Sunday 30 September 2012

ശരിക്കും, 'ഇതാണാ' ഓണസമ്മാനം.....


വീട്ടിൽ ഓണത്തെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ്. അമ്മയും ചേച്ചിയും ഏട്ടത്തിയമ്മയും അവസാനവട്ട കലാശക്കൊട്ടിന്റെ തിരക്കിലാണ്.
                                 'ആ ചെറിയ സാധനം' ഇനിയും ങ്ങട്ട് വരാള്ള ഒരുക്കല്ല്യേ ആവോ' ?
അമ്മ ലേശം അരിശത്തിൽ ആയിരുന്നു.
                            'ന്ന് ഊണ് കഴിയ്ക്കാരാവുമ്പഴക്ക് എത്ത്വായിരിക്കും അമ്മാ'
ചേച്ചി അമ്മയെ സമാധാനിപ്പിച്ചു.
                     
 'ഇന്നലെ ഞാൻ വിളിച്ചപ്പോ ഓന് ഇത്തിരി പനി ണ്ട് ന്ന് പറഞ്ഞേര്ന്നു. ഓനെ ഒന്നു വിളിച്ച് നോക്കട്ടെ'  -വല്ല്യേട്ടൻ എല്ലാവരോടുമായി എന്നാൽ ആരോടുമല്ലാതെ ഉറക്കെ പറഞ്ഞു.

രണ്ട് മൂന്ന് കല്ല്യാണത്തിന് പോയി വന്ന ക്ഷീണത്തിലായിരുന്നു വല്ല്യേട്ടൻ. കുടുംബങ്ങളിലും മറ്റു രണ്ട് സ്ഥലങ്ങളിലുമായി ഉള്ള കല്ല്യാണങ്ങളായിരുന്നു. നിർബന്ധമായും പങ്കെടുക്കേണ്ടവ. അങ്ങനെ അതിന് വേണ്ടി ഓടിയ തിരക്കിനിടയിലും അഛൻ 'ചെറിയ ആളെ' വിളിച്ച് നോക്കാൻ ചേട്ടനെ നിർബന്ധിച്ചു.
'ഓൻ ങ്ങട്ടന്നെല്ലേ വരാമ്പോണ് ? പിന്നെന്തിനാ വിളിക്കണ് ?' 'ഇയ്ക്ക്ബട്ന്ന് അനങ്ങാൻ വയ്യ..... ന്നാലും അഛൻ പറഞ്ഞതല്ലേ, ഒന്ന് വിളിച്ച് നോക്കാ' ഏട്ടൻ സ്വയം സമാധാനിച്ചുകൊണ്ട് വിളിച്ചു. 9..8..9..5..7..9..7..5..5..7 ഏട്ടൻ മൊബൈലിൽ വിളിച്ച് നോക്കി. റിംഗ് ചെയ്യുന്നുണ്ട്, പക്ഷെ എടുക്കുന്നില്ല.
                           'ഓൻ ങ്ങട് എത്താരായിട്ട്ണ്ടാവും അതാവും ഇട്ക്കാത്തേ!'
ഏട്ടൻ സ്വയം സമാധാനിച്ചു കൊണ്ട് എല്ലാരും കേൾക്കെ ഉച്ചത്തിൽ പറഞ്ഞു. വീട്ടിലെത്തേണ്ട സമയം കഴിഞ്ഞു. എത്തിക്കാണുന്നില്ല! ഏട്ടൻ വീണ്ടും വീണ്ടും അതിൽ വിളിച്ചുകൊണ്ടിരുന്നു. അങ്ങനെ ഒരുപാട് നേരത്തെ ശ്രമത്തിനൊടുവിൽ ഫോണെടുത്തു. സംസാരിച്ച് തുടങ്ങിയപ്പോൾ ഏട്ടന് ഒരു കാര്യം മനസ്സിലായി. ഫോൺ എടുത്തത് അനിയനല്ല. ഏട്ടന്റെ ചോദ്യങ്ങൾക്ക് കാത്തുനിൽക്കാതെ മറുതലക്കൽ ഫോണെടുത്ത ആൾ പറഞ്ഞ് തുടങ്ങി.

              'ങ്ങള് വിളിച്ച ആള് ഇവടെ ട്രൈനീന്ന് തെറിച്ച് വീണ് ചോരയൊലിപ്പിച്ച്ട്ട് കെടക്ക്വാണ്, ഞാ പ്പോ ഈ വഴി നടന്നു പോക് ണ ആളാ'.

ആൾ പറഞ്ഞവസാനിപ്പിച്ചതും ഏട്ടൻ ഒന്നു ഞെട്ടി. പക്ഷെ ആ ഞെട്ടൽ പുറത്ത് കാണിച്ചാൽ അമ്മയും അഛനും വീട്ടിലുള്ളവരെല്ലാവരും ആകെ പരിഭ്രാന്തരാവും. അതിനിട വരുത്താതെ ഏട്ടൻ, വീടിന് പുറത്തേക്ക് ഫോണെടുത്തോണ്ട് പോയി എന്നിട്ട് അയാളോട്, 'പട്ടാമ്പി ഹോസ്പിറ്റലിലേക്കൊന്ന് എത്തിക്കാൻ കഴിയ്വോ' ന്ന് ചോദിച്ചു. അങ്ങനെ ഏട്ടൻ ഫോൺ വച്ചു.

അപ്പോൾ സുരേട്ടനും(എൽ.ഐ.സി) ക.ക.ജു.ക.ഗു കുട്ട്യേട്ടനും(ന്റിമ്മാ കള്ളം കള്ളം) പട്ടാമ്പിയിൽ ഉണ്ട്. അവർ 'സുരേട്ടൻ' പറഞ്ഞ 'ആരെയോ' ആസ്പത്രിയിൽ എത്തിക്കാൻ വേണ്ടി ഒരു കല്ല്യാണത്തിരക്കിൽ നിന്ന് മെല്ലെ മുങ്ങിയതാണ്. അങ്ങനെ അവർ പട്ടാമ്പി 'സേവന'യിൽ എത്തി. അവിടുന്ന് അപകടം സംഭവിച്ച് ഗുരുതരാവസ്ഥയിലുള്ള ആ രോഗിയെ തങ്ങൾ എടുക്കില്ലാ ന്ന് പറഞ്ഞ് 'സേവനക്കാർ', പ്രാഥമിക ശുശ്രൂഷകൾ നൽകി തൃശ്ശൂരിലേക്ക് അയച്ചു. അങ്ങനെ ആംബുലൻസിൽ രോഗിയോടൊപ്പം കയറി തൃശ്ശൂരിലേക്ക് പോകുന്നതിന്നിടയിൽ മാത്രമാണ് കുട്ട്യേട്ടൻ ആ അപകടം പറ്റിയ 'ആളി'ന്റെ ചോര പുരണ്ട വസ്ത്രങ്ങൾ ശ്രദ്ധിക്കുന്നത്. നല്ല പരിചയമുള്ള പാന്റും ഷർട്ടും! ഇതാരുടേയാ ഇപ്പൊ ഇങ്ങനെ പരിചയം തോന്നാൻ. അധികം ആലോചിക്കേണ്ടി വന്നില്ല, തന്റെ അനുജനാണ് ആ ആംബുലൻസിൽ മരണാസന്നനായി രക്തത്തിൽ കുളിച്ച് കിടക്കുന്നത് എന്ന സത്യം മനസ്സിലാക്കിയതും കുട്ട്യേട്ടൻ ആകെ മനസ്സും ശരീരവും തളർന്ന്, തലക്ക് കയ്യും കൊടുത്ത് ആ ആംബുലൻസിലിരുന്നു. അപ്പോഴേക്കും ഇതൊന്നുമറിയാതെ, ഏട്ടൻ വിളിച്ചു. തൃശ്ശൂരിലേക്ക് പോവ്വാണ് എന്ന് കുട്ട്യേട്ടൻ ഏട്ടനോട് എങ്ങനേയോ പറഞ്ഞൊപ്പിച്ചു. കുട്ട്യേട്ടനോട് എങ്ങോട്ടാണ്,ആരാണ്, എന്തിനാണ് എന്നൊന്നും വിശദീകരിക്കാതെയാണ്,സുരേട്ടൻ കുട്ട്യേട്ടനെ  കല്യാണത്തിരക്കിനിടയിൽ നിന്നും 'സേവനയിൽ' എത്തിച്ചത്.

ആങ്ങനെ ബോധമുള്ള സുരേട്ടനും പകുതി ബോധത്തോടെ കുട്ട്യേട്ടനും, തൃശ്ശൂരിൽ അശ്വിനിയിൽ ആ നിശ്ചല ശരീരം എത്തിച്ചു. പ്രാഥമികശുശ്രൂഷകൾ നൽകിയ ശേഷം ഡൊക്ടർമാർ ഒന്നടങ്കം പറഞ്ഞു.

                                         'ഒക്കെ ദൈവത്തിന്റെ കയ്യിലാ, നന്നായി പ്രാർത്ഥിച്ചോളൂ, ഞങ്ങൾ ഞങ്ങളുടെ പരമാവധി നോക്കിക്കോളാം.'

 ഇത് കൂടി കേട്ടതും കുട്ട്യേട്ടനിൽ അവശേഷിച്ചിരുന്ന നല്ല ജീവനും പോയി, ആസ്പത്രി വരാന്തയിൽ ആകെ തളർന്നിരുന്നു. അപ്പോഴേക്കും നേരം ഒരുപാട് വൈകിത്തുടങ്ങിയിരുന്നു. സുരേട്ടൻ,ഏട്ടനെ  അതുവരെ കാണാത്തതിനാൽ, വല്ലാത്ത ദേഷ്യത്തിൽ ആയിരുന്നു. ഏട്ടനാകട്ടെ, അപ്പോൾ തെറ്റിദ്ധാരണകൾ നിമിത്തം പെരിന്തൽമണ്ണയിലേയും പട്ടാമ്പിയിലേയും മറ്റും ആസ്പത്രികൾ ഒരുപാട് കയറിയിറങ്ങിക്കഴിഞ്ഞിരുന്നു. അവസാനം തൃശ്ശൂരിലെ അശ്വിനിയിൽ എത്തിയപ്പോഴേക്കും സുരേട്ടൻ ദേഷ്യത്തിന്റെ കൊടുമുടിയിൽ എത്തിയിരുന്നു. ഏട്ടൻ വന്നപാടെ,സുരേട്ടൻ ഏട്ടനോട് ഒരുപാട് ദേഷ്യപ്പെട്ടു. അങ്ങനെ സുരേട്ടൻ ഏട്ടനെ ഉത്തരവാദിത്തങ്ങൾ ഏൽപ്പിച്ച് നാട്ടിലേക്ക് പോന്നു.

വീട്ടിൽ 'സംഭവങ്ങൾ' ഒന്നുമറിയാതെ അമ്മയും അഛനും ചേച്ചിയും ഏട്ടത്തിയമ്മയും ഒക്കെ ഇരിക്കുകയാണ്. ഏട്ടന്റെ ഉച്ചത്തിലുള്ള ഫോൺ സംസാരം ഉച്ചയ്ക്ക്, ഒരുപാടുതവണ കേട്ട് കഴിഞ്ഞ എല്ലാവർക്കും ഒരുകാര്യം ഉറപ്പായിരുന്നു. 'ചെറിയവന്' എന്തോ കാര്യമായ അപകടം പറ്റിയിരിക്കുന്നു.  അവരൊന്നും വിവരങ്ങളറിയാതെ അങ്ങനെ നീറി നീറി കഴിച്ചുകൂട്ടുകയാണ്. ഏട്ടൻ അവരോടൊന്നും വിശദീകരിക്കാതെയാണ് വീട്ടിൽ നിന്നും ഹോസ്പിറ്റലിലേക്ക് വന്നത്. ഹോസ്പിറ്റലിൽ, പലയിടത്ത് നിന്നായി എന്റെ കൂട്ടുകാരൊക്കെ എത്തിക്കഴിഞ്ഞു, അവരെല്ലാം എന്നെ കണ്ട് വീട്ടിലേക്ക് തിരിച്ചു പോന്നു. കൂട്ടത്തിൽ രണ്ട് പേർക്ക് മാത്രമേ രക്തദാനത്തിന് പറ്റിയുള്ളൂ. അതിലൊരാൾ നാട്ടിൽ തിരിച്ചെത്തി മറ്റൊരു കൂട്ടുകാരനോടൊപ്പം വീട്ടിൽ ഹോസ്പിറ്റൽ വർത്തമാനങ്ങൾ അറിയിക്കാൻ വേണ്ടി ധൈര്യം സംഭരിച്ച് പോയി. അവർക്ക് എന്ത് പറയണം എങ്ങനെ പറയണം എന്ന് ഒരു രൂപവും ഇല്ല. അനക്കമില്ലാത്ത, ചോരയിൽ കുളിച്ച, ശരീരത്തിലെ രക്തം മുഴുവൻ വാർന്ന് പോയ ഒരസ്ഥികൂടത്തെ ആസ്പത്രിയിൽ കണ്ടിട്ടാണ് അവർ നാട്ടിലും, 'വിവരങ്ങൾ' അറിയിക്കാൻ എന്റെ വീട്ടിലും എത്തിയിരിക്കുന്നത്.
                   
                        അമ്മ രക്തം വാർന്ന മുഖത്തോടെ അവരോട് ചോദിച്ചു. ''എന്തായി ?'

നിശ്ചലശരീരമായി,ചോര മുഴുവൻ വാർന്നു പോയി, എല്ലും തോലുമായി ആസ്പത്രിയിൽ കിടക്കുന്ന എന്നെ കണ്ടുവന്നിട്ടാണ് അവർ അമ്മയുടെ മുന്നിൽ ആ ചോദ്യത്തെ നേരിട്ടുകൊണ്ട് നിൽക്കുന്നത്. എന്ത് പറയണം എന്നറിയാതെ പേടിച്ചരണ്ട് നിൽക്കുന്ന അവരിൽ ഒരാൾ മുന്നോട്ട് കയറി പറഞ്ഞു.
                           'അമ്മേ കുഴപ്പമൊന്നുമില്ല, ഞങ്ങൾ കയറി കണ്ടു,ഒന്നും മണ്ണ്ട്ണില്ല്യാ, കെടക്ക്വാ,ഏട്ടന്മാരൊക്കെ അവടണ്ടല്ലോ അടുത്ത് ന്നെ'
                 മുന്നോട്ട് കയറിയ,ഏറ്റവും പേടിയുള്ളതും,എനിക്ക് രക്തം തന്നതുമായ ശൈലേഷ് എന്ന ആളാണ് അമ്മയോട് ഇത്രയും പറഞ്ഞത്.

ഞാൻ ആസ്പത്രിക്കിടക്കയിൽ മരണത്തെ മുഖാമുഖം കണ്ടുകൊണ്ട് കിടക്കുകയാണ്. ഒരുപാട് സ്വപ്നങ്ങളും(അതൊക്കെ വെറുതെയാണ് എന്ന് പറയുമെങ്കിലും, വെറുതേയല്ലാ ന്ന് എനിക്ക് വിശ്വാസം ണ്ട്) പ്രതീക്ഷകളുമായി എറണാംകുളത്തേക്ക് ജോലിക്ക് പോയതാണ്. പാലക്കാടിലെ ജോലിയവസാനിപ്പിച്ച് പുതിയ തട്ടകമായ എറണാംകുളത്തേക്ക് പോന്നതാണ്. നല്ല കൂട്ടുകാരെയാണ് അവിടങ്ങളിലൊക്കെ (പാലക്കാടും,എറണാംകുളത്തും) എനിക്ക് കൂട്ടായിട്ട് കിട്ടിയിട്ടുള്ളത്. വളരെ നല്ല ഒരു അന്തരീക്ഷത്തിൽ നിന്നും ജോലി മാറി വേറൊരു സ്ഥലത്തെത്തിയിട്ട് അധികകാലമായിട്ടില്ല. അപ്പോഴേക്കും, ജീവിതത്തിൽ പല തിരിച്ചടികളേയും നേരിട്ട് കഴിഞ്ഞ എനിക്ക് കൂനിന്മേൽ കുരു പോലെ ഒരു പ്രണയ പരാജയവും കൂടി നേരിടേണ്ടി വന്നിരുന്നു. ആ പ്രണയ പരാജയത്തിന് ശേഷം ഇനി ഒരിക്കലും അത്തരം നാടകങ്ങൾക്കില്ല എന്ന ഉറച്ച തീരുമാനം എടുത്തിരുന്ന എന്റെ ജീവിതത്തിലേക്ക് എല്ലാം മനസ്സിലാക്കി കൊണ്ടാണ് 'അവൾ' കടന്നു വന്നത്. അവളെ കുറിച്ചുള്ള സ്വപ്നങ്ങൾ എന്നിൽ ഒരുതരം പുതിയൊരുണർവ്വ് സമ്മാനിക്കുകയായിരുന്നു. എന്റെ സ്വന്തം പെണ്ണിനെ പറ്റിയുള്ള സ്വപ്നങ്ങൾ, വീട്ടിൽ അഛനിൽ നിന്ന് ഞാൻ ചോദിച്ചു വാങ്ങിയ മതിലു പണിയുടെ ഉത്തരവാദിത്തങ്ങൾ എല്ലാം കൂടി മനസ്സ് ആകെ ചിന്തകളാൽ കലങ്ങി മറിയുകയാണ്.

ഇങ്ങനെ ചിന്തകൾ കൂടിയുള്ള കുഴച്ച് മറിക്കലാണ്, എന്നെ മനോഹരമായ ജീവിതത്തെ നേരിടുന്നതിൽ നിന്നും പിറകോട്ട് വലിക്കുന്നത്, ഞാൻ ചിന്തിച്ചു. എന്റെ സ്വന്തം പെണ്ണിനെ ഒന്നു ചേർത്ത് പിടിക്കാൻ എന്റെ മനസ്സ് തീവ്രമായി ആഗ്രഹിച്ചു. ഞാൻ ചുറ്റുപാടൊന്നും നോക്കുന്നില്ല അവളെ ചേർത്ത് പിടിക്കാൻ വേണ്ടി കൈകളുയർത്തി. എന്തോ എന്റെ വലതു കൈ പൊങ്ങുന്നില്ല, ഞാൻ ഇടതുകൈ പൊക്കി നോക്കി, ഇല്ല അതും പൊങ്ങുന്നില്ല. എന്റെ ദൈവമേ എനിക്ക് കൈകളനക്കാൻ കഴിയുന്നില്ല.! ഞാൻ ഉറക്കെ ഏട്ടനെ വിളിച്ചു നോക്കി. ഇല്ല എന്റെ ശബ്ദവും പുറത്ത് വരുന്നില്ല. ഞാൻ മിണ്ടാനും അനങ്ങാനും കഴിയാത്ത ഒരു നിശ്ചല വസ്തുവായി ആസ്പത്രിക്കട്ടിലിൽ മലർന്ന് കിടക്കുകയാണ്. ഞാൻ ഇതുവരെ കണ്ട എന്റെ പ്രണയിനിയേക്കുറിച്ചുള്ള സുന്ദരമായ ചിന്തകളും, മതിലുപണി ഞാൻ തിരിച്ചു വന്ന് നോക്കിക്കൊള്ളാം എന്നു പറഞ്ഞു എറണാംകുളത്തേക്ക് ജോലിക്ക് വന്നതും എല്ലാം എന്റെ സ്വപ്നങ്ങൾ ആയിരുന്നോ ?
ഈശ്വരാ ഞാൻ ചലനശേഷിയില്ലാത്ത രൂപമായി ഒരു വെറും നിശ്ചലശരീരമായി കിടക്കുകയാണോ ? അവസാനം ഞാനാ സത്യത്തെ അംഗീകരിക്കേണ്ടതായി വന്നു. എന്നിലെ ചലനശേഷിയും ജീവസ്സും ഇനിയും തിരിച്ചുവരേണ്ടിയിരിക്കുന്നു.

ദിവസങ്ങൾ മാസങ്ങളായി കലണ്ടറിനെ അനക്കുന്നു. പക്ഷെ എന്റെ ശരീരത്തിന് മാത്രം ഒരുവിധ അനക്കങ്ങളും സംഭവിക്കുന്നില്ല.! അതിനിടയിൽ ഡോക്ടെഴ്സ് എന്നെ തീവ്രപരിചരണ വിഭാഗത്തിൽ നിന്നും റൂമിലേക്ക് മാറ്റി (അനക്കമില്ലാതെ കിടക്കുന്ന ശരീരത്തിനെന്ത് തീവ്രപരിചരണം?). മരുന്നുകളും മറ്റും നഴ്സുമാർ നേരിട്ട് കൊടുക്കുന്നത് നിർത്തി, എല്ലാം റൂമിലെ ചേട്ടന്മാരെ ഏൽപ്പിക്കും. അങ്ങനെ എന്റെ ഒരു അനക്കത്തിനായി ഏട്ടന്മാർ കാത്തിരിക്കുമ്പോഴും, കുട്ട്യേട്ടൻ മറ്റൊരു ശ്രമത്തിലും ആലോചനയിലും ആയിരുന്നു.  കുട്ട്യേട്ടൻ ഡോക്ടറോട് എനിക്കിപ്പോൾ അത്യാവശ്യം കൊടുക്കുന്ന മരുന്നുകൾ എന്തിനായുള്ളതാ ന്ന് അന്വേഷിച്ചു. അങ്ങനെ ഡോക്ടറുടെ അനുമതിയോടെ എനിക്കുള്ള മരുന്നുകളിൽ ഗണ്യമായ കുറവ് വരുത്തുകയും 'മറ്റൊരാളുടെ' നിർദ്ദേശാനുസരണം വെറും പഴച്ചാറുകളും മറ്റുമാക്കി എന്റെ ഭക്ഷണം കുറക്കുകയും ചെയ്തു.മാറ്റങ്ങൾ ഫലം കണ്ടു, അധികം വൈകിയില്ല കുട്ട്യേട്ടൻ അതീവ സന്തോഷത്തോടെ വീട്ടിലേക്ക് വിളിച്ചു.
         
             'അമ്മാ ഓന്റെ ചെറുവിരൽ അനങ്ങി ട്ടോ'
             
അത്യാഹ്ലാദത്തോടെ അമ്മയോട് പറഞ്ഞു. ഞാൻ അത്ഭുതപ്പെട്ടു. '

                 'എന്റെ ഒരു വിരൽ അനങ്ങുന്നതിന് ഇത്രയും സന്തോഷമോ !'

 വീട്ടുകാരുടെ ആ സന്തോഷത്തെ ഇരട്ടിപ്പിച്ച് കാണിപ്പിച്ച് തരുവാൻ ഞാൻ ദൈവത്തോട് ശക്തിയായി പ്രാർത്ഥിച്ചു

ദൈവം അപ്പോൾ വേറൊരു ചിന്തയിൽ ആയിരുന്നിരിക്കണം.
                                        'താൻ ജാഗരൂകനായി കണ്ണിമ ചിമ്മാതെ ലോകത്തെ പരിപാലിച്ചോണ്ട് ഇരിക്കുന്നതിന്നിടയിൽ ഒന്നു കണ്ണ് ചിമ്മിത്തുറന്നപ്പോഴേക്കും എന്തെല്ലാം പ്രശ്നങ്ങളാണ് ഈ പ്രകൃതി, കാട്ടിക്കൂട്ടിയത് ?
ഒരു കണ്ണ് ചിമ്മി തുറന്ന നേരം കൊണ്ട് പ്രകൃതി കാട്ടിക്കൂട്ടിയ ഈ വികൃതികളെ ഞാൻ ഏത് രീതിയിൽ നന്നാക്കും?'
അപ്പോഴേക്കും ദൈവത്തിന്റെ മുൻപിൽ എന്നോട് സ്നേഹമുള്ള ഒരുപാടാൾക്കാരുടെ, നിവേദനങ്ങൾ പ്രാർത്ഥനാരൂപത്തിൽ എത്തിയിരിക്കുന്നു. ഇത്രയധികം ആളുകളുടെ ഒരുമിച്ചുള്ള സ്നേഹനിർഭരമായ ഒരാവശ്യം നടത്തിക്കൊടുക്കാതിരിക്കുന്നതെങ്ങനെ ?

*************************************

എനിക്ക് എന്റെ പ്രണയിനിയോടൊന്നിച്ച് ഇനിയും ഒരുപാട് കാലം ഈ ലോകത്ത് തന്നെ സന്തോഷമായി ജീവിക്കണം. എനിക്ക് ശക്തമായ പ്രചോദനങ്ങൾ തന്നതും, എന്നിൽ വല്ലാത്തൊരു ആകർഷണീയത ഉണ്ടാക്കിയതുമായ ബ്ലോഗ് എന്ന ബൂലോകത്തേക്ക് എനിക്കും തലയുയർത്തി കടന്ന് ചെല്ലണം. ശരീരം നമ്മുടെ ആവശ്യത്തിനൊത്ത് വഴങ്ങാതിരിക്കുമ്പോഴും എന്നിൽ ആ ആഗ്രഹത്തിന് സഫലീകരണം നൽകിക്കൊണ്ട് എന്റെ വീട്ടുകാരും, സുഹൃത്തുക്കളും എനിക്ക് പിന്തുണയുമായി എന്റെ ചുറ്റും നിൽക്കുന്നു. പിന്നെ ഞാൻ എന്തിന് എന്റെ ശരീരം ഒന്നിനും വഴങ്ങുന്നില്ല എന്ന് കുറ്റപ്പെടുത്തി എല്ലാറ്റിൽ നിന്നും ഒഴിഞ്ഞു നിൽക്കണം?
എന്റെ ശരീരവും മനസ്സും ഓർമ്മകളും ഒന്നും കൂടെയില്ലാതെ ഞാൻ കണ്ട ഒരുപാട് സുന്ദര സ്വപ്നങ്ങൾ സാക്ഷാത്കരിക്കുവാനായി ദൈവം എന്നെ പുനരുജ്ജീവിപ്പിച്ചു എന്ന ഉറച്ച വിശ്വാസത്തോടെ ഞാൻ ഇന്നും നിങ്ങളുടെയിടയിൽ ഒരാളായി ജീവിക്കുന്നു.

ആസ്പത്രിയിൽ ഞാനനങ്ങാതെ കിടക്കുന്ന നേരത്തും,ശരീരം പുറംതള്ളുന്ന  ഖര-ദ്രവ മാലിന്യങ്ങളെ വൃത്തിയാക്കി ശരീരം വൃത്തിയോടും വെടിപ്പോടും സൂക്ഷിക്കുകയും, വീട്ടിലെത്തി ഇന്നുവരെ എന്റെ ഒരു ചെറുവിരലനക്കത്തിന് പോലും സഹായവുമായി വരുന്ന,വന്നിട്ടുള്ള എന്റെ വല്ല്യേട്ടനെ ഞാൻ ദൈവത്തിന്റെ പ്രതിരൂപമായി കാണുന്നു. പക്ഷെ എന്നിട്ടും ഞാൻ പല സമയങ്ങളിലും പല കാര്യങ്ങളിലും ഏട്ടനോട് വഴക്കിടുകയും മറ്റും ചെയ്യുന്നു. ഏട്ടനോട് ഞാൻ മാപ്പ് ചോദിക്കുന്നു, ചെയ്തതും ഇനി അറിവില്ലാതെ വല്ലതും ചെയ്തു പോയാലോ എന്ന പേടിയിൽ അതിനും. എന്നെക്കൊണ്ടുള്ള. എന്റെ ഏട്ടന്മാരുടെ സമയോചിതമായ, വീട്ടിലേക്കുള്ള മാറ്റമാണ് എന്നെ, ഇപ്പോൾ ഈ അവസ്ഥയിലെങ്കിലും നിങ്ങളുടെ മുന്നിൽ നിൽക്കാൻ പ്രാപ്തമാക്കിയത്. അല്ലെങ്കിൽ മാസങ്ങളോളം ആ ആസ്പത്രിയിൽ കിടന്ന്, ഇംഗ്ലീഷ് മരുന്നുകളുടേയും അവിടുത്തെ ജൂനിയേഴ്സിന്റേയും കയ്യിലെ പരീക്ഷണ വസ്തുവായി മാറി പോവേണ്ടിയിരുന്ന ഞാൻ ഇന്നീ ചുറുചുറുക്കോടെ നടക്കുന്നതിന് കാരണം ആ മനം മടുപ്പിക്കുന്ന അന്തരീക്ഷത്തിൽ നിന്നുള്ള സമയോചിതമായ മാറ്റമാണെന്ന് ഞാൻ ഗാഢമായി ഇപ്പോഴും വിശ്വസിക്കുന്നു.

എന്തോ തെറ്റിദ്ധാരണയാൽ എന്നോട് പിരിഞ്ഞ് പോയ എന്റെ പ്രിയപ്പെട്ട 'അപ്പൂസുട്ടി'യെ വളരെ പ്രതീക്ഷയോടെ, ആഗ്രഹത്തോടെ,സ്നേഹത്തോടെ ഞാൻ കാത്തിരിക്കുന്നു. ഈയൊരവസ്ഥയിൽ ഞാനവളോട് എന്നെ വിട്ടു പോകാൻ പറഞ്ഞിട്ടും,സ്നേഹത്തിന്റെ ശക്തി തെളിയിച്ച് എനിക്ക് കരുത്ത് പകർന്ന് കൊണ്ട് എന്നോട് ഇണങ്ങി നിന്ന അവൾ,കുഞ്ഞ് തെറ്റിദ്ധാരണയാൽ  എന്നിൽ നിന്ന് വന്ന ചില തെറ്റുകളിൽ എന്നോടകന്ന് മിഥ്യാ ലോകത്തിന്റെ സ്വപ്നഭാവനകളിൽ ലയിച്ച് അകന്ന് ജീവിക്കുകയാണ്.അവളെ പിഴവുകളില്ലാതെ സ്നേഹിക്കാൻ തടസ്സമായി നിന്നിരുന്ന എല്ലാത്തിൽ നിന്നും ഞാനെന്റെ മനസ്സിനെ സ്വതന്ത്രമാക്കിയിരിക്കുന്നു, അവൾ വരുമെന്ന ദൃഢമായ വിശ്വാസത്തോടെ.!

ഞാൻ ബ്ലോഗ്ഗെഴുത്തിൽ നിന്നും ചെറിയൊരു അവധി എടുത്ത്കൊണ്ടിരിക്കുകയാണ് . മൂന്ന് മാസത്തിലധികമായി പുതിയത് വല്ലതും എഴുതിയിട്ട്. അതിന് കാരണങ്ങൾ പലതാണ്...............
ഞാനെന്തായാലും എന്റെ നാട്ടുവിശേഷങ്ങൾ തുടരും എന്നുറപ്പാണ്.

അപ്പൂസുട്ടി പിണക്കം മാറി പെട്ടെന്ന് തിരിച്ചെത്തുകയാണെങ്കിൽ ഞാനെന്റെ രസകരമായ പാലക്കാട് ജോലി വിശേഷങ്ങളും പങ്ക് വയ്ക്കാം. നല്ല രീതിയിൽ ജീവിക്കാനുള്ള അതീവമായ ആഗ്രഹത്തോടെ നിർത്തുന്നു.


'നിങ്ങളോർക്കുക ഞാനെങ്ങനെ ഞാനായെന്ന് ?'
'നിങ്ങളോർക്കുക ഞാനെങ്ങനെ ഞാനായെന്ന് ?'