉമ്മായ്ക്ക് ഏറ്റില്ല. അവസാനം ഉമ്മ ആ കുട്ടികളോട് ചോദിച്ചു. 'ഓൻ എവടക്ക് പോയതാ ? ങ്ങളോട് വല്ലതും പറഞ്ഞ്ക്കണോ ?'
അവർ അവരുടെ അറിവിന്റെ പരിധിയിൽ ഉള്ള സത്യം അവസാനം തുറന്നു പറഞ്ഞു.

'ഓൻ ചെലപ്പോ 'സിൽമയ്ക്ക് ' പോയിട്ടുണ്ടാവും മ്മാ' കൂട്ടത്തിൽ മൂത്തവൻ പറഞ്ഞു.

'ഇവടെ പ്പൊ അട്ത്ത് പട്ടാമ്പിയ്ക്ക് പോണ്ടെ സിനിമ കാണാൻ,അതാവും ത്ര വൈകണ് '
അപ്പോഴേക്കും സൈഫൂന്റെ ഉമ്മയുടെ ബേജാറിൽ(പരിഭ്രമം) രസം പിടിച്ചിരുന്ന അവന്റെ അനിയൻ ഉമ്മയുടെ ബേജാറ് കൂട്ടാൻ വേണ്ടി ഇത്രയും കൂടി പറഞ്ഞുചേർത്തു.

അത് കേട്ടതും ഉമ്മയ്ക്ക് കൂടുതൽ പരിഭ്രമമായി. കാരണം അവിടെ അടുത്ത് 2 കിലോമീറ്റർ പോയാലുള്ള കൊപ്പം ഒരു ഭേദപ്പെട്ട ടൗൺ ആണ്. അവിടേക്ക് പോലും അവനെ ഒരാവശ്യത്തിനും വിടാതെ ഇരിക്കുമ്പോഴാണ്,ഒരുപാട് ദൂരത്തുള്ള പട്ടാമ്പിയിൽ തന്റെ പുന്നാരക്കുരുന്ന് പോയിരിക്കുന്നതായി അടുത്ത വീട്ടിലെ കുട്ടി പറഞ്ഞിരിക്കണത്.
'ഏയ്..ഓൻ....അങ്ങനേങ്ങ്ട് പട്ടാമ്പിക്ക് പോവ്വൊന്നൂല്ല' ഉമ്മ സ്വയം സമാധാനിക്കാൻ ശ്രമിച്ചു.

അപ്പോൾ അടുത്ത വീട്ടിലെ അമ്മ സമാധാനിപ്പിക്കുവാൻ എന്നവണ്ണം പറഞ്ഞു.
'ങ്ങള് പേടിക്കാണിരിക്കും നബീസുമ്മാ,ഓൻ പട്ടാമ്പീ പോയതാണെങ്കിലും വേഗങ്ങ്ട് വന്നോളും ന്ന് '.

കുട്ടികൾ പറഞ്ഞത് പോട്ടെ,ഇപ്പൊ അവരുടെ അമ്മയും അത് തന്നെ ഉറപ്പിച്ച് പറയുന്നത് കേട്ടപ്പോൾ അതുവരെ അടക്കിപ്പിടിച്ച  ദേഷ്യവും സങ്കടവും ഒക്കെ സൈഫൂന്റെ ഉമ്മായിൽ നിന്ന് കടുത്ത വാക്കുകളായി പുറത്ത് ചാടി,
             'ങ്ങക്ക് ഒന്നുപോയാലും കൊയപ്പല്ല്യേരിക്കും, കാരണം ങ്ങക്ക് രണ്ടെണ്ണാണേയ്, ഇക്കതല്ല ആണായിട്ട് ആക ഈ ഒന്നേ ള്ളൂ,അതറിയ്വോ ങ്ങക്ക് '.

അമ്മ പിന്നെ അവരെ സമാധാനിപ്പിക്കാൻ വേണ്ടി ഒന്നും പറഞ്ഞില്ല.

അന്താക്ഷരിയുടെ അന്തമുള്ള കഥ.

Wednesday, 19 October 2011

മുഖം മൂടികൾ

ഞാൻ സത്യം പറഞ്ഞാൽ ആദ്യമായാണ് ഒരു കഥയ്ക്ക് വേണ്ടി ശ്രമിക്കുന്നത്. അതുകൊണ്ട് ഇതിന് ഒരു കഥയുടെ കെട്ടും മട്ടും ലാളിത്യവും ഒന്നും പ്രതീക്ഷിക്കരുത്. തെറ്റുകൾ നിങ്ങൾ ഈ മണ്ടൂസനോട് ചൂണ്ടി കാട്ടുക. ഒരു മുനറിയിപ്പ് കൂടി നിങ്ങൾ എത്ര പ്രായമുള്ളവരായാലും ശരി, സ്ത്രീകളാണെങ്കിൽ ഇത് വായിക്കരുത്. ഇനി വായിച്ചുകഴിഞ്ഞ് നിങ്ങളുടെ ജീവിതത്തിൽ വല്ല സംശയം മൂലമുള്ള താളപ്പിഴകൾ ഉണ്ടാവുന്നതിന് ഞാൻ ഉത്തരവാദിയായിരിക്കുന്നതല്ല.ഇതിന് അനുയോജ്യമായ പേര് നിങ്ങൾ നിർദ്ദേശിക്കുക. ഞാൻ വെറുതെ മൂന്ന് പേരുകൾ കൊടുത്തിട്ടുണ്ട്.

അവൻ മൂടിപ്പുതച്ച് കിടന്നുറങ്ങുകയാണ്. കാരണം കോളേജ്  വീടിനടുത്താണ്. അതു കാരണം എപ്പോൾ അവിടെയെത്തിയാലും കുഴപ്പമില്ല. പക്ഷെ ആ ഗംഭീര ഉറക്കത്തിനിടയിലും പെട്ടെന്നവൻ  ഉത്സാഹത്തോടെ ഞെട്ടിയുണർന്നു. എന്നിട്ട് കോലായിലിരുന്ന് പത്രം വായിക്കുന്ന സഹോദരിയിൽ നിന്ന് അവനാ പത്രം നിന്ന് തട്ടിപ്പറിച്ചെടുത്തു.
'അല്ലേലീ സമയത്ത് മൂടിപ്പുതച്ച് കിടന്നുറങ്ങുന്ന ആളിനെന്താ ഇന്നൊരു തിരക്ക്, അതും പത്രവായനക്ക് ? ' അവൾ സ്വല്പം ദേഷ്യത്തോടെ പരിഭവപൂർവ്വം ചോദിച്ചു. അവൾ കോളേജിൽ ഡിഗ്രിയ്ക്ക് പഠിക്കുന്നു.
അവൾ ഒരു ദിവസവും പത്രം വായന മുടക്കാറില്ല. (ഉള്ള ദിവസങ്ങളിൽ ട്ടോ). പക്ഷെ അന്നത്തെ ദിവസം അവളുടെ വായന തന്റെ എല്ലാമെല്ലാമായ ചേട്ടൻ തകർത്തിരിക്കുന്നു. അരിശത്തോടെ അവൾ വീടിനകത്തേയ്ക്ക് നടന്നു, നടക്കുമ്പോഴും അവൾ പിറുപിറുക്കുന്നുണ്ടായിരുന്നു.
'അല്ലെങ്കിൽ തേങ്ങ പറിക്കാനായിട്ട്, ഏട്ടൻ കൂർക്കം വലിച്ച് കിടന്നുറങ്ങുകയാവും, ഇന്നിപ്പെന്താണാവോ ഇതയധികം വിശേഷം പത്രത്തിൽ?
ഇനി നമുക്ക് ആരാണീ വാൽസല്യനിധിയായ ഏട്ടനെന്ന് നോക്കാം.
വീടിനടുത്തുതന്നേയുള്ള കോളേജിൽ എഞിനീറിംഗ് ഫൈനൽ ഇയറിന് പഠിക്കുന്ന, ഏതോ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ജില്ലാ നേതാക്കളിൽ പ്രമുഖനായ, സുന്ദരനും സുമുഖനുമായ, സർവ്വോപരി അന്യമതസ്ഥയായ ഒരു കുട്ടിയെ മനസ്സിൽ കൊണ്ട് നടക്കുന്നവനും(അവളിങ്ങോട്ടും), നാട്ടുകാർക്ക് പ്രിയപ്പെട്ടവനുമായ ഒരാളാണ് ഇത് വരെ വിവരിച്ചു പറഞ്ഞ ഈ ഏട്ടൻ.

പത്രത്തിൽ ആ വാർത്ത വന്നതുമുതൽ അവൻ അസ്വസ്ഥനാണ്. ആ വാർത്ത എന്നു പറഞ്ഞാൽ ട്രൈനിലെ അപകടത്തിൽ സൗമ്യ മരിച്ച ആ ഭീകര സംഭവം. അതിന്റെ വിശദാംശങ്ങൾ എത്ര വിവരിച്ച് പറഞ്ഞിട്ടും പത്രങ്ങൾക്ക് മതിവരുന്നില്ല. അതാണ് കുട്ടിനേതാവ് ഇത്ര തിരക്കോടെ വായിക്കുന്നത്.

ഇത്തരം കാര്യങ്ങളിൽ സമൂഹത്തോട് വളരെ നല്ലരീതിയിൽ പ്രതികരിക്കാൻ അവനിഷ്ടമാണ്. അവന്റെ ഒരു തീപാറുന്ന ഒരു പ്രസംഗം ഈയടുത്താണ്. അതിനുവേണ്ടി എല്ലാം തയ്യാറാക്കുന്നത് ഒരു സുഹൃത്താണ്. അതിനുവേണ്ടി സുഹൃത്ത് നല്ലൊരു വേദി കെട്ടിയുണ്ടാക്കി. എന്നിട്ട് സ്വന്തം ചിലവിൽ നല്ലൊരു അനൗൺസ്മെന്റും അതിന് വേണ്ടി ഏർപ്പാടാക്കി. എന്നിട്ട് നമ്മുടെ കുട്ടിനേതാവിനെ ഇടക്കിടെ വിളിച്ച് പറയാറുണ്ട്, 'ഡാ നീ എന്നെ നാറ്റിക്കരുത് ട്ടോ, നന്നായി പ്രിപ്പയർ ചെയ്തോ.'അപ്പോഴൊക്കെ അവൻ പറയും,'നീ പേടിക്കണ്ടടാ, ഞാൻ നന്നാക്കാം ആ പരിപാടി,കാരണം എന്റെ രാഷ്ട്രീയ ഭാവിയും അതിലാണല്ലോ ?'
അവൻ അങ്ങിനെയൊരു വേദി സ്വന്തമായി കിട്ടിയതിൽ നല്ല സന്തോഷത്തിലാണ്. കാരണം തന്റെ രാഷ്ട്രീയ ഭാവി അതിലൂടെ പച്ച പിടിക്കുന്നത് മനസ്സിൽ കണ്ടു.
'തനിക്കു വേണ്ടി തന്റെ കൂട്ടുകാരൻ രാപ്പകലില്ലാതെ അധ്വാനിക്കുന്നു.' അവന് ആ കൂട്ടുകാരനിൽ മതിപ്പ് തോന്നി.

കാര്യങ്ങൾ ഇങ്ങനേയൊക്കെയാണെങ്കിലും ആ പ്രസംഗത്തിനു വേണ്ടി തയ്യാറാകുന്നതിനിടയിൽ അവനെ കോളേജിലെ മറ്റൊരു കൂട്ടുകാരൻ വിളിച്ച് ഒരു സന്തോഷവാർത്ത അറിയിച്ചു. അതു കേട്ടതും അവൻ പറഞ്ഞു, 'ഞാനും കുറെ ദിവസങ്ങളായി അത് കാത്തിരിക്കുന്നു. എന്താ അത് ഇറങ്ങാത്തത് എന്ന് എന്റെ മനസ്സിലും ഉണ്ട്, നീ വീട്ടിൽ നിൽക്ക് ഞാനിപ്പങ്ങ്ട്ട് വരാം, എന്കറ്യ്തായാലും അത് നമ്മടെ കിട്ടീലോ ഇനിയതൊന്ന് ആസ്വദിച്ച് കാണട്ടെ!'
കുട്ടിനേതാവ് ആ പ്രസംഗത്തിനു വേണ്ടി തയ്യാറാക്കുന്ന കുറിപ്പുകളെല്ലാം മടക്കി വച്ച് പുറത്തേക്ക് പോകാൻ റെഡിയായി.
പ്രസംഗം ഇത്തിരി പിഴച്ചാലും കുഴപ്പല്ല്യ ,പക്ഷെ അതിനേക്കാൾ വലുതാ ഇപ്പോ കാണാൻ പോണേ, അവൻ  വളരേയധികം സന്തോഷത്തോടെ മനസ്സിലോർത്തു.

'എങ്ങട്ടാ ?' അമ്മയുടെ സ്ഥിരം ചോദ്യം.

'വല്ല കളിക്കുമായിരിക്കും' അനിയത്തി സംശയം കൂടാതെ പറഞ്ഞു.

'ഞാനിപ്പോ വരാ, എന്റെ ഒരു ക്ലാസ്സ്മേറ്റിന്റെ അടുത്ത് നിന്ന് കുറച്ച് നോട്സ് വാങ്ങിക്കണം.' അമ്മയോട് പറഞ്ഞു.

'എന്താ നിന്റെ കൂട്ടുകാരൻ ഒരുക്കിയ പ്രസംഗത്തിനുള്ള വല്ലതും ആണോ ?  അവൻ അതിന് വേണ്ടി രാവും പകലുമില്ലാതെ ഓട്ടത്തിലാ, കൂട്ടുകാരന്റെ ഓട്ടം കണ്ടാ തോന്നും അവനാ പ്രസംഗിക്കണേ   ന്ന് .' അമ്മ തമാശരൂപേണ പറഞ്ഞു.

'അതൊന്നുമല്ലമ്മാ, ഇതു ക്ലാസ്സിലെ  നോട്സാ, അവൻ ഇന്റെ കോളേജിലല്ലല്ലോ പഠിക്കണേ.'
അതും പറഞ്ഞ് അവൻ വളരെ ധൃതിയിൽ അവിടെ നിന്ന് ഇറങ്ങി.

'ഏട്ടന് എന്തോ കാര്യായത് വാങ്ങണം ന്ന് തോന്ന്ണു അമ്മാ, കണ്ടില്ലേ ഭയങ്കര തെരക്കിലാ പോക്ക്, കൊറച്ച് ദിവസായിട്ട് ഭയങ്കരമായ നിരാശയിലാ, എന്തോ പ്രതീക്ഷിച്ചത് കിട്ടാത്ത പോലെ.' അനിയത്തി ഏട്ടന്റെ സങ്കടങ്ങൾ മനസ്സിലാക്കിയെന്ന വണ്ണം ന്യായീകരിച്ചു..

'ഒരുപാട് ദിവസമായി കാത്തിരിക്കുന്നു, അതിന്ന് തന്റെ കയ്യിൽ വരാൻ പോകുകയാണ്.' അത് ഓർത്ത്കൊണ്ട് അവൻ നടത്തത്തിന് സ്പീഡ് കൂട്ടി.

ഇത്തിരിയങ്ങോട്ട് നടന്നപ്പോഴേക്കും, പ്രസംഗത്തിന് വേണ്ടിയുള്ള കാര്യങ്ങൾ തയ്യാറാക്കാനായി, എന്തിനോ വേണ്ടി ഓടുന്ന തന്റെ സുഹൃത്തിനെ കണ്ടു. തന്റെ രാഷ്ട്രീയ ഭാവിയുടെ പോക്ക് ആ പ്രസംഗം നിർണ്ണയിക്കും, അതുറപ്പാ.

ആ രാഷ്ട്രീയ ഭാവി നിർണ്ണയം നടത്തുന്ന തന്റെ സുഹൃത്താണ് ബൈക്കിൽ വരുന്നതെന്നറിയാമെങ്കിലും അവന്റെ മുഖം അപ്പോൾ അത്രക്ക് പ്രസന്നമായില്ല. മെല്ലെ അവനോട് ചിരിച്ചെന്ന് വരുത്തി, എന്നിട്ട് ചോദിച്ചു, 'എങ്ങോട്ടാ ?'

കൂട്ടുകാരൻ പതിവു പോലെ തന്നെ നല്ല തിരക്കിലാണ്. 'ഞാൻ നമ്മടെ മാഷെ കാണാൻ പോവ്വ്വാ, എന്തേ നീ വരുന്നോ ?' അവൻ ചോദിച്ചു. കുട്ടിനേതാവിന് അവന്റെ കൂടെ പോകാൻ മടിയായിരുന്നെങ്കിലും തനിക്ക് കാണേണ്ട സുഹൃത്തിന്റെ വീടും മാഷിന്റെ വീടിനടുത്താണല്ലോ എന്നാലോചിച്ചപ്പോൾ തീരുമാനം മാറ്റി.'ആ ഞാനും ണ്ട്, ന്റെ കൂട്ടുകാരനേയൊന്നു കാണണം'.

'ആ ഇനിക്ക് അറിയാ നിന്റെ ഫ്രന്റിനെ അതവിടെ അടുത്തെന്നെ അല്ലേ ? ' അവനേയും ഇരുത്തി ബൈക്കിൽ പോവുന്നതിനിടയിൽ കൂട്ടുകാരൻ പറഞ്ഞു. പുറകിൽ നിന്ന് ശബ്ദമൊന്നും വന്നില്ല.

അങ്ങനെ കൂട്ടുകാരന്റെ വീടിനു മുൻപിൽ തന്റെ സുഹൃത്തിനെ ഇറക്കി.
രാവിലെ, തന്നെ വീട്ടിലേക്ക് തിരക്കി വരുന്നത് കണ്ട് കൂട്ടുകാരൻ ചോദിച്ചു.
'എന്തേടാ പെട്ടെന്ന് ങ്ങ്ട് പോന്നേ ? അത് കയ്യിൽ കിട്ടീ ന്നറിഞ്ഞപ്പോ പിന്നെ കണ്ട്രോൾ കിട്ടീല്ല അല്ലേ ?'

ബൈക്കുമായി വന്ന സുഹൃത്ത് അതൊന്നും ശ്രദ്ധിക്കാതെ അവനെ അവിടെ ഇറക്കി,മാഷിന്റെ വീട്ടിലേക്ക് പോയി.

അങ്ങനെ മാഷെ കണ്ട് തിരിച്ച് വരുമ്പോഴും അവർ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾ കഴിഞ്ഞിരുന്നില്ല. രണ്ട് മൊബൈലുകളും ഇരുകയ്യിലുമായി പിടിച്ച് നില്ല്കുന്ന കൂട്ടുകാരൻ പറഞ്ഞു. 'ഡാ ഇപ്പ വരാ ട്ടോ, ഇതിപ്പൊ കണ്ടു കഴിയും'

കൂട്ടുകാരൻ ശരി എന്ന് പറഞ്ഞ് ബൈക്ക് സ്റ്റാർട്ടാക്കി, അതിനിടയിലെപ്പൊഴോ അവന്റെ ശ്രദ്ധ കൂട്ടുകാരന്റെ കയ്യിലെ മൊബൈലുകളിലേക്ക് തിരിഞ്ഞു. അതിലതാ താൻ എവിടെയോ കണ്ടുമറന്ന മുഖം മിന്നിമറയുന്നു. അതെ അതവൾ തന്നെ, കേരളത്തിലെ എല്ലാവരുടേയും കണ്ണീരിന്റെ ഒരംശമായി മാറിയ സൗമ്യ.അവളെ ആ കാമഭ്രാന്തൻ പൈശാചികമായി പീഢിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യമാണ് തന്റെ പ്രിയ സുഹൃത്ത്, നാളത്തെ കേരളം നയിക്കേണ്ട രാഷ്ട്രീയനായകൻ, 'കണ്ടാസ്വദിക്കുന്നത്.'

അവൻ അതിൽനിന്ന് കണ്ണെടുത്ത് താഴേക്കു നോക്കി, താഴെയതാ തന്റെ പ്രിയ സുഹൃത്തിന്റെ കാൽച്ചുവട്ടിൽ കുറെ മുഖം മൂടികൾ വീണ് കിടക്കുന്നു.
"ഒരമ്മയുടെ പുന്നാര മകന്റെ, വാൽസല്യ നിധിയായ ഒരു ചേട്ടന്റെ, കേരളത്തിന്റെ ഭാവി എഞ്ചിനീയറുടെ, രാഷ്ട്രീയ നായകന്റെ അങ്ങനെ ഒരുപാടൊരുപാട് കറുത്തമുഖം മൂടികൾ."

'അങ്ങനെ അവസാനം അതും കണ്ടു ഷ്ടാ, സമാധാനായി,വിചാരിച്ച മാതിരിയല്ലട്ടാ അടിപൊളിയായിരിക്ക്ണു.' ബൈക്കിൽ കയറുന്നതിനിടയിൽ കുട്ടിനേതാവ് കൂട്ടുകാരനൊട് സ്വല്പം ഉച്ചത്തിൽ തന്നെ പറഞ്ഞു.

ബൈക്കിൽ കയറുന്നതിന് മുൻപ് അവൻ അത് തന്റെ മൊബൈലിന്റെ അകപ്പെട്ടിയിൽ(ഫോൾഡർ) വയ്ക്കാനും നമ്പർ വച്ച് പൂട്ടി ഭദ്രമാക്കി അത് പോക്കറ്റിലിടാനും, തന്റെ മുഖം മൂടികൾ വീണ്ടും എടുത്തണിയാനും മറന്നില്ല. പ്രത്യേകിച്ച് ഒന്നും ഉരിയാടാതെ കൂട്ടുകാരൻ ബൈക്കോടിച്ച് വീട്ടിലേക്ക് പോയി, അവന് നാളെ ഇവൻ നയിക്കുന്ന കേരളത്തിന്റെ അവസ്ഥയാലോചിച്ച് ലജ്ജ തോന്നിക്കാണണം.

Wednesday, 12 October 2011

ഡാ, ഞാൻ ജീവിക്കാൻ വേണ്ടി മരിക്കാൻ വരെ തയ്യാറാ !

 'ഡാ ഞാൻ ജീവിക്കാൻ വേണ്ടി മരിക്കാൻ വരെ തയ്യാറാടാ' എന്ന് എന്റെ ഒരു പ്രിയ  സുഹൃത്ത് സിന്റോ ജോയ് എന്ന സിന്റപ്പൻ ഇടക്കിടെ ഫോൺ വിളിച്ച്, എന്റെ 'എങ്ങനുണ്ടെടാ ഇപ്പൊ കാര്യങ്ങൾ?' എന്ന ചോദ്യത്തിന് മറുപടിയായി പറയാറുണ്ട്. ഈ വാക്കുകൾ ജീവിതം എന്ന സുന്ദരമായ സത്യത്തേയും മരണം(ആത്മഹത്യ) എന്ന ക്രൂരവും വൃത്തികെട്ടതും കഠിനവുമായ കടമ്പയേയും വരച്ചുകാട്ടുന്നു. എത്ര ക്രൂരമായ കടമ്പ കടന്നിട്ടാണേലും ജീവിക്കണം എന്നാണ് ആ മുകളിൽ പറഞ്ഞ വാക്കുകൾ സൂചിപ്പിക്കുന്നത്. അപ്പോൾ, ഈ ആത്മഹത്യ എന്നത് അത്ര വലിയ ധീരമായ പ്രവർത്തിയൊന്നുമല്ലെന്നും, അത് ജീവിതത്തെ ധൈര്യപൂർവ്വം നേരിടാൻ ശക്തിയില്ലാത്ത ഭീരുക്കൾക്ക് പറഞ്ഞിട്ടുള്ളതാണെന്നും നമുക്ക് ബോധ്യമാവും. എന്റെ കാഴ്ചപ്പാടിൽ ആത്മഹത്യ വളരെ വൃത്തികെട്ട, ദൈവത്തോടുള്ള ഒരു വെല്ലുവിളി ആണ്. ഏതൊരു മനുഷ്യനാണെങ്കിലും ആത്മഹത്യ ചെയ്യുന്ന സമയത്ത്, മരണത്തിന്റെ ആ അവസാന നിമിഷത്തിലെങ്കിലും 'എന്ത് കഷ്ടപ്പാടാണേലും ജീവിച്ചാൽ മതിയായിരുന്നു' എന്ന് ചിന്തിയ്ക്കും എന്നെനിയ്ക്ക് ഉറപ്പുണ്ട്. മരണം എന്ന സത്യത്തെ വാഴ്ത്തിപ്പാടിയ നമ്മുടെ പല മഹാ കവികളും ജീവിതം എന്ന സുന്ദര സത്യത്തേക്കുറിച്ച് പറഞ്ഞതും പാടിയതും എല്ലാം എല്ലാവരും മനപൂർവ്വം മറക്കുന്നു.

ഞാൻ മുൻപെഴുതിയ 'രഞ്ജിനി കണ്ട(കാണാത്ത) കേരളം' കുറിപ്പ് വായിച്ച് ഞാൻ രഞ്ജിനി എന്ന വ്യക്തിയെ മാത്രം വിമർശിക്കുകയാണെന്ന് ധരിച്ച് എന്നോട് രൂക്ഷമായി പ്രതികരിച്ച മാന്യ വായനകാരുടെ ശ്രദ്ധയ്ക്ക് : സമൂഹത്തിൽ ഈയിടെയായി കണ്ട് വരുന്ന ഒരു ഫാഷൻ പ്രതിഭാസമാണ് ആത്മഹത്യ . (കാരണം എന്തുമായിക്കൊള്ളട്ടെ.)
അതിനെതിരെ പ്രതികരിക്കുകയാണെന്റെ ഉദ്ദേശം എന്ന് ഞാൻ ആദ്യമേ സൂചിപ്പിച്ചു കൊള്ളട്ടെ. ആ  കാര്യം വിശദീകരിക്കുന്നതിന് വേണ്ടി ഞാൻ നാട്ടിലെ ഒരു സംഭവം എടുത്ത് കാണിക്കുകയാണ്. ദയവ് ചെയ്ത് ഇതിൽ രാഷ്ട്രീയം കലർത്തരുത്. ഞാൻ ഈ കുറിപ്പിൽ യാതൊരുവിധ രാഷ്ട്രീയത്തിന്റേയും നിറം കലർത്താൻ ഉദ്ദേശിക്കുന്നില്ല. ഒരു ജീവന്റേയും ജീവിതത്തിന്റേയും മൂല്യവും ആവശ്യകതയും മഹത്ത്വവും എന്താണെന്ന് വളരെ കുറച്ച് നാളുകൾക്ക് മുൻപ് (ഇത്ര കാലം ജീവിച്ചിട്ടും മനസ്സിലാക്കിയിരുന്നില്ല, ക്ഷമിയ്ക്കുക) സ്വന്തം അനുഭവത്തിലൂടെ മനസ്സിലാക്കിയ ഒരാളുടെ കുറിപ്പായി ഇതിനെ എടുത്താൽ മതി എന്ന് ഞാൻ എല്ലാവരോടും അപേക്ഷിക്കുന്നു.


ഞാൻ കൂട്ടുകാരോട് സൗഹൃദസംഭാഷണങ്ങൾക്കായി വൈകുന്നേരങ്ങളിൽ പുറത്ത് പോയിരിക്കാറുണ്ട്. അവരിലാരെങ്കിലും തന്നെ എന്നെ വീട്ടിൽ നിന്ന് കൊണ്ടുപോയി അവർ കളിക്കുന്ന സ്ഥലത്ത് ഇരുത്താറുണ്ട്. അപ്പോഴൊക്കെ, കളിക്കാതെ പുറത്തിരിക്കുന്ന കൂട്ടുകാരോട്  ചെറുചെറു സംഭാഷണങ്ങൾ ഞാൻ നടത്താറുണ്ട്. അങ്ങനെ നടന്നൊരു ചെറു സംഭാഷണമാണ് ഈ കുറിപ്പിനാധാരം. ഇതിൽ ഞാൻ പറയുന്ന കാര്യങ്ങളുടെ ദിവസങ്ങളിലോ മറ്റോ വല്ല തെറ്റുകളുമുണ്ടെങ്കിൽ ദയവു ചെയ്ത് ക്ഷമിക്കുമല്ലോ?

എന്റെ നാട്ടിലെ പഴയകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകയും കൊപ്പത്തിന്റെ സാമൂഹ്യവും സാംസ്ക്കാരികവുമായ വളർച്ചയിൽ വളരെ നല്ല പങ്ക് വഹിച്ചയാളുമായ സ:ആര്യാപള്ളത്തിന്റെ മകനായ സ:അപ്പ്വയ്യന്(തെറ്റാണെങ്കിൽ പൊറുക്കുക,തിരുത്തുക) കല്ല്യാണം കഴിച്ച് കൊണ്ടുവന്ന അമ്മിണിയമ്മയിൽ  ജനിച്ച മകനാണ് സ:കൃഷ്ണേട്ടൻ. കൊപ്പത്തിന്റെ രാഷ്ട്രീയ സാമൂഹ്യ വളർച്ചയിൽ വളരേയധികം സജീവമായി ഇടപ്പെട്ടുകൊണ്ടിരുന്ന, നാട്ടുകാരാൽ ബഹുമാനിക്കപ്പെട്ടിരുന്ന ആളാണ് അമ്മിണിയമ്മ(പള്ളത്തെ അമ്മിണിയമ്മ എന്ന് നാട്ടുകാർ സ്നേഹത്തോടെ വിളിക്കും). ആ അമ്മിണിയമ്മ ഒരു ദിവസം തൂങ്ങിമരിക്കുന്നു(കാരണം ഇപ്പോഴും എനിക്കജ്ഞാതം).  തൂങ്ങിമരണപ്പെട്ട ആ ശരീരത്തിൽ തൊടില്ല എന്ന വാശിയിൽ കൃഷ്ണേട്ടൻ എല്ലാ 'തുടർ സംഭവങ്ങളിൽ' നിന്നും പിന്തിരിഞ്ഞു. അങ്ങനെ നാട്ടുകാരുടെ നേതൃത്വത്തിൽ ആ ശരീരം സഞ്ചയന കർമ്മത്തിന് വിധേയമാകുന്നു. ഇത്രയുമാണ് ഈ കുറിപ്പിനാധാരം. കാര്യങ്ങൾക്ക് ഒരു വ്യക്തത വരുന്നില്ലെങ്കിലും തുടർന്ന് വായിക്കുക, പതിയെ വ്യക്തത വന്നോളും.

എന്താണ് കമ്മ്യൂണിസം ?
ഞാനൊരു വലിയ ബുദ്ധിജീവിവിശകലനത്തിന് വേണ്ടിയല്ല ഈ ചോദ്യം ചോദിച്ചത്. ഞാൻ കഴിഞ്ഞ ഒരുപാട് ബ്ലോഗുകളിലായി, നാട്ടിലെ തക്കിട തരികിട കഥകളും തമാശകളും ഒക്കെ പറഞ്ഞ് നേരം കളയുന്നു. എനിക്ക്, സീരിയസ് ആയി എന്തെങ്കിലും എഴുതാൻ ആഗ്രഹം തോന്നിയിട്ട് കുറച്ച് കാലമായി.അങ്ങനെ എന്താണിപ്പോ കാര്യമായിട്ട് എഴുതുക(ഒന്നെഴുതിയതിന്റെ ഹാങ്ങ് ഓവെർ ഇതുവരെ മാറിയിട്ടില്ല) എന്ന് ചിന്തിച്ച് നടക്കുമ്പോഴാണ് എനിക്ക് നാട്ടിലെ ഒരു വിഷയം വീണ് കിട്ടിയത്. അത്, ഒരു പക്ഷെ ഈ നാട്ടിൽ മാത്രം ഒതുങ്ങിക്കൂടേണ്ട സംഭവം ആയിരിക്കും, പക്ഷെ വളരേയധികം ദിവസത്തെ ഗംഭീര ആലോചനയ്ക്ക് ശേഷവും വീണ്ടും വീണ്ടും ആ വിഷയം തന്നെ മനസ്സിൽ തീവ്രമായി അലയടിച്ചു കൊണ്ടിരിന്നു. അപ്പോൾ എനിയ്ക്ക് മനസ്സിലായി ഇത് ഒരുപക്ഷേ പുറത്തുള്ളവരും അറിയേണ്ടുന്ന വളരെ ഗൗരവമേറിയ ഒരു വിഷയം ആയിരിക്കും എന്ന്. സംഭവങ്ങൾ എല്ലാം ആദ്യന്ത്യം പറയുകയാണെങ്കിൽ കൊപ്പത്തിന്റെ ചരിത്രവും വർത്തമാനവും എല്ലാം വിവരിക്കേണ്ടതായി വരും. പക്ഷെ സത്യം പറയാമല്ലോ അതിനുള്ള വിവരവും, കൊപ്പത്തിനേക്കുറിച്ചുള്ള അഗാധമായ അറിവുമൊന്നും എനിക്കില്ല. ഒരു കാര്യം മാത്രം അറിയാം, കൊപ്പം ദേശത്തിന്റെ സാംസ്ക്കാരികമായ വളർച്ചയ്ക്ക് ആ കാലത്ത് മാർക്സിസ്റ്റ് പാർട്ടി സ്തുത്യർഹമായ സേവനങ്ങൾ ചെയ്തിട്ടുണ്ട്. കൊപ്പത്തിന്റെ വളർച്ചയിൽ ഒരുപാട് കാലം പിന്നിലേയ്ക്ക് പോകാനൊന്നുമുള്ള വിവരം എനിക്കില്ല. ഞാൻ എഴുതാൻ പോകുന്ന വിഷയത്തിലും വലിയ കാര്യമായ വിവരശേഖരണമൊന്നും(മിയാ കുല്പ, മിയാ കുല്പ, മിയാ മാക്സിമാ കുല്പാ) ഞാൻ ഇതുവരെ നടത്തിയിട്ടുമില്ല. ഇതിൽ എഴുതുന്ന കാര്യങ്ങൾ എന്റെ മാത്രം മനസ്സിൽ തോന്നിയതും, എന്റെ മാത്രം ഉത്തരവാദിത്തത്തിൽ ഉള്ളതും ആണ്. മറ്റാരും ഇതിൽ പങ്കാളികളല്ല.

ഇനി ഞാൻ കാര്യത്തിലേയ്ക്ക് കടക്കാം. ഞാൻ പുറത്തൊക്കെ പോയി കൂട്ടുകാരുടെ ഇടയിൽ സംസാരത്തിൽ പങ്ക് കൊള്ളാറുണ്ട് എന്ന് മുൻപ് പറഞ്ഞല്ലോ. അങ്ങനെ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഗ്രൗണ്ടിൽ പോയപ്പോൾ സംസാരം, സ: ആര്യാ പള്ളത്തിന്റെ പിന്മുറക്കാരനായ കൃഷ്ണേട്ടനെ കുറിച്ചും കൊപ്പത്തിന്റെ രാഷ്ട്രീയ സാംസ്ക്കാരിക മണ്ഡലത്തേ കുറിച്ചും ആയി(കേരള യുവത്വം കൊള്ളില്ല എന്നാരാ പറഞ്ഞേ ?). അന്ന് സംസാരത്തിന് അധികം ആളുകളുണ്ടായിരുന്നില്ല. ഞാനും അവിടേയുള്ള ഒരു കൂട്ടുകാരനും മാത്രം! അവന്റെ പേര് ഞാൻ ഇവിടെ കുറിക്കുന്നില്ല. പക്ഷെ അവന് ഇത് വായിച്ചാൽ മനസ്സിലാവും.
അവൻ ഘോരഘോരമായി 'കൃഷ്ണേട്ടനെ' എതിർത്തുകൊണ്ട് സംസാരിക്കുകയാണ്. 'കൃഷ്ണേട്ടൻ' കൊപ്പം ലോക്കൽ കമ്മിറ്റി മെമ്പറും(എന്റെ അറിവിൽ) കൊപ്പത്ത് 'അഭയം' എന്ന ഒരു നിരാലംബരുടെ ആശ്രയകേന്ദ്രവും അവരുടെ തന്നെ കുടിൽ വ്യവസായ സംരംഭവും നടത്തുന്ന ഒരു മാന്യനായ മനുഷ്യനാണ്. ചുരുക്കത്തിൽ കൃഷ്ണേട്ടൻ,നാട്ടിലെ ആരുമായും വഴക്കിനും വയ്യാവേലിയ്ക്കും ഒന്നും പോവാത്ത ഒരു മാന്യദേഹമാണ്. അനാഥരും വയസ്സരും നിരാലംബരുമായ വൃദ്ധജനങ്ങൾക്കും കുട്ടികൾക്കും  വേണ്ടി ഒരു കുടിൽവ്യവസായവും താമസ ഭക്ഷണ സൗകര്യവും(അഭയം) ഒരുക്കുന്നതിലും അതിന്റെ ദൈനംദിന പ്രവർത്തനങ്ങളിലും സദാ ശ്രദ്ധിക്കുന്ന, അതിൽ ആനന്ദം കണ്ടെത്തുന്ന ഒരു പച്ചയായ മനുഷ്യസ്നേഹിയാണ് സ: കൃഷ്ണേട്ടൻ. ആ കൃഷ്ണേട്ടനേക്കുറിച്ചാണ് അപ്പോഴത്തെ ഞങ്ങളുടെ സസാരം.

അവൻ പറയുകയാണ്  'ആ കൃഷ്ണേട്ടനോട് എനിയ്ക്ക് ത്തിരി ബഹുമാനം ണ്ടായിരുന്നു ട്ടോ, അതൊക്കെ അങ്ങ്ട് പോയി'. അവൻ പറഞ്ഞവസാനിപ്പിച്ചപ്പോൾ ഞാൻ ചൊദിച്ചു.
അതിന്പ്പോ ന്തേ കാരണം ‌?
'അല്ല നോക്ക് മനേഷേ, അയാള് സ്വന്തം അമ്മ മരിച്ചിട്ട് പൊലും ആ മൃതദേഹം തൊടാൻ കൂട്ടാക്കീല്ല'  അയാള് പറയ്വാ  'തൂങ്ങി മരിച്ചതല്ലേ ? ഇന്റമ്മ തൂങ്ങിമരിക്കില്ല്യാ ന്ന് '
'അയാൾക്ക് ആ അമ്മടെ ശരീരം കുഴീക്ക് ഇട്ത്ത്ട്ട് പോരെ ഇമ്മാതിരി, വാശിം കടുമ്പിടുത്തും ഒക്കെ? സ്വന്തം അമ്മേനെ നന്നായി നോക്കാണ്ട് അയാള് കൊറെ കുട്ട്യോളിം വയസ്സായ ആൾക്കാരിം  അവടെ(അഭയം) കൊണ്ടോയി നോക്കീട്ട് ഒരു കാര്യൂല്ല്യ.' അവൻ വികാരം കൊണ്ട് അങ്ങനെ തിളച്ച് മറിയുകയാണ്.
സംഗതി ആലോചിച്ചപ്പോൾ ശരിയാണെന്ന് ഇനിയ്ക്കും തോന്നി. അവൻ പറയുമ്പോലെ 'സ്വന്തം അമ്മേനെ കഴിയുന്ന പോലെ നോക്കാതെ, അഭയത്തില് കൊറെ അനാഥരായ ആൾക്കാരെ കൊടന്ന് നോക്കീട്ടെന്താ കാര്യം ?' ഞാനും ആ വഴിയേ ചിന്തിച്ചു. അങ്ങനെ അന്ന് വീട്ടിലെത്തി, എന്റെ അമ്മയോടും അഛനോടും ഈ കാര്യങ്ങൾ ഒക്കെ പറഞ്ഞു. ഞാൻ അവരോടെല്ലാം കൃഷ്ണേട്ടൻ ചെയ്തത് അന്യായമാണെന്ന് (അവർ എതിർക്കുകയൊന്നും ചെയ്തില്ല ട്ടോ) ശക്തിപൂർവ്വം വാദിച്ചു. അവരെല്ലാം 'ഇത് കഴിഞ്ഞിട്ടെത്ര നാളായി, യ്യ് ഇത് ഇപ്പ അറിയുന്നേ ള്ളൂ' എന്ന ഭാവത്തിൽ ഇരിക്കുകകയാണ്. സോ ആ വിഷയം സംസാരിക്കുന്നത് എനിക്കവിടെ അവസാനിപ്പിക്കേണ്ടി വന്നു.

പക്ഷെ അന്ന് കിടക്കുമ്പോൾ എനിയ്ക്ക് ശരിയായ ഉറക്കം കിട്ടിയില്ല. ഉറക്കത്തിലൊക്കെ ഞാൻ കൃഷ്ണേട്ടനേയും അദ്ദേഹത്തിന്റ് അമ്മയായ പള്ളത്തെ അമ്മിണിഅമ്മയേയും കുറിച്ചുള്ള ചിന്തകളിൽ നീരാടുകയായിരുന്നു. സത്യത്തിൽ ഇവരൊക്കെ ആരാ ? അവരെ പറ്റി പറയുകയാണെങ്കിൽ കൊപ്പത്തിന്റെ ചരിത്ര കാര്യങ്ങളിലൊക്കെ അപാരമായ അറിവുണ്ടാവണം. അതെനിക്കില്ല, പക്ഷെ ഒന്നറിയാം, അവർ തലമുറകളായി ഇടതുപക്ഷപ്രസ്ഥാനത്തിന്റെ കരുത്തുറ്റ പ്രവർത്തകരാണ്. അങ്ങനെ ഒരു നല്ല ഇടത്പക്ഷ പാരമ്പര്യം കൈവശമുള്ള നമ്മുടെ കൃഷ്ണേട്ടൻ അങ്ങനെ ചെയ്യാൻ കാരണമെന്താവും? എന്റെ ചിന്തകൾ ഉറക്കത്തിനെ ഭേദിച്ചുകൊണ്ട് പോവുകയാണ്. അവസാനം എന്റെ മനസ്സ് തന്നെ എനിക്കതിന്റെ ഉത്തരം തന്നു.

അമ്മ എന്നു പറഞ്ഞാൽ ലോകമാണ്.(ശ്രീ മുരുകനോടും ഗണപതിയോടും ലോകം ചുറ്റി വരാൻ പറഞ്ഞ പന്തയത്തിന്റെ പുരാണകഥ ഓർക്കുക) അങ്ങനെ വരുമ്പോൾ നമുക്ക് ഈ ലോകം മുഴുവനും കേൾക്കേ ഒരു കാര്യം ഉറക്കെ വിളിച്ചുപറയണമെന്ന് തോന്നിയാൽ അമ്മയുടെ ചെവിയിൽ പതിയെ പറഞ്ഞാൽ മതി. അതുപോലെ ലോകത്തിനോട് മുഴുവൻ ഒരു പ്രവർത്തിയിലൂടെ എന്തെങ്കിലും കാണിച്ചുകൊടുക്കാനുണ്ടെങ്കിൽ അത് അമ്മയോട് ചെയ്താൽ മതി. '
ഇത് തൂങ്ങി മരിച്ചതല്ലേ? എന്റമ്മ തൂങ്ങിമരിക്കില്ല.' എന്ന് കൃഷ്ണേട്ടൻ പറഞ്ഞതിന്റെ ശരിയായ പൊരുൾ മനസ്സിലാവാൻ നമ്മൾ പഠിപ്പിൽ മാത്രം തൂങ്ങി നിന്നാൽ പോര, കുറച്ച് സ്നേഹിക്കാനും (അതിന്റെ ആഴം അറിഞ്ഞ്) പഠിക്കണം.


ജീവിതം ഒരു അപാരമായ പോരാട്ടമാണെന്നും, അതിൽ നമ്മുടെ അത്യം വരെ പോരാടിക്കൊണ്ടേ ഇരിക്കണമെന്നും, ഒരിക്കലും നമ്മൾ പരാജയപ്പെടരുതെന്നും ഘോരഘോരം പ്രസംഗിച്ച് നടക്കുന്ന ഇടത് പക്ഷ പ്രസ്ഥാനം ഒരിക്കലും ഒരു പരാജയം എന്ന വസ്തുതയെ അംഗീകരിക്കുകയില്ല. അത് ഏത് രൂപത്തിലായാലും. അങ്ങനെ വരുമ്പോൾ, ജീവിതപരാജയം എന്ന ആത്മഹത്യയെ എങ്ങനെ ഒരു നല്ല ഇടതുപക്ഷ പ്രവർത്തകൻ ഉൾക്കൊള്ളും? അത് സ്വന്തം അമ്മയുടെ ആയാലും!

വേറൊരു ചോദ്യം, 'എന്തൊക്കെ പറഞ്ഞാലും സ്വന്തം അമ്മയല്ലേ?' ന്നാവും
.
ഒരു നല്ല വിപ്ലവകാരിയ്ക്ക് അങ്ങനേയുള്ള മൃദുലവികാരങ്ങൾ ഒക്കെ ഉണ്ടാവുമോ?

ഒരിക്കലുമില്ല,അങ്ങനേയുള്ളവർ ജീവിക്കുക സമൂഹത്തിന് വേണ്ടിയാകും. ഒരിക്കലും അവർ സ്വന്തം വീടിന് വേണ്ടി നാടിനെ മറക്കില്ല.നാടിന് വേണ്ടി വീടിനെ മറന്നാലും.(അത് സാധാരണം)
സ്വന്തം അമ്മ അങ്ങനേയൊരു ജീവിത പരാജയപ്രവൃത്തി(ആത്മഹത്യ) ചെയ്യില്ല എന്ന് ഉറച്ച് വിശ്വസിച്ചിരുന്ന സ:കൃഷ്ണേട്ടൻ എങ്ങനെ അമ്മ തൂങ്ങി മരിച്ചു എന്നത് അംഗീകരിക്കും.
തൂങ്ങി മരിച്ച തന്റെ അമ്മയുടെ ശരീരത്തിൽ സ്പർശിക്കില്ല എന്ന ഉറച്ച തീരുമാനമെടുത്ത കൃഷ്ണേട്ടന്റെ ആ നടപടിയെ പ്രശംസിക്കാൻ ഞാൻ ഒരുക്കമാണ്.(കൂട്ടുകാരാ ക്ഷമിക്കുക)

ഈ ലോകത്തോട് മുഴുവൻ, തന്റെ അമ്മയോടുള്ള അപാരമായ സ്നേഹത്തിന്റേയും ആദരവിന്റേയും ഔന്നത്യം കാണിച്ച് കൊടുക്കുകയായിരുന്നില്ലേ സ:കൃഷ്ണേട്ടൻ ആ പ്രവൃത്തിയിലൂടെ ചെയ്തത് ?.
അദ്ദേഹത്തെ തെറി പറഞ്ഞ് അന്ന് ഒരുപാട് നാട്ടുകാർ ആ അമ്മയുടെ സഞ്ചയനകർമ്മം ഏറ്റെടുത്ത് നടത്തി(നല്ലത്). അവർ അഭിമാനപൂർവ്വം ഇത്തിരി ഗർവ്വോടെ കൃഷ്ണേട്ടനോട് പറഞ്ഞു. 'ങ്ങൾക്ക് ങ്ങടെ അമ്മേനെ വേണ്ടെങ്കി വേണ്ട, ഇത് ഞങ്ങടെ അമ്മയാണ്, ഞങ്ങള് കുഴീക്കെടുത്തോളാ.'
പക്ഷെ അവർ എത്ര ഗർവ്വ് കാണിച്ചാലും കൃഷ്ണേട്ടനോട് എത്ര ദേഷ്യം തോന്നിയാലും, ഒരു കാര്യം ആർക്കും വിസ്മരിക്കാനാവാത്ത സത്യമാണ്.
ജീവിതത്തിൽ പരാജയങ്ങളെ നേരിടാനും അവയെ വിജയങ്ങളാക്കി മാറ്റാനും ഒരു ജനതയെ മുഴുവൻ ഉത്തേജിപ്പിക്കുന്ന(?) നമ്മുടെ ഇടതുപക്ഷ പ്രവർത്തകർ(പഴയകാല കൊപ്പത്തെയെങ്കിലും) എന്തേ നമ്മുടെ കൃഷ്ണേട്ടന്റെ മഹത്തായ ജീവിതവിജയം കാണാതെ പോയി?

ജീവിതം എത്ര തന്നെ കഠിനമാണെങ്കിലും ആത്മഹത്യ എന്ന കൂരമായതും വൃത്തികെട്ടതുമായ വഴിയിൽ അഭയം കണ്ടെത്തുന്ന എല്ലാ വ്യക്തികളോടും ഉള്ള വിരോധമാണ് ഈ കുറിപ്പിനാധാരം. താൻ വളർത്തുന്ന അനാഥരായ കുട്ടികൾക്കും, ജീവിതങ്ങൾക്കും,നാട്ടുകാർക്കും സ്വന്തം ജീവിതം വഴി വലിയൊരു സന്ദേശം നൽകുകയാണ്, കൃഷ്ണേട്ടൻ സ്വന്തം അമ്മയുടെ ശരീരം സ്പർശിക്കുക പോലും ചെയ്യാതെ നിന്ന ചെയ്ത ഈ പ്രവർത്തിയിലൂടെ ചെയ്തത്. സ്വതവേ എല്ലാറ്റിനോടും നിർവ്വികാരമായി പ്രതികരിക്കാറുള്ള കൃഷ്ണേട്ടൻ ഈ ആത്മഹത്യ എന്ന കൊടും പാപത്തോട് വളരെ രൂക്ഷമായി പ്രതികരിച്ചതോർക്കുക. നിർവ്വികാരമായി എല്ലാ പ്രശ്നങ്ങളേയും നേരിടാറുള്ള കൃഷ്ണേട്ടൻ പോലും പ്രതികരിച്ച ആത്മഹത്യ എന്ന നമ്മുടെ നാട് നേരിടുന്ന ക്രൂരമായ വെല്ലുവിളിയെ നേരിടാൻ നമ്മളൊക്കെ ഏത് തരത്തിലാണ് ഇതുവരെ പ്രതികരിച്ചത് എന്നോർക്കുക.
 ഈ ചിത്രതിൽ കാണുന്നതും മനുഷ്യരാണ്. ജീവിതത്തിൽ ഇവർ നേരിടുന്നതിനേക്കാളും തീക്ഷ്ണമായ പ്രശ്നങ്ങളൊന്നും എന്തായാലും നമ്മൊളൊന്നും നേരിടുന്നുണ്ടാവില്ല. പിന്നെന്തിനാണീ ജനങ്ങൾ എന്തെങ്കിലും ഒരു പ്രശ്നങ്ങളുണ്ടാവുമ്പോഴേക്ക് ആത്മഹത്യയിൽ അഭയം തേടുന്നത് ?


റഫറൻസസ് : അച്ഛൻ, അമ്മ, രാജൻ മാഷ്, പിന്നെ പേര് പുറത്ത് പറയാൻ പേടിയുള്ള എന്റെ ഒരു പ്രിയ സുഹൃത്ത്.

Thursday, 6 October 2011

കടിക്കാത്ത പട്ടിക്കെന്തിനാ വാല് ? അഥവാ അന്തല്ല്യാത്തോനെന്ത് ഡിഗ്രി ?

ഈ തലക്കെട്ട് ആലോചിച്ച് നിങ്ങൾ വളരെയധികം തല പുണ്ണാക്കേണ്ട ഒരാവശ്യവും ഇല്ല. പട്ടി സ്നേഹം കാണിക്കാനാണ് വാൽ ആട്ടുന്നത്. ആരെയും കടിക്കുക തന്നെ ചെയ്യാത്ത ഒരു പട്ടിക്ക് എന്തിനാ സ്നേഹം കാണിക്കാൻ ഒരു വാൽ ? അത് ആരെയും കടിക്കാൻ പോവ്വാതെ തന്നെ അതിന്റെ സ്നേഹം എല്ലാരോടും കാണിക്കുന്നുണ്ടല്ലോ ! ഇനി അടുത്ത വരിയെപ്പറ്റി, എനിയ്ക്ക് ഈ ഡിഗ്രി കഴിഞ്ഞയാളുകളോട്( പിള്ളേരോട്) ഒരു പ്രത്യേക സ്നേഹമുണ്ടായിരുന്നു. കാരണം ഞാൻ പത്താം ക്ലാസ്സും പോളിടെക്നിക്കും പിന്നെ കുറച്ച് മൾട്ടീമീഡിയയും ഗുസ്തിയും ആണ്. അത് കൊണ്ട് തന്നെ എനിയ്ക്ക് ഈ ഡിഗ്രി വർഗ്ഗത്തിനോട് എന്തെന്നില്ലാത്ത (ഉള്ളിൽ നിന്ന് വരുന്ന) ഒരു സ്നേഹമാണ്. എന്നാൽ അങ്ങനേയുള്ള ഒരു 'വാലിനേയും' സ്നേഹിക്കണ്ട കാര്യം ഇല്ല, നമ്മളോട് സ്നേഹത്തോടെയും സൗഹൃദത്തോടെയും പെരുമാറുന്ന ആളുകളെ നമ്മൾ വില വച്ചാൽ മതി എന്ന് എന്റെ മനസ്സിൽ അടിവരയിട്ടുറപ്പിക്കുന്ന ഒരു സംഭവം എനിക്കുണ്ടായി.

ഞാൻ ആക്സിഡന്റ് കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുകയാണല്ലോ ? അപ്പോൾ ഒരു വിധം കൂട്ടുകാരുടെ ഒപ്പം പോയി ഇരുന്ന് വർത്തമാനം പറയാനൊക്കെ തുടങ്ങിയ സമയമാണ്. എന്നെ വൈകുന്നേരങ്ങളിൽ എന്റെ സുഹൃത്തായ ഫിസിയോ ജയേഷോ,സുധിയോ വന്ന് വീട്ടിൽ നിന്ന് പുറത്ത് കൊണ്ടുപോകും. അതാണ് പതിവ്. ആറ് മണി കഴിഞ്ഞാൽ പിന്നെ ഞാൻ അവരോടൊപ്പം വീട്ടിൽ നിന്ന് പുറത്ത് പോവാറില്ല. വീട്ടിൽ വിളക്ക്(ദീപം) വച്ചാൽ പിന്നെ ഞാൻ അവരുടെ കൂടെ പോവാറില്ല. ചില സമയങ്ങളിൽ ഉച്ചക്ക് ഞാൻ ചേട്ടന്റെ കൂടെ കടയിൽ പോയിരിക്കും,അപ്പോൾ പിന്നെ ആറുമണീ ന്നോ ഏഴ് മണീ ന്നോ പ്രശ്നമില്ല. കൂട്ടുകാർക്ക് കടയിൽ വന്ന് എന്നെ അവർ കമ്പനി കൂടുന്ന സ്ഥലത്തേക്ക് കൊണ്ട് പോകാം. അങ്ങനെ ഒരു ദിവസം ഞാൻ കടയിൽ പോയിരിക്കുകയായിരുന്നു..
സുധി അധികം വൈകാതെ ഗൾഫിൽ പോവ്വാണ്. സോ അവൻ എന്നെ വിളിച്ച് 'എന്റെ പല്ല് ഒന്ന് ഓട്ടയടക്കണം, ഞാൻ ഇപ്പൊ കടയിലേക്ക് വരാം, ന്ന്ട്ട് മ്മക്ക് ഡോക്ടറുടെ അടുത്ത് പോവാം' ന്ന് പറഞ്ഞു. അങ്ങനെ അവൻ വന്ന് കടയിൽ നിന്ന് എന്നെ വിളിച്ച് ബൈക്കിൽ കൊപ്പത്തുതന്നേയുള്ള ഹോസ്പിറ്റലിലേക്ക് പോയി. അങ്ങനെ ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി. അവിടെയപ്പോൾ ഞങ്ങളുടെ സുഹൃത്ത് മണ്ണേങ്ങോട് ഷാജിയും ഉണ്ടായിരുന്നു. അവന്റെ അമ്മയ്ക്ക് എന്തിനോ(?) ഡോക്ടറെ കാണാൻ വന്നതാണവൻ.(32 പല്ലുകളല്ലേ ? അതിന് എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാവും!)

ഞാൻ ഷാജിയോട് സംസാരിച്ച് അവിടേയിരിക്കുമ്പോൾ സുധി ചെന്ന് ഡോക്ടറെ കാണാനുള്ള ടിക്കറ്റ് (സ്ലിപ്) വാങ്ങുകയാണ്.
എതാ പേര് ? റിസപ്ഷനിലെ പയ്യൻ ചോദിച്ചു.(രാത്രിയായില്ലേ..... പയ്യനേ ഉള്ളൂ!)
'സുധീഷ് '. ശബ്ദത്തിന് ഇത്തിരി ബാസ് കൂട്ടി സുധി പറഞ്ഞു.
അല്ലെങ്കീ 'സുധി' ന്ന് എഴുത്യാ മതി. അതാവും ങ്ങൾക്ക് വിളിക്കാൻ സുഖം. അവൻ കാര്യം വിശദീകരിച്ചു.
റിസപ്ഷനിസ്റ്റ് പയ്യൻ പേരെഴുതിയ(?) കടലാസ് സുധിയുടെ കയ്യിൽ കൊടുത്ത്, ഞങ്ങളെ ചൂണ്ടിക്കാണിച്ച്, അവിടിരുന്നോളാൻ പറഞ്ഞു.
 പത്താം ക്ലാസ്സും ഗുസ്തിയും മാത്രം വിദ്യാഭ്യാമുള്ള നമ്മുടെ സുധി ആ കടലാസും കയ്യിൽ പിടിച്ച് അതിൽത്തന്നെ നോക്കി ചിരിച്ച് ചിരിച്ചുകൊണ്ട് ഞങ്ങളുടെ അടുത്ത് വന്ന് എന്നോട് പറഞ്ഞു.
'ഡാ മനേഷേ നീയീ ടിക്കറ്റ് ഒന്നു വായിച്ച് നോക്ക് '. ഞാൻ അവന്റെ കയ്യിലെ അഡ്മിഷൻ ടിക്കറ്റ് വായിച്ചു. ആദ്യം എനിക്ക് അതിലെഴുതിയ ഭാഷയേതാണെന്ന് മനസ്സിലായില്ല. ഞാൻ വീണ്ടും വീണ്ടും വായിച്ചു. 'സെദെ'(sedhe), അങ്ങനെയേ എന്റെ അറിവിൽ ആ വാക്കുകൾ പതിഞ്ഞുള്ളൂ. ഞാൻ അത് ഷാജിക്ക് കാണിച്ചു കൊടുത്തു. അവൻ അത് വായിച്ച ശേഷം പറഞ്ഞു.
'എല്ലാടത്തും ണ്ട്, ഈ റിസപ്ഷനിസ്റ്റ് ന്നും പറഞ്ഞ് ഒരന്തും കുന്തും ഇല്ലാത്തവന്മാരെ പിടിച്ചിരുത്തും, കൊറച്ചെങ്കിലും എഴുത്തും വായനീം അറിയുന്നവരേ കിട്ടീലേ ആവോ മ്മടെ ഡോക്ടറ്ക്ക്.'
'അത് അക്ഷരപിശാചാവും ഷാജ്യേ , പാവല്ലേ ഓൻ'. ഷാജിയോട് ഞാൻ പറഞ്ഞു.
ഏട മനേഷേ അക്ഷര പിശാചാച്ചെങ്കീ ഒരോടത്ത് മ്മക്ക് സഹിക്കാം, ത് നോക്ക് വല്ല ബന്ധൂം ണ്ടോ ഇവന്റെ പേരുമായിട്ട് (sudheesh,sudhi) ? ഷാജി ഇത്തിരി കനത്തിൽ പറഞ്ഞു.
ഞങ്ങൾ അങ്ങനെ സംസാരിച്ച് ചിരിച്ച് ഇരിക്കുന്നതിനിടയിൽ ഡോക്ടർ സുധിയെ വിളിച്ചു. കൂടെ ഞാനും കയറി. അങ്ങനെ അവന്റെ പരിശോധനയും 'പോട് അടക്കലും' കഴിഞ്ഞ് തിരിച്ച് പോരാൻ തുടങ്ങുമ്പോ ഞാൻ സുധിയുടെ സ്ലിപ് ഡോക്ടർക്ക് നേരെ നീട്ടി. എന്നിട്ട് അതൊന്ന് വായിക്കാൻ പറഞ്ഞു.

ഡോക്ടർ കുറെ നേരം ശ്രമിച്ച് നോക്കി എന്നിട്ട് ഞങ്ങളെ നോക്കി ചിരിച്ചു. 'ഇതാര് എഴുതിയതാ' ന്ന് ഡോക്ടർ ഞങ്ങളോട് ചോദിച്ചില്ല(കാരണം,അതറിയാമല്ലോ). പകരം ഇങ്ങനെ പറഞ്ഞു 'രാവിലത്തെ ഡോക്ടേഴ്സിന്റെ ഒപ്പമുള്ള കുട്ടി പോയാൽ പിന്നെ ആരെയും കിട്ടണില്ല. ഇപ്പൊ എന്റെ കൂടെ എല്ലാ കാര്യത്തിനും കൂടി ഒരു സഹായിയായി കിട്ടിയതാ ഇവനെ, ഡിഗ്രി(?) കഴിഞ്ഞ് ഇപ്പോ എന്തോ ചെയ്യ്വാ ത്രേ ഇവൻ'.
 ഡോക്ടറോട് 'ശരി,ഞങ്ങൾ പോട്ടെ' എന്ന് പറഞ്ഞിട്ട് തിരിച്ച് കൂട്ടുകാരുടെ ഇടയിലേക്ക് വരുമ്പോഴും മനസ്സ് നിറയെ ആ 'ഡിഗ്രി'ക്കാരനും അവന്റെ സുധി(sedhe) എന്ന എഴുത്തും ആയിരുന്നു.സത്യം പറയാമല്ലോ അന്നു മുതൽ ഈ 'ഡിഗ്രി' എന്ന വാലിനെ ബഹുമാനത്തോടെ സ്നേഹിക്കുന്ന പരിപാടി ഞാൻ നിർത്തി.(എല്ലാ ഡിഗ്രിക്കാരും ഇങ്ങനേയല്ല കേട്ടോ!)


ഇത് വായിക്കുന്നവർ ദയവായി തെറ്റിദ്ധരിക്കരുത്. കാരണം ആ വ്യക്തി ഇങ്ങനേയെങ്കിലും തിരുത്തപ്പെടുന്നില്ലെങ്കിൽ ദോഷം അവന് തന്നെയാണ്.
ഒളിയമ്പ് : പാവം അവന് മലയാളത്തിൽ എഴുതിയാൽ മതിയായിരുന്നു.
കമന്റ്(ഒരു മലയാളഭാഷാ സ്നേഹി) :തന്തയില്ലാത്ത ഭാഷ എന്ന് കടുത്ത മലയാളഭാഷാ സ്നേഹികൾ പറയുന്ന ഇംഗ്ലീഷിന്റെ സ്ഥിതി,ഇങ്ങനെ റിസപ്ഷനിൽ മാനഭംഗപ്പെടാനാണെങ്കിൽ പിന്നെ നമ്മുടെ മാതൃഭാഷയുടെ സ്ഥിതി പറയണോ ?

Saturday, 1 October 2011

ഞാൻ കപ്പക്കിഴങ്ങ് വാങ്ങാൻ കൊപ്പത്തേക്ക് പോവ്വാ..!

എന്റെ നാട് മലപ്പുറത്തിനും പാലക്കാടിനും ഇടയിലുള്ള 'കൊപ്പം' ആണ്. പാലക്കാടിന്റെ  അതിർത്തിഗ്രാമമാണ് അത്.ഏകദേശം രണ്ട് കിലോമീറ്റർ പോയാൽ പുലാമന്തോൾ ആയി. അതായത് മലപ്പുറം ജില്ല. ഞങ്ങളുടെ നാട്ടിലെ സംസാരരീതിയ്ക്കും ആചാരങ്ങൾക്കും ഒരു മലപ്പുറം ടച്ചുണ്ട്. അതിനാൽ തന്നെ വളരെ രസകരമാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്(ജഗതി താളവട്ടത്തിൽ സോമനോട് പറയുമ്പോലെ 'ഞങ്ങളുടെ രസകരം ചിലപ്പോൾ നിങ്ങൾക്ക് അരസികത്തരമാവും). ഞാൻ ജോലിക്കായി എറണാംകുളത്തും പാലക്കാടുമൊക്കെ പോവുമ്പോൾ, ആ സംസാരരീതി കൂട്ടുകാരൊക്കെ വളരെ നന്നായി 'ആസ്വദിക്കുകയും' 'കളിയാക്കുകയും' ഒക്കെ ചെയ്യാറുണ്ട്. ഞാൻ പറയാൻ പോകുന്ന കഥയുടെ വിഷയം ഇതൊന്നുമല്ല.നമ്മുടെ വീടിന്റെ ഏകദേശം അടുത്തായിട്ടാണ് അമ്മയുടെ കൂട്ടുകാരിയും അവരുടെ മകൻ എന്റെ കൂട്ടുകാരനും ഒക്കെ താമസിക്കുന്ന വീട്. എന്റെ കൂട്ടുകാരൻ നസീർ ആണ് ഈ കഥയിലെ കേന്ദ്രകഥാപാത്രം.സംഗതി എന്നേക്കാൾ മൂന്നു നാല് വയസ്സിന്റെ മൂപ്പുണ്ട്. പക്ഷെ എന്തോ 'വിധിവിളയാട്ടം' കൊണ്ട് അവൻ എന്റെ കൂട്ടുകാരനായി.

നസീർ അപ്പോൾ നാട്ടിൽ, തക്കിട തരികിട ഡ്രൈവിംഗ് പരിപാടികളൊക്കെ ചെയ്ത് നടക്കുന്ന സമയമാണ്. അവന് നല്ലവണ്ണം ഡ്രൈവിംഗ് അറിയാമായിരുന്നു. ആ ഒരു ബലത്തിലാണ് അവന്റെ തരികിട കളികളെല്ലാം, കാരണം ജ്യേഷ്ഠന്മാർ ഒന്നു രണ്ട് പേർ ഗൾഫിലുണ്ട് അവരിലാരെങ്കിലും അവനെ അങ്ങോട്ട് കൊണ്ട് പോകും. അതാണ് അവന്റെ ഒരു ധൈര്യം. അങ്ങനെ അവൻ ഞങ്ങളുടെ ഇടയിൽ ഒരു 'ആവാൻ പോകുന്ന ഗൾഫ് കാരന്റെ ഗമയോടെ' ചെത്തി നടക്കുന്നതിന്നിടയിലാണ്, അവനെ ഡ്രൈവറായി എറണാംകുളത്തെ ഒരു കമ്പനി വിളിക്കുന്നത്. അവന് ഭയങ്കര സന്തോഷമായി. കാരണം ഞങ്ങൾ കൂട്ടുകാർക്കിടയിൽ അന്ന് എറണാംകുളത്തൊക്കെ പോവ്വാ ന്ന് പറഞ്ഞാൽ വല്ല്യേ സംഭവമാണ്. ഞങ്ങൾ കൂട്ടുകാർക്കൊക്കെ കുറച്ചെങ്കിലും അസൂയ തോന്നിയിട്ടുണ്ടാകും, കാരണം ഞങ്ങളിലൊരുത്തൻ എറണാംകുളത്തേക്ക്  ജോലിക്ക് പോവുകയാണ്. എന്തായാലും ആ അസൂയയൊക്കെ മാറ്റിവച്ച് അവനെ ഞങ്ങളെല്ലാവരും എറണാംകുളത്തേക്ക് യാത്രയാക്കി. അങ്ങനേ അവനില്ലാതെ ഞങ്ങളുടെ കളികളെല്ലാം കുറച്ച് ദിവസം മുന്നോട്ട് പോയി. അവന്റെ എറണാംകുളത്ത് നിന്നുള്ള വരവും കാത്ത് ഞങ്ങൾ ദിവസങ്ങൾ തള്ളി നീക്കി.

അങ്ങനെ ഒരു സുപ്രഭാതം ഞങ്ങളെ തഴുകിയുണർത്തിയത് നസീർ എറണാംകുളത്ത് നിന്ന് വന്നു എന്ന വാർത്തയുമായാണ്. ഞങ്ങൾക്കെല്ലാവർക്കും അവനെ കാണാൻ പോകാൻ ധൃതിയായി. ഞങ്ങൾ എന്ന് പറഞ്ഞാൽ ഞാൻ,അനി,ഷെരീഫ്,ഷംസു,കുഞ്ഞുമുഹമ്മദ് അങ്ങനെ ഒരുപാട് പേരുണ്ട്.ഞങ്ങൾ അവനെ വീട്ടിൽ ചെന്നു കണ്ടു. അവൻ ഒരു ഗൾഫുകാരന്റെ ഗമയോടെ ഞങ്ങളെയെല്ലാവരേയും അകത്തേക്ക് വിളിച്ച് കുശല പ്രശ്നം നടത്തി. കുറേ നേരം സംസാരിച്ചു, പക്ഷെ ഞങ്ങൾക്കൊന്നും ഞങ്ങളുടെ ആ 'പഴയ' നസീറിനെ കിട്ടുന്നില്ല. ഞങ്ങൾ കൂട്ടുകാർ ആകെ ചിന്താകുഴപ്പത്തിലായി. 'ഞങ്ങളുടെ'  ഒഴുക്കൻ മട്ടിലുള്ള മലയാളം ഏറ്റവും 'വഴുക്കലോടെ' സംസാരിക്കാറുണ്ടായിരുന്ന ആ പഴയ നസീറിനെ മാത്രം അവിടെയൊന്നും കണ്ടില്ല.അല്ലെങ്കിലേ ഞങ്ങളുടെ മലയാളം കേട്ടാൽ എല്ലാർക്കും ചിരിയാ. അതിനിടക്കാണ് ഒരാൾ(അവന്റെ മലയാളം കേട്ടാൽ ഞങ്ങൾക്കേ കലിയാ) ഞങ്ങളുടെ ഇടയിൽ നിന്നും പോയി രണ്ട് മാസം കഴിഞ്ഞപ്പോഴേക്കും നല്ല സ്ഫുടമായ മലയാളം പറഞ്ഞോണ്ട് വരുന്നത്. ഞങ്ങൾക്ക് സ്വല്പം ദേഷ്യമൊക്കെ ഉണ്ടായെങ്കിലും ഞങ്ങളാരും അത് പുറത്ത് കാണിച്ചില്ല.

ഞങ്ങൾ എല്ലാവരും(ഇതിൽ പേര് പറയാത്തതായ ഒരുപാട് ആളുകൾ ഉണ്ടേ !) അവനില്ലാത്ത ഒരു ദിവസം പാടത്ത് കൂടിയിരുന്ന്, നസീറിന്റെ ഈ പെട്ടെന്നുള്ള 'സ്റ്റാൻഡേർഡ് ' ആവലിൽ കടുത്ത അമർഷം രേഖപ്പെടുത്തി. അതിന് ശേഷം ഒരു ഗംഭീര ചർച്ച ആരംഭിച്ചു.

കുറച്ച് നേരത്തെ കടുത്ത നിശബ്ദതയ്ക്ക് ശേഷം ഞങ്ങൾ ചർച്ച ആരംഭിച്ചു.
'ന്താമ്മടെ നസീറിന് പറ്റിയേ ?, ഓന്റെ വർത്താനം ഒക്കെ ആകെ മാറീക്കണ്ണു. വർത്താനൊന്നും പ്പൊ മ്മക്ക് തിരിയണില്ല.'  ഞങ്ങങ്ങളുടെ എല്ലാവരുടെയും ചിന്ത ഒരേ ദിശയിലായിരുന്നു.

'അത്.... പ്പോ.... നോക്കീട്ട് കാര്യല്ല്യടാ എറണാംകുളത്തൊക്കെ പോയി വന്നതല്ലേ അപ്പ അങ്ങനെക്കെ ണ്ടാവും' ഷെരീഫ് അതിന്റെ കാരണം പറഞ്ഞു.

ഞങ്ങളെല്ലാവരും 'അത് ' മനസ്സിലാക്കി അവനോട് ക്ഷമിക്കാൻ കൂട്ടായ തീരുമാനമെടുത്തു.
കൂട്ടത്തിൽ എല്ലാവരും സ്വയം ഇങ്ങനെ സമാധാനിച്ചു,

     'മ്മളൊക്കെ സ്റ്റാൻഡേർഡ് ആവുമ്പോ, ങ്ങനെ സംസാരൊക്കെ മാറുമായിരിക്കും !'.

അങ്ങനെ കൂട്ടത്തിലൊരാൾ സ്റ്റാൻഡേർഡ് ആയ സന്തോഷത്തിൽ ഞങ്ങളെല്ലാവരും അന്ന് സു:ഖമായി കിടന്നുറങ്ങി. അടുത്ത ദിവസം ഉച്ചവരെ ആരും തമ്മിൽ കാണുകയോ, ഒന്നും സംസാരിക്കുകയോ ഉണ്ടായില്ല (ശ്രദ്ധിക്കുക അന്നു മൊബൈൽ ഇത്രയ്ക്ക് പ്രചാരമായിട്ടില്ല). വൈകുന്നേരമായപ്പോൾ ഞാൻ പുറത്തിറങ്ങി,നസീറിന്റെ വീടിന്റെ ഭാഗത്തേക്കു  പോയി,അപ്പോളുണ്ട് അവിടെ അനിയും ഷെരീഫും കൂടി നസീറുമായി അപാരമായ സംസാരത്തിലാണ്.നസീർ കൊപ്പത്തേക്കാണെന്ന് തോന്നുന്നു പോകാൻ വേണ്ടി റെഡിയായി നിൽക്കുകയാണ്.അപ്പോൾ ഞാനും അവരോടൊപ്പം സംസാരത്തിൽ പങ്കുചേർന്നു.

നസീർ ഭയങ്കര തിരക്കിലാണ്. അവന്റെ പെരുമാറ്റത്തിലും സംസാരത്തിലും എല്ലാം ഒരു തിരക്കു പിടിച്ച മനുഷ്യന്റെ പ്രകൃതം മയങ്ങി കിടക്കുന്നുണ്ട്. പക്ഷെ അനിയും ഷെരീഫും ഞാനുമൊന്നും അവനെ അങ്ങനെ വിടാൻ ഒരുക്കമല്ലായിരുന്നു. കാരണം അവൻ തിരിച്ച് എറണാംകുളത്തേക്ക് പോയാലും അവനെക്കുറിച്ച് ഓർത്തിരിക്കാനും സംസാരിച്ച് ചിരിക്കാനും എന്തെങ്കിലും വേണം. അതിനു വേണ്ടിയാണ് അവനെ ഞങ്ങളെല്ലാവരും അങ്ങനെ സംസാരിച്ച് പിടിച്ച് വച്ചിരിക്കുന്നത്.
അപ്പോഴും അവൻ ധൃതിയിൽ തന്നെയാണ്.
എന്തെങ്കിലും ഒരു 'വെള്ളി' അവന്റെ നാവിൽ നിന്ന് വീണ് കിട്ടാൻ വേണ്ടി എല്ലാവരും ചെവി കൂർപ്പിച്ചിരിക്കുകയാണ്.
'എട നസീറെ, അന്റെ സംസാരൊക്കെ ആകെ മാറിണ്ണു ട്ടോ' അനി പറഞ്ഞു.

അപ്പൊ നസീർ അതിനെ ന്യായീകരിച്ചു,'നിങ്ങൾക്ക് വെറുതെ തോന്നുന്നതാടാ, എനിക്ക് ഒരു മാറ്റവും ഇല്ല'.

ഇത് കേട്ടതും അനി പറഞ്ഞു, 'ഇപ്പത്തന്നെ നോക്ക്, യ്യ് പറേണതൊന്നും ഞങ്ങക്ക് പെട്ടെന്ന് മനസ്സിലാവണില്ല്യ , അന്റെ സംസാരം ഭയങ്കര സ്റ്റാൻഡേർഡ് ആയഡാ '

'അതൊക്കെ നിങ്ങൾക്ക് തോന്നുന്നതാ' നസീർ വിട്ടില്ല. 'ഞാൻ കൊപ്പത്തേക്ക് പോകട്ടെ' അവൻ കൂട്ടിച്ചേർത്തു.

'എന്തിനാടാ ഇപ്പൊ യ്യ് കൊപ്പത്തിയ്ക്ക് പോണ് ?' അനി നസീറിനെ അങ്ങനെ വിടാൻ ഒരുക്കമല്ലായിരുന്നു.

'കുറച്ച് കപ്പക്കിഴങ്ങ് വാങ്ങണം, അതിനാ ഞാൻ കൊപ്പത്തിയ്ക്ക് പോവുന്നത് ' നസീർ വളരെ സ്റ്റാൻഡേർഡ് ആയിത്തന്നെ കാര്യം വിശദീകരിച്ച് പറഞ്ഞു.

എന്തിനാടാ ഇപ്പൊ അണക്ക് പൂളക്കെഴങ്ങ് ? ഷെരീഫ് ചോദിച്ചു.

'കൊറീസണ്ട് കെര്ത്ണു പൂളക്കെയങ്ങ് ഒന്ന് പിയ്ങ്ങി തിന്നണം ന്ന്. അയിന് കെയങ്ങ് വാങ്ങാൻ പോവ്വ്വാ' അതും പറഞ്ഞ് നസീർ അപ്പൊൾ അവിടേക്ക് വന്ന ഓട്ടോയിൽ കയറി കൊപ്പത്തേക്ക് പോയി.

അവൻ അതും പറഞ്ഞ് പോയ ഉടനെ ഞങ്ങൾ മൂവരും കൂടി നിന്ന് അവന്റെ ആ സംസാരമോർത്ത് കുറേയേറെ ചിരിച്ചു. പേട്ടെന്നുള്ള നസീറിന്റെ പഴയ സ്റ്റൈലിലുള്ള പറച്ചിൽ കേട്ട് അന്തം വിട്ട അനി ഇങ്ങനെ പറഞ്ഞു.
                 'ഓനൊക്കെ എത്ര മാറാൻ പറ്റും ?,ഈ കൊപ്പം മാറണ്ടി വരും, ഓൻ മാറാൻ '
ഞങ്ങൾ എല്ലാവരും അനി പറഞ്ഞത് ശരിവച്ചു.(പൂള, കപ്പ എന്നൊക്കെ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ അറിയപ്പെടുന്നത് മരച്ചീനിയാണ്
വെള്ളി എന്നു പറഞ്ഞാൽ സംസാരത്തിനിടെ വരുന്ന അബദ്ധം.)

Friday, 30 September 2011

'പ്ലീസ്, എന്നെ എല്ലാവരും കൂടി 'ഇങ്ങനെ' ബഹുമാനിക്കല്ലേ !'

ഞാൻ ഇനി കുറെ കുട്ടിക്കാലത്തിലേക്കു പോകാം, വളരെ ചെറുപ്പത്തിലെ കാര്യങ്ങൾ.
ഞങ്ങൾക്ക് ഒരു ചായപ്പീടിക ഉണ്ടായിരുന്നു. ഇപ്പഴത്തെ സിനിമകളിൽ കാണുന്ന പോലെ ആളുകളുടെ നുണപറച്ചിലോടെയുള്ള പത്രപാരായണമൊന്നുമില്ലെങ്കിലും, വെടിപറച്ചിലിന് ഒരു കുറവുമില്ല. അങ്ങനെ എന്റെ അച്ചനോട് പറ്റ് എഴുതിയും, അച്ചനെ പറ്റിച്ചും ഒരുപാട് പേർ അവിടെ വന്നു ചായ കുടിച്ച്,വയറ് നിറയെ കഴിച്ച് പോകുമായിരുന്നു. അഛന്റെ ചായ പാരലും, രുചികരമായ വെള്ളപ്പം,പുട്ട്,ദോശ,ഇഡ്ഢലി തുടങ്ങിയ പലഹാരങ്ങളും ആ കടയെ വളരെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോയിരുന്നു. ആ കടയിൽ നിന്ന് ചായ കുടിക്കാനും ദോശ, പുട്ട്,വെള്ളപ്പം,നെയ്യപ്പം തുടങ്ങിയ കഴിച്ച് അഛനോട് പറ്റു പറഞ്ഞു പോകാനും ഒരുപാട് പേർ അവിടേക്ക് വരുമായിരുന്നു.

പക്ഷെ അമ്മ പറഞ്ഞ്, ഞാൻ കേട്ട കഥ ഇതൊന്നുമല്ല. അവിടെ ഒരു കക്ഷി വരാമായിരുന്നത്രെ. അദ്ദേഹം വന്നാൽ ആദ്യം കൈകൾ മുന്നിലൂടെ വീശി എല്ലാവരോടും ഇരിക്കാൻ ആംഗ്യം കാണിച്ചിട്ട് 'ഇരിക്കിൻ മക്കളേ, ഇരിക്കിൻ മക്കളേ' ന്ന് എല്ലാരോടും പറയും.
സത്യത്തിൽ, ചായ കുടി കഴിഞ്ഞ് വീട്ടിൽ പോകാനല്ലാതെ ബഞ്ചിൽ നിന്ന് ആരും ഇളകിയിട്ടുണ്ടാവില്ല. പക്ഷെ എന്നാലും, എല്ലാ വരവിനും ആൾ 'ഇരിക്കിൻ മക്കളേ, ഇരിക്കിൻ മക്കളേ'.എന്ന ഡയലോഗ് തന്നെ ആവർത്തിച്ചു പറഞ്ഞു കൊണ്ടേയിരിക്കും.
അങ്ങനെ നാട്ടിലെ എല്ലാവരുടെ ഇടയിലും ,'കൂനാറത്തെ മമ്മ്യാക്ക പറയും പോലെ' എന്ന ഒരു ഒരു ചൊല്ല് തന്നേയുണ്ട്. ഞാൻ പറയാൻ പോകുന്ന കഥ ഇതൊന്നുമല്ല. എല്ലാ നാട്ടിലും ഇതുപോലെ ചില കഥാപാത്രങ്ങൾ ഉണ്ടാവും,'എല്ലാവരും തന്നെ ബഹുമാനിക്കുന്നുണ്ട്(?) നാട്ടുകാർക്കൊക്കെ താൻ വളരെ(?) വേണ്ടപ്പെട്ടവനാണ് ' എന്ന് സ്വയം ചിന്തിക്കുന്ന ഒരു കൂട്ടർ. അവരറിയില്ല എങ്കിലും അവർ അന്നാട്ടുകാർക്കിടയിൽ ഒരു അടിപൊളി കോമഡി കഥാപാത്രമായിരിയ്ക്കും.എല്ലായിടത്തും ഉള്ള പോലെ ഞങ്ങളുടെ നാട്ടിലുമുണ്ട് ഇങ്ങനെ ഒരുപാട് കഥാപാത്രങ്ങൾ

എന്റെ ആക്സിഡന്റ് കഴിഞ്ഞ് ഒരു വർഷത്തിനു ശേഷം, മുതുതല വല്ല്യമ്മയുടെ വീട്ടിൽ ഒന്നു പോകാൻ എനിക്ക് ആഗ്രഹം തോന്നി. ആക്സിഡന്റ് പറ്റിയിട്ട് ആകെ ഒരുതവണ ഒന്നു വീട്ടിലേക്ക് വന്നിട്ടേ ഉള്ളൂ, എങ്കിലും എനിക്കൊരു ആഗ്രഹം(അമ്മയ്ക്കും) മുതുതലയിലേക്ക് ഒന്നു പോയി വല്ല്യമ്മയെ കാണാൻ. അവിടേക്ക് പോകാൻ വേണ്ടി എട്ടൻ ഒരു ഓട്ടോറിക്ഷ ഉള്ള ചേട്ടനെ വിളിച്ച് വീട്ടിലേയ്ക്ക് വരാൻ പറഞ്ഞു. ആ ഓട്ടോ അപ്പോൾ വീടിന് ഏകദേശം മുന്നിലുള്ള പഞ്ചായത്ത് റോഡിലൂടെ വരികയായിരുന്നു. വീടിന് മുൻപിൽ ഒരു മുപ്പത് മീറ്റർ ഇടവഴിയും, അത് കഴിഞ്ഞാൽ പഞ്ചായത്ത് റോഡുമാണ്. ഓട്ടോക്കാരൻ മണിയേട്ടൻ, എല്ലാവരും റോഡു വരെ വന്നോളാൻ, ഏട്ടനോട് ഫോണിൽ പറഞ്ഞു. ഏട്ടൻ ഞങ്ങളോട് വരാൻ പറഞ്ഞിട്ട് മുൻപിൽ നടന്നു, ഞാൻ അമ്മയുടെ കൈ പിടിച്ച് പുറകെ പോകുന്നു. അപ്പോൾ റോഡിൽ 'സഖാവ് ' കുഞ്ഞേട്ടൻ നിൽക്കുന്നുണ്ടായിരുന്നു. അദ്ദേഹം, ഞാൻ നേരത്തെ പറഞ്ഞ തരത്തിലുള്ള ഒരു കഥാപാത്രമായിരുന്നു. ഞങ്ങൾ നടന്ന് റോഡിനടുത്തു വരെ എത്തി. ഇനി ഓട്ടോയിലേക്ക് ഇടവഴിയുടെ മുൻപിൽ നിന്ന് കഷ്ടി അഞ്ച് മീറ്റർ വരുന്ന ദൂരമേയുള്ളൂ.അവിടെ ഓട്ടോയുമായി മണിയേട്ടൻ നിൽക്കുന്നുണ്ട്. കുഞ്ഞേട്ടൻ എന്തെല്ലാമോ മണിയേട്ടനോട് പറയുന്നുണ്ട്.


എനിക്ക് നമ്മുടെ കുഞ്ഞേട്ടനോട് ദേഷ്യം ഒന്നുമില്ല, പക്ഷെ എനിക്ക് അപകടം പറ്റിയിട്ട് ഇതുവരെ ഹോസ്പിറ്റലിലോ വീട്ടിലോ ഒന്നും കാണാൻ വരാത്തതിലുള്ള ചെറിയ ഒരു സങ്കടം എന്റെ ഉള്ളിലുണ്ട്. അമ്മ എന്നോട് 'നീ അങ്ങോട്ട് വന്നോളില്ലേ?' എന്ന് ചോദിച്ച് എന്നെ വിട്ട് ഓട്ടോയിൽ കയറി ഇരുന്നു. അദ്ദേഹത്തോട് ഒന്നു ചിരിച്ചു എന്നു വരുത്തിയിട്ടു, ഞാൻ ഓട്ടോയുടെ അടുത്തേക്ക് നടക്കാൻ ഒരുങ്ങി. കുഞ്ഞേട്ടൻ ഓട്ടോയുടെ അടുത്തു നിൽക്കുകയാണ്.ഓട്ടോയിൽ ഏട്ടനും അമ്മയും ഇരിക്കുന്നുണ്ട്. മണിയേട്ടൻ എന്നെ കണ്ടതും, പോകാൻ വേണ്ടി, ഓട്ടോ സ്റ്റാർട്ട് ചെയ്തു. അതു കണ്ടതും ഞാൻ ഓട്ടോയുടെ അടുത്തേക്ക് വേഗത്തിൽ നടക്കുകയാണ്. ഇത് കണ്ട കുഞ്ഞേട്ടൻ വിചാരിച്ചത്, വയ്യാതിരിക്കുന്ന ഞാൻ അദ്ദേഹത്തെ കണ്ടപ്പോൾ സന്തോഷം കൊണ്ട് ഓടി അദ്ദേഹത്തിന്റെ അടുത്തേയ്ക്ക് ചെല്ലുകയാണെന്നാണ്. പിന്നെ താമസിച്ചില്ല, അദ്ദേഹത്തിൽ ഞാൻ നേരത്തെ സൂചിപ്പിച്ച, ആ 'ബഹുമാന വികാരം' ഉണർന്നു. വയ്യാതിരിക്കുന്ന ഇവൻ പോലും എന്നെകണ്ടപ്പോൾ സന്തോഷത്തോടെ ഓടി അടുത്ത് വരികയാണെന്ന് വിചാരിച്ച പാവം ശ്രീമാൻ സഖാവ് കുഞ്ഞേട്ടൻ അവിടുന്ന് എന്നോട് വലത് കൈ ഉയർത്തി കാണിച്ച് വിളിച്ച് പറഞ്ഞു.
'വേണ്ട വേണ്ട അവടെ നിന്നോ, വയ്യാത്തതല്ലേ എന്റടുത്തേക്ക് ഒറ്റക്ക് വരണ്ട'. ഒരു രണ്ട് മൂന്ന് തവണ അദ്ദേഹം അതുതന്നെ ആവർത്തിച്ചു വിളിച്ചു പറഞ്ഞു. അദ്ദേഹം പിന്നേയും എന്നോട് കൈ വീശി 'വരണ്ട,വരണ്ട..' ന്നു പറഞ്ഞു
അപ്പോൾ മണിയേട്ടൻ പറഞ്ഞു. 'ഇങ്ങടെ അടുത്തേക്കൊന്നും അല്ല ഓൻ വര്ണ്, ഈ ഓട്ടോയില് കേറാനാ, ഇങ്ങളിങ്ങ്ട് വഴീന്ന് മാറും, ഓനിങ്ങ്ട് കേറിക്കോട്ടെ', ഇത് കൂടി കേട്ടതും കുഞ്ഞേട്ടൻ ആകെ മിഴ്ങ്ങസ്യ പറഞ്ഞോണ്ട് അവിടത്തന്നെ നിന്നു. അപ്പോഴും പാവം കുഞ്ഞേട്ടന്റെ ചിന്ത മായാവിലെ സലീംകുമാറിന്റെ ചിന്ത പോലെ ആയിരുന്നു.
'ഈ നാട്ടുകാര് മുഴുവനും എന്നെ സ്നേഹിക്ക്വാണോ ? അതോ ഞാൻ ഈ നാട്ടുകാരെ മുഴുവനും സ്നേഹിക്ക്വാണോ ?

Monday, 26 September 2011

'ഭയോളഛി' അല്ലേ സിന്റപ്പാ?

നമുക്ക് ടൂൺ കർമ്മയിലേക്ക് തന്നെ തിരിച്ചു പോകാം. എല്ലാവരുടേയും ഡയലോഗുകൾ ഓർത്തെടുത്ത് ബുദ്ധിമുട്ടുന്നതിനേക്കാൾ നല്ലതു അപ്പപ്പോൾ ഓർമയിൽ വരുന്നത് എഴുതുന്നതല്ലേ ? നമുക്ക് സംഭവത്തിലേക്ക് പോകാം. ഞാൻ മുൻപ് വിവരിച്ച ടൂൺകർമ്മയിൽ പറയാൻ മറക്കാൻ പാടില്ലാത്ത ഒരു കഥാപാത്രവും കൂടി ഉണ്ട്.  സിന്റപ്പൻ എന്ന് ഞങ്ങൾ സ്നേഹത്തോടെ വിളിക്കുന്ന ഒരു സിന്റൊ ജോയ്. ടൂണിലെ പ്രധാന അനിമേറ്ററായിരുന്ന അഭിലാഷിന്റെ സുഹൃത്തും തൊട്ടടുത്ത വെബ് ഡിസൈനിംഗ് സെന്ററിൽ ജോലിയുള്ളതുമായ ഒരു കഥാപാത്രമായിരുന്നു സിന്റപ്പൻ.അഭിലാഷിന് പണ്ട് അവിടെ ജോലിയുള്ള കാലത്തുള്ള പരിചയമാണ്. പക്ഷെ അഭിലാഷ് ആ ബന്ധം ഇപ്പോഴും നിലനിർത്തുന്നു. അല്ലെങ്കിൽ 'കണ്ടകശ്ശനി കൊണ്ടേ പോവൂ' എന്ന് കേട്ടിട്ടില്ലേ? അതുപോലെ ആ ബന്ധം ഇപ്പോഴും രണ്ട് പേരും നില നിർത്തുന്നു. 'കണ്ടകശ്ശനി' ആരാണെന്ന് അവർ തീരുമാനിക്കട്ടെ.(നമ്മൾ ബുദ്ധിമുട്ടേണ്ട).

ഞാൻ അവിടെ ചെന്ന കാലം മുതൽ ഈ സിന്റപ്പൻ അവിടുത്തെ ഒരു നിത്യസന്ദർശകനാണ്. അവൻ ഇടക്കിടെ അവിടെ വരുന്നത് എല്ലാവരും നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു.എനിക്ക് വെബ് ഡിസൈനിംഗിലും അവൻ നല്ല ഒരു സഹായമായിരുന്നു. ടൂൺ കർമ്മയിൽ ഒരു ചേച്ചി ദിവസേന വന്ന് ഞങ്ങൾക്ക് ചോറ് വച്ചു തരാറുണ്ടായിരുന്നു. നല്ല രുചിയുള്ള ആഹാരം !
കാക്ക പശുവിന്റെ പുറത്തിരിക്കുമ്പോൾ രണ്ടാണ് കാര്യം. കാക്ക അവിടിരുന്ന് പശുവിന്റെ ദേഹത്തുള്ള പ്രാണിയും, ചെള്ളും എല്ലാം കൊത്തിത്തിന്നും. അങ്ങനെ വരുമ്പോൾ 'കാക്കയുടെ വിശപ്പും മാറും,പശുവിന്റെ കടി മാറുകേം ചെയ്യും' എന്നാണ് നാട്ടുകാർ പറയുക. അതുപോലെയാണ് നമ്മുടെ സിന്റപ്പന്റേയും കാര്യം അവന്, ചേച്ചി വയ്ക്കുന്ന ഈ ആഹാരം ഇടക്കിടെ വന്ന് കഴിച്ച് വിശപ്പ് മാറ്റുകയും ചെയ്യാം, ഞങ്ങൾക്ക് നല്ലൊരു കോമഡി വിരുന്നാകുകയും ചെയ്യും.

അങ്ങനെ ഒരു ദിവസം അവൻ വന്നിട്ട്, വന്ന ഉടനെ തന്നെ, ഞങ്ങൾ റാമിന്റേയും അഭിലാഷിന്റേയും നേതൃത്വത്തിൽ ഭയങ്കര ചർച്ചയിൽ ആയി. ആ പ്രാവശ്യത്തെ നോബെൽ സമ്മാനത്തെ കുറിച്ചായിരുന്നു ഞങ്ങളുടെ ഭീകരമായ ചർച്ച. ഞങ്ങൾ കുറച്ച് 'ബുദ്ധിജീവികളു'ടെ അപാരമായ(?) വിശകലന സംസാരം എത്രയൊക്കെയായിട്ടും നമ്മുടെ നായകൻ സന്ദീപിന് കാര്യം പിടികിട്ടിയില്ല. അവൻ എല്ലവരോടും എന്തൊക്കേയോ ചോദിക്കുന്നും പറയുന്നുമൊക്കെയുണ്ട്. ഞങ്ങളൊന്നും ആ ഭയങ്കരമായ ചർച്ചക്കിടയിൽ, അവന്റെ ചോദ്യങ്ങളെ കാര്യമായെടുക്കുന്നുമില്ല. അവസാനം നോബെൽ സമ്മാനങ്ങളെ കുറിച്ചാണ് ഞങ്ങൾ എല്ലാവരുടേയും സംസാരം എന്ന് അവന് മനസ്സിലായി. അപ്പോഴും വിഷയം ഏതാണെന്ന് അവന് മനസ്സിലായിട്ടില്ല. അവസാനം, കൂലങ്കഷമായ ഞങ്ങളുടെ സംസാരം ശ്രദ്ധിച്ച് കേട്ട അവന് എന്തോ കുറച്ചു മനസ്സിലായി. ബയോളജി ആണ് വിഷയം. ആ വർഷത്തെ ബയോളജി സമ്മാനത്തിന് എന്തോ ഒരു പ്രത്യേകത ഉണ്ടായിരുന്നു.അതായിരുന്നു ഞങ്ങളുടെ ചർച്ചക്കാധാരം.

പിന്നെ താമസിച്ചില്ല, നമ്മുടെ നായകൻ സന്ദീപ്, അവനിൽ നിന്ന് ഞങ്ങൾ ഒളിച്ച് വച്ച് ചർച്ച ചെയ്തിരുന്ന വിഷയം മനസ്സിലാക്കിയ സന്തോഷത്തിൽ ഉച്ചത്തിൽ ഞങ്ങളോടെല്ലാവരോടുമായി ചോദിച്ചു. 'ഡാ സിന്റപ്പാ ഭയോളഛി അല്ലേ? ഭയോളഛി' അവന്റെ ആ കർണ്ണകഠോരമായ ചോദ്യം വന്നപ്പോൾ തന്നെ, സിന്റപ്പൻ തന്റെ കൈകൾ കൊണ്ട് മുഖം പൊത്തിക്കൊണ്ട്, തറയിൽ കുനിഞ്ഞിരുന്നു. പിന്നീട്, പാൻപരാഗും മുറുക്കാനും കൂടിക്കലർന്ന് തന്റെ മുഖത്തേക്ക് തെറിച്ച തുപ്പൽ വലത് കൈ കൊണ്ട് അമർത്തിതുടച്ചുകൊണ്ട് എഴുന്നേറ്റ് സാവധാനം ഇങ്ങനെ പറഞ്ഞു.
 'ന്റെ പൊന്നു സന്ദീപേ, നീ ഇനിയെന്തുവേണേലും പറഞ്ഞോ, പക്ഷെ ബയോളജി ന്നു മാത്രംന്റെ മുന്നീന്ന് പറയരുത് !' 

Wednesday, 21 September 2011

രഞ്ജിനി ഹരിദാസ് കണ്ട (കാണാത്ത) കേരളം!

"ഒരു കൈ കണ്ടാൽ മലയാളിക്ക് ഹരം പിടിക്കുന്ന കാലമാണിതെന്ന് എനിക്ക്  അറിയില്ലായിരുന്നു. ശരീരഭാഗങ്ങൾ പുറത്ത് കാണുന്ന സെക്സിയായ വസ്ത്രങ്ങൾ ഞാൻ ധരിക്കാറുണ്ട്. വളരെ കംഫർട്ടബിൾ ആണ്."
                                                -രഞ്ജിനി ഹരിദാസ്
                                                                                മാതൃഭൂമി 2011 സപ്തംബർ 17
                                                                                            ശനിയാഴ്ചഞാൻ ഇത്ര കാലമായി എന്റെ  ജീവിതത്തിൽ നടന്നതും ഞാൻ കെട്ടിയുണ്ടാക്കിയതുമായ തമാശകഥകൾ ബ്ലോഗിൽ എഴുതി പോസ്റ്റ് ചെയ്ത് കൊണ്ട് നിർവൃതിയടയുന്നു.ദിവസേന പത്രം വായിക്കാറുള്ള എന്റെ ദൃഷ്ടിയിൽ ഈയിടയ്ക്കാണ് ഇങ്ങനെ മുകളിൽ കാണിച്ച രീതിയിൽ ഒരു വാർത്ത (മാതൃഭൂമി, കേട്ടതും കേൾക്കെണ്ടതും, സപ്റ്റംബർ 17 ശനി.) പതിഞ്ഞത്. നമ്മുടെ ജീവിതവിജയത്തിന്,നമ്മൾ മറ്റുള്ള ആളുകൾക്കെതിരെയുള്ള വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും ഒഴിവാക്കേണ്ടതിന്റെ ആവശ്യകത എനിക്ക് നല്ല പോലെ അറിയാമായിരുന്നെങ്കിലും എന്റെ പ്രിയ സുഹൃത്തുക്കൾ അഭിലാഷും അജ്മലും അത് വീണ്ടും വീണ്ടും എന്നെ ഓർമ്മപെടുത്തുമായിരുന്നു. അതുകൊണ്ട് പരമാവധി കാലം ഇങ്ങനെ തമാശ കഥകളുമായി ബ്ലോഗ് അങ്ങു മുന്നോട്ട് പോട്ടെ എന്ന് ഞാനും നിശ്ചയിച്ചു. പക്ഷെ അങ്ങനെയിരിക്കുമ്പോഴാണ്, നമ്മുടെ മലയാള ഭാഷയുടെ 'മാതാവിന്റെ' വക മുകളിൽ കാണിച്ച തരത്തിലുള്ള ഒരു വാചകകസർത്ത് ശ്രദ്ധയിൽ പെടുന്നത്. എനിക്കുറപ്പുണ്ട് ഇതിനെതിരെ ഞാൻ പ്രതികരിച്ചാൽ, എന്റെ സുഹൃത്തുക്കളായ അഭിലാഷും അജ്മലും എന്നോട് ഒരിക്കലും പിണങ്ങുകയില്ല എന്ന്. കാരണം എന്നിൽ, ഇത് വായിച്ച ശേഷം വന്ന ചിന്തകൾ എല്ലാം ഒരു ബ്ലോഗിൽ പകർത്തുക അസാധ്യമാണ്. എങ്കിലും കുറച്ച് ഞാൻ ഇവിടെ കുറിക്കുകയാണ്.


ബഹുമാനപ്പെട്ട കുമാരി(?) രഞ്ജിനിയോട് ഒരു ചോദ്യം.മാഡം ഈ കൊച്ചു കേരളത്തിൽ തന്നെ അല്ലേ ജീവിക്കുന്നത് ? കേരളം ആസ്ഥാനമായുള്ള ഒരു ചാനലിൽ കിടന്ന് 'പേക്കൂത്ത്' (അങ്ങനെ വിളിച്ചതിൽ ക്ഷമിക്കുക) കാണിക്കുന്നത് മുൻപ് എപ്പോഴോ കണ്ടിട്ടുള്ള ഞാൻ ഭവതി കേരളത്തിൽ തന്നെയാണ് ജീവിക്കുന്നത് എന്ന് വിശ്വസിച്ചോട്ടെ. ഒരു പിഞ്ചുബാലികയെ സ്വന്തം അഛനും സഹോദരനും ചേർന്ന് തുടർച്ചയായി പീഢിപ്പിച്ചിരുന്നു എനുള്ള വാർത്ത കേരള ജനത വായിച്ചു മറന്നിട്ട് അധിക ദിവസമായിട്ടില്ല. നമ്മുടെ കൃഷ്ണപ്രിയയെ ഓർമ്മയില്ലേ ? ഏഴാം ക്ലാസ്സിൽ പഠിച്ചിരുന്നതാണ് എന്നാണ് എന്റെ ഓർമ്മ. ആ പാവത്തിനെ ഒരു കാട്ടാളൻ കാട്ടു വഴിയിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോയി പിച്ചിച്ചീന്തിയ സംഭവം കേരള മനസ്സ് അത്ര പെട്ടെന്നൊന്നും മറക്കാനിടയില്ല.ദിവസേന ഇത്തരം പീഢനകഥകൾ കൊണ്ട് പത്രത്താളുകൾ നിറയുന്നു. വിവരസാങ്കേതികവിദ്യ കുതിച്ചു ചാടിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലും! കുറഞ്ഞ പക്ഷം അയാളുടെ വിശ്വാസികളെങ്കിലും ഒരു കാലത്ത് ആരാധിച്ചിരുന്ന നമ്മുടെ 'സ്വാമി' സന്തോഷ് മാധവന്റെ കഥ മാഡം മറന്നിട്ടില്ലല്ലോ ? പിന്നെ ഒരുപാട് 'തന്ത്രി' കഥകൾ.ഇങ്ങനെ വറുതെ ഒന്ന് കണ്ണും കാതും തുറന്നിരുന്നാൽ മാത്രം മതി നമ്മുടെ നാടിന്റെ 'ഗതി' എങ്ങോട്ടേക്കാണെന്ന് മനസ്സിലാവാൻ. അപ്പോഴാണ് ഭവതിയുടെ വക ഇത്തരത്തിലൊരു കമന്റ്.


ഞാൻ സാമാന്യം നല്ല ഒരു ൾട്ടീമീഡിയ ആർട്ടിസ്റ്റ് ആണ് എന്നാണ് എന്റെ ചെറിയ വിശ്വാസം. മോർഫിങ് സാങ്കേതികവിദ്യ ,അതായത് ഈ ഫോട്ടോകളിൽ തല മാറ്റി വക്കാൻ നമ്മൾ മലയാളികൾ (നമ്മൾ മാത്രമാല്ല എല്ലാവരും) കൂടുതൽ ഉപയോഗിക്കുന്ന സാധനം, ഇന്ന് വളരെ പ്രചാരത്തിലുള്ളതാണ്. അതിന് പല പല സോഫ്റ്റ്വെയറുകൾ ഉപ്യോഗിക്കുന്നതായി മണ്ടൂസന് അറിയാം. പക്ഷെ ഒരു കുഴപ്പമുണ്ട്, ചിത്രങ്ങളിൽ തല മാറ്റി വയ്ക്കൽ വളരെ എളുപ്പം നടക്കും. പക്ഷെ അതുപോലെ അല്ല വീഡിയോയുടെ കാര്യം, അതിൽ അത്ര എളുപ്പമായിട്ട് അങ്ങനെ തലമാറ്റിവയ്ക്കൽ നടക്കില്ല. ഇപ്പോൾ നമ്മുടെ പല പകൽ മാന്യവ്യക്തികളും, അവരുടെ പ്രശ്നങ്ങളായ(പലവിധ ?) ചിത്രങ്ങളോ,വീഡിയോകളോ പുറത്തായാൽ പറയുന്ന ഒരു ന്യായീകരണമുണ്ട്.അതൊക്കെ തലമാറ്റി വയ്ക്കുന്നതാ, മോർഫിംഗ് ആണെന്നൊക്കെ. പക്ഷെ പകൽ മാന്യന്മാരെ, ഒരു ചോദ്യം ചിത്രങ്ങൾ നിങ്ങളുടെ ആയിരിക്കില്ല(?) സമ്മതിച്ചു. പക്ഷെ ഇതിന്റെ തലതൊട്ടപ്പന്മാരായ ഹോളിവുഡ് സിനിമാ വ്യവസായത്തിൽ പോലും വളരെ ചുരുക്കം ചില രംഗങ്ങളിൽ മാത്രം വൻ മുതൽമുടക്കിൽ ഒരുപാട് ആർട്ടിസ്റ്റുകൾ ഒരുപാട് നാൾ കഷ്ടപ്പെട്ട് ചെയ്യുന്ന ആ ('തരികിട') തലമാറ്റിവക്കൽ പരിപാടി നിങ്ങളുടെ ഒരു കൊച്ചു വീഡിയോക്ക് വേണ്ടി ആര് ഈ കൊച്ചു കേരളത്തിൽ ചെയ്യാനാണ് ?
അത് ഇന്നും ഒര് ഉത്തരം കിട്ടാത്ത ചോദ്യമായി എന്നിൽ നിൽക്കുന്നു.


വാർത്താവിനിമയ ഉപകരണങ്ങളും, വാർത്തകൾ അപ്പപ്പോൾ അറിയാനുള്ള ഉപാധികളും നമ്മുടെ നാട്ടിൽ  ഇപ്പോൾ വളരെ വേഗം പ്രചാരത്തിൽ വന്നുകൊണ്ടിരിക്കുകയാണ്. അങ്ങനെ ഒരു ഉപാധി വഴി വർഷങ്ങൾക്ക് മുൻപ് എന്റെ ഒരു കൂട്ടുകാരന്, മലയാള ഭാഷയുടെ മാതാവായ മേല്പറഞ്ഞ ഈ  പേക്കൂത്തുകാരിയുടെ, കള്ള് കുടിച്ച് ആടി തിമർക്കുന്ന ഒരു പേകൂത്ത് വീഡിയോ കിട്ടുകയുണ്ടായി. പിന്നീട് എനിക്ക് പത്രത്തിൽ വായിക്കാൻ കഴിഞ്ഞു, ആ വീഡിയോകളെല്ലാം വ്യാജമാണെന്ന 'മാതാവിന്റെ' പ്രസ്താവന. എന്റെ ആ പഴയ ചോദ്യം ഞാൻ വീണ്ടും ആവർത്തിക്കുന്നു, ക്ഷമിക്കണം. എങ്ങനെയാണ് 'മലയാള ഭാഷയുടെ മാതാവേ' അങ്ങനെ വീഡിയോയിൽ തല മാറ്റി വയ്ക്കുന്ന വിദ്യ ? അതും ഇത്രക്ക് ഷാർപ്പ് ആയി ! എങ്ങനെയാണെന്ന് എനിക്കൊന്നു പറഞ്ഞു തന്നാൽ എനിക്ക് കൂടി അതു പഠിക്കാമായിരുന്നു. അതു പഠിക്കാൻ ഇനി ഹോളിവുഡ് വരെ പോകാൻ എനിക്ക് വയ്യ.

ഇങ്ങനേയൊക്കെ ഗൾഫിലും മറ്റു പല നാടുകളിലും ചുറ്റി നടന്ന് പേക്കൂത്ത് കാണിക്കുന്ന ഭവതിക്കറിയുകയുണ്ടാവില്ല മലയാള നാട്ടിലെ, ഞാൻ നേരത്തെ പറഞ്ഞ പീഢന വിശേഷങ്ങൾ. ഭവതി നേരത്തെ പറഞ്ഞ പോലെ ഒരു കൈ കണ്ടാൽ ഹരം പിടിക്കാൻ മാത്രമല്ല ഇതുപോലുള്ള മലയാളി കാമരോഗികൾക്കറിയൂ അവർ അങ്ങ് നശിപ്പിച്ച് പണ്ടാരമാക്കിക്കളയും മാഡത്തിനെ. അവർക്ക് T.G രവി പണ്ടത്തെ സിനിമയിൽ ബാലസംഘസീനിൽ കാണിക്കുന്ന പോലെ, പല്ലിറുമ്മി തലയിട്ടാട്ടാൻ മാത്രമാണോ അതോ 'വേറെയെന്തിനെങ്കിലും' കഴിയുമോന്ന് ഞങ്ങൾ പത്രങ്ങളിൽ നിന്ന് ചൂടുള്ള വാർത്തകളായി അറിയേണ്ടി വരും. പിന്നെ മാഡം പുറത്തിറങ്ങി നടക്കുമ്പോൾ മാഡം പറഞ്ഞ പോലെ 'സെക്സിയായ വേഷങ്ങൾ' ധരിക്കാനുള്ള പൂതിയങ്ങു മാറ്റിക്കളയും, കൃഷ്ണപ്രിയയെ കൊന്നതും, തന്ത്രിമാരും, മാധവന്മാരും ആയി ഒക്കെ നാട്ടിൽ വിലസുന്നതുമായ കേരളീയ കാമഭ്രാന്തന്മാർ.


രാഷ്ട്രീയ കേരളത്തിന്റെ  ഭരണം കൈക്കലാക്കാൻ വേണ്ടി ഇടതുപക്ഷവും വലതുപക്ഷവും തമ്മിൽ വാക്പോരിൽ ഏർപ്പെടുമ്പോൾ, നമ്മൾ സാധാരണ ജനങ്ങളുടെ മുൻപിൽ വാർത്തകളിലൂടെ മാത്രം കടന്നുപോവുന്ന ഒരു വൻ യുദ്ധം ഇവിടെ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. അത് സാംസ്ക്കാരിക കേരളത്തിന്റെ മാനസികനിലയുടെ ഭരണം ആര്  കൈക്കലാക്കും എന്നതാണ്. അത് കേരളീയ കാമഭ്രാന്തന്മാരും കേരളീയ മത ഭ്രാന്തന്മാരും തമ്മിലുള്ള യുദ്ധമാണ്. ആ യുദ്ധത്തിൽ ആര് ജയിക്കും എന്ന് നമ്മൾക്കൊന്നും പ്രവചിക്കുക സാധ്യമല്ല. അങ്ങനെ കേരളീയ കാമഭ്രാന്തന്മാരും മതഭ്രാന്തന്മാരും തമ്മിലുള്ള ഈ അതിഭീകരയുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന നേരത്താണ് നമ്മുടെ മലയാല ബാശയുടെ മാതാവിന്റെ വക, സാധാരണ മനസ്സുകളെ ഭ്രാന്ത് പിടിപ്പിക്കുന്ന തരത്തിലുള്ള ഇങ്ങനത്തെ ഒരു പ്രസ്താവന. ഈ കാമഭ്രാന്തന്മാരുടേയോ മതഭ്രാന്തന്മാരുടേയോ കയ്യിൽ പ്പെട്ടാൽ പിന്നെ എന്റെ പൊന്നു മാഡം പിന്നെ ചാനലിൽ കയറി നിന്ന് 'ഡിക്കിയും','ബോണറ്റും' ഇളക്കി പേക്കൂത്ത് കാട്ടാൻ ബാക്കിയുണ്ടാവില്ല. ഓർമിക്കുന്നത് നന്ന്.

അപ്പോൾ രഞ്ജിനി മാഡം ഓർക്കുക, സെക്സിയായാൽ മാത്രമല്ല കംഫർട്ടബിൾ ആവൂ. അങ്ങനെ സെക്സി ആവാതേയും കംഫർട്ട് ആയി പുറത്തിറങ്ങി നടക്കാൻ പഠിക്കണം, ട്ടോ രഞ്ജിനീ മാഡം.
അല്ലെങ്കിൽ പുറം ലോകത്തിറങ്ങി, സെക്സിയാവാതെ കംഫർട്ടബിൾ ആയി നടക്കുന്നതെങ്ങനേയെന്ന്  ഒന്ന് പഠിക്ക്വാ ട്ടോ മലയാളികളുടെ മാഡം. ഇനിയിപ്പോ സംഗീതവും, മലയാള ഭാഷയും പഠിക്കാൻ ഒക്കുന്നില്ലേങ്കിൽ ദയവായി സ്വന്തം നാക്ക് കൊണ്ട് ഇങ്ങനെ വേണ്ടാതീനങ്ങൾ വിളിച്ച് പറയാതിരിക്കാനെങ്കിലും പഠിക്കുക.
തെറ്റിപ്പോയി റ്റോ മലയാലികലുടെ മാടം.

Sunday, 18 September 2011

ലൈലയ്ക്ക് മജ്നുവിന്റെ ഒരു തുറന്ന കത്ത്. (അപ്രകാശിതം)

കത്തയക്കാനുള്ള കഥാസന്ദർഭം: ഇതിലെ ലൈലയും മജ്നുവും നമ്മൾ കേട്ട പഴയ കഥയിലെ നായികാനായകന്മാരല്ല. ഈ കാലഘട്ടത്തിലെ കോളേജ് പ്രണയത്തിന്റെ വക്താക്കളായ ലൈലയേയും മജ്നുവിനേയുമാണ് ഞാൻ ഇവിടെ പുനരാവിഷ്കരിക്കുന്നത്. ലൈലയും മജ്നുവും പ്രണയപരവശരായി അങ്ങിനെ നടക്കുന്ന സമയത്ത്, മജ്നു കാൽ വഴുതി ഒരു ചെളിക്കുണ്ടിൽ (വൃത്തികെട്ട സ്വഭാവങ്ങളുടെ ഉറവിടം) വീണു. അവിടെ നിന്നു മുകളിലേക്കു നോക്കി പ്രാണരക്ഷാർത്ഥം എന്തെല്ലാമോ വിളിച്ച് പറഞ്ഞ മജ്നു, അവിടെ നിന്ന് കയറി വന്നപ്പോഴേക്കും ലൈല അവിടുന്ന് പോയിക്കഴിഞ്ഞിരുന്നു. അപ്പോഴാണ് മജ്നു അറിയുന്നത്, താൻ ആ ചെളിക്കുണ്ടിൽ നിന്ന് വിളിച്ച് പറഞ്ഞത് തന്റെ പ്രാണപ്രേയസിയായ ലൈലയ്ക്ക് വേദനയുണ്ടാക്കുന്ന കാര്യങ്ങളായിരുന്നു എന്ന്. തന്റെ പ്രിയതമ തന്നെ ഉപേക്ഷിച്ച് പോയതിൽ മനം നൊന്ത് മജ്നു ലൈലയ്ക്ക് ഒരു കത്തെഴുതുന്നു.എന്റെ സ്വർണ്ണമേ,തങ്കക്കുടമെ എന്നൊക്കെ വെറുതെ വാക്കുകളിൽ കപടമാധുര്യം നിറച്ച് വിളിക്കാൻ എനിക്കറിയില്ല. ഞാൻ ആവിധ ഉപചാരവാക്കുകളിൽ കടിച്ച് തൂങ്ങാതെ എല്ലാ മാധുര്യങ്ങളും ഒരു വാക്കിൽ ഒതുക്കി ഞാൻ വിളിക്കുകകയാണ്.അങ്ങിനെ എന്റെ ഈ കത്ത് ആരംഭിക്കട്ടെ.

എന്റെ മോളൂ,
                    നീ ഒരുപാട് മാസങ്ങൾക്ക് മുൻപേ പിണങ്ങിപോയതിന് ശേഷം, ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന മാനസിക വിഷമം വാക്കുകളിൽ നിറയ്ക്കാവുന്നതല്ല.സത്യം പറഞ്ഞാൽ കഴിഞ്ഞു പോയ മാസങ്ങളിലെ ഓരോ നിമിഷങ്ങളും എന്നിൽ സങ്കടത്തിന്റെ തിരമാലകൾ സൃഷ്ടിച്ചാണ് കടന്ന്പോയിട്ടുള്ളത്. നീ എന്നെ പിരിഞ്ഞുപോയ നാൾ മുതൽ ഇതുവരെ ഞാൻ അനുഭവിച്ച സങ്കടത്തിന്റെ ആഴം നിന്നെ പറഞ്ഞ് ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. കാരണം സ്നേഹിച്ചിരുന്ന കാലത്ത് ഒരേ അളവിൽ പരസ്പരം സ്നേഹം കൈമാറിയിരുന്ന നമ്മൾ പിരിഞ്ഞ് കഴിച്ചുകൂട്ടിയ സമയങ്ങളിലും, അതേ തീവ്രതയോടെ ഗാഢമായ ദു:ഖവും അനുഭവിച്ചിട്ടുണ്ടാകുമെന്ന് ഞാൻ മനസ്സിലാക്കുന്നു. അതിന് ബിരുദങ്ങൾ ഒരുപാട് വാരിക്കൂട്ടേണ്ടിവരുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.ഇനി അതിന്റെ ആവശ്യമുണ്ട് എന്നു നീ വിചാരിക്കുന്നുണ്ടെങ്കിൽ, അതിൽ ഒരുപാട് ബിരുദങ്ങൾ ഞാൻ സ്വന്തമാക്കിയിട്ടുണ്ട് എന്ന് ഏറ്റവും കൂടുതൽ അറിയാവുന്നത് നിനക്കാണല്ലോ ?

നീ പിണങ്ങിപ്പോയ അന്നു മുതൽ അതിനുള്ള കാരണങ്ങൾ ഞാൻ തിരഞ്ഞു കൊണ്ടിരിക്കുകയാണ്.
എനിക്ക്, നീ പോയി ഇത്രകാലമായിട്ടും,നീ എന്നെ പിരിഞ്ഞ് പോകാനുള്ള  കാരണങ്ങൾ കണ്ടെത്താൻ  കഴിഞ്ഞിട്ടില്ല. എനിക്ക്, ഇതുവരെ ഞാൻ അനുഭവിച്ചിട്ടില്ലാത്ത സ്നേഹം നീയാണ് തന്നത്. എനിക്ക് പലവിധത്തിലുള്ള സ്നേഹങ്ങളും പല ഇടങ്ങളിൽ നിന്നും കിട്ടിയിട്ടുണ്ട്. പക്ഷെ അതിനെല്ലാം ഉപരി എന്നെ മാത്രം സ്നേഹിക്കുന്ന ഒരാളുടെ സ്നേഹം എനിക്ക്, നീ എന്നെ സ്നേഹിച്ചിരുന്ന കാലങ്ങളിലാണ് അനുഭവിക്കാൻ കഴിഞ്ഞിട്ടുള്ളത്. അതിൽ നിന്ന് നീ പിന്തിരിയുമ്പോൾ ഞാൻ അനുഭവിച്ച ശൂന്യത (പ്രണയത്തിൽ മാത്രമല്ല,ജീവിതത്തിൽ ഉടനീളം) എന്താണെന്ന്,എന്റെ പോലെ നീയും അനുഭവിക്കുകയാണല്ലോ ? ഞാൻ പലസമയങ്ങളിലായി പല തരം തിരിച്ചടികൾ ജീവിതത്തിൽ നിന്ന് നേരിട്ടതാണെന്ന് നിനക്കറിയാവുന്നതാണല്ലോ ? ആ തിരിച്ചടികളെ അതിജീവിക്കാൻ എന്റെ കൂടെ നിന്ന് എനിക്ക് ധൈര്യം തന്ന നീ, തുടർന്നും അതേ സ്നേഹത്തോടെ എന്റെ കൂടെയുണ്ടാവുമെന്ന് ഞാൻ വിശ്വസിക്കുന്നു. തിരിച്ചടികൾ നേരിട്ട് മൃതകോശങ്ങളുമായി ജീവനെ കാത്ത് കിടന്ന എനിക്ക്, എന്റെ മൃതകോശങ്ങളിൽ ജീവൻ പകർന്ന് തന്ന് എന്നെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ നീ എന്നും എന്റെ കൂടെ ഉണ്ടാവണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

ഒരു പ്രണയിനിയും പെട്ടെന്ന് പൊറുത്ത് തരാവുന്ന തെറ്റുകൾ അല്ല എന്റെ ഭാഗത്ത് നിന്ന് സംഭവിച്ചിട്ടുള്ളത്. പക്ഷെ നീ ഒരു സധാരണ പ്രണയിനി അല്ല അങ്ങിനെ ആവരുത് എന്ന് എനിക്കാഗ്രഹമുണ്ട്. അതുകൊണ്ട് തന്നെ നീ മറ്റുള്ള സധാരണ പ്രണയിനികളെ പോലെ വീണ്ടും ഒരേ കാര്യങ്ങൾ തന്നെ ആലോചിച്ച്, ഞാൻ മുൻപ് ചെയ്തുപോയ വലിയ തെറ്റുകളെ മുൻനിർത്തി ഒരു അവസാന തീരുമാനമെടുക്കരുതെന്ന് എനിക്ക് അപേക്ഷയുണ്ട്. അങ്ങനെ ഒരു തീരുമാനത്തിന്, എന്നെ ഇപ്പോഴും ഒരുപാട് സ്നേഹിക്കുന്ന നീ മുതിരില്ല എന്ന് എനിക്ക് ഉറച്ച വിശ്വാസവുമുണ്ട്. ഞാൻ ഇത്ര തീവ്രതയോടെയും,ആഗ്രഹത്തോടേയും മറ്റൊന്നിനേയും സ്നേഹിച്ചിട്ടില്ല എന്ന സത്യം നിനക്കല്ലാതെ മറ്റാർക്ക് അറിയാൻ ? അതുകൊണ്ട് തന്നെ നിന്റെ സ്നേഹം എനിക്ക് വളരെ വളരെ അതാവശ്യമാണ്. എനിയ്ക്ക് നിന്നോടുള്ള സ്നേഹമാണോ ,അതോ നിനക്ക് എന്നോടുള്ള സ്നേഹമാണോ കൂടുതൽ എന്ന് എല്ലാവരിലും സംശയമുളവാക്കും വിധം മത്സരിച്ച് സ്നേഹിച്ചിരുന്ന ആ കാലം ഇനിയും വരട്ടേയെന്ന് ഞാൻ ആത്മാത്ഥമായി ആഗ്രഹിക്കുന്നു.

നീ എന്നെ ആദ്യമായി വിട്ടു പോയ അന്നുമതൽ ഞാൻ, എന്റെ ഭാഗങ്ങൾ ന്യായീകരിച്ച് നിന്നോട് വിശദീകരിക്കാനുള്ള വിഫലശ്രമങ്ങൾ നടത്തി. അതെല്ലാം ഒരു വലിയ പരാജയങ്ങൾ ആയപ്പോൾ, ഞാൻ എന്റെ അത്തരം ശ്രമങ്ങൾ അവിടെ അവസാനിപ്പിച്ചു. പക്ഷെ എനിക്ക് ഉറപ്പുണ്ടായിരുന്നു, ഞാൻ ഇതുവരെ അനുഭവിച്ച എല്ലാ ദു:ഖങ്ങളും നിന്നെ അറിയിക്കാൻ 'സർവ്വശക്തൻ' എനിക്കൊരു അവസരം തരുമെന്ന്. എന്നെ അറിയുന്ന എല്ലാവരും എന്നെ സ്നേഹിക്കുന്ന ഈ വേളയിലെങ്കിലും നീയും എന്നെ പഴയതിലുപരിയായി സ്നേഹിക്കുമെന്നും,വിശ്വസിക്കുമെന്നും എനിയ്ക്ക് പ്രതീക്ഷയുണ്ട്. നിനക്ക് ദോഷകരമായി ഭവിക്കാൻ സാധ്യതയുള്ള, നിന്റെ സ്വന്തമായ ഒരു അടയാളങ്ങളും ഞാൻ എവിടേയും അവശേഷിപ്പിച്ചിട്ടില്ല. കാരണം ഞാൻ നിന്നെ അത്രക്ക് സ്നേഹിക്കുന്നു.

മനുഷ്യരുടെ മുഴുവൻ സ്നേഹത്തിന്റെ പ്രതീകമായി ഈ കത്ത് എന്നെന്നും നിലനൽക്കുമെന്ന് ഞാൻ തീവ്രമായി വിശ്വസിക്കുന്നു, അതിലുപരി ആഗ്രഹിക്കുന്നു.
                                                                                                    ഒരുപാട് സ്നേഹത്തോടെ,
                                                                                                           നിന്റെ സ്വന്തം,
                                                                                                                  മജ്നു

Saturday, 17 September 2011

ഇങ്ങനേയും ഒരു സിനിമ പേരോ ?

സുഹൃത്തുക്കളേ, കുറെ കഥകളായി ഞാൻ പലർക്കും പറ്റിയതും, അവർ ഇളിഭ്യരായതുമായ കഥകളെ കുറിച്ചു പറയുന്നു. ഇനി ഞാൻ എനിക്കു പറ്റിയ ഒരു ഭീമാബദ്ധത്തെ കുറിച്ചു പറയാം. എന്റെ ആക്സിഡന്റിനു ശേഷം കുറെ കാലം ഞാൻ ബാഹ്യ ലോകവുമായി ഒരു ബന്ധവുമില്ലാതെ കഴിഞ്ഞു കൂടിയിരുന്നു. പുറം ലോകവുമായി ബന്ധപ്പെടാൻ ഒരുതരത്തിലും കഴിയാതിരുന്ന എനിക്ക് എന്റെ മെയിൽ ഐഡി കളും അതിലെ വിവരങ്ങളും എല്ലാം നഷ്ട്ടപ്പെട്ടു അങ്ങിനെ ഇരിക്കുമ്പോൾ എനിക്ക് ഏതൊക്കെ സിനിമകൾ ഇറങ്ങി എന്നോ, ആരുടെയൊക്കെ സിനിമകൾ ഇറങ്ങി എന്നോ,ഏതൊക്കെ വിജയിച്ചു എന്നോ അറിയില്ല. അങ്ങനെയിരിക്കെ ഒരു ദിവസം കൈരളി ടി.വി. യിൽ ഏതോ അവാർഡ് നൈറ്റ് നടക്കുന്നുണ്ട്. ഞാനും വീട്ടുകാരോടൊപ്പം അത് കാണാൻ തയ്യാറായി സോഫയിൽ കയറി ഇരുന്നു. ഒരു വർഷം മുമ്പാണ് ട്ടോ, മറക്കണ്ട.

അവാർഡ് നേടിയ ആളെ അവതാരിക സ്റ്റേജിലേക്ക് വിളിക്കും, അപ്പോൾ സ്ക്രീനിൽ അവരുടെ പേരും, അവാർഡിനർഹമായ സിനിമാ പേരും എഴുതിക്കാണിക്കും. അങ്ങനെയാണ് അവതാരണത്തിന്റെ രീതി. അപ്പോൾ ഏതോ എനിക്ക് നന്നായി അറിയാവുന്ന (സിനിമയിലൂടെ) ഒരാളെ വിളിച്ചു. അയാൾ സ്റ്റേജിലേക്ക് നടക്കുമ്പോൾ അയാളുടെ പേരും സിനിമയുടെ പേരും സ്ക്രീനിൽ എഴുതി കാണിച്ചു. ഞാൻ വളരെ കഷ്ടപ്പെട്ട് ആ സിനിമയുടെ പേര് സ്വല്പം ഉറക്കെ വായിച്ചു. കണ....കണ...'കണക്കൻ മണി'(kanakkanmani).അങ്ങനെ വളരെ കഷ്ട്ടപ്പെട്ട് സിനിമ പേര് വായിച്ചവസാനിപ്പിച്ച ശേഷം ഏട്ടനോട് ചോദിച്ചു  'എന്റെ ഏട്ടാ ഇങ്ങനേയും ഒരു സിനിമ ഇറങ്ങിയോ?'

ഞാൻ ഇത്തിരി അദ്ഭുതത്തോടെയാണ് ഏട്ടനോട് ചോദിച്ചത്. മയങ്ങുകയായിരുന്ന ഏട്ടൻ ഞെട്ടിയുണർന്ന് ചോദിച്ചു എന്താ ?  'കണക്കൻ മണി' ന്നൊരു സിനിമ ഇറങ്ങീട്ടുണ്ടോ ?
എന്റെ ചോദ്യം കേട്ടതും ഞെട്ടിപ്പിടഞ്ഞ് ഏട്ടൻ ടി.വി. യിലേക്ക് നോക്കി. എന്നിട്ട് ചോദിച്ചു എന്താ നീ പേര് വായിച്ചേ ? ഞാൻ കൂളായി പറഞ്ഞു കൊടുത്തു. 'കണക്കൻ മണി'.

ഏട്ടൻ ദേഷ്യത്തോടെ ടി.വി ഓഫ് ചെയ്തു എന്നിട്ട് ഇങ്ങനെ പറഞ്ഞു കൊണ്ട് അവിടുന്ന് പോയി. 'ഇവന് തലക്ക് പരിക്കു പറ്റിയപ്പോ വായന ശേഷിയും പോയീ ന്നാ തോന്ന്ണേ, കാണാക്കണ്മണി എന്നു എഴുതിയത് 'കണക്കൻ മണി' ന്നൊക്കെ വായിക്ക്ണെ.'
ഞാൻ സോഫയിൽ അന്തം വിട്ട് കുന്തം വിഴുങ്ങി റിമോട്ടും പിടിച്ച് ഒരു പുളിങ്ങാചിരിയും ചിരിച്ചു കൊണ്ട് നാല് പാടും നോക്കി ആരും അത് കണ്ടിട്ടില്ല,കേട്ടിട്ടില്ല എന്നു ഉറപ്പു വരുത്തി ഇരുന്നു.

Wednesday, 14 September 2011

ഈ മണ്ടൂസന്റെ ഓരോ കാര്യങ്ങളേയ് !

ഇത് ഞാൻ തൃശ്ശൂരിൽ മൾട്ടീമീഡിയ(2003) പഠിക്കുന്ന് കാലത്ത്  പ്രീമിയർ എന്ന ആദ്യകാലത്തെ ഒരു എഡിറ്റിംഗ് സോഫ്റ്റ് വെയറിൽ ചെയ്ത ഒരു എഡിറ്റിംഗ് വർക്ക് ആണ്.
അതുകൊണ്ട് ഇതിനെ ഒരു വലിയ വിമർശകന്റെ കണ്ണുകൾ കൊണ്ട് കാണാൻ ശ്രമിക്കരുത്.Tuesday, 13 September 2011

ഞങ്ങളു പാരമ്പര്യായിട്ട് കമ്മ്യൂണിസ്റ്റ്കാരാ

കറേയായി സംഭവകഥകൾ പറയുന്നു. ഇനി ഒരു കേട്ടകഥയാവാം. ഒരു കെട്ടുകഥ എന്നും പറയാം.

നാട്ടിൽ ഒരു വനിതാ എൽ.ഐ.സി ജീവനക്കാരി ഉണ്ടായിരുന്നു. സാമാന്യം നന്നായി ആളുകളെ ചാക്കിട്ടു പിടിക്കുന്ന ഒരു വനിതാ തൊഴിലാളി. ഒരുപാട് കാലം ഈ പണിയുമായി നടന്നിട്ടും നാട്ടിലെ ആളുകൾക്കൊന്നും തന്നെ അറിയില്ല എന്ന ഒരു പരാതി പുള്ളിക്കാരിക്ക് ഉണ്ടായിരുന്നു. അങ്ങനെ ആലോചിച്ചിരിക്കുമ്പോഴാണ് ആ ആശയം ഭവതിയുടെ മനസ്സിൽ വന്നതു. ഈ എൽ.ഐ.സി കൊണ്ട് ഒന്ന് നാട് ചുറ്റാം. കിട്ടുന്ന ആളുകളെ ചെർക്കുകയും ചെയ്യാം, ഒരുപാട് ആളുകൾക്ക് തനിയ്ക്കെന്താ പണിയെന്ന് മനസ്സിലാവുകയും ചെയ്യും. അങ്ങനെ ഭവതി രണ്ട് കൂട്ടുകാരികളേയും കൂട്ടി ചാക്കിടാനും, പരിചയപ്പെടാനും വേണ്ടി നാട്ടിലേക്ക് ഇറങ്ങി.

പല വീടുകളിലും കയറി, സസാരിച്ചു, പലരേയും എൽ.ഐ.സി യിൽ ചേർത്തു, ചില സ്ഥലങ്ങളിൽ നിന്ന് നല്ല ചീത്തയും കിട്ടി. 'രാവിലെ ഇങ്ങ്ട് എറങ്ങിക്കോളും ഒരു പണിയും ഇല്ലാണ്ടെ, ഒരു ബാഗും തോളിൽ തൂക്കിയാ ഒക്കെ ആയി ന്നാ വിചാരം' ഇങ്ങനെയൊക്കെ പലതും പല സ്ഥലത്ത് നിന്നും കേട്ടു. പക്ഷെ ഭവതി പിന്തിരിയാൻ ഒരുക്കമില്ലായിരുനു. 'മുന്നോട്ട് വച്ച കാൽ പിന്നോട്ട് ഇല്ല, എന്തായാലും നേരിടുക തന്നെ' ഈയമ്മ മനസ്സിലുറപ്പിച്ചു. അങ്ങനെ കുറേ ദൂരം നടന്നു, പല ആളുകളേയും ചേർത്തു.അങ്ങനെ അവരിൽ കുറച്ചു സന്തോഷം മൊട്ടിട്ടു. കാരണം ഇനിയെന്തായാലും നാട്ടിൽ ആരും തന്നെ കണ്ടാൽ എന്താ ഇതിന് പണീ ന്ന് സശയിച്ചു നോക്കില്ല. ഈയമ്മയുടെ മനസ്സിൽ ആ സന്തോഷം അലതല്ലി.

അങ്ങനെ ഒരു വീട്ടിൽ ചെന്ന് കയറി. നടന്ന് നടന്ന് ഒരുപാടായി, ആളുകളോട് വിശദീകരിച്ചും, നാട്ടുവിശേഷങ്ങൾ പറഞ്ഞും എല്ലാവർക്കും മടുത്ത് തുടങ്ങി. അങ്ങനെ ചെന്നു കയറിയ പാടേ ആരോ, എന്തൊക്കെയോ, എൽ.ഐ.സി യെ കുറിച്ച് വിശദീകരിച്ചു പറഞ്ഞു. വീട്ടിൽ ഒരു സ്ത്രീ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പാവം സ്ത്രീ സാരിതലപ്പു കൊണ്ട് പിന്നിലൂടെ ചുറ്റി മുന്നിലേക്കിട്ട് വയറിനോട് ചേർത്ത് പിടിച്ച് ചുമരും ചാരി നിന്ന് എല്ലാം ക്ഷമയോടെ കേട്ടു. പറയുന്ന സംഭവങ്ങളോടൊക്കെ ആ സ്ത്രീ നന്നായി നന്നായി ചിരിച്ചു പ്രതികരിക്കുന്നത് കണ്ടപ്പഴേ എൽ.ഐ.സി  ജീവനക്കാരിക്ക് ഉഷാറായി. അവർ ചേരും എന്ന് മനസ്സിലുറപ്പിച്ച് സ്ത്രീ ബാഗിൽ നിന്ന് ബൂക്കും പേനയും എടുത്ത് എഴുതാൻ ഉഷാറായി. എന്നിട്ട് ആ പാവത്തിനോട് ചോദിച്ചു.
'ന്നാ   എല്ലാവരീം ചേർക്കാ മ്മക്ക്.'

ആ പാവം സ്ത്രീ ചുമരും ചാരി നിന്ന് കൊണ്ട് തന്നെ വളരെ ശാന്തമായി എൽ.ഐ.സി ക്കാരിയോട് ഇങ്ങനെ പറഞ്ഞു. 'ഞ്ഞങ്ങളു പാരമ്പര്യായിട്ട് കമ്മ്യൂണിസ്റ്റ് കാരാ, വേറെ ഏതെങ്കിലും പാർട്ടീ ചേർന്നു ന്ന് പറഞ്ഞാ ഏട്ടനു അതിഷ്ട്ടാവില്ല. അതോണ്ട് ങ്ങളൊക്കെ ഇപ്പൊ പൊയ്ക്കോളിൻ.'
അതും കേട്ട് അവിടുന്ന് ഇറങ്ങിയ നമ്മുടെ എൽ.ഐ.സി യും സംഘവും വേറെ എവിടേയും കയറി തന്നെ പരിചയപ്പെടുത്താൻ നിൽക്കാതെ സ്വന്തം വീടുകളിലേക്ക് പോയി. എൽ.ഐ.സി യ്ക്കും കൂട്ടാളികൾക്കും നല്ലൊരു ഉറക്കം വേണ്ടി വന്നു ആ മറുപടിയുടെ ക്ഷീണം തീർക്കാൻ.

Friday, 9 September 2011

ത്സാൻസീ റാണി(നാക്ക് വാളാണെങ്കിൽ മാത്രം)!

എന്റെ പ്രിയ സുഹൃത്തുക്കളെ ഞാൻ ഇനി നാട്ടിലെ ഒരു സംഭവം പറയാം. ഇതിലെ കഥാപാത്രങ്ങൾ എനിക്കു വളരെ അടുത്ത് താമസിക്കുന്നതാണു. അതു കൊണ്ട് ഇതിനെപറ്റി പറഞ്ഞ് പറഞ്ഞ് ഒരു 'പബ്ലിക്കിറ്റി' ആക്കരുത്.

ഞ്ഞങ്ങൾ കളിക്കുന്ന പാടത്തിന്റെ മേൽഭാഗത്തായി കുറച്ച് സ്ഥലം(പാടം), ഞൻ മുൻ പോസ്റ്റുകളിൽ വിവരിച്ചു പറഞ്ഞ നമ്മുടെ സുരേട്ടന്റെ വകയാണു. അവിടെ ഇടക്കിടെ സുരേട്ടന്റെ അഛൻ ചിന്നക്കുട്ടേട്ടൻ വന്ന് കണ്ട് പോവാറുണ്ട്. ഞങ്ങളുടെ കളി വളരെ നന്നായി പുരോഗമിക്കുമ്പോഴായിരുന്നു, അന്ന് ചിന്നക്കുട്ടേട്ടന്റെ വരവ്. അദ്ദേഹത്തിന്റെ പാടത്തിനടുത്ത് രണ്ട് വീടുകളുണ്ട്. ഒന്ന് ഞങ്ങളുടെ കൂടെ കളിക്കുന്ന എന്റെ സുഹൃത്തുക്കളായ സനുവിന്റേയും, അനുജൻ പ്രമോദിന്റേയും വീട്, മറ്റേത് കളിക്കാനൊന്നും മക്കളെ വിടാത്ത മാളു ഉമ്മയുടെ വീട്.

അങ്ങനെ അന്നും ചിന്നകുട്ടേട്ടൻ പാടത്തേക്ക് വന്നു. പാടങ്ങൾ വിശദമായി പരിശോധിക്കുന്ന നേരത്താണു അത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടത്. താൻ പശുക്കൾക്ക് വേണ്ടി അരിയാൻ കാത്തുവച്ച പുല്ല് ആരൊ അരിഞ്ഞെടുത്തിരിക്കുന്നു. അങ്ങേർക്കു സശയമൊന്നും ഇല്ലായിരുന്നു അത് എടുത്തത്  ആരാണെന്നു ?കാരണം അതിന്റെ ആവശ്യകാർ അടുത്ത വീട്ടിലെ മാളുമ്മ ആയിരുന്നു.
ഉമ്മയുടെ വീട്ടിൽ ആടുകൾ ഉണ്ടായിരുന്നു.

ചിന്നകുട്ടേട്ടൻ നേരം കളയാതെ മാളുമ്മയെ വിളിച്ച് കാര്യം തിരക്കി. 'ഇതാരാ മാള്ഓ ഈ പുല്ലൊക്കെ അരിഞ്ഞെ' ?
മാളുമ്മയുടെ മറുപടി കുറച്ചു ധാർഷ്ട്യത്തിൽ ആയിരുന്നു. 'ആരായാ ന്താ ?
ങ്ങളു പുല്ലല്ലല്ലോ തിന്നണത് '!
അപ്പോളും ചിന്നകുട്ടേട്ടൻ മാന്യത വിട്ടില്ല. ഇങ്ങനെ ചോദിച്ചു. 'ന്നാലും യ്യ് ഇന്റെ പാടത്ത് ന്ന് പുല്ലരിയുമ്പോ ന്നോടൊന്ന് ചോയിക്കണ്ടെ?'
ഇത് കേട്ടതൊടെ മാളുമ്മയുടെ സകല നിയന്ത്രണവും നഷ്ട്ടപ്പെട്ടു. ആയിരം ആളുകൾ ഒരുമിച്ച് വന്നാലും പൊരുതി നിൽക്കാൻ മാളുമ്മയെ സഹായിക്കുന്ന തന്റെ ഉടവാൾ ഉറയിൽ നിന്ന് വലിച്ചൂരി അത് ചിന്നക്കുട്ടേട്ടന്റെ നേർക്ക് വീശി.
'ആരുക്കും വേണ്ടാണ്ട നിക്കണ പുല്ലരിയാൻ അന്നോട് ചോയിക്കാൻ ഇക്ക് വയ്യ'.
&*%$#@$%^&***&^%$$##@#$%^^&*&*^%$#@$%%
^%$#@$#%^&**&^%%$###$%$%
യ്യന്റെ പണി നോക്കി പോട മൊട്ടേ അവ്ട്ന്ന് '.
സംഭവങ്ങൾ ഇത്രത്തോളം ആയപ്പൊ ഞങ്ങൾ കളി നിർത്തി. ഒരു വാക്പയറ്റിനു ചെവിയോർത്തു. പക്ഷെ ചിന്നകുട്ടേട്ടന്റെ ഒരു തണുപ്പൻ ക്ഷമ കാരണം ഒരു വാക്പയറ്റ് ഞങ്ങൾക്ക് മിസ്സ് ആയി. മാളുമ്മയോട് ഒന്നും പറയാതെ ചിന്നകുട്ടേട്ടൻ തിരിച്ചു നടന്നു. ഒരു വാക്പയറ്റ് നഷ്ടമായതിൽ ഞങ്ങൾക്ക് നല്ല നിരാശ തോന്നി. പക്ഷെ തിരിഞ്ഞു പോവുമ്പോൾ ചിന്നകുട്ടേട്ടൻ ഇങ്ങനെ പിറുപിറുക്കുന്നുണ്ടായിരുന്നു.'യ്യതോക്കെ പറയും മാള്ഓ, യ്യതോക്കെ പറയും'. 

Wednesday, 7 September 2011

ഡാ മനേഷേ...യ്യ് മാനല്ലടാ...

പഴയ സംഭവങ്ങൾ കുറെ ഓർത്തു. ഇനി നമുക്കു എനിക്ക് അപകടം പറ്റുന്നതിന്റെ ഏകദേശം ഒരു വർഷം മുൻപ് നടന്ന ഒരു കാര്യം നോക്കാം.

ഞാൻ എറണാംകുളത്ത് ടൂൺ കർമ്മ യിൽ ജോലി ചെയ്യുന്ന സമയത്ത് നടന്ന ഒരു സംഭവം നോക്കാം. ഞാൻ, എന്റെ ട്രൈൻ സുഹൃത്ത് പ്രമോദ്, ഞങ്ങളുടെ സംവിധായകൻ റാം, പ്രധാന ആർട്ടിസ്റ്റുകളായ അഭിലാഷ്, ടോണി,സന്ദീപ്,ശബ്ദത്തിന്റെ കലാകാരൻ ഹരീഷ്, ഗോപാൽജി, വേറൊരു വെബ് ഡിസൈനർ സന്ദീപ് തുടങ്ങിയവർ അടങ്ങിയതായിരുന്നു ടൂൺകർമ്മയിലെ സഹപ്രവർത്തകർ. ഞങ്ങളുടെ ബോസ് ഒരു മഹേഷ് സർ ആയിരുന്നു. ഒരു പാവം പ്രോഗ്രാമർ. അദ്ദേഹം ആരോടും അങ്ങനെ ദേഷ്യപ്പെട്ട് ഞാൻ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ എല്ലാവരും ജോലിയിൽ ഒരു അർപ്പണ മനോഭാവം കാണിച്ചിരുന്നു. 'സമ്മർദ്ദം അല്ല ഒരാളെ ജൊലി ചെയ്യാൻ പ്രേരിപ്പിക്കേണ്ടത്, മറിച്ച് അതിനോടുള്ള ഇഷ്ടമാണ് ' എന്ന സിദ്ധാന്തം വളരെ നന്നായി നടന്ന് പോകുന്ന ഒരു സ്ഥാപനം ആയിരുന്നു ടൂൺ കർമ്മ. അതുകൊണ്ട് തന്നെ അതിലെ ആർക്കും വല്ലാത്ത സമ്മർദ്ദം അനുഭവിക്കേണ്ടി വന്നിരുന്നില്ല.
ഞാൻ manesh mann എന്നാണ് സ്വന്തം പേര് പലയിടങ്ങളിലും ഉപയോഗിച്ചിരുന്നത്. ടൂൺ കർമ്മയിൽ ഉള്ള എല്ലാവരും എന്നെ 'മാൻ' എന്നാണ് വിളിച്ചിരുന്നത്. ഉച്ചാരണം ഞാൻ ഉദ്ദേശിക്കുന്നതതല്ലെങ്കിലും, എനിക്കാ വിളി നല്ല ഇഷ്ടാമായിരുന്നു. പ്രത്യേകിച്ച് റാമിന്റേയും,അഭിലാഷിന്റേയും, കഥാനായകൻ സന്ദീപിന്റേയും വിളികൾ.

ടൂൺ കർമ്മയിൽ നിന്ന് ഏകദേശം ആറു മണിയോടെ ഞാൻ ഇറങ്ങും.ഇറങ്ങുമ്പോൾ അഭിലാഷോ ടോണിച്ചനോ ആരെങ്കിലും കടവന്ത്ര വരെ കൂടേയുണ്ടാകും. അന്നു കൂടെ ടോണിച്ചനും അഭിലാഷും ഉണ്ടായിരുന്നു. ഞങ്ങൾ ഒരു ബ്ലോഗ് എഴുതുന്നതിനെ കുറിച്ചു കൂലങ്കഷമായ ചർച്ചയിൽ ആയിരുന്നു. ഇത് കേട്ട് കൂടെ വന്ന ആർട്ടിസ്റ്റ് സന്ദീപിന് ആകെ കലിപ്പിളകിക്കൊണ്ടിരുന്നു.
ടോണി: എടാ മനേഷെ, ഈ ബ്ലോഗെഴുത്ത് അത്ര സിമ്പിൾ  പരിപാടിയൊന്നുമല്ല.
അഭിലാഷ്: അല്ലെങ്കിലും, ഒന്നും അത്ര സിമ്പിൾ ഒന്നുമല്ല. നമ്മുടെ ആഗ്രഹം പോലിരിക്കും.
ടോണീ: എന്നാലും ഈ വിശാല മനസ്കന്റേയും ബർളിയുടേയും എഴുത്ത് കൊള്ളാം ട്ടോ.
അഭിലാഷ്: അതുപോലെ ഒരിക്കൽ നമ്മുടെ പേരും ആരെങ്കിലുമൊക്കെ പറഞ്ഞു നടക്കും, ഉറപ്പാ !
ഞാൻ: അങ്ങനെയാവട്ടെ, നമ്മൾ ശ്രമിക്കും ബാക്കിയെല്ലാം വിധിപോലെ.

ഇതൊക്കെ കേട്ട് സന്ദീപിന് ഭ്രാന്ത് പിടിച്ചു. അവൻ പറഞ്ഞു നിങ്ങളീ സംസാരം ഇവിടെ വച്ചു നിർത്ത്വാണെങ്കിൽ എന്റെ വക മനോരമയുടെ അടുത്ത് നിന്ന് തട്ടുകട  തട്ടൽ ഫ്രീ. അങ്ങനെ ഞങ്ങളെല്ലാവരും സന്ദീപിന്റെ ആ ഓഫർ സ്വീകരിച്ചു. ആ സംസാര വിഷയം അവിടെ വച്ച് നിർത്തി.എന്നിട്ട് ഞങ്ങൾ മനോരമ ജംഗ്ഷനിലേക്ക് തട്ടുകടയെ ലക്ഷ്യമാക്കി നടന്നു.

ടോണിച്ചൻ പറഞ്ഞ നല്ലൊരു തട്ടുകടയെ ലക്ഷ്യമാക്കി ഞങ്ങൾ നീങ്ങി. അവിടുന്നു ടോണിച്ചനും കാഷ്യർ സന്ദീപും ഒരോ കടിയും ചായയും കഴിച്ച് പരിപാടി അവസാനിപ്പിച്ചു. കടിക്കും ചായക്കും ഒക്കെ മൂന്ന് രൂപയായിരുന്നു.
എന്നാൽ അഭിലാഷും ഞാനും പിശുക്കൻ സന്ദീപിനെ അങ്ങനെ വിടാൻ ഒരുക്കമല്ലായിരുന്നു. ഞങ്ങൾ സന്ദീപിനോടുള്ള ദേഷ്യം തീർക്കാനെന്നവണ്ണം, കായബജികൾ ഓരോന്നായി അകത്താക്കികൊണ്ടിരുന്നു. സന്ദീപും ടോണിച്ചനും 'ഉദാരവൽക്കരണത്തെ' പറ്റിയും 'അമേരിക്കൻ നയങ്ങളെ' കുറിച്ചും ഗംഭീര ചർച്ചയിൽ ആയിരുന്നു. ചർച്ചയൊക്കെ കഴിഞ്ഞ് അവൻ പൈസ കൊടുക്കാൻ വന്നു. 'ഡാ അഭ്യേ, മാനേ അവസാനിപ്പിച്ചില്ലേ ?' അവൻ ഞങ്ങളോട് ചോദിച്ചു. 'അതൊക്കെ കഴിഞ്ഞു, നീ പൈസ കൊടുത്ത് വാടാ' അഭിലഷ് പറഞ്ഞു.

അങ്ങനെ അവൻ ചെന്ന് ചോദിച്ചു, 'ഏട്ടാ എത്രേയി ?' എന്നിട്ട് പാന്റിൽ നിന്ന് പേഴ്സ് എടുക്കാൻ തുടങ്ങി. സംഭവത്തിന്റെ ക്ലൈമാക്സ് എകദേശം അറിയാവുന്നതുകൊണ്ട് ഞാനും അഭിയും അവിടുന്ന് മെല്ലെ നടന്നു തുടങ്ങി. ഞങ്ങൾ കുറച്ചു ദൂരം ചെന്ന് തിരിഞ്ഞു നിന്നു.
'നൂറ്റിരണ്ട് രൂപ' കടക്കാരൻ വളരെ സന്തോഷത്തോടെ അവനോട് പറഞ്ഞു. അതു കേട്ടതും അവൻ വളരെ ദയനീയമായി ഞങ്ങളെ രണ്ട് പേരെയും നോക്കി. എന്നിട്ട് കാശ് കൊടുത്തു. എന്റേയും അഭിയുടേയും കണക്കുകൂട്ടലിൽ അയാൾക്ക് കണക്ക് തെറ്റിയിരിക്കുന്നു. ഞങ്ങളുടെ കൂട്ടലിൽ അതു വളരെ കുറഞ്ഞു പോയിരിക്കുന്നു. സന്ദീപ്, പൈസ കൊടുത്ത് ഞങ്ങളുടെ കൂടെ എന്നെ ബസ് കയറ്റാൻ വേണ്ടി മനോരമ ജംഗ്ഷനിലേക്ക് നടക്കുന്നതിനിടയിൽ എന്നെ ചൂണ്ടി  ആക്രോശിച്ചു കൊണ്ട് പറഞ്ഞു.
'ഡാ മനേഷേ,...... യ്യ് മാനല്ലടാ,... പന്ന്യാ....  പന്നി.'

Monday, 5 September 2011

സ്നേഹിക്കാൻ പഠിക്കാൻ ഒരു സർവകലാശാല !

എന്റെ ഒരു പ്രിയ സുഹൃത്ത് കഴിഞ്ഞ പോസ്റ്റ് വായിച്ച് എന്നോട് പറഞ്ഞു "മനേഷേ നീ പോസ്റ്റിലെ വിഷയങ്ങൾ ആവർത്തിക്കാതിരിക്കാൻ നോക്കണം"എന്ന്. പക്ഷെ സുഹൃത്തേ ഒരു കാര്യം,
ഞാൻ സ്നേഹത്തെ കുറിച്ചാണ‌ല്ലോ എഴുതുന്നത്. അപ്പോൾ അതെങ്ങനെ എനിക്ക് ആവർത്തിക്കാതിരിക്കാൻ കഴിയും ? നിങ്ങളുടെ അടുത്തു നിന്നൊക്കെ ഒരു കടലോളം സ്നേഹം കിട്ടുന്ന എനിക്ക് എങ്ങിനെ ബ്ലോഗ്ഗിൽ സ്നേഹത്തെ കുറിച്ച് ചുരുക്കി എഴുതാൻ കഴിയും ? എനിക്കുറപ്പ് ഉണ്ട് നീ ഇതു എന്നോട് ക്ഷമിക്കുമെന്ന്. എനിക്ക് കിട്ടുന്ന സ്നേഹത്തിനെ കുറിച്ചു എഴുതുവാൻ ഈ ബ്ലോഗുകൾ ഒന്നും തികയില്ല!

ഒരു കടലോളം സ്നേഹം അനുഭവിക്കേണ്ടി വന്ന എനിക്ക് ഒരു കുളം പോലുള്ള ചെറിയ അളവിലുള്ള സ്നേഹമെങ്കിലും നിങ്ങൾക്കൊന്നും നൽകാൻ കഴിഞ്ഞില്ലെങ്കിൽ അതു ഞാൻ എന്നെ തന്നെ വഞ്ചിക്കുന്നതിനു സമമാകും. ഒരു താമര, പ്രപഞ്ചത്തിലെ ഏറ്റവും വലിയ ഊർജ്ജ സ്രോതസ്സായ സൂര്യനിൽ നിന്നും നേരിട്ട് ഊർജ്ജം സ്വീകരിക്കുന്നു. അതു പോലെ സ്നേഹത്തിന്റെ സവകലാശാലയായ തിരുവനന്തപുരം ശാന്തിഗിരി എന്ന ആശ്രമത്തിലെ കൂറ്റൻ വെണ്ണക്കൽ താമര സൂര്യനിൽ നിന്ന് നേരിട്ട് ഊർജ്ജം സ്വീകരിച്ച് അതിനകത്തു വരുന്നവർക്ക് എല്ലാവർക്കും നൽകുന്നു. ആ വെണ്ണക്കൽ താമരയുടെ ഊർജ്ജം സ്വീകരിക്കാൻ നമ്മുടെ വംശമോ, കുലമോ, ഗോത്രമോ ഒന്നും ഒരു തടസ്സമല്ല.സ്നേഹം അതിന്റെ ശരിയായ രൂപത്തിൽ അവിടുന്ന് നമുക്ക് ലഭിക്കുന്നു.നമ്മൾ എന്ത് ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും വിശ്വസിച്ചാലും കുഴപ്പമില്ല, അവിടെ എത്തിയാൽ നമുക്ക് ശരിയായ സ്നേഹം എന്താണെന്നും അത് എങ്ങിനെയാണെന്നും മനസ്സിലാകും.

ആഹാരം,വസ്ത്രം,പാർപ്പിടം എന്നിവയാണു നമ്മൾ പഠിച്ച, മനുഷ്യന് വേണ്ട പ്രാഥമിക ആവശ്യങ്ങൾ. ഇതിൽ വസ്ത്രമില്ലാതെയും,പാർപ്പിടമില്ലാതെയും നമുക്ക് ജീവിക്കാം. പക്ഷെ ആഹാരമില്ലാതെ നമുക്കു ജീവിക്കുക അസാധ്യം.ഇതിനെല്ലാം ഉപരി സ്നേഹമില്ലാതെ ഒരു മനുഷ്യനു, ഈ ലോകത്ത്, നമുക്കിടയിൽ ജീവിക്കുക വളരെ പ്രയാസം. അങ്ങിനെ വരുമ്പോൾ നമ്മുടെ പ്രാഥമിക ആവശ്യങ്ങൾ ആഹാരം,സ്നേഹം എന്നിങ്ങനെ രണ്ടായി ചുരുങ്ങുന്നു. ഇങ്ങനേയുള്ള പ്രാഥമിക ആവശ്യങ്ങൾ നടത്തിത്തരുന്ന സ്ഥലത്തെ നമ്മൾ എങ്ങിനെ കാണും ? പുണ്യ സ്ഥലമോ അതോ ക്ഷേത്രമോ ? അതുകൊണ്ടാണു ഞാൻ ശാന്തിഗിരിയെ 'സ്നേഹത്തിന്റെ സർവകലാശാല' എന്ന് വിളിക്കാൻ ഇഷ്ടപ്പെടുന്നത്. നമ്മുടെ രാഷ്ടൃപതി വെണ്ണക്കൽ താമര ഉദ്ഘാടനത്തിനു വന്നപ്പോൾ പറയുകയുണ്ടായി 'ശാന്തിഗിരി' ഒരിക്കൽ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകും എന്ന്. ആ കാലം വിദൂരത്തല്ലെന്ന് തെളിയിക്കുംവിധമാണു ശാന്തിഗിരിയുടെ ഇപ്പോഴത്തെ പോക്ക്. എല്ലാവർക്കും പ്രാഥമിക ആവശ്യങ്ങളായ ഭക്ഷണം,സ്നേഹം എന്നിവ കൊടുക്കുക എന്ന ഗുരുവിന്റെ ആഗ്രഹത്തിലൂടെ മാത്രം നീങ്ങുകയാണെങ്കിൽ ശാന്തിഗിരി അധികം വൈകാതെ തന്നെ ഈ ലോകത്തിന്റെ മുഴുവൻ ശ്രദ്ധാകേന്ദ്രമാകും എന്നുറപ്പാണു.എന്റെ പ്രിയ സുഹൃത്തുക്കളേ എന്റെ ജീവിത വർഷ,ശിശിര,ഗ്രീഷ്മ,വസന്ത കാലങ്ങളിൽ ധാരാളം തമാശ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതെല്ലാം ഈ ബ്ലോഗിൽ വരും പോസ്റ്റുകളിൽ പ്രതീക്ഷിക്കാം.സന്തോഷകരമായ എന്റെ പോളി കാലഘട്ടം, അതിനു ശേഷം വന്ന എനിക്ക് മറക്കാനാവാത്ത ട്രൈൻ യാത്രാ കാലം,പിന്നീട് വന്ന എന്റെ പാലക്കാട് ആദ്യ ജോലി അനുഭവങ്ങൾ, അതിനു ശേഷമുള്ള എറണാംകുളം ജോലി അനുഭവങ്ങൾ അങ്ങനേയങ്ങനെ എനിക്കു ഓർത്തു സന്തോഷിക്കാൻ നിരവധി ഓർമകൾ ഉണ്ട്. അതിലൂടെയെല്ലാം നല്ല ഒരു യാത്ര നമുക്കു വരും പോസ്റ്റുകൾ വഴി നടത്താം. ആദ്യത്തെ രണ്ടു പോസ്റ്റുകളിൽ, എന്റെ ആക്സിഡന്റ് കഴിഞ്ഞ് വിശ്രമിക്കുന്ന സമയങ്ങളിൽ എന്റെ മനസ്സിനെ സ്പർശിച്ചുകൊണ്ട്  കടന്നു പോയ കാഠിന്യമേറിയ അനുഭവങ്ങൾ വളരെ തീക്ഷ്ണത കുറച്ചു കൊണ്ട് ഞാൻ വിവരിക്കുന്നതാണു. വരും പോസ്റ്റുകളിൽ നമുക്ക് അനുഭവങ്ങൾ കൂടുതൽ സന്തോഷകരമാക്കാം.

അന്താക്ഷരി അഥവാ അന്തമുള്ളവരുടെ പാട്ട് !

ഞ്ഞങ്ങൾ നാട്ടിലുള്ളവ്ർക്ക് ഒരു അസ്ക്യതയുണ്ട്, ഏതെങ്കിലും കൂട്ടുകാരന്റെ കല്യാണത്തിന്റെ തലേദിവസം, അട്ടവും, പാട്ടും, ചില ആളുകൾ വെള്ളമടിയും ഒക്കെ ആയി ആ ദിവസം ഞങ്ങൾ ശിവരാത്രി ആക്കും. അങ്ങിനെ ഒരു കല്ല്യാണത്തലേന്ന് ഞങ്ങൾ എല്ലാവരും ഒത്തുകൂടി. സുരേട്ടൻ, പ്രസാദേട്ടൻ, ജ്യേഷ്ഠസുഹൃത്ത് സ്വാതി മനോജ്, സൈഫു, ഷിജു, പുലാശ്ശേരിയുടെ ഗായകൻ രവി,സുധി അങ്ങിനെ ഒരുപാട് പേരുണ്ട്. ഞങ്ങളങ്ങനെ തകർക്കുകയായിരുന്നു. അപ്പോൾ സുരേട്ടൻ പറഞ്ഞു നമുക്ക് 'അന്താക്ഷരി കളിക്കാം'. ഞങ്ങളൊക്കെ സമ്മതിച്ചു. അങ്ങനെ കളി തുടങ്ങി, അത് ശക്തിയായി മുന്നേറി.

സംഗീതം സിംഹത്തിന്റെ മടയിൽ പോയി അഭ്യസിക്കുന്ന മനോജ്, ഷിജു അങ്ങനേയുള്ളവർ ഒരു ചേരിയിലും, ഞങ്ങൾ വായ്പാട്ടുകാർ സൈഫു, സുരേട്ടൻ, സുധി,രവി,ഞാൻ തുടങ്ങിയവർ എതിർ ചേരിയിലും. അന്താക്ഷരി അന്തമില്ലാതെ അങ്ങനെ മുന്നേറിക്കൊണ്ടിരുന്നു. ഒരു പാട്ടിന്റെ നാലു വരിയെങ്കിലും ഒരു ടീം പാടണം. അതിന്റെ മൂന്നാമത്തെ വരിയുടെ അവസാനത്തെ അക്ഷരം വച്ച് എതിർ ടീം തുടങ്ങണം. അങ്ങിനേയാണു അന്താക്ഷരി കളിയുടെ നിയമം. ഏതെങ്കിലും ടീമിനു അതിനു കഴിഞ്ഞില്ലെങ്കിൽ ആ ടീം തോൽക്കും. ഞങ്ങളുടെ ടീമിൽ രവി ഉള്ളതു കൊണ്ടു ഞങ്ങൾ ഒരുവിധം പിടിച്ചു നിന്നു.
രവി അല്ലാതുള്ളവരൊക്കെ വായ്പാട്ടുകാരായിരുന്നു.

അങ്ങനെ കളി മുന്നേറുന്നതിനിടയിൽ മനോജിന്റെ ടീം 'റ' എന്ന അക്ഷരത്തിൽ മൂന്നാം വരി അവസാനിക്കുന്ന ഏതോ ഒരു പാട്ടു പാടി. ഞങ്ങൾ കൂലങ്കഷമായി ആലോചിച്ചു. എത്ര ആലോചിച്ചിട്ടും 'റ' യിൽ തുടങ്ങുന്ന ഒരു പാട്ട് ഞങ്ങൾക്ക് കിട്ടുന്നില്ല. പക്ഷെ തന്ത്രപരമായി കാര്യങ്ങളെ നേരിടുന്നതിൽ വിദഗ്ധരായ ഞങ്ങളുടെ ടീമിൽ നിന്ന് സൈഫു ആ വെല്ലുവിളി സധൈര്യം ഏറ്റെടുത്തു. അവൻ പാടിയതു ഒരു തകർപ്പൻ പാട്ടായിരുന്നു. അതിങ്ങനെ
             
                 റോജബക്കിടി സോട്ടെ,
                 റോമനടി സോട്ടെ,
                 അദ്നാബിസ് ഇദ്നാബിസ്
                 എക്സറടി സോട്ടെ.

ആ പാട്ടോട് കൂടി ആ അന്താക്ഷരി കളി അവിടെ അവസാനിച്ചു. ഞങ്ങളുടെ എതിർ ടീം തോറ്റതായി പ്രഖ്യാപിക്കപ്പെട്ടു. അങ്ങനെ ഞങ്ങളുടെ അന്താക്ഷരി അന്തമില്ലാതെ അവസാനിച്ചു. പക്ഷെ അങ്ങനെ തോറ്റതായി പ്രഖ്യാപിക്കപ്പെട്ട് അന്തം വിട്ട് ഇരിക്കുമ്പോഴും സംഗീത സാഗരത്തിൽ നീന്തിത്തുടിക്കുന്ന ഷിജു, മനോജ് പ്രഭൃതികൾക്ക് ആ സംശയം മാറിയിട്ടുണ്ടായിരുന്നില്ല. അങ്ങനേയൊരു മലയാളം പാട്ടുണ്ടോ ? 

Friday, 2 September 2011

സൈക്കിൽ യജ്ഞം ഒരു കൂതറക്കഥ !

എനിക്കൊരു കൂട്ടുകാരനുണ്ടായിരുന്നു. അവന്റെ പേരെന്തായാലും കുഴപ്പമില്ല, അവൻ ഈ നാട്ടിൽ വർഷങ്ങൾക്ക് മുൻപേ കുടിയേറി താമസിക്കുന്നതാണു എന്നു ഞാൻ പറയും, കാരണം അവനു മലയാളം അത്ര പിടിപാടില്ല. ഇനി പേരു ചോദിക്കരുത് കഥ പറയട്ടെ.അവൻ സൈക്കിൾ ഓടിക്കാൻ പഠിച്ചിട്ടേ ഉള്ളൂ. ആളുകൾ കൂടി നിൽക്കുന്ന ചായക്കടയുടെ അടുത്തൂടെയുള്ള പഞ്ചായത്ത് റോഡിൽ ക്കൂടി  അവൻ സൈക്കിൾ തകർത്തു ചവിട്ടുകയാണു. അപ്പോഴാണത് സംഭവിച്ചത്, ഒരു ഓട്ടോ ചീറി പാഞ്ഞ് വന്ന് അവന്റെ സൈക്കിളിനിട്ട് ചെറുതായി ഒരിടി കൊടുത്തു. ആകെ ആൾക്കൂട്ടമായി സംസാരിച്ച് സംസാരിച്ച് അങ്ങോട്ടും ഇങ്ങോട്ടും വാക്കേറ്റമായി, ഉന്തും തള്ളുമായി. പാവം എന്റെ സുഹൃത്ത് അവൻ കുറെ സംസാരിച്ചു നോക്കി, പക്ഷെ ഓട്ടോക്കാരുടെ അടുത്ത് അത് വല്ലതും നടക്കുമോ ?

അവസാനം ഒരു വയസ്സായ ആൾ ചായക്കടയിൽ നിന്നിറങ്ങി വന്ന് ഓട്ടോക്കാരനോട് സംസാരിച്ചു.
'നീയങ്ങനെ ആ പാവം പയ്യനെ കുറ്റം പറഞ്ഞ് രക്ഷപ്പെടാൻ നോക്കണ്ട. അവൻ ഒരു സൈഡിൽ കൂടി വരികയായിരുന്നു' അയാൾ പറഞ്ഞു. ഈ വാക്കേറ്റത്തിനും സംസാരത്തിനും ഇടയിൽ ആരൊക്കെ ആരുടെ ഭാഗം പറയുന്നു എന്ന് ആർക്കും തിരിച്ചറിയാൻ വയ്യ.'ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല, കുറ്റം മുഴുവൻ ആ ചെക്കന്റേയാ, എനിക്കൊന്നും ചെയ്യാനില്ല' ഇങ്ങനെ പറഞ്ഞ് ഓട്ടോക്കാരൻ കയ്യൊഴിഞ്ഞു. അപ്പോൾ ചായക്കടയിൽ നിന്നും ഇറങ്ങി വന്ന ആ വയസ്സൻ പറഞ്ഞു 'നീ അങ്ങനെ നല്ലപിള്ള ചമയണ്ട, ഞ്ഞങ്ങളൊക്കെ കണ്ടു നിൽക്കുന്നതാ. ആ പയ്യൻ നിരപരാധിയാ'.

ഇതു കേൾക്കേണ്ട താമസം പയ്യൻ ഉശിരോടെ ചാടി വന്നു. വന്നപാടെ അവൻ ആ പാവം മനുഷ്യനോട് തട്ടിക്കയറി. 'ദേ തന്തേ വയസ്സനാണെന്ന് ഞാൻ നോക്കില്ല, ഒറ്റചവിട്ടു വച്ചുതരും, ........ഞാനാ തന്തേ നിരപരാധി ? .......ആ ഓട്ടോക്കാരനല്ലേ നിരപരാധി ? അവിടെ കൂടി നിന്നിരുന്ന എല്ലാവരും ഒരു നിമിഷം അന്തം വിട്ട് നിന്നു.പിന്നെ പതുക്കെ ചിരിച്ചു കൊണ്ട് അവരവരുടെ സ്ഥലങ്ങളിലെക്ക് പോയി. ഇതിന്റെ അവസാനം ഓട്ടോക്കാരൻ ഓട്ടോക്കാരന്റെ വഴിക്കും നമ്മുടെ കഥാനായകൻ സൈക്കിൾ എടുത്ത് അവന്റെ വഴിക്കും പോയി. ആരും ആർക്കും കാശ് കൊടുക്കാതെ. പക്ഷെ അപ്പൊഴും ആ പാവം എന്റെ സുഹൃത്തിന്റെ സംശയം മാറിയിരുന്നില്ല- 'എന്നാലും എല്ലാവരുമെന്തേ പെട്ടെന്ന് സസാരം നിർത്തി, ചിരിച്ചു കൊണ്ട് പിരിഞ്ഞു പോയത് ?'
ഞാൻ പറയുന്ന കഥയിലെ കഥാപാത്രങ്ങൾ സാങ്കൽപ്പികമല്ല, അതു കൊണ്ട് ഇതിലെ പെരുകൾ ചിലതെല്ലാം ഞാൻ ഉണ്ടാക്കുന്നതാണ്. ഇതു വായിക്കുന്ന എന്റെ സുഹൃത്തുക്കൾ അവർക്കു മനസ്സിലാവുന്ന പേരുകൾ ആരോടും പറയാതിരിക്കുക.

ഡാ ഹാഷിമേ..ഇതൊരു അസുഖല്ലടാ.....!,

ഞാൻ എന്റെ പോളി കഴിഞ്ഞ് മൾട്ടീമീഡിയ പഠിക്കാൻ തൃശ്ശൂരിലെ അരീനയിലേക്ക് പോയിക്കൊണ്ടിരുന്ന സുന്ദര സുരഭില കാലഘട്ടം. പട്ടാമ്പിയിൽ നിന്നാണു ട്രൈൻ കയറേണ്ടത്. ഷാമോൻ, സാദിഖ്, ഷെമിൽ, ഹാറൂൺ വക്കീൽ, ഹരി തുടങ്ങിയ നിരവധി കൂട്ടുകാർ പട്ടാമ്പിയിൽ നിന്നുണ്ട്. കോഴിക്കോടിൽ നിന്ന് അരിക്കച്ചവടത്തിനു വേണ്ടി വരുന്ന രാജുവേട്ടൻ, ത്രിശ്ശൂർ എഞ്ചിനീറിങ്ങ് കോളേജിൽ ജോലിക്ക് വരുന്ന രാജുവേട്ടന്റെ സുഹൃത്ത് മഞ്ജുവേട്ടൻ, ഭ്രാന്താശുപത്രിയിൽ ജോലിക്ക് വരുന്ന മെന്റൽ വിശ്വേട്ടൻ, സംഗീതം പഠിക്കാൻ വരുന്ന ശാലിനി, താനൂരിൽ നിന്ന് ആർക്കിയോളജി വകുപ്പിൽ ജോലിക്ക് വരുന്ന മണിയേട്ടൻ, തിരൂരിൽ നിന്ന് രാജുവേട്ടന്റെ പാർട്ട്നർ അഷ്കർ, കുറ്റിപ്പുറത്ത് നിന്ന് അന്നു 'കൂതറ' ആയിട്ടില്ലാത്ത ഹാഷിം, ജ്യോതിഷ് എന്നിവർ പട്ടാമ്പിയിൽ നിന്ന് ഞങ്ങൾ, അങ്ങിനേയുള്ള വലിയൊരു സംഘമായിരുന്നു ഞങ്ങളുടെ യാത്രാ സംഘം. വളരെ സന്തോഷത്തോടെ ആടിയും പാടിയും ഉള്ള യാത്രയായിരുന്നു അതെല്ലാം.

ഞങ്ങൾ കുറച്ചു കോളേജ് പ്രായക്കാർക്ക് അതിനിടെ വരുന്ന തിങ്കളാഴ്ചയും വെള്ളിയാഴ്ചയും ഉത്സവദിനങ്ങളായിരുന്നു. കാരണം പി.സി. തോമസിന്റെ അടുത്ത് എൻട്രൻസ് കോച്ചിങ്ങിനു വരുന്ന കുട്ടികൾ (പെൺകുട്ടികൾ !)  വരുന്നതും പോകുന്നതും ആ ദിവസങ്ങളിലായിരുന്നു. ഇതിൽ ഞങ്ങളുടെ കൂടെയുണ്ടായിരുന്ന, അപ്പോൾ 'കൂതറ' ആയിട്ടില്ലാത്ത ഹാഷിമിന്റെ കൂടെ ഉള്ള ജ്യോതിഷ് ഒരു ശാന്തശീലനായ വായിനോട്ടക്കാരനായിരുന്നു. നടുറോഡാണെങ്കിലും ആശാൻ ഒരു പ്രശ്നവുമില്ലാതെ പാന്റ്സിന്റെ പോക്കറ്റിൽ കയ്യും തിരുകി 'ആ' എന്നു വായും പൊളിച്ച്, പെൺപിള്ളേരെ വായിൽ നോക്കും.

അന്ന് ട്രൈൻ ഇറങ്ങി ഞങ്ങളെല്ലാവരും വേഗത്തിൽ തങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് തിരക്കിട്ട് നടക്കുകയായിരുന്നു. അന്നൊരു തിങ്കളാഴ്ച ആണെന്ന് ഞങ്ങൾക്ക് ഓർമ്മയില്ല. അപ്പോൾ നമ്മുടെ ജ്യോതിഷ് പതിവുപോലെ പാന്റ്സിന്റെ പോക്കറ്റിൽ കയ്യും തിരുകി നല്ല വായിനോട്ടത്തിലായിരുന്നു. അത് കണ്ടപ്പോൾ നമുടെ കൂതറ ഹാഷിമിനു കലി കയറി, 'ഇവനേയൊന്ന് ഉപദേശിച്ചു കളയാം എന്നു കരുതി അവനോട് ചെന്ന് പറഞ്ഞു. "എടാ ജ്യൊതിഷെ, ഇങ്ങനേ വായിൽ നോക്കി നില്ക്കുന്നതു അത്ര നല്ല സ്വഭാവമൊന്നുമല്ല. ഞങ്ങളൊക്കെ വളരെ മാന്യമായി വായിൽ നോക്കുന്നില്ലേ? അതുപോലെ ഒരു നിയന്ത്രണം എല്ലാത്തിനും വേണം. ഇങ്ങനേയുള്ള വായിനോട്ടം ഒരു അസുഖമാണെടാ."

ഞങ്ങൾ എല്ലാവരും കരുതി ഇതൊടെ ജ്യോതിഷ് നന്നായി എന്ന്. പക്ഷെ ജ്യോതിഷിന്റെ മറുപടി ഞങ്ങളേയൊക്കെ ഞെട്ടിച്ചു കളഞ്ഞു.
"എടാ.... ഹാഷിമേ, ഇതൊരു............അസുഖല്ലടാ ഒരു സുഖാ..! " ആ മറുപടി കേട്ടപ്പോൾ ഹാഷിമിന്റെ മുഖത്ത് എന്തൊക്കെ 'കൂതറ' ഭാവങ്ങൾ മിന്നിമറഞ്ഞു എന്നു വിവരിക്കുക അസാധ്യം. എന്തായാലും ഡാവിഞ്ചി അദ്ദേഹത്തിന്റെ 'മൊണാലിസ' പെയിന്റിങ്ങിൽ ഒളിപ്പിച്ചു വച്ചതിനേക്കാൾ  നിഗൂഢമായിരുന്നു ഹാഷിമിന്റെ മുഖത്ത് വിടർന്ന ഭാവങ്ങൾ. പിന്നീട് അവൻ ഒരിക്കലും ആരേയും ഉപദേശിച്ചു നന്നാക്കാൻ പോയിട്ടില്ല.
അതു കേട്ടതും ഹാഷിം അവന്റെ വഴിക്കും ഞങ്ങൾ ഞങ്ങളുടെ വഴിക്കും പോയി. അന്ന് എന്ത് ചെയ്യുമ്പോഴും മനസ്സിൽ ആ വാക്കുകൾ മുഴങ്ങി 'ഇതൊരു അസുഖല്ലടാ....ഒരു സുഖാ...'ഞാൻ എന്റെ ഓർമ്മകളിലെ ചെറിയ ചെറിയ  സംഭവങ്ങൾ ഇവിടെ കുറിക്കുകയാണു. അതിൽ ആർക്കെങ്കിലും വിഷമം നേരിടുന്നുണ്ടെങ്കിൽ ക്ഷമിക്കുക. ഇതിൽ വിവരിച്ച കഥാപാത്രങ്ങൾക്കു എന്റെ പല സുഹൃത്തുക്കളമായിയും സാമ്യം തോന്നാം. അതു വെറും യാദൃശ്ഛികമല്ല എന്നു ഞാൻ സന്തോഷപൂർവ്വം സൂചിപ്പിക്കട്ടെ. 

Monday, 29 August 2011

ഓർമ്മകൾ ഉണ്ടായിരിക്കണം.....

ഞാൻ മണ്ടൂസൻ,

ഒരു ബ്ലൊഗ് എഴുതാൻ ആഗ്രഹം തൊന്നിയിട്ട് വർഷങ്ങൾ രണ്ട് കഴിയുന്നു. ഇത്രയും വൈകാൻ കാരണം ഞാൻ ഒരു ട്രൈയിൻ അപകടത്തിൽ പെട്ടതാണ്.
ഒരു മനുഷ്യൻ എന്തെങ്കിലും സ്വന്തമാക്കാൻ തീവ്രമായി ആഗ്രഹിച്ചാൽ, അതു അയാൾക്ക് നേടിക്കൊടുക്കാൻ ഈ ലൊകം മുഴുവൻ അയാളെ സഹായിക്കാൻ കൂടെ ഉണ്ടാകും എന്ന് പൗളോ കൊയ്ലോ 'ആൽക്കെമിസ്റ്റി'ൽ പറഞ്ഞിട്ടുണ്ട്. അപ്പോൾ ഒന്നിലധികം പേർ ഒരേ മനസ്സോടെ ഒരു കാര്യത്തിനു വേണ്ടി തീവ്രമായി ആഗ്രഹിച്ചാൽ അതു ദൈവം നടത്തിക്കൊടുക്കാതിരിക്കുമോ ? ഒരിക്കലുമില്ല.
'ആ ഒരു കാര്യം' അങ്ങിനെയായിരുന്നു.

2009 ഔഗസ്റ്റു 30 നു എറണാംകുളത്ത് നിന്ന് ജോലി കഴിഞ്ഞ് മടങ്ങവേ എനിക്കൊരു ട്രൈയിൻ അപകടം പറ്റി. അതിനു ശേഷം എന്നെ ഈ ബ്ലോഗ് എഴുതുന്നതു വരേക്ക് കൊണ്ടെത്തിച്ചത് എന്റെ അമ്മയുടെ മനസ്സുരുകുന്ന പ്രാർഥനയും, ചേട്ടന്മാരുടെ സ്നേഹം കലർന്ന ശ്രദ്ധയും സുഹൃത്തുക്കളുടെ സ്നേഹമാർന്ന പരിചരണങ്ങളുമാണ്. എല്ലാവരോടും എല്ലാവരും വാശിയും വെറുപ്പും കാണിക്കുന്ന തരത്തിലുള്ള കഥകളും സിനിമകളും ഒക്കെയാണ് നമ്മൾ കണ്ടും വായിച്ചും ശീലിച്ചത് എങ്കിലും എനിക്കു അനുഭവിക്കേണ്ടി വന്നത് സ്നേഹം കലർന്ന മറ്റൊരു അനുഭവമായിരുന്നു.
ആശുപത്രിയിൽ നിത്യ സന്ദർശകരായി വന്ന് എനിക്കു വേണ്ടി പ്രാർഥിക്കുകയും പരിചരിക്കുകയും ചെയ്ത എന്റെ സ്വന്തം അപ്പഛനും മത്യൂസും, ആശുപത്രിയിൽ കൂടെക്കൂടെ വരികയും എനിക്കു സംസാരശേഷി കിട്ടിയതു മുതൽ മാസങ്ങളോളം തുടർച്ചയായി വിളിച്ച് ആശ്വസിപ്പിക്കാറുണ്ടായിരുന്ന എന്റെ അപ്പൂസുട്ടിയും.
ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചുകൊണ്ടിരിക്കുന്ന സൈദ. റീജോ, പ്രിനി, ഹരിൻ, അരുൺ തുടങ്ങിയ അവളുടെ സുഹൃത്തുക്കളും, പിന്നെ എന്റെ എല്ലാ അവസ്ഥകളിലും എന്റെ കൂടെ ഉണ്ടായിരുന്ന അനു, പ്രസാദ്, ഇല്ല്യാസ് ഇക്ക, പ്രമോദ്, ഷാജു, ഷിജു, രാധു തുടങ്ങിയ എന്റെ പോളി സുഹൃത്തുക്കളും ദിലീപ്,കപിൽ തുടങ്ങിയ മറ്റ് പോളി സുഹൃത്തുക്കളും,  പരിചയപ്പെട്ടതു മുതൽ എന്റെ ജീവിത ഗ്രീഷ്മങ്ങളിലും, വർഷങ്ങളിലും,വസന്തങ്ങളിലും കൂടെ ഉണ്ടായിരുന്ന പാലക്കാട്ട് നിന്നുള്ള ശ്രീനിവാസൻ, അഭിലാഷ് എന്നിവരും..
പിന്നെ എന്റെ നാട്ടിലെ എന്റെ പ്രിയ സുഹൃത്തുക്കളും, എനിക്കിപ്പോൾ ഇന്റെർനെറ്റ് എടുക്കാൻ വേണ്ടി 'എല്ലാ' സഹകരണങ്ങളും ചെയ്തു തന്ന ഗൾഫിലുള്ള മുതുതല രാജീവേട്ടൻ എന്ന സുഹൃത്ത്, എന്നെ ആശുപത്രിയിൽ നിന്നു കൊണ്ടുവന്നതു മുതൽ എന്റെ ഒരോ ചലനങ്ങളിലും സഹായമായി നിന്ന ഫിസിയോ തെറാപ്പിസ്റ്റും കൂട്ടുകാരനുമായ ജയേഷ്, ആശുപത്രിയിൽ എന്നെ ആക്കുമ്പോൾ മുതൽ എട്ടന്റെ കൂടെയുണ്ടായിരുന്ന എന്റെ സുരേട്ടൻ, ഹൈൻസേട്ടൻ തുടങ്ങിയവർ, എന്റെ ശരീരത്തിൽ ഇപ്പോൽ ഓടുന്ന രക്തത്തിന്റെ അവകാശികളായ ജേർണലിസ്റ്റ് ശൈലേഷ്, കിരൺ.
ഇവരെല്ലാം അവരിലെ വിരലില്ലെണ്ണാവുന്നവർ മാത്രം.

മസങ്ങൾ നീണ്ട ആശുപത്രി വാസത്തിനു ശേഷം വീട്ടിൽ തിരിച്ചെത്തി ഇനിയെന്തു ചെയ്യണം എന്നാലോചിച്ചു വീട്ടിലിരിക്കുപ്പോഴാണ്  'നിനക്കു വേണ്ടി ഒരു കമ്പ്യൂട്ടർ ശരിയാക്കുന്നു' എന്നും പറഞ്ഞ് ട്രൈയിനിലെ മുതിർന്ന, എന്റെ  സഹോദര തുല്യ സുഹൃത്തു മണിയേട്ടൻ വിളിക്കുന്നത്. അതു കെട്ടതു മുതൽ എന്റെ ചിന്ത ഒരു ബ്ലൊഗ് എഴുതി തുടങ്ങുന്നതിനെ കുറിച്ചായിരിരുന്നു. എന്റെ സുഹൃത്തുക്കളെ കുറിച്ചും അവരുടെ സ്നേഹത്തിനെ കുറിച്ചും ബ്ലൊഗുകൾ എഴുതുകയാണെങ്കിൽ അവരെ കുറിച്ച് തന്നെ ബ്ലൊഗ് പോസ്റ്റുകൾ ഒരുപാട് നിറക്കേണ്ടി വരും!
മണിയേട്ടൻ കമ്പ്യൂട്ടറിനെ പറ്റി പറഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും മണിയേട്ടനും 'കൂതറ' ബ്ലൊഗ് എഴുതുന്ന എന്റെ പ്രിയ സുഹൃത്തായ ഹാഷിമും, അഷ്കുവും കൂടി ഈ കമ്പ്യൂട്ടറുമായി വീട്ടിലെത്തി. ഹാഷിം എന്നെ ബ്ലൊഗിന്റെ ആദ്യാക്ഷരങ്ങൾ പഠിപ്പിച്ചു. വിശാല മനസ്കൻ 'കൊടകര പുരാണ'ത്തിലൂടെ ബ്ലോഗ് എഴുതാനുള്ള ഉത്തേജനം തന്നു. ടൂൺകർമ്മ സുഹൃത്ത് അഭിലാഷ് ഖത്തറിൽ നിന്ന് എഴുത്തിനുള്ള പ്രൊത്സാഹനവും തന്നു.

കടലോളം സ്നേഹം ഉള്ളിലുള്ള അമ്മ,മാതാവിന്റെ സ്നേഹം ഉള്ളിൽ വച്ചു എന്നെ ഇപ്പൊഴും പരിചരിക്കുന്ന വല്ല്യേട്ടൻ, ഭക്ഷണം തന്നെ മരുന്ന് എന്ന രീതിയിൽ എന്റെ ചികിത്സാരീതിയിൽ വിജയത്തോടെ മുന്നേറുന്ന എന്റെ കുട്ട്യേട്ടൻ, ഓമനിക്കാൻ ആണ്മക്കളില്ലാത്ത ദുഖത്തിൽ, എല്ലാ വാത്സല്യവും എനിക്കു തരുന്ന എന്റെ ചെറിയമ്മ, രാവിലെ മുതൽ എന്റെ എല്ലാ കാര്യങ്ങളും നൊക്കി നടത്തുന്ന എന്റെ ചേച്ചി,എട്ടത്തിയമ്മ, എനിക്കൊന്നും സംഭവിച്ചിട്ടില്ലന്ന് എന്നെ വിശ്വസിപ്പിക്കാൻ എന്ന വണ്ണം എന്നൊട് കുറുമ്പ് കാണിക്കുന്ന എന്റെ അപ്പൂസുട്ടി, എനിക്കു എല്ലാ വിധ സഹായ സഹകരണങ്ങളും തരുന്ന എന്റെ ഷാമോനെയും,വക്കീൽ രഷീദിനെയും,രമേഷേട്ടനേയും, രവി ഏട്ടനേയും,വിശ്വേട്ടനേയും,മോഹനേട്ടനേയും, സുധിയേയും, സുരയേയും,ഷാജിയേയും കണ്ണനേയും,ശൈലേഷ് നേയും, കിരണിനേയും, റഫീഖിനേയും,കുട്ടിയേയും, ഹബീബിനേയും, ജയേഷിനേയും,രാജൻ മാഷേയും,സുരേട്ടനേയും പോലുള്ളവർ
എന്റെ കൂടെയില്ലെങ്കിലും എല്ലാ വിധ സന്തോഷങ്ങളും പങ്കു വക്കുന്ന മഞ്ചുവേട്ടൻ, അഭിലാഷ്, രാജീവേട്ടൻ, സുമേട്ടൻ,മുസ്തു,രാജുവേട്ടൻ എന്നിവരേപ്പോലുള്ള നല്ലവരായ സുഹൃത്തുക്കൾ.പിന്നെ എന്റെ എല്ലാമെല്ലാമായ ഷിഹാബ്,  ടൂൺകർമ മഹേഷേട്ടൻ, അരീന മനോജ് സർ തുടങ്ങിയ എന്റെ പ്രിയപ്പെട്ട മുതലാളിമാർ. അരുൺസർ, ഷൈൻ സർ ,അഭിലാഷ് സർ,  എന്നീ അരീനയിലെ സഹപ്രവർത്തകർ.

ഞാനീ കുറിപ്പിൽ ചേർക്കാൻ വിട്ടു പൊയ പ്രമുഖ സുഹ്രുത്തുക്കൾ എല്ലാവരും എന്നോട് ക്ഷമിക്കണം. വളരെ വൈകി ഓർമ്മ വന്ന രണ്ട് പ്രമുഖരാണു എന്റെ മഞ്ജുവേട്ടനും, വിശ്വേട്ടനും. വിശ്വേട്ടൻ പണ്ട് ത്രിശ്ശൂർ ഭ്രാന്താശുപത്രിയിൽ വർക്ക് ചെയ്തിരുന്നതും മഞ്ജുവേട്ടൻ ത്രിശ്ശൂർ എഞ്ചിനീറിങ്ങ് കോളേജിൽ ജോലിയുള്ളതുമായ മുതിർന്ന സുഹ്രുത്തുക്കൾ ആണു. എന്നെ ഇടക്കിടെ വിളിച്ചു ആശ്വസിപ്പിക്കുന്നതിനു പുറമെ മഞ്ജുവേട്ടൻ , ഞാൻ ബോറടിക്കാതെ ഇരിക്കുന്നതിനു വേണ്ടി,എനിക്കു ദുബായിൽ നിന്നും ഒരു i-pod കൊണ്ടു വന്നു തന്നു. അതിൽ കവിതകളുടെ ആശാനായ ഫിസിയോതെറാപ്പിസ്റ്റ് ജയേഷ് എനിക്കു 250 കവിതകൾ കയറ്റി തന്നു. എനിക്ക് അതു ആ സമയത്ത് എത്ര ഉപകാരപ്രദമായി എന്ന് വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയില്ല.

ഈ ലോകത്ത് ജീവിക്കാൻ അരുടേയും സഹായം വെണ്ട എന്നു വെല്ലുവിളിച്ചു നടക്കുന്ന എല്ലാവരോടും എനിക്കു സഹതാപമുണ്ട്, കാരണം അവർ സ്നേഹത്തിനോട് പുറം തിരിയുമ്പോൾ അവർ അവഗണിക്കുന്നത് സ്നേഹം എന്ന നമുക്കിടയിലുള്ള ദൈവത്തിന്റെ രൂപത്തേയാണു.

ഒരു കുറിപ്പ് എഴുതണമെങ്കിൽ ഏത് സുഹൃത്തിന് ഞാൻ പ്രാധാന്യം കൊടുക്കും?
പരിചയപ്പെട്ട നാൾ മുതൽ എന്റേതു മാത്രമായ എന്റെ മത്യൂസിനോ, അതോ എന്റെ കൂടി അപ്പച്ചനായ മാത്യൂസിന്റെ അപ്പച്ചനോ, അതോ മാസങ്ങളോളം എന്നെ ദിവസവും വിളിച്ച് എനിക്കു ജീവിക്കാനുള്ള പ്രേരണ നൽകിയ എന്റെ സ്വന്തത്തിൽ സ്വന്തമായ അപ്പൂസുട്ടിക്കോ, അതോ വീട്ടിൽ വിശ്രമിക്കുമ്പോൾ ഓണത്തിന് എനിക്ക് പുതു വസ്ത്രങ്ങളുമായി വരാറുള്ള റാം, പ്രമോദ്, ഹരീഷ് എന്നിവർ നയിക്കുന്ന ടൂൺകർമ എന്ന അനിമേഷൻ സ്റ്റുഡിയോയിലെ സഹപ്രവർത്തകർക്കോ, എന്നെ സുഹൃത്തുക്കൾക്കിടയിൽ സജീവമാക്കി നിർത്തുവാൻ വേണ്ടി ഇടക്കിടെ എന്റെ ഫോൺ ചാർജ്ജ് ചെയ്തു തരാറുള്ള എന്റെ സ്വന്തം കോഴിക്കോട് രാജുവേട്ടനോ, വടക്കഞ്ചേരി പ്രസാദിനോ, ഞങ്ങളുടെ സ്വന്തം സാമി ശ്രീനിവാസനോ, അതോ ഇടക്കിടെ ഫോൺ ചർജ്ജ് ചെയ്യുകയും ഓണത്തിനു ഡ്രസ്സുകൾ എടുത്തുവരികയും ചെയ്യുന്ന സിന്റപ്പനോ, എന്റെ ജോലിയുമായി സജീവ ബന്ധം നിലനിർത്താൻ വേണ്ടി എനിക്കു ഈ കമ്പ്യൂട്ടർ നൽകിയ മണിയേട്ടനും ടീമിനുമോ, അതോ പട്ടാമ്പിയുടെ സ്വന്തം മുത്തുകളായ ഷാമോൻ, മച്ചാൻ, വക്കീൽ, ഷെമിൽ തുടങ്ങിയ വീര കേസരികൾക്കോ ?

ഇവരെല്ലാം എന്റെ സ്വന്തം തന്നെയാണ് ഇപ്പോഴും.. എപ്പോഴും...!

ഇവരുടെയെല്ലാം സ്നേഹത്തണലിൽ സാധാരണ ജീവിതത്തിലെക്കു തിരിച്ചു വന്നുകൊണ്ടിരിക്കുന്ന എനിക്ക്  ഈ ലോകത്ത് കൂടുതൽ ആളുകളിലും ചതിയും, വഞ്ചനയും ആണെന്ന് എങ്ങിനെ പറയാൻ കഴിയും? വിശ്വസിക്കാൻ കഴിയും ? ഉണ്ടായിരിക്കാം 'ഈ നാട്ടിൽ ചതിയും വഞ്ചനയും എല്ലാം'! പക്ഷെ അതു മാത്രമേ ഈ ലൊകത്തുള്ളൂ എന്നു പറഞ്ഞാൽ സമ്മതിക്കുക എനിക്കിത്തിരി പ്രയാസമാകും.

നാട്ടിലെ പ്രിയപ്പെട്ട കൂട്ടുകാരൻ സുധി,ഷിഹാബ് എന്നിവർ അടക്കം ഒരുപാട് സുഹൃത്തുക്കളെ എനിക്കു ഈ കുറിപ്പിൽ അപ്രധാനമാക്കേണ്ടി വന്നിട്ടുണ്ട്. ഇതുവരെ എന്നൊടു ക്ഷമിച്ച പോലെ ഈ കാര്യത്തിലും എന്നോട് എല്ലാ പ്രിയപ്പെട്ടവരും ക്ഷമിക്കുമെന്നു ഞാൻ കരുതുന്നു. എന്റെ തിരിച്ചുവരവിനു വേണ്ടി ദൈവത്തോട് അപേക്ഷിച്ച എല്ലാ പ്രിയപ്പെട്ടവർക്കും ഞാൻ നിസ്സീമമായ നന്ദിയും കടപ്പാടും നേരുന്നു.

എന്റെ തെറ്റുകൾക്ക്  എന്റെ എല്ലാ പ്രിയപ്പെപ്പെട്ടവരും എന്നൊട് ക്ഷമിക്കുന്ന പോലെ  ലോകത്ത് എല്ലാവരും എല്ലാവരോടും ക്ഷമിച്ചിരുന്നു എങ്കിൽ ഈ ലോകം എന്നേ സ്വർഗ്ഗമായേനെ............!