Sunday 1 December 2013

'കോയിക്കോട് വിമാനത്താവളങ്കൂടി ഞങ്ങടെ മലപ്രത്താ, പിന്നെല്ലേ.!' വീണ്ടും ചില കൂട്ടുകാര്യങ്ങൾ.!

എന്റെ കോളേജ് അന്ന് ഉച്ചയ്ക്കാണ് വിട്ടത്, വായീനോട്ടത്തിനൊന്നും അധികം നില്ക്കാതെ നേരെ വീട്ടിലേക്ക് പോന്നു. വീട്ടിൽ വന്ന് ചോറും കഴിച്ച് കൈയ്യും വായും കഴുകി ഉമ്മറത്തേക്ക് വന്ന്, റോഡ് സൈഡിലെ പോസ്റ്റിനു മുകളിൽ ആരേലും ഇരിക്കുന്നുണ്ടോ ന്ന് നോക്കി.
ആകെ അതിനായാണല്ലോ കോളേജിൽ 'കമ്പനി'ക്ക് പോലും നിൽക്കാതെ ഓടി വന്നത്.!

'അവടെയൊന്നും ആരും ഇല്ല്യാ, അനീം കുഞ്ഞയമ്മദും എവടേവോ ന്ന് ?
റോഡ് സൈഡ്-ത്തെ പോസ്റ്റ്മ്മീം ആരേനിം കാണാല്ല്യ ,
അല്ലങ്ങ ഏത് സമേത്തും പോസ്റ്റുമ്മെ വായും പൊളിച്ചിരിക്ക്ണ്-ണ്ടാവും, രണ്ടാളും.!'
വർത്തമാനത്തിനൊന്നും ആരേയും കാണാത്തതിനാൽ ഞാനാകെ നിരാശനായി,
ഉമ്മറപ്പടിയിൽ ചാരി നിന്ന് മനസ്സിൽ പറഞ്ഞു.!
 
'ആ...ഹ്...അതെന്തേല്വാട്ടെ, ഞ്ഞ് പ്പ മുത്തൂന്റെ കടേക്കെന്നെ പൂവാ'.!
'അവട പോയാ മുത്തൂം ബാബും ഒറപ്പായിട്ടും ണ്ടാവും, വേറ ആരേലും ണ്ടായാ ഭാഗ്യാവും ചീതു.!
.......വേറാരൊക്ക ഈ സമേത്തവടെ വർത്താനത്തിന്-ണ്ടാവും ?'
ഞാൻ കാര്യമായി തന്നെ ആലോചിച്ചു.
'ആ...എന്തേല്വാട്ടെ അങ്ങ്ട് പോവന്നെ.!
അപ്പവടെള്ളോരേട്ടങ്ങ്ട് വർത്താനം പറയാ ലോ' ന്നും ചിന്തിച്ച്
ഞാൻ മുത്തുവിന്റെ കടയെ ലക്ഷ്യമാക്കി വീട്ടിൽ നിന്ന് ഇറങ്ങി.!
ആരോടെങ്കിലും എന്തെങ്കിലും സംസാരിച്ചു കൊണ്ടിരിക്കുക എന്നത് ഞാൻ വളരെ ഇഷ്ടപ്പെടുന്ന ഒരു സംഭവമാണ്.(അത് അവർ പറയുന്നത് കേട്ടുകൊണ്ടിരിക്കുന്നതായാലും.!)

കടയുടെ മുന്നിൽ എത്തിയ ഞാൻ
വിനീഷും ഷിഹാബും മുത്തുവിന്റെ ഓട്ടോ പാർട്സ് കടയിലിരിരിക്കുന്നത് കണ്ടു.
'ആഹാ..എന്തടാ ങ്ങൾക്കും ന്ന് കോളേജ്വോള് നേർത്തെ വ്ട്ടോ ?'
ഞാൻ കടയിലേക്ക് കയറിയ പാടേ രണ്ടാളോടുമായി ചോദിച്ചു.

അതിന് മറുപടി പറഞ്ഞത് വിനീഷായിരുന്നു,
'ഞാൻ ഉച്ചയ്ക്ക് കോളേജും കഴിഞ്ഞ് വീട്ടില് വന്ന്, അമ്മടട്ത്ത് ന്ന് കൊറച്ച് ചോറും വാങ്ങിത്ത്ന്ന്,
ഞ്ഞ് മുത്തൂനോട് കൊറച്ച് നൊണ പറയാ ന്ന് കെര്തി വ്-ട്ട്ന്ന് ങ്ങ്ട്ട് കേറീതാ,
അപ്പ ണ്ട് ഈ മൊച്ചമോറൻ ബടെ വായിം പൊളിച്ചിരിക്ക്ണു'
വിനീഷ് ഷിഹാബിനെ ചൂണ്ടി ചിരിച്ച്കൊണ്ട് പറഞ്ഞു.!
ഞാൻ ഷിഹാബിനെ നോക്കി.
ഷിഹാബ് ഒന്നും മിണ്ടാതെ, എന്നോട് പല്ല് പുറത്ത് കാണിക്കാതെ ചിരിച്ച് കാണിച്ചു.
(ഞാൻ ഷൊറണൂർ പോളി ടെക്നിക് കോളേജിലും, ഷിഹാബ് പട്ടാമ്പിയിലെ പ്രൈവറ്റ് കോളേജിലും, വിനീഷ് പെരിന്തൽമണ്ണയിലെ പ്രൈവറ്റ് കോളേജിലും പഠിക്കുന്ന സമയമാണ് അത്. മുത്തു, സ്കൂൾ(?) മുഴുവനാക്കാതെ അമ്മാവന്റെ ഓട്ടോ പാർട്സ് കടയിൽ വന്നിരിക്കുന്നു, ബാബുവും സ്കൂൾ മുഴുവനാക്കാതെ അതിനടുത്തുള്ള ഒരു ബാറ്ററി കടയിൽ സേൽസ് മാനായി നിൽക്കുന്നു, രണ്ട് പേരും മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്തുള്ളവരാണ്.!)

'ഏട മനേഷേ മ്മക്കെല്ലാർക്കും, ചായക്ക് പൂജ്യം വെട്ടി കളിച്ചാലോ ?'
ചോദ്യം നമ്മുടെ ഷിഹാബിന്റെ വകയാണ്.

'ഇവിരൊക്കെണ്ട് ച്ചാ മ്മക്ക് കളിയ്ക്കാ'
ഞാൻ പന്ത് അവരുടെ അടുത്തേക്ക് തന്നെ തട്ടിയിട്ട് ഒഴിഞ്ഞ് മാറി.!

'ന്നാ മ്മക്ക് കളിക്ക്വാ, യ്യ് പൂജ്യങ്ങള്ട് വിന്യേ...'
 മുത്തു വിനീഷിനോട് പറഞ്ഞു.

അത്യന്തം 'വാശി'യേറിയ  കളിയിൽ ഷിഹാബ് ചായ പറയാനായി.!
അതായത് വൃത്തിയായി തോറ്റു.!!!
അങ്ങനെ ഷിഹാബിന്റെ വക, ഞങ്ങൾ ബാലേട്ടന്റെ കടയിലെ ഓരോ സുന്ദരൻ ചായ കുടിച്ചു.!

അപ്പോഴേക്കും അപ്പുറത്തുള്ള കടയിലെ ബാബുവും എത്തി.
'സ്കൂളില്ക്കും കോളേജ്യ്ക്കും പോയിട്ട്-ല്ല്യാ ന്നേ ള്ളൂ,
പന്ന്യോളടെ ഡ്രസ്സിങ്ങ്വണ്ടാ 'വിക്ടോറിയേ'ൽത്തെ ചുള്ളന്മാരാ ന്ന് തോന്നും.'
ബാബുവിനെക്കൂടി ജീൻസ് പാന്റിലും ടീ-ഷർട്ടിലും കണ്ട ഷിഹാബിന്റെ കമന്റ്.!
(നേരത്തെ കണ്ട,അടുത്തിരിക്കുന്ന മുത്തുവും അങ്ങനെയൊക്കെയായിരുന്നു.!!!)

'എടാ ഞങ്ങളീ ജീൻസും ടീ ഷർട്ടും ഇട്ണ് ണ്ട് ന്നല്ലേ ള്ളൂ ?
ങ്ങടെ മായിരി-ള്ള വ്ദ്യാഭ്യാസ-ല്ല്യലോ ?'

മുത്തു ഇത്തിരി കാര്യാമായിട്ടും കുറച്ച് കളിയായിട്ടും കൂടി, ഗൗരവത്തോടെയാണത് പറഞ്ഞത്.!

'ന്ന്ട്ട് ങ്ങൾക്ക് രണ്ടാൾക്കും,
ഇപ്പ വ്ദ്യാഭ്യാസത്തിനെന്താ ഞങ്ങള് ചീദ്വേരണ്ട് ? പറഞ്ഞാണീം ങ്ങള്,
സ്കൂളിൽക്ക് ഞ്ഞും പോണോ ?'
ഷിഹാബിന്റെ ചോദ്യം കാര്യമായിട്ടായിരുന്നു.!

'അതൊന്നും വേണ്ട ഷ്യാബേ,
ഞങ്ങക്ക് കൊറച്ച് ജനറല്നോളജ് പറഞ്ഞേരും, ങ്ങക്കറിയും ച്ചാ.......'
സ്ഥലത്തെത്തിയ ബാബു, മുത്തുവിനേയും കൂട്ടു പിടിച്ച് ഞങ്ങളോട് മൂന്നാളോടുമായി പറഞ്ഞു.

'ആഹാ...മനേഷേ...യ്യെന്താ ച്ചാ ചോയിച്ച ഇവിരോട്,
ഇബിര്-ന്നേങ്ങോണ്ടും വ്നീഷ്-നേങ്ങൊണ്ടും മെര്ങ്ങ്ണ ജാത്യോളല്ല,
മ്മടെ ബാബു പ്പ ചോയിച്ചത് കേട്ട് ലേ യ്യ്, ജനറ...റേല്....ളജ് ന്നോ ?
.......എന്തട ബാബ്വോ അത് ? യ്യൊന്നുംകുടി പറഞ്ഞാ'
ഷിഹാബ് ബാബുവിന്റെ 'ജനറല്നോളജ് ' ഡയലോഗിനെ കളിയാക്കിക്കൊണ്ട് പറഞ്ഞു.!

'ങ്ങട്ട്വോക്കട മുത്ത്വോ, ഇബിരോട് കാര്യായിട്ട് ഞാനൊര് കാര്യം ചോയിച്ചപ്പഴൂം,
ഇവിര് മ്മളെ കെട്ട്വാണേയ്.......'
ഷിഹാബിന്റെ ആ കളിയാക്കലിൽ വേദനിച്ച ബാബുവിന്റെ പരിഭവം പറച്ചിൽ മുത്തുവിനോടായി.!

'യ്യെന്താ ച്ചാ ചോയിക്ക് ഷ്യാബേ,
കൊറച്ചും കൂടി കഴിഞ്ഞ്ട്ട് ഞാഞ്ചോയിച്ചോളാ, ഇവിര്ക്കൊര് വിവരാവട്ടെ'
ഞാൻ ഷിഹാബിനോട് ചോദ്യം ചോദിക്കൽ തുടങ്ങാനായി കളിയായി പറഞ്ഞു.!

'ന്നാ കേട്ടോളീം ങ്ങള്, വ്നീഷ് മുണ്ടല്ലേ ട്ടോ,
മ്മടെ പ്രസിഡന്റാരാ ? മ്മടെ ന്ന്വറഞ്ഞാ ഇന്ത്യടെ'
ഷിഹാബ് ജനറൽ നോളജിന്റെ ആദ്യ പടി തുടങ്ങി.

ഞങ്ങൾ മൂന്ന് പേരും അവരെ രണ്ട് പേരേയും മാറി മാറി നോക്കി,
അവരാകെ അന്തം വിട്ട് കുന്തം വിഴുങ്ങി മിഴുങ്ങസ്സ്യാ ന്ന് ഇരിക്കുന്നു.
'അവർക്ക് ആ ചോദ്യം മനസ്സിലായില്ലാ' എന്ന് മനസ്സിലായ ഞാൻ
ചോദ്യമൊന്ന് വിശദീകരിക്കാനൊരുങ്ങി, അപ്പോഴേക്കും ബാബു അത് ചോദിച്ചു.!

'അല്ല ഈ പ്രസിഡന്റ് ന്ന് പറഞ്ഞാ എന്താഡാ, ആരാണത് ?'
ബാബു ഇത്തിരി പരുങ്ങലോടെയാണ് അത് ചോദിച്ചത്.!

ബാബുവിന്റെ ചോദ്യം കേട്ടതും മുത്തു ഞങ്ങളോട് പറഞ്ഞു,
'എടാ...ഈ കള്ളനായിക്ക് ഒര് വിവരൂല്ല്യാ ട്ടോ,
ഇബന്റൊപ്പം ഞാ...ല്ല്യ ഈ കിസ്സ്ന് ഉത്തരം പറയാന്.!'
(തരം കിട്ടിയാൽ പരസ്പരം പാര പണിയുന്നതിൽ മിടുക്കരായിരുന്നു അവർ രണ്ട് പേരും.!)

'ന്നാ ജ്ജ് പറഞ്ഞന്നാ, എന്താ ഈ പ്രസിഡന്റ് ന്ന് പറഞ്ഞാ ?'
ബാബു ദേഷ്യത്തോടെ മുത്തുവിന്റെ നേരെ തിരിഞ്ഞു.

'പ്രസിഡന്റ് ന്ന് പറഞ്ഞാ മ്മടെ രാഷ്ട്രപത്യാ,
അല്ലെട മനേഷേ, രാഷ്ട്രപത്യല്ലേ ?'
മുത്തു, ബാബുവിന് ഉത്തരം കൊടുക്കാനായിട്ട് എന്നോട് ചോദിച്ചു.

'അതെ. മുത്തു പറഞ്ഞ പോലെ,
രാഷ്ട്രപതീനേണ് ബാബ്വോ ഈ പ്രസിഡന്റ് ന്ന് പറയ്വാ'
ഞാൻ അതൊന്ന് കൂടി ക്ലിയറാക്കി കൊടുത്തു, രണ്ട് പേർക്കും.

അത് പറഞ്ഞവസാനിപ്പിച്ചതും ബാബു സംശയത്തോടെ ഉത്തരം പറയാനായി തുടങ്ങി,
'എടോ ന്റോർമ്മേല്ണ്ട് ആ പേരെയ്......
ഒര് തലേക്കെട്ടൊക്കെ കെട്ടീട്ട്-ള്ള ആളല്ലേ ?
ഒര് മൊയ്ല്യാരടെ മായിരി......അല്ലേ മൊയ്ല്യാരടെ മായിരിള്ളതല്ലേ ?'
ബാബു സംശയത്തോടെ ഉത്തരത്തിനായി പരുങ്ങാൻ തുടങ്ങി.

 'അന്റെ വാപ്പേവടെ നായേ........
തലേക്കെട്ടൊക്കെ കെട്ടീട്ട് മൊയ്ല്യാരടെ മായിരിള്ളത്...!'
മുത്തു ബാബുവിന്റെ സംശയത്തോടെയുള്ള വിവരണം കേട്ട് വല്ലാതെ വികാരധീനനായിക്കൊണ്ട് അവനെ നന്നായി കളിയാക്കി.
ശേഷം അവർ രണ്ടാളും പൂർവാധികം ശക്തിയോടെ ആലോചനയിൽ മുഴുകി.!

ഞങ്ങൾ മൂന്ന് പേരും അവരുടെ രണ്ടാളുടേയും ഭാവാർദ്രമായ ആലോചന കണ്ട് പരസ്പരം നോക്കി ചെറുതായി പുഞ്ചിരിച്ചു.

'എടാ ങ്ങൾക്കത് അറിയില്ല്യേ, ആരാ ഇന്ത്യടെ പ്രസിഡന്റ് ന്ന്,
ആര്വൊന്നൂം മ്ണ്ടാത്തെന്താ അറിയില്ല്യങ്ങെ ങ്ങള് പറയ് ? മ്മക്ക് അട്ത്ത ചോദ്യം ചോയിക്കാ'
ആരും ഉത്തരമൊന്നും പറയുന്നില്ലാ എന്ന് കണ്ട്, വിനീഷ് ശരിക്കും ക്വിസ്സ് മാസ്റ്ററായി.!

'എടാ വ്ന്യേ, യ്ക്ക് അറിയാര്ന്ന്വെടാ അതേയ്,
മുട്യൊക്കെ നീട്ടി വളർത്ത്യേര്ന്നൊരാളല്ലേ ?'
മുത്തു, ആ പേര് മനസ്സിലുണ്ടായിട്ടും, ഞങ്ങളോട് പറയാൻ
പേര് കിട്ടാതെ, ദേഷ്യം വന്ന്, കൈചുരുട്ടി ഒന്ന് രണ്ട് ഇടി മുന്നിലെ മേശയ്ക്ക് മുകളിൽ ഇടിച്ചു.!

'ആ...മുത്ത്വോ അതന്നെ, മുട്യൊക്കെ നീട്ടി വളർത്ത്യേ ആളന്നേ,
യ്യാ പേര്ങ്ങ്ട് പറയ് വേഗം, ന്ന്ട്ട് ബാബൂനെ തോല്പിക്ക്... '
വിനീഷ് മുത്തുവിനെ പ്രോത്സാഹിപ്പിച്ചു കൊണ്ട് പറഞ്ഞു.

മുത്തു ഉത്തരത്തിന് തുടക്കമിട്ടവസാനിപ്പിച്ചതും, അതുവരെ തലചൊറിഞ്ഞു കൊണ്ട് ഗംഭീര ആലോചനയിൽ ആയിരുന്ന ബാബു പെട്ടെന്ന് ചാടിയെഴുന്നേറ്റ് കൊണ്ട് ഉച്ചത്തിൽ പറഞ്ഞു,

'യ്ക്ക് ക്ട്ടീ, മ്മടെ അദ്ദുൾകലാം...അദ്ദുൾകലാം,
അല്ലേ മ്മടെ അദ്ദുൾകലാമല്ലേ അത് ? മുടി ന്-ട്ടി വളർത്ത്യേത്.!'

ക്വിസ്സ് മാസ്റ്റർ ബാബുവിന് ശരിയുത്തരത്തിനുള്ള പോയന്റ് കൊടുത്തുകൊണ്ട് പറഞ്ഞു,
'അദ്ദുൾകലാമല്ല ബാബ്വോ അബ്ദുൾകലാം ന്നാ ട്ടോ,
അതെന്തേല്വാട്ടെ അണക്കെന്നേ പോയന്റ് തരാ.!'

'എട പന്നീ, അണക്കൊക്കണ്ടോ വെല്ല വിവരൂം ബുദ്ദീം ?
യ്യാ മലപ്പൊറത്തിന്റെ പേര്വളയാനായിട്ട് ണ്ടായതല്ലേ ?
ആദ്യ ചോദ്യത്തിൽ വിജയിച്ച ബാബു മുത്തുവിനെ കണക്കിന് കളിയാക്കി.
മുൻപൊക്കെ മുത്തു അവനെ പറഞ്ഞതിന് പകരമായി കുറച്ച് ദേഷ്യത്തോടെ, കനത്തിലാണ് അവന്റെ കളിയാക്കൽ.

'യ്യ് പിന്നേത് ജില്ലേട നായേ ?
ഞാ-മലപ്പൊറാ ച്ചാ യ്യെവടേടാ 'നായിബാബ്വോ' ?'
ദേഷ്യം മൂത്ത മുത്തുവിന് സ്വയം നിയന്ത്രിക്കാനാവുന്നില്ല.......
(അവരുടെ രണ്ടു പേരുടേയും വീട് മലപ്പുറം ജില്ലയിലാണ്.!)

'മ്ണ്ടാണ്ടരിക്കും ഞാ-ഞ്ഞ് അട്ത്തത് ചോയിക്കട്ടെ'
വിനീഷ് അടുത്ത ചോദ്യം ചോദിക്കാനായി ഒരുങ്ങി.

'എട വ്നീഷേ, അട്ത്ത ചോദ്യം യ്യ് ചോയിക്കണ്ട,
ഞാഞ്ചോയിക്കാ, ബാബൂനറിയ്വോ നോക്ക്യോക്കാനാ ?'

അതിനെ എതിർത്ത് ഞങ്ങളെന്തെങ്കിലും പറയാൻ തുടങ്ങും മുൻപേ,
മുത്തു തന്റേതായ ചോദ്യം ഉറക്കെ ചോദിച്ചു,
'ഈ കോടി ന്ന്-ള്ളേനെന്താ ബാബ്വോ പറയ്വാ ?
ലാക്ക് ന്നാ ലക്ഷത്തിന് പറയ്വാ, അപ്പ കോടിക്കോ ? വേം പറയ് യ്യ് ബാബ്വോ'

അവൻ ഉത്തരത്തിനായി ബാബുവിനെ നോക്കി.

'ഇതാപ്പ അന്റിത്ര വെല്ല്യേ ചോദ്യം ?
ന്നാ കേട്ടോ.......ദാ ഉത്തരം, കോർസ്; കോർസ്...ന്നാ കോടിക്ക് പറയ്വാ....! '

ബാബു ഉത്തരം പറഞ്ഞ്, കളിയാക്കിക്കൊണ്ട് മുത്തുവിനേയും,
ആത്മാഭിമാനത്തോടെ ഞങ്ങളേയും മാറി മാറി നോക്കി.!

'എട പന്ന്യേ ഞാൻ ന്റമ്മാമന്റെ കാറിന്റെ പേരല്ല ചോയിച്ചത്,
ഓൻ പറഞ്ഞത് കേട്ടോ, കോർസേ ത്രെ കോർസേയ്.......!'
മുത്തു കിട്ടിയ കുഞ്ഞവസരത്തിൽ പോലും ബാബുവിനെ നല്ല രീതിയിൽ കളിയാക്കി.

'ന്നാ പിന്നെ യ്യ് പറേ,
കോർസ് ന്നല്ലാണ്ട പിന്നെന്താട മുത്ത്വോ കോടിക്ക് പറയ്വാ ?'

ബാബു ഇത്തിരി ദേഷ്യത്തോടെ മുത്തുവിനോട് ചോദിച്ചു.

'ക്രോർസ്.....ക്രോർസ്.....ന്നാ പറയ്വ ?'
മുത്തു കളിയാക്കിക്കൊണ്ട് സ്വല്പം നീട്ടലോടെ, വലതു കൈവിരലുകൾ കൊണ്ട് വായുവിൽ ആംഗ്യം കാണിച്ച്, പ്രത്യേക രീതിയിൽ പറഞ്ഞു.

'അതേടാ...?'
ബാബു ഇത്തിരി ചമ്മലോടെ ഞങ്ങളെ ചോദ്യഭാവത്തിൽ നോക്കിക്കൊണ്ട് ചോദിച്ചു.

'അതേടാ ബാബ്വോ കോടിക്ക് 'ക്രോർ' ന്നാ പറയ്വാ,
ക്രോർസ് ന്ന്വറഞ്ഞാ കോട്യോളും'
വിനീഷ് തലയാട്ടി ബാബുവിന്റെ പരാജയം സമ്മതിച്ചുകൊണ്ട് ഇത്രയും കൂടി വിശദീകരിച്ചു.

ആ വിഷയത്തിൽ സംസാരം കൂടുതൽ നീണ്ടാൽ അടിയിൽ അവസാനിക്കാൻ സാധ്യതയുണ്ട് എന്ന് മനസ്സിലാക്കിയ ഞാൻ ഒരു വിഷയമാറ്റത്തിനായി ആലോചിച്ചു.
എന്നിട്ട് ചോദിച്ചു,
'എടാ ബാബ്വോ,മുത്ത്വോ ങ്ങള് രണ്ടാളും എത്ര വരെ സ്കൂളിൽക്ക് പോയണ്ണു ?
ഞ്ഞ് ങ്ങടെ വിദ്യാഭ്യാസ നെലവാരം ഞങ്ങൾക്കൊന്ന് മനസ്സിലാവണ്ടേ ?
ഞങ്ങളൊന്നൂല്ല്യങ്ങീ ങ്ങടെ ക്വിസ് മാസ്റ്റർമ്മാരല്ലേ ?'

ചോദ്യം കേട്ട് ഒന്ന് പരുങ്ങി നിന്ന ബാബു പിന്നീടത് വിശദീകരിക്കാനായി തുടങ്ങി,
'ഞാനേയ് എട്ടില് പഠിക്കുമ്പോ ഞങ്ങടെ സോഷ്യലിന്റെ ടീച്ചറ് വന്ന്ട്ട് ഒരു ചോദ്യം ചോയിച്ചു, അതാച്ചാ കഷ്ടകാലത്തിന് ഇന്നോടാവും ചീതു. ഞാൻ ണീച്ച് ന്ന്ട്ട് യ്ക്കറിയില്ല്യാ ന്ന് പറഞ്ഞു. അയിലാ ടീച്ചറ്-ന്നോട് കയ്യ് നീട്ടാൻ പറഞ്ഞു. ന്ന്ട്ടെടോ നാലഞ്ച് അട്യോളങ്ങ്ട് അടിച്ചു,
അതൂം ഈ വണ്ണള്ള ചൂരല്വോണ്ടേയ്.......!
(അവനാ ചൂരലിന്റെ വണ്ണം വലതുകയ്യിന്റെ തള്ളവിരലും ചൂണ്ടുവിരലും കൂടി വട്ടത്തിൽ മടക്കിക്കാണിച്ചു തന്നു.!)

ബാബു വിവരണം തുടരുന്നു,
'ഒര് രണ്ട് മൂന്നട്യൊക്കെ ഞാന് കയ്യ് ന്...ട്ടി കൊണ്ടു,
പിന്നീം ന്നെ അടിക്കാൻ ടീച്ചറ് വട്യോണ്ടോങ്ങ്യപ്പൊ
ഞാനാ ചൂരല് വാങ്ങീട്ട് ഒടിച്ച് ക്ലാസ്ന്റെ പൊറത്ത്ക്ക്-ട്ടു.!'

ഞങ്ങൾ നാലാളും ഒരു സിനിമാക്കഥ കേട്ടിരിക്കുന്ന രസത്തോടെ ഒരേസമയം ചോദിച്ചു,
'ന്ന്ട്ടോ.......?'

'ന്ന്ട്ടെന്താ ന്നോട് ക്ളാസ്സ്ന്ന് പൊറത്ത്വൊയ്ക്കോളാൻ..പറഞ്ഞു,
നാളെ വരുമ്പോ വാപ്പേനീം കൂട്ടി സ്കൂളിയ്ക്ക് വന്നാ മതീ ന്നും പറഞ്ഞു ആ ടീച്ചറ്.!'

'ന്ന്ട്ട് യ്യ് വാപ്പേന അടുത്തൂസം കൂട്ടിക്കൊണ്ടോയീലേ ?'
കഥയുടെ അതേ ഉദ്വേഗത്തോടെ വിനീഷ് ചോദിച്ചു.!

'ഗൾഫില് ള്ള വാപ്പ,
ന്നെ സ്കൂളിൽയ്ക്കാക്കാനായിട്ട് അവ്ട്ന്ന് ഇങ്ങ്ട്ട് വര്വല്ലേ ?
വാപ്പാക്ക് വേറെ പണ്യൊന്നൂം ഇല്ല്യേ ?'
ബാബു അവന്റെ സ്കൂൾ കാലത്തിന്റെ അവസാനം വിശദീകരിച്ചവസാനിപ്പിച്ചു.

'അപ്പൊ അതാണ് ബാബൂന്റെ സ്കൂൾ കാര്യങ്ങള്,
അപ്പ മുത്ത്വോ യ്യോ ? യ്യെത്ര പോയണ്ണു സ്കൂളിൽയ്ക്ക് ?'
അത് കേട്ടുകൊണ്ടിരുന്ന ഞങ്ങളുടെ അടുത്ത ഇര മുത്തുവായിരുന്നു.!

'ഞാനിതുമായിരി പോക്കിരിത്തരൊന്നും കാണിച്ച്ട്ട് ല്ല്യെടാ ചങ്ങായിമ്മാരേ,
ഞാന് ഒമ്പതില് തോറ്റപ്പൊ ന്റെ മാമൻ പറഞ്ഞു,
ആ പാർട്സ്വടേല്-ള്ള ആള് ഗൾഫിക്ക് പോയ്ക്കണ്ണു,
യ്യ് ന്നാ ഞ്ഞ് അവടെ പോയിരുന്നോ ന്ന്.......! '

'ഞാന്,  ആ.......ന്നാ കടേക്ക് വരാ' ന്നും മാമനോട് പറഞ്ഞു,
'ന്റിമ്മ 'അത് വാണ്ടാ, യ്യ് പോണ്ടാ' ന്നൊന്നും പറഞ്ഞ്-ലാ,
'അങ്ങനെ അട്ത്തൂസം വ്-ട്ട്ന്ന് ചാവിം വാങ്ങീട്ട് ഞാന്ങ്ങ്ട് പോന്നു,
അങ്ങനേണ് ഞാ....ബടെത്ത്യേത് '

രണ്ടാളുടേയും സ്കൂൾ-വീര ചരിതങ്ങൾ ശ്രദ്ധയോടെ കേട്ട്കൊണ്ടിരിക്കുന്ന ഷിഹാബ് ഉറക്കെ ഞങ്ങളോടായി പറഞ്ഞുകൊണ്ട് ശക്തിയായി തല ചൊറിഞ്ഞു.
'ഏടോ ങ്ങടെക്ക പിന്നാലെ വര്ണ
അനിയമ്മാര്ടീം അനിയത്തിമ്മാര്ടീം  പഠിപ്പിന്റെ
കാര്യാലോയിച്ച്ട്ട് യ്ക്ക് തല പെര്ക്ക്ണു.!'


[ഈ കഴിഞ്ഞ കുറേ വർഷങ്ങളായി 'എല്ലാതരം' പരീക്ഷകളിലുമുള്ള, മലപ്പുറം ജില്ലയിലെ കുട്ടികളുടെ വിജയശതമാനത്തിന്റെ കുത്തനെയുള്ള ഉയർച്ച കണ്ട് അവിശ്വസനീയമായ സന്തോഷത്തോടെ ആശ്ചര്യപൂർവം താടിക്ക് കയ്യും കൊടുത്തിരിക്കുന്ന ഒരു പഴയ പാലക്കാടൻ വിദ്യാർത്ഥിയുടെ ഓർമ്മക്കുറിപ്പിൽ നിന്ന്.]

Thursday 1 August 2013

സ്കൂൾ ചരിതം,മൂന്നാം ഖണ്ഡം : 'നാടകാന്ത്യം.......ശുംഭൻ അല്ല ശുംഭം ഛെ അതുമല്ല ശുഭം.!'

ഞാൻ പത്താം ക്ളാസ്സിലെത്തുന്നതിനു മുൻപ് എട്ടിലും ഒൻപതിലും പഠിച്ചിരുന്ന കാലത്ത്, ക്ളാസ്സിലെ സുഹൃത്തുക്കളോടൊപ്പം നാടക മത്സരങ്ങൾക്കും മറ്റും സ്കൂൾ തലത്തിലും സബ്-ജില്ലാ തലത്തിലും പങ്കെടുത്ത് ധാരാളം സമ്മാനങ്ങൾ വാങ്ങിയിട്ടുണ്ട്. പക്ഷെ അവയിലൊന്ന് പോലും അവിടുത്തെ മാഷ്മ്മാരുടെ  പിന്തുണയോടും സംവിധാനത്തിലും ആയിരുന്നില്ല എന്നത് കൊണ്ട് തന്നെ അവ സബ്-ജില്ലയ്ക്കപ്പുറം പോയിരുന്നില്ല. ഞങ്ങൾ കുറച്ച് കൂട്ടുകാർ ചേർന്ന് പലപല ടി.വി മിമിക്സുകളും, കോമഡികളും കൂട്ടിച്ചേർത്ത് ഒരു നാടകമാക്കി, സ്കൂൾ തലത്തിൽ മത്സരിച്ച് അവിടുത്തെ കൂട്ടുകാരെ നന്നായി ചിരിപ്പിക്കുകയും, അവരുടെ മുന്നിൽ 'ഷൈൻ' ചെയ്യുകയും ചെയ്യുന്നവയായിരുന്നു അവയെല്ലാം. ഞങ്ങൾക്കും ആ കാലത്ത് സ്കൂളിലുള്ള ഞങ്ങളുടെ സ്വന്തമായ കൂട്ടുകാരെയെല്ലാം സന്തോഷിപ്പിക്കുക, അവരുടെ മുന്നിൽ ആളാവുക  എന്ന ചെറിയ (ആ കാലത്ത് വലിയ) ചിന്തകളൊക്കെ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതും സബ്-ജില്ലയ്ക്കപ്പുറം മുന്നേറുന്നതിൽ നിന്ന് ഞങ്ങളെ തടഞ്ഞു. ഞങ്ങൾ, ഞങ്ങളുടേതായ കൂട്ടുകാർക്ക് കാണാനല്ലാത്ത ആ സബ്-ജില്ലയ്ക്ക് വലിയ പ്രാധാന്യവും ഗൗരവവും കൊടുത്തിരുന്നില്ല എന്നതാണ് വലിയ സത്യം.!

ഇനി വിഷയത്തിലേക്ക് വരാം, ഞങ്ങളുടെ പത്താം ക്ളാസ്സ് കാലം, സ്കൂളിലുള്ള യുവജനോത്സവത്തിൽ സ്കൂളിലെല്ലാവരും പ്രതീക്ഷിച്ച പോലെത്തന്നെ ഞങ്ങൾ ഒന്നാം സ്ഥാനത്തെത്തുകയും സബ്-ജില്ലയ്ക്ക് പോവാനായി യോഗ്യത നേടുകയും ചെയ്തു. ആ വർഷത്തിലാണെങ്കിൽ ഞങ്ങളുടെ സ്വന്തം സ്കൂളിലാണ് സബ്-ജില്ലാ മത്സരങ്ങൾ നടക്കുന്നത്. അത് ഞങ്ങളിലും മറ്റ് ഞങ്ങളുടെ നാടക-ആരാധകരായ സ്കൂളിലെ എല്ലാവരിലും (മാഷ്മ്മാരും,കുട്ടികളും) സന്തോഷം നിറച്ചിട്ടുണ്ട്, കാരണം ആ നാടകങ്ങൾ അവർക്കും ബുദ്ധിമുട്ടില്ലാതെ കാണാം എന്നതു തന്നെ.! അതുകൊണ്ട് തന്നെ വളരെ ആത്മാർത്ഥതയോടെ സീരിയസ്സായി, രസകരമായി ഞങ്ങൾ റിഹേഴ്സൽ നടത്തി, ഹാസ്യായുധങ്ങൾ മൂർച്ചപ്പെടുത്തി നാടകത്തിന്  റെഡിയായി.

നാടകത്തിന്റെ കഥയിലേക്ക് വരാം, കഥാചുരുക്കം ഇങ്ങനെ :- ഒരു പാടത്ത് വച്ച് ആരുമായോ-എന്തിനോ ഉള്ള അടിപിടിയിൽ ഒരാൾ അടിയേറ്റ് വീണ് മരിക്കുന്നു. ആരും ശ്രദ്ധിക്കാതെ ആ 'ശവം' അവിടെ ധാരാളം സമയം കിടന്നു. അവസാനം അത് കണ്ടു കൊണ്ട് ഒരു പ്രായമേറിയ ഹാജിയാർ ആ വഴി വരുകയും ആ 'ശവ'ത്തിനെ തന്ത്രപൂർവ്വം നിസ്കരിക്കുന്ന രീതിയിൽ ആക്കി വയ്ക്കുകയും ചെയ്തു. അങ്ങനെ ചെയ്ത് അയാൾ പോയ ശേഷം അതുവഴി വന്നത് ഒരു നമ്പൂതിരി ആയിരുന്നു. ഒരാൾ പാടത്ത് നിസ്കരിക്കുന്നത് കണ്ട് ശ്രദ്ധിച്ച കൃഷ്ണഭക്തനായ അദ്ദേഹം, അതൊരു ശവമാണെന്ന് മനസ്സിലാക്കുകയും, ആ 'ശവ'ത്തിനെ വളരെ കഷ്ടപ്പെട്ട് ഓടക്കുഴൽ വായിക്കുന്ന കൃഷ്ണരൂപത്തിലാക്കി പാടത്ത് നിർത്തി അവിടുന്ന് പോവുകയും ചെയ്തു. അതു കഴിഞ്ഞ് അങ്ങോട്ടേക്ക് വന്നത് ഒരു പള്ളീലച്ചനായിരുന്നു. അദ്ദേഹമാകട്ടെ, ഒരാൾ കൃഷ്ണവിഗ്രഹ രൂപത്തിൽ പാടത്ത് നിൽക്കുന്നത് ശ്രദ്ധിച്ച്, അതൊരു ശവമാണെന്ന് മനസ്സിലാക്കിയപ്പോൾ, അതിനെ രണ്ട് കൈകളും പാതി-മുട്ടുമടക്കി മലർത്തി തുറന്ന് പിടിച്ച് മുകളിലേക്ക് നോക്കി കാൽമുട്ട് നിലത്ത് കുത്തി നിൽക്കുന്ന രീതിയിൽ ആക്കി വച്ചു. അങ്ങനെ മൂന്ന് പേരുടേയും അവിടെ നിന്നുള്ള പിന്മാറ്റത്തിനു ശേഷം അവിടേക്ക് യാദൃച്ഛികമായി(?) അവർ മൂവരും ഒന്നിച്ച് എത്തുകയും, ആ ശവത്തെ ചൊല്ലി അവർ ഗംഭീര വാഗ്വാദത്തിൽ ഏർപ്പെടുകയും ചെയ്തു.

അവരാരും ആ ശവശരീരത്തിന്റെ ഉടമസ്ഥർ തങ്ങളാണെന്നുള്ള അവകാശവാദത്തിൽ നിന്ന് പിൻതിരിയാതിരുന്നത് കാരണം അവർ തമ്മിൽ പൊരിഞ്ഞ സംഘടനം നടക്കുന്നു. അതിനിടയിൽ ആ 'ശവം' എണീറ്റ് നിന്ന് 'മരിച്ച് കെടക്കാനും നിങ്ങളൊരു സ്വസ്ഥത തരില്ലേ' എന്ന് ചോദിച്ച് വീഴുന്നു.! ശവത്തിന്റെ അപ്രതീക്ഷിത പ്രതികരണത്തിൽ അന്തം വിട്ട് നിശ്ചലരായി നിൽക്കുന്ന അവർ മൂവർക്കും,
ആ നാടകത്തിന്റെ ഹൈലൈറ്റായ ഒരു അശരീരി പിന്നിൽ നിന്നും കേൾക്കാം, 
'മതത്തിന്റേയും ജാതിയുടേയും പേര് പറഞ്ഞ് തല്ലുകൂടുന്നവരെ, 
നിങ്ങളോർക്കുക, ഒരു ശവത്തെ പോലും വെറുതെ വിടാതെ.......'
അങ്ങനെ തുടർന്ന് ഇത്തിരി കൂടി ഉണ്ട് ആ അശരീരി.(മുഴുവനായി ഓർമ്മ കിട്ടുന്നില്ല.!)

ഇതാണ് ആ നാടകത്തിന്റെ രത്നച്ചുരുക്കം.!

ഈ നാടകത്തിന്റെ ആശയം മറ്റെവിടുന്നോ ആണെങ്കിലും, സംഭാഷണങ്ങൾ ഒരുക്കിയത് ഞങ്ങൾ കൂട്ടുകാരെല്ലാം ചേർന്നായിരുന്നു. സ്കൂളിനു പുറത്തുള്ള ഒന്നുരണ്ട് കൂട്ടുകാരുടെ ചെറുതല്ലാത്ത സഹായവും അതിന് ഉണ്ടായിരുന്നു. അതിൽ ആദ്യം വരുന്ന ഹാജിയാരായി, നല്ല രസകരമായി മലപ്പുറം ഭാഷയിൽ സംസാരിക്കുന്ന വിനീഷും, രണ്ടാമതു വരുന്ന നമ്പൂതിരിയായി ഞാനും, പള്ളീലച്ചനായി പ്രമോദ് എന്ന സുഹൃത്തും അഭിനയിച്ചു. അതിൽ ശവമായി, ഇപ്പോൾ ഞങ്ങളെ വിട്ടുപിരിഞ്ഞ ഷാജീവ് എന്ന സുഹൃത്ത് അഭിനയിച്ച് നല്ല നടനുള്ള സമ്മാനവും കരസ്ഥമാക്കിയിരുന്നു. ഇതിലെ പള്ളീലച്ചനായി അഭിനയിച്ച പ്രമോദാണ് പിന്നീട്  'ബാക്കീന്ന് കാണാൻ വല്ല്യേ മെച്ചൊന്നൂല്ല്യാ' യിൽ പ്രധാനകഥാപാത്രമായ പ്രമോദ്. 

അങ്ങനെ ഇതിലെ പ്രധാനകഥാപാത്രങ്ങളെയെല്ലാം ഗ്യാങ്ങിലെ അടുത്ത കൂട്ടുകാരായ ഞങ്ങൾ കയ്യടക്കി. പിന്നെയുള്ളത് ആ അശരീരിയുടെ ശബ്ദസാന്നിധ്യമാണ്. അത് ആ നാടകത്തിൽ വളരെ പ്രാധാന്യമേറിയതാണ്, എങ്കിലും ആ നാടകത്തിൽ വെറും ശബ്ദസാന്നിധ്യമായി ഒതുങ്ങാൻ ഞങ്ങളാരും ഇഷ്ടപ്പെട്ടില്ല. അങ്ങനെ ആ സാന്നിധ്യം ഞങ്ങളുടെ അടുത്ത കൂട്ടുകാരനാണെങ്കിലും പത്താം ക്ളാസ്സിൽ വച്ച് മാത്രം ഞങ്ങളുടെ സ്വന്തം -10.A- ക്ളാസ്സ് ഗ്യാങ്ങിലേക്ക് വന്നെത്തിയ ജയേഷ് എന്ന സുഹൃത്ത് കൈക്കലാക്കി. അങ്ങനെയെങ്കിലും ഞങ്ങളുടെ ആ 'വലിയ' സംരംഭത്തിൽ പങ്കാളിയാവാൻ കഴിഞ്ഞതിൽ അവനേറെ സന്തോഷമുണ്ട് താനും. കാരണം കൂട്ടുകാരുടേയും മാഷ്മ്മാരുടേയും ഇടയിൽ അത്രയ്ക്കാണ് ഞങ്ങളുടെ ടീമിന്റെ 'പേരും പ്രശസ്തിയും'.

അങ്ങനെ എല്ലാവരുടേയും പ്രതീക്ഷയിൽ ആ നാടക ദിവസം വന്നെത്തി, നാടകത്തിന്റെ സമയവുമായിത്തുടങ്ങി. ഞങ്ങളെല്ലാവരും മേക്കപ്പിട്ട് നാടകത്തിന് റെഡിയായി. അധികം താമസിയാതെ എവിടെ നിന്നോ ജയേഷും ഓടിക്കിതച്ച് സ്റ്റേജിന് പിറകിലേക്കെത്തി. അവൻ ആരെയോ കാണാനോ, എന്തോ സംസാരിക്കാനോ പോയതാണെന്ന് പിന്നീട് ഞങ്ങൾക്ക് മനസ്സിലായി. സ്വന്തം സ്കൂളിലെ സബ്-ജില്ലാ കലോത്സവമല്ലേ ? 'പലരേയും' കാണാനുണ്ടാവണമല്ലോ ? അങ്ങനെ ഞങ്ങൾ സമാധാനത്തോടെ ആ നാടകമാരംഭിച്ച്, നല്ല രീതിയിൽ കാണികളെ രസിപ്പിച്ചും, ഗംഭീരമായും മുന്നേറിക്കൊണ്ടിരിക്കുന്നു. സ്റ്റേജിൽ അപ്പോൾ ഞങ്ങൾ മൂന്നുപേരും 'ശവ'ത്തിന്റെ അവകാശവാദവുമായി രംഗം കൊഴുപ്പിക്കുന്നു.!

'ഇത് ഞമ്മട കൂട്ടര്-ലെ ഒര്ത്തനാ ന്ന് ങ്ങക്ക് പറഞ്ഞാ മനസ്സിലാവ്-ല്ല്യേ ന്നും
ന്റെ നമ്പൂരിച്ചാ ? ഈശോമിശിച്ചാ ?
ഓൻ ഞമ്മടെ ഈ മുറിക്കണ്ടത്തില് ഇര്ന്ന്ട്ട് നിസ്കരിക്ക്ണ് കണ്ട്ട്ടാ ഞാന്-ത്ക്കൂടി അപ്പറത്ത് ള്ള ഞമ്മന്റെ പാടത്ത്ക്ക് പോയത്,
തിര്ച്ച് വര്ണ വഴി ഇബടെത്ത്യപ്പഴാ ങ്ങളൊക്കെ കൂടി ബടെ ഒറക്കെ വർത്താനം പറയ്-ണ് കണ്ടത്, 
അത് കേട്ടപ്പഴാ ഓൻ മയ്യത്തായിക്ക്ണൂ ന്ന് ഞമ്മക്ക് തിരിഞ്ഞത്.! 
പിന്നെങ്ങനേ ഈ മയ്യത്ത്‌ ങ്ങടെ കൂട്ടര്ടേവ്ണ് ന്ന് ഒന്ന് പറഞ്ഞാണീം ങ്ങള് ?'

ഹാജ്യാർ വളരെ വാശിയോടെ തന്നെ കടുത്ത അംഗവിക്ഷേപങ്ങളുമായി ഉച്ചത്തിൽ തന്റെ ഭാഗം അവിടെ കൂടിയവരോട് വിശദീകരിക്കുന്നതോടൊപ്പം മറ്റു രണ്ട് പേരോടുമായി ചോദിച്ചു.

നമ്പൂര്യച്ചൻ അതായത് ഞാൻ വിട്ടു കൊടുക്കുമോ ?

'ഹേയ്...ഹേയ്......ഹെന്റാജ്യാരേ എന്താ നിങ്ങളീ പറയുന്നത് ?
നോം ഈ പാടത്ത്കൂടി ആ വടക്കേപാടത്തെ ഇല്ലത്തേയ്ക്കൊന്ന് പോവാനെറങ്ങ്യേതാ,
അപ്പ ദാ ഇവടെ നിൽക്ക്വാ, നല്ല ഐശ്വൊര്യായിട്ട് ഒരു കൃഷ്ണ വിഗ്രഹ രൂപം,
ഓടക്കുഴലൊക്കെ പിടിച്ച്ട്ടേയ്, നല്ല സുന്ദരായിട്ട് ള്ള ആ നില്പ് കണ്ടപ്പഴൊന്നും
നോം നിരീച്ചിലാ അതൊരു പ്രേതായിരിക്കും ന്ന്.!  
അത് പ്രേതാന്നറിഞ്ഞപ്പഴേയ് ഞാനങ്ങ്ട് പേടിച്ച് വല്ലാണ്ടായിപ്പോയി ട്ടോ, 

ന്റെ ഹാജ്യാരേ, ഈശോം മിശിഹേ, ആ ഭയാശങ്കകളിപ്പഴൂം മാറീല്ല്യ,
നോമിന്റെ നെഞ്ചിലൊന്ന് തൊട്ട് നോക്കൂ, കെടന്ന്‍ മിടിക്ക്ണ നോക്കൂ.......,
ഹേയ്...ഒന്ന് തൊട്ട് നോക്ക്വാ നിങ്ങളാരേലും.......!'

നമ്പൂരിച്ചൻ അംഗവിക്ഷേപങ്ങളോട് കൂടിയുള്ള തന്റെ വിശദീകരണത്തിന്റെ അവസാനം വലതു കൈവിരലുകൾ സ്വന്തം നെഞ്ചിന് നേരെ ചൂണ്ടിക്കൊണ്ട് തൊട്ട് നോക്കാൻ പറയുന്നത് രണ്ട് മൂന്ന് തവണ ആവർത്തിച്ചു.!

ഇതെല്ലാം കേട്ട് കൊണ്ട് പള്ളിലച്ചൻ ശാന്തനായി എന്നാൽ ഗംഭീര്യമാർന്ന സ്വരത്തിൽ പറഞ്ഞു,

'കർത്താവായ ഈശോം മിശിഹായേ....ഈ പാപികൾക്ക് മാപ്പ് നൽകരുതേ,
ഇവർ ചെയ്യുന്നതും പറയുന്നതും എന്തെന്ന് 'എനിക്ക് ' മനസ്സിലാവുന്നതേയില്ലാ,
ആയതിനാൽ ഇവരോടാരോടും പൊറുക്കരുത് കർത്താവേ.......!
ഈ മനുഷ്യൻ പാടത്ത് മുട്ടുകുത്തിയിരുന്ന് 
കയ്യുയർത്തി അത്യുന്നതിയിലേക്ക് നോക്കി അങ്ങയോട് പ്രാർത്ഥിക്കുന്നത് കണ്ടു കൊണ്ടാണ്
ഞാൻ ഇതുവഴി അങ്ങേതിലെ ഔസേപ്പിന്റെ ഭവനത്തിലേക്ക് നടന്ന് പോയത്, 
അദ്ദേഹം മരിച്ചു പോയെങ്കിൽ ആ ശരീരത്തിനവകാശം ഞങ്ങളിൽ മാത്രം നിക്ഷിപ്തമാണ്, 
അത് ഞങ്ങൾക്ക് വിട്ടു തരിക കുഞ്ഞാടുകളേ.!'

വളരെ താളാത്മകമായി, നല്ല ഒഴുക്കോടെയായിരുന്നു പള്ളീലച്ചന്റെ അംഗവിക്ഷേപങ്ങൾ.!

ഞങ്ങൾ മൂവരും ഭയങ്കരമായ വീറോടെ സ്റ്റേജിൽ നിറഞ്ഞാടി, കാണുന്ന എല്ലാവർക്കും അത് രസിക്കുന്നു എന്ന് ഞങ്ങൾക്ക് അവരുടെ ഉച്ചത്തിലുള്ള ചിരിയിൽ നിന്ന് മനസ്സിലാവുന്നുണ്ട്.!

വീറോടെയുള്ള അവകാശവാദങ്ങൾക്ക് പിറകെ ഞങ്ങൾ തമ്മിൽ ഗംഭീര അടിയായി,
'നല്ല പൊരിഞ്ഞ സംഘട്ടനം.!'.
ഞങ്ങൾ അടികൂടുന്ന സമയത്ത് ശവം എഴുന്നേറ്റ് നിന്ന്, 
'മരിച്ച് കെടക്കാനും നിങ്ങളൊര് സ്വസ്ഥത തരില്ല ല്ലേ ?' എന്ന് ചോദിച്ച് നിലത്തേക്ക് തന്നെ വീണതും ശ്രദ്ധിച്ച ഞങ്ങൾ, തുടർന്നുള്ള ആ ഗംഭീരമായ അശരീരിക്ക് കാതോർത്ത്, നിശ്ചലമായി നിൽക്കാൻ തുടങ്ങി.!

അന്തം വിട്ട് നിൽക്കൽ പത്ത് സെക്കൻഡ് നിന്നാൽ മതി, അപ്പോഴേക്കും ആ അശരീരിയെത്തണം എന്നാണ് ഞങ്ങളുടെ അശരീരിക്കാരനുമായുള്ള കരാർ, കാരണം അത്രയ്ക്കും നിശ്ചലമായാണ് ആ നില്പ്.!

ഞങ്ങളുടെ നിൽപ് പത്ത് സെക്കൻഡ് കഴിഞ്ഞു, ഇരുപത് സെക്കൻഡ് കഴിഞ്ഞു, ഒരു മിനിറ്റ് കഴിഞ്ഞു, രണ്ട് മിനിറ്റ് കഴിഞ്ഞു...... സമയമങ്ങനെ നീങ്ങുന്നു,അശരീരി വരുന്നില്ല.......! ഞങ്ങൾ മൂന്ന് പേർക്കും ആ നില്പിൽ ശരീരം കുഴഞ്ഞ്, വല്ലാതെ ദേഷ്യം വന്നു തുടങ്ങി.!!!!!!!

ഞങ്ങൾ അശരീരി വരാതെത്തന്നെ സ്റ്റേജിൽ തളർന്ന് വീഴും എന്നവസ്ഥയിലെത്തിയതും, ആരോ സ്റ്റേജിന് പിറകിലേക്ക് ഓടി പോയി ജയേഷിനെ വിളിച്ചു, പാവം അവനാണ് ഞങ്ങളുടെ 'രക്ഷകൻ'.! അവിടെ വീണ്ടും അങ്ങനെ നിശ്ചലമായി നിൽക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചത് ആ രക്ഷകനാണ്.

'ഡാ ജയേഷേ അന്റെ ഡയലോഗിന്റെ സമയായടാ, 
ആ ഡയലോഗ് പറെ യ്യ്...വേഗം....!'
(സ്റ്റേജിൽ നിശ്ചലരായി നിൽക്കുന്ന ഞങ്ങളും അതെല്ലാം കേൾക്കുന്നുണ്ട്, 
പക്ഷെ മിണ്ടാനും ചിരിക്കാനും ഭാവമാറ്റത്തിനും ഞങ്ങൾക്കാർക്കും കഴിയില്ലല്ലോ ?)

കയ്യിൽ മൈക്കും ഓണാക്കി പിടിച്ച് ആരുടേയോ സൗന്ദര്യാസ്വാദനം നടത്തുകയായിരുന്ന ജയേഷ് അന്തം വിട്ട് രക്ഷകനോട് പറഞ്ഞു,

'പോടാ അവ്ട്ന്ന്......! 
ഞാനീ ഡയലോഗ് പറയണെങ്ങി, മ്മടെ ഷാജീവ് ണീച്ച് ഡയലോഗ് പറഞ്ഞ് വ്ഴണ്ടേ ?'
(ശ്രദ്ധിക്കുക, ജയേഷിന്റെ കയ്യിലെ മൈക്ക് 'ഓണാ'ണ്.!)

ഷാജീവിന്റെ ഡയലോഗും വീഴ്ചയും നടക്കുമ്പോൾ സ്റ്റേജിന് പിറകിൽ അവൻ 'ആരേയോ' കണ്ണെറിഞ്ഞ് വീഴ്ത്തുകയായിരുന്നു എന്ന് മനസ്സിലാക്കിയ ഞങ്ങളുടെ 'രക്ഷകൻ' അവനോട് 'പതിവില്ലാത്ത വിധം' ശാന്തസ്വരത്തിൽ 'കാര്യം' ആവർത്തിച്ചു,
'അതൊക്കെ പറഞ്ഞ് ഓൻ വീണ് ട്ട് കൊറേ നേരായടാ, 
യ്യ് അന്റെ ഡയലോഗ് പറയ് വേഗം.......'
അവൻ വീണ്ടും അക്ഷമയോടെ പറഞ്ഞു. 
ആ അക്ഷമ കാരണം അവന്റെ ശബ്ദം നന്നായി ഉയര്‍ന്നിരുന്നു,
കാരണം ഞങ്ങൾക്ക് പോലും ആ 'നിർബന്ധം' അത്രയ്ക്ക് വ്യക്തമായി കേൾക്കുന്നുണ്ടായിരുന്നു.!

അതുകൂടി കേട്ടപ്പോൾ അന്തം വിട്ട് പരിഭ്രമത്തോടെ സ്റ്റേജിലേക്ക് ശ്രദ്ധിച്ച ജയേഷ്, ഞങ്ങൾ മൂന്ന് പേരും നിശ്ചലരായി നിൽക്കുന്നത് കണ്ടു. ഡയലോഗ് പറയാറായീ എന്ന് മനസ്സിലായ അവൻ വളരെ ഗാംഭീര്യമാർന്ന സ്വരത്തിൽ ആ അശരീരി പറഞ്ഞു.  ആ അശരീരിക്ക് മുൻപെ അവൻ പറഞ്ഞത് കാണികളും ജഡ്ജസ്സും കേട്ടതൊന്നും അവൻ ശ്രദ്ധിച്ചിട്ടും അറിഞ്ഞിട്ടും ഇല്ല.!
(ഭാഗ്യം.! അല്ലെങ്കിൽ ആ പതർച്ച കൂടി 'അശരീരി'യിലുണ്ടാവുമായിരുന്നു.)

ശേഷം ഒരു കുട്ടി ദേശീയ പതാകയുമായി സ്റ്റേജിലേക്ക് വരുകയും,ഞങ്ങൾ മൂന്ന് പേരും ആ പതാക വാങ്ങി ഒരുമിച്ച് ഉയർത്തി പിടിച്ച് നിൽക്കുകയും ചെയ്തു. അപ്പോൾ പിന്നണിയിൽ 'സാരേ ജഹാം സെ അച്ഛാ.....' മുഴങ്ങുന്നു. ആ ബേജാറിനിടയിൽ ഞങ്ങളുയർത്തിയത് കുട്ടി കൊണ്ടുവന്ന കോൺഗ്രസ്സിന്റെ പതാകയാണെന്ന് ഞങ്ങൾക്ക് മനസ്സിലായത്, സ്റ്റേജിന്റെ മുന്നിൽ തന്നെയുള്ള ജഡ്ജസ്സിന്റെ അടക്കി പിടിച്ച ചിരിയും, പതാക ചൂണ്ടിയുള്ള അടക്കം പറച്ചിലും ശ്രദ്ധിച്ചപ്പോഴാണ്. അങ്ങനെ,  ഞങ്ങളുടെ സബ്-ജില്ലയ്ക്കപ്പുറമുള്ള പ്രയാണം ആ സ്റ്റേജിൽ നിന്ന് ഇറങ്ങുന്നതിനു മുന്നേ തന്നെ ശക്തമായി ഞങ്ങൾക്കുറപ്പിക്കാറായി'.!

                                                                                        
                                                                               (ശുംഭൻ) 



മുകളിൽ നിങ്ങൾ വായിച്ചത് ഞങ്ങൾ കൂട്ടുകാരുടെ മനസ്സിലൂടെ വളർന്ന് വന്നതും, നാടകശേഷം ജയേഷിനെ സ്കൂൾ ഗ്രൗണ്ടിലൂടെ ഓടിച്ച് പിടിച്ച് ചീത്ത പറഞ്ഞതിനും കാരണമായ ചിന്തയാണ്. 
ഇനി അതിന്റെ സത്യാവസ്ഥയുടെ കഥനം ജയേഷിന്റെ വിശദീകരണം ഈയിടെ കേട്ട ശേഷം,
(നാടകം സ്റ്റേജിൽ നടക്കുന്നു, 
സ്റ്റേജിനു പിന്നിൽ അശരീരിക്കായി മൈക്കും പിടിച്ച് ജയേഷ് ഇരിക്കുന്നു,
അശരീരിക്ക് ഏകദേശം സമയമായി എന്ന് ബോധ്യം വന്ന് ജയേഷ് അതിനായി തയ്യാറെടുക്കുന്നു.)

ശോഭടീച്ചർ തികച്ചും യാദൃച്ഛികമായി, സ്വന്തം സ്കൂളിൽ വച്ച് നടക്കുന്ന സബ്-ജില്ലാ കലോത്സവത്തിന്റെ സ്ഥിതി വിവരങ്ങൾ അന്വേഷിച്ചു കൊണ്ട് ഞങ്ങളുടെ നാടക സ്റ്റേജിനെ ലക്ഷ്യമാക്കി നടന്നു വരുന്നു. അവിടെയെത്തിയാൽ ആദ്യം കാണുക പിറകു വശമാണ്. പിറകിലൂടെ സ്റ്റേജിലേക്കൊന്ന് എത്തിനോക്കി, കണ്ടത് മൈക്കുമായിരിക്കുന്ന ജയേഷിനെ.

'ഇവിടെ ഈ സ്റ്റേജിന് പുറകിൽ എന്താ പരിപാടി ജയേഷ് ?'
എന്തിനെ പറ്റിയും വിശദമായി അറിയണം എന്ന് ആ ടീച്ചർക്ക് നിർബന്ധമാണ്.!

'ഞാൻ ചുമ്മാ ഞങ്ങടെ നാടകത്തിന്റെ.......
.......ഒരനൗൺസ്മെന്റിനായിട്ട് ന്ക്ക്വാ ടീച്ചറേ'
ജയേഷ് തന്റെ റോൾ പറയാനുള്ള വിമ്മിഷ്ടത്തിൽ, ഇത്തിരി പരുങ്ങലോടെ അറിയിച്ചു.

'അതേത് നാടകമാ ജയേഷ് ?
ഇവിടെ സ്കൂളിലവതരിപ്പിച്ച അതേ നാടകമാണോ ?'
ടീച്ചർക്ക് ആ അറിഞ്ഞതൊന്നും പൂർണ്ണമായില്ല.!

'അതെ ടീച്ചറേ, മ്മടെ ഷാജീവ് ശവായി കെടന്ന്ട്ട്,
മൂന്ന് മതത്തിന്റെ ആൾക്കാരും കൂടി അതിന്വേണ്ടീട്ട് കടിപിടി കൂട്ണ അതേ നാടകെന്നേ'

'ഓഹ്...അത്.! 
അപ്പൊ അതിന് ജയേഷെന്താ ഇവിടെ മൈക്കും പിടിച്ച് നിൽക്കുന്നേ  ?'

'അത്...അതാ... അവസാനത്തെ ഡയലോഗിനാ ടീച്ചറേ'
ഇത്തിരി 'അക്ഷമ'യോടെയാണെങ്കിലും ജയേഷിനത് പറയാതിരിക്കാനായില്ല.!

ഇങ്ങനെ, കാര്യങ്ങളുടെ വിശദീകരണം സ്റ്റേജിന് പിറകിൽ ഗംഭീരമായി നടക്കുന്ന നേരത്ത്, ഞങ്ങൾ 'മൂന്നാളുകൾ' സ്റ്റേജിൽ ഷാജീവിന്റെ വീഴ്ചയും കഴിഞ്ഞ് പുറകിൽ നിന്ന് വരാനുള്ള അശരീരിയും കാത്ത് അക്ഷമരായി, നിശ്ചലരായി, എല്ലാം കേട്ട്, അറിഞ്ഞ്, ഒന്നും മിണ്ടാനാകാതെ, ഇപ്പോൾ വീഴും എന്ന അവസ്ഥയിൽ അവശരായി നിൽക്കുകയാണ്.!!!!!!!
ശേഷം സംഭവിച്ചതെല്ലാം നിങ്ങൾ വായിച്ചറിഞ്ഞല്ലോ ?




                                                                                                     (ശുഭം.!)

Thursday 23 May 2013

'മങ്ങാട്ടച്ഛനും കുഞ്ഞായി മൊയ്ല്യാരും' :സ്നേഹത്തിന്റെ അമ്മക്കഥകൾ.!

'അമ്മ ന്നാള്ങ്ങള് പറഞ്ഞ ആ മങ്ങാട്ടച്ഛന്റീം മൊയ്ല്യാരടീം കഥ ഒന്നും കൂടി പറഞ്ഞേര്വോ ?'
വീട്ടിൽ, അച്ഛനൊഴികെ എല്ലാവരും കല്യാണത്തിനും, അച്ഛൻ പുറത്തേക്കും പോയ സമയം ഞാൻ ഏതെങ്കിലും കഥ കേൾക്കാനായി അമ്മയോട് പറ്റിക്കൂടി.

'ഏത്  ?' അവയുടെ ഓർമ്മക്കായി ഒന്ന് പരതിയ അമ്മ ചോദിച്ചു,
 'അത്ബടെ ഒര്പാട് പറഞ്ഞ്ട്ട് ള്ളതല്ലടാ ?'

'അതെ, പക്ഷെ ന്നാലും യ്ക്കത് കമ്പ്യൂട്ടറില്-ടാനാണേയ്,
ഒന്നുങ്കുടി കേട്ടാലേ അതോർമ്മേ ന്ക്കൂ...അതാ....'

അമ്മ അടുക്കളയിലെ പണികൾ തീർത്ത് വന്ന് കഥപറയാനായി സോഫയിലേക്കിരുന്നു,
'അതേയ് അവിര് രണ്ടാളും നല്ല കൂട്ട്വാരേയിര്ന്നു ട്ടോ,
പക്ഷെ,
ആരാരാ വെല്ല്യേ സൂത്രക്കാര് ന്ന് അവര്ക്കൊര് മത്സരൂം അവിരടുള്ളില് ണ്ടായിര്ന്നു.!'

'ആ....' ഞാൻ ഒപ്പം കൂടണലോ, ല്ലേ ?

'ഒരൂസം രണ്ടാളും കൂടിങ്ങനെ വർത്താനും പറഞ്ഞ് നടക്കുമ്പോ മൊയ്ല്യാര് പറഞ്ഞ്വേയ്,
ന്റെ മങ്ങാട്ടച്ഛാ ഞാനൊരൂസം ഇത്ക്കൂടി വെരുമ്പഴേയ്
ഒര് പാമ്പ്ണ്ട് ഇന്റെ മുന്ന്ക്കൂടി എഴഞ്ഞ് പോണു,
ഒന്നും നോക്കീലാ, ഞാനതിനെ ഒര് വട്യോണ്ട് അങ്ങ്ട് തച്ച്വൊന്നു.'

'ങ്ഹ്....' ഞാൻ ശബ്ദം കൊണ്ട് സപ്പോർട്ട് ചെയ്തു.

'മങ്ങാട്ടച്ഛൻ അത് കേട്ടെങ്കിലും അതിനെ പറ്റി ഒന്നും പറയാണ്ട,
വേറെന്തൊക്കേ കാര്യം പറഞ്ഞ്ട്ട് നടന്ന് ങ്ങനെ പോയി.!
എന്താ മങ്ങാട്ടച്ഛൻ അതിനെ പറ്റ്യൊന്നും ചോയിക്കാത്ത് ന്ന് ചിന്തിച്ച്ട്ടാണെങ്കിലും, 
അപ്പ മങ്ങാട്ടച്ഛൻ പറഞ്ഞേന് മറുപടീം പറഞ്ഞ്ട്ട് മൊയ്ല്യാരും ഒപ്പം പോയി.'

'ഊം....'

'അങ്ങനെ കാലം കൊറേ കഴിഞ്ഞു ട്ടോ,
ഈ സംഭവൊക്കെ രണ്ടാളും മറക്കണ്ട സമയൊക്കെ ആയി,
അവിര് ആ  സംഭവം പറഞ്ഞ വഴീ കൂടെ തന്നെ പിന്നീം ഒരൂസം നടന്ന് വര്വാർന്നു ട്ടോ.!
അതില് മങ്ങാട്ടച്ഛൻ ചോയിച്ചു, 'ന്ന്ട്ടോ മൊയ്ല്യാരേ' ന്ന്.'

'അപ്പൊ മൊയ്ല്യാര്,
എന്താ ഇപ്പ ഇങ്ങനെ ചോയിക്ക്ണ് ന്ന ഒര് തപ്പും തടേം ഇല്ല്യാണ്ട പറഞ്ഞു,
ഞാനതിനേങ്ങ്ട് അപ്പറത്തിക്ക് തോണ്ടിട്ടു.!'
'മ്മളാണെങ്കീ,
കൊറേസം കഴിഞ്ഞാ ആരേലും ന്ന്ട്ടോ ന്ന് ചോയിച്ചാ ആദ്യം, 'എന്ത് ' ന്ന് ചോയിക്കില്ല്യേ ?

'ആ.......ഒറപ്പായിട്ടും.!'
ഞാൻ പറഞ്ഞു.

കഥ പറഞ്ഞ് കഴിഞ്ഞ അമ്മ എനിക്കായി വിശദീകരണം തന്നു.
'ഇങ്ങനേണ് ഇവിര് രണ്ടാളും,
ആരാരാ നല്ല ബുദ്ധിള്ളോര് കൂടുതലോർമ്മള്ളോര് ന്ന്
എപ്പഴും അങ്ങട്ടും ഇങ്ങട്ടും നോക്കീങ്ങോണ്ടും കള്യാക്കീങ്ങോണ്ടും ഇരിക്കും.!'

'ഞ്ഞ് വേറൊന്നും കൂടി പറഞ്ഞേരും, ന്നാ കമ്പ്യൂട്ടറില് ഒന്നിച്ച് ഇടാലോ ?'

'കമ്പ്യൂട്ടറില് ഇടലൊക്കെ അന്റെ കാര്യം,
ഞാനിപ്പൊ മുത്തച്ഛൻ എപ്പഴും പറയാറ് ള്ളത് പറഞ്ഞേരാ'

'അത് മതി, ങ്ങള് പറഞ്ഞാ മതി, ഞാനോർത്ത് ഇട്ടോണ്ട്.!'
ഞാൻ എന്റെ ഓർമ്മയെ രാകി മിനുക്കിക്കൊണ്ട് കേൾക്കാനിരുന്നു.


'മ്മടെ മൊയ്ല്യാര്ക്ക് ഒര് പച്ചക്കറി തോട്ടണ്ട്,
അവ്ട്ന്ന് നല്ലൊരു കുംബ്ളങ്ങ പറിച്ച്ട്ട് ഒരാളടെ അട്ത്ത് മങ്ങാട്ടച്ഛന് കൊട്ത്തയച്ചു.
ഈ കുംബ്ളങ്ങ പൂവലാവുമ്പ തന്നെ ഒരു പാനീൽയ്ക്ക് എറക്കി വച്ച്ട്ടേ വളർത്ത്യേര്ന്നേയ്,
അത് കാരണം ആ വല്യേ പാനീല് നെറേ ആ കുംബ്ളങ്ങ നെറഞ്ഞ് നിക്ക്വാ ണ് ട്ടോ.!'

'ആ പാനീല് ള്ള കുംബ്ളങ്ങീം ഇട്ത്ത്ട്ട് അയാള് മങ്ങാട്ടച്ഛന്റെ അട്ത്തെത്തി.
ദാ ങ്ങൾക്ക് മൊയ്ല്യാര് തന്നയ്ച്ചതാ ഇത് ആളടെ തോട്ടത്തിൽത്തെ കുംബ്ളങ്ങേ'
ആ പാനിയിലെ കുംബ്ളങ്ങ കൊണ്ടന്നാള് വിശദീകരിച്ച് മങ്ങാട്ടച്ഛനോട് പറഞ്ഞൊടുത്തു.'

'ഹാഹാ..ഹാ മങ്ങാട്ടച്ഛനത് പണ്യാവും.!'
ഞാനാ രംഗമാലോചിച്ച് ചിരിച്ചു.

'എന്ത് പണി ?' കഥയറിയാവുന്ന അമ്മയ്ക്ക് സംശയണ്ടാവില്ല്യല്ലോ ?
'മങ്ങാട്ടച്ഛൻ ആ കുംബ്ളങ്ങ പാന്യോടക്കനെ അട്പ്പത്തിക്ക് വെച്ചു,
അതില് മസാലീം വറവൊക്കെ കൂട്ടി വേവിച്ച്ട്ട്,
അത് പാകായപ്പോ കുത്ത്യൊടച്ച് അതെറക്കി ഒരു പാത്രത്തിൽക്ക് വെളമ്പീട്ട്
ആ പാനി കഴ്കീട്ട് അയാളടെ അട്ത്തന്നേ മൊയ്ല്യാര്ക്ക് കൊട്ത്തയച്ചു.!'

രണ്ടാളുടേയും സൂത്രത്തിന്റെ കഥകൾ പറഞ്ഞു കഴിഞ്ഞപ്പോൾ അമ്മ എന്നോടായി പറഞ്ഞു,

'ഇപ്പ രണ്ടാൾടീം ഓരോന്നായിലേ ?
ഞ്ഞ് കൊറച്ചൂസം കഴിയട്ടെ ട്ടോ'

'ശരി, ഞാനതൊക്കെ ഒന്നുങ്കൂടി ഓർക്കാള്ള കാര്യങ്ങളൊക്കെ നോക്കട്ടെ'
ഞാനാ കഥകൾ ഓർത്തെടുക്കേണ്ട കാര്യം ആലോചിച്ച് സോഫയിലിരുന്നു,
അമ്മ അടുക്കളയിലേക്കും പോയി. !


ഇതിന് മുൻപ് അമ്മയെനിക്ക് പകർന്നു തന്ന കഥകൾ ഇവിടെ വായിക്കാം,
സ്നേഹത്തിന്റെ അമ്മക്കഥകൾ.......!

Thursday 7 March 2013

'സ്നേഹത്തിന്റെ അമ്മക്കഥകൾ'........!

സാധാരണ ഞാൻ ദിവസത്തിലെ അധിക വൈകുന്നേരങ്ങളിലും കമ്പ്യൂട്ടറിൽ 'കലാപരിപാടികൾ' നടത്തിക്കൊണ്ട് ഇരിക്കുകയാവും. ചില പ്രത്യേക അവസരങ്ങളിൽ, അതായത്  7.00നും,7.30നും  കറണ്ട് കട്ട് ഉള്ള സമയത്ത്, അധികവും ഞാൻ കമ്പ്യൂട്ടർ ഓഫ് ചെയ്ത് ഉമ്മറത്തുള്ള സോഫയിൽ വന്നിരിക്കാറാണ് പതിവ്. സംഗതി ഇത്തിരി ഇരുട്ടത്താണെങ്കിലും നല്ലൊരു ഏകാന്തത അവിടെ നിന്ന് എനിക്ക് അനുഭവിക്കാനാവാറുണ്ട്. പക്ഷെ അങ്ങനെ ലോഡ് ഷെഡ്ഢിംഗുള്ള അധിക ദിവസങ്ങളിലും അമ്മയും അച്ഛനും അവിടെ സോഫയിലും ചാരുബെഞ്ചിലുമായി കിടന്നും ഇരുന്നും വീട്ടുകാര്യങ്ങൾ സംസാരിക്കുന്നുണ്ടാവും. അങ്ങിനെ ഒരിക്കലവർ ഇരിക്കുന്ന സമയത്ത് എന്റെ നിർബന്ധം കാരണം അമ്മ, ദുർവാശിയെ പറ്റി ഒരു കഥ പറഞ്ഞു തന്നു.
അത് അമ്മ പറഞ്ഞ അതേ രസത്തിൽ,സംസാരരീതിയിൽ ഞാനിവിടെയെഴുതാം,

'നാല് കൂട്ട്വാര് കൂടീട്ട് ഒരോടത്ത് താമസിച്ചേര്ന്നു ട്ടോ,
അവിര് കൂട്തലും കഞ്ഞ്യാ വീട്ട് ല് കഴിക്കാന്ണ്ടാക്ക്യേര്ന്നത്,
അതെന്താ ച്ചാ പണീം ലാഭാണ്,സമീം ലാഭാണ്.!'

'ആ...' ഞാൻ സപ്പോർട്ടിനായി ഒപ്പം കൂടി.

അമ്മ തുടരുന്നു...

'അങ്ങനൊരൂസം അവിര് കഞ്ഞിണ്ടാക്കീട്ട്, കൊറച്ച് കഴിഞ്ഞപ്പോ അത് കുടിക്കാനിര്ന്നൂ,
അപ്പഴാ അവിര്ക്ക് ഓർമ്മ വെന്ന്, ആരും 'പ്ലാല'* ഇട്ത്ത് കൊടന്ന്ട്ടില്ല്യാ.......
കഞ്ഞി കുടിക്കാള്ള ധൃതീല് അയിന്റെ കാര്യങ്ങ്ട് എല്ലാരും മറന്നു.!
ആരാപ്പോ അത് ഇട്ത്ത്വൊന്റാൻ പൂവ്വാ ?
അവ്-രെല്ലാരും കൂടി അതും പറഞ്ഞ്ട്ട് തർക്കായി.'

'ന്ന് ട്ടോ' എനിക്കെന്റെ മനസ്സിനെ അടക്കിനിർത്താനായില്ല.

'ന്ന്ട്ടെന്താ, ആദ്യം മുണ്ട്ണോര് പ്ലാല ഇട്ത്ത്വൊന്റണം ന്ന് അവിര് തീര്മാനിച്ചു.!
അങ്ങനെ പന്തയം തീരുമാനിച്ചപ്പൊ മൊതല്,
അവിരാരും ഒന്നും മ്ണ്ടാണ്ട ആ കഞ്ഞിടെ മുന്നില് ഇരിക്കാന്തൊടങ്ങി.'

'ഊം...'

'നേരങ്ങളും ദെവസങ്ങളും ആഴ്ചോളും കഴിഞ്ഞു..... അവിരാരും ഒന്നും മുണ്ട്ണില്ല്യാ,
അവിര് ഓരോര്ത്തരും ആ കഞ്ഞിപ്പാത്രത്തിന്റെ മുന്നില് കൊഴഞ്ഞ് വീണ്വൊടങ്ങി.'

'കൊറേസായിട്ടും ആ വ്...ട്ന്ന് ഒര് ഒച്ചീം അനക്കൂം കേക്കാഞ്ഞ്ട്ട്,
അയലോക്കക്കാരെല്ലാരും ആ വീട്ടിൽക്ക് വെന്നോക്കി,
അപ്പണ്ട് നാലാളും കഞ്ഞിപ്പാത്രത്തിന്റെ മുന്നില് മരിച്ച് കെടക്ക്ണു.!'

'ഹാ...ഹാ..ന്ന്ട്ടോ...?'
എനിക്ക് ആ ഉദ്വേഗമടക്കാനായില്ല.

'ന്ന്ട്ടെന്താ ആ നാട്ട്വാരൊക്കെക്കൂടി വെല്ല്യോര് കുഴി വെട്ടീട്ട്
അതില് നാലാളീം ഒന്നിച്ച് കുഴിച്ച് മൂടാൻ നോക്കി.'

'ഹാഹാ...അല്ലാ പിന്നെ...'
ഞാനാകെ രസം പിടിച്ച് അമ്മയോട് ചേർന്നിരുന്നു.!

'അങ്ങനെ കുഴിച്ച്ടാൻ നോക്കുമ്പണ്ട് ഒരാളടെ കാല്ങ്ങനെ കുഴിടെ പൊറത്തിക്ക് ന്ക്ക്ണു,
അയില് ആ കുഴിച്ച്ട്ണ ആള് 'കൈക്കോട്ട്വോ*'ണ്ട് അയാൾടെ കല്മ്മെ,
ഒറക്കെ ഒര് തട്ട്വൊട്ത്തു, അത് കുഴിടെ ഉള്ളിൽക്കാക്കാനായിട്ട്.!'

'അപ്പയള് മുണ്ടീട്ട്ണ്ടാവും,
വേനിച്ച്ട്ട്....' എനിക്ക് സംശയമൊന്നുമുണ്ടായില്ല.!

'വ്ചാരിച്ചിരിക്കാണ്ട കിട്ട്യേ ഭയങ്കര അടീല് അയാളാകെ
അമ്മേ...അയ്യോ....ന്ന്
പേടിച്ച് നെലോളിച്ചു.'


'അത്..കേട്ടപ്പോ അയാൾടെ കൂടെ കുഴീ കെടന്നോരൊക്കെക്കൂടി
അയാളോട് വിളിച്ച്വറയ്വാ,

'പോയിട്ത്ത്വൊന്റടാ പ്ലാല, യ്യേണ്പ്പ ആദ്യം മുണ്ട്യേത്.!'

അമ്മ അതും പറഞ്ഞ് ഒരു കഥ അവസാനിപ്പിച്ചു.

എന്റെ കമന്റ് : എന്തിനീം വാദിച്ച് വളച്ചൊടിക്കാൻ കഴിവുള്ളോര്ക്ക് ഇതിനെ അവിരടെ ദൃഢനിശ്ചയത്തിന്റെ പ്രതീകായിട്ടും കാണിക്കാ ട്ടോ.!






ഞാൻ രണ്ട് ദിവസം കഴിഞ്ഞ് പിന്നെയും അമ്മയുടെ അടുത്തിരുന്നു,


'അമ്മാ ഞ്ഞ് വേറൊന്ന് പറഞ്ഞേരും ന്നും,
ന്നാള് പറഞ്ഞ ആ ആദ്യം മുണ്ട്ണ സംഭവം ഇട്ടു.
എല്ലാര്ക്കും നല്ലോണം ഇഷ്ടാവും ചീതു.!'

'ഞാ....ഞ്ഞ്...വേറൊന്ന് ഇടട്ടേ ന്നും...ങ്ങള് പറഞ്ഞേരും.....'
ഞാൻ തിരക്ക് കൂട്ടി.!

'കഴൂമ്മ*ട്വാ ച്ചാ കഴൂമ്മട്,
യ്ക്ക് ചെത്താമ്പൂവാരായീ.....
ന്ന് പറഞ്ഞ പോലേണലോ യ്യീ പറയ്ണത്.!'

'അതെന്താ...മ്മാ.. ഈ കഴൂമ്മടല് ?'
ഞാൻ എനിക്ക് പുതിയ ഒരു വിഷയം കിട്ടിയ സന്തോഷത്തിൽ ചോദിച്ചു.

കഥ പറഞ്ഞു തരാനായി റെഡിയായിരിക്കുന്ന അമ്മ തുടർന്നു,

'അതോ, ഒര് സ്ഥലത്ത് കള്ള് ചെത്ത്ണ പണിള്ള ഒരാളെ
നാട്ടിൽത്തെ അധികാരി കഴൂമ്മടാൻ വിധിച്ചു.
അയാളെ രാവിലത്തന്നെ, കഴൂമ്മടാനായിട്ട്
കഴുമരത്തിന്റട്ത്ത് കൊടന്നു.'

'ന്ന്ട്ടോ...?'
ഞാൻ അമ്മയെ ബോറടിപ്പിക്കാതിരിക്കാനായി ചോദിച്ചു.

'ന്ന്ട്ടെന്താ.....അയാള്ക്ക് ചെത്താമ്പൂവാള്ള നേരായിട്ടും,
കഴുമരത്ത്മ്മ തൂക്കാള്ള ലക്ഷണൊന്നും കാണ് ണില്ല്യ.'

'അയിലയാള് ദേഷ്യം വെന്ന്ട്ട് പറയ്ണതാ ഇത്.'

'ഏത്...?'
കാര്യം എനിക്കറിയാമെങ്കിലും ഞാൻ അമ്മയുടെ അടുത്ത് നിന്ന്
അത് പറഞ്ഞ് കേക്കാനുള്ള കൊതിയിൽ ചോദിച്ചു.



'കഴൂമ്മട്വാ ച്ചാ കഴൂമ്മട്,
യ്ക്ക് ചെത്താമ്പൂവാരായി....' ന്ന്.!!!!!!!!

അങ്ങനെ അമ്മ പറഞ്ഞ രണ്ടാമത്തെ കഥയും കഴിഞ്ഞു.



കുറച്ച് ദിവസം കഴിഞ്ഞപ്പോൾ അമ്മ വീട്ടിലാരോടോ എന്തോ പറഞ്ഞ് വിശദീകരിക്കുന്നത് കേട്ടു.
ഞാനത് അപ്പോൾ കേട്ടെങ്കിലും അത്രയ്ക്ക് കാര്യമാക്കിയില്ല.......
ദിവസങ്ങൾ കഴിഞ്ഞ് അമ്മയോട് ഞാനാ കാര്യം ചോദിച്ചു.


'അതെന്താ അമ്മാ ന്നാള് ങ്ങളെന്തോ ചൊല്ല് പറഞ്ഞ്ട്ട്
ആരോടോ എന്തോ പറയ്ണത് കേട്ടലോ, അതെന്താ ?'

എന്റെ ചോദ്യം കേട്ട അമ്മ ആദ്യം ഒന്നമ്പരന്നു.
'എന്ത് ചൊല്ല്...?'

'ങ്ങളെന്തോ എലീ ന്നോ വരമ്പ് ന്നോ നത്ത് ന്നൊക്കെ
പറയ്ണ്ണ്ടായിര്ന്നലോ.....അത് ?'


'ആ...ആ..അതോ....ഇതാവും,

ചുണ്ടെലി വരമ്പ് തൊളക്ക്ണ പോലെ,
നത്ത് പൊത്തില് ഇരിക്ക്ണ പോലെ,
വജ്ജ് ല് കരിമ്പന നിക്ക്ണ പോലെ,
............................................................ .
അങ്ങനെന്തോ ഒന്നുംകൂട്യാണ് അവസാനൂം.!'



'ആ...അതെന്നേ....അതെന്താ ന്നും ?'
അന്ന് അമ്മ പറഞ്ഞത് വീണ്ടും കേട്ട ഞാൻ ഇന്ററസ്റ്റായി ചാടിക്കയറി പറഞ്ഞു.

'അതോ...'
അമ്മ അത് വിശദീകരിക്കാനായി സോഫയിലിരുന്നു.
കൂടെ കേൾക്കാനായി ഞാനും.

'പണ്ടൊര് വീട്ടില് നാല് കള്ളന്മാര് കക്കാൻ കേറി.
ചൊമര് തൊരന്ന്ട്ടാ അവിര് വീട്ടിന്റുള്ളില് കടക്കാൻ നോക്ക്യേത്,
അവിരൊക്കെക്കൂടി ഒരോടത്ത് കൂടിര്ന്ന്ട്ട് ചൊമര് തൊരക്കാൻ തൊടങ്ങി.'

'അപ്പൊ, വീട്ടില് ള്ളൊര് കുട്ടിര്ന്ന് കാണാപ്പാഠം പഠിക്കേര്ന്നു,
ചുണ്ടെലി വരമ്പ് തൊളക്ക്ണ പോലെ.......'

'ചൊമര് തൊരക്ക്ണ കള്ളന്മാരൊക്കെ ഇത് കേട്ട്
പേടിച്ച് അന്തം വ്ട്ട്ട്ടിര്ന്നു,
ആ കുട്ടി പറയ്ണത് അവിരേനേ ന്ന് കര്തീട്ട്,
അവിരാ ചൊമര്ന്റപ്പറത്ത് മ്ണ്ടാണ്ട പത്ങ്ങിര്ന്നു.!'


'കുട്ടി പിന്നീം പഠിക്ക്ണത് വായിക്ക്ക്ക്വാ,
നത്ത് പൊത്തില് ഇരിക്ക്ണ പോലെ..ന്ന്.....
അതും കൂടി കേട്ടപ്പോ,
ആ കള്ളന്മാരൊക്കെ ശരിക്കും പേടിച്ച്ട്ട്,
ആ പറയ്ണത് അവിരേനെത്തന്നേ ന്ന് ഒറപ്പിച്ചു,
കാരണം അവിരവടെ പത്ങ്ങി ഇരിക്ക്വല്ലേ ?'

'അയിലോ....?'
ഞാനപ്പോ ഇന്ററസ്റ്റായി ചോദിചു.

'അയിലവിരൊക്കെ പേടിച്ച്ട്ട്
ആ ചൊമരിന്റപ്പറത്ത് നെട്ന്നനെ* ണീറ്റ് ന്നു.

അപ്പ കുട്ടി വായിക്ക്വാ,
വജ്ജ് ല് കരിമ്പന നിക്ക്ണ പോലെ....ന്ന് '

'ആ വരീം കൂട്യായപ്പോ അവിരാകെ പേടിച്ച്ട്ട്ണ്ടാവും ല്ലേ ?'
എനിക്ക് ഏകദേശം കാര്യം മനസ്സിലായീ ന്ന് അമ്മയെ ഞാൻ ബോധിപ്പിച്ചു.

'ആ വജ്ജ് ല് കരിമ്പന നിക്കണ പോലേ ന്ന് ള്ള വരീം കൂട്യായപ്പോ,
ആ കള്ളന്മാരൊക്കെ പേടിച്ച് വീട്ടിൽക്ക് ജീവനേച്ച്ട്ട് ഓടി.'

'ആ ഓട്ണേനെന്തോ ഒന്നുംകൂട്യാ കുട്ടി പറയ്ണ്ണ്ട്,
അതെന്താ ന്ന് യ്ക്ക് ക്ട്ട്ണില്ല്യാ....'

'ങ്ങളൊന്നാലോയിച്ചോക്കും,അതുംകൂട്യായാ ഒന്നിച്ച്ട്ട് യ്ക്ക് കമ്പ്യൂട്ടറില് -ടാലോ ?'
ഞാൻ ബാക്കിക്കായി അമ്മയോട്, തന്റെ ഓർമ്മയെ ചികയാനായി നിർബന്ധിച്ചു.


'യ്ക്ക്പ്പത്രേ കിട്ട്ണ് ള്ളൂ, ഞ്ഞ്പ്പോ എത്രാലോയിച്ചാലും
അതന്നേ ണ്ടാവൂ......'
അമ്മ കട്ടായം പറഞ്ഞു.

ഈ കഴിഞ്ഞ ജനുവരിയിൽ 63th ജന്മദിനം കഴിഞ്ഞ അമ്മയുടെ ബാല്യകാല ഓർമ്മയല്ലേ ?

'ഒന്നൊറപ്പിച്ച്ട്ട് ഞ്ഞ് കിട്ടില്ല്യാ ന്ന് അമ്മ പറഞ്ഞാ
പിന്നെ അത് കിട്ടില്ല്യാ.....'

അതുകൊണ്ട് ഞാനിത് ഇടുകയാ......

അങ്ങനെ, സുഹൃത്തുക്കളേ നിങ്ങൾക്കായി മൂന്ന് 'അമ്മക്കഥകൾ' ഞാനിതാ സമർപ്പിക്കുന്നു.
ആദ്യവായനയിൽ ആർക്കും കാര്യമായി ഒന്നും മനസ്സിലാവാൻ സാധ്യതയില്ല. പക്ഷെ നിങ്ങൾ എന്നോടുള്ള സ്നേഹം കൊണ്ട് വീണ്ടും വീണ്ടും ഓടിച്ചെങ്കിലും വായിക്കുക.
തീർച്ചയായും മനസ്സിലാവും,അങ്ങനെ ആർക്കും മനസ്സിലാവാത്ത മലയാളമൊന്നുമല്ല ഞങ്ങളുടെ വീട്ടിലും നാട്ടിലും എല്ലാവരും പറയുന്നത്.!!!



                   ************************************************************************




പ്ലാല = പ്ലാവില.
കൈക്കോട്ട് = മൺ വെട്ടി.
കഴു = കഴുമരം,തൂക്ക് മരം.(ശിക്ഷ വിധിക്കാനുള്ളത്).
നെട്ന്നനെ = പേടിച്ച് നീണ്ട് നിവർന്ന്.