Tuesday, 27 November 2012

ഇനി അല്പം കൂട്ടുകാര്യങ്ങൾ........'കുഞ്ഞുട്ടൻ' കഥകൾ

ഞാനിനി ആരെ പറ്റി,എന്തുകാര്യത്തെ പറ്റി ഈ 'കൂട്ടുകാര്യത്തിലെ'ഴുതുമെന്ന് ആലോചിച്ചപ്പോൾ ഒരുപാട് കാര്യങ്ങൾ എന്റെ മനസ്സിലേക്ക് ഫുൾസ്റ്റോപ്പില്ലാതെ കടന്നു വന്നു. പക്ഷെ അവയൊക്കെ ഓരോരുത്തരേയും പറ്റിയുള്ള ഒറ്റയ്ക്കൊറ്റക്കുള്ള സംഭവങ്ങളാണ്. അത് ഓരോന്നും 'ഒരോ' പോസ്റ്റാക്കാനുള്ള വലിപ്പമുണ്ടാകില്ല. അങ്ങനേയങ്ങനെ ആ ആലോചന മാറിപ്പോവുമ്പോഴാണ്, നാട്ടിലുള്ള 'കുഞ്ഞുട്ടനെ' പറ്റി ഓർമ്മ വന്നത്. ഞങ്ങളുടെ സ്വന്തം 'കുഞ്ഞുട്ടൻ', നാട്ടിലെ കൊച്ചു കുട്ടികൾക്കും വലിയവർക്കുമെല്ലാം ഇയാൾ 'കുഞ്ഞുട്ടനാ'ണ്. എന്താ അങ്ങനെ വിളിക്കുന്നതെന്ന് ചോദിച്ചാൽ,.........അതങ്ങനെയാണ്,
അത്രേ പറയാനാവൂ.!

അദ്ദേഹത്തിനിത്തിരി ബുദ്ധി,സാധാരണ ജനങ്ങൾക്കുള്ളതിനേക്കാൾ കൂടുതലുണ്ട്, അത് കൂടാതെ ഇത്തിരി അന്തർ മുഖനുമാണ് എന്നിവ മാത്രമാണ് ഞാൻ കുഞ്ഞുട്ടനിൽ കാണുന്ന ഒരു കുറവ്. പക്ഷെ സമൂഹം അത്തരത്തിലുള്ള ആൾക്കാരെ സാധാരണ അവഗണിക്കുന്ന അതേ പോലെ തന്നെ കുഞ്ഞുട്ടനേയും, 'മാനസിക-ബുദ്ധിമുട്ടുള്ളവൻ' എന്ന് പറഞ്ഞ് മുഖ്യധാരയിൽ നിന്ന് അകറ്റി നിർത്തിയിരുന്നു, അദ്ദേഹത്തിന്റെ വീട്ടുകാരും അതിൽ നിന്നും വ്യത്യസ്തരായിരുന്നില്ല.! ചുരുക്കത്തിൽ,പ്രായം നാല്പതുകളുടെ മധ്യത്തോടടുത്തിട്ടും(അന്നല്ല,ഇന്ന്) അവിവാഹിതനായ 'ചെറുപ്പക്കാരനാണ് ' കുഞ്ഞുട്ടൻ. അതിനും കാരണമെന്താ ന്ന് ചോദിച്ചാൽ, 'അതങ്ങനെയൊക്കെയാണ് ' ന്നേ പറയാനാവൂ.!

സമൂഹത്തിലെ ഒരു ബഹുമാന്യവ്യക്തിയായ 'സ:കുഞ്ഞേട്ടന് ' ഈ കുഞ്ഞുട്ടനെ കണ്ണെടുത്താൽ കണ്ടുകൂടാ. അതിന് കാരണം പലതാണ്.  'നിഷ്ക്രിയനായൊരു പൗരനും, സക്രിയനായ ഒരു സാമൂഹ്യവിരുദ്ധനും' ആണ് കുഞ്ഞേട്ടന്റെ കാഴ്ചയിൽ, കുഞ്ഞുട്ടൻ.  കുഞ്ഞേട്ടൻ ചില സമയത്ത് രാത്രികാലങ്ങളിൽ, തന്റെ അച്ഛന്റെ അനുജനായ ചിന്നക്കുട്ടേട്ടന്റെ വീട്ടിൽ ശീട്ട് കളിക്കാനായി പോകാറുണ്ട്. അപൂർവ്വം ദിവസങ്ങളിൽ രാവിലെയായേ മടങ്ങൂ എങ്കിൽ ചില ദിവസങ്ങളിൽ അർദ്ധരാത്രിക്കാവും വീട്ടിലേക്കുള്ള മടക്കം,അതും ടോർച്ചില്ലാതെ.! അങ്ങനെ, കണ്ണിൽ സൂചി വന്ന് തറച്ചാൽ അറിയാത്ത ചില രാത്രി കാലങ്ങളിൽ നടന്ന് വരുമ്പോൾ, ചെരിപ്പിട്ട കാൽകൊണ്ട് 'ആരൊക്കെയോ' ഓടുന്ന പോലെ നിലത്തമർത്തി ചവിട്ടി ശബ്ദമുണ്ടാക്കുക, ചപ്പെടുത്ത് ദേഹത്തേക്കെറിയുക തുടങ്ങീ, കുഞ്ഞേട്ടന് പേടിയുണ്ടാക്കുന്ന വിധം ചില കലാ പരിപാടികൾ കുഞ്ഞുട്ടൻ നടത്താറുണ്ടായിരുന്നു. ഇതൊക്കെയാണ് കുഞ്ഞേട്ടൻ, കുഞ്ഞുട്ടനെ വിരുദ്ധ ചേരിയിൽ നിർത്താൻ കാരണം എന്ന് എനിക്ക് തോന്നുന്നു.

അങ്ങനെയുള്ള സംഭവങ്ങൾ നോക്കിയാൽ ഞങ്ങളും കുഞ്ഞുട്ടനെ ബഹിഷ്കരിക്കണമായിരുന്നു.! കാരണം,ചിലപ്പോൾ നന്നായി സംസാരിക്കാൻ ഞങ്ങളോടൊപ്പം കൂടുന്ന കുഞ്ഞുട്ടൻ, അവന് പറ്റാത്ത രീതിയിൽ ആരുടേയെങ്കിലും അടുത്ത് നിന്ന് സംസാരമുണ്ടായാൽ, ആരെങ്കിലും അവനെ കളിയാക്കിയാൽ, അടുത്ത ദിവസം ഞങ്ങളുടെ കളിസ്ഥലമായ കാളപൂട്ട് കണ്ടത്തിലെ മനോഹരമായ 'പിച്ചിന് ' നടുക്ക് അവൻ പുലർച്ചയാവുമ്പഴേക്ക് 'അപ്പി'യിട്ട് വച്ചിട്ടുണ്ടായിരിക്കും. പക്ഷെ സഹൃദയരായ ഞങ്ങൾ കൂട്ടുകാരെല്ലാം അവനോടുള്ള കോപം അല്പനേരത്തെ ദേഷ്യപ്പെടലിൽ ഒതുക്കുമായിരുന്നു, എന്നിട്ട് ഞങ്ങൾ തന്നെ 'അത് ' വൃത്തിയാക്കി കളി തുടങ്ങും. ഇതെല്ലാം അവൻ എപ്പോഴാ ചെയ്യുന്നത് എന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. കാരണം ഞങ്ങൾ കൂട്ടുകാരുടെ കാഴ്ചയിൽ,'കുഞ്ഞുട്ടൻ' രാത്രിയൊന്നും ഉറക്കം തീരെയില്ലാത്ത ഒരപൂർവ്വയിനം ജീവിയായിരുന്നു.

ഞങ്ങളുടെ ആ സമയത്തുള്ള സൗഹൃദക്കൂട്ടങ്ങളിൽ പലപ്പോഴും കുഞ്ഞുട്ടൻ കൂടാറുണ്ടെങ്കിലും അധികമൊന്നും അങ്ങനെ സജീവമായി കാണാറില്ല എന്നതാണ് സത്യം. നന്നായി അധ്വാനിക്കുന്ന ആളായ കുഞ്ഞുട്ടൻ, നാട്ടിലുള്ള വല്ല അറിയുന്ന ആളുകളും,വീട്ടുകാരും 'പണി'ക്ക് വിളിച്ചാൽ പോകാറുണ്ടായിരുന്നു. അങ്ങനെ ഇടക്കിടെ ഞങ്ങളുടെ ഇടയിൽ നിന്ന് മുങ്ങാറുണ്ടെങ്കിലും, നാട്ടിൽ വല്ല കല്ല്യാണമോ മറ്റ് വിശേഷങ്ങളോ ഉണ്ടാവുമ്പോൾ ഞങ്ങളുടെ കൂടെ സജീവമായി കൂടാറുണ്ടായിരുന്നു. അങ്ങനെ നാട്ടിലൊരു കല്ല്യാണത്തിന് പോവാനായി 'അന്നെല്ലാവരും' റോഡ് സൈഡിൽ ഇരിക്കാനായി സജ്ജീകരിച്ച ഇലക്ട്രിക് പോസ്റ്റിൽ സമ്മേളിച്ചു. അവിടെ അടുത്തുതന്നെയുള്ള എന്നെ അവർ കല്ല്യാണത്തിന് പോവുന്ന കാര്യം അറിയിച്ചു.ഞാൻ റെഡിയായി വന്നു. ആ സമയത്ത് അവിടെ അനി,കുഞ്ഞുമുഹമ്മദ്,സനു, കുഞ്ഞുട്ടൻ അങ്ങനെ പലരുമുണ്ട്.

ആ സമയത്ത് കൊപ്പം-വളാഞ്ചേരി റൂട്ടിൽ ഓടുന്ന ഒരേ ഒരു ബസ്സേ ഉണ്ടായിരുന്നുള്ളൂ,'കുഞ്ഞുമോൾ'. ബാക്കിയെല്ലാം പട്ടാമ്പി-വളാഞ്ചേരി ആയിരുന്നു. ഞങ്ങൾ കൊപ്പത്തിന് വളരെ അടുത്തായതിനാൽ ഈ 'കുഞ്ഞുമോൾ' എന്ന മിനിബസ് വളാഞ്ചേരിയിൽ നിന്ന് കൊപ്പത്തേക്ക് വരുന്നതും കാണാം, അപ്പോൾ തന്നെ അതവിടുന്ന് തിരിച്ച് വളാഞ്ചേരിക്ക് പോവുന്നതും കാണാം. അങ്ങനെ അന്നും ആ ബസ് കൊപ്പത്തേക്ക് വന്ന ഉടനെ തിരിച്ച് ഞങ്ങളുടെ മുന്നിലൂടെ വളാഞ്ചേരിക്ക് പോയി. ഇങ്ങനെ 'കുഞ്ഞുമോളി'ന്റെ അങ്ങോട്ടുമിങ്ങോട്ടുമുള്ള തുടർച്ചയായുള്ള വരവും പോക്കും കണ്ട കുഞ്ഞുട്ടൻ പറഞ്ഞു,

'ഈ സാധനം വെല്ല നൊച്ചക്കനും* പപ്പടം കൊണ്ടോണ പോലേണ്,
                                     അങ്ങട്ടൊന്ന് പോയാ അപ്പത്തന്നെ ഇങ്ങട്ടും വെര്ണ്വാണാ....'

ഞങ്ങൾ ഇതും, പിന്നീട് കുഞ്ഞുട്ടൻ പറഞ്ഞതുമായ തകർപ്പൻ കമന്റുകളും ആസ്വദിച്ച്, പഞ്ചായത്ത് റോഡിലൂടെ, കുറച്ചകലെയുള്ള കല്ല്യാണ വീട്ടിലേക്ക് പരസ്പരം പാരകൾ പണിത് നടന്നു തുടങ്ങി. അങ്ങനെ നടക്കുമ്പോൾ, ഝാൻസീറാണി മാളുമ്മയുടെ വീടും, കുഞ്ഞേട്ടന്റെ വീടും,  തൗദാരം മാളുമ്മയുടെ വീടും, ചിന്നക്കുട്ടേട്ടന്റെ വീടും എല്ലാം മറി-കടന്ന് പാടത്ത് കൂടെ കുറച്ച് ദൂരം അങ്ങ് പോവേണ്ടതുണ്ട്. അങ്ങനെ നടന്ന് ചിന്നക്കുട്ടേട്ടന്റെ വീടിനു മുന്നിലുള്ള ഞാൻ 'തൗദാര'ത്തിൽ പറഞ്ഞ ആ സുന്ദരമായ കുളത്തിനടുത്തെത്തി. അതിനടുത്തായി ചിന്നക്കുട്ടേട്ടൻ കായ്ക്കറികൾ കൃഷി ചെയ്യുന്നുണ്ട്. അദ്ദേഹം ഞങ്ങൾ വരുന്ന സമയത്തും* ആ കായ്ക്കറി തോട്ടത്തിനെ തൊട്ടും തലോടിയും, പരിപാലിച്ചും അതിന്റെ നാലു പുറവുമായി നടക്കുന്നുണ്ടാകും. അങ്ങനെ ഞങ്ങൾ കല്ല്യാണത്തിന് പോകുന്ന ആ ഞായറാഴ്ചയും അദ്ദേഹം ആ കായ്ക്കറി തോട്ടത്തിന് ചുറ്റുപുറവുമായി നടക്കുന്നത് കണ്ടു. വൈകിയില്ല മഹാനായ കുഞ്ഞുട്ടൻ മൊഴിഞ്ഞു,

'ചൂട് ള്ള കഞ്ഞിടെ വെള്ളം* വെല്ല നായക്കൾക്ക് വെച്ചൊട്ത്ത പോലേ ഇയാള്,
                         അയിറ്റങ്ങള് അയിന്റെ നാല് പൊറൂം ങ്ങനെ നക്കി നടക്ക്ണ പോലേ ണ്-
                                                                                  ഇയാളീ കായ്ക്കറിടെ നാലൊറൂം ങ്ങനെ നടക്ക്വാ'

അങ്ങനെ ആ നടത്തം നല്ല രസകരമായ ഇത്തരം കൊച്ചു കുഞ്ഞുട്ടൻ കമന്റുകളാസ്വദിച്ച് നീങ്ങുകയാണ്. അങ്ങനെ ഞങ്ങളാ കല്ല്യാണ വീടെത്തി. ഞങ്ങളെല്ലാവരും ഒന്നിച്ചിരുന്ന് സദ്യ ആസ്വദിച്ച് കഴിച്ച ശേഷം ഓരോരുത്തരായി 'പൈസ' എഴുതുന്ന ഭാഗത്തേക്ക് നടന്നു. പണ്ടൊക്കെ നാട്ടിൻ പുറത്ത് കല്ല്യാണങ്ങളിൽ പോയാൽ, നമ്മൾ നമ്മുടെ 'സംഭാവന-പൈസ' എഴുതുന്നത് ഒരു ശീലമായിരുന്നു. ആ സംഭവങ്ങളൊക്കെ, ഇപ്പോൾ 'കവറുകൾ' കയ്യടക്കിയല്ലോ ? അങ്ങനെ ചുറ്റുപാടുള്ള ഏത് വീട്ടിലെ കല്ല്യാണത്തിന് പോയാലും,അവിടെയെല്ലാം നമ്മുടെ താരം 'കുഞ്ഞേട്ടനാ'വും പണമെഴുതാനായി മേശയിട്ടിരിപ്പുണ്ടാവുക. അത് ആരും അദ്ദേഹത്തെ അവിടെ നിയമിക്കുന്നതല്ല, അദ്ദേഹത്തിന് അടുത്തറിയുന്ന വീട്ടിൽ കല്ല്യാണത്തിന് പോയാൽ,ഭക്ഷണം കഴിച്ച് അദ്ദേഹം തന്നെ മേശയും കസേരയുമിട്ട് ഇരിക്കുകയാണ് പതിവ്. 'ആയാ തെങ്ങ്, പോയാ പൊങ്ങ് ' എന്ന് കരുതി വീട്ടുകാരാരും അതിനെ എതിർക്കാറുമില്ലായിരുന്നു. അങ്ങനെ സമീപത്തെ ഒട്ടുമിക്ക വീടുകളിലും കുഞ്ഞേട്ടനാവും 'ആ' പ്രമുഖ സ്ഥാനം.!

ഞങ്ങൾ പോയ ഒരു വിധം പേരും പൈസകളെഴുതാനായി അങ്ങോട്ട് നീങ്ങുമ്പോൾ കുഞ്ഞുട്ടന്റെ കമന്റ് ദാ വന്നു,

                'ഇയാളീ ചകിരിത്തൊണ്ടില് നായ തൂറിര്ക്കണ പോലേണ്,
                         എത്ര തട്ട്യാലും പോവൂലാ,എവടീം ണ്ടാവും ഇയാള് ങ്ങനെ പറ്റിപ്പിട്ച്ചിരിക്ക്ണു..'


അങ്ങനെ ഞങ്ങളെല്ലാവരും സദ്യ കഴിച്ച്,പൈസയും എഴുതിക്കഴിഞ്ഞ്, പതുക്കെ വർത്തമാനങ്ങൾ പറഞ്ഞ് തിരികെ നടന്ന്, റോഡ് സൈഡിലുള്ള ആ പോസ്റ്റിൽ തന്നെയെത്തി. അവിടെ സദ്യ കഴിച്ചത് ഒന്ന് ദഹിക്കാനായി ഗംഭീര നുണപറയൽ നടക്കുന്നു. അപ്പോഴാണ് സമീപത്തെ ഒരു പുതുപ്പണക്കാരന്റെ മകൻ കാറിൽ അതിലൂടെ കൊപ്പം ഭാഗത്തേക്ക് പോകുന്നത്. അദ്ദേഹത്തിന് കല്ല്യാണത്തിന് സ്ത്രീധനമായി കിട്ടിയ ഒരു മാറ്റിസ് കാറിലായിരുന്നു ആ പോക്ക്. അത് കണ്ട വശം കുഞ്ഞുട്ടന്റെ കമന്റ് വന്നു,
 
         'ഈ സാധനണ്ടലോ-ഈ വണ്ടി,(മാറ്റിസ്) വെല്ല ബ്ലേയ്ഡ് വെള്ളത്തിലിട്ട പോലേണ്,
                                                                 റോട്ട്ക്കൂടി ങ്ങനെ ഒഴ് കീട്ടാ നീങ്ങ്വാ.....!'

ഇങ്ങനെ അപാര ഫോമിലുള്ള കുഞ്ഞുട്ടൻ കമന്റുകൾ കൊണ്ട്, റോഡ് സൈഡിൽ തകർത്ത് മുന്നേറിയിരുന്ന ആ സംസാരം പെട്ടെന്ന് അവസാനിപ്പിക്കേണ്ടി വന്നത് കുഞ്ഞുട്ടന്റെ ക്ഷണനേരത്തിലുള്ള പിൻമാറ്റമായിരുന്നു.'ആരോ' ഒരുവൻ സാധാരണ പോലെ കുഞ്ഞുട്ടനോട് ചോദിച്ചു,
         
                         'ഡാ കുഞ്ഞുട്ടാ, യ്യാ നോക്ക്യേര്ന്ന കുട്ടിടെ കാര്യെന്തായീ ?'

കുഞ്ഞുട്ടൻ ഒന്നുമറിയാത്ത പോലെ ചോദിച്ചു,

                'ഏതുട്ടി ? ഞാനെപ്പ നോക്ക്യേത് ?'

ഒന്നുമറിയാത്ത പോലെയുള്ള കുഞ്ഞുട്ടന്റെ ചോദ്യത്തിലും, അവൻ കുഞ്ഞുട്ടനെ വിടാനുള്ള ഒരുക്കമില്ലായിരുന്നു, അവൻ  കുത്തിക്കുത്തി ചോദിച്ചുകൊണ്ടിരുന്നു,

               'യ്യാ പാട്ടും പാടി ഒര് പെണ്ണിന്റൊപ്പം നടന്നേര്ന്ന് ലേ ?
                                 "കറുത്ത പെണ്ണേ അന്നെ കാണാഞ്ഞ്ട്ടൊര് നാള്ണ്ട് ന്നും പറഞ്ഞ്ട്ട് "
ആ 'പടിഞ്ഞാറ്റ് മുക്കിലെ'* പെണ്ണിന്റെ പിന്നാലെ ? അതെന്തായീ ന്നേ ചോയിച്ച്. '

'എല്ലാ' കാര്യങ്ങളും അവൻ അറിഞ്ഞെന്ന് മനസ്സിലായ കുഞ്ഞുട്ടൻ വിശദീകരിച്ചു,

                        'ഞാനതൊക്കെ വിട്ട്വെടാ,
 ഞാ ന്നാള്  പടിഞ്ഞാറ്റ് മുക്കിലൊരാള് പണിക്ക് വിളിച്ച് പോയതേര്ന്നു, കറ്റ ഏറ്റാൻ'

'അയില്' ആകാംക്ഷയോടെ ഞങ്ങൾ ബാലൻസ് കേൾക്കാനായി ചോദിച്ചു.

 'അയിലെന്താ....അങ്ങനെ ഞാ...നാ...കറ്റേറ്റി പോവുമ്പോ ആ പെണ്ണിന്റെ തന്ത ന്നെ പിടിച്ചു, കാലങ്കൊടേങ്ങൊണ്ട് പിന്ന്ന്ന് ന്റെ കോളറില് കുട്ക്കിട്ട്ട്ട്.....ന്ന്ട്ട് 'യ്യ് ന്റെ കുട്ടിടെ പിന്നാല നടക്ക്ണ്ണ്ട് ല്ലേ' ന്ന് ചോയിച്ചപ്പൊ, ഞാ...ഓന്നും പറഞ്ഞിലാ.....'

ഇത്രീം പറഞ്ഞുകൊണ്ട് പഞ്ചായത്ത് റോഡിറങ്ങി വീട്ടിലേക്ക് നടക്കാൻ തുടങ്ങിയ കുഞ്ഞുട്ടനോട് ഞങ്ങൾ ഉറക്കെ വിളിച്ച് ചോദിച്ചു,

'അപ്പ അണക്കാ പെണ്ണിനെ ഇഷ്ടാ ന്ന് പറഞ്ഞൂടാര്ന്ന് ലെ കുഞ്ഞുട്ടാ ?'

അവൻ നടന്നു കൊണ്ട് തന്നെ അതിന് മറുപടി കുറച്ചുറക്കെ പറഞ്ഞു,

'ആ ന്ന്ട്ട് വേണം ആ കറ്റേറ്റ്ണ പണീം കൂടി കല്ലത്താവാൻ.!
പടിഞ്ഞാറ്റ് മുക്കിലാൾക്കാര് പണിക്ക് വിളിക്കലും കൂടി നിർത്ത്യാ പിന്നെ ങ്ങളാരും യ്ക്ക് കായി കൊടന്നേര്.....ല്ല്യേയ്..............വീട്ട്യ്ക്ക്.......!'

ഇതും ഉറക്കെ പറഞ്ഞ് കൊണ്ടവൻ പഞ്ചായത്ത് റോഡിലൂടെ ധൃതിയിൽ വീട്ടിലേക്ക് നടക്കുന്നത് ഞങ്ങൾ പോസ്റ്റിലിരുന്ന് കണ്ടു.

പണിക്കും കൂലിക്കും വേണ്ടി,'തന്റെ കറുത്ത' പെണ്ണിന്റെ സ്നേഹത്തെ ബലികഴിച്ച കുഞ്ഞുട്ടന്റെ ആ മനസ്സിനെ പറ്റി പറഞ്ഞു കൊണ്ടും, നാട്ടിലുള്ള ആളുകലുടെ കുറ്റവും കുറവുമൊക്കെ വിശദീകരിച്ച് കൊണ്ടും, ഞങ്ങളവിടെ ആ പൊസ്റ്റിൽ  പിന്നെയും കുറച്ച് നേരം കൂടി ഇരുന്നു.

                                               *******************************************

നൊച്ചക്കൻ = കുഞ്ഞെലി.
നൊച്ചക്കൻ പപ്പടം കൊണ്ട് പോണ പോലേ = എന്ന് പറഞ്ഞാൽ എലികൾ പപ്പടപ്പൊട്ട് കടിച്ചെടുത്ത് ഒരിടത്തേക്ക് തുടർച്ചയായി പോവില്ല, കുറച്ച് മുന്നോട്ട് നീങ്ങുമ്പോഴേക്കും പപ്പടം അവിടെ എവിടെയെങ്കിലും മുട്ടും,അപ്പോൾ അവിടെ നിന്ന് വേഗത്തിൽ തിരിഞ്ഞ് പോരും,എന്നിട്ട് കുറച്ചിങ്ങോട്ട് തിരിച്ച് പോന്നാൽ അവിടേയും തട്ടും അപ്പൊ വീണ്ടും അവ തിരിഞ്ഞോടും, അങ്ങനെ വന്നും പോയും വന്നും പോയും അങ്ങോട്ടുമിങ്ങോട്ടും ഓടിക്കൊണ്ടിരിക്കും എലികൾ.!

എല്ലാ സമയത്തും = ഞങ്ങൾ കളിക്കാനായി വരുമ്പോഴും, കുളിക്കാനായി വരുമ്പോഴും, ചുമ്മാ കത്തിയടിച്ച് പാടത്ത് കൂടെ നടക്കാൻ വരുമ്പോഴുമെല്ലാം ചിന്നക്കുട്ടേട്ടൻ ആ കായ്ക്കറിയുടെ നാലുപുറവുമായി നടക്കുന്നുണ്ടാവും.!

ചൂട് ള്ള കഞ്ഞി വെള്ളം നായ്ക്കൾക്ക് വച്ച് കൊടുത്താൽ = അത് ഒരിടത്ത് നിന്ന് നായ കുടിക്കില്ല, അത് എവിടേയെങ്കിലും ഒന്ന് നക്കും അപ്പോ ചൂട് തോന്ന്യാ ഒന്ന് വട്ടം ചുറ്റി നടന്ന് കുറച്ച് അപ്പുറത്ത് നക്കും,അവടേയും ചൂടാവും, അപ്പൊ ഒന്ന് കൂടി വട്ടം ചുറ്റി നടന്ന് കുറച്ചപ്പുറത്ത് ഒന്ന് കൂടി നക്കും,അങ്ങനെ ഒരിടത്ത് നിന്ന് സ്വസ്ഥമായി നായക്കൾ ചൂടുള്ള കഞ്ഞി കുടിക്കാറില്ല എന്ന് കാണുന്നു. ഒരു പാത്രത്തിലുള്ള കഞ്ഞിയുടെ എല്ലായിടത്തും ഒരുപോലെ ചൂടാവും എന്ന് മനസ്സിലാക്കാൻ അതിന് തിരിച്ചറിവില്ലല്ലോ ?

പടിഞ്ഞാറ്റ് മുക്കിലെ = പുലാശ്ശേരിയിലെ ഒരു സ്ഥലം,'പടിഞ്ഞാറ്റ് മുക്ക്'.

കറ്റ = നെൽച്ചെടി കൊയ്ത് കെട്ടാക്കിയത്.(അതാണ് ഞാനുദ്ദേശിച്ചത്,മാറ്റമുണ്ടോ ന്ന് അറിയില്ല.)

Thursday, 18 October 2012

ഇനി അല്പം കൂട്ടുകാര്യങ്ങൾ.........'കുഞ്ഞാണി'ക്കഥകൾ.

അമ്മ: 'യ്യ് കൊറേ ദ്‌വസായലോ ഈ കമ്പ്യൂട്ടറുമ്മേ കളിക്കല് തൊടങ്ങീട്ട്, ഇപ്പൊ ഒര് കൊല്ലം കഴിഞ്ഞു. ഇതെന്താ പ്പൊ, അണക്ക് ഒരൊഴ്വൂം ഇല്ല്യാത്ത ഈ പരിപാടി ?

ഞാൻ: 'അമ്മാ അതീ ബ്ലോഗ്ഗെഴുത്വാ ന്ന് പറയണതാ ന്നും, കമ്പ്യൂട്ടറീക്കൂടി കഥെക്ക എഴ്തണ ആ പരിപാടി.! ഇതൊക്കെ വായിച്ച്ട്ട് ഇഷ്ടായിട്ടാ ന്നും, അന്നാ ആരിഫിക്കീം, പിന്നീം വേറീം കൊറേ ആൾക്കാരും ഇങ്ങ്ട് ന്നെ അന്വേഷിച്ച് വന്നത്.!'

അമ്മ: 'അതിപ്പെന്താ ഈ കഥോള് ? ഞാൻ പറഞ്ഞേര്ണ വല്ലതൂം ണ്ടോ ? യ്യീ അട്ക്കളടെ അട്ത്ത്ള്ള മുറീലൂര്ന്ന്ട്ട്, ഞാമ്പറയ്ണതൊക്കെ കോപ്പ്യടിക്കണ്ണ്ടോ ?'

ഞാൻ: 'ങ്ങള് നോക്കിക്കോളും, വേണങ്കി ഇത് വായിച്ചോളും.!'

**************   ***************   *****************

ഞാനിനി എന്റെ കൂട്ടുകാര്യങ്ങളെപ്പറ്റി പറയാം. പത്താം ക്ലാസ്സ് വരെ മാളുമ്മമാരും അനിയും നസീറും കുഞ്ഞേട്ടനും ഒക്കെയായുള്ള,സ്വന്തം നാട്ടിലൂടെയുള്ള തേരോട്ടത്തിന് ശേഷം, പത്ത് കഴിഞ്ഞയുടനെ തൊട്ടടുത്തുള്ള(അര കി.മീ അപ്പുറം) വക്കീൽ പറമ്പിലേക്ക് എന്റെ സൗഹൃദത്തെ പറിച്ച് നട്ടു. പിന്നെ കളിയും കഥ പറച്ചിലും ഒക്കെ അവിടെയായിരുന്നു. രാവിലത്തെ സമയം ഞാൻ വീടിന്റെ ചുറ്റുപാടുള്ളവരുമായി, സംസാരിച്ച് അവരുടെയാരുടെയെങ്കിലും വീട്ടിൽ പോയി കത്തി വച്ച് നേരം കളഞ്ഞ്, ഉച്ചയ്ക്ക് ശേഷം ഞാൻ വക്കീൽ പറമ്പിനടുത്തേയ്ക്ക് പോവും.
ഇങ്ങനെ അങ്ങോട്ട് മാറാനുള്ള പ്രധാന കാരണം, അവിടെ നല്ല ചരൽ വിരിച്ച വിശാലമായ ഗ്രൗണ്ടും,മാർഗ്ഗ നിർദ്ദേശം തരാൻ നല്ല കഴിവുറ്റ(?) കളിക്കാരും ഉണ്ട് എന്നതും കൂടിയാണ്.

ഈ കൂട്ടത്തിലെ, എന്റെ അന്നത്തേയും ഇന്നത്തേയും പ്രധാന സുഹൃത്താണ് കുഞ്ഞാണി എന്ന് ഞങ്ങൾ സ്നേഹത്തോടെ വിളിക്കുന്ന  ---------------- (പേര്). അവനെക്കുറിച്ചാകട്ടെ ഇനിയത്തെ സംഭവങ്ങൾ. ഞങ്ങൾ ഒരുമിച്ച് പഠിച്ചതാണ്. ഞങ്ങൾ എന്ന് പറയുമ്പോൾ ഞാൻ കുഞ്ഞാണി,വിനീഷ്,ജയേഷ്,ഷാജീവ്,രവി........... അങ്ങനെ നീളുമത്. അതിൽ ഞാനും ജയേഷും കുഞ്ഞാണിയും ആ കാലത്ത് സ്കൂൾ വിട്ട്  വളാഞ്ചേരി റോഡിലൂടെ ഒരുമിച്ച് വീട്ടിലേക്ക് വരേണ്ടവരാണ്. അന്നത്തെ കൂട്ടത്തിൽ ആ വഴിക്കു വരുന്നവരിൽ പ്രധാനിയായിരുന്ന വിനീഷാകട്ടെ സൈക്കിളിൽ നേരത്തെ വീട്ടിലെത്തുമായിരുന്നു. അപ്പോൾ ദിവസവും കുഞ്ഞാണിയും ഞാനും ജയേഷും ഒരുമിച്ചങ്ങനെ, നല്ല നട്ടാൽ മുളയ്ക്കാത്ത നുണകൾ, വാശിയോടെ തമ്മിൽ പറഞ്ഞ് മത്സരിച്ച് ആടിപ്പാടി നടന്നു വരും.

ആയിടെയായി കുഞ്ഞാണി ഒരു പുതിയ ബാഗ് വാങ്ങി,ഞാൻ ബാഗിലല്ല സ്കൂളിലേക്ക് പുസ്തകങ്ങൾ കൊണ്ട് പോയിരുന്നത്. ജയേഷിനൊന്ന് മുൻപേ ഉണ്ടുതാനും. അങ്ങനെ ഒരു ദിവസം സ്കൂൾ വിട്ട് വരുമ്പോൾ,ജയേഷ് കുഞ്ഞാണിയുടെ പിന്നിലൂടെ ചെന്ന് ബാഗിൽ, പുറകിലത്തെ അറയുടെ  സിബ്ബ്, തുറന്ന് കളിച്ച് കുഞ്ഞാണിയെ ശല്ല്യപ്പെടുത്തിക്കൊണ്ടേയിരുന്നു. ഓരോ തവണയും കുഞ്ഞാണി,ജയേഷ് തുറന്ന സിബ്ബ് അടച്ചുകൊണ്ടും, അപ്പോഴൊക്കെ അവൻ ജയേഷിനോട് ദേഷ്യപ്പെട്ട് പലതും ഉറക്കെ  പറഞ്ഞു കൊണ്ടും ഇരുന്നു. അങ്ങനെ അവസാനം കുഞ്ഞാണിയുടെ വീട്ടിലേക്ക് പോകാനുള്ള വഴിയെത്തി. അവിടുന്ന് കുറച്ച് കൂടി മെയിൻ റോഡിലൂടെ നടക്കണം ഞങ്ങളുടേയൊക്കെ വീട്ടിലേക്കുള്ള വഴികളാവാൻ. കുഞ്ഞാണി,അവന്റെ വീട്ടിലേക്കുള്ള ഇടവഴിയിലേക്ക് തിരിഞ്ഞതും,ജയേഷിനെ ഉറക്കെ വിളിച്ചു.

'ഡാ ജയേഷേ ങ്ങ്ട് വായോ'

റോഡിലൂടെ കുറച്ചിങ്ങോട്ട് നടന്നെത്തിയ ജയേഷ് തിരിഞ്ഞ് നിന്ന്, അവനോട് കാര്യമന്വേഷിച്ചു,

'എന്തഡ കുഞ്ഞാണ്യേ ?'  
പാവം വളരെ ജിജ്ഞാസയോടെത്തന്നെയാണ് അന്വേഷിച്ചത്.

കയ്യിലെ ബാഗ് ജയേഷിന് നേരെ നീട്ടി കൊണ്ട് അവൻ ഗൗരവമായി വിളിച്ച് പറഞ്ഞു,

'അതേയ്, ന്നാ ഈ ബാഗ് യ്യ് വീട്ടില് കൊണ്ടോയിക്കോ, യ്യന്റെ കളി്ഒക്കെ കഴിഞ്ഞ് നാളെ സ്കളിൽയ്ക്ക് കൊണ്ടന്നാ മതി, ന്നാ ഇട്ത്തോ ന്നാ......!' 

ആ ഇടവഴിയെത്തും വരെ കുഞ്ഞാണിയുടെ, ശാസനാ-വർത്തമാനങ്ങൾ കേട്ട് മനം മടുത്തിരുന്ന ജയേഷ് ഇതുകൂടി കേട്ടതോടെ,ഒന്നും മിണ്ടാതെ തലതാഴ്ത്തി എന്നോടൊപ്പം വീട്ടിലേക്ക് പോന്നു.

ഇതാണ് ഞങ്ങ പറയാൻ പോകുന്ന,'കുഞ്ഞാണി' എന്ന കഥാപാത്രം. എന്തിനും ഏതിനും ക്ഷണനേരം കൊണ്ട് തകർപ്പൻ കമന്റ് പാസ്സാക്കുന്നവൻ.!

ഞാങ്ങൾ വൈകീട്ട് കളിക്കാറുള്ള ഗ്രൗണ്ടിനെ പറ്റി പറഞ്ഞല്ലോ,ഞങ്ങൾ കളിക്ക് വല്ലാതെ ഇന്ററസ്റ്റുള്ള സമയത്ത്, നാട്ടിലെ ഉത്സവമായാലും ഗ്രൗണ്ടിലെ കളി മുടക്കാറില്ല. അങ്ങനെ തട്ടകത്തിലെ ഒരു മണ്ഡല ഉത്സവദിവസം, കളി കഴിഞ്ഞ് ഞങ്ങൾ ഗ്രൗണ്ടിൽ നിന്നും പുറത്ത് കയറി റോഡിലെത്തി. റോഡിലെത്തിയ ഉടനെ അതുവഴി ഒരു കാറിൽ വരുന്നവർ, ഞങ്ങളോട് വഴിയന്വേഷിക്കാനായി നിർത്തി. അവർ അന്വേഷിച്ചത് ഏറ്റവും മുന്നിലുള്ള ഹരീഷ്,സുധി,ഞാൻ എന്നിവർക്ക് വ്യക്തമായി കേൾക്കാം. അന്ന് ഉത്സവമുള്ള,ഞങ്ങളുടെ സ്വന്തം തട്ടകമായ, 'കാലടി' അമ്പലത്തിലേക്കുള്ള വഴിയാണവർ അന്വേഷിച്ചത്. കാരണം അന്ന് രാത്രി അവിടെ 'ഡബിൾ തായമ്പക' നടക്കുന്നുണ്ട്, അത് കാണലാണവരുടെ ഉദ്ദേശം എന്ന് വ്യക്തം. അവരോട് മറുപടി പറഞ്ഞ് കൊടുത്ത ഹരീഷ് ഞങ്ങളുടെ കൂട്ടത്തിലെത്തിയ ഉടനെ അടക്കാനാവാത്ത അത്ഭുതത്തോടെ പറഞ്ഞു,  
                                    
                             'എന്താല്ലേ ഓരോ സ്പിരിറ്റ് ? ഇവിരെക്കെ സമ്മയിക്കണം ട്ടോ.!'

പിൻനിരയിലുണ്ടായിരുന്ന കുഞ്ഞാണി,താല്പര്യമുള്ള വിഷയം കേട്ട ഉടനെ, ഇടിച്ചുകയറി ഇടപെട്ടു.

                       'സ്പിരിറ്റോ ? എവടേ ഹരീഷേ, സ്പിരിറ്റെവടെ ? ആ കാറിലോ ?'

'കുഞ്ഞാണി', ഏത് കാര്യത്തിനും ഒരു കമന്റ് അവന്റടുത്ത് നിന്ന് ഉറപ്പാ,അത് പൊട്ടത്തരമായാലും.... പക്ഷെ അവൻ ഇതൊന്നുമല്ല,ഇനിയുമുണ്ട്.!

ഞങ്ങൾ കളിയൊക്കെ കഴിഞ്ഞ്,കയറുമ്പോഴേക്കും ഇബ്രായിക്കയുടെ കട മാത്രമേ തുറന്നതായുണ്ടാവൂ. അവിടുന്ന് വെള്ളമൊക്കെ കുടിച്ച്,ബാലേട്ടന്റെ ഹോട്ടലിന്റെ മുന്നിലുള്ള ടൈൽസ് വിരിച്ച വീതനയിലും, ഇബ്രായിക്കയുടെ കടയുടെ മുന്നിലുള്ള ബഞ്ചിലും ഞങ്ങളിൽ പലരും ഇരിപ്പുറച്ചിരിക്കും. ആ സമയത്ത് ഞങ്ങളുടെ കൂട്ടത്തിലെ ഷിഹാബിന്റെ, വീടിന് മുൻപിലൂടെ ഒരു ക്വാളിസ് വളവും തിരിഞ്ഞ് കുതിച്ച് പാഞ്ഞ് വരുന്നുണ്ട്. അതിന് ഹാലജൻ ഹേഡ് ലൈറ്റായിരുന്നു. നല്ല തൂവെള്ള പ്രകാശം വിതറിക്കൊണ്ട് ആ വണ്ടി ദൂരെ നിന്ന് വരുന്നത് കണ്ടതും,കുഞ്ഞാണി പറഞ്ഞു,

                       'എന്ത് ക്ലിയറാ ല്ലേ അയിന്റെ ലൈറ്റ്  ? 
                                 വല്ല സൂചീം റോട്ടില്ണ്ടെങ്ങി കാണാ ല്ലേ ?.......രസാ ട്ടോ.!'

ദൂരെ നിന്നും ചീറി വന്ന ആ ക്വാളിസ് ഞങ്ങളെ മറി കടന്ന് അധികം പോയില്ല, അതവിടെ നിന്നു.
ഞങ്ങൾ കാര്യമന്വേഷിക്കാൻ അതിനടുത്തേക്ക് ഓടിച്ചെന്നു. പ്രശ്നമൊന്നുമില്ല, അതിന്റെ ഹെഡ് ലൈറ്റ് അപ്രതീക്ഷിതമായി പെട്ടെന്ന് ഓഫ് ആയിരിക്കുന്നു. അത് കൊണ്ട് ആ വണ്ടി, ഡ്രൈവർ നിർത്തിയതാണ്, മറ്റ് കുഴപ്പങ്ങളൊന്നുമില്ല. ഞങ്ങളിൽ ആ സംഭവം വലിയൊരു ഞെട്ടലും, അത്ഭുതമൊന്നുമുണ്ടാക്കിയില്ല,കാരണം ഞങ്ങടെ കുഞ്ഞാണ്യല്ലേ പറഞ്ഞിരിക്ക്ണത്.!

അങ്ങനെ ദിവസങ്ങളും മാസങ്ങളും കഴിയവേ,മറ്റൊരു മഴക്കാലം വന്നു. അങ്ങനെ ആ മഴക്കാലത്തും ഞങ്ങൾ പതിവ് പരിപാടികളുമായി കൂടിയിരിക്കുന്നു. കൂട്ടത്തിലൊരുവൻ(നിശാന്ത്) കൊപ്പത്തെ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി, കുടയും ചൂടി ഞങ്ങളുടെ അടുത്തെത്തി. കുട മുഴുവനായി മടക്കാതെ, ഒന്ന് ചുരുക്കിയെന്ന് വരുത്തി അതിന്റെ പിടിയിലുള്ള വള്ളിയിലൂടെ കൈയ്യിട്ട് താഴേക്ക് തൂക്കിപ്പിടിച്ച് ഞങ്ങളോട് വർത്തമാനത്തിനായി നിന്നു. കാര്യമായി മടക്കിവയ്ക്കാത്തതിനാൽ കുടയുടെ വില്ലുകളൊന്നും കുടയുടെ പിടിയിൽ അവ കയറ്റി വയ്ക്കുന്ന ഭാഗത്ത്,ശരിയായി കയറിയിട്ടില്ല. അതുകൊണ്ട് തന്നെ ആ കുടയാകെ, വില്ലുകളൊക്കെ അലക്ഷ്യമായി വിടർന്ന് നിന്ന് കയ്യിൽ തൂങ്ങിക്കിടക്കുകയാണ്. അതുകണ്ട കുഞ്ഞാണി അവനോട് ചോദിച്ചു.

       'എന്തട നിശാന്തേത് ?  വല്ല 'താമര' വിരിഞ്ഞ മായിരിണ്ടലോ ? അല്ല നോക്കിം ങ്ങള് '

കുഞ്ഞാണിയെ പറ്റി നന്നായറിയാവുന്ന നിശാന്ത് പറഞ്ഞു,

                                                           'എട കുഞ്ഞാണ്യേ, പുത്യേ കൊടേ ണ് ത്, 
                      ഇയിന് വെല്ലതും പറ്റ്യാ അന്ന ഞാൻ കാണിച്ചേര ണ്ട് ട്ടോ....'

അവനങ്ങനെ പറഞ്ഞുവെങ്കിലും,പ്രശ്നങ്ങളൊന്നും പ്രതീക്ഷിക്കാതെ തന്നെ അവൻ കുട നിവർത്തി,

               "ആ 'പുതിയ' കുടയുടെ രണ്ട് വില്ലുകൾ ഒടിഞ്ഞിരിക്കുന്നു.!"  (കുഞ്ഞാണീസ് ഇഫക്ട്.!)

ഞങ്ങളൊക്കെ അതുകണ്ട് കുറേ നേരം ആർത്തു ചിരിച്ചു.

ഞാങ്ങൾ അടുത്ത ദിവസം തന്നെ അടുത്തുള്ള പുലാമന്തോൾ പുഴയിലേക്ക് പോവാൻ പ്ലാനിട്ടു. മഴയിൽ വെള്ളം നിറഞ്ഞ്, എത്രയായെന്നറിഞ്ഞ്,അതിലൊന്ന് നീന്തി-കുളിക്കാനുമായിട്ടാണാ യാത്ര പ്ലാൻ ചെയ്തത്. കൂട്ടത്തിലുള്ള മൂന്ന് പേർ ബൈക്കുകളുമെടുക്കും,അതിൽ ഞങ്ങൾ അഞ്ചോ ആറോ പേർ പോകും, അങ്ങനാണ് പ്ലാൻ. കൂട്ടുകാരൊക്കെ ബൈക്കുകളുമായെത്തി, പുലാമന്തോളിലേക്കുള്ള വഴിയിലുള്ള പെട്രോൾ പമ്പിൽ നിന്നും പെട്രോളടിച്ച് വേണം പോകാൻ. അങ്ങനെ അവിടെയെത്തി എല്ലാവരും നിരന്ന് നിന്ന് 'എണ്ണ'യടിക്കുന്നു. 'യ്ക്കൊരമ്പത് ','യ്ക്ക് നൂറ് ' അങ്ങനെ ഓരോരുത്തരായി 'എണ്ണ', സംഖ്യ പറഞ്ഞ് അടിച്ചു കൊണ്ടിരുന്നു. അവസാനമായുള്ള ഒരുവൻ കൂടി അടിച്ചാൽ ഞങ്ങൾക്ക് പോകാം.

അവൻ 'എണ്ണ' അടിക്കാനായി വണ്ടി റെഡിയാക്കി നിർത്തി കുറച്ച് ധൃതിയോടെ  പറഞ്ഞു,

'ഒരു നൂറിനടിച്ചോളിം.'

ദാ വന്നു, കാത്തിരിക്കുന്നവരുടെ ആരുടേയോ ബൈക്കിന് പിറകിലുള്ള കുഞ്ഞാണിയുടെ കമന്റ്,

 'എന്താ ല്ലേ ഓരോ ടെക്നോളജ്യോള്  ? സംഖ്യ ങ്ങ്ട് അടിച്ചാ മതി, അയിന് മാത്രങ്ങ്ട് ചാടും, കൂടുതലൊരു തുള്ളി മ്മക്ക് ക്ട്ടില്ല്യ ന്നെ.!'

എന്തായാലും ആ കൗണ്ടറിൽ നിന്ന് അവസാനത്തെ കൂട്ടുകാരന് 'എണ്ണ'യടിക്കാൻ കഴിഞ്ഞില്ല.! ആ റീഡറും അതിനോടനുബന്ധമായ യന്ത്രങ്ങളുടേയും പ്രവർത്തനം അപ്രതീക്ഷിതമായി നിന്നുപോയി അവൻ അവിടെയുള്ള മറ്റൊരു കൗണ്ടറിൽ നിന്ന് 'എണ്ണ'യടിച്ച് ഞങ്ങളോടൊപ്പം പുഴയിലേക്ക് പോന്നു.

ഡൽഹീ ന്നോ ബോംബേ ന്നോ മറ്റോ ആള് വന്നിട്ടാ,ആ റീഡർ നന്നാക്കിയെന്ന് പിന്നീട് 'കൂട്ടുകാരാരോ' പറഞ്ഞറിഞ്ഞു.!

**************          **************       ***************
ഞാൻ അമ്മയുടെ അഭിപ്രായമറിയാൻ അമ്മയുടെ വായനയും കണ്ട്, കാത്തിരിക്കുകയാണ്,

അമ്മ: 'വായിച്ചു,ഇതൊക്കെ യ്യ് ഇവടെ ഞങ്ങളോടൊക്കെ പറഞ്ഞ്ട്ട്ള്ളതല്ലേ ?'

ഞാൻ: 'അതേന്നും......ഇവടെ ങ്ങളോടൊക്കെ പറഞ്ഞതന്നേ ഇതുവരെ എഴ്ത്യേതൊക്കെ,
                                          പക്ഷെ ഇതുവരെ ഇങ്ങനെ ചെലതൊന്നും ബ്ലോഗിലെഴുതീട്ടില്ല്യാ.!'

അമ്മ: 'വല്ല്ലോരിം പറ്റി ഓരോന്ന് പറയാൻ തൊടങ്ങ്യാ പിന്നെ,'വെള്ളി്ആഴ്ച കന്ന്വോള് മൂത്രൊഴിക്ക്ണ പോലേ ണ് യ്യ് ' എവ്ട്ന്നാ എപ്പ്ഴാ എങ്ങനേ ഓരോന്ന് ചാട്വാ ന്ന്- അണക്കെന്നെ അറിയ്വണ്ടാവില്ല്യാ.'

Sunday, 30 September 2012

ശരിക്കും, 'ഇതാണാ' ഓണസമ്മാനം.....


വീട്ടിൽ ഓണത്തെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ്. അമ്മയും ചേച്ചിയും ഏട്ടത്തിയമ്മയും അവസാനവട്ട കലാശക്കൊട്ടിന്റെ തിരക്കിലാണ്.
                                 'ആ ചെറിയ സാധനം' ഇനിയും ങ്ങട്ട് വരാള്ള ഒരുക്കല്ല്യേ ആവോ' ?
അമ്മ ലേശം അരിശത്തിൽ ആയിരുന്നു.
                            'ന്ന് ഊണ് കഴിയ്ക്കാരാവുമ്പഴക്ക് എത്ത്വായിരിക്കും അമ്മാ'
ചേച്ചി അമ്മയെ സമാധാനിപ്പിച്ചു.
                     
 'ഇന്നലെ ഞാൻ വിളിച്ചപ്പോ ഓന് ഇത്തിരി പനി ണ്ട് ന്ന് പറഞ്ഞേര്ന്നു. ഓനെ ഒന്നു വിളിച്ച് നോക്കട്ടെ'  -വല്ല്യേട്ടൻ എല്ലാവരോടുമായി എന്നാൽ ആരോടുമല്ലാതെ ഉറക്കെ പറഞ്ഞു.

രണ്ട് മൂന്ന് കല്ല്യാണത്തിന് പോയി വന്ന ക്ഷീണത്തിലായിരുന്നു വല്ല്യേട്ടൻ. കുടുംബങ്ങളിലും മറ്റു രണ്ട് സ്ഥലങ്ങളിലുമായി ഉള്ള കല്ല്യാണങ്ങളായിരുന്നു. നിർബന്ധമായും പങ്കെടുക്കേണ്ടവ. അങ്ങനെ അതിന് വേണ്ടി ഓടിയ തിരക്കിനിടയിലും അഛൻ 'ചെറിയ ആളെ' വിളിച്ച് നോക്കാൻ ചേട്ടനെ നിർബന്ധിച്ചു.
'ഓൻ ങ്ങട്ടന്നെല്ലേ വരാമ്പോണ് ? പിന്നെന്തിനാ വിളിക്കണ് ?' 'ഇയ്ക്ക്ബട്ന്ന് അനങ്ങാൻ വയ്യ..... ന്നാലും അഛൻ പറഞ്ഞതല്ലേ, ഒന്ന് വിളിച്ച് നോക്കാ' ഏട്ടൻ സ്വയം സമാധാനിച്ചുകൊണ്ട് വിളിച്ചു. 9..8..9..5..7..9..7..5..5..7 ഏട്ടൻ മൊബൈലിൽ വിളിച്ച് നോക്കി. റിംഗ് ചെയ്യുന്നുണ്ട്, പക്ഷെ എടുക്കുന്നില്ല.
                           'ഓൻ ങ്ങട് എത്താരായിട്ട്ണ്ടാവും അതാവും ഇട്ക്കാത്തേ!'
ഏട്ടൻ സ്വയം സമാധാനിച്ചു കൊണ്ട് എല്ലാരും കേൾക്കെ ഉച്ചത്തിൽ പറഞ്ഞു. വീട്ടിലെത്തേണ്ട സമയം കഴിഞ്ഞു. എത്തിക്കാണുന്നില്ല! ഏട്ടൻ വീണ്ടും വീണ്ടും അതിൽ വിളിച്ചുകൊണ്ടിരുന്നു. അങ്ങനെ ഒരുപാട് നേരത്തെ ശ്രമത്തിനൊടുവിൽ ഫോണെടുത്തു. സംസാരിച്ച് തുടങ്ങിയപ്പോൾ ഏട്ടന് ഒരു കാര്യം മനസ്സിലായി. ഫോൺ എടുത്തത് അനിയനല്ല. ഏട്ടന്റെ ചോദ്യങ്ങൾക്ക് കാത്തുനിൽക്കാതെ മറുതലക്കൽ ഫോണെടുത്ത ആൾ പറഞ്ഞ് തുടങ്ങി.

              'ങ്ങള് വിളിച്ച ആള് ഇവടെ ട്രൈനീന്ന് തെറിച്ച് വീണ് ചോരയൊലിപ്പിച്ച്ട്ട് കെടക്ക്വാണ്, ഞാ പ്പോ ഈ വഴി നടന്നു പോക് ണ ആളാ'.

ആൾ പറഞ്ഞവസാനിപ്പിച്ചതും ഏട്ടൻ ഒന്നു ഞെട്ടി. പക്ഷെ ആ ഞെട്ടൽ പുറത്ത് കാണിച്ചാൽ അമ്മയും അഛനും വീട്ടിലുള്ളവരെല്ലാവരും ആകെ പരിഭ്രാന്തരാവും. അതിനിട വരുത്താതെ ഏട്ടൻ, വീടിന് പുറത്തേക്ക് ഫോണെടുത്തോണ്ട് പോയി എന്നിട്ട് അയാളോട്, 'പട്ടാമ്പി ഹോസ്പിറ്റലിലേക്കൊന്ന് എത്തിക്കാൻ കഴിയ്വോ' ന്ന് ചോദിച്ചു. അങ്ങനെ ഏട്ടൻ ഫോൺ വച്ചു.

അപ്പോൾ സുരേട്ടനും(എൽ.ഐ.സി) ക.ക.ജു.ക.ഗു കുട്ട്യേട്ടനും(ന്റിമ്മാ കള്ളം കള്ളം) പട്ടാമ്പിയിൽ ഉണ്ട്. അവർ 'സുരേട്ടൻ' പറഞ്ഞ 'ആരെയോ' ആസ്പത്രിയിൽ എത്തിക്കാൻ വേണ്ടി ഒരു കല്ല്യാണത്തിരക്കിൽ നിന്ന് മെല്ലെ മുങ്ങിയതാണ്. അങ്ങനെ അവർ പട്ടാമ്പി 'സേവന'യിൽ എത്തി. അവിടുന്ന് അപകടം സംഭവിച്ച് ഗുരുതരാവസ്ഥയിലുള്ള ആ രോഗിയെ തങ്ങൾ എടുക്കില്ലാ ന്ന് പറഞ്ഞ് 'സേവനക്കാർ', പ്രാഥമിക ശുശ്രൂഷകൾ നൽകി തൃശ്ശൂരിലേക്ക് അയച്ചു. അങ്ങനെ ആംബുലൻസിൽ രോഗിയോടൊപ്പം കയറി തൃശ്ശൂരിലേക്ക് പോകുന്നതിന്നിടയിൽ മാത്രമാണ് കുട്ട്യേട്ടൻ ആ അപകടം പറ്റിയ 'ആളി'ന്റെ ചോര പുരണ്ട വസ്ത്രങ്ങൾ ശ്രദ്ധിക്കുന്നത്. നല്ല പരിചയമുള്ള പാന്റും ഷർട്ടും! ഇതാരുടേയാ ഇപ്പൊ ഇങ്ങനെ പരിചയം തോന്നാൻ. അധികം ആലോചിക്കേണ്ടി വന്നില്ല, തന്റെ അനുജനാണ് ആ ആംബുലൻസിൽ മരണാസന്നനായി രക്തത്തിൽ കുളിച്ച് കിടക്കുന്നത് എന്ന സത്യം മനസ്സിലാക്കിയതും കുട്ട്യേട്ടൻ ആകെ മനസ്സും ശരീരവും തളർന്ന്, തലക്ക് കയ്യും കൊടുത്ത് ആ ആംബുലൻസിലിരുന്നു. അപ്പോഴേക്കും ഇതൊന്നുമറിയാതെ, ഏട്ടൻ വിളിച്ചു. തൃശ്ശൂരിലേക്ക് പോവ്വാണ് എന്ന് കുട്ട്യേട്ടൻ ഏട്ടനോട് എങ്ങനേയോ പറഞ്ഞൊപ്പിച്ചു. കുട്ട്യേട്ടനോട് എങ്ങോട്ടാണ്,ആരാണ്, എന്തിനാണ് എന്നൊന്നും വിശദീകരിക്കാതെയാണ്,സുരേട്ടൻ കുട്ട്യേട്ടനെ  കല്യാണത്തിരക്കിനിടയിൽ നിന്നും 'സേവനയിൽ' എത്തിച്ചത്.

ആങ്ങനെ ബോധമുള്ള സുരേട്ടനും പകുതി ബോധത്തോടെ കുട്ട്യേട്ടനും, തൃശ്ശൂരിൽ അശ്വിനിയിൽ ആ നിശ്ചല ശരീരം എത്തിച്ചു. പ്രാഥമികശുശ്രൂഷകൾ നൽകിയ ശേഷം ഡൊക്ടർമാർ ഒന്നടങ്കം പറഞ്ഞു.

                                         'ഒക്കെ ദൈവത്തിന്റെ കയ്യിലാ, നന്നായി പ്രാർത്ഥിച്ചോളൂ, ഞങ്ങൾ ഞങ്ങളുടെ പരമാവധി നോക്കിക്കോളാം.'

 ഇത് കൂടി കേട്ടതും കുട്ട്യേട്ടനിൽ അവശേഷിച്ചിരുന്ന നല്ല ജീവനും പോയി, ആസ്പത്രി വരാന്തയിൽ ആകെ തളർന്നിരുന്നു. അപ്പോഴേക്കും നേരം ഒരുപാട് വൈകിത്തുടങ്ങിയിരുന്നു. സുരേട്ടൻ,ഏട്ടനെ  അതുവരെ കാണാത്തതിനാൽ, വല്ലാത്ത ദേഷ്യത്തിൽ ആയിരുന്നു. ഏട്ടനാകട്ടെ, അപ്പോൾ തെറ്റിദ്ധാരണകൾ നിമിത്തം പെരിന്തൽമണ്ണയിലേയും പട്ടാമ്പിയിലേയും മറ്റും ആസ്പത്രികൾ ഒരുപാട് കയറിയിറങ്ങിക്കഴിഞ്ഞിരുന്നു. അവസാനം തൃശ്ശൂരിലെ അശ്വിനിയിൽ എത്തിയപ്പോഴേക്കും സുരേട്ടൻ ദേഷ്യത്തിന്റെ കൊടുമുടിയിൽ എത്തിയിരുന്നു. ഏട്ടൻ വന്നപാടെ,സുരേട്ടൻ ഏട്ടനോട് ഒരുപാട് ദേഷ്യപ്പെട്ടു. അങ്ങനെ സുരേട്ടൻ ഏട്ടനെ ഉത്തരവാദിത്തങ്ങൾ ഏൽപ്പിച്ച് നാട്ടിലേക്ക് പോന്നു.

വീട്ടിൽ 'സംഭവങ്ങൾ' ഒന്നുമറിയാതെ അമ്മയും അഛനും ചേച്ചിയും ഏട്ടത്തിയമ്മയും ഒക്കെ ഇരിക്കുകയാണ്. ഏട്ടന്റെ ഉച്ചത്തിലുള്ള ഫോൺ സംസാരം ഉച്ചയ്ക്ക്, ഒരുപാടുതവണ കേട്ട് കഴിഞ്ഞ എല്ലാവർക്കും ഒരുകാര്യം ഉറപ്പായിരുന്നു. 'ചെറിയവന്' എന്തോ കാര്യമായ അപകടം പറ്റിയിരിക്കുന്നു.  അവരൊന്നും വിവരങ്ങളറിയാതെ അങ്ങനെ നീറി നീറി കഴിച്ചുകൂട്ടുകയാണ്. ഏട്ടൻ അവരോടൊന്നും വിശദീകരിക്കാതെയാണ് വീട്ടിൽ നിന്നും ഹോസ്പിറ്റലിലേക്ക് വന്നത്. ഹോസ്പിറ്റലിൽ, പലയിടത്ത് നിന്നായി എന്റെ കൂട്ടുകാരൊക്കെ എത്തിക്കഴിഞ്ഞു, അവരെല്ലാം എന്നെ കണ്ട് വീട്ടിലേക്ക് തിരിച്ചു പോന്നു. കൂട്ടത്തിൽ രണ്ട് പേർക്ക് മാത്രമേ രക്തദാനത്തിന് പറ്റിയുള്ളൂ. അതിലൊരാൾ നാട്ടിൽ തിരിച്ചെത്തി മറ്റൊരു കൂട്ടുകാരനോടൊപ്പം വീട്ടിൽ ഹോസ്പിറ്റൽ വർത്തമാനങ്ങൾ അറിയിക്കാൻ വേണ്ടി ധൈര്യം സംഭരിച്ച് പോയി. അവർക്ക് എന്ത് പറയണം എങ്ങനെ പറയണം എന്ന് ഒരു രൂപവും ഇല്ല. അനക്കമില്ലാത്ത, ചോരയിൽ കുളിച്ച, ശരീരത്തിലെ രക്തം മുഴുവൻ വാർന്ന് പോയ ഒരസ്ഥികൂടത്തെ ആസ്പത്രിയിൽ കണ്ടിട്ടാണ് അവർ നാട്ടിലും, 'വിവരങ്ങൾ' അറിയിക്കാൻ എന്റെ വീട്ടിലും എത്തിയിരിക്കുന്നത്.
                   
                        അമ്മ രക്തം വാർന്ന മുഖത്തോടെ അവരോട് ചോദിച്ചു. ''എന്തായി ?'

നിശ്ചലശരീരമായി,ചോര മുഴുവൻ വാർന്നു പോയി, എല്ലും തോലുമായി ആസ്പത്രിയിൽ കിടക്കുന്ന എന്നെ കണ്ടുവന്നിട്ടാണ് അവർ അമ്മയുടെ മുന്നിൽ ആ ചോദ്യത്തെ നേരിട്ടുകൊണ്ട് നിൽക്കുന്നത്. എന്ത് പറയണം എന്നറിയാതെ പേടിച്ചരണ്ട് നിൽക്കുന്ന അവരിൽ ഒരാൾ മുന്നോട്ട് കയറി പറഞ്ഞു.
                           'അമ്മേ കുഴപ്പമൊന്നുമില്ല, ഞങ്ങൾ കയറി കണ്ടു,ഒന്നും മണ്ണ്ട്ണില്ല്യാ, കെടക്ക്വാ,ഏട്ടന്മാരൊക്കെ അവടണ്ടല്ലോ അടുത്ത് ന്നെ'
                 മുന്നോട്ട് കയറിയ,ഏറ്റവും പേടിയുള്ളതും,എനിക്ക് രക്തം തന്നതുമായ ശൈലേഷ് എന്ന ആളാണ് അമ്മയോട് ഇത്രയും പറഞ്ഞത്.

ഞാൻ ആസ്പത്രിക്കിടക്കയിൽ മരണത്തെ മുഖാമുഖം കണ്ടുകൊണ്ട് കിടക്കുകയാണ്. ഒരുപാട് സ്വപ്നങ്ങളും(അതൊക്കെ വെറുതെയാണ് എന്ന് പറയുമെങ്കിലും, വെറുതേയല്ലാ ന്ന് എനിക്ക് വിശ്വാസം ണ്ട്) പ്രതീക്ഷകളുമായി എറണാംകുളത്തേക്ക് ജോലിക്ക് പോയതാണ്. പാലക്കാടിലെ ജോലിയവസാനിപ്പിച്ച് പുതിയ തട്ടകമായ എറണാംകുളത്തേക്ക് പോന്നതാണ്. നല്ല കൂട്ടുകാരെയാണ് അവിടങ്ങളിലൊക്കെ (പാലക്കാടും,എറണാംകുളത്തും) എനിക്ക് കൂട്ടായിട്ട് കിട്ടിയിട്ടുള്ളത്. വളരെ നല്ല ഒരു അന്തരീക്ഷത്തിൽ നിന്നും ജോലി മാറി വേറൊരു സ്ഥലത്തെത്തിയിട്ട് അധികകാലമായിട്ടില്ല. അപ്പോഴേക്കും, ജീവിതത്തിൽ പല തിരിച്ചടികളേയും നേരിട്ട് കഴിഞ്ഞ എനിക്ക് കൂനിന്മേൽ കുരു പോലെ ഒരു പ്രണയ പരാജയവും കൂടി നേരിടേണ്ടി വന്നിരുന്നു. ആ പ്രണയ പരാജയത്തിന് ശേഷം ഇനി ഒരിക്കലും അത്തരം നാടകങ്ങൾക്കില്ല എന്ന ഉറച്ച തീരുമാനം എടുത്തിരുന്ന എന്റെ ജീവിതത്തിലേക്ക് എല്ലാം മനസ്സിലാക്കി കൊണ്ടാണ് 'അവൾ' കടന്നു വന്നത്. അവളെ കുറിച്ചുള്ള സ്വപ്നങ്ങൾ എന്നിൽ ഒരുതരം പുതിയൊരുണർവ്വ് സമ്മാനിക്കുകയായിരുന്നു. എന്റെ സ്വന്തം പെണ്ണിനെ പറ്റിയുള്ള സ്വപ്നങ്ങൾ, വീട്ടിൽ അഛനിൽ നിന്ന് ഞാൻ ചോദിച്ചു വാങ്ങിയ മതിലു പണിയുടെ ഉത്തരവാദിത്തങ്ങൾ എല്ലാം കൂടി മനസ്സ് ആകെ ചിന്തകളാൽ കലങ്ങി മറിയുകയാണ്.

ഇങ്ങനെ ചിന്തകൾ കൂടിയുള്ള കുഴച്ച് മറിക്കലാണ്, എന്നെ മനോഹരമായ ജീവിതത്തെ നേരിടുന്നതിൽ നിന്നും പിറകോട്ട് വലിക്കുന്നത്, ഞാൻ ചിന്തിച്ചു. എന്റെ സ്വന്തം പെണ്ണിനെ ഒന്നു ചേർത്ത് പിടിക്കാൻ എന്റെ മനസ്സ് തീവ്രമായി ആഗ്രഹിച്ചു. ഞാൻ ചുറ്റുപാടൊന്നും നോക്കുന്നില്ല അവളെ ചേർത്ത് പിടിക്കാൻ വേണ്ടി കൈകളുയർത്തി. എന്തോ എന്റെ വലതു കൈ പൊങ്ങുന്നില്ല, ഞാൻ ഇടതുകൈ പൊക്കി നോക്കി, ഇല്ല അതും പൊങ്ങുന്നില്ല. എന്റെ ദൈവമേ എനിക്ക് കൈകളനക്കാൻ കഴിയുന്നില്ല.! ഞാൻ ഉറക്കെ ഏട്ടനെ വിളിച്ചു നോക്കി. ഇല്ല എന്റെ ശബ്ദവും പുറത്ത് വരുന്നില്ല. ഞാൻ മിണ്ടാനും അനങ്ങാനും കഴിയാത്ത ഒരു നിശ്ചല വസ്തുവായി ആസ്പത്രിക്കട്ടിലിൽ മലർന്ന് കിടക്കുകയാണ്. ഞാൻ ഇതുവരെ കണ്ട എന്റെ പ്രണയിനിയേക്കുറിച്ചുള്ള സുന്ദരമായ ചിന്തകളും, മതിലുപണി ഞാൻ തിരിച്ചു വന്ന് നോക്കിക്കൊള്ളാം എന്നു പറഞ്ഞു എറണാംകുളത്തേക്ക് ജോലിക്ക് വന്നതും എല്ലാം എന്റെ സ്വപ്നങ്ങൾ ആയിരുന്നോ ?
ഈശ്വരാ ഞാൻ ചലനശേഷിയില്ലാത്ത രൂപമായി ഒരു വെറും നിശ്ചലശരീരമായി കിടക്കുകയാണോ ? അവസാനം ഞാനാ സത്യത്തെ അംഗീകരിക്കേണ്ടതായി വന്നു. എന്നിലെ ചലനശേഷിയും ജീവസ്സും ഇനിയും തിരിച്ചുവരേണ്ടിയിരിക്കുന്നു.

ദിവസങ്ങൾ മാസങ്ങളായി കലണ്ടറിനെ അനക്കുന്നു. പക്ഷെ എന്റെ ശരീരത്തിന് മാത്രം ഒരുവിധ അനക്കങ്ങളും സംഭവിക്കുന്നില്ല.! അതിനിടയിൽ ഡോക്ടെഴ്സ് എന്നെ തീവ്രപരിചരണ വിഭാഗത്തിൽ നിന്നും റൂമിലേക്ക് മാറ്റി (അനക്കമില്ലാതെ കിടക്കുന്ന ശരീരത്തിനെന്ത് തീവ്രപരിചരണം?). മരുന്നുകളും മറ്റും നഴ്സുമാർ നേരിട്ട് കൊടുക്കുന്നത് നിർത്തി, എല്ലാം റൂമിലെ ചേട്ടന്മാരെ ഏൽപ്പിക്കും. അങ്ങനെ എന്റെ ഒരു അനക്കത്തിനായി ഏട്ടന്മാർ കാത്തിരിക്കുമ്പോഴും, കുട്ട്യേട്ടൻ മറ്റൊരു ശ്രമത്തിലും ആലോചനയിലും ആയിരുന്നു.  കുട്ട്യേട്ടൻ ഡോക്ടറോട് എനിക്കിപ്പോൾ അത്യാവശ്യം കൊടുക്കുന്ന മരുന്നുകൾ എന്തിനായുള്ളതാ ന്ന് അന്വേഷിച്ചു. അങ്ങനെ ഡോക്ടറുടെ അനുമതിയോടെ എനിക്കുള്ള മരുന്നുകളിൽ ഗണ്യമായ കുറവ് വരുത്തുകയും 'മറ്റൊരാളുടെ' നിർദ്ദേശാനുസരണം വെറും പഴച്ചാറുകളും മറ്റുമാക്കി എന്റെ ഭക്ഷണം കുറക്കുകയും ചെയ്തു.മാറ്റങ്ങൾ ഫലം കണ്ടു, അധികം വൈകിയില്ല കുട്ട്യേട്ടൻ അതീവ സന്തോഷത്തോടെ വീട്ടിലേക്ക് വിളിച്ചു.
         
             'അമ്മാ ഓന്റെ ചെറുവിരൽ അനങ്ങി ട്ടോ'
             
അത്യാഹ്ലാദത്തോടെ അമ്മയോട് പറഞ്ഞു. ഞാൻ അത്ഭുതപ്പെട്ടു. '

                 'എന്റെ ഒരു വിരൽ അനങ്ങുന്നതിന് ഇത്രയും സന്തോഷമോ !'

 വീട്ടുകാരുടെ ആ സന്തോഷത്തെ ഇരട്ടിപ്പിച്ച് കാണിപ്പിച്ച് തരുവാൻ ഞാൻ ദൈവത്തോട് ശക്തിയായി പ്രാർത്ഥിച്ചു

ദൈവം അപ്പോൾ വേറൊരു ചിന്തയിൽ ആയിരുന്നിരിക്കണം.
                                        'താൻ ജാഗരൂകനായി കണ്ണിമ ചിമ്മാതെ ലോകത്തെ പരിപാലിച്ചോണ്ട് ഇരിക്കുന്നതിന്നിടയിൽ ഒന്നു കണ്ണ് ചിമ്മിത്തുറന്നപ്പോഴേക്കും എന്തെല്ലാം പ്രശ്നങ്ങളാണ് ഈ പ്രകൃതി, കാട്ടിക്കൂട്ടിയത് ?
ഒരു കണ്ണ് ചിമ്മി തുറന്ന നേരം കൊണ്ട് പ്രകൃതി കാട്ടിക്കൂട്ടിയ ഈ വികൃതികളെ ഞാൻ ഏത് രീതിയിൽ നന്നാക്കും?'
അപ്പോഴേക്കും ദൈവത്തിന്റെ മുൻപിൽ എന്നോട് സ്നേഹമുള്ള ഒരുപാടാൾക്കാരുടെ, നിവേദനങ്ങൾ പ്രാർത്ഥനാരൂപത്തിൽ എത്തിയിരിക്കുന്നു. ഇത്രയധികം ആളുകളുടെ ഒരുമിച്ചുള്ള സ്നേഹനിർഭരമായ ഒരാവശ്യം നടത്തിക്കൊടുക്കാതിരിക്കുന്നതെങ്ങനെ ?

*************************************

എനിക്ക് എന്റെ പ്രണയിനിയോടൊന്നിച്ച് ഇനിയും ഒരുപാട് കാലം ഈ ലോകത്ത് തന്നെ സന്തോഷമായി ജീവിക്കണം. എനിക്ക് ശക്തമായ പ്രചോദനങ്ങൾ തന്നതും, എന്നിൽ വല്ലാത്തൊരു ആകർഷണീയത ഉണ്ടാക്കിയതുമായ ബ്ലോഗ് എന്ന ബൂലോകത്തേക്ക് എനിക്കും തലയുയർത്തി കടന്ന് ചെല്ലണം. ശരീരം നമ്മുടെ ആവശ്യത്തിനൊത്ത് വഴങ്ങാതിരിക്കുമ്പോഴും എന്നിൽ ആ ആഗ്രഹത്തിന് സഫലീകരണം നൽകിക്കൊണ്ട് എന്റെ വീട്ടുകാരും, സുഹൃത്തുക്കളും എനിക്ക് പിന്തുണയുമായി എന്റെ ചുറ്റും നിൽക്കുന്നു. പിന്നെ ഞാൻ എന്തിന് എന്റെ ശരീരം ഒന്നിനും വഴങ്ങുന്നില്ല എന്ന് കുറ്റപ്പെടുത്തി എല്ലാറ്റിൽ നിന്നും ഒഴിഞ്ഞു നിൽക്കണം?
എന്റെ ശരീരവും മനസ്സും ഓർമ്മകളും ഒന്നും കൂടെയില്ലാതെ ഞാൻ കണ്ട ഒരുപാട് സുന്ദര സ്വപ്നങ്ങൾ സാക്ഷാത്കരിക്കുവാനായി ദൈവം എന്നെ പുനരുജ്ജീവിപ്പിച്ചു എന്ന ഉറച്ച വിശ്വാസത്തോടെ ഞാൻ ഇന്നും നിങ്ങളുടെയിടയിൽ ഒരാളായി ജീവിക്കുന്നു.

ആസ്പത്രിയിൽ ഞാനനങ്ങാതെ കിടക്കുന്ന നേരത്തും,ശരീരം പുറംതള്ളുന്ന  ഖര-ദ്രവ മാലിന്യങ്ങളെ വൃത്തിയാക്കി ശരീരം വൃത്തിയോടും വെടിപ്പോടും സൂക്ഷിക്കുകയും, വീട്ടിലെത്തി ഇന്നുവരെ എന്റെ ഒരു ചെറുവിരലനക്കത്തിന് പോലും സഹായവുമായി വരുന്ന,വന്നിട്ടുള്ള എന്റെ വല്ല്യേട്ടനെ ഞാൻ ദൈവത്തിന്റെ പ്രതിരൂപമായി കാണുന്നു. പക്ഷെ എന്നിട്ടും ഞാൻ പല സമയങ്ങളിലും പല കാര്യങ്ങളിലും ഏട്ടനോട് വഴക്കിടുകയും മറ്റും ചെയ്യുന്നു. ഏട്ടനോട് ഞാൻ മാപ്പ് ചോദിക്കുന്നു, ചെയ്തതും ഇനി അറിവില്ലാതെ വല്ലതും ചെയ്തു പോയാലോ എന്ന പേടിയിൽ അതിനും. എന്നെക്കൊണ്ടുള്ള. എന്റെ ഏട്ടന്മാരുടെ സമയോചിതമായ, വീട്ടിലേക്കുള്ള മാറ്റമാണ് എന്നെ, ഇപ്പോൾ ഈ അവസ്ഥയിലെങ്കിലും നിങ്ങളുടെ മുന്നിൽ നിൽക്കാൻ പ്രാപ്തമാക്കിയത്. അല്ലെങ്കിൽ മാസങ്ങളോളം ആ ആസ്പത്രിയിൽ കിടന്ന്, ഇംഗ്ലീഷ് മരുന്നുകളുടേയും അവിടുത്തെ ജൂനിയേഴ്സിന്റേയും കയ്യിലെ പരീക്ഷണ വസ്തുവായി മാറി പോവേണ്ടിയിരുന്ന ഞാൻ ഇന്നീ ചുറുചുറുക്കോടെ നടക്കുന്നതിന് കാരണം ആ മനം മടുപ്പിക്കുന്ന അന്തരീക്ഷത്തിൽ നിന്നുള്ള സമയോചിതമായ മാറ്റമാണെന്ന് ഞാൻ ഗാഢമായി ഇപ്പോഴും വിശ്വസിക്കുന്നു.

എന്തോ തെറ്റിദ്ധാരണയാൽ എന്നോട് പിരിഞ്ഞ് പോയ എന്റെ പ്രിയപ്പെട്ട 'അപ്പൂസുട്ടി'യെ വളരെ പ്രതീക്ഷയോടെ, ആഗ്രഹത്തോടെ,സ്നേഹത്തോടെ ഞാൻ കാത്തിരിക്കുന്നു. ഈയൊരവസ്ഥയിൽ ഞാനവളോട് എന്നെ വിട്ടു പോകാൻ പറഞ്ഞിട്ടും,സ്നേഹത്തിന്റെ ശക്തി തെളിയിച്ച് എനിക്ക് കരുത്ത് പകർന്ന് കൊണ്ട് എന്നോട് ഇണങ്ങി നിന്ന അവൾ,കുഞ്ഞ് തെറ്റിദ്ധാരണയാൽ  എന്നിൽ നിന്ന് വന്ന ചില തെറ്റുകളിൽ എന്നോടകന്ന് മിഥ്യാ ലോകത്തിന്റെ സ്വപ്നഭാവനകളിൽ ലയിച്ച് അകന്ന് ജീവിക്കുകയാണ്.അവളെ പിഴവുകളില്ലാതെ സ്നേഹിക്കാൻ തടസ്സമായി നിന്നിരുന്ന എല്ലാത്തിൽ നിന്നും ഞാനെന്റെ മനസ്സിനെ സ്വതന്ത്രമാക്കിയിരിക്കുന്നു, അവൾ വരുമെന്ന ദൃഢമായ വിശ്വാസത്തോടെ.!

ഞാൻ ബ്ലോഗ്ഗെഴുത്തിൽ നിന്നും ചെറിയൊരു അവധി എടുത്ത്കൊണ്ടിരിക്കുകയാണ് . മൂന്ന് മാസത്തിലധികമായി പുതിയത് വല്ലതും എഴുതിയിട്ട്. അതിന് കാരണങ്ങൾ പലതാണ്...............
ഞാനെന്തായാലും എന്റെ നാട്ടുവിശേഷങ്ങൾ തുടരും എന്നുറപ്പാണ്.

അപ്പൂസുട്ടി പിണക്കം മാറി പെട്ടെന്ന് തിരിച്ചെത്തുകയാണെങ്കിൽ ഞാനെന്റെ രസകരമായ പാലക്കാട് ജോലി വിശേഷങ്ങളും പങ്ക് വയ്ക്കാം. നല്ല രീതിയിൽ ജീവിക്കാനുള്ള അതീവമായ ആഗ്രഹത്തോടെ നിർത്തുന്നു.


'നിങ്ങളോർക്കുക ഞാനെങ്ങനെ ഞാനായെന്ന് ?'
'നിങ്ങളോർക്കുക ഞാനെങ്ങനെ ഞാനായെന്ന് ?'

Tuesday, 28 August 2012

'ഒരു നാല് കുറ്റീം കൊളുത്തൂം ല്ലേ.....അത് ഞാങ്ങ്ട് കൊടന്നേരാ'...!

ഞാൻ ഇതുവരെ പറഞ്ഞിട്ടില്ലാത്ത ഒരു കാലത്തേക്ക് പോവുകയാണ്. അത് എല്ലാവരുടേയും അനുഭവങ്ങൾ പോലെ തന്നെ  പറഞ്ഞാൽ തീരാത്ത കുറെ രസകരമായ സംഭവങ്ങളുടെ ഒരു നീക്കിയിരിപ്പാണ്. അതിലെ പല രസകരമായ സംഭവങ്ങളും ഇവിടെ ഒരു കുറിപ്പായി എഴുതാനുള്ള വലുപ്പമില്ലാത്തത് കൊണ്ട്, ഏറ്റവും കൂടുതൽ മനസ്സിൽ നിൽക്കുന്നവ ഒന്നിച്ച് ഒരു കുറിപ്പാക്കി ഇവിടെ ചേർക്കാം.അതുകൊണ്ട് കുറച്ച് വലുപ്പക്കൂടുതലുണ്ട്,ക്ഷമിക്കുക.

ഞങ്ങൾ പത്താംക്ലാസ്സിൽ പഠിക്കുന്ന കാലമാണ്. ഞങ്ങളുടെ ക്ലാസ്സ് ടീച്ചർ വാസുദേവൻ മാസ്റ്റർ(സസ്കൃതം) ആയിരുന്നു.നല്ല അധ്യാപകനുള്ള സംസ്ഥാന അവാർഡ് കിട്ടിയിട്ടുണ്ട് അദ്ദേഹത്തിന്. അദ്ദേഹം ഒരിക്കലും കുട്ടികളെ (ഞങ്ങളെ മാത്രമല്ല) അടിക്കുമായിരുന്നില്ല. പക്ഷെ എല്ലാവർക്കും അദ്ദേഹത്തെ വളരേയധികം ബഹുമാനവും ഇഷ്ടവുമായിരുന്നു.   അദ്ദേഹം എട്ടിലും ഒൻപതിലും ഞങ്ങളെ ഉപദേശിച്ച് നല്ലവഴിക്ക് നടത്താൻ, ഞങ്ങളുടെ ക്ലാസ്സ് മാഷായി തന്നെ ഉണ്ടായിരുന്നു (എന്നിട്ടും ഞങ്ങൾ ഇങ്ങനേയായി !).  ഞങ്ങൾ പത്താം ക്ലാസ്സിലായപ്പോഴേക്കും അദ്ദേഹം പട്ടാമ്പി സ്കൂളിലേക്ക് ജോലിമാറ്റം കിട്ടി പോയി. അത് ഞങ്ങൾക്കെല്ലാവർക്കും കനത്ത ആഘാതമായിരുന്നു. മൂക്ക് കയറ് കെട്ടഴിഞ്ഞ് പോയ കുറെ കാളകളെ(പശുക്കളും) പോലെയായിരുന്നു പിന്നെ ഞങ്ങളുടെ ക്ലാസ്സ്. ആരേയും പേടിയില്ല, ആരുടേയും വാക്കുകൾ ഗൗനിക്കില്ല. അങ്ങനെ തിരുവായ്ക്ക് എതിർവായില്ലാതെ ആ 'പത്ത്.എ' ക്ലാസ്സ് മുന്നേറിക്കൊണ്ടിരിക്കുന്ന സമയം. ഞങ്ങൾക്കെല്ലാവർക്കും കുറച്ചെങ്കിലും പേടിയുണ്ടായിരുന്നത് (പേ....ടി..യൊന്നുമല്ല....,ഒരു......... ഭയം!) ആ കാലത്ത് അവിടെയുള്ള കുട്ടികളുടേയെല്ലാം പേടിസ്വപ്നമായിരുന്ന ഭാസ്ക്കരൻ മാഷേയാണ്.

ഞങ്ങൾ പത്താം ക്ലാസ്സുകാരന്റെ ഗമയിൽ അങ്ങനെ സ്കൂളിൽ വിലസുകയാണ്. ക്ലാസ്സുകൾ ഒരുപാടായി, പരീക്ഷ ആവാറായി. ആ വർഷം സ്ക്കൂളിൽ ഒരുവർഷത്തെ താൽക്കാലിക നിയമനത്തിൽ കുട്ടികളെ 'പഠിപ്പിക്കാൻ ' വേണ്ടി ഒരുപാട് മാഷ് മ്മാർ എത്തിയിരുന്നു. അങ്ങനെ അവിടെയെത്തിയ ഒരു രവി മാഷായിരുന്നു ഞങ്ങൾക്ക് ഹിസ്റ്ററി എടുത്തിരുന്നത്. അദ്ദേഹത്തിന്റെ ക്ലാസ്സുകൾ ഭയങ്കര രസകരമാണ്. ആളൊരു ഇടതുപക്ഷ ചിന്തയുള്ള കൂട്ടത്തിലാണ്. അതുകൊണ്ട് തന്നെ മൂന്നാം ലോക രാജ്യങ്ങളുടെ ബുദ്ധിമുട്ടുകളെ പറ്റി അദ്ദേഹം അങ്ങനെ ക്ലാസ്സെടുത്ത് തകർക്കുകയുണ്ടായിരുന്നു. അങ്ങനെ ഒരു ക്ലാസ്സ്, അതങ്ങനെ മുന്നേറിക്കൊണ്ടിരിക്കുമ്പോൾ എനിക്ക് അദ്ദേഹത്തെ വരക്കാൻ കലശലായ ആഗ്രഹം. ഞാൻ ക്ലാസ്സിലിരുന്നു വരച്ചു. വര കഴിഞ്ഞപ്പോൾ,'കുഴപ്പമില്ല,' ആ ചിത്രം കണ്ട എനിക്ക് നന്നായി ചിരി പൊട്ടി. ഞാനത് കൂട്ടുകാർക്കൊക്കെ കാണിച്ചുകൊടുത്തു. അവരെല്ലാവരും ചിരിച്ചു. അങ്ങനെയത് ഒരു കൂട്ടച്ചിരി ആയപ്പോൾ മാഷ് ശ്രദ്ധിച്ചു. നോക്കിയ ഉടനെ എല്ലാവരും ചിരി നിർത്തി. എനിക്കന്നും ഹാസ്യം ഒരു വീക്നെസ്സാണ്. ഞാൻ കടിച്ച് പിടിച്ചിട്ടും ചിരി നിൽക്കുന്നില്ല. മാഷ് എന്നൊട് പറഞ്ഞു, 'യൂ സ്റ്റാൻഡ് അപ്പ്'. ഞാൻ ഇത്തിരി ചിരിച്ചുകൊണ്ടുതന്നെ എഴുന്നേറ്റു നിന്നു. അദ്ദേഹം കയ്യിലിരുന്ന മുട്ടൻ ചൂരൽ കൊണ്ട് എന്റെ പുറത്ത് മൂന്നാല് നല്ല സുന്ദരൻ അടികൾ പാസ്സാക്കി.

മൂന്നാല് എന്ന് ഞാൻ ഊഹിച്ചതാ ട്ടോ. അതിൽ കൂടുതലുണ്ടെന്നാ കൂട്ടുകാർ ഇപ്പോഴും പറയുന്നത്. എനിക്കെന്തായാലും അതപ്പോൾ എണ്ണാൻ കഴിഞ്ഞില്ല, കാരണം ആദ്യത്തെ അടിയിൽ തന്നെ എന്റെ തലച്ചോറിന്റെ പ്രവർത്തനം തകരാറിലായിരുന്നു.

നിങ്ങൾക്കിപ്പൊ ഒരു സംശയം ഉണ്ടാവും, 'പുറത്തടി കിട്ടിയാൽ തലച്ചോറിന് എന്തെങ്കിലും സംഭവിക്കുമോ' എന്ന്. കിട്ടണ്ട പോലെ എവിടെ കിട്ടിയാലും തലച്ചോറിന് എന്തേലും സംഭവിക്കും. റോഡിലൂടെ വാണിയംകുളം ചന്തയിലേക്ക് പോത്തുകളെ തെളിച്ചുകൊണ്ട് പോകുന്ന ആളുകളുടെ കയ്യിലേ ഞാൻ ഇത്രയും കനമുള്ള വടി(മുടിംകോൽ) കണ്ടിട്ടുള്ളൂ. അങ്ങനേയുള്ള വടി കൊണ്ടാണ് എനിക്ക് പുറത്തേക്ക്  കിട്ടിയിരിക്കുന്നത്. ക്ലാസ്സിലെ ഏറ്റവും വലിയ അലമ്പന് നല്ല അടി കിട്ടിയ സന്തോഷത്തിൽ എല്ലാരും ഇരുന്നു. പക്ഷെ യഥാർത്ഥ 'വീരൻ' അപ്പോൾ ഊറിച്ചിരിക്കുന്നുണ്ടായിരുന്നു. തന്റെ മേൽ പതിയാറുള്ള മാഷ്മ്മാരുടെ ശ്രദ്ധ കുറച്ച് ദിവസത്തേക്ക് തിരിച്ച് വിടാൻ കഴിയുമല്ലോ എന്ന ആശ്വാസത്തിലായിരിക്കണം ആ ചിരി.!


 ഭാസ്ക്കരൻ മാഷ് ഞങ്ങൾക്കൊരു വിഷയവും എടുക്കാനില്ല, എന്റെ പുറത്തിന്റെ ഒരു ഭാഗ്യേയ്...! പക്ഷെ, അദ്ദേഹത്തിന്റെ സഹധർമ്മിണി ശോഭടീച്ചറാണ് ഞങ്ങൾക്ക് ബയോളജി എടുത്തിരുന്നത്. മാഷെ മാത്രം പേടിച്ചാൽ പോര മാഷിന്റെ ഭാര്യയേയും ഞങ്ങൾക്ക് പേടിക്കണമായിരുന്നു എന്ന് സാരം. പക്ഷെ ഞങ്ങൾ എല്ലാവിധ തരികിടകളുമായി വിലസുന്ന സമയം. ആയിടയ്ക്ക് കാൽക്കൊല്ല പരീക്ഷ കഴിഞ്ഞു. അതിൽ ഞങ്ങൾ ക്ലാസ്സ് ഒന്നടങ്കം ഒരു ചോദ്യത്തിന് തെറ്റായ ഉത്തരം എഴുതിയിരിക്കുന്നത് ടീച്ചർ കണ്ടെത്തി. സത്യത്തിൽ ആ ഒരു ചോദ്യത്തിനു മാത്രമല്ല എല്ലാവരും തെറ്റെഴുതിയിരിക്കുന്നത്. പക്ഷെ ടീച്ചർക്ക് തോന്നി, ആ ഒരു ചോദ്യത്തിന് മാത്രമേ ഞങ്ങളെല്ലാവരും ഒന്നിച്ച് തെറ്റിച്ചിട്ടുള്ളൂ ന്ന്. ടീച്ചർ ഉടനെ അടുത്ത പീരീയഡിൽ ക്ലാസ്സിൽ വന്ന്  അതേ ചോദ്യം ചോദിച്ചു. പതിവുപോലെ ആരും ഉത്തരം പറഞ്ഞ് ടീച്ചറെ ബുദ്ധിമുട്ടിച്ചില്ല. ദേഷ്യം മൂത്ത ടീച്ചർ നാളെ അൻപത് തവണ ആ ചോദ്യവും അതിനുത്തരവും എഴുതിയിട്ട്, തന്നെ കാണിച്ച ശേഷം ക്ലാസ്സിൽ കയറിയാൽ മതിയെന്ന്  കട്ടായം പറഞ്ഞു. അടുത്ത ദിവസം പകുതി കുട്ടികൾ എഴുതിക്കൊണ്ടുവന്നു. ടീച്ചർ ആദ്യ പീരീയഡിൽ തന്നെ ക്ലാസിൽ വന്ന് ഇമ്പോസിഷൻ എഴുതാത്തവരേയൊക്കെ ക്ലാസ്സിൽ നിന്ന് പുറത്താക്കി. അങ്ങിനെ പെൺകുട്ടികൾ പകുതിയോളം പേരും ആൺകുട്ടികൾ മുക്കാൽ പങ്കും ക്ലാസ്സിനു വെളിയിലായി. ആൺകുട്ടികൾ, ക്ലാസ്സിൽ കയറേണ്ട യാതൊരു ടെൻഷനുമില്ലാതെ, ഒരു ഒഴിവു കിട്ടിയ സുഖത്തിൽ കത്തിയടിച്ച് വരാന്തയിലിരുന്നു. പെൺകുട്ടികൾ പക്ഷെ വേഗം ഓരോരുത്തരായി എഴുതിക്കഴിഞ്ഞ് ടീച്ചറെ കാണിച്ച് ക്ലാസ്സിൽ കയറിക്കൊണ്ടിരുന്നു.

ആ സമയത്ത് ഞങ്ങളുടെ അന്നത്തെ ആദ്യ വിഷയമായ ഇംഗ്ലീഷ് എടുക്കാൻ അച്യുതൻ മാഷെത്തി. പുറത്ത് ഇമ്പോസിഷൻ എഴുത്ത് എന്ന വ്യാജേന കത്തിയടിച്ചിരിക്കുന്ന എല്ലാവരേയും ഒന്ന്, ഗൗരവത്തോടെ നോക്കിയ ശേഷം, അച്യുതൻ മാഷ് നീട്ടിമൂളിക്കൊണ്ട്, ക്ലാസ്സിൽ കയറി ഇംഗ്ലീഷ് എടുക്കാൻ തുടങ്ങി. പക്ഷെ ക്ലാസ്സ് എടുക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ല, പുറത്ത് ഭയങ്കര ബഹളം. ഉടനെ അദ്ദേഹം പുറത്തെത്തി ഒരു കുട്ടിയോട്, 'ആരാ പുറത്താക്കിയത്? എന്താ ഇത്ര പേരെ പുറത്താക്കാൻ ഉള്ള കാര്യം?' എന്ന് തിരക്കി. അവൻ സാമാന്യം വിശദമായിത്തന്നെ എല്ലാം മാഷോട് പറഞ്ഞു. 'ആ ചോദ്യവും ഉത്തരവും അൻപത് തവണ എഴുതി ടീച്ചറെ കാണിച്ച് ക്ലാസ്സിൽ കയറിയാ മതിയെന്ന് ടീച്ചർ പറഞ്ഞിട്ടുണ്ട് ' -അവൻ മാഷോട് അങ്ങനെ പറഞ്ഞവസാനിപ്പിച്ചു. അവൻ പറഞ്ഞവസാനിപ്പിച്ചതും ഇമ്പോസിഷൻ എഴുതാതെ കത്തിയടിയിൽ മാത്രം ശ്രദ്ധിച്ചിരിക്കുന്ന രവി എന്ന സുഹൃത്ത് വരാന്തയിൽ നിന്ന് ചാടിയെഴുന്നേറ്റുകൊണ്ട് കൈകൾ രണ്ടും മേല്പോട്ട് ഉയർത്തിക്കൊണ്ട് ഉറക്കെ വിളിച്ച് പറഞ്ഞു.

                                    'അമ്പതല്ല.... സാർ...ഫിഫ്ടീ....'

അത് കേട്ട് വരാന്തയിലെ കുട്ടികളെല്ലാം ചിരിച്ചെങ്കിലും അത് ഗൗനിക്കാതെ അകത്തേക്ക് ക്ലാസ്സെടുക്കാൻ പോകാൻ തുടങ്ങിയ അച്യുതൻ മാഷെ പിടിച്ചുനിർത്തിയത്, ആ ക്ലാസ്സിന് മുൻപിലൂടെ ഗ്രൗണ്ടിലേക്ക് പോവുകയായിരുന്ന വി.എച്ച്.എസ്.സി കുട്ടികളുടേയെല്ലാം അടക്കി പിടിച്ച കളിയാക്കിച്ചിരി ആയിരുന്നു. അത് കണ്ടതും സാറിന്റെ അഭിമാനത്തിന് ക്ഷതമേറ്റു. ഉടനെ വരാന്തയിൽ ഇരുന്ന് ഇമ്പോസിഷൻ എഴുതുന്ന കുട്ടികൾക്കിടയിലൂടെ ചാടി ചാടി ചെന്ന് രവിയുടെ പുറത്ത് തലങ്ങും വിലങ്ങും കൈകൾ കൊണ്ട് ഒരുപാട് തവണ അടിച്ചു.

അടിയേറ്റ് പുളയുന്ന അവൻ പുറം വില്ല് പൊലെ വളച്ച്, ഇടതുകൈ തന്റെ പുറത്തേക്ക് തലോടാൻ എത്തിച്ച് നീക്കിക്കൊണ്ട് അച്യുതൻ മാഷോട്, തന്നെ അടിക്കാനുള്ള കാര്യം ദയനീയമായി അപ്പോൾ തന്നെ തിരക്കി.

'ന്നെ പ്പൊ ങ്ങനെ തല്ലാൻ ഞാ എന്തേ പറഞ്ഞ് ?'

രവിയെ അടിച്ച ശേഷം ഇത്തിരി പശ്ചാത്താപത്തോടെ അച്യുതൻ മാഷ് എല്ലാരോടുമായി പറഞ്ഞു, 'ഊം.....ല്ലാരും ക്ലാസിൽ കയറിക്കോ.....ടീച്ചറോടൊക്കെ ഞാൻ പറഞ്ഞോളാ...' അത് കേട്ടതും എല്ലാവരും ഓടി ക്ലാസ്സിൽ കയറി. ക്ലാസ്സിൽ എത്തിയിട്ടും വരാന്തയിൽ വച്ചുണ്ടായിരുന്ന സംസാരത്തിനുമാത്രം ഒരു കുറവുമുണ്ടായില്ല, കാരണം അവിടെവച്ച് മുഴുപ്പിക്കാൻ സാധിക്കാതെ പകുതിയാക്കിയത് പറഞ്ഞു തീർക്കണ്ടേ?.

ആ സമയത്തുള്ള (ഇപ്പോഴുമുണ്ടോ എന്നറിയില്ല) ഇംഗ്ലീഷ് ടെക്സ്റ്റിൽ ഓരോ പദ്യത്തിന്റേയും കഥയുടേയും അവസാനം അതിന്റെയെല്ലാം എഴുത്തുകാരുടെ ചിത്രവും ഒരു വിവരണവും കൊടുക്കുമായിരുന്നു. അതിലെ ചിത്രങ്ങളാണ് അപ്പോൾ ഞങ്ങളുടെ ചർച്ചാ വിഷയം. ഏതോ ഒരു എഴുത്തുകാരിയുടെ ചിത്രം കാണിച്ച് കൃഷ്ണരാജ് എന്ന സുഹൃത്ത് പറഞ്ഞു, "ഡാ മ്മടെ രവിടെ അമ്മടെ പോലെ' ഞങ്ങളെല്ലാവരും അതാസ്വദിച്ചു, ശബ്ദമില്ലാതെ നന്നായി ചിരിച്ചു. പക്ഷെ അവൻ പറഞ്ഞത് അടുത്ത്തന്നെ ഉണ്ടായിരുന്ന രവി കേട്ടതും,അവൻ വേഗം ടെക്സ്റ്റ് ബുക്ക് പേജുകൾ മറിക്കാൻ തുടങ്ങി. അവന്റെ ലക്ഷ്യം അതിൽ മറ്റു വല്ലവരുടേയും ചിത്രം കിട്ടിയാൽ കൃഷ്ണരാജിന്റെ ആരെങ്കിലുമാണെന്ന് പറഞ്ഞ് കളിയാക്കലും അങ്ങനെ പകരം പാര പണിയലും ആയിരുന്നു.

അധികം മറിക്കേണ്ടി വന്നില്ല, രവിക്ക് ഒരു ചിത്രം കിട്ടി അതിൽ ചൂണ്ടിക്കാണിച്ച് കൊണ്ട് അവൻ പറഞ്ഞു 'ഇത് കൃഷ്ണരാജിന്റെ അമ്മേനെപ്പോല്ണ്ട് .' അത് ഞങ്ങളെല്ലാവരും കണ്ടു, ചിരിച്ചു (എന്ത് കൂതറ, ആരു കാണിച്ചാലും ചിരി കൊണ്ട് അവരെ പ്രോത്സാഹിപ്പിക്കുക എന്നത് ഞങ്ങളുടെ ശീലമായിരുന്നു).

പക്ഷെ, 'കഥാപുസ്തകത്തിൽ 'കാലിയ' അതെല്ലാം കാണുന്നുണ്ടായിരുന്നു' എന്ന് പറയുന്ന പോലെ, അതെല്ലാം ഒരാൾ കാണുന്നുണ്ടായിരുന്നു. അച്ച്യുതൻ മാഷ് !. അദ്ദേഹം രവിയ്ക്ക് നേരെ കൈചൂണ്ടി വലതുചൂണ്ട് വിരൽ മുകളിലേക്ക് ഉയർത്തി ഉറക്കെ പറഞ്ഞു, 'യൂ സ്റ്റാൻഡപ്പ്.   'രവി ഡസ്ക്കിലുള്ള ബാഗിൽ കൈകളമർത്തിക്കൊണ്ട് പാതി എഴുന്നേറ്റ രീതിയിൽ നിന്നു.'

'യൂ ഫോളോ ഡിഫറന്റ് കൈൻഡ്സ് ഓഫ് വേഡ്സ് മീനിംഗ്സ്.'

അച്യുതൻ മാഷടെ ചോദ്യം കേട്ടതും രവി ആകെ വിരണ്ടു, പിന്നെ ഒരുകൈ സഹായത്തിനായി ഒപ്പമിരിക്കുന്നവരെ നോക്കി. ആരും ഒന്നും മിണ്ടാതെ തലതാഴ്ത്തി. അവിടുന്ന് മറുപടിയൊന്നും കിട്ടാതായപ്പോൾ ഞങ്ങളുടെ സൈഡ് ബഞ്ചിലേക്ക് പ്രതീക്ഷയോടെ നോക്കി. ഞങ്ങളെല്ലാവരും മറ്റുള്ള എല്ലാവരുടേയും പോലെ തന്നെ തലതാഴ്ത്തി കൈകൾ രണ്ടും കെട്ടി, താഴോട്ട് നോക്കി,ബഞ്ചിൽ ഒന്ന് നിരങ്ങി അമർന്നിരുന്നു. പിന്നെ രവി ഒട്ടും അമാന്തിച്ചില്ല അവൻ മാഷിന്റെ ചോദ്യത്തിന് സ്വന്തം രീതിയിലുള്ള ഉത്തരം ഉറക്കെ വിളിച്ചു പറഞ്ഞു.

                            'നോ വേഡ്സ് സാർ.....'

ഇത് കേട്ട അച്യുതൻ മാഷ്, 'ബ്രേയ്ക്ക് പോയ ബസ്സിനെപ്പോലെ' രവിക്കു നേരെ ചീറിയടുത്തു. അവന്റെ അടുത്തെത്തിയതും മാഷ് അവന്റെ തലയിൽ പിടിച്ച് താഴ്ത്തി പുറത്തും, മുഖത്തും, പിൻ കഴുത്തിലുമായി തന്റെ കൈ കൊണ്ട് അവനെ ഒരുപാട് തല്ലി. സാധാരണ എത്ര അടികിട്ടിയാലും വീണ്ടും തമാശകൾ(വളിച്ചതാവാം എന്നാലും) പറഞ്ഞ് ക്ലാസ്സിൽ സജീവമായി ഇരിക്കാറുള്ള രവി ഡസ്ക്കിലെ ബാഗിൽ തലവച്ച് അമർന്നു കിടന്നു. അത്രക്ക് രൂക്ഷമായാണ് മാഷ് അവനെ തല്ലിയത്. അവൻ തേങ്ങുന്ന ശബ്ദം ക്ലാസ്സിൽ ഇടക്കിടെ  മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു. അതിനിടയിലണ് മറ്റൊരു സുഹൃത്ത് തരികിട കളിക്കുന്നത് മാഷ് കണ്ടത്. അവനെ മാഷ് അടുത്ത് വിളിച്ചു, മറ്റൊരു അടിയുടെ ഗന്ധം അവിടെയെല്ലാം ഒഴുകിപ്പരക്കുന്നുണ്ടായിരുന്നു.അവൻ ഞങ്ങളുടെ ഡസ്ക്കിനോട് ചാരിയുള്ള മറ്റൊരു സൈഡ് ബഞ്ചിലായിരുന്നു ഇരുന്നിരുന്നത്, അതുകൊണ്ട്, രണ്ടാമത്തെ ബഞ്ചിലിരുന്ന് ഡസ്ക്കിൽ തലയമർത്തിവച്ച്  കരഞ്ഞുകൊണ്ട് കിടക്കുന്ന രവിയോട് ചേർന്ന് വേണം അവന് മാഷിന്റെ അടുത്തെത്താൻ. അവൻ നടന്ന് രവിയുടെ ഡസ്ക്കിനടുത്തെത്തി,രവി കരഞ്ഞുറങ്ങുന്ന ഡസ്ക്കിൽ പിടിച്ചുകൊണ്ട് അവൻ നിന്നു. അപ്പോൾ ഞങ്ങളെല്ലാവരും ഒരു 'ത്യാഗരാജ' സംഘട്ടനം കാണാൻ അക്ഷമരായി കയ്യുംകെട്ടി കാത്തുനിൽക്കുന്നുണ്ട്. അതിനിടയിൽ രവി കരഞ്ഞുകൊണ്ട്, കൈകൾ കൊണ്ട് മുഖം തുടച്ച് ഡസ്ക്കിൽ നിന്ന് മുഖമുയർത്തി ബഞ്ചിൽ ചാരി,ഒന്ന് നിവർന്നിരിക്കാൻ തയ്യാറെടുക്കുന്നുണ്ട് (അടി കാണൽ തന്നെയാവാം ഉദ്ദേശം). അവനപ്പോൾ മുഴുമിപ്പിക്കാത്ത കരച്ചിൽ കടിച്ചമർത്തിക്കൊണ്ട്, അടികൊള്ളാൻ റെഡിയായി വരുന്നവന്, അവർ ഇങ്ങനെ ഒരു ഉപദേശം കൊടുത്തു.

'ഡാ അന്നെ....അടിച്ചാ....യ്യ് തടുത്തോ ട്ടോ, കിട്ട്യാ നല്ല വേദനേ.....ഡാ...'
                             
                                        ***************************************

അങ്ങനെ അരക്കൊല്ല പരീക്ഷയായി. അതിനുവേണ്ടി ഞങ്ങൾക്കനുവദിച്ച് തന്ന പുതിയ ബിൽഡിംഗിലെ(വി.എച്ച്.എസ്.സി യ്ക്കു വേണ്ടി കെട്ടിയ) മൂന്ന് റൂമുകളിലായിരുന്നു പരീക്ഷകൾ.
ക്ലാസ്സ് ഞങ്ങൾ, ഞങ്ങളുടെ പേര് ചീത്തയാക്കാത്തവണ്ണം ഞങ്ങൾ നന്നായി പരിപാലിച്ചു. ഞങ്ങളുടെ പരീക്ഷകൾ കഴിഞ്ഞപ്പോഴേക്കും ആ ബിൽഡിംഗിലെ ഒറ്റ ക്ലാസ്സിനും വാതിലിന് ഓടാമ്പലില്ല, ജനലിന് കുറ്റിയില്ല, സ്വിച്ച് ബോഡിൽ ഒറ്റ സ്വിച്ചില്ല, പോരാത്തതിന് വെള്ളതേച്ച റൂഫിൽ നിറയെ ചെരുപ്പിന്റെ അടയാളത്തിലും വലിപ്പത്തിലും ചെളിപ്പാടുകൾ. കിലുക്കത്തിൽ രേവതി പറഞ്ഞ പോലെ 'ഇത്രേം പ്രശ്നേ ണ്ടായിരുന്നുള്ളൂ അതിനാ ഈ മാഷ്മ്മാരൊക്കെ ഇങ്ങനെ......'

അങ്ങനെ ഞങ്ങളുടെ ക്ലാസ്സിൽ ആ പ്രശ്നത്തിന്റെ വിചാണ, എല്ലാവരുടേയും പേടിസ്വപ്നം, ഭാസ്ക്കരൻ മാഷടെ നേതൃത്വത്തിൽ നടക്കുകയാണ്. പ്രധാന പ്രശ്നം ഒറ്റ ജനലിനും കുറ്റിയും കൊളുത്തുമില്ല എന്നതാണ്. അവസാനം കേരളാപോലീസിന്റെ അന്വേഷണം ധ്രുതഗതിയിൽ
അവസാനിപ്പിക്കുന്ന പോലെ എല്ലാ കുറ്റങ്ങളും,രണ്ട് (?) കുറ്റിയും കൊളുത്തും വീട്ടിൽ കൊണ്ടുപോയ കൃഷ്ണരാജിന്റെ തലയിലായി. നമ്മുടെ 'താരം' രവി, ഭാസ്കരൻ മാഷോട് കുമ്പസാരിച്ചു

                                 'മാഷേ ഞാൻ രണ്ട് കുറ്റീം കൊളുത്തും കൊണ്ടോയിട്ട്ണ്ട്.
                                                         അതൊക്കെ ഞാൻ നാളെ ങ്ങ്ട്   കൊടന്നേരാ ട്ടോ.'

കഴിഞ്ഞ മൂന്ന് കൊല്ലം കൊണ്ട് അവനെ തല്ലി മനസ്സ് മടുത്ത ഭാസ്ക്കരൻ മാഷ് ആ പശ്ചാത്താപം ഫയലിൽ സ്വീകരിച്ചു. അവൻ കൊണ്ടുപോയ കുറ്റിയും കൊളുത്തും അവന്റെ കയ്യിൽ നിന്ന് അടുത്ത ദിവസം, ഔപചാരികമായി ക്ലാസ്സിൽ വന്ന് ഏറ്റു വാങ്ങിയ ശേഷം ഭാസ്ക്കരൻ മാഷ് ഞങ്ങളോടെല്ലാവരോടുമായി പറഞ്ഞു.

'ങ്ങളൊക്കെ കൊണ്ടയതെന്താന്ന് വച്ചാ ങ്ങട്  കൊടന്നോണം,'ഇവൻ' കാണിച്ച പോലെ, അതാ ങ്ങൾക്ക് നല്ലത് ട്ടോ..........പറഞ്ഞില്ലാന്ന് വേണ്ട'

അടുത്ത ദിവസം പശ്ചാത്താപവിവശരായ ഏതൊക്കെയോ ഒന്നുരണ്ട് പേർ രണ്ട് മൂന്ന് കുറ്റിയും കൊളുത്തുമൊക്കെ മാഷിന് കൊണ്ട് വന്ന് കൊടുത്ത് പശ്ചാത്തപിച്ചു് പ്രശ്നം തീർത്തു. പക്ഷെ ഞങ്ങളെല്ലാവരും ആകാംഷയോടെ കാത്തിരുന്ന കൃഷ്ണരാജ് അടുത്തദിവസം സ്കൂൾ ബാഗ് കൂടാതെ മറ്റൊരു 'ബാഗും' തൂക്കിയാണ് സ്ക്കൂളിലെത്തിയത്. അതും തോളിൽ തൂക്കി അവൻ ക്ലാസ്സിൽ വന്ന പാടെ സ്റ്റാഫ് റൂമിലേക്ക് വച്ചടിച്ചു. ആകാംഷാ കുതുകികളായി ഞങ്ങൾ കുറച്ച് പേരും അവനെ സ്റ്റാഫ് റൂം വരെ അനുഗമിച്ചു. സ്റ്റാഫ് റൂമിൽ എത്തിയ പാടെ അവൻ ആ ബാഗ് ഭാസ്ക്കരൻ മാഷടെ മേശപ്പുറത്തേക്ക് എറിഞ്ഞ്കൊടുക്കുന്ന പോലെ വീശിയിട്ടു,എന്നിട്ട് പറഞ്ഞു,

'ഇതാ കെടക്ക്ണു ഇവ്ട്ന്ന് കൊണ്ടോയ കുറ്റീം കൊളുത്തൂം, ങ്ങളത് ന്താച്ചാ ങ്ങട് ചീതോളീം'

അതും പറഞ്ഞ് തിരിഞ്ഞ്, അന്തം വിട്ട് സ്റ്റാഫ് റൂമിന് പുറത്ത് നിൽക്കുന്ന ഞങ്ങൾക്കിടയിലൂടെ അവൻ സ്ലോമോഷനിൽ ക്ലാസ്സിലേക്ക് നടന്നു.


കമന്റ്: ഗൾഫിൽ ഏതോ സ്റ്റാർ ഹോട്ടലിൽ ജോളിയും ജോലിയും ചെയ്യുന്ന കൃഷ്ണരാജ് ഇനി ഇത് വായിച്ചാൽ,നാട്ടിൽ വന്നാൽ, എന്റെ അവസ്ഥ ആ കുറ്റീനെക്കാളും ദയനീയാവും. കാത്തോളണേ..!

Thursday, 7 June 2012

'ഇമ്മാ....ന്നിപ്പ കൊല്ല്യേയ്.....ദാ...മടാള് ' (വീണ്ടും ചില നാട്ടുകാര്യങ്ങൾ)

ഞങ്ങൾ മഴക്കാലമായാൽ കളിസ്ഥലങ്ങൾ കാളപൂട്ട് കണ്ടത്തിൽ നിന്ന് മറ്റ് പല പാടങ്ങളിലേക്കായി മാറ്റാറുണ്ട് എന്ന് നേരത്തേയുള്ള പോസ്റ്റുകളിൽ പറഞ്ഞല്ലോ. അങ്ങനെ മാറുന്ന സ്ഥലങ്ങളിൽ പെട്ടതാണ് 'മാളുമ്മയുടെ തൗദാര'ത്തിൽ പറഞ്ഞ സ്ഥലവും ഇനി പറയാൻ പോകുന്ന സ്ഥലവും. പതിവുപോലെ ഒരു മഴക്കാലത്ത്, ഞങ്ങൾ മറ്റൊരു പാടത്തേക്ക് കളി മാറ്റിയിരിക്കുന്നു. അതിനടുത്തായുള്ള വീട്ടിൽ രണ്ട് കുട്ടികളുണ്ട്, ഒരാൾ ഞങ്ങളോടൊപ്പം കളിക്കാനൊക്കെ വരും, അവന്റനിയൻ ഞങ്ങളോടൊപ്പം കളിക്കാനൊന്നും ആയിട്ടില്ല എങ്കിലും, പന്ത് എടുത്ത് തരാനും മറ്റുമായി കളിസ്ഥലത്ത് സദാസമയവും തന്റെ സാന്നിധ്യമറിയിച്ചോണ്ട് ഉണ്ടാവും. അവനെ കുറച്ച് നേരമിരുട്ടിയാൽ അവന്റുമ്മ വിളിക്കും.

                       
            'ഡാ... ഉദേഫ്വോ.....നേരം മോന്ത്യായി,യ്യ് ഞ്ഞ്ങ്ങ്ട് പോന്നാ... മതി ഞ്ഞ് നാളെ പൂവാ',

അത് കേട്ടാൽ അവൻ വേഗം വീട്ടിലേക്കോടും. അങ്ങനെ അവൻ വീട്ടിലെത്തിയാൽ, ഞങ്ങൾക്ക് 'റണ്ണിംഗ് കമന്ററി'യും കേട്ട് കളിക്കാൻ നല്ല രസമാണ്.! അവനോടുള്ള അവന്റെ ഉമ്മയുടെ ചീത്ത പറയൽ ആണ് ഞാൻ പറഞ്ഞ 'റണ്ണിംഗ് കമന്ററി', സ്ഥിരമായി ഒരേ ശൈലിയിലാണത്,

'എട നായേ.. യ്യിമ്മായിരി പണി ഞ്ഞ് കാണിച്ചാ. അന്ന ഞാനീ മടാളോണ്ട് വെട്ടും..........,
    ന്റെ റബ്ബേ,സൊകണ്ടോ തൊയിരം ? ഇവിറ്റങ്ങളേംങ്ങൊണ്ട് ഞാൻ ഒറ്റക്ക് കെടന്ന്, പാട് പെട്വാണലോ ? വേറെ ള്ളൊരാളാണെങ്കീ,അക്കരീം.'

                                                       ഇതാണാ ഉമ്മയുടെ സ്ഥിരമുള്ള ചീത്ത പറയൽ ശൈലി.!

ഒരു ദിവസം കളി നല്ല രീതിയിൽ മുന്നേറുമ്പോൾ, 'ആ' വീട്ടിൽ നിന്ന് പതിവു പോലെ ഉമ്മയുടെ ശകാരങ്ങൾ ഉറക്കെ കേൾക്കുന്നുണ്ട്. ഞങ്ങൾക്ക് കാര്യം മനസ്സിലായി 'അതവൻ' തന്നെ'!,കാരണം 'അവൻ' ഞങ്ങൾക്ക് പന്ത് എടുത്ത് തരാനൊന്നും അതുവരെ എത്തിയിട്ടില്ല. അങ്ങനെ ഞങ്ങളാ സംസാരവും ആസ്വദിച്ച് കളിക്കുമ്പോൾ, ആ വീട്ടിൽ നിന്ന് ഒരലർച്ച,
                                                 
                                          'ന്നിപ്പ കൊല്ല്യേയ്....ദാ മടാള്, ഇമ്മാ.... ഇന്നിപ്പ കൊല്ല്യേ.....!'

                           ****************************************************************

                           
ഞാനിപ്പോൾ കുറെ വർഷങ്ങളായി എന്റെ 'തിരക്കുകളിൽ'(?) മുഴുകി, പാടത്തേക്കൊന്നുമങ്ങനെ ഇറങ്ങാറില്ല. ഈ പറഞ്ഞ ഇവരെയാരേയും കാണാറുമില്ല.(വീട്ടിൽ വരുന്ന കുറച്ച് പേരെ ഒഴിച്ച്).
ഞാൻ ഒരു ആക്സീഡന്റ് പറ്റി വീട്ടിൽ രണ്ടര വർഷത്തിലധികമായി വിശ്രമത്തിലാണെന്ന് നിങ്ങൾക്കറിയാമല്ലോ ? ആശുപത്രിയിൽ നിന്ന് തിരിച്ച് വന്ന് വീട്ടിലെ കുറച്ച് നാളത്തെ വിശ്രമവും കഴിഞ്ഞപ്പോഴേക്ക് അല്പസ്വല്പം നടക്കാനൊക്കെ പറ്റുന്ന അവസ്ഥയിലായിട്ടുണ്ട്. ഞാനല്ലേ ആള് ! നടക്കാനായപ്പോഴേക്ക് ഞാൻ പുറത്തേക്ക് പോകാൻ ധൃതി കൂട്ടിത്തുടങ്ങി. പക്ഷെ ഏട്ടനും അമ്മയും വിടുമോ ?! അവസാനം ഏട്ടൻ, കടയിലേക്ക് രാവിലെ കൊണ്ട് പോകാം എന്ന വ്യവസ്ഥ വച്ചു(ഞങ്ങൾക്ക് ഒരു ആയുർവ്വേദ കടയുണ്ട്).

ഞാനാലോചിച്ചു, എന്താപ്പൊ ഒരായുർവ്വേദ കടയിൽ പോയി ഇരുന്നിട്ട് ?! ഞാനാ ഒത്തുതീർപ്പ് അംഗീകരിച്ചില്ല. പക്ഷെ, പിന്നീട് ആലോചിച്ചപ്പോൾ ഞാനാ ഓഫർ അംഗീകരിച്ചു.

കാരണം, കടയിൽ പോയിരുന്നാലും, പണിക്ക് പോകാത്ത കൂട്ടുകാരെ കടയിലേക്ക് വിളിച്ച് വരുത്തി 'കത്തി' വയ്ക്കാലോ ?! അങ്ങനെ കുറച്ച് സമയത്തെ ആലോചനയ്ക്ക് ശേഷം,
                         
                                         'ന്നാ ശരി കടേങ്കി കട, മ്മക്ക് പോവാ' ന്ന് ഏട്ടനോട് ഞാൻ പറഞ്ഞു.

എന്നേം കൂട്ടി കടയിലേക്ക് പോകേണ്ട കാര്യത്തിലെ ബുദ്ധിമുട്ടാലോചിക്കുമ്പോ ഏട്ടന് കുറച്ച് വൈമനസ്യമുണ്ടെങ്കിലും, എന്റെ നിർബന്ധത്തിന് മുന്നിൽ അതെല്ലാം അലിഞ്ഞില്ലാതായി.


അങ്ങനെ ഏട്ടന്റെ കൂടെ കടയിലേക്ക് പോകാൻ ഞാൻ രാവിലെത്തന്നെ റെഡിയായി. എന്നെ ഇടവഴിയിലേക്ക് ആക്കിത്തന്ന്, റോഡിൽ പോയി നിന്നോളാൻ ഏട്ടൻ പറഞ്ഞു. അങ്ങനെ ഞാൻ,  ഏട്ടൻ പുറകെ ബൈക്കുമായി വരും എന്ന ഉറപ്പിൽ, പയ്യെ ഇടവഴിയിലൂടെ നടന്ന് റോഡിലെത്തി.

ബൈക്കിൽ എന്നേയും കയറ്റി ഇടവഴിയിലൂടെ വരാൻ കുറച്ച് ബുദ്ധിമുട്ടുണ്ട്,അതാണ് എന്നോട് റോഡിൽ നിന്നോളാൻ ഏട്ടൻ പറഞ്ഞത്. ഞാൻ റോഡിൽക്കൂടി പോകുന്ന വാഹനങ്ങളെ രസത്തോടെയും കൗതുകത്തോടെയും നോക്കി നിൽക്കുകയാണ്. പല വണ്ടിക്കാരും,'ഇവനെന്താഡാ വണ്ടികൾ കണ്ടിട്ടില്ലേ ?' എന്ന മട്ടിൽ എന്നെ നോക്കുന്നുണ്ട്. ഞാനതൊന്നും ശ്രദ്ധിക്കാതെ ഏട്ടൻ വരുന്നുണ്ടോ എന്ന് ശ്രദ്ധിച്ച്, വണ്ടികളെ നോക്കുകയാണ്. അപ്പോഴാണ് ഞാൻ അടുത്തുള്ള പാഞ്ചായത്ത് റോഡിലൂടെ കയറ്റം കയറി വരുന്ന നമ്മുടെ മാളുമ്മയെ(ഝാൻസീറാണി) കണ്ടത്. 'ഹാവൂ, ഏട്ടൻ വരുന്ന വരെ എനിക്ക് വർത്തമാനം പറയാനൊരു കമ്പനിയായല്ലോ,' ഞാൻ മനസ്സിൽ കരുതി. പക്ഷെ അപ്പോൾ മാളുമ്മയുടെ ആ ഉറക്കേയുള്ള സംസാരത്തെ 'സഹിക്കണമല്ലോ' എന്ന ചെറിയൊരു വേദനയും എനിക്കുണ്ടായി.

നിങ്ങളിപ്പോ ചിന്തിക്കുന്നുണ്ടാവും ഇവനെന്താ ഇങ്ങനെ ചിന്തിക്കുന്നത് ഒരാളെപ്പറ്റി ന്ന്. അതറിയണമെങ്കിൽ നിങ്ങൾ ഈ മാളുമ്മയോട് ഒന്ന് സംസാരിച്ച് നോക്കണം. ഈ പറയുന്ന പോലൊന്നുമല്ല മാളുമ്മ.! ഒന്ന് രഹസ്യം പറഞ്ഞാൽ ഒരു കിലോമീറ്ററപ്പുറം ഉള്ള കൊപ്പത്ത് നിൽക്കുന്നവർ കേൾക്കും.ആ മാളുമ്മയിതാ ഇന്ന് മക്കനയൊക്കെയിട്ട് എവിടേക്കോ ഉള്ള യാത്രക്കായി ഇറങ്ങിയിരിക്കുന്നു. അതും എന്റെ മുന്നിലേക്ക് .! ഞാൻ പക്ഷെ, 'ആ' ഒരവസ്ഥയിൽ സംസാരിക്കാനൊരാളെ കിട്ടിയല്ലോ എന്നോർത്ത് സന്തോഷിച്ചു. അങ്ങനെ ഏട്ടനേയും കാത്ത് റോഡിൽ നിൽക്കുന്നതിന്റെ ആ ബോറടി മാറ്റാൻ മാളുമ്മയെത്തിയ സന്തോഷത്തിൽ, അവർ വന്ന പാടെ ഞാൻ ചോദിച്ചു,
                           
                                          'എങ്ങട്ടാ മാളുമ്മാ, എവടയ്ക്കോ പൂവ്വാനാണലോ ?'

എന്നോട് പതിവിൽക്കൂടുതലുള്ള സുഖവിവരങ്ങളുടെ അന്വേഷണമൊക്കെ കഴിഞ്ഞ്, മാളുമ്മ പറഞ്ഞു,
                                           'ഞാനേയ് ന്റെ മൂത്തച്ചിടെ വീട്ട്ക്കൊന്ന് പൂവ്വാ, ഇപ്പ ആ കണ്ണൻ ബസ്സ് വരൂലേ, അതില് പൂവ്വാനാ'

സംസാരം പതിവ് പോലെ 'ശാന്ത'മായാണെങ്കിലും, ഞാനതിന്റെ അസ്വസ്ഥതയൊന്നും കാണിച്ചില്ല. അങ്ങനെ സംസാരിച്ച് നിൽക്കുമ്പോഴാണ് എനിക്ക്, സാധാരണയായി പിണയാറില്ലാത്ത 'ആ' 'അബദ്ധം' ഓർമ്മ വന്നത്.
     
"ഇത്രയ്ക്ക് ചെറിയ കാലം കൊണ്ട് എന്റെ ഒരവയവമായി മാറിയിട്ടുള്ള 'കണ്ണട' ഞാനെടുത്തിട്ടില്ല.!"

ഞാൻ പതിയെ തിരിച്ച് വീട്ടിലേക്ക് നടക്കാൻ ഒരുങ്ങി. വീട്ടിലേക്ക് തിരിച്ച് പോവാതെ, ഞാൻ ഏട്ടനെ ഫോണിൽ വിളിച്ചാലും, ഏട്ടൻ എടുക്കില്ല. കാരണം ഏട്ടൻ വേഗം വരാനായി ഞാൻ വിളിക്കുന്നതായേ ഏട്ടന് തോന്നൂ. വീട്ടിലേക്ക് വിളിച്ചാൽ എന്തോ ലൈൻ ബിസീ ന്ന് പറയുകയും ചെയ്യുന്നു. അതുകൊണ്ട് എങ്ങോട്ടും വിളിച്ച് പറയാനൊന്നും നിൽക്കാതെ,കണ്ണടയെടുക്കാൻ ഞാൻ വീട്ടിലേക്ക് നടന്നു.

മാളുമ്മ ചോദിച്ചു,
                                                     
                                   'എന്താ ഡ ചെക്കാ ന്താ യ്യങ്ങട്ടന്നെ പോണ് ?'

നടക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു,
                               
                                'ഞാ ന്റെ കണ്ണട ഇട്ക്കാൻ മറന്നൂന്നും, അത്ട്ക്കാൻ പൂവ്വാ'

ഉടനെ വന്നു മാളുമ്മയുടെ സമാധാനിപ്പിക്കൽ,
                   
                                     'എട യ്യണക്ക് വെയ്യാണ്ട അങ്ങട്ടൊന്നും നടക്കണ്ടേയ് '

മാളുമ്മയെങ്ങാനും പോയി കൊണ്ടുവരാം എന്ന് പറയുമോ എന്ന് വിചാരിച്ച് ഞാൻ നടത്തത്തിന്റെ സ്പീഡ് ഒന്ന് കുറച്ചു, 'മനസ്സിലൊരു ലഡ്ഢു പൊട്ടിയോ' ന്ന് ഒരു സംശയം.!

 നടത്തത്തിന്റെ സ്പീഡ് കുറച്ച് ഞാൻ മാളുമ്മയെ ഒന്ന് ദയനീയമായി നോക്കി.!
           (എങ്ങാനും ചിലപ്പോൾ,
                             'ഞാൻ പോയി ഇട്ത്ത് കൊന്റാ ഡാ,യ്യ് ബട നിന്നോ' ന്ന് പറഞ്ഞാലോ?)

എന്റെ പ്രതീക്ഷ പോലെത്തന്നെ മാളുമ്മ കൊപ്പത്ത് കേൾക്കാൻ പാകത്തിൽ 'ശാന്തമായി' എന്നോട് പറഞ്ഞു,

                       'ഏട്ടനോട് ഞാനിബടന്നങ്ങട്ട് വിളിച്ച് പറയേയ്.....ഓങ്ങ്ട് കൊടന്നോളൂം'

അത് കേട്ടതും കൈകൂപ്പിക്കൊണ്ട് ഞാൻ മാളുമ്മയോട് പറഞ്ഞു,

'ന്റെ പൊന്നാര മാളുമ്മാ, ങ്ങളൊന്നും ചിയ്യണ്ട, ഞാമ്പോയി അത്ട്ത്ത് കൊടന്നോളാ'


അതും പറഞ്ഞ്, ഒരു വലിയ 'അപകടം' ഒഴിവാക്കിയ ആശ്വാസത്തിൽ ഞാൻ തിരിഞ്ഞ് നടക്കാനാരംഭിച്ചതും,നമ്മുടെ 'ഇന്നിപ്പ കൊല്ലി' താരം ഓട്ടോയുമായി വന്ന് മാളുമ്മയെ കൊപ്പത്തേക്ക് കൂട്ടിക്കൊണ്ട് പോയി. ചെറുപ്പത്തിലെ ഉമ്മയുടെ രൂക്ഷമായ ശകാരം അവന്റെ  മാനസിക-ആരോഗ്യ വളർച്ചയെ ബാധിക്കാത്ത തരത്തിൽ നല്ല രീതിയിൽ കൊണ്ട് വന്ന, എന്റെ ആ നല്ല ഗ്രാമാന്തരീക്ഷത്തിന് ഞാൻ നൂറായിരം നന്ദി മനസ്സിൽ പറഞ്ഞ്, അവനോടൊന്ന് നന്നായി ചിരിച്ച് കൊടുത്തു,മനസ്സ് തുറന്ന്.

Monday, 7 May 2012

വീണ്ടും ചില നാട്ടുകാര്യങ്ങൾ --- 'വാപ്പ്വോ.....വാപ്പ്വോ....പൗത്താങ്ങേണോ ?'


ഞാനീ എഴുത്തിന് നിങ്ങൾ ഇതിൽ  വായിച്ചനുഭവിക്കുന്നതിനേക്കാൾ കൂടുതൽ ഗൗരവം കൊടുക്കുന്നുണ്ട്. അത് കൊണ്ട് തന്നെ ഇതിൽ എന്റെ പതിവ് പോസ്റ്റുകളെപ്പോലെ രസകരമാകുവാൻ വഴിയില്ല. ഗൗരവതരമായ ഒരു കാര്യമാണ് ഈ കുറിപ്പിലൂടെ ഞാൻ മുന്നോട്ട് വക്കുന്നത്. അത് ഉൾക്കൊണ്ടാൽ അഭിപ്രായം പറയുക. ഞാൻ, എനിക്കീ നാട്ടിൽ തുടർന്നും എല്ലാവരോടും സജീവതയോടെ ഇടപെടണം എന്നുള്ളതു കൊണ്ട്, ഒരു വാചകത്തിലൂടെ  മാത്രമേ ഗൗരവപരമായ 'ആ' കാര്യം പറഞ്ഞിട്ടുള്ളൂ, മനസ്സിലാക്കുക.

*****************************************************************************

ഞങ്ങളുടെ വീടിന്റെ മുൻ വശത്ത് കൂടി മുപ്പത് മീറ്ററപ്പുറം ഒരു പഞ്ചായത്ത് റോഡ് പോകുന്നുണ്ടെന്ന് മുൻ പോസ്റ്റുകളിൽ പറഞ്ഞിട്ടുണ്ടല്ലോ ? ആ പഞ്ചായത്ത് റോഡിലൂടെ പോയാലാണ്  കഴിഞ്ഞ സപ്റ്റംബർ പൊസ്റ്റിൽ പറഞ്ഞ  'ഝാൻസീ റാണിയുടെയും' (മാളുമ്മ),  കുഞ്ഞേട്ടന്റെയുമൊക്കെ വീടുകൾ. കുഞ്ഞേട്ടന്റെ വീടിനപ്പുറം, ഈ സംഭവത്തിലെ നായകനായ സമീർ താമസിക്കുന്ന വീട്. ഞങ്ങളുടേയൊപ്പം അധികം കളിക്കാനൊന്നും വരാത്ത കൂട്ടത്തിൽ പെട്ടവനാണിവൻ. മാളുമ്മയുടെ വീട്ടിലെ കൂട്ടുകാരും(അഷറഫ് അവന്റെ ചേട്ടൻ മുസ്തഫ) കളിക്കാനൊന്നും വരാറില്ല എന്ന് ഞാൻ മുൻപേ പറഞ്ഞിരുന്നല്ലോ. ഇവരും, കന്ന് കച്ചവടക്കാരൻ സൂപ്പി എന്ന ഞങ്ങളുടെ സൂപ്പ്യാക്കയുടെ സമീറുൾപ്പെട്ട മക്കളും, കളി തുടങ്ങിയ കാര്യങ്ങൾക്കൊന്നും വരാറേയില്ല. ഞങ്ങളുടെ കളിസ്ഥല(കാളപൂട്ട് കണ്ടം)ത്തിനടുത്തായാണ് ഇവരുടേയൊക്കെ വീടുകൾ(എന്നിട്ടും!).

കാര്യങ്ങൾ അങ്ങനേയൊക്കെ ആണെങ്കിലും ഞങ്ങളെ പോലുള്ള അടുത്തുള്ള കുറച്ച് വീടുകളിലേക്ക് പാൽ എത്തുന്നത് സൂപ്പി ആക്കയുടെ വീട്ടിൽ നിന്നാണ്. എന്നെപ്പോലുള്ള ഊരുതെണ്ടികളായ കുട്ടികളുള്ളവരുടെ വീട്ടിലേക്ക് ഞങ്ങൾ തന്നെ പോയി വാങ്ങാറുണ്ടെങ്കിലും, അതിന് 'കഴിയാത്ത' ചില വീട്ടുകാർക്ക്  സൂപ്പ്യാക്കയുടെ വീട്ടിൽ നിന്ന് ആരെങ്കിലും പാൽ കൊണ്ട് പോയി കൊടുക്കാറുണ്ട്. 'ഭാവിയിൽ പാൽ കൊണ്ട് കൊടുക്കേണ്ടി വരും'  എന്ന ദീർഘദൃഷ്ടി കൊണ്ടായിരിക്കാം സൂപ്പി ആക്കയ്ക്ക് മക്കളൊരുപാടുണ്ട്.

അവരുടെ വീടിന് പുറക് വശത്തായി അധികം ആളുകൾ സഞ്ചരിക്കാത്ത ഒരു കാടും റബ്ബർ തോട്ടവുമൊക്കെയാണ്. ആ സ്ഥലത്തേക്ക്, ആ കാലത്ത്, സ്ഥിരമായി മാങ്ങ പറിക്കുവാൻ പോയിരുന്നത് എന്റെ ചേട്ടനും ചേച്ചിയും മാത്രമാകാനേ തരമുള്ളൂ. അത് കൊണ്ട് തന്നെ മാങ്ങക്കാലമായാൽ സദാ സമയവും വീട്ടിൽ പലതരം മാങ്ങകൾ ഉണ്ടാവുമായിരുന്നു. ചേട്ടനും ചേച്ചിയും മാങ്ങ കൊണ്ട് വന്നാൽ, അമ്മയോ ചേച്ചിയോ അതെല്ലാം കഴുകി തോല് ചെത്തി പൂണ്ട്,ഓരോ മാങ്ങയിൽ നിന്നും, എല്ലാവർക്കും വീതം വച്ച് കൊടുക്കുകയാണ് പതിവ്. അല്ലാതെ, ഒരോ മാങ്ങകൾ ഓരോരുത്തരായി എടുക്കുന്ന പതിവ് വീട്ടിലില്ല.

വീടിനടുത്തായി സൂപ്പ്യാക്കയ്ക്ക് ഒരു പറമ്പുണ്ട്. അതിൽ കൃഷിയൊന്നുമില്ലെങ്കിലും കുറച്ച് പ്ലാവും,മാവും മറ്റുമുണ്ട്. അതിലേക്ക് ഇടയ്ക്ക് നമ്മുടെ സൂപ്പ്യാക്കയുടെ മക്കളായ സമീറും അവന്റെ ഇക്ക വാപ്പുവും
വരാറുണ്ട്. ആ കാലത്ത് ഞങ്ങളുടെ വീട് ചാരിയുള്ള ഇടവഴി മാത്രമെ ആ പറമ്പിലേക്ക് പോകാൻ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ, വലുതും ചെറുതുമായി വേറെയും ധാരാളം വഴികളായി. അങ്ങനെ ഒരു മാങ്ങക്കാലത്ത്, സൂപ്പ്യാക്കയുടെ മക്കൾ,ഞങ്ങളുടെ വീടിനോടടുത്തുള്ള വഴിയിലൂടെ, പതിവ് പോലെ അവരുടെ പറമ്പിലേക്ക് പോവുകയാണ്.  വേഗം നടക്കുന്ന ഇക്കയുടെ പിന്നിലായി,സമീർ ആടിപ്പാടി വരുന്നുണ്ട്. വലിയ തിരക്കൊന്നുമില്ലാതെ പോകുന്ന സമീറിനോട് അമ്മ കുറച്ച് മാങ്ങ നീട്ടിക്കൊണ്ട് പറഞ്ഞു,

               'ഡാ അവടെ വീട്ടില് മാങ്ങെക്ക ണ്ടോ പ്പൊ ? ഇല്ല്യെങ്ങ ഇത് കൊണ്ടോയിക്കോ, ആ കേശവൻ നായരടെ പറമ്പ്ന്ന് ഇവ്ട്ത്തെ കുട്ട്യോള് കൊടന്നതാ.'

വേറെ വിശദീകരണത്തിനൊന്നും നില്ക്കാതെ,സന്തോഷത്തോടെ, ആ മാങ്ങ കയ്യിൽ വാങ്ങിയ സമീർ, അമ്മയ്ക്ക് നന്നായൊന്ന് ചിരിച്ച് കൊടുത്തു.(പുന്നെല്ല് കണ്ട തൊരപ്പനെലിയെപ്പോലെ ന്ന് ഞാൻ പറഞ്ഞാൽ അമ്മ തല്ലും).

അമ്മയ്ക്കും സന്തോഷമായി. അമ്മ അവനോട് ചോദിച്ചു,

                                  'അന്റിക്കായ്ക്ക് വേണോ ന്ന് ചോയ്ച്ചോക്കാ..!.'

അമ്മ കൊടുത്ത രണ്ട് മൂന്ന് മാങ്ങകൾ കയ്യിലൊതുക്കിപ്പിടിച്ച് നിൽക്കുന്ന സമീർ, അത് കൂടി കേട്ടപ്പോൾ പിന്നെ ഒന്നും ചിന്തിച്ചില്ല. ഇക്കടെ പങ്ക് മാങ്ങ കൂടി അമ്മയുടെ കയ്യിൽ നിന്ന് കിട്ടിയാൽ....ഹായ്...! അതാലോചിച്ച് മനസ്സിൽ ലഡ്ഢു പൊട്ടിയ... സമീർ മുന്നിൽ ധൃതിയിൽ പോകുന്ന ഇക്കയെ അലറി വിളിച്ചു
.                   
                                    'വാപ്പ്വോ......വാപ്പ്വോ....അണക്ക് പൗത്താങ്ങേണോ ?'

അത് കേട്ട അവന്റിക്ക(വാപ്പു) തിരികെ വന്ന് അമ്മയോട് ഒരുപാട് നാട്ടുകാര്യങ്ങളെല്ലാം സംസാരിച്ച ശേഷം അവർ രണ്ട് പേരും മാങ്ങ വാങ്ങിച്ച് സന്തോഷമായി വീട്ടിലേക്ക് കൊണ്ട് പോയി.

         *********************************************************************

ദിവസങ്ങളും ആഴ്ചകളും മാസങ്ങളും വർഷങ്ങളും കടന്ന് പോയിക്കൊണ്ടേയിരുന്നു. ഈ സമീർ എന്ന കക്ഷിയും,അവന്റിക്കയും ഒരുപാട് മുതിർന്നു,ഞാനും. വാപ്പു കുടുംബഭാരവും തോളിലേറ്റിക്കൊണ്ട് ഗൾഫിലെത്തി. സൂപ്പ്യാക്കയുടെ കന്ന് കച്ചവടവും നന്നായി പോകുന്നു. വാപ്പുവിന്റെ മൂത്ത സഹോദരൻ വർഷങ്ങളായി ഗൾഫിലാണ്. സമീർ അപ്പോൾ പത്തിൽ പഠിക്കുന്നു. എനിക്ക് പ്രത്യേക ഒരു ശീലമുണ്ടായിരുന്നു അക്കാലത്ത്. വീട്ടിൽ പത്രം വരുത്തുന്നുണ്ടായിരുന്നില്ല,അത് കൊണ്ട് തന്നെ അടുത്തുള്ള ജയേഷിന്റെ (എന്റെ ഫിസിയോ) വീട്ടിൽ അതിരാവിലെ പോയി അവിടെ ഗേയ്റ്റിൽ അവർക്ക് വേണ്ടി കിടക്കുന്ന മാതൃഭൂമിയും ദേശാഭിമാനിയും വായിച്ച്, എനിക്ക് അടുത്ത വീട്ടിൽ കൊടുക്കാനുള്ള മാധ്യമവും എടുത്ത് ഞാനിങ്ങ് വീട്ടിലേക്ക് തിരിച്ച് പോരും. അത് പോലെ 'കുഞ്ഞേട്ട'ന്റെ വീടിനടുത്തുള്ള 'സനു'വും വരാറുണ്ട്. അവനും ഇതുപോലെ തന്നെ മാതൃഭൂമിയും ദേശാഭിമാനിയും വായിച്ച് അവന്റെ വീടിനടുത്തേക്കുള്ള മനോരമ എടുത്ത് തിരിച്ച് പോകാറാണ് പതിവ്. തിരിച്ച് പോകുമ്പോഴേക്ക് ഞങ്ങൾ രണ്ട് പേരും, ഞങ്ങൾക്ക് കൊണ്ട് പോകാനുള്ള മനോരമയും മാധ്യമവും പരസ്പരം കൈമാറി വായിച്ച് കഴിഞ്ഞിട്ടുമുണ്ടാകും. അങ്ങനെ ഒരോ ദിവസവും തുടങ്ങുമ്പോഴേക്കും തന്നെ ഞാനും സനുവും ഒരു വിധം കാര്യപ്പെട്ട പത്രങ്ങൾ മുഴുവനും വായിച്ച് കഴിഞ്ഞിട്ടുണ്ടാകും. അങ്ങിനെ പത്രമുള്ള എല്ലാ ദിവസങ്ങളിലും, ഞങ്ങൾ ഇങ്ങനെ രാവിലത്തെ പത്രപാരായണം പൂർത്തിയാക്കാറാണ് പതിവ്. ആ പത്രങ്ങളിൽ വായിച്ച പലവിധ വിഷയങ്ങളോടനുബന്ധിച്ചുള്ള, ഞങ്ങളുടെ കാഴ്ചപ്പാടിൽ ഉള്ള ചർച്ചയും(കൊല്ലണ്ട ?!!) നടക്കാറുണ്ടായിരുന്നു, അപ്പോൾ.

അങ്ങനെ ഒരു ദിവസത്തെ ഞങ്ങളുടെ പത്ര പാരായണം നടക്കുന്നതിനിടയിൽ, ഞങ്ങൾക്ക് പത്ര വായനയോടൊപ്പം സംസാരിക്കാൻ മറ്റൊരു പ്രധാന വിഷയം കൂടി ഉണ്ട്. വീടിനടുത്തുള്ള പരസ്യകലാകാരൻ (ബോർഡ്,ബാനർ എന്നിവ എഴുതുന്ന) വാസുവേട്ടന്റെ അച്ഛൻ 'ബാലൻ വൈദ്യർ' തലേന്ന് രാത്രി മരിച്ചിരിക്കുന്നു. വയസ്സൊരുപാടുണ്ടെങ്കിലും നാട്ടിലെല്ലാവർക്കും അദ്ദേഹം 'ബാലൻ വൈദ്യരാ'ണ്. ആ ഒരു വിളിയിൽ അദ്ദേഹത്തോടുള്ള എല്ലാ ബഹുമാനവും ആദരവും അടങ്ങിയിട്ടുണ്ട് എന്നാണ് ഞങ്ങളുടേയും അദ്ദേഹത്തിന്റേയും ഉറച്ച വിശ്വാസം. ആ നാട്ടിലെ കുട്ടികളും വലിയവരും എല്ലാവരും 'ആ'  ഒരു രീതിയിലാണ് അദ്ദെഹത്തെ 'ബാലൻ വൈദ്യരേ' ന്ന് വിളിച്ചിരുന്നത്.

ഞങ്ങൾ പതിവ് പോലെ രാവിലെ പത്ര പാരായണത്തിനെത്തി 'ബാലൻ വൈദ്യരുടെ' നിര്യാണത്തിൽ വലിയൊരു 'ഞെട്ടൽ' രേഖപ്പെടുത്തി. എന്നിട്ട് 'അഗാധമായ' വായനയിൽ മുഴുകിയിരിക്കുകയാണ്. ആ സമയത്ത് നമ്മുടെ സമീർ, അടുത്ത വീടുകളിൽ കൊടുക്കാനുള്ള, പാൽ നിറച്ച തൂക്കുപാത്രങ്ങൾ ഇരു കൈകളിലും തൂക്കിപ്പിടിച്ച് പഞ്ചായത്ത് റോഡിന്റെ വലിയ കയറ്റം കയറി വരുന്നത്. പതിവ് പോലെ ആടിയും പാടിയും ചെറിയൊരു കുലുക്കത്തോടെയാണ് അവന്റെ നടപ്പ്. കയറ്റത്തിന്റെ അവസാനം മെയിൻ റോഡിനടുത്തായാണ് ഞാനീ പറയുന്ന 'പത്ര' വീട്. അങ്ങനെ, കയറ്റം കയറി വന്ന പാടെ അവൻ, ഒരു ദീർഘനിശ്വാസത്തോടെ ഞങ്ങളോട് തലെന്നത്തെ 'ബാലൻ വൈദ്യർ' സംഭവം,വളരെ അത്ഭുതത്തോടെ ചോദിച്ചു,

                               'എട സന്വോ,മനേഷേ ങ്ങളറിഞ്ഞിലേ, മ്മടെ ബാലൻ ചത്തു ല്ലേ ?'

ഞങ്ങൾ ആ 'ചോദ്യം' കേട്ട് പരസ്പരം നോക്കി ഒന്ന് ചിരിച്ചതല്ലാതെ, അവനോടായി മറുപടി ഒന്നും പറഞ്ഞില്ല.

[ഗ്രാമ ഭാഗത്ത് വിവിധ തരക്കാരായ ആളുകൾ ഉണ്ടാവും. അതിൽ എല്ലാവരും എല്ലാവരെയും ബഹുമാനത്തോടെയും ആദരവോടെയും സംസാരിച്ച് കൊള്ളണമെന്നില്ല. അങ്ങനത്തെ ഒരു സംസാര പ്രത്യേകത കാണിക്കാൻ വേണ്ടി മാത്രമാണ് ഈ കുറിപ്പ്. അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.]

Sunday, 1 April 2012

'ബായ്ക്കീന്ന് കാണാൻ വല്ല്യേ മെച്ചൊന്നൂം ഇല്ല്യാ ട്ടോ.'

അങ്ങനെ സംഭവബഹുലമായ പത്താം ക്ലാസ്സ് ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ച് അവസാനിച്ചു.
പത്താം ക്ലാസ്സിനു ശേഷം ഞാൻ ഷൊറണൂർ പോളിടെക്നിക്കിലാണ് പഠിച്ചത്. അവിടെ എന്റെ പത്താം ക്ലാസ്സ് സഹപാഠിയും,അതിലെ നമ്മുടെ 'താരം' രവിയുടെ ബെഞ്ച് മേറ്റുമായിരുന്ന പ്രമോദും കൂടെയുണ്ട്. പിന്നെ പത്ത്.ബി യിലുണ്ടായിരുന്ന, കൊപ്പത്തുള്ള ഷാജുവും. കൊപ്പം സ്വദേശികളായ ഞങ്ങളെല്ലാവരും കൊപ്പത്ത് ഒന്നിച്ച് കൂടി അവിടുന്ന് പട്ടാമ്പി ബസ് പിടിച്ച്, അങ്ങനെ കോളേജിൽ പോവ്വാറാണ് പതിവ്. സമാന്യം തരക്കേടില്ലാതെ, അങ്ങനെ കോളേജ് ജീവിതം രസകരമായി മുന്നോട്ട് പോവുകയാണ്. ഞങ്ങൾ രണ്ടാം വർഷമായി. ആ വർഷത്തിൽ ഞങ്ങൾക്ക്  'ഡിജിറ്റൽ ഇലക്ട്രോണിക്സ് ' എന്നൊരു വിഷയമുണ്ട്. ആ വിഷയത്തിന് ക്ലാസ്സും ലാബുമുണ്ട്. അതിന്റെ ലാബ് നടക്കുന്നതിലാണ് ഈ സംഭവത്തിന്റെ 'കാര്യം'. ഒരു വലിയ ഡസ്ക്കിൽ നാല് പേർ വീതമുള്ള രണ്ട് ഗ്രൂപ്പുകളാണ് ഇരിക്കുക. ഡസ്ക്കിനപ്പുറവും ഇപ്പുറവുമായി രണ്ട് ഗ്രൂപ്പും ഇരിക്കും. ഞങ്ങൾ, പട്ടാമ്പിക്കാർ (പ്രദീപും,പ്രമോദും ഞാനുമൊക്കെ) ഒരു മേശയ്ക്ക് ഇരുപുറവുമുള്ള രണ്ട് ഗ്രൂപ്പുകളിലാണ്. അപ്പോൾ ചില ഐ.സി കളുടെ വിത്യസ്ത റീഡിംഗ് നോക്കലാണ് ലാബിൽ ചെയ്യുന്നത്. ലാബിൽ ആദ്യമാദ്യം ഐ.സിയുടെ  റീഡിംഗ് ചെക്ക് ചെയ്ത് റിസൽറ്റ് കിട്ടുന്നവർ റഫ് റെക്കോഡിൽ( വലിയ നോട്ട് ബുക്ക്) എഴുതിയത് സാറിനെ കാണിച്ച് ഒപ്പ് വാങ്ങിച്ച് പോവുകയാണ് പതിവ്. പിന്നീടത് വലിയ, ഒറിജിനൽ റെക്കോർഡിലേക്ക് പകർത്തും. ലാബിൽ സ്വന്തം ഗ്രൂപ്പിൽ, പ്രിയപ്പെട്ട കുട്ടുകാരൊന്നും  ഇല്ലാത്തത് കൊണ്ട്  ഞാൻ, -പ്രമോദ്, പട്ടാമ്പിയിലുള്ള പ്രദീപ് തുടങ്ങിയ അടുത്ത ഗ്രൂപ്പിലുള്ള കൂട്ടുകാരുമായി സംസാരിച്ചിരിക്കും.


നേരത്തെ കഴിഞ്ഞവരെല്ലാം സാറിനെ കാണിച്ച്, ഒപ്പ് വാങ്ങിച്ച് ക്ലാസ്സിലേക്ക് പോകുന്നുണ്ട്. ചിലർ പുറത്ത് നിന്ന് കത്തിയടിക്കുന്നുമുണ്ട്. പഠിക്കാനുണ്ടായിരുന്നത്, നിങ്ങൾക്ക് മനസ്സിലാവാൻ വേണ്ടി ഒന്ന് വ്യക്തമാക്കാം. ഐ.സി കൾ കൊണ്ടുള്ള പല തരം സർക്ക്യൂട്ട് ഗേയ്റ്റുകളുടെ റീഡിംഗ് ആണ് നോക്കാനുള്ളത്. ആൻഡ് ഗേയ്റ്റ്, ഓർ ഗേയ്റ്റ്, നോട്ട് ഗേയ്റ്റ്, നാൻഡ് ഗേയ്റ്റ്, നോർ ഗേയ്റ്റ് അങ്ങിനെ ചിലത്. ഇതിൽ ഒരു ഗെയ്റ്റേ(ഏതേലും ഒരു ഐ.സി കൊണ്ടുള്ളത്) ഒരു ദിവസം ലാബിൽ ഉണ്ടാവൂ. അതിൽ തർക്കമില്ല.

അങ്ങനെ കത്തിയടിയും ഐ.സി  'പരിശോധനയും' നടക്കുന്നതിനിടയ്ക്ക്, പ്രമോദിന്റെയും ടീമിന്റേയും ഐ.സി ചെക്ക് ചെയ്ത് റിസൾട്ട് കിട്ടിക്കഴിഞ്ഞു. പുറത്തിറങ്ങി കത്തിയടിക്കാനുള്ള ആർത്തിയിൽ ഗ്രൂപ്പിലുള്ള എല്ലാവരും 'ഐ.സി യും അനുബന്ധ ഉപകരണങ്ങളും തിരിച്ചേൽപ്പിക്കുക' എന്ന ഭാരിച്ച ഉത്തരവാദിത്തം പ്രദീപിനെ ഏൽപ്പിച്ചു, നേരത്തേ പുറത്തിറങ്ങി 'മുങ്ങി'. ഐ.സി യും, റീഡിംഗ് നോക്കാനുള്ള ഉപകരണവും, പിന്നെ ഈ ഐ.സി കണക്ട് ചെയ്യാനുള്ള സർക്ക്യൂട്ട് ബോർഡുമാണ് തിരിച്ചേൽപ്പിക്കേണ്ടത്.

പ്രദീപ് ഐ.സി യും മറ്റും കൊടുക്കാനയി, 'കൊക്കെത്ര  കുളം കണ്ടതാ' എന്ന ഭാവത്തിൽ, കൂട്ടുകാർ മുങ്ങിയതൊന്നും വക വക്കാതെ, റഫ് റെക്കോഡും ഐ.സി യും മറ്റുമായി മായി സാറിന്റെ അടുത്തെത്തി. അവന്റെ റഫ് റെക്കോർഡ് വാങ്ങി ഒപ്പിട്ട് കൊടുത്തു, മറ്റു സാധനങ്ങൾ വാങ്ങിച്ച് വച്ച്, ഐ.സി യ്ക്കായി സാർ കൈ നീട്ടി.

                            'ഇതേതാ ഐ.സി ?' സാർ അവനോട്, സാധാരണയായി, അലക്ഷ്യമായി ചോദിച്ചു.

                'നാൻഡ് ഗേയ്റ്റ് സാർ' വിനയ കുനയ കുലീന കുഞ്ഞിരാമനായി അവൻ പറഞ്ഞു.

'നാൻഡോ ?' അതല്ല എന്നറിയുന്ന സർ, വിശ്വാസം വരാത്ത പോലെ ചോദിച്ചു.

               'അല്ല സാർ, നോർ ഗേയ്റ്റ്,' പുറത്തിറങ്ങാനുള്ള ആർത്തിയിൽ പ്രദീപ് ഒന്നുകൂടി ഉറപ്പിച്ച് പറഞ്ഞു.

'നോറോ' ഇവന്റെ മറുപടികൾക്കൊന്നും ഒരുറപ്പില്ലാത്തതിനാൽ ഒന്നുകൂടി ഉറപ്പിക്കാനായി സാർ ചോദിച്ചു.

'അന്ന് അത് വരേയും ലാബിലിരുന്നിട്ടും, ഏത് ഗേയ്റ്റാ ചെക്ക് ചെയ്തത് ' എന്നോർമ്മയില്ലാത്ത പ്രദീപ് അവസാനം, കൈകൾ കൂപ്പി സാറിനോട് ദയനീയമായി പറഞ്ഞു,

   'അതവടെ ഡസ്ക്കിനടിയിൽ കെടന്നേര്ന്നതാ സാർ, ആരടേയോ അടുത്ത്ന്ന് വീണതാ,   ഞാങ്ങ്ട് ഇട്ത്ത് കൊടന്നതാ.'

സാർ പിന്നെ ഒന്നും പറയാതെ ആ ഐ.സി യും വാങ്ങി വച്ച് അവനോട് പൊയ്ക്കൊള്ളാൻ പറഞ്ഞു.

ഞങ്ങളങ്ങനെ പലവിധ വിശേഷങ്ങളുമായി, ക്ലാസ്സും കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ച് വരികയാണ്. അവിടുന്ന് ഞങ്ങൾ പട്ടാമ്പി ഭാഗത്തേക്ക് വരുന്നവരിൽ പ്രധാനികൾ ഞങ്ങൾ ഒരേ ക്ലാസ്സിലുള്ള പ്രമോദ്,പ്രദീപ്,ഷാജു തുടങ്ങിയവരുള്ള ടീമായിരുന്നൂ.

അതിൽ എനിക്ക് ഷൊറണൂർ സെന്റ് തെരേസയിൽ പ്ലസ്സ് ടൂ വിന് പഠിക്കുന്ന ഒരു കുട്ടിയെ നല്ല ഇഷ്ടായിരുന്നു(ആരും ചിരിക്കണ്ട, സൂക്കേട് അതു തന്നെ...!). അവൾ ഏതെങ്കിലും ഷൊറണൂർ ബസ്സിൽ, ഞങ്ങളുടെ കോളേജിന് മുന്നിലൂടെയുള്ള റോഡ്  വഴിയാണ് വരാറ്. ഞങ്ങൾക്ക് പാലക്കാടിൽ നിന്ന് വരുന്ന ബസ്സിൽ, പട്ടാമ്പിക്ക് പോയി വേഗത്തിൽ സ്റ്റാൻഡിൽ എത്താമെങ്കിലും,  'ഈ' ഒരൊറ്റ കാരണം കൊണ്ട്, ഞാൻ ഷൊറണൂർ ബസ്സിൽ പട്ടാമ്പിക്ക് പോവാനാണ് താത്പര്യം കാട്ടിയിരുന്നത്. പക്ഷെ എന്റെ വാക്കുകൾക്കെന്ത് വില ? അവരെല്ലാവരും, ഷൊറണൂർ-പട്ടാമ്പി ബസ്സ് വന്നപ്പോൾ, അതിൽ കയറാൻ എന്നെ സമ്മതിക്കാതെ, പിന്നാലെ വന്ന പാലക്കാട് ബസ്സിൽ എന്നെ പിടിച്ചുവലിച്ച് കയറ്റി.

ഞാൻ, ആ ബസ്സ് പട്ടാമ്പി എത്തുന്ന വരേയും എനിക്ക് സംഭവിച്ച 'ആ' വലിയ നഷ്ടത്തെ കുറിച്ച് അവരോട് പരിഭവം പറഞ്ഞ്  കൊണ്ടിരുന്നു. അവരെല്ലാം എന്നെ സമാധാനിപ്പിച്ചു,

'യ്യ് പേടിക്കണ്ട മനേഷേ, ആ ബസ്സ് വര്ണേ ള്ളൂ, ഞങ്ങളിന്ന് ഓള് പോണ വരേയും സ്റ്റാൻഡില് അന്റൊപ്പം നിക്കാ.' അവരുടെ ആ വാക്കുകൾ, എന്റെ മനസ്സിൽ നൂറ് ലഡ്ഢു പൊട്ടിച്ചു.

അങ്ങനെ കാത്തിരിപ്പിന്റെ അവസാനമായി, 'ആ' ബസ്സ് പിന്നാലേ തന്നെ എത്തി.

സ്റ്റാൻഡിൽ(പട്ടാമ്പി), പലയിടത്തേക്കും പോകാനുള്ള ബസ്സുകൾ നിൽക്കുന്നതിന്റെ അടുത്തായി ഞങ്ങൾ നാലുപേരും നിലയുറപ്പിച്ചു. ഞാൻ പ്രതീക്ഷിച്ച പോലെ, അവൾ ആ ബസ്സിൽ നിന്ന് ഇറങ്ങി, സ്റ്റാൻഡിൽ സ്ത്രീകളുടെ വെയിറ്റിംഗ് ഷെഡ്ഡിന്റെ ഭാഗത്തേക്ക് ധൃതിയിൽ നടന്നു. നടന്ന് പൊകുന്ന 'അവളെ' നോക്കി, ആവേശത്തോടെ ഞാൻ കൂട്ടുകാരോട് പറഞ്ഞു ,

                          'അതാ ട്ടോ 'കുട്ടി,............കണ്ടോ ല്ലാരും.'

എല്ലാവരും അത്തിപ്പൊത്തിൽ നിന്ന് മൂങ്ങ നോക്കും പൊലെ അവളെ തന്നെ സൂക്ഷിച്ച് നോക്കി.

      അവസാനം പ്രമോദ് തീർപ്പ് പറഞ്ഞു,  'വല്ല്യേ രസോന്നൂല്ല്യ ട്ടോ മനേഷേ.'

ഞാനാകെ നിരാശനായി, പക്ഷെ വിട്ടു കൊടുത്തില്ല.

'ങ്ങൾക്കൊന്നും രസല്ല്യെങ്കിലെന്താ ? ......യ്ക്ക്.... ന്റെ പെണ്ണ് ഐശ്വര്യ റായാ.....  ,അല്ലപിന്നെ',    ഞാൻ അവരോടുള്ള വാശിക്കായെങ്കിലും, സ്വയം സമാധാനിപ്പിച്ചു.

അവൾ നടന്ന് ചെന്ന് വെയിറ്റിംഗ് ഷെഡ്ഡിന്റെ മുന്നിൽ തന്നെ നിന്നു. അവൾ ആരോടോ, എന്തോ പറയാനായി സ്വല്പം ചരിഞ്ഞു നിൽപ്പാണ് അപ്പോഴും.

പ്രമോദ് അവളുടെ മേൽ നിന്ന് കണ്ണെടുക്കുന്നില്ല, അവസാനം അവനെന്നെ സമാധാനിപ്പിച്ചു കൊണ്ട് എന്നോടായി പറഞ്ഞു,
                   
                   'ഡാ....മനേഷേ...ഒരു സൈഡീന്ന് കണ്ടാ... വല്ല്യേ... കൊഴപ്പല്ല്യാ ട്ടോ'.

ഞാൻ അവനോടൊന്നും(അവരോടും) പറയാതെ അവരിൽ നിന്ന് കുറച്ച് വിട്ട് നിന്ന് 'അവളെ' പ്രണയ ദാഹത്തോടെ 'നോക്കൽ' ആരംഭിച്ചു. നിങ്ങൾക്കിപ്പോ സംശയം ണ്ടാവും ഇവനെന്താ ഇങ്ങനെ നോക്കുന്നേ ഉള്ളൂ ന്ന്. അവൾക്ക് അറിയണ്ടേ, അവളെ 'ഒരാൾ' ഇങ്ങനെ 'ഭയങ്കരമായി' സ്നേഹിക്കുന്നുണ്ടെന്ന്.! ഹാ...ഹാ...ഹാ ....!

അവസാനം പ്രമോദ് എന്റടുത്തേക്ക് നീങ്ങി നിന്നു. അപ്പൊഴും അവന്റെ നോട്ടം മാറിയിട്ടില്ല.

          'ആ....ഹ്....ഫ്രന്റീന്ന് കണ്ടാലും കൊഴപ്പല്ല്യ ട്ടോ മനേഷേ, ഞാനിപ്പഴാ ശ്രദ്ധിച്ചേ'

അവന്റെ  'ആ' ശ്രദ്ധിക്കൽ അധികമാവുന്നത് എനിക്കങ്ങ് ഇഷ്ടപ്പെടുന്നില്ല. പക്ഷെ ഞാൻ സഹിച്ചു നിന്നു, എത്രയായാലും കൂട്ടുകാരനല്ലേ, പാവം ശ്രദ്ധിച്ചോട്ടെ !

പ്രമോദ് പ്രദീപിനേയും ഷാജുവിനേയും മാറ്റിക്കൊണ്ട് എന്നോട് ചേർന്ന് നിന്നു. എന്നിട്ട് യാതൊരു മടിയുമില്ലാതെ അവൻ എന്നോട് 'വിഷയം' പറഞ്ഞു,

     'ഡാ...ഇത്...കൊഴപ്പൊന്നൂല്ല്യാ നല്ല...കുട്ട്യാ...ട്ടോ...,  യ്യ്....ഞ്ഞ് നോക്കണ്ട..ഡാ...ഞ്ഞ്.... ഞാൻ ഒന്ന് നോക്ക്യോക്കട്ടേ ഈ കൂട്ടീനെ.!'

പ്രമോദ് അങ്ങനെ പറഞ്ഞതും, ഞാൻ മറുപടിയൊന്നും പറയാതെ ഷാജുവിനേയും വിളിച്ച്  കൊപ്പത്തേക്കുള്ള മയിൽ വാഹനത്തിൽ(ബസ്സ്) കയറി ഇരുന്നു.അവർക്കാർക്കും മുഖം കൊടുക്കാതെ.

                                   [ഇതിന്റെ പ്രതികരണാനുസരണം ഇനി മറ്റ് കോളേജ് വിശേഷങ്ങൾ വരും.....]

Wednesday, 7 March 2012

വീണ്ടും ചില നാട്ടുകാര്യങ്ങൾ..(..ന്റിമ്മാ....കള്ളം...കള്ളം.)

അങ്ങനെ ഞങ്ങളുടെ ഓരോ ദിവസവും ഉല്ലാസമായങ്ങനെ കടന്ന് പോകുന്നു. ഞങ്ങൾ കൂട്ടുകാർ എല്ലാവർക്കും വൈകുന്നേരമായാൽ ഗ്രൗണ്ടിലേക്കിറങ്ങി മാളുമ്മയുടെ തൗദാരം കേൾക്കൽ ഒരു ശീലമായിരിക്കുന്നു. അങ്ങനെ ദിവസങ്ങൾ ആഴ്ചകളായും, മാസങ്ങളായും,വർഷങ്ങളായും കലണ്ടറിനെ മാറ്റിക്കൊണ്ടിരുന്നു. ഞാൻ യു.പി സ്ക്കൂളിൽ പഠിക്കുന്ന സമയം, അപ്പോഴുള്ള ആ കൂട്ടത്തിൽ ഏറ്റവും ചേറുത് ഞാനാണ്. ആ സമയങ്ങളിൽ മാത്രമാണ് ട്ടോ, പിന്നീട് എന്റെ പിന്മുറക്കാർ വന്ന് തുടങ്ങി, ഞാനും ഇമ്മിണി വല്ല്യേ സീനിയറായി മാറി. ആ സമയത്ത് എന്റെ ചെറിയ ഏട്ടന്റെ കൂടെ മാത്രമേ ഞാൻ പുറത്ത് പോകാറുള്ളൂ, എന്നെ വീട്ടിൽനിന്ന് വിടാറുള്ളൂ. അങ്ങനെയുള്ള ഒരു ദിവസം, എല്ലാ കൂട്ടുകാരും സമീപത്തുള്ള, എൽ.പി സ്കൂളിന്റെ പുറത്തുള്ള കളിസ്ഥലമായ ഗ്രൗണ്ടിൽ ഒത്ത് കൂടിയിരിക്കുന്നു. നമ്മുടെ, 'മാളുമ്മയുടെ തൗദാരം' ഫേയിം അനി,'കപ്പക്കിഴങ്ങ് ' ഫേയിം നസീർ, പിന്നെ ഷംസു, ഷെരീഫ് അങ്ങനെ ഒരുപാട് പേരുണ്ട്. അവരൊക്കെയുള്ള കൂട്ടത്തിലേക്ക് എന്നെയും കൊണ്ട് വരാൻ കുട്ട്യേട്ടന്(ചെറിയ ഏട്ടന്) ഇഷ്ടമല്ലെങ്കിലും, ഞാൻ തുള്ളിക്കളിച്ച് പിന്നാലെ പോകും. .....................അങ്ങനെ ഗ്രൗണ്ടിലെത്തി, 'എല്ലാവരും' കൂടി കൂലങ്കഷമായി ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. അതങ്ങനെ പുരോഗമിക്കുന്നതിനിടയിൽ, 'ഒന്നും,രണ്ടും' പറഞ്ഞ് നസീറും എന്റെ ഏട്ടനും ഒന്ന് കോർത്തു. ( ആ പ്രായത്തിൽ അതൊക്കെ സ്വാഭാവികമല്ലേ ? ). കൂട്ടത്തിൽ വലിയ ആളുകളായ, ഏട്ടനും നസീറും തമ്മിലാണ് 'കശപിശ'. ആർക്കും ആരുടേയും പക്ഷം ചേരാൻ വയ്യ.

ആ സമയത്ത് ഏട്ടന്റെ കാൽമുട്ടിന്റെ പിൻഭാഗത്ത് ഇരുകൈകൾ കൊണ്ടും വിരലുകൾ കോർത്ത്, വട്ടമിട്ട് പിടിച്ച്, മറ്റൊന്നും ഏട്ടനെ ചെയ്യാനനുവദിക്കാതെ 'പുട്ടി'പിടിച്ചിരിക്കുകയാണ് നസീർ. ഇടത് കാൽ നസീറിന്റെ പിടിയിലാണെങ്കിലും 'നാക്ക് ' ആരും കുരുക്കിട്ട് പിടിക്കാത്തത് കൊണ്ട് അതുകൊണ്ട് നന്നായി അവനെ പ്രകോപിപ്പിക്കുണ്ട് (മൂപ്പിക്കുന്നുണ്ട്) കുട്ട്യേട്ടൻ. അങ്ങനെ അവനോട് ചൂടാകുന്നുമുണ്ട്,

'ഡാ നസീറേ..അവ്ട്ന്ന് പിടി...യ്യ് വിട്ടോ ട്ടോ  .വെറ്തേ തല്ല്   ണ്ടാക്കണ്ട.'

കുട്ട്യേട്ടന്റെ സ്വരത്തിൽ അൽപ്പം ഭീഷണിയുണ്ടോ എന്ന്ാർക്കും സംശയം ഇല്ലാതില്ല.

അമ്മാതിരി ഭീഷണിയിലൊന്നും വിറക്കാത്ത നസീർ, ഏട്ടനെ വിടാനുള്ള ഒരുക്കത്തിലുമല്ല,

'ഇയ്യേയ്.....കൊറേ ദീസായീ  ഇന്നങ്ങനെ ഒരുമായിരി ആക്കാൻ തൊടത്തീട്ട്,അതങ്ങനെ വിട്ടാ ജ്ജ് തലേ കേറും...'

അവസാനം, എന്ത് പറഞ്ഞാലും നസീർ ഇനി പിടി വിടില്ല്യാ ന്ന് മനസ്സിലാക്കിയ ഏട്ടൻ,പെട്ടെന്ന്, ഞങ്ങൾക്കെന്തെങ്കിലും ചെയ്യാൻ കഴിയുന്നതിന് മുൻപേ പ്രതികരിച്ചു. ക.കു.ജൂ,ക.ഗു വിദഗ്ധനായ കുട്ട്യേട്ടൻ, രണ്ട് കൈകളും നസീറിന്റെ തോളിൽ ഊന്നി മുകളിലേക്ക് കുതിച്ച് ചാടി, വലത് കാലിന്റെ മുട്ട് കൊണ്ട്, അവന്റെ നെഞ്ചിനിട്ട്  ഒന്ന് കൊടുത്തു. ഇതെല്ലാം ഞങ്ങൾക്കെന്തേലും ചെയ്യാൻ കഴിയാത്ത വിധം വളരെ പെട്ടെന്ന് കഴിഞ്ഞിരുന്നു. കാൽമുട്ടുകൊണ്ടുള്ള ഇടി നെഞ്ചിൽ കൊണ്ടതും, നസീർ പെട്ടെന്ന് ഏട്ടന്റെ കാലിലെ പിടി വിട്ട്, വലത് കൈ കൊണ്ട് മൂക്കും അമർത്തി പൊത്തി പിടിച്ച് അവൻ നിലത്ത് അമർന്നിരുന്നു. വലത് കൈവിരലുകൾ കൊണ്ട് മൂക്ക് പൊത്തിപ്പിടിച്ചുള്ള, അവന്റെ നിലവിളി അടുത്തുള്ള അവന്റെ വീട്ടിലേക്ക് കേൾക്കാൻ പാകത്തിൽ ഉച്ഛത്തിലായിരുന്നൂ.

'ഇമ്മാ....ക്ക് സാസം കിട്ട്ണില്ലാ...ഇമ്മാ...ക്ക്...സാസം'

ഞങ്ങളാകെ പേടിച്ച് അവന്റെ ചുറ്റും കൂടിയിരുന്നു. ഷംസു അവനെ ഓരോന്ന്പറഞ്ഞ് സമാധാനിപ്പിക്കുന്നുണ്ട്,
                       
                          'എട, നസീറേ യ്യ് ങ്ങനെ നെലോളിക്കല്ലേ...ത് കേട്ടാ....അന്റിപ്പ... ഇപ്പ വെരും...'

പേടിക്കുള്ള കാരണം ഷംസു തുറന്ന് പറഞ്ഞ്, അവനെ ഓരോന്ന് പറഞ്ഞ് സമാധാനിപ്പിച്ചുകൊണ്ടിരുന്നു.

നസീർ പക്ഷെ അതൊന്നും ചെവിക്കൊള്ളാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല.

'ന്റിമ്മാ ക്ക് സാസം കിട്ട്ണില്ലാ....ന്റിമ്മാ....ക്ക്..സാസം....സാ....സം...'

വലത് കൈവിരലുകൾ കൊണ്ട് മൂക്കിൽ പൊത്തിപ്പിടിച്ച്, അവൻ വലിയ വായിൽ അലറുകയാണ്.

എത്ര നേരം, എന്ത് പറഞ്ഞിട്ടും അവൻ നിലവിളി അവസാനിപ്പിക്കുന്നില്ലെന്ന് കണ്ട ഷംസു അവനോട് സഹികെട്ട രീതിയിൽ പറഞ്ഞു,

'യ്യ് ന്റെ പൊന്നാര നസീറേ,....ആ മൂക്ക്മ്മന്നൊന്ന് കയ്യ് ഇട്ക്കേയ്...അപ്പണക്ക് ശാസൊക്കെ ക്ട്ടും.'

അത് കേട്ട നസീർ മൂക്കിൽ നിന്ന് പിടി മെല്ലെ അയച്ചു, എന്നിട്ട്, 'മായാവി വന്നത് കണ്ട രാജൂനെ' പോലെ തുള്ളിച്ചാടി ഞങ്ങളോട്  പറഞ്ഞു,

'ആ.....!...ഇപ്പ ക്ക് സാസം കിട്ട്ണ്ണ്ട് ട്ടോ.....ഇപ്പ കിട്ട്ണ്ണ്ട്.....'


ഉച്ചയ്ക്ക് മുൻപുള്ള സമയം അങ്ങിനെ തീർന്നു പോയി. ഞങ്ങൾ വൈകുന്നേരം, കുളി(കളി) കഴിഞ്ഞ്, അടുത്തുള്ള ഒരു വീട്ടിൽ കല്ല്യാണത്തലേന്നുള്ള 'ഒരുക്കലിന് ' പൊയി. ആ കല്ല്യാണ വീട് നമ്മുടെ 'ഝാൻസീറാണി' ഫേയിം മാളുമ്മയുടെ വീടിനടുത്താണ്. കൂട്ടുകാരെല്ലാരും കൂടി തലേന്നത്തെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. സമയം ഏറെയായി, എല്ലാവരും ഉറക്കത്തെ പ്രതീക്ഷിച്ച് നിശബ്ദരായി ഓരോ കാര്യങ്ങളിലും വ്യാപൃതരായി, കാര്യങ്ങൾക്ക് ധൃതി കൂട്ടിക്കൊണ്ടിരികുകയാണ്. ഞാനും അനിയും തലേന്നത്തെ ആസൂത്രണപ്രകാരമുള്ള 'പദ്ധതികൾ' നടപ്പിൽ വരുത്തിക്കൊണ്ടിരിക്കുന്നു.  അപ്പോഴാണ് നമ്മുടെ 'ഝാൻസീറാണി' മാളുമ്മയുടെ വീട്ടിൽ നിന്ന് ഉച്ചത്തിൽ ഒരു നിലവിളി,
                                                                                         
                                                              'ഇമ്മാ....കള്ളം...കള്ളം....ന്റിമ്മാ കള്ളം...കള്ളം...'

അല്ലെങ്കിലേ ഉറക്കമില്ലാതിരിക്കുന്ന ഞങ്ങളെല്ലാവരും അടുത്ത് തന്നേയുള്ള 'ആ' വീട്ടിലേക്ക് കുതിച്ചു.

'എന്താ മാളുമ്മാ കൊഴപ്പം ?'   ഞങ്ങളിലൊരാൾ ചോദിച്ചു.

പതുക്കെ പറയാനറിയാത്ത മാളുമ്മയുടെ മറുപടി, കൊപ്പം മുഴുവൻ കേൾക്കുന്ന തരത്തിൽ 'ശാന്ത'മായായിരുന്നു.

'അതീ  അസറപ്പേയ് (അഷറഫ്, മകൻ)  ഇമ്മറത്താ കെടക്ക്വ...ഓനീ....ജനലിന്റപ്രത്ത് .ന്തോ....നെയല്.. കണ്ട് പേടിച്ചതാ...കൊയപ്പൊന്നൂല്ല്യാ.....ങ്ങള്...പൊയി...കെടന്നാളീം....'

ഞങ്ങൾ കല്യാണവീട്ടിൽ തിരിച്ചെത്തി ഓരോരോ കാര്യങ്ങളിൽ മുഴുകി. ആ 'കള്ളൻ' കാര്യങ്ങളുടെ വർത്തമാനത്തിനിടയ്ക്ക് അനി പറഞ്ഞു,

         'മ്മടെ വീട്ടിലൊക്കെ...മ്മളാ ഇങ്ങനെ പേടിച്ചണ്ണെങ്കീ...മ്മടെ...അമ്മ മ്മളെ...എങ്ങനേലും.. സമാധാനിപ്പിക്ക്വൊലോ... ?...പൊറത്ത് കൊട്ടീട്ടൊക്കെ ല്ലേ ?....ഈ മാളുമ്മ അതും ചീയ്യിണി ല്ല്യാ....ല്ലേ ഡാ... മനേഷേ...?'

ആലോചിച്ചപ്പോൾ എനിക്കും തോന്നി,

'അത് ശര്യാ.. ല്ലോ..
ഒന്ന് സമാധാനിപ്പിക്ക്ണൂം കൂടില്ല്യാ ആ ചെക്കനെ...വെല്ലാത്തൊരിമ്മെന്നെ അന്യേ... !'

എന്റെ അനിയോടുള്ള മറുപടി അവസാനിച്ചപ്പോഴേക്കും, അടുത്തുള്ള 'ആ' വീട്ടിൽ നിന്നും, മാളുമ്മ മകനെ സമാധാനിപ്പിക്കുന്ന ശബ്ദം ഞങ്ങളുടെ എല്ലാവരുടേയും ചെവിയിൽ മുഴങ്ങിക്കേട്ടു.

                  'ഇന്റസറപ്പേ....എബടേ....കള്ളം,....എബടേ...കള്ളം...ന്റസറപ്പേ....'ആ സമാധാനിപ്പിക്കൽ  ഒരു താരാട്ടായി ഉൾക്കൊണ്ട് കൊണ്ട് ഞങ്ങളെല്ലാവരും ആ കല്ല്യാണ വീട്ടിൽ ഉറങ്ങി.

                                                 [ഇനിയേതെങ്കിലും നാട്ടു വിശേഷങ്ങളുമായി എപ്പോഴേലും വരാം]

Wednesday, 8 February 2012

വീണ്ടും ചില നാട്ടുകാര്യങ്ങൾ...(മാളുമ്മടെ തൗദാരം)

പട്ടാമ്പി വളാഞ്ചേരി റൂട്ടിൽ കൊപ്പം കഴിഞ്ഞ് ഒരു കിലോമീറ്റർ പോയാൽ ഒരു എ.എം.എൽ.പി സ്ക്കൂളുണ്ട്. അതിന്റെ എതിരായി ഒരിടവഴിയിലൂടെ അമ്പത് മീറ്ററോളം പോയാൽ നമ്മുടെ വീടായി. വീട്ടിലേക്കുള്ള ഇടവഴിയോട് ചാരി ഒരു പഞ്ചായത്ത് റോഡും അനേകം ഇടവഴികളും വേറേയുമുണ്ട്. അതിലൂടേയൊക്കെ പൊയാൽ പാടത്തേക്കും, വിടുകളിലേക്കും അമ്പലത്തിലേക്കും എത്തും. അങ്ങനേയുള്ള, വീട്ടിലേക്ക് വരുന്ന ഇടവഴിയോട് ചാരി ഒരു ഇടവഴിയിലൂടെ പോയാൽ കാളപൂട്ട് കണ്ടത്തിലെട്ടും. അതാണ് ഞങ്ങളുടെ പ്രധാന കളിസ്ഥലം. പക്ഷെ മഴക്കാലമായാൽ ഞങ്ങൾക്കവിടെ കളിക്കാൻ പറ്റില്ല, ഗ്രൗണ്ടിൽ നിറയെ വെള്ളമാവും. ആ സമയങ്ങളിൽ ഞങ്ങൾ അടുത്തടുത്തുള്ള മറ്റു ചെറിയ, വെള്ളമില്ലാത്ത പാടങ്ങളിലേക്ക് ഞങ്ങളുടെ കളിസ്ഥലം മാറ്റും. മെയിൻ റോഡിൽ നിന്നും പോകുന്ന ഇടവഴികളും പഞ്ചായത്ത് റോഡുകളും എല്ലാം ഈ പാടങ്ങൾക്ക് അരികിലൂടെയാണ് പോകുന്നത്.


അങ്ങനെ ഞങ്ങൾ കളിക്കാൻ കാളപൂട്ട് കണ്ടത്തിലേക്ക് സ്ഥിരമായി പോകാറുള്ള ഒരു ഇടവഴിയുടെ അവസാന ഭാഗത്തായി ഒരു വീട് നിൽക്കുന്നുണ്ട്. അതിന്റെ അടുത്തായി പാടങ്ങളും ഉണ്ട്. ആ പാടത്തിന്റെ തുടക്കസ്ഥലത്ത് ഒരു ഇലക്ട്രിക് പോസ്റ്റും, അവിടുന്നാണ് ആ വീട്ടിലേക്കുള്ള കണക്ഷൻ.ഞങ്ങൾ ബാറ്റിനും സ്റ്റംബിനും മരങ്ങൾ എടുക്കാറുള്ള  വീടാണ് അത്.  മഴയുള്ള സമയങ്ങളിൽ ഇവിടേയുള്ള പാടത്തേക്കാണ് ഞങ്ങൾ കളിസ്ഥലം മാറ്റുക. അവിടേക്ക് വൈദ്യുത കണക്ഷൻ പോകുന്ന ആ പോസ്റ്റാണ് ഞങ്ങളുടെ മഴക്കാലത്തെ വിക്കറ്റ്. അവിടെ കളിക്കുമ്പോൾ ആ വീട്ടുകാരുമായി സംസാരിക്കുകയും ചെയ്യാം. അതാണ് അവിടുത്തെ കളിക്കുള്ള ഒരു ഗുണം. അവിടെ രണ്ട് പേരേ, ഈ സംഭവം നടക്കുന്ന സമയത്ത് താമസിക്കുന്നുള്ളൂ. ഞങ്ങളുടെ പ്രിയപ്പെട്ട അയമുക്കയും ഭാര്യ മാളുമ്മയും. ഞാൻ മുൻപ് പറഞ്ഞിരുന്ന ജാൻസീറാണി മാളുമ്മയും, ഈ മാളുമ്മയും വേറെയാണുട്ടോ(ഇത് കുറേക്കൂടി വയസ്സുണ്ട്). അവർക്കാകെ രണ്ട് മക്കളെ ഉള്ളൂ. മകളെ കല്യാണം കഴിപ്പിച്ച് അയച്ചിരിക്കുന്നു. മകൻ ദുബായിലും ആണ്. മാളുമ്മ കറ്റ മെതിക്കാനും മറ്റു പലവിധ കൂലിപണികൾക്കും പോവുന്നത് കൊണ്ട്, വയ്യാതെ(ആസ്ത്മ) വീട്ടിലിരിക്കുന്ന, അയമുക്കക്ക് വല്ലതും കഴിച്ച് കഴിഞ്ഞ് കൂടാം. അങ്ങിനെയാണ് ആ വീടിന്റെ ഒരു അവസ്ഥ. അയമുക്ക ഒരു ചെയിൻ സ്മോക്കറാണ് (സിഗറരല്ല, ബീഡി). പല്ലില്ലാത്ത ആ വായകൊണ്ട്, ബീഡിയിൽ ചുണ്ടുകൾ അമർത്തി, ആഞ്ഞാഞ്ഞു വലിക്കുന്നത് കാണാൻ നല്ല രസമാണ്.

ഞങ്ങൾ കളി തുടങ്ങുമ്പോഴേക്ക് മാളുമ്മ പണി കഴിഞ്ഞെത്തും. പിന്നെ ആ വീട്ടിലെ ഓരോ പണികൾ ചെയ്ത്,വീടിന്റെ ചുറ്റും നടന്നു കൊണ്ട്, ഞങ്ങളോടുള്ള ചീത്തപറച്ചിൽ ആരംഭിക്കുകയായി. പ്രധാനമായും കാര്യമില്ലാതെയാവുമെങ്കിലും, അന്ന് അതിനുള്ള കാരണം ഞങ്ങൾ ഉണ്ടാക്കി വച്ചിട്ടുണ്ടായിരുന്നു. മാളുമ്മ വിറകാവശ്യത്തിന് എടുത്ത്, വീടിന്റെ പിന്നിൽ ചാരി വച്ചിരുന്ന ഒരു മടയ്ക്കന ഞങ്ങൾ ബാറ്റ് ഉണ്ടാക്കാൻ എടുത്തിരിയ്ക്കുന്നു. മാളുമ്മ പണി മാറ്റി വന്ന് പതിവ് പോലെ വീടിന്റെ നാലുപുറവും ഓരോ കാര്യങ്ങൾക്കായി നടക്കുന്നതിനിടയിൽ ആ മടയ്ക്കനയുടെ അസാന്നിധ്യം ശ്രദ്ധയിൽ പെട്ടു. മാളുമ്മ വന്നു നോക്കുമ്പോൾ കണ്ണിൽ പെടാൻ പാകത്തിലാണ് ആ വീടിന്റെ അരികിൽ നിന്നും ഞങ്ങളുടെ ബാറ്റ്സ്മാനിലേക്കുള്ള ദൂരം. 'വെറുംരണ്ട് മീറ്റർ'. കീപ്പർ നിൽക്കുതിന് ചാരിയാണ് അതിലൂടെ ആളുകൾ നടക്കുന്ന ഇടവഴി(നടവഴി).

നേരത്തെ, ഞങ്ങൾ ബാറ്റിന് വേണ്ടി തിരയുന്നതിനിടയിൽ ആ പ്രധാന വസ്തു, 'മടയ്ക്കന', കണ്ടിരുന്നു. അപ്പോൾ ആ നടവഴി(ഇടവഴി)യോട് ചാരിയുള്ളതും,ആ വീടിന്റെ അതിർത്തിയുമായ മതിലിൽ,അതൊരു കിണറിന്റെ ആൾമറ കൂടിയാണ്, ബീഡി വലിച്ച് സ്വസ്ഥായി ഇരിക്കുകയായിരുന്ന അയമുക്കയോട് ഞങ്ങൾ ചോദിച്ചു.
                                     
                                         
                                       'അയമുക്കാ ഞങ്ങളീ മയ്ക്കന ഇടുക്കട്ടെ ?'

ബീഡി ആഞ്ഞു വലിച്ച്, പുക പുറത്ത്  വ്ട്ട് കൊണ്ട്, അയമുക്ക നിർവികാരമായി ഇങ്ങനെ പറഞ്ഞു.

                             'ങ്ങള് ഇടുക്ക്വക്കെ ചീതോളീൻ, പച്ചേങ്കില് ആ മാളു വന്നാൽ പറയുന്നതൊക്കെ ങ്ങളെന്നെ കേട്ടോളുണ്ടൂ'.

          'അത് കൊഴപ്പല്ല്യ അയമുക്കാ അതൊക്കെ ഞങ്ങള് നോക്കിക്കോളാ'.
ഞങ്ങളുടെ എല്ലാവരുടേയും മറുപടി ഒരേസമയത്തും, ഉച്ചത്തിലും ആയിരുന്നു.

അങ്ങനെ മാളുമ്മ വന്ന്, ഓരൊ കാര്യങ്ങൾക്കായി വീടിനെ ചുറ്റി നടക്കൽ ആരംഭിച്ചു. മടയ്ക്കനയുടെ അസാന്നിധ്യം കണ്ടപ്പോൾ മുതൽ ഞങ്ങളോടുള്ള ശകാരവും തുടങ്ങി. അത് കേട്ട് ഗതികെട്ട് ഞങ്ങളുടെ കൂട്ടത്തിലെ അനി പറഞ്ഞു.

              'മാളുമ്മാ അയമുക്കോട്  ഞങ്ങൾ ചോദിച്ചപ്പോ കൊഴപ്പല്ല്യാ ങ്ങള് ഇട്ത്തോളീം പറഞ്ഞു, അപ്പ ഇടുത്തതാ ങ്ങട ഈ മടയ്ക്കന.

                  'ഓര് അതോക്കെ പറയും അതും കേട്ട് ങ്ങളത് ഇടുത്തപ്പളോ ?'
         
മാളുമ്മയുടെ മറുപടി കുറച്ചു കനത്തിലായിരുന്നു. ഒരു വാക്പയറ്റിന്റെ രസം മണത്ത അനി മാളുമ്മയുടെ സംസാരം അയമുക്കയുടെ അടുത്തെത്തിച്ചത് ഇങ്ങനെ. (സംഗതി രണ്ട് പേരും പരസ്പര പറയുന്നതൊക്കേയും കേൾക്കുന്നുണ്ട്,എന്നാലും ഇങ്ങനെ എത്തിക്കുന്നതല്ലേ ഒരു രസം.)

                            'മാളുമ്മ പറേണത് കേട്ട അയമുക്ക, ങ്ങളൊടൊന്നും ചോയിക്കണ്ടാ ന്ന് '.

അത് കേട്ട് ബീഡി ആഞ്ഞു വലിച്ച് മതിലിൽ ഇരിക്ക്വായിരുന്ന അയമുക്ക കുറച്ചുറക്കെ പറഞ്ഞു.
         
                           'ഓളതോക്കെ പറയും..ഓള്ക്ക് എന്താ പറയാൻ പറ്റാത്തേ '?
                                           
ഇത് കേട്ട അനി അത് മാളുമ്മയോടും പറഞ്ഞു.
                       
                                  'അയമുക്ക പറേണത്  കേട്ട മാളുമ്മ, ങ്ങള്ക്ക്.... എന്തും.... പറയാന്ന് '

ഇത് കേട്ടതും, കളങ്കമില്ലാത്ത മാളുമ്മയുടെ മനസ്സിൽ നിന്നും ശാന്തരൂപത്തിൽ,താളത്തിൽ ഒരു നീട്ടിയ മറുപടി ഒഴുകി വന്നു.
                          'ആ.....നായി..... അ....തോ...ക്ക പറയും മക്കളേ, ആ നായി അതോക്ക പറയും, ങ്ങള്...... ഇപ്പ അവടെ കളിച്ചാണീം ചെറ്ക്കന്മാരേ......!'

ആ കളി അവസാനിച്ചാൽ ഞങ്ങൾ എല്ലാവരും കുളിക്കാനും നീന്തിക്കളിക്കാനുമായി അടുത്തുള്ള കുളത്തിലേക്ക് പോകും. അടുത്തുതന്നെ വളരെ മനോഹരമായ ഒരു കുളമുണ്ട്. അന്താരാഷ്ട്ര നീന്തൽക്കുളത്തിന്റെ അഴകാണ് അതിലെ വെള്ളത്തിന്, (കാര്യായിട്ടാ ട്ടോ). അത്കൊണ്ട് തന്നെ അതിൽ ഞങ്ങൾ എത്ര ചാടിത്തിമിർത്ത് നീന്തിക്കളിച്ചാലും വെള്ളം കലങ്ങില്ല. അടിയിൽ വെട്ട്കല്ലിന്റെ കനത്ത പാറയും, നാല് പുറത്തും നല്ല കരിങ്കൽപ്പടവുകളുമുള്ളതാണത്.  രണ്ട് കടവുകളുണ്ട് അവിടെ, അവ തമ്മിൽ മറവുകളൊന്നുമില്ല, രണ്ട് കരകളിലുമായാണ് അവ . ഞങ്ങൾ ഇപ്പുറത്ത് പടവുകളില്ലാത്ത കടവിൽ ചാടിക്കളിച്ച് കുളിക്കുമ്പോൾ അപ്പുറത്തെ കടവിൽ സ്ത്രീകൾ അലക്കി,കുളിക്കുന്നുണ്ടാവും.

ഞങ്ങളങ്ങനെ നീന്തിത്തിമർത്ത് ആഘോഷിച്ച് കളിച്ച് കുളിക്കുന്നതിനിടയിൽ മാളുമ്മ. വീട്ടിലെ അലക്കാനുള്ളതുമായി അങ്ങോട്ട് കുളിക്കാൻ വരും. അവിടെ അപ്പൊ അടുത്തുള്ള ആരേലും അലക്കുന്നും, കുളിക്കുന്നുണ്ടാവും. പക്ഷെ അതൊന്നും മാളുമ്മയ്ക്ക് പ്രശ്നമല്ല, അവിടെത്തിയാൽ തുടങ്ങും ഞങ്ങൾക്കുള്ള ശകാരം,
   
                       'സൊകണ്ടോ.........പടച്ചോനേ........തൊയിരം'
           
          'കള്ള ജാത്യോള് അത് വരെ അവടെ ന്റെ മടക്കനീം ഇട്ത്ത് കളിക്ക്വാവും, ഞാ ഇങ്ങട് എറങ്ങാരായാ ഒക്കെ ഇബടേവും, ന്റെ പടച്ചോനേ ഇബിറ്റങ്ങളേങ്ങൊണ്ട് ഒരു തൊയിരൂല്ല്യലോ.'

ശകാരം മൂർദ്ധന്യത്തിലെത്തിയാ അനി പറയും

                  'ന്താ....... പറീണത് ..ങ്ങ്ട് കേട്ടാ...തോന്നും... ങ്ങള്.... സിൽക്ക് സ്മിതേ ന്ന്. '

ഇത് കേട്ടാലൊന്നും മാളുമ്മ വിടില്ല, അപ്പോ പറയും,(മാളുമ്മയ്ക്ക് എന്ത് സിൽക്ക് സ്മിത?, ചാത്തപ്പനെന്ത് മജിസ്ട്രേട്ട് ? )        
       
      'സിൽക്കായാലും, ദുബായിത്തുണ്യായാലും ങ്ങള് ഞാൻ കുളി തൊടങ്ങ്യാലല്ലേ ബടക്ക് ബരൂ.'

മാളുമ്മയുടെ ശകാരം കേട്ട്കൊണ്ട്, അങ്ങോട്ടും എന്തേലും കൊസ്രാക്കൊള്ളി പറഞ്ഞ്, ഞങ്ങളുടെ കുളിയും കളിയും  എല്ലാം കഴിഞ്ഞ് വീട്ടിൽ പോവാൻ നേരം മാളുമ്മ വിളിച്ച് പറയും,

         'ടാ ചെറ്ക്കന്മാരേ നാളീം ങ്ങള് ങ്ങ്ട് ഈ നെരത്തെന്നെ പോന്നോളോണ്ട് ട്ടോ'

അപ്പൊ അനി ഗൗരവത്തിൽ പറയും,

         ' നാളെ ഞങ്ങള് ണ്ടാവില്ല്യാ മാളുമ്മാ, ഞങ്ങക്ക് ഒരീസം കൊണ്ടെന്നെ ങ്ങളെ മട്ടിച്ചു.'

അതും പറഞ്ഞ് ഞങ്ങളെല്ലാവരും വീട്ടിലേക്ക് പോയി, അടുത്ത ദിവസത്തേക്കുള്ള കുറെ 'കടുത്ത' തീരുമാനങ്ങളുമായി.
                                                                                                                                      [തുടരും...]