Friday, 30 September 2011

'പ്ലീസ്, എന്നെ എല്ലാവരും കൂടി 'ഇങ്ങനെ' ബഹുമാനിക്കല്ലേ !'

ഞാൻ ഇനി കുറെ കുട്ടിക്കാലത്തിലേക്കു പോകാം, വളരെ ചെറുപ്പത്തിലെ കാര്യങ്ങൾ.
ഞങ്ങൾക്ക് ഒരു ചായപ്പീടിക ഉണ്ടായിരുന്നു. ഇപ്പഴത്തെ സിനിമകളിൽ കാണുന്ന പോലെ ആളുകളുടെ നുണപറച്ചിലോടെയുള്ള പത്രപാരായണമൊന്നുമില്ലെങ്കിലും, വെടിപറച്ചിലിന് ഒരു കുറവുമില്ല. അങ്ങനെ എന്റെ അച്ചനോട് പറ്റ് എഴുതിയും, അച്ചനെ പറ്റിച്ചും ഒരുപാട് പേർ അവിടെ വന്നു ചായ കുടിച്ച്,വയറ് നിറയെ കഴിച്ച് പോകുമായിരുന്നു. അഛന്റെ ചായ പാരലും, രുചികരമായ വെള്ളപ്പം,പുട്ട്,ദോശ,ഇഡ്ഢലി തുടങ്ങിയ പലഹാരങ്ങളും ആ കടയെ വളരെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോയിരുന്നു. ആ കടയിൽ നിന്ന് ചായ കുടിക്കാനും ദോശ, പുട്ട്,വെള്ളപ്പം,നെയ്യപ്പം തുടങ്ങിയ കഴിച്ച് അഛനോട് പറ്റു പറഞ്ഞു പോകാനും ഒരുപാട് പേർ അവിടേക്ക് വരുമായിരുന്നു.

പക്ഷെ അമ്മ പറഞ്ഞ്, ഞാൻ കേട്ട കഥ ഇതൊന്നുമല്ല. അവിടെ ഒരു കക്ഷി വരാമായിരുന്നത്രെ. അദ്ദേഹം വന്നാൽ ആദ്യം കൈകൾ മുന്നിലൂടെ വീശി എല്ലാവരോടും ഇരിക്കാൻ ആംഗ്യം കാണിച്ചിട്ട് 'ഇരിക്കിൻ മക്കളേ, ഇരിക്കിൻ മക്കളേ' ന്ന് എല്ലാരോടും പറയും.
സത്യത്തിൽ, ചായ കുടി കഴിഞ്ഞ് വീട്ടിൽ പോകാനല്ലാതെ ബഞ്ചിൽ നിന്ന് ആരും ഇളകിയിട്ടുണ്ടാവില്ല. പക്ഷെ എന്നാലും, എല്ലാ വരവിനും ആൾ 'ഇരിക്കിൻ മക്കളേ, ഇരിക്കിൻ മക്കളേ'.എന്ന ഡയലോഗ് തന്നെ ആവർത്തിച്ചു പറഞ്ഞു കൊണ്ടേയിരിക്കും.
അങ്ങനെ നാട്ടിലെ എല്ലാവരുടെ ഇടയിലും ,'കൂനാറത്തെ മമ്മ്യാക്ക പറയും പോലെ' എന്ന ഒരു ഒരു ചൊല്ല് തന്നേയുണ്ട്. ഞാൻ പറയാൻ പോകുന്ന കഥ ഇതൊന്നുമല്ല. എല്ലാ നാട്ടിലും ഇതുപോലെ ചില കഥാപാത്രങ്ങൾ ഉണ്ടാവും,'എല്ലാവരും തന്നെ ബഹുമാനിക്കുന്നുണ്ട്(?) നാട്ടുകാർക്കൊക്കെ താൻ വളരെ(?) വേണ്ടപ്പെട്ടവനാണ് ' എന്ന് സ്വയം ചിന്തിക്കുന്ന ഒരു കൂട്ടർ. അവരറിയില്ല എങ്കിലും അവർ അന്നാട്ടുകാർക്കിടയിൽ ഒരു അടിപൊളി കോമഡി കഥാപാത്രമായിരിയ്ക്കും.എല്ലായിടത്തും ഉള്ള പോലെ ഞങ്ങളുടെ നാട്ടിലുമുണ്ട് ഇങ്ങനെ ഒരുപാട് കഥാപാത്രങ്ങൾ

എന്റെ ആക്സിഡന്റ് കഴിഞ്ഞ് ഒരു വർഷത്തിനു ശേഷം, മുതുതല വല്ല്യമ്മയുടെ വീട്ടിൽ ഒന്നു പോകാൻ എനിക്ക് ആഗ്രഹം തോന്നി. ആക്സിഡന്റ് പറ്റിയിട്ട് ആകെ ഒരുതവണ ഒന്നു വീട്ടിലേക്ക് വന്നിട്ടേ ഉള്ളൂ, എങ്കിലും എനിക്കൊരു ആഗ്രഹം(അമ്മയ്ക്കും) മുതുതലയിലേക്ക് ഒന്നു പോയി വല്ല്യമ്മയെ കാണാൻ. അവിടേക്ക് പോകാൻ വേണ്ടി എട്ടൻ ഒരു ഓട്ടോറിക്ഷ ഉള്ള ചേട്ടനെ വിളിച്ച് വീട്ടിലേയ്ക്ക് വരാൻ പറഞ്ഞു. ആ ഓട്ടോ അപ്പോൾ വീടിന് ഏകദേശം മുന്നിലുള്ള പഞ്ചായത്ത് റോഡിലൂടെ വരികയായിരുന്നു. വീടിന് മുൻപിൽ ഒരു മുപ്പത് മീറ്റർ ഇടവഴിയും, അത് കഴിഞ്ഞാൽ പഞ്ചായത്ത് റോഡുമാണ്. ഓട്ടോക്കാരൻ മണിയേട്ടൻ, എല്ലാവരും റോഡു വരെ വന്നോളാൻ, ഏട്ടനോട് ഫോണിൽ പറഞ്ഞു. ഏട്ടൻ ഞങ്ങളോട് വരാൻ പറഞ്ഞിട്ട് മുൻപിൽ നടന്നു, ഞാൻ അമ്മയുടെ കൈ പിടിച്ച് പുറകെ പോകുന്നു. അപ്പോൾ റോഡിൽ 'സഖാവ് ' കുഞ്ഞേട്ടൻ നിൽക്കുന്നുണ്ടായിരുന്നു. അദ്ദേഹം, ഞാൻ നേരത്തെ പറഞ്ഞ തരത്തിലുള്ള ഒരു കഥാപാത്രമായിരുന്നു. ഞങ്ങൾ നടന്ന് റോഡിനടുത്തു വരെ എത്തി. ഇനി ഓട്ടോയിലേക്ക് ഇടവഴിയുടെ മുൻപിൽ നിന്ന് കഷ്ടി അഞ്ച് മീറ്റർ വരുന്ന ദൂരമേയുള്ളൂ.അവിടെ ഓട്ടോയുമായി മണിയേട്ടൻ നിൽക്കുന്നുണ്ട്. കുഞ്ഞേട്ടൻ എന്തെല്ലാമോ മണിയേട്ടനോട് പറയുന്നുണ്ട്.


എനിക്ക് നമ്മുടെ കുഞ്ഞേട്ടനോട് ദേഷ്യം ഒന്നുമില്ല, പക്ഷെ എനിക്ക് അപകടം പറ്റിയിട്ട് ഇതുവരെ ഹോസ്പിറ്റലിലോ വീട്ടിലോ ഒന്നും കാണാൻ വരാത്തതിലുള്ള ചെറിയ ഒരു സങ്കടം എന്റെ ഉള്ളിലുണ്ട്. അമ്മ എന്നോട് 'നീ അങ്ങോട്ട് വന്നോളില്ലേ?' എന്ന് ചോദിച്ച് എന്നെ വിട്ട് ഓട്ടോയിൽ കയറി ഇരുന്നു. അദ്ദേഹത്തോട് ഒന്നു ചിരിച്ചു എന്നു വരുത്തിയിട്ടു, ഞാൻ ഓട്ടോയുടെ അടുത്തേക്ക് നടക്കാൻ ഒരുങ്ങി. കുഞ്ഞേട്ടൻ ഓട്ടോയുടെ അടുത്തു നിൽക്കുകയാണ്.ഓട്ടോയിൽ ഏട്ടനും അമ്മയും ഇരിക്കുന്നുണ്ട്. മണിയേട്ടൻ എന്നെ കണ്ടതും, പോകാൻ വേണ്ടി, ഓട്ടോ സ്റ്റാർട്ട് ചെയ്തു. അതു കണ്ടതും ഞാൻ ഓട്ടോയുടെ അടുത്തേക്ക് വേഗത്തിൽ നടക്കുകയാണ്. ഇത് കണ്ട കുഞ്ഞേട്ടൻ വിചാരിച്ചത്, വയ്യാതിരിക്കുന്ന ഞാൻ അദ്ദേഹത്തെ കണ്ടപ്പോൾ സന്തോഷം കൊണ്ട് ഓടി അദ്ദേഹത്തിന്റെ അടുത്തേയ്ക്ക് ചെല്ലുകയാണെന്നാണ്. പിന്നെ താമസിച്ചില്ല, അദ്ദേഹത്തിൽ ഞാൻ നേരത്തെ സൂചിപ്പിച്ച, ആ 'ബഹുമാന വികാരം' ഉണർന്നു. വയ്യാതിരിക്കുന്ന ഇവൻ പോലും എന്നെകണ്ടപ്പോൾ സന്തോഷത്തോടെ ഓടി അടുത്ത് വരികയാണെന്ന് വിചാരിച്ച പാവം ശ്രീമാൻ സഖാവ് കുഞ്ഞേട്ടൻ അവിടുന്ന് എന്നോട് വലത് കൈ ഉയർത്തി കാണിച്ച് വിളിച്ച് പറഞ്ഞു.
'വേണ്ട വേണ്ട അവടെ നിന്നോ, വയ്യാത്തതല്ലേ എന്റടുത്തേക്ക് ഒറ്റക്ക് വരണ്ട'. ഒരു രണ്ട് മൂന്ന് തവണ അദ്ദേഹം അതുതന്നെ ആവർത്തിച്ചു വിളിച്ചു പറഞ്ഞു. അദ്ദേഹം പിന്നേയും എന്നോട് കൈ വീശി 'വരണ്ട,വരണ്ട..' ന്നു പറഞ്ഞു
അപ്പോൾ മണിയേട്ടൻ പറഞ്ഞു. 'ഇങ്ങടെ അടുത്തേക്കൊന്നും അല്ല ഓൻ വര്ണ്, ഈ ഓട്ടോയില് കേറാനാ, ഇങ്ങളിങ്ങ്ട് വഴീന്ന് മാറും, ഓനിങ്ങ്ട് കേറിക്കോട്ടെ', ഇത് കൂടി കേട്ടതും കുഞ്ഞേട്ടൻ ആകെ മിഴ്ങ്ങസ്യ പറഞ്ഞോണ്ട് അവിടത്തന്നെ നിന്നു. അപ്പോഴും പാവം കുഞ്ഞേട്ടന്റെ ചിന്ത മായാവിലെ സലീംകുമാറിന്റെ ചിന്ത പോലെ ആയിരുന്നു.
'ഈ നാട്ടുകാര് മുഴുവനും എന്നെ സ്നേഹിക്ക്വാണോ ? അതോ ഞാൻ ഈ നാട്ടുകാരെ മുഴുവനും സ്നേഹിക്ക്വാണോ ?

Monday, 26 September 2011

'ഭയോളഛി' അല്ലേ സിന്റപ്പാ?

നമുക്ക് ടൂൺ കർമ്മയിലേക്ക് തന്നെ തിരിച്ചു പോകാം. എല്ലാവരുടേയും ഡയലോഗുകൾ ഓർത്തെടുത്ത് ബുദ്ധിമുട്ടുന്നതിനേക്കാൾ നല്ലതു അപ്പപ്പോൾ ഓർമയിൽ വരുന്നത് എഴുതുന്നതല്ലേ ? നമുക്ക് സംഭവത്തിലേക്ക് പോകാം. ഞാൻ മുൻപ് വിവരിച്ച ടൂൺകർമ്മയിൽ പറയാൻ മറക്കാൻ പാടില്ലാത്ത ഒരു കഥാപാത്രവും കൂടി ഉണ്ട്.  സിന്റപ്പൻ എന്ന് ഞങ്ങൾ സ്നേഹത്തോടെ വിളിക്കുന്ന ഒരു സിന്റൊ ജോയ്. ടൂണിലെ പ്രധാന അനിമേറ്ററായിരുന്ന അഭിലാഷിന്റെ സുഹൃത്തും തൊട്ടടുത്ത വെബ് ഡിസൈനിംഗ് സെന്ററിൽ ജോലിയുള്ളതുമായ ഒരു കഥാപാത്രമായിരുന്നു സിന്റപ്പൻ.അഭിലാഷിന് പണ്ട് അവിടെ ജോലിയുള്ള കാലത്തുള്ള പരിചയമാണ്. പക്ഷെ അഭിലാഷ് ആ ബന്ധം ഇപ്പോഴും നിലനിർത്തുന്നു. അല്ലെങ്കിൽ 'കണ്ടകശ്ശനി കൊണ്ടേ പോവൂ' എന്ന് കേട്ടിട്ടില്ലേ? അതുപോലെ ആ ബന്ധം ഇപ്പോഴും രണ്ട് പേരും നില നിർത്തുന്നു. 'കണ്ടകശ്ശനി' ആരാണെന്ന് അവർ തീരുമാനിക്കട്ടെ.(നമ്മൾ ബുദ്ധിമുട്ടേണ്ട).

ഞാൻ അവിടെ ചെന്ന കാലം മുതൽ ഈ സിന്റപ്പൻ അവിടുത്തെ ഒരു നിത്യസന്ദർശകനാണ്. അവൻ ഇടക്കിടെ അവിടെ വരുന്നത് എല്ലാവരും നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു.എനിക്ക് വെബ് ഡിസൈനിംഗിലും അവൻ നല്ല ഒരു സഹായമായിരുന്നു. ടൂൺ കർമ്മയിൽ ഒരു ചേച്ചി ദിവസേന വന്ന് ഞങ്ങൾക്ക് ചോറ് വച്ചു തരാറുണ്ടായിരുന്നു. നല്ല രുചിയുള്ള ആഹാരം !
കാക്ക പശുവിന്റെ പുറത്തിരിക്കുമ്പോൾ രണ്ടാണ് കാര്യം. കാക്ക അവിടിരുന്ന് പശുവിന്റെ ദേഹത്തുള്ള പ്രാണിയും, ചെള്ളും എല്ലാം കൊത്തിത്തിന്നും. അങ്ങനെ വരുമ്പോൾ 'കാക്കയുടെ വിശപ്പും മാറും,പശുവിന്റെ കടി മാറുകേം ചെയ്യും' എന്നാണ് നാട്ടുകാർ പറയുക. അതുപോലെയാണ് നമ്മുടെ സിന്റപ്പന്റേയും കാര്യം അവന്, ചേച്ചി വയ്ക്കുന്ന ഈ ആഹാരം ഇടക്കിടെ വന്ന് കഴിച്ച് വിശപ്പ് മാറ്റുകയും ചെയ്യാം, ഞങ്ങൾക്ക് നല്ലൊരു കോമഡി വിരുന്നാകുകയും ചെയ്യും.

അങ്ങനെ ഒരു ദിവസം അവൻ വന്നിട്ട്, വന്ന ഉടനെ തന്നെ, ഞങ്ങൾ റാമിന്റേയും അഭിലാഷിന്റേയും നേതൃത്വത്തിൽ ഭയങ്കര ചർച്ചയിൽ ആയി. ആ പ്രാവശ്യത്തെ നോബെൽ സമ്മാനത്തെ കുറിച്ചായിരുന്നു ഞങ്ങളുടെ ഭീകരമായ ചർച്ച. ഞങ്ങൾ കുറച്ച് 'ബുദ്ധിജീവികളു'ടെ അപാരമായ(?) വിശകലന സംസാരം എത്രയൊക്കെയായിട്ടും നമ്മുടെ നായകൻ സന്ദീപിന് കാര്യം പിടികിട്ടിയില്ല. അവൻ എല്ലവരോടും എന്തൊക്കേയോ ചോദിക്കുന്നും പറയുന്നുമൊക്കെയുണ്ട്. ഞങ്ങളൊന്നും ആ ഭയങ്കരമായ ചർച്ചക്കിടയിൽ, അവന്റെ ചോദ്യങ്ങളെ കാര്യമായെടുക്കുന്നുമില്ല. അവസാനം നോബെൽ സമ്മാനങ്ങളെ കുറിച്ചാണ് ഞങ്ങൾ എല്ലാവരുടേയും സംസാരം എന്ന് അവന് മനസ്സിലായി. അപ്പോഴും വിഷയം ഏതാണെന്ന് അവന് മനസ്സിലായിട്ടില്ല. അവസാനം, കൂലങ്കഷമായ ഞങ്ങളുടെ സംസാരം ശ്രദ്ധിച്ച് കേട്ട അവന് എന്തോ കുറച്ചു മനസ്സിലായി. ബയോളജി ആണ് വിഷയം. ആ വർഷത്തെ ബയോളജി സമ്മാനത്തിന് എന്തോ ഒരു പ്രത്യേകത ഉണ്ടായിരുന്നു.അതായിരുന്നു ഞങ്ങളുടെ ചർച്ചക്കാധാരം.

പിന്നെ താമസിച്ചില്ല, നമ്മുടെ നായകൻ സന്ദീപ്, അവനിൽ നിന്ന് ഞങ്ങൾ ഒളിച്ച് വച്ച് ചർച്ച ചെയ്തിരുന്ന വിഷയം മനസ്സിലാക്കിയ സന്തോഷത്തിൽ ഉച്ചത്തിൽ ഞങ്ങളോടെല്ലാവരോടുമായി ചോദിച്ചു. 'ഡാ സിന്റപ്പാ ഭയോളഛി അല്ലേ? ഭയോളഛി' അവന്റെ ആ കർണ്ണകഠോരമായ ചോദ്യം വന്നപ്പോൾ തന്നെ, സിന്റപ്പൻ തന്റെ കൈകൾ കൊണ്ട് മുഖം പൊത്തിക്കൊണ്ട്, തറയിൽ കുനിഞ്ഞിരുന്നു. പിന്നീട്, പാൻപരാഗും മുറുക്കാനും കൂടിക്കലർന്ന് തന്റെ മുഖത്തേക്ക് തെറിച്ച തുപ്പൽ വലത് കൈ കൊണ്ട് അമർത്തിതുടച്ചുകൊണ്ട് എഴുന്നേറ്റ് സാവധാനം ഇങ്ങനെ പറഞ്ഞു.
 'ന്റെ പൊന്നു സന്ദീപേ, നീ ഇനിയെന്തുവേണേലും പറഞ്ഞോ, പക്ഷെ ബയോളജി ന്നു മാത്രംന്റെ മുന്നീന്ന് പറയരുത് !' 

Wednesday, 21 September 2011

രഞ്ജിനി ഹരിദാസ് കണ്ട (കാണാത്ത) കേരളം!

"ഒരു കൈ കണ്ടാൽ മലയാളിക്ക് ഹരം പിടിക്കുന്ന കാലമാണിതെന്ന് എനിക്ക്  അറിയില്ലായിരുന്നു. ശരീരഭാഗങ്ങൾ പുറത്ത് കാണുന്ന സെക്സിയായ വസ്ത്രങ്ങൾ ഞാൻ ധരിക്കാറുണ്ട്. വളരെ കംഫർട്ടബിൾ ആണ്."
                                                -രഞ്ജിനി ഹരിദാസ്
                                                                                മാതൃഭൂമി 2011 സപ്തംബർ 17
                                                                                            ശനിയാഴ്ചഞാൻ ഇത്ര കാലമായി എന്റെ  ജീവിതത്തിൽ നടന്നതും ഞാൻ കെട്ടിയുണ്ടാക്കിയതുമായ തമാശകഥകൾ ബ്ലോഗിൽ എഴുതി പോസ്റ്റ് ചെയ്ത് കൊണ്ട് നിർവൃതിയടയുന്നു.ദിവസേന പത്രം വായിക്കാറുള്ള എന്റെ ദൃഷ്ടിയിൽ ഈയിടയ്ക്കാണ് ഇങ്ങനെ മുകളിൽ കാണിച്ച രീതിയിൽ ഒരു വാർത്ത (മാതൃഭൂമി, കേട്ടതും കേൾക്കെണ്ടതും, സപ്റ്റംബർ 17 ശനി.) പതിഞ്ഞത്. നമ്മുടെ ജീവിതവിജയത്തിന്,നമ്മൾ മറ്റുള്ള ആളുകൾക്കെതിരെയുള്ള വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും ഒഴിവാക്കേണ്ടതിന്റെ ആവശ്യകത എനിക്ക് നല്ല പോലെ അറിയാമായിരുന്നെങ്കിലും എന്റെ പ്രിയ സുഹൃത്തുക്കൾ അഭിലാഷും അജ്മലും അത് വീണ്ടും വീണ്ടും എന്നെ ഓർമ്മപെടുത്തുമായിരുന്നു. അതുകൊണ്ട് പരമാവധി കാലം ഇങ്ങനെ തമാശ കഥകളുമായി ബ്ലോഗ് അങ്ങു മുന്നോട്ട് പോട്ടെ എന്ന് ഞാനും നിശ്ചയിച്ചു. പക്ഷെ അങ്ങനെയിരിക്കുമ്പോഴാണ്, നമ്മുടെ മലയാള ഭാഷയുടെ 'മാതാവിന്റെ' വക മുകളിൽ കാണിച്ച തരത്തിലുള്ള ഒരു വാചകകസർത്ത് ശ്രദ്ധയിൽ പെടുന്നത്. എനിക്കുറപ്പുണ്ട് ഇതിനെതിരെ ഞാൻ പ്രതികരിച്ചാൽ, എന്റെ സുഹൃത്തുക്കളായ അഭിലാഷും അജ്മലും എന്നോട് ഒരിക്കലും പിണങ്ങുകയില്ല എന്ന്. കാരണം എന്നിൽ, ഇത് വായിച്ച ശേഷം വന്ന ചിന്തകൾ എല്ലാം ഒരു ബ്ലോഗിൽ പകർത്തുക അസാധ്യമാണ്. എങ്കിലും കുറച്ച് ഞാൻ ഇവിടെ കുറിക്കുകയാണ്.


ബഹുമാനപ്പെട്ട കുമാരി(?) രഞ്ജിനിയോട് ഒരു ചോദ്യം.മാഡം ഈ കൊച്ചു കേരളത്തിൽ തന്നെ അല്ലേ ജീവിക്കുന്നത് ? കേരളം ആസ്ഥാനമായുള്ള ഒരു ചാനലിൽ കിടന്ന് 'പേക്കൂത്ത്' (അങ്ങനെ വിളിച്ചതിൽ ക്ഷമിക്കുക) കാണിക്കുന്നത് മുൻപ് എപ്പോഴോ കണ്ടിട്ടുള്ള ഞാൻ ഭവതി കേരളത്തിൽ തന്നെയാണ് ജീവിക്കുന്നത് എന്ന് വിശ്വസിച്ചോട്ടെ. ഒരു പിഞ്ചുബാലികയെ സ്വന്തം അഛനും സഹോദരനും ചേർന്ന് തുടർച്ചയായി പീഢിപ്പിച്ചിരുന്നു എനുള്ള വാർത്ത കേരള ജനത വായിച്ചു മറന്നിട്ട് അധിക ദിവസമായിട്ടില്ല. നമ്മുടെ കൃഷ്ണപ്രിയയെ ഓർമ്മയില്ലേ ? ഏഴാം ക്ലാസ്സിൽ പഠിച്ചിരുന്നതാണ് എന്നാണ് എന്റെ ഓർമ്മ. ആ പാവത്തിനെ ഒരു കാട്ടാളൻ കാട്ടു വഴിയിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോയി പിച്ചിച്ചീന്തിയ സംഭവം കേരള മനസ്സ് അത്ര പെട്ടെന്നൊന്നും മറക്കാനിടയില്ല.ദിവസേന ഇത്തരം പീഢനകഥകൾ കൊണ്ട് പത്രത്താളുകൾ നിറയുന്നു. വിവരസാങ്കേതികവിദ്യ കുതിച്ചു ചാടിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലും! കുറഞ്ഞ പക്ഷം അയാളുടെ വിശ്വാസികളെങ്കിലും ഒരു കാലത്ത് ആരാധിച്ചിരുന്ന നമ്മുടെ 'സ്വാമി' സന്തോഷ് മാധവന്റെ കഥ മാഡം മറന്നിട്ടില്ലല്ലോ ? പിന്നെ ഒരുപാട് 'തന്ത്രി' കഥകൾ.ഇങ്ങനെ വറുതെ ഒന്ന് കണ്ണും കാതും തുറന്നിരുന്നാൽ മാത്രം മതി നമ്മുടെ നാടിന്റെ 'ഗതി' എങ്ങോട്ടേക്കാണെന്ന് മനസ്സിലാവാൻ. അപ്പോഴാണ് ഭവതിയുടെ വക ഇത്തരത്തിലൊരു കമന്റ്.


ഞാൻ സാമാന്യം നല്ല ഒരു ൾട്ടീമീഡിയ ആർട്ടിസ്റ്റ് ആണ് എന്നാണ് എന്റെ ചെറിയ വിശ്വാസം. മോർഫിങ് സാങ്കേതികവിദ്യ ,അതായത് ഈ ഫോട്ടോകളിൽ തല മാറ്റി വക്കാൻ നമ്മൾ മലയാളികൾ (നമ്മൾ മാത്രമാല്ല എല്ലാവരും) കൂടുതൽ ഉപയോഗിക്കുന്ന സാധനം, ഇന്ന് വളരെ പ്രചാരത്തിലുള്ളതാണ്. അതിന് പല പല സോഫ്റ്റ്വെയറുകൾ ഉപ്യോഗിക്കുന്നതായി മണ്ടൂസന് അറിയാം. പക്ഷെ ഒരു കുഴപ്പമുണ്ട്, ചിത്രങ്ങളിൽ തല മാറ്റി വയ്ക്കൽ വളരെ എളുപ്പം നടക്കും. പക്ഷെ അതുപോലെ അല്ല വീഡിയോയുടെ കാര്യം, അതിൽ അത്ര എളുപ്പമായിട്ട് അങ്ങനെ തലമാറ്റിവയ്ക്കൽ നടക്കില്ല. ഇപ്പോൾ നമ്മുടെ പല പകൽ മാന്യവ്യക്തികളും, അവരുടെ പ്രശ്നങ്ങളായ(പലവിധ ?) ചിത്രങ്ങളോ,വീഡിയോകളോ പുറത്തായാൽ പറയുന്ന ഒരു ന്യായീകരണമുണ്ട്.അതൊക്കെ തലമാറ്റി വയ്ക്കുന്നതാ, മോർഫിംഗ് ആണെന്നൊക്കെ. പക്ഷെ പകൽ മാന്യന്മാരെ, ഒരു ചോദ്യം ചിത്രങ്ങൾ നിങ്ങളുടെ ആയിരിക്കില്ല(?) സമ്മതിച്ചു. പക്ഷെ ഇതിന്റെ തലതൊട്ടപ്പന്മാരായ ഹോളിവുഡ് സിനിമാ വ്യവസായത്തിൽ പോലും വളരെ ചുരുക്കം ചില രംഗങ്ങളിൽ മാത്രം വൻ മുതൽമുടക്കിൽ ഒരുപാട് ആർട്ടിസ്റ്റുകൾ ഒരുപാട് നാൾ കഷ്ടപ്പെട്ട് ചെയ്യുന്ന ആ ('തരികിട') തലമാറ്റിവക്കൽ പരിപാടി നിങ്ങളുടെ ഒരു കൊച്ചു വീഡിയോക്ക് വേണ്ടി ആര് ഈ കൊച്ചു കേരളത്തിൽ ചെയ്യാനാണ് ?
അത് ഇന്നും ഒര് ഉത്തരം കിട്ടാത്ത ചോദ്യമായി എന്നിൽ നിൽക്കുന്നു.


വാർത്താവിനിമയ ഉപകരണങ്ങളും, വാർത്തകൾ അപ്പപ്പോൾ അറിയാനുള്ള ഉപാധികളും നമ്മുടെ നാട്ടിൽ  ഇപ്പോൾ വളരെ വേഗം പ്രചാരത്തിൽ വന്നുകൊണ്ടിരിക്കുകയാണ്. അങ്ങനെ ഒരു ഉപാധി വഴി വർഷങ്ങൾക്ക് മുൻപ് എന്റെ ഒരു കൂട്ടുകാരന്, മലയാള ഭാഷയുടെ മാതാവായ മേല്പറഞ്ഞ ഈ  പേക്കൂത്തുകാരിയുടെ, കള്ള് കുടിച്ച് ആടി തിമർക്കുന്ന ഒരു പേകൂത്ത് വീഡിയോ കിട്ടുകയുണ്ടായി. പിന്നീട് എനിക്ക് പത്രത്തിൽ വായിക്കാൻ കഴിഞ്ഞു, ആ വീഡിയോകളെല്ലാം വ്യാജമാണെന്ന 'മാതാവിന്റെ' പ്രസ്താവന. എന്റെ ആ പഴയ ചോദ്യം ഞാൻ വീണ്ടും ആവർത്തിക്കുന്നു, ക്ഷമിക്കണം. എങ്ങനെയാണ് 'മലയാള ഭാഷയുടെ മാതാവേ' അങ്ങനെ വീഡിയോയിൽ തല മാറ്റി വയ്ക്കുന്ന വിദ്യ ? അതും ഇത്രക്ക് ഷാർപ്പ് ആയി ! എങ്ങനെയാണെന്ന് എനിക്കൊന്നു പറഞ്ഞു തന്നാൽ എനിക്ക് കൂടി അതു പഠിക്കാമായിരുന്നു. അതു പഠിക്കാൻ ഇനി ഹോളിവുഡ് വരെ പോകാൻ എനിക്ക് വയ്യ.

ഇങ്ങനേയൊക്കെ ഗൾഫിലും മറ്റു പല നാടുകളിലും ചുറ്റി നടന്ന് പേക്കൂത്ത് കാണിക്കുന്ന ഭവതിക്കറിയുകയുണ്ടാവില്ല മലയാള നാട്ടിലെ, ഞാൻ നേരത്തെ പറഞ്ഞ പീഢന വിശേഷങ്ങൾ. ഭവതി നേരത്തെ പറഞ്ഞ പോലെ ഒരു കൈ കണ്ടാൽ ഹരം പിടിക്കാൻ മാത്രമല്ല ഇതുപോലുള്ള മലയാളി കാമരോഗികൾക്കറിയൂ അവർ അങ്ങ് നശിപ്പിച്ച് പണ്ടാരമാക്കിക്കളയും മാഡത്തിനെ. അവർക്ക് T.G രവി പണ്ടത്തെ സിനിമയിൽ ബാലസംഘസീനിൽ കാണിക്കുന്ന പോലെ, പല്ലിറുമ്മി തലയിട്ടാട്ടാൻ മാത്രമാണോ അതോ 'വേറെയെന്തിനെങ്കിലും' കഴിയുമോന്ന് ഞങ്ങൾ പത്രങ്ങളിൽ നിന്ന് ചൂടുള്ള വാർത്തകളായി അറിയേണ്ടി വരും. പിന്നെ മാഡം പുറത്തിറങ്ങി നടക്കുമ്പോൾ മാഡം പറഞ്ഞ പോലെ 'സെക്സിയായ വേഷങ്ങൾ' ധരിക്കാനുള്ള പൂതിയങ്ങു മാറ്റിക്കളയും, കൃഷ്ണപ്രിയയെ കൊന്നതും, തന്ത്രിമാരും, മാധവന്മാരും ആയി ഒക്കെ നാട്ടിൽ വിലസുന്നതുമായ കേരളീയ കാമഭ്രാന്തന്മാർ.


രാഷ്ട്രീയ കേരളത്തിന്റെ  ഭരണം കൈക്കലാക്കാൻ വേണ്ടി ഇടതുപക്ഷവും വലതുപക്ഷവും തമ്മിൽ വാക്പോരിൽ ഏർപ്പെടുമ്പോൾ, നമ്മൾ സാധാരണ ജനങ്ങളുടെ മുൻപിൽ വാർത്തകളിലൂടെ മാത്രം കടന്നുപോവുന്ന ഒരു വൻ യുദ്ധം ഇവിടെ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. അത് സാംസ്ക്കാരിക കേരളത്തിന്റെ മാനസികനിലയുടെ ഭരണം ആര്  കൈക്കലാക്കും എന്നതാണ്. അത് കേരളീയ കാമഭ്രാന്തന്മാരും കേരളീയ മത ഭ്രാന്തന്മാരും തമ്മിലുള്ള യുദ്ധമാണ്. ആ യുദ്ധത്തിൽ ആര് ജയിക്കും എന്ന് നമ്മൾക്കൊന്നും പ്രവചിക്കുക സാധ്യമല്ല. അങ്ങനെ കേരളീയ കാമഭ്രാന്തന്മാരും മതഭ്രാന്തന്മാരും തമ്മിലുള്ള ഈ അതിഭീകരയുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന നേരത്താണ് നമ്മുടെ മലയാല ബാശയുടെ മാതാവിന്റെ വക, സാധാരണ മനസ്സുകളെ ഭ്രാന്ത് പിടിപ്പിക്കുന്ന തരത്തിലുള്ള ഇങ്ങനത്തെ ഒരു പ്രസ്താവന. ഈ കാമഭ്രാന്തന്മാരുടേയോ മതഭ്രാന്തന്മാരുടേയോ കയ്യിൽ പ്പെട്ടാൽ പിന്നെ എന്റെ പൊന്നു മാഡം പിന്നെ ചാനലിൽ കയറി നിന്ന് 'ഡിക്കിയും','ബോണറ്റും' ഇളക്കി പേക്കൂത്ത് കാട്ടാൻ ബാക്കിയുണ്ടാവില്ല. ഓർമിക്കുന്നത് നന്ന്.

അപ്പോൾ രഞ്ജിനി മാഡം ഓർക്കുക, സെക്സിയായാൽ മാത്രമല്ല കംഫർട്ടബിൾ ആവൂ. അങ്ങനെ സെക്സി ആവാതേയും കംഫർട്ട് ആയി പുറത്തിറങ്ങി നടക്കാൻ പഠിക്കണം, ട്ടോ രഞ്ജിനീ മാഡം.
അല്ലെങ്കിൽ പുറം ലോകത്തിറങ്ങി, സെക്സിയാവാതെ കംഫർട്ടബിൾ ആയി നടക്കുന്നതെങ്ങനേയെന്ന്  ഒന്ന് പഠിക്ക്വാ ട്ടോ മലയാളികളുടെ മാഡം. ഇനിയിപ്പോ സംഗീതവും, മലയാള ഭാഷയും പഠിക്കാൻ ഒക്കുന്നില്ലേങ്കിൽ ദയവായി സ്വന്തം നാക്ക് കൊണ്ട് ഇങ്ങനെ വേണ്ടാതീനങ്ങൾ വിളിച്ച് പറയാതിരിക്കാനെങ്കിലും പഠിക്കുക.
തെറ്റിപ്പോയി റ്റോ മലയാലികലുടെ മാടം.

Sunday, 18 September 2011

ലൈലയ്ക്ക് മജ്നുവിന്റെ ഒരു തുറന്ന കത്ത്. (അപ്രകാശിതം)

കത്തയക്കാനുള്ള കഥാസന്ദർഭം: ഇതിലെ ലൈലയും മജ്നുവും നമ്മൾ കേട്ട പഴയ കഥയിലെ നായികാനായകന്മാരല്ല. ഈ കാലഘട്ടത്തിലെ കോളേജ് പ്രണയത്തിന്റെ വക്താക്കളായ ലൈലയേയും മജ്നുവിനേയുമാണ് ഞാൻ ഇവിടെ പുനരാവിഷ്കരിക്കുന്നത്. ലൈലയും മജ്നുവും പ്രണയപരവശരായി അങ്ങിനെ നടക്കുന്ന സമയത്ത്, മജ്നു കാൽ വഴുതി ഒരു ചെളിക്കുണ്ടിൽ (വൃത്തികെട്ട സ്വഭാവങ്ങളുടെ ഉറവിടം) വീണു. അവിടെ നിന്നു മുകളിലേക്കു നോക്കി പ്രാണരക്ഷാർത്ഥം എന്തെല്ലാമോ വിളിച്ച് പറഞ്ഞ മജ്നു, അവിടെ നിന്ന് കയറി വന്നപ്പോഴേക്കും ലൈല അവിടുന്ന് പോയിക്കഴിഞ്ഞിരുന്നു. അപ്പോഴാണ് മജ്നു അറിയുന്നത്, താൻ ആ ചെളിക്കുണ്ടിൽ നിന്ന് വിളിച്ച് പറഞ്ഞത് തന്റെ പ്രാണപ്രേയസിയായ ലൈലയ്ക്ക് വേദനയുണ്ടാക്കുന്ന കാര്യങ്ങളായിരുന്നു എന്ന്. തന്റെ പ്രിയതമ തന്നെ ഉപേക്ഷിച്ച് പോയതിൽ മനം നൊന്ത് മജ്നു ലൈലയ്ക്ക് ഒരു കത്തെഴുതുന്നു.എന്റെ സ്വർണ്ണമേ,തങ്കക്കുടമെ എന്നൊക്കെ വെറുതെ വാക്കുകളിൽ കപടമാധുര്യം നിറച്ച് വിളിക്കാൻ എനിക്കറിയില്ല. ഞാൻ ആവിധ ഉപചാരവാക്കുകളിൽ കടിച്ച് തൂങ്ങാതെ എല്ലാ മാധുര്യങ്ങളും ഒരു വാക്കിൽ ഒതുക്കി ഞാൻ വിളിക്കുകകയാണ്.അങ്ങിനെ എന്റെ ഈ കത്ത് ആരംഭിക്കട്ടെ.

എന്റെ മോളൂ,
                    നീ ഒരുപാട് മാസങ്ങൾക്ക് മുൻപേ പിണങ്ങിപോയതിന് ശേഷം, ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന മാനസിക വിഷമം വാക്കുകളിൽ നിറയ്ക്കാവുന്നതല്ല.സത്യം പറഞ്ഞാൽ കഴിഞ്ഞു പോയ മാസങ്ങളിലെ ഓരോ നിമിഷങ്ങളും എന്നിൽ സങ്കടത്തിന്റെ തിരമാലകൾ സൃഷ്ടിച്ചാണ് കടന്ന്പോയിട്ടുള്ളത്. നീ എന്നെ പിരിഞ്ഞുപോയ നാൾ മുതൽ ഇതുവരെ ഞാൻ അനുഭവിച്ച സങ്കടത്തിന്റെ ആഴം നിന്നെ പറഞ്ഞ് ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. കാരണം സ്നേഹിച്ചിരുന്ന കാലത്ത് ഒരേ അളവിൽ പരസ്പരം സ്നേഹം കൈമാറിയിരുന്ന നമ്മൾ പിരിഞ്ഞ് കഴിച്ചുകൂട്ടിയ സമയങ്ങളിലും, അതേ തീവ്രതയോടെ ഗാഢമായ ദു:ഖവും അനുഭവിച്ചിട്ടുണ്ടാകുമെന്ന് ഞാൻ മനസ്സിലാക്കുന്നു. അതിന് ബിരുദങ്ങൾ ഒരുപാട് വാരിക്കൂട്ടേണ്ടിവരുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.ഇനി അതിന്റെ ആവശ്യമുണ്ട് എന്നു നീ വിചാരിക്കുന്നുണ്ടെങ്കിൽ, അതിൽ ഒരുപാട് ബിരുദങ്ങൾ ഞാൻ സ്വന്തമാക്കിയിട്ടുണ്ട് എന്ന് ഏറ്റവും കൂടുതൽ അറിയാവുന്നത് നിനക്കാണല്ലോ ?

നീ പിണങ്ങിപ്പോയ അന്നു മുതൽ അതിനുള്ള കാരണങ്ങൾ ഞാൻ തിരഞ്ഞു കൊണ്ടിരിക്കുകയാണ്.
എനിക്ക്, നീ പോയി ഇത്രകാലമായിട്ടും,നീ എന്നെ പിരിഞ്ഞ് പോകാനുള്ള  കാരണങ്ങൾ കണ്ടെത്താൻ  കഴിഞ്ഞിട്ടില്ല. എനിക്ക്, ഇതുവരെ ഞാൻ അനുഭവിച്ചിട്ടില്ലാത്ത സ്നേഹം നീയാണ് തന്നത്. എനിക്ക് പലവിധത്തിലുള്ള സ്നേഹങ്ങളും പല ഇടങ്ങളിൽ നിന്നും കിട്ടിയിട്ടുണ്ട്. പക്ഷെ അതിനെല്ലാം ഉപരി എന്നെ മാത്രം സ്നേഹിക്കുന്ന ഒരാളുടെ സ്നേഹം എനിക്ക്, നീ എന്നെ സ്നേഹിച്ചിരുന്ന കാലങ്ങളിലാണ് അനുഭവിക്കാൻ കഴിഞ്ഞിട്ടുള്ളത്. അതിൽ നിന്ന് നീ പിന്തിരിയുമ്പോൾ ഞാൻ അനുഭവിച്ച ശൂന്യത (പ്രണയത്തിൽ മാത്രമല്ല,ജീവിതത്തിൽ ഉടനീളം) എന്താണെന്ന്,എന്റെ പോലെ നീയും അനുഭവിക്കുകയാണല്ലോ ? ഞാൻ പലസമയങ്ങളിലായി പല തരം തിരിച്ചടികൾ ജീവിതത്തിൽ നിന്ന് നേരിട്ടതാണെന്ന് നിനക്കറിയാവുന്നതാണല്ലോ ? ആ തിരിച്ചടികളെ അതിജീവിക്കാൻ എന്റെ കൂടെ നിന്ന് എനിക്ക് ധൈര്യം തന്ന നീ, തുടർന്നും അതേ സ്നേഹത്തോടെ എന്റെ കൂടെയുണ്ടാവുമെന്ന് ഞാൻ വിശ്വസിക്കുന്നു. തിരിച്ചടികൾ നേരിട്ട് മൃതകോശങ്ങളുമായി ജീവനെ കാത്ത് കിടന്ന എനിക്ക്, എന്റെ മൃതകോശങ്ങളിൽ ജീവൻ പകർന്ന് തന്ന് എന്നെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ നീ എന്നും എന്റെ കൂടെ ഉണ്ടാവണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

ഒരു പ്രണയിനിയും പെട്ടെന്ന് പൊറുത്ത് തരാവുന്ന തെറ്റുകൾ അല്ല എന്റെ ഭാഗത്ത് നിന്ന് സംഭവിച്ചിട്ടുള്ളത്. പക്ഷെ നീ ഒരു സധാരണ പ്രണയിനി അല്ല അങ്ങിനെ ആവരുത് എന്ന് എനിക്കാഗ്രഹമുണ്ട്. അതുകൊണ്ട് തന്നെ നീ മറ്റുള്ള സധാരണ പ്രണയിനികളെ പോലെ വീണ്ടും ഒരേ കാര്യങ്ങൾ തന്നെ ആലോചിച്ച്, ഞാൻ മുൻപ് ചെയ്തുപോയ വലിയ തെറ്റുകളെ മുൻനിർത്തി ഒരു അവസാന തീരുമാനമെടുക്കരുതെന്ന് എനിക്ക് അപേക്ഷയുണ്ട്. അങ്ങനെ ഒരു തീരുമാനത്തിന്, എന്നെ ഇപ്പോഴും ഒരുപാട് സ്നേഹിക്കുന്ന നീ മുതിരില്ല എന്ന് എനിക്ക് ഉറച്ച വിശ്വാസവുമുണ്ട്. ഞാൻ ഇത്ര തീവ്രതയോടെയും,ആഗ്രഹത്തോടേയും മറ്റൊന്നിനേയും സ്നേഹിച്ചിട്ടില്ല എന്ന സത്യം നിനക്കല്ലാതെ മറ്റാർക്ക് അറിയാൻ ? അതുകൊണ്ട് തന്നെ നിന്റെ സ്നേഹം എനിക്ക് വളരെ വളരെ അതാവശ്യമാണ്. എനിയ്ക്ക് നിന്നോടുള്ള സ്നേഹമാണോ ,അതോ നിനക്ക് എന്നോടുള്ള സ്നേഹമാണോ കൂടുതൽ എന്ന് എല്ലാവരിലും സംശയമുളവാക്കും വിധം മത്സരിച്ച് സ്നേഹിച്ചിരുന്ന ആ കാലം ഇനിയും വരട്ടേയെന്ന് ഞാൻ ആത്മാത്ഥമായി ആഗ്രഹിക്കുന്നു.

നീ എന്നെ ആദ്യമായി വിട്ടു പോയ അന്നുമതൽ ഞാൻ, എന്റെ ഭാഗങ്ങൾ ന്യായീകരിച്ച് നിന്നോട് വിശദീകരിക്കാനുള്ള വിഫലശ്രമങ്ങൾ നടത്തി. അതെല്ലാം ഒരു വലിയ പരാജയങ്ങൾ ആയപ്പോൾ, ഞാൻ എന്റെ അത്തരം ശ്രമങ്ങൾ അവിടെ അവസാനിപ്പിച്ചു. പക്ഷെ എനിക്ക് ഉറപ്പുണ്ടായിരുന്നു, ഞാൻ ഇതുവരെ അനുഭവിച്ച എല്ലാ ദു:ഖങ്ങളും നിന്നെ അറിയിക്കാൻ 'സർവ്വശക്തൻ' എനിക്കൊരു അവസരം തരുമെന്ന്. എന്നെ അറിയുന്ന എല്ലാവരും എന്നെ സ്നേഹിക്കുന്ന ഈ വേളയിലെങ്കിലും നീയും എന്നെ പഴയതിലുപരിയായി സ്നേഹിക്കുമെന്നും,വിശ്വസിക്കുമെന്നും എനിയ്ക്ക് പ്രതീക്ഷയുണ്ട്. നിനക്ക് ദോഷകരമായി ഭവിക്കാൻ സാധ്യതയുള്ള, നിന്റെ സ്വന്തമായ ഒരു അടയാളങ്ങളും ഞാൻ എവിടേയും അവശേഷിപ്പിച്ചിട്ടില്ല. കാരണം ഞാൻ നിന്നെ അത്രക്ക് സ്നേഹിക്കുന്നു.

മനുഷ്യരുടെ മുഴുവൻ സ്നേഹത്തിന്റെ പ്രതീകമായി ഈ കത്ത് എന്നെന്നും നിലനൽക്കുമെന്ന് ഞാൻ തീവ്രമായി വിശ്വസിക്കുന്നു, അതിലുപരി ആഗ്രഹിക്കുന്നു.
                                                                                                    ഒരുപാട് സ്നേഹത്തോടെ,
                                                                                                           നിന്റെ സ്വന്തം,
                                                                                                                  മജ്നു

Saturday, 17 September 2011

ഇങ്ങനേയും ഒരു സിനിമ പേരോ ?

സുഹൃത്തുക്കളേ, കുറെ കഥകളായി ഞാൻ പലർക്കും പറ്റിയതും, അവർ ഇളിഭ്യരായതുമായ കഥകളെ കുറിച്ചു പറയുന്നു. ഇനി ഞാൻ എനിക്കു പറ്റിയ ഒരു ഭീമാബദ്ധത്തെ കുറിച്ചു പറയാം. എന്റെ ആക്സിഡന്റിനു ശേഷം കുറെ കാലം ഞാൻ ബാഹ്യ ലോകവുമായി ഒരു ബന്ധവുമില്ലാതെ കഴിഞ്ഞു കൂടിയിരുന്നു. പുറം ലോകവുമായി ബന്ധപ്പെടാൻ ഒരുതരത്തിലും കഴിയാതിരുന്ന എനിക്ക് എന്റെ മെയിൽ ഐഡി കളും അതിലെ വിവരങ്ങളും എല്ലാം നഷ്ട്ടപ്പെട്ടു അങ്ങിനെ ഇരിക്കുമ്പോൾ എനിക്ക് ഏതൊക്കെ സിനിമകൾ ഇറങ്ങി എന്നോ, ആരുടെയൊക്കെ സിനിമകൾ ഇറങ്ങി എന്നോ,ഏതൊക്കെ വിജയിച്ചു എന്നോ അറിയില്ല. അങ്ങനെയിരിക്കെ ഒരു ദിവസം കൈരളി ടി.വി. യിൽ ഏതോ അവാർഡ് നൈറ്റ് നടക്കുന്നുണ്ട്. ഞാനും വീട്ടുകാരോടൊപ്പം അത് കാണാൻ തയ്യാറായി സോഫയിൽ കയറി ഇരുന്നു. ഒരു വർഷം മുമ്പാണ് ട്ടോ, മറക്കണ്ട.

അവാർഡ് നേടിയ ആളെ അവതാരിക സ്റ്റേജിലേക്ക് വിളിക്കും, അപ്പോൾ സ്ക്രീനിൽ അവരുടെ പേരും, അവാർഡിനർഹമായ സിനിമാ പേരും എഴുതിക്കാണിക്കും. അങ്ങനെയാണ് അവതാരണത്തിന്റെ രീതി. അപ്പോൾ ഏതോ എനിക്ക് നന്നായി അറിയാവുന്ന (സിനിമയിലൂടെ) ഒരാളെ വിളിച്ചു. അയാൾ സ്റ്റേജിലേക്ക് നടക്കുമ്പോൾ അയാളുടെ പേരും സിനിമയുടെ പേരും സ്ക്രീനിൽ എഴുതി കാണിച്ചു. ഞാൻ വളരെ കഷ്ടപ്പെട്ട് ആ സിനിമയുടെ പേര് സ്വല്പം ഉറക്കെ വായിച്ചു. കണ....കണ...'കണക്കൻ മണി'(kanakkanmani).അങ്ങനെ വളരെ കഷ്ട്ടപ്പെട്ട് സിനിമ പേര് വായിച്ചവസാനിപ്പിച്ച ശേഷം ഏട്ടനോട് ചോദിച്ചു  'എന്റെ ഏട്ടാ ഇങ്ങനേയും ഒരു സിനിമ ഇറങ്ങിയോ?'

ഞാൻ ഇത്തിരി അദ്ഭുതത്തോടെയാണ് ഏട്ടനോട് ചോദിച്ചത്. മയങ്ങുകയായിരുന്ന ഏട്ടൻ ഞെട്ടിയുണർന്ന് ചോദിച്ചു എന്താ ?  'കണക്കൻ മണി' ന്നൊരു സിനിമ ഇറങ്ങീട്ടുണ്ടോ ?
എന്റെ ചോദ്യം കേട്ടതും ഞെട്ടിപ്പിടഞ്ഞ് ഏട്ടൻ ടി.വി. യിലേക്ക് നോക്കി. എന്നിട്ട് ചോദിച്ചു എന്താ നീ പേര് വായിച്ചേ ? ഞാൻ കൂളായി പറഞ്ഞു കൊടുത്തു. 'കണക്കൻ മണി'.

ഏട്ടൻ ദേഷ്യത്തോടെ ടി.വി ഓഫ് ചെയ്തു എന്നിട്ട് ഇങ്ങനെ പറഞ്ഞു കൊണ്ട് അവിടുന്ന് പോയി. 'ഇവന് തലക്ക് പരിക്കു പറ്റിയപ്പോ വായന ശേഷിയും പോയീ ന്നാ തോന്ന്ണേ, കാണാക്കണ്മണി എന്നു എഴുതിയത് 'കണക്കൻ മണി' ന്നൊക്കെ വായിക്ക്ണെ.'
ഞാൻ സോഫയിൽ അന്തം വിട്ട് കുന്തം വിഴുങ്ങി റിമോട്ടും പിടിച്ച് ഒരു പുളിങ്ങാചിരിയും ചിരിച്ചു കൊണ്ട് നാല് പാടും നോക്കി ആരും അത് കണ്ടിട്ടില്ല,കേട്ടിട്ടില്ല എന്നു ഉറപ്പു വരുത്തി ഇരുന്നു.

Wednesday, 14 September 2011

ഈ മണ്ടൂസന്റെ ഓരോ കാര്യങ്ങളേയ് !

ഇത് ഞാൻ തൃശ്ശൂരിൽ മൾട്ടീമീഡിയ(2003) പഠിക്കുന്ന് കാലത്ത്  പ്രീമിയർ എന്ന ആദ്യകാലത്തെ ഒരു എഡിറ്റിംഗ് സോഫ്റ്റ് വെയറിൽ ചെയ്ത ഒരു എഡിറ്റിംഗ് വർക്ക് ആണ്.
അതുകൊണ്ട് ഇതിനെ ഒരു വലിയ വിമർശകന്റെ കണ്ണുകൾ കൊണ്ട് കാണാൻ ശ്രമിക്കരുത്.Tuesday, 13 September 2011

ഞങ്ങളു പാരമ്പര്യായിട്ട് കമ്മ്യൂണിസ്റ്റ്കാരാ

കറേയായി സംഭവകഥകൾ പറയുന്നു. ഇനി ഒരു കേട്ടകഥയാവാം. ഒരു കെട്ടുകഥ എന്നും പറയാം.

നാട്ടിൽ ഒരു വനിതാ എൽ.ഐ.സി ജീവനക്കാരി ഉണ്ടായിരുന്നു. സാമാന്യം നന്നായി ആളുകളെ ചാക്കിട്ടു പിടിക്കുന്ന ഒരു വനിതാ തൊഴിലാളി. ഒരുപാട് കാലം ഈ പണിയുമായി നടന്നിട്ടും നാട്ടിലെ ആളുകൾക്കൊന്നും തന്നെ അറിയില്ല എന്ന ഒരു പരാതി പുള്ളിക്കാരിക്ക് ഉണ്ടായിരുന്നു. അങ്ങനെ ആലോചിച്ചിരിക്കുമ്പോഴാണ് ആ ആശയം ഭവതിയുടെ മനസ്സിൽ വന്നതു. ഈ എൽ.ഐ.സി കൊണ്ട് ഒന്ന് നാട് ചുറ്റാം. കിട്ടുന്ന ആളുകളെ ചെർക്കുകയും ചെയ്യാം, ഒരുപാട് ആളുകൾക്ക് തനിയ്ക്കെന്താ പണിയെന്ന് മനസ്സിലാവുകയും ചെയ്യും. അങ്ങനെ ഭവതി രണ്ട് കൂട്ടുകാരികളേയും കൂട്ടി ചാക്കിടാനും, പരിചയപ്പെടാനും വേണ്ടി നാട്ടിലേക്ക് ഇറങ്ങി.

പല വീടുകളിലും കയറി, സസാരിച്ചു, പലരേയും എൽ.ഐ.സി യിൽ ചേർത്തു, ചില സ്ഥലങ്ങളിൽ നിന്ന് നല്ല ചീത്തയും കിട്ടി. 'രാവിലെ ഇങ്ങ്ട് എറങ്ങിക്കോളും ഒരു പണിയും ഇല്ലാണ്ടെ, ഒരു ബാഗും തോളിൽ തൂക്കിയാ ഒക്കെ ആയി ന്നാ വിചാരം' ഇങ്ങനെയൊക്കെ പലതും പല സ്ഥലത്ത് നിന്നും കേട്ടു. പക്ഷെ ഭവതി പിന്തിരിയാൻ ഒരുക്കമില്ലായിരുനു. 'മുന്നോട്ട് വച്ച കാൽ പിന്നോട്ട് ഇല്ല, എന്തായാലും നേരിടുക തന്നെ' ഈയമ്മ മനസ്സിലുറപ്പിച്ചു. അങ്ങനെ കുറേ ദൂരം നടന്നു, പല ആളുകളേയും ചേർത്തു.അങ്ങനെ അവരിൽ കുറച്ചു സന്തോഷം മൊട്ടിട്ടു. കാരണം ഇനിയെന്തായാലും നാട്ടിൽ ആരും തന്നെ കണ്ടാൽ എന്താ ഇതിന് പണീ ന്ന് സശയിച്ചു നോക്കില്ല. ഈയമ്മയുടെ മനസ്സിൽ ആ സന്തോഷം അലതല്ലി.

അങ്ങനെ ഒരു വീട്ടിൽ ചെന്ന് കയറി. നടന്ന് നടന്ന് ഒരുപാടായി, ആളുകളോട് വിശദീകരിച്ചും, നാട്ടുവിശേഷങ്ങൾ പറഞ്ഞും എല്ലാവർക്കും മടുത്ത് തുടങ്ങി. അങ്ങനെ ചെന്നു കയറിയ പാടേ ആരോ, എന്തൊക്കെയോ, എൽ.ഐ.സി യെ കുറിച്ച് വിശദീകരിച്ചു പറഞ്ഞു. വീട്ടിൽ ഒരു സ്ത്രീ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പാവം സ്ത്രീ സാരിതലപ്പു കൊണ്ട് പിന്നിലൂടെ ചുറ്റി മുന്നിലേക്കിട്ട് വയറിനോട് ചേർത്ത് പിടിച്ച് ചുമരും ചാരി നിന്ന് എല്ലാം ക്ഷമയോടെ കേട്ടു. പറയുന്ന സംഭവങ്ങളോടൊക്കെ ആ സ്ത്രീ നന്നായി നന്നായി ചിരിച്ചു പ്രതികരിക്കുന്നത് കണ്ടപ്പഴേ എൽ.ഐ.സി  ജീവനക്കാരിക്ക് ഉഷാറായി. അവർ ചേരും എന്ന് മനസ്സിലുറപ്പിച്ച് സ്ത്രീ ബാഗിൽ നിന്ന് ബൂക്കും പേനയും എടുത്ത് എഴുതാൻ ഉഷാറായി. എന്നിട്ട് ആ പാവത്തിനോട് ചോദിച്ചു.
'ന്നാ   എല്ലാവരീം ചേർക്കാ മ്മക്ക്.'

ആ പാവം സ്ത്രീ ചുമരും ചാരി നിന്ന് കൊണ്ട് തന്നെ വളരെ ശാന്തമായി എൽ.ഐ.സി ക്കാരിയോട് ഇങ്ങനെ പറഞ്ഞു. 'ഞ്ഞങ്ങളു പാരമ്പര്യായിട്ട് കമ്മ്യൂണിസ്റ്റ് കാരാ, വേറെ ഏതെങ്കിലും പാർട്ടീ ചേർന്നു ന്ന് പറഞ്ഞാ ഏട്ടനു അതിഷ്ട്ടാവില്ല. അതോണ്ട് ങ്ങളൊക്കെ ഇപ്പൊ പൊയ്ക്കോളിൻ.'
അതും കേട്ട് അവിടുന്ന് ഇറങ്ങിയ നമ്മുടെ എൽ.ഐ.സി യും സംഘവും വേറെ എവിടേയും കയറി തന്നെ പരിചയപ്പെടുത്താൻ നിൽക്കാതെ സ്വന്തം വീടുകളിലേക്ക് പോയി. എൽ.ഐ.സി യ്ക്കും കൂട്ടാളികൾക്കും നല്ലൊരു ഉറക്കം വേണ്ടി വന്നു ആ മറുപടിയുടെ ക്ഷീണം തീർക്കാൻ.

Friday, 9 September 2011

ത്സാൻസീ റാണി(നാക്ക് വാളാണെങ്കിൽ മാത്രം)!

എന്റെ പ്രിയ സുഹൃത്തുക്കളെ ഞാൻ ഇനി നാട്ടിലെ ഒരു സംഭവം പറയാം. ഇതിലെ കഥാപാത്രങ്ങൾ എനിക്കു വളരെ അടുത്ത് താമസിക്കുന്നതാണു. അതു കൊണ്ട് ഇതിനെപറ്റി പറഞ്ഞ് പറഞ്ഞ് ഒരു 'പബ്ലിക്കിറ്റി' ആക്കരുത്.

ഞ്ഞങ്ങൾ കളിക്കുന്ന പാടത്തിന്റെ മേൽഭാഗത്തായി കുറച്ച് സ്ഥലം(പാടം), ഞൻ മുൻ പോസ്റ്റുകളിൽ വിവരിച്ചു പറഞ്ഞ നമ്മുടെ സുരേട്ടന്റെ വകയാണു. അവിടെ ഇടക്കിടെ സുരേട്ടന്റെ അഛൻ ചിന്നക്കുട്ടേട്ടൻ വന്ന് കണ്ട് പോവാറുണ്ട്. ഞങ്ങളുടെ കളി വളരെ നന്നായി പുരോഗമിക്കുമ്പോഴായിരുന്നു, അന്ന് ചിന്നക്കുട്ടേട്ടന്റെ വരവ്. അദ്ദേഹത്തിന്റെ പാടത്തിനടുത്ത് രണ്ട് വീടുകളുണ്ട്. ഒന്ന് ഞങ്ങളുടെ കൂടെ കളിക്കുന്ന എന്റെ സുഹൃത്തുക്കളായ സനുവിന്റേയും, അനുജൻ പ്രമോദിന്റേയും വീട്, മറ്റേത് കളിക്കാനൊന്നും മക്കളെ വിടാത്ത മാളു ഉമ്മയുടെ വീട്.

അങ്ങനെ അന്നും ചിന്നകുട്ടേട്ടൻ പാടത്തേക്ക് വന്നു. പാടങ്ങൾ വിശദമായി പരിശോധിക്കുന്ന നേരത്താണു അത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടത്. താൻ പശുക്കൾക്ക് വേണ്ടി അരിയാൻ കാത്തുവച്ച പുല്ല് ആരൊ അരിഞ്ഞെടുത്തിരിക്കുന്നു. അങ്ങേർക്കു സശയമൊന്നും ഇല്ലായിരുന്നു അത് എടുത്തത്  ആരാണെന്നു ?കാരണം അതിന്റെ ആവശ്യകാർ അടുത്ത വീട്ടിലെ മാളുമ്മ ആയിരുന്നു.
ഉമ്മയുടെ വീട്ടിൽ ആടുകൾ ഉണ്ടായിരുന്നു.

ചിന്നകുട്ടേട്ടൻ നേരം കളയാതെ മാളുമ്മയെ വിളിച്ച് കാര്യം തിരക്കി. 'ഇതാരാ മാള്ഓ ഈ പുല്ലൊക്കെ അരിഞ്ഞെ' ?
മാളുമ്മയുടെ മറുപടി കുറച്ചു ധാർഷ്ട്യത്തിൽ ആയിരുന്നു. 'ആരായാ ന്താ ?
ങ്ങളു പുല്ലല്ലല്ലോ തിന്നണത് '!
അപ്പോളും ചിന്നകുട്ടേട്ടൻ മാന്യത വിട്ടില്ല. ഇങ്ങനെ ചോദിച്ചു. 'ന്നാലും യ്യ് ഇന്റെ പാടത്ത് ന്ന് പുല്ലരിയുമ്പോ ന്നോടൊന്ന് ചോയിക്കണ്ടെ?'
ഇത് കേട്ടതൊടെ മാളുമ്മയുടെ സകല നിയന്ത്രണവും നഷ്ട്ടപ്പെട്ടു. ആയിരം ആളുകൾ ഒരുമിച്ച് വന്നാലും പൊരുതി നിൽക്കാൻ മാളുമ്മയെ സഹായിക്കുന്ന തന്റെ ഉടവാൾ ഉറയിൽ നിന്ന് വലിച്ചൂരി അത് ചിന്നക്കുട്ടേട്ടന്റെ നേർക്ക് വീശി.
'ആരുക്കും വേണ്ടാണ്ട നിക്കണ പുല്ലരിയാൻ അന്നോട് ചോയിക്കാൻ ഇക്ക് വയ്യ'.
&*%$#@$%^&***&^%$$##@#$%^^&*&*^%$#@$%%
^%$#@$#%^&**&^%%$###$%$%
യ്യന്റെ പണി നോക്കി പോട മൊട്ടേ അവ്ട്ന്ന് '.
സംഭവങ്ങൾ ഇത്രത്തോളം ആയപ്പൊ ഞങ്ങൾ കളി നിർത്തി. ഒരു വാക്പയറ്റിനു ചെവിയോർത്തു. പക്ഷെ ചിന്നകുട്ടേട്ടന്റെ ഒരു തണുപ്പൻ ക്ഷമ കാരണം ഒരു വാക്പയറ്റ് ഞങ്ങൾക്ക് മിസ്സ് ആയി. മാളുമ്മയോട് ഒന്നും പറയാതെ ചിന്നകുട്ടേട്ടൻ തിരിച്ചു നടന്നു. ഒരു വാക്പയറ്റ് നഷ്ടമായതിൽ ഞങ്ങൾക്ക് നല്ല നിരാശ തോന്നി. പക്ഷെ തിരിഞ്ഞു പോവുമ്പോൾ ചിന്നകുട്ടേട്ടൻ ഇങ്ങനെ പിറുപിറുക്കുന്നുണ്ടായിരുന്നു.'യ്യതോക്കെ പറയും മാള്ഓ, യ്യതോക്കെ പറയും'. 

Wednesday, 7 September 2011

ഡാ മനേഷേ...യ്യ് മാനല്ലടാ...

പഴയ സംഭവങ്ങൾ കുറെ ഓർത്തു. ഇനി നമുക്കു എനിക്ക് അപകടം പറ്റുന്നതിന്റെ ഏകദേശം ഒരു വർഷം മുൻപ് നടന്ന ഒരു കാര്യം നോക്കാം.

ഞാൻ എറണാംകുളത്ത് ടൂൺ കർമ്മ യിൽ ജോലി ചെയ്യുന്ന സമയത്ത് നടന്ന ഒരു സംഭവം നോക്കാം. ഞാൻ, എന്റെ ട്രൈൻ സുഹൃത്ത് പ്രമോദ്, ഞങ്ങളുടെ സംവിധായകൻ റാം, പ്രധാന ആർട്ടിസ്റ്റുകളായ അഭിലാഷ്, ടോണി,സന്ദീപ്,ശബ്ദത്തിന്റെ കലാകാരൻ ഹരീഷ്, ഗോപാൽജി, വേറൊരു വെബ് ഡിസൈനർ സന്ദീപ് തുടങ്ങിയവർ അടങ്ങിയതായിരുന്നു ടൂൺകർമ്മയിലെ സഹപ്രവർത്തകർ. ഞങ്ങളുടെ ബോസ് ഒരു മഹേഷ് സർ ആയിരുന്നു. ഒരു പാവം പ്രോഗ്രാമർ. അദ്ദേഹം ആരോടും അങ്ങനെ ദേഷ്യപ്പെട്ട് ഞാൻ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ എല്ലാവരും ജോലിയിൽ ഒരു അർപ്പണ മനോഭാവം കാണിച്ചിരുന്നു. 'സമ്മർദ്ദം അല്ല ഒരാളെ ജൊലി ചെയ്യാൻ പ്രേരിപ്പിക്കേണ്ടത്, മറിച്ച് അതിനോടുള്ള ഇഷ്ടമാണ് ' എന്ന സിദ്ധാന്തം വളരെ നന്നായി നടന്ന് പോകുന്ന ഒരു സ്ഥാപനം ആയിരുന്നു ടൂൺ കർമ്മ. അതുകൊണ്ട് തന്നെ അതിലെ ആർക്കും വല്ലാത്ത സമ്മർദ്ദം അനുഭവിക്കേണ്ടി വന്നിരുന്നില്ല.
ഞാൻ manesh mann എന്നാണ് സ്വന്തം പേര് പലയിടങ്ങളിലും ഉപയോഗിച്ചിരുന്നത്. ടൂൺ കർമ്മയിൽ ഉള്ള എല്ലാവരും എന്നെ 'മാൻ' എന്നാണ് വിളിച്ചിരുന്നത്. ഉച്ചാരണം ഞാൻ ഉദ്ദേശിക്കുന്നതതല്ലെങ്കിലും, എനിക്കാ വിളി നല്ല ഇഷ്ടാമായിരുന്നു. പ്രത്യേകിച്ച് റാമിന്റേയും,അഭിലാഷിന്റേയും, കഥാനായകൻ സന്ദീപിന്റേയും വിളികൾ.

ടൂൺ കർമ്മയിൽ നിന്ന് ഏകദേശം ആറു മണിയോടെ ഞാൻ ഇറങ്ങും.ഇറങ്ങുമ്പോൾ അഭിലാഷോ ടോണിച്ചനോ ആരെങ്കിലും കടവന്ത്ര വരെ കൂടേയുണ്ടാകും. അന്നു കൂടെ ടോണിച്ചനും അഭിലാഷും ഉണ്ടായിരുന്നു. ഞങ്ങൾ ഒരു ബ്ലോഗ് എഴുതുന്നതിനെ കുറിച്ചു കൂലങ്കഷമായ ചർച്ചയിൽ ആയിരുന്നു. ഇത് കേട്ട് കൂടെ വന്ന ആർട്ടിസ്റ്റ് സന്ദീപിന് ആകെ കലിപ്പിളകിക്കൊണ്ടിരുന്നു.
ടോണി: എടാ മനേഷെ, ഈ ബ്ലോഗെഴുത്ത് അത്ര സിമ്പിൾ  പരിപാടിയൊന്നുമല്ല.
അഭിലാഷ്: അല്ലെങ്കിലും, ഒന്നും അത്ര സിമ്പിൾ ഒന്നുമല്ല. നമ്മുടെ ആഗ്രഹം പോലിരിക്കും.
ടോണീ: എന്നാലും ഈ വിശാല മനസ്കന്റേയും ബർളിയുടേയും എഴുത്ത് കൊള്ളാം ട്ടോ.
അഭിലാഷ്: അതുപോലെ ഒരിക്കൽ നമ്മുടെ പേരും ആരെങ്കിലുമൊക്കെ പറഞ്ഞു നടക്കും, ഉറപ്പാ !
ഞാൻ: അങ്ങനെയാവട്ടെ, നമ്മൾ ശ്രമിക്കും ബാക്കിയെല്ലാം വിധിപോലെ.

ഇതൊക്കെ കേട്ട് സന്ദീപിന് ഭ്രാന്ത് പിടിച്ചു. അവൻ പറഞ്ഞു നിങ്ങളീ സംസാരം ഇവിടെ വച്ചു നിർത്ത്വാണെങ്കിൽ എന്റെ വക മനോരമയുടെ അടുത്ത് നിന്ന് തട്ടുകട  തട്ടൽ ഫ്രീ. അങ്ങനെ ഞങ്ങളെല്ലാവരും സന്ദീപിന്റെ ആ ഓഫർ സ്വീകരിച്ചു. ആ സംസാര വിഷയം അവിടെ വച്ച് നിർത്തി.എന്നിട്ട് ഞങ്ങൾ മനോരമ ജംഗ്ഷനിലേക്ക് തട്ടുകടയെ ലക്ഷ്യമാക്കി നടന്നു.

ടോണിച്ചൻ പറഞ്ഞ നല്ലൊരു തട്ടുകടയെ ലക്ഷ്യമാക്കി ഞങ്ങൾ നീങ്ങി. അവിടുന്നു ടോണിച്ചനും കാഷ്യർ സന്ദീപും ഒരോ കടിയും ചായയും കഴിച്ച് പരിപാടി അവസാനിപ്പിച്ചു. കടിക്കും ചായക്കും ഒക്കെ മൂന്ന് രൂപയായിരുന്നു.
എന്നാൽ അഭിലാഷും ഞാനും പിശുക്കൻ സന്ദീപിനെ അങ്ങനെ വിടാൻ ഒരുക്കമല്ലായിരുന്നു. ഞങ്ങൾ സന്ദീപിനോടുള്ള ദേഷ്യം തീർക്കാനെന്നവണ്ണം, കായബജികൾ ഓരോന്നായി അകത്താക്കികൊണ്ടിരുന്നു. സന്ദീപും ടോണിച്ചനും 'ഉദാരവൽക്കരണത്തെ' പറ്റിയും 'അമേരിക്കൻ നയങ്ങളെ' കുറിച്ചും ഗംഭീര ചർച്ചയിൽ ആയിരുന്നു. ചർച്ചയൊക്കെ കഴിഞ്ഞ് അവൻ പൈസ കൊടുക്കാൻ വന്നു. 'ഡാ അഭ്യേ, മാനേ അവസാനിപ്പിച്ചില്ലേ ?' അവൻ ഞങ്ങളോട് ചോദിച്ചു. 'അതൊക്കെ കഴിഞ്ഞു, നീ പൈസ കൊടുത്ത് വാടാ' അഭിലഷ് പറഞ്ഞു.

അങ്ങനെ അവൻ ചെന്ന് ചോദിച്ചു, 'ഏട്ടാ എത്രേയി ?' എന്നിട്ട് പാന്റിൽ നിന്ന് പേഴ്സ് എടുക്കാൻ തുടങ്ങി. സംഭവത്തിന്റെ ക്ലൈമാക്സ് എകദേശം അറിയാവുന്നതുകൊണ്ട് ഞാനും അഭിയും അവിടുന്ന് മെല്ലെ നടന്നു തുടങ്ങി. ഞങ്ങൾ കുറച്ചു ദൂരം ചെന്ന് തിരിഞ്ഞു നിന്നു.
'നൂറ്റിരണ്ട് രൂപ' കടക്കാരൻ വളരെ സന്തോഷത്തോടെ അവനോട് പറഞ്ഞു. അതു കേട്ടതും അവൻ വളരെ ദയനീയമായി ഞങ്ങളെ രണ്ട് പേരെയും നോക്കി. എന്നിട്ട് കാശ് കൊടുത്തു. എന്റേയും അഭിയുടേയും കണക്കുകൂട്ടലിൽ അയാൾക്ക് കണക്ക് തെറ്റിയിരിക്കുന്നു. ഞങ്ങളുടെ കൂട്ടലിൽ അതു വളരെ കുറഞ്ഞു പോയിരിക്കുന്നു. സന്ദീപ്, പൈസ കൊടുത്ത് ഞങ്ങളുടെ കൂടെ എന്നെ ബസ് കയറ്റാൻ വേണ്ടി മനോരമ ജംഗ്ഷനിലേക്ക് നടക്കുന്നതിനിടയിൽ എന്നെ ചൂണ്ടി  ആക്രോശിച്ചു കൊണ്ട് പറഞ്ഞു.
'ഡാ മനേഷേ,...... യ്യ് മാനല്ലടാ,... പന്ന്യാ....  പന്നി.'

Monday, 5 September 2011

സ്നേഹിക്കാൻ പഠിക്കാൻ ഒരു സർവകലാശാല !

എന്റെ ഒരു പ്രിയ സുഹൃത്ത് കഴിഞ്ഞ പോസ്റ്റ് വായിച്ച് എന്നോട് പറഞ്ഞു "മനേഷേ നീ പോസ്റ്റിലെ വിഷയങ്ങൾ ആവർത്തിക്കാതിരിക്കാൻ നോക്കണം"എന്ന്. പക്ഷെ സുഹൃത്തേ ഒരു കാര്യം,
ഞാൻ സ്നേഹത്തെ കുറിച്ചാണ‌ല്ലോ എഴുതുന്നത്. അപ്പോൾ അതെങ്ങനെ എനിക്ക് ആവർത്തിക്കാതിരിക്കാൻ കഴിയും ? നിങ്ങളുടെ അടുത്തു നിന്നൊക്കെ ഒരു കടലോളം സ്നേഹം കിട്ടുന്ന എനിക്ക് എങ്ങിനെ ബ്ലോഗ്ഗിൽ സ്നേഹത്തെ കുറിച്ച് ചുരുക്കി എഴുതാൻ കഴിയും ? എനിക്കുറപ്പ് ഉണ്ട് നീ ഇതു എന്നോട് ക്ഷമിക്കുമെന്ന്. എനിക്ക് കിട്ടുന്ന സ്നേഹത്തിനെ കുറിച്ചു എഴുതുവാൻ ഈ ബ്ലോഗുകൾ ഒന്നും തികയില്ല!

ഒരു കടലോളം സ്നേഹം അനുഭവിക്കേണ്ടി വന്ന എനിക്ക് ഒരു കുളം പോലുള്ള ചെറിയ അളവിലുള്ള സ്നേഹമെങ്കിലും നിങ്ങൾക്കൊന്നും നൽകാൻ കഴിഞ്ഞില്ലെങ്കിൽ അതു ഞാൻ എന്നെ തന്നെ വഞ്ചിക്കുന്നതിനു സമമാകും. ഒരു താമര, പ്രപഞ്ചത്തിലെ ഏറ്റവും വലിയ ഊർജ്ജ സ്രോതസ്സായ സൂര്യനിൽ നിന്നും നേരിട്ട് ഊർജ്ജം സ്വീകരിക്കുന്നു. അതു പോലെ സ്നേഹത്തിന്റെ സവകലാശാലയായ തിരുവനന്തപുരം ശാന്തിഗിരി എന്ന ആശ്രമത്തിലെ കൂറ്റൻ വെണ്ണക്കൽ താമര സൂര്യനിൽ നിന്ന് നേരിട്ട് ഊർജ്ജം സ്വീകരിച്ച് അതിനകത്തു വരുന്നവർക്ക് എല്ലാവർക്കും നൽകുന്നു. ആ വെണ്ണക്കൽ താമരയുടെ ഊർജ്ജം സ്വീകരിക്കാൻ നമ്മുടെ വംശമോ, കുലമോ, ഗോത്രമോ ഒന്നും ഒരു തടസ്സമല്ല.സ്നേഹം അതിന്റെ ശരിയായ രൂപത്തിൽ അവിടുന്ന് നമുക്ക് ലഭിക്കുന്നു.നമ്മൾ എന്ത് ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും വിശ്വസിച്ചാലും കുഴപ്പമില്ല, അവിടെ എത്തിയാൽ നമുക്ക് ശരിയായ സ്നേഹം എന്താണെന്നും അത് എങ്ങിനെയാണെന്നും മനസ്സിലാകും.

ആഹാരം,വസ്ത്രം,പാർപ്പിടം എന്നിവയാണു നമ്മൾ പഠിച്ച, മനുഷ്യന് വേണ്ട പ്രാഥമിക ആവശ്യങ്ങൾ. ഇതിൽ വസ്ത്രമില്ലാതെയും,പാർപ്പിടമില്ലാതെയും നമുക്ക് ജീവിക്കാം. പക്ഷെ ആഹാരമില്ലാതെ നമുക്കു ജീവിക്കുക അസാധ്യം.ഇതിനെല്ലാം ഉപരി സ്നേഹമില്ലാതെ ഒരു മനുഷ്യനു, ഈ ലോകത്ത്, നമുക്കിടയിൽ ജീവിക്കുക വളരെ പ്രയാസം. അങ്ങിനെ വരുമ്പോൾ നമ്മുടെ പ്രാഥമിക ആവശ്യങ്ങൾ ആഹാരം,സ്നേഹം എന്നിങ്ങനെ രണ്ടായി ചുരുങ്ങുന്നു. ഇങ്ങനേയുള്ള പ്രാഥമിക ആവശ്യങ്ങൾ നടത്തിത്തരുന്ന സ്ഥലത്തെ നമ്മൾ എങ്ങിനെ കാണും ? പുണ്യ സ്ഥലമോ അതോ ക്ഷേത്രമോ ? അതുകൊണ്ടാണു ഞാൻ ശാന്തിഗിരിയെ 'സ്നേഹത്തിന്റെ സർവകലാശാല' എന്ന് വിളിക്കാൻ ഇഷ്ടപ്പെടുന്നത്. നമ്മുടെ രാഷ്ടൃപതി വെണ്ണക്കൽ താമര ഉദ്ഘാടനത്തിനു വന്നപ്പോൾ പറയുകയുണ്ടായി 'ശാന്തിഗിരി' ഒരിക്കൽ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകും എന്ന്. ആ കാലം വിദൂരത്തല്ലെന്ന് തെളിയിക്കുംവിധമാണു ശാന്തിഗിരിയുടെ ഇപ്പോഴത്തെ പോക്ക്. എല്ലാവർക്കും പ്രാഥമിക ആവശ്യങ്ങളായ ഭക്ഷണം,സ്നേഹം എന്നിവ കൊടുക്കുക എന്ന ഗുരുവിന്റെ ആഗ്രഹത്തിലൂടെ മാത്രം നീങ്ങുകയാണെങ്കിൽ ശാന്തിഗിരി അധികം വൈകാതെ തന്നെ ഈ ലോകത്തിന്റെ മുഴുവൻ ശ്രദ്ധാകേന്ദ്രമാകും എന്നുറപ്പാണു.എന്റെ പ്രിയ സുഹൃത്തുക്കളേ എന്റെ ജീവിത വർഷ,ശിശിര,ഗ്രീഷ്മ,വസന്ത കാലങ്ങളിൽ ധാരാളം തമാശ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതെല്ലാം ഈ ബ്ലോഗിൽ വരും പോസ്റ്റുകളിൽ പ്രതീക്ഷിക്കാം.സന്തോഷകരമായ എന്റെ പോളി കാലഘട്ടം, അതിനു ശേഷം വന്ന എനിക്ക് മറക്കാനാവാത്ത ട്രൈൻ യാത്രാ കാലം,പിന്നീട് വന്ന എന്റെ പാലക്കാട് ആദ്യ ജോലി അനുഭവങ്ങൾ, അതിനു ശേഷമുള്ള എറണാംകുളം ജോലി അനുഭവങ്ങൾ അങ്ങനേയങ്ങനെ എനിക്കു ഓർത്തു സന്തോഷിക്കാൻ നിരവധി ഓർമകൾ ഉണ്ട്. അതിലൂടെയെല്ലാം നല്ല ഒരു യാത്ര നമുക്കു വരും പോസ്റ്റുകൾ വഴി നടത്താം. ആദ്യത്തെ രണ്ടു പോസ്റ്റുകളിൽ, എന്റെ ആക്സിഡന്റ് കഴിഞ്ഞ് വിശ്രമിക്കുന്ന സമയങ്ങളിൽ എന്റെ മനസ്സിനെ സ്പർശിച്ചുകൊണ്ട്  കടന്നു പോയ കാഠിന്യമേറിയ അനുഭവങ്ങൾ വളരെ തീക്ഷ്ണത കുറച്ചു കൊണ്ട് ഞാൻ വിവരിക്കുന്നതാണു. വരും പോസ്റ്റുകളിൽ നമുക്ക് അനുഭവങ്ങൾ കൂടുതൽ സന്തോഷകരമാക്കാം.

അന്താക്ഷരി അഥവാ അന്തമുള്ളവരുടെ പാട്ട് !

ഞ്ഞങ്ങൾ നാട്ടിലുള്ളവ്ർക്ക് ഒരു അസ്ക്യതയുണ്ട്, ഏതെങ്കിലും കൂട്ടുകാരന്റെ കല്യാണത്തിന്റെ തലേദിവസം, അട്ടവും, പാട്ടും, ചില ആളുകൾ വെള്ളമടിയും ഒക്കെ ആയി ആ ദിവസം ഞങ്ങൾ ശിവരാത്രി ആക്കും. അങ്ങിനെ ഒരു കല്ല്യാണത്തലേന്ന് ഞങ്ങൾ എല്ലാവരും ഒത്തുകൂടി. സുരേട്ടൻ, പ്രസാദേട്ടൻ, ജ്യേഷ്ഠസുഹൃത്ത് സ്വാതി മനോജ്, സൈഫു, ഷിജു, പുലാശ്ശേരിയുടെ ഗായകൻ രവി,സുധി അങ്ങിനെ ഒരുപാട് പേരുണ്ട്. ഞങ്ങളങ്ങനെ തകർക്കുകയായിരുന്നു. അപ്പോൾ സുരേട്ടൻ പറഞ്ഞു നമുക്ക് 'അന്താക്ഷരി കളിക്കാം'. ഞങ്ങളൊക്കെ സമ്മതിച്ചു. അങ്ങനെ കളി തുടങ്ങി, അത് ശക്തിയായി മുന്നേറി.

സംഗീതം സിംഹത്തിന്റെ മടയിൽ പോയി അഭ്യസിക്കുന്ന മനോജ്, ഷിജു അങ്ങനേയുള്ളവർ ഒരു ചേരിയിലും, ഞങ്ങൾ വായ്പാട്ടുകാർ സൈഫു, സുരേട്ടൻ, സുധി,രവി,ഞാൻ തുടങ്ങിയവർ എതിർ ചേരിയിലും. അന്താക്ഷരി അന്തമില്ലാതെ അങ്ങനെ മുന്നേറിക്കൊണ്ടിരുന്നു. ഒരു പാട്ടിന്റെ നാലു വരിയെങ്കിലും ഒരു ടീം പാടണം. അതിന്റെ മൂന്നാമത്തെ വരിയുടെ അവസാനത്തെ അക്ഷരം വച്ച് എതിർ ടീം തുടങ്ങണം. അങ്ങിനേയാണു അന്താക്ഷരി കളിയുടെ നിയമം. ഏതെങ്കിലും ടീമിനു അതിനു കഴിഞ്ഞില്ലെങ്കിൽ ആ ടീം തോൽക്കും. ഞങ്ങളുടെ ടീമിൽ രവി ഉള്ളതു കൊണ്ടു ഞങ്ങൾ ഒരുവിധം പിടിച്ചു നിന്നു.
രവി അല്ലാതുള്ളവരൊക്കെ വായ്പാട്ടുകാരായിരുന്നു.

അങ്ങനെ കളി മുന്നേറുന്നതിനിടയിൽ മനോജിന്റെ ടീം 'റ' എന്ന അക്ഷരത്തിൽ മൂന്നാം വരി അവസാനിക്കുന്ന ഏതോ ഒരു പാട്ടു പാടി. ഞങ്ങൾ കൂലങ്കഷമായി ആലോചിച്ചു. എത്ര ആലോചിച്ചിട്ടും 'റ' യിൽ തുടങ്ങുന്ന ഒരു പാട്ട് ഞങ്ങൾക്ക് കിട്ടുന്നില്ല. പക്ഷെ തന്ത്രപരമായി കാര്യങ്ങളെ നേരിടുന്നതിൽ വിദഗ്ധരായ ഞങ്ങളുടെ ടീമിൽ നിന്ന് സൈഫു ആ വെല്ലുവിളി സധൈര്യം ഏറ്റെടുത്തു. അവൻ പാടിയതു ഒരു തകർപ്പൻ പാട്ടായിരുന്നു. അതിങ്ങനെ
             
                 റോജബക്കിടി സോട്ടെ,
                 റോമനടി സോട്ടെ,
                 അദ്നാബിസ് ഇദ്നാബിസ്
                 എക്സറടി സോട്ടെ.

ആ പാട്ടോട് കൂടി ആ അന്താക്ഷരി കളി അവിടെ അവസാനിച്ചു. ഞങ്ങളുടെ എതിർ ടീം തോറ്റതായി പ്രഖ്യാപിക്കപ്പെട്ടു. അങ്ങനെ ഞങ്ങളുടെ അന്താക്ഷരി അന്തമില്ലാതെ അവസാനിച്ചു. പക്ഷെ അങ്ങനെ തോറ്റതായി പ്രഖ്യാപിക്കപ്പെട്ട് അന്തം വിട്ട് ഇരിക്കുമ്പോഴും സംഗീത സാഗരത്തിൽ നീന്തിത്തുടിക്കുന്ന ഷിജു, മനോജ് പ്രഭൃതികൾക്ക് ആ സംശയം മാറിയിട്ടുണ്ടായിരുന്നില്ല. അങ്ങനേയൊരു മലയാളം പാട്ടുണ്ടോ ? 

Friday, 2 September 2011

സൈക്കിൽ യജ്ഞം ഒരു കൂതറക്കഥ !

എനിക്കൊരു കൂട്ടുകാരനുണ്ടായിരുന്നു. അവന്റെ പേരെന്തായാലും കുഴപ്പമില്ല, അവൻ ഈ നാട്ടിൽ വർഷങ്ങൾക്ക് മുൻപേ കുടിയേറി താമസിക്കുന്നതാണു എന്നു ഞാൻ പറയും, കാരണം അവനു മലയാളം അത്ര പിടിപാടില്ല. ഇനി പേരു ചോദിക്കരുത് കഥ പറയട്ടെ.അവൻ സൈക്കിൾ ഓടിക്കാൻ പഠിച്ചിട്ടേ ഉള്ളൂ. ആളുകൾ കൂടി നിൽക്കുന്ന ചായക്കടയുടെ അടുത്തൂടെയുള്ള പഞ്ചായത്ത് റോഡിൽ ക്കൂടി  അവൻ സൈക്കിൾ തകർത്തു ചവിട്ടുകയാണു. അപ്പോഴാണത് സംഭവിച്ചത്, ഒരു ഓട്ടോ ചീറി പാഞ്ഞ് വന്ന് അവന്റെ സൈക്കിളിനിട്ട് ചെറുതായി ഒരിടി കൊടുത്തു. ആകെ ആൾക്കൂട്ടമായി സംസാരിച്ച് സംസാരിച്ച് അങ്ങോട്ടും ഇങ്ങോട്ടും വാക്കേറ്റമായി, ഉന്തും തള്ളുമായി. പാവം എന്റെ സുഹൃത്ത് അവൻ കുറെ സംസാരിച്ചു നോക്കി, പക്ഷെ ഓട്ടോക്കാരുടെ അടുത്ത് അത് വല്ലതും നടക്കുമോ ?

അവസാനം ഒരു വയസ്സായ ആൾ ചായക്കടയിൽ നിന്നിറങ്ങി വന്ന് ഓട്ടോക്കാരനോട് സംസാരിച്ചു.
'നീയങ്ങനെ ആ പാവം പയ്യനെ കുറ്റം പറഞ്ഞ് രക്ഷപ്പെടാൻ നോക്കണ്ട. അവൻ ഒരു സൈഡിൽ കൂടി വരികയായിരുന്നു' അയാൾ പറഞ്ഞു. ഈ വാക്കേറ്റത്തിനും സംസാരത്തിനും ഇടയിൽ ആരൊക്കെ ആരുടെ ഭാഗം പറയുന്നു എന്ന് ആർക്കും തിരിച്ചറിയാൻ വയ്യ.'ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല, കുറ്റം മുഴുവൻ ആ ചെക്കന്റേയാ, എനിക്കൊന്നും ചെയ്യാനില്ല' ഇങ്ങനെ പറഞ്ഞ് ഓട്ടോക്കാരൻ കയ്യൊഴിഞ്ഞു. അപ്പോൾ ചായക്കടയിൽ നിന്നും ഇറങ്ങി വന്ന ആ വയസ്സൻ പറഞ്ഞു 'നീ അങ്ങനെ നല്ലപിള്ള ചമയണ്ട, ഞ്ഞങ്ങളൊക്കെ കണ്ടു നിൽക്കുന്നതാ. ആ പയ്യൻ നിരപരാധിയാ'.

ഇതു കേൾക്കേണ്ട താമസം പയ്യൻ ഉശിരോടെ ചാടി വന്നു. വന്നപാടെ അവൻ ആ പാവം മനുഷ്യനോട് തട്ടിക്കയറി. 'ദേ തന്തേ വയസ്സനാണെന്ന് ഞാൻ നോക്കില്ല, ഒറ്റചവിട്ടു വച്ചുതരും, ........ഞാനാ തന്തേ നിരപരാധി ? .......ആ ഓട്ടോക്കാരനല്ലേ നിരപരാധി ? അവിടെ കൂടി നിന്നിരുന്ന എല്ലാവരും ഒരു നിമിഷം അന്തം വിട്ട് നിന്നു.പിന്നെ പതുക്കെ ചിരിച്ചു കൊണ്ട് അവരവരുടെ സ്ഥലങ്ങളിലെക്ക് പോയി. ഇതിന്റെ അവസാനം ഓട്ടോക്കാരൻ ഓട്ടോക്കാരന്റെ വഴിക്കും നമ്മുടെ കഥാനായകൻ സൈക്കിൾ എടുത്ത് അവന്റെ വഴിക്കും പോയി. ആരും ആർക്കും കാശ് കൊടുക്കാതെ. പക്ഷെ അപ്പൊഴും ആ പാവം എന്റെ സുഹൃത്തിന്റെ സംശയം മാറിയിരുന്നില്ല- 'എന്നാലും എല്ലാവരുമെന്തേ പെട്ടെന്ന് സസാരം നിർത്തി, ചിരിച്ചു കൊണ്ട് പിരിഞ്ഞു പോയത് ?'
ഞാൻ പറയുന്ന കഥയിലെ കഥാപാത്രങ്ങൾ സാങ്കൽപ്പികമല്ല, അതു കൊണ്ട് ഇതിലെ പെരുകൾ ചിലതെല്ലാം ഞാൻ ഉണ്ടാക്കുന്നതാണ്. ഇതു വായിക്കുന്ന എന്റെ സുഹൃത്തുക്കൾ അവർക്കു മനസ്സിലാവുന്ന പേരുകൾ ആരോടും പറയാതിരിക്കുക.

ഡാ ഹാഷിമേ..ഇതൊരു അസുഖല്ലടാ.....!,

ഞാൻ എന്റെ പോളി കഴിഞ്ഞ് മൾട്ടീമീഡിയ പഠിക്കാൻ തൃശ്ശൂരിലെ അരീനയിലേക്ക് പോയിക്കൊണ്ടിരുന്ന സുന്ദര സുരഭില കാലഘട്ടം. പട്ടാമ്പിയിൽ നിന്നാണു ട്രൈൻ കയറേണ്ടത്. ഷാമോൻ, സാദിഖ്, ഷെമിൽ, ഹാറൂൺ വക്കീൽ, ഹരി തുടങ്ങിയ നിരവധി കൂട്ടുകാർ പട്ടാമ്പിയിൽ നിന്നുണ്ട്. കോഴിക്കോടിൽ നിന്ന് അരിക്കച്ചവടത്തിനു വേണ്ടി വരുന്ന രാജുവേട്ടൻ, ത്രിശ്ശൂർ എഞ്ചിനീറിങ്ങ് കോളേജിൽ ജോലിക്ക് വരുന്ന രാജുവേട്ടന്റെ സുഹൃത്ത് മഞ്ജുവേട്ടൻ, ഭ്രാന്താശുപത്രിയിൽ ജോലിക്ക് വരുന്ന മെന്റൽ വിശ്വേട്ടൻ, സംഗീതം പഠിക്കാൻ വരുന്ന ശാലിനി, താനൂരിൽ നിന്ന് ആർക്കിയോളജി വകുപ്പിൽ ജോലിക്ക് വരുന്ന മണിയേട്ടൻ, തിരൂരിൽ നിന്ന് രാജുവേട്ടന്റെ പാർട്ട്നർ അഷ്കർ, കുറ്റിപ്പുറത്ത് നിന്ന് അന്നു 'കൂതറ' ആയിട്ടില്ലാത്ത ഹാഷിം, ജ്യോതിഷ് എന്നിവർ പട്ടാമ്പിയിൽ നിന്ന് ഞങ്ങൾ, അങ്ങിനേയുള്ള വലിയൊരു സംഘമായിരുന്നു ഞങ്ങളുടെ യാത്രാ സംഘം. വളരെ സന്തോഷത്തോടെ ആടിയും പാടിയും ഉള്ള യാത്രയായിരുന്നു അതെല്ലാം.

ഞങ്ങൾ കുറച്ചു കോളേജ് പ്രായക്കാർക്ക് അതിനിടെ വരുന്ന തിങ്കളാഴ്ചയും വെള്ളിയാഴ്ചയും ഉത്സവദിനങ്ങളായിരുന്നു. കാരണം പി.സി. തോമസിന്റെ അടുത്ത് എൻട്രൻസ് കോച്ചിങ്ങിനു വരുന്ന കുട്ടികൾ (പെൺകുട്ടികൾ !)  വരുന്നതും പോകുന്നതും ആ ദിവസങ്ങളിലായിരുന്നു. ഇതിൽ ഞങ്ങളുടെ കൂടെയുണ്ടായിരുന്ന, അപ്പോൾ 'കൂതറ' ആയിട്ടില്ലാത്ത ഹാഷിമിന്റെ കൂടെ ഉള്ള ജ്യോതിഷ് ഒരു ശാന്തശീലനായ വായിനോട്ടക്കാരനായിരുന്നു. നടുറോഡാണെങ്കിലും ആശാൻ ഒരു പ്രശ്നവുമില്ലാതെ പാന്റ്സിന്റെ പോക്കറ്റിൽ കയ്യും തിരുകി 'ആ' എന്നു വായും പൊളിച്ച്, പെൺപിള്ളേരെ വായിൽ നോക്കും.

അന്ന് ട്രൈൻ ഇറങ്ങി ഞങ്ങളെല്ലാവരും വേഗത്തിൽ തങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് തിരക്കിട്ട് നടക്കുകയായിരുന്നു. അന്നൊരു തിങ്കളാഴ്ച ആണെന്ന് ഞങ്ങൾക്ക് ഓർമ്മയില്ല. അപ്പോൾ നമ്മുടെ ജ്യോതിഷ് പതിവുപോലെ പാന്റ്സിന്റെ പോക്കറ്റിൽ കയ്യും തിരുകി നല്ല വായിനോട്ടത്തിലായിരുന്നു. അത് കണ്ടപ്പോൾ നമുടെ കൂതറ ഹാഷിമിനു കലി കയറി, 'ഇവനേയൊന്ന് ഉപദേശിച്ചു കളയാം എന്നു കരുതി അവനോട് ചെന്ന് പറഞ്ഞു. "എടാ ജ്യൊതിഷെ, ഇങ്ങനേ വായിൽ നോക്കി നില്ക്കുന്നതു അത്ര നല്ല സ്വഭാവമൊന്നുമല്ല. ഞങ്ങളൊക്കെ വളരെ മാന്യമായി വായിൽ നോക്കുന്നില്ലേ? അതുപോലെ ഒരു നിയന്ത്രണം എല്ലാത്തിനും വേണം. ഇങ്ങനേയുള്ള വായിനോട്ടം ഒരു അസുഖമാണെടാ."

ഞങ്ങൾ എല്ലാവരും കരുതി ഇതൊടെ ജ്യോതിഷ് നന്നായി എന്ന്. പക്ഷെ ജ്യോതിഷിന്റെ മറുപടി ഞങ്ങളേയൊക്കെ ഞെട്ടിച്ചു കളഞ്ഞു.
"എടാ.... ഹാഷിമേ, ഇതൊരു............അസുഖല്ലടാ ഒരു സുഖാ..! " ആ മറുപടി കേട്ടപ്പോൾ ഹാഷിമിന്റെ മുഖത്ത് എന്തൊക്കെ 'കൂതറ' ഭാവങ്ങൾ മിന്നിമറഞ്ഞു എന്നു വിവരിക്കുക അസാധ്യം. എന്തായാലും ഡാവിഞ്ചി അദ്ദേഹത്തിന്റെ 'മൊണാലിസ' പെയിന്റിങ്ങിൽ ഒളിപ്പിച്ചു വച്ചതിനേക്കാൾ  നിഗൂഢമായിരുന്നു ഹാഷിമിന്റെ മുഖത്ത് വിടർന്ന ഭാവങ്ങൾ. പിന്നീട് അവൻ ഒരിക്കലും ആരേയും ഉപദേശിച്ചു നന്നാക്കാൻ പോയിട്ടില്ല.
അതു കേട്ടതും ഹാഷിം അവന്റെ വഴിക്കും ഞങ്ങൾ ഞങ്ങളുടെ വഴിക്കും പോയി. അന്ന് എന്ത് ചെയ്യുമ്പോഴും മനസ്സിൽ ആ വാക്കുകൾ മുഴങ്ങി 'ഇതൊരു അസുഖല്ലടാ....ഒരു സുഖാ...'ഞാൻ എന്റെ ഓർമ്മകളിലെ ചെറിയ ചെറിയ  സംഭവങ്ങൾ ഇവിടെ കുറിക്കുകയാണു. അതിൽ ആർക്കെങ്കിലും വിഷമം നേരിടുന്നുണ്ടെങ്കിൽ ക്ഷമിക്കുക. ഇതിൽ വിവരിച്ച കഥാപാത്രങ്ങൾക്കു എന്റെ പല സുഹൃത്തുക്കളമായിയും സാമ്യം തോന്നാം. അതു വെറും യാദൃശ്ഛികമല്ല എന്നു ഞാൻ സന്തോഷപൂർവ്വം സൂചിപ്പിക്കട്ടെ.