Thursday, 18 October 2012

ഇനി അല്പം കൂട്ടുകാര്യങ്ങൾ.........'കുഞ്ഞാണി'ക്കഥകൾ.

അമ്മ: 'യ്യ് കൊറേ ദ്‌വസായലോ ഈ കമ്പ്യൂട്ടറുമ്മേ കളിക്കല് തൊടങ്ങീട്ട്, ഇപ്പൊ ഒര് കൊല്ലം കഴിഞ്ഞു. ഇതെന്താ പ്പൊ, അണക്ക് ഒരൊഴ്വൂം ഇല്ല്യാത്ത ഈ പരിപാടി ?

ഞാൻ: 'അമ്മാ അതീ ബ്ലോഗ്ഗെഴുത്വാ ന്ന് പറയണതാ ന്നും, കമ്പ്യൂട്ടറീക്കൂടി കഥെക്ക എഴ്തണ ആ പരിപാടി.! ഇതൊക്കെ വായിച്ച്ട്ട് ഇഷ്ടായിട്ടാ ന്നും, അന്നാ ആരിഫിക്കീം, പിന്നീം വേറീം കൊറേ ആൾക്കാരും ഇങ്ങ്ട് ന്നെ അന്വേഷിച്ച് വന്നത്.!'

അമ്മ: 'അതിപ്പെന്താ ഈ കഥോള് ? ഞാൻ പറഞ്ഞേര്ണ വല്ലതൂം ണ്ടോ ? യ്യീ അട്ക്കളടെ അട്ത്ത്ള്ള മുറീലൂര്ന്ന്ട്ട്, ഞാമ്പറയ്ണതൊക്കെ കോപ്പ്യടിക്കണ്ണ്ടോ ?'

ഞാൻ: 'ങ്ങള് നോക്കിക്കോളും, വേണങ്കി ഇത് വായിച്ചോളും.!'

**************   ***************   *****************

ഞാനിനി എന്റെ കൂട്ടുകാര്യങ്ങളെപ്പറ്റി പറയാം. പത്താം ക്ലാസ്സ് വരെ മാളുമ്മമാരും അനിയും നസീറും കുഞ്ഞേട്ടനും ഒക്കെയായുള്ള,സ്വന്തം നാട്ടിലൂടെയുള്ള തേരോട്ടത്തിന് ശേഷം, പത്ത് കഴിഞ്ഞയുടനെ തൊട്ടടുത്തുള്ള(അര കി.മീ അപ്പുറം) വക്കീൽ പറമ്പിലേക്ക് എന്റെ സൗഹൃദത്തെ പറിച്ച് നട്ടു. പിന്നെ കളിയും കഥ പറച്ചിലും ഒക്കെ അവിടെയായിരുന്നു. രാവിലത്തെ സമയം ഞാൻ വീടിന്റെ ചുറ്റുപാടുള്ളവരുമായി, സംസാരിച്ച് അവരുടെയാരുടെയെങ്കിലും വീട്ടിൽ പോയി കത്തി വച്ച് നേരം കളഞ്ഞ്, ഉച്ചയ്ക്ക് ശേഷം ഞാൻ വക്കീൽ പറമ്പിനടുത്തേയ്ക്ക് പോവും.
ഇങ്ങനെ അങ്ങോട്ട് മാറാനുള്ള പ്രധാന കാരണം, അവിടെ നല്ല ചരൽ വിരിച്ച വിശാലമായ ഗ്രൗണ്ടും,മാർഗ്ഗ നിർദ്ദേശം തരാൻ നല്ല കഴിവുറ്റ(?) കളിക്കാരും ഉണ്ട് എന്നതും കൂടിയാണ്.

ഈ കൂട്ടത്തിലെ, എന്റെ അന്നത്തേയും ഇന്നത്തേയും പ്രധാന സുഹൃത്താണ് കുഞ്ഞാണി എന്ന് ഞങ്ങൾ സ്നേഹത്തോടെ വിളിക്കുന്ന  ---------------- (പേര്). അവനെക്കുറിച്ചാകട്ടെ ഇനിയത്തെ സംഭവങ്ങൾ. ഞങ്ങൾ ഒരുമിച്ച് പഠിച്ചതാണ്. ഞങ്ങൾ എന്ന് പറയുമ്പോൾ ഞാൻ കുഞ്ഞാണി,വിനീഷ്,ജയേഷ്,ഷാജീവ്,രവി........... അങ്ങനെ നീളുമത്. അതിൽ ഞാനും ജയേഷും കുഞ്ഞാണിയും ആ കാലത്ത് സ്കൂൾ വിട്ട്  വളാഞ്ചേരി റോഡിലൂടെ ഒരുമിച്ച് വീട്ടിലേക്ക് വരേണ്ടവരാണ്. അന്നത്തെ കൂട്ടത്തിൽ ആ വഴിക്കു വരുന്നവരിൽ പ്രധാനിയായിരുന്ന വിനീഷാകട്ടെ സൈക്കിളിൽ നേരത്തെ വീട്ടിലെത്തുമായിരുന്നു. അപ്പോൾ ദിവസവും കുഞ്ഞാണിയും ഞാനും ജയേഷും ഒരുമിച്ചങ്ങനെ, നല്ല നട്ടാൽ മുളയ്ക്കാത്ത നുണകൾ, വാശിയോടെ തമ്മിൽ പറഞ്ഞ് മത്സരിച്ച് ആടിപ്പാടി നടന്നു വരും.

ആയിടെയായി കുഞ്ഞാണി ഒരു പുതിയ ബാഗ് വാങ്ങി,ഞാൻ ബാഗിലല്ല സ്കൂളിലേക്ക് പുസ്തകങ്ങൾ കൊണ്ട് പോയിരുന്നത്. ജയേഷിനൊന്ന് മുൻപേ ഉണ്ടുതാനും. അങ്ങനെ ഒരു ദിവസം സ്കൂൾ വിട്ട് വരുമ്പോൾ,ജയേഷ് കുഞ്ഞാണിയുടെ പിന്നിലൂടെ ചെന്ന് ബാഗിൽ, പുറകിലത്തെ അറയുടെ  സിബ്ബ്, തുറന്ന് കളിച്ച് കുഞ്ഞാണിയെ ശല്ല്യപ്പെടുത്തിക്കൊണ്ടേയിരുന്നു. ഓരോ തവണയും കുഞ്ഞാണി,ജയേഷ് തുറന്ന സിബ്ബ് അടച്ചുകൊണ്ടും, അപ്പോഴൊക്കെ അവൻ ജയേഷിനോട് ദേഷ്യപ്പെട്ട് പലതും ഉറക്കെ  പറഞ്ഞു കൊണ്ടും ഇരുന്നു. അങ്ങനെ അവസാനം കുഞ്ഞാണിയുടെ വീട്ടിലേക്ക് പോകാനുള്ള വഴിയെത്തി. അവിടുന്ന് കുറച്ച് കൂടി മെയിൻ റോഡിലൂടെ നടക്കണം ഞങ്ങളുടേയൊക്കെ വീട്ടിലേക്കുള്ള വഴികളാവാൻ. കുഞ്ഞാണി,അവന്റെ വീട്ടിലേക്കുള്ള ഇടവഴിയിലേക്ക് തിരിഞ്ഞതും,ജയേഷിനെ ഉറക്കെ വിളിച്ചു.

'ഡാ ജയേഷേ ങ്ങ്ട് വായോ'

റോഡിലൂടെ കുറച്ചിങ്ങോട്ട് നടന്നെത്തിയ ജയേഷ് തിരിഞ്ഞ് നിന്ന്, അവനോട് കാര്യമന്വേഷിച്ചു,

'എന്തഡ കുഞ്ഞാണ്യേ ?'  
പാവം വളരെ ജിജ്ഞാസയോടെത്തന്നെയാണ് അന്വേഷിച്ചത്.

കയ്യിലെ ബാഗ് ജയേഷിന് നേരെ നീട്ടി കൊണ്ട് അവൻ ഗൗരവമായി വിളിച്ച് പറഞ്ഞു,

'അതേയ്, ന്നാ ഈ ബാഗ് യ്യ് വീട്ടില് കൊണ്ടോയിക്കോ, യ്യന്റെ കളി്ഒക്കെ കഴിഞ്ഞ് നാളെ സ്കളിൽയ്ക്ക് കൊണ്ടന്നാ മതി, ന്നാ ഇട്ത്തോ ന്നാ......!' 

ആ ഇടവഴിയെത്തും വരെ കുഞ്ഞാണിയുടെ, ശാസനാ-വർത്തമാനങ്ങൾ കേട്ട് മനം മടുത്തിരുന്ന ജയേഷ് ഇതുകൂടി കേട്ടതോടെ,ഒന്നും മിണ്ടാതെ തലതാഴ്ത്തി എന്നോടൊപ്പം വീട്ടിലേക്ക് പോന്നു.

ഇതാണ് ഞങ്ങ പറയാൻ പോകുന്ന,'കുഞ്ഞാണി' എന്ന കഥാപാത്രം. എന്തിനും ഏതിനും ക്ഷണനേരം കൊണ്ട് തകർപ്പൻ കമന്റ് പാസ്സാക്കുന്നവൻ.!

ഞാങ്ങൾ വൈകീട്ട് കളിക്കാറുള്ള ഗ്രൗണ്ടിനെ പറ്റി പറഞ്ഞല്ലോ,ഞങ്ങൾ കളിക്ക് വല്ലാതെ ഇന്ററസ്റ്റുള്ള സമയത്ത്, നാട്ടിലെ ഉത്സവമായാലും ഗ്രൗണ്ടിലെ കളി മുടക്കാറില്ല. അങ്ങനെ തട്ടകത്തിലെ ഒരു മണ്ഡല ഉത്സവദിവസം, കളി കഴിഞ്ഞ് ഞങ്ങൾ ഗ്രൗണ്ടിൽ നിന്നും പുറത്ത് കയറി റോഡിലെത്തി. റോഡിലെത്തിയ ഉടനെ അതുവഴി ഒരു കാറിൽ വരുന്നവർ, ഞങ്ങളോട് വഴിയന്വേഷിക്കാനായി നിർത്തി. അവർ അന്വേഷിച്ചത് ഏറ്റവും മുന്നിലുള്ള ഹരീഷ്,സുധി,ഞാൻ എന്നിവർക്ക് വ്യക്തമായി കേൾക്കാം. അന്ന് ഉത്സവമുള്ള,ഞങ്ങളുടെ സ്വന്തം തട്ടകമായ, 'കാലടി' അമ്പലത്തിലേക്കുള്ള വഴിയാണവർ അന്വേഷിച്ചത്. കാരണം അന്ന് രാത്രി അവിടെ 'ഡബിൾ തായമ്പക' നടക്കുന്നുണ്ട്, അത് കാണലാണവരുടെ ഉദ്ദേശം എന്ന് വ്യക്തം. അവരോട് മറുപടി പറഞ്ഞ് കൊടുത്ത ഹരീഷ് ഞങ്ങളുടെ കൂട്ടത്തിലെത്തിയ ഉടനെ അടക്കാനാവാത്ത അത്ഭുതത്തോടെ പറഞ്ഞു,  
                                    
                             'എന്താല്ലേ ഓരോ സ്പിരിറ്റ് ? ഇവിരെക്കെ സമ്മയിക്കണം ട്ടോ.!'

പിൻനിരയിലുണ്ടായിരുന്ന കുഞ്ഞാണി,താല്പര്യമുള്ള വിഷയം കേട്ട ഉടനെ, ഇടിച്ചുകയറി ഇടപെട്ടു.

                       'സ്പിരിറ്റോ ? എവടേ ഹരീഷേ, സ്പിരിറ്റെവടെ ? ആ കാറിലോ ?'

'കുഞ്ഞാണി', ഏത് കാര്യത്തിനും ഒരു കമന്റ് അവന്റടുത്ത് നിന്ന് ഉറപ്പാ,അത് പൊട്ടത്തരമായാലും.... പക്ഷെ അവൻ ഇതൊന്നുമല്ല,ഇനിയുമുണ്ട്.!

ഞങ്ങൾ കളിയൊക്കെ കഴിഞ്ഞ്,കയറുമ്പോഴേക്കും ഇബ്രായിക്കയുടെ കട മാത്രമേ തുറന്നതായുണ്ടാവൂ. അവിടുന്ന് വെള്ളമൊക്കെ കുടിച്ച്,ബാലേട്ടന്റെ ഹോട്ടലിന്റെ മുന്നിലുള്ള ടൈൽസ് വിരിച്ച വീതനയിലും, ഇബ്രായിക്കയുടെ കടയുടെ മുന്നിലുള്ള ബഞ്ചിലും ഞങ്ങളിൽ പലരും ഇരിപ്പുറച്ചിരിക്കും. ആ സമയത്ത് ഞങ്ങളുടെ കൂട്ടത്തിലെ ഷിഹാബിന്റെ, വീടിന് മുൻപിലൂടെ ഒരു ക്വാളിസ് വളവും തിരിഞ്ഞ് കുതിച്ച് പാഞ്ഞ് വരുന്നുണ്ട്. അതിന് ഹാലജൻ ഹേഡ് ലൈറ്റായിരുന്നു. നല്ല തൂവെള്ള പ്രകാശം വിതറിക്കൊണ്ട് ആ വണ്ടി ദൂരെ നിന്ന് വരുന്നത് കണ്ടതും,കുഞ്ഞാണി പറഞ്ഞു,

                       'എന്ത് ക്ലിയറാ ല്ലേ അയിന്റെ ലൈറ്റ്  ? 
                                 വല്ല സൂചീം റോട്ടില്ണ്ടെങ്ങി കാണാ ല്ലേ ?.......രസാ ട്ടോ.!'

ദൂരെ നിന്നും ചീറി വന്ന ആ ക്വാളിസ് ഞങ്ങളെ മറി കടന്ന് അധികം പോയില്ല, അതവിടെ നിന്നു.
ഞങ്ങൾ കാര്യമന്വേഷിക്കാൻ അതിനടുത്തേക്ക് ഓടിച്ചെന്നു. പ്രശ്നമൊന്നുമില്ല, അതിന്റെ ഹെഡ് ലൈറ്റ് അപ്രതീക്ഷിതമായി പെട്ടെന്ന് ഓഫ് ആയിരിക്കുന്നു. അത് കൊണ്ട് ആ വണ്ടി, ഡ്രൈവർ നിർത്തിയതാണ്, മറ്റ് കുഴപ്പങ്ങളൊന്നുമില്ല. ഞങ്ങളിൽ ആ സംഭവം വലിയൊരു ഞെട്ടലും, അത്ഭുതമൊന്നുമുണ്ടാക്കിയില്ല,കാരണം ഞങ്ങടെ കുഞ്ഞാണ്യല്ലേ പറഞ്ഞിരിക്ക്ണത്.!

അങ്ങനെ ദിവസങ്ങളും മാസങ്ങളും കഴിയവേ,മറ്റൊരു മഴക്കാലം വന്നു. അങ്ങനെ ആ മഴക്കാലത്തും ഞങ്ങൾ പതിവ് പരിപാടികളുമായി കൂടിയിരിക്കുന്നു. കൂട്ടത്തിലൊരുവൻ(നിശാന്ത്) കൊപ്പത്തെ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി, കുടയും ചൂടി ഞങ്ങളുടെ അടുത്തെത്തി. കുട മുഴുവനായി മടക്കാതെ, ഒന്ന് ചുരുക്കിയെന്ന് വരുത്തി അതിന്റെ പിടിയിലുള്ള വള്ളിയിലൂടെ കൈയ്യിട്ട് താഴേക്ക് തൂക്കിപ്പിടിച്ച് ഞങ്ങളോട് വർത്തമാനത്തിനായി നിന്നു. കാര്യമായി മടക്കിവയ്ക്കാത്തതിനാൽ കുടയുടെ വില്ലുകളൊന്നും കുടയുടെ പിടിയിൽ അവ കയറ്റി വയ്ക്കുന്ന ഭാഗത്ത്,ശരിയായി കയറിയിട്ടില്ല. അതുകൊണ്ട് തന്നെ ആ കുടയാകെ, വില്ലുകളൊക്കെ അലക്ഷ്യമായി വിടർന്ന് നിന്ന് കയ്യിൽ തൂങ്ങിക്കിടക്കുകയാണ്. അതുകണ്ട കുഞ്ഞാണി അവനോട് ചോദിച്ചു.

       'എന്തട നിശാന്തേത് ?  വല്ല 'താമര' വിരിഞ്ഞ മായിരിണ്ടലോ ? അല്ല നോക്കിം ങ്ങള് '

കുഞ്ഞാണിയെ പറ്റി നന്നായറിയാവുന്ന നിശാന്ത് പറഞ്ഞു,

                                                           'എട കുഞ്ഞാണ്യേ, പുത്യേ കൊടേ ണ് ത്, 
                      ഇയിന് വെല്ലതും പറ്റ്യാ അന്ന ഞാൻ കാണിച്ചേര ണ്ട് ട്ടോ....'

അവനങ്ങനെ പറഞ്ഞുവെങ്കിലും,പ്രശ്നങ്ങളൊന്നും പ്രതീക്ഷിക്കാതെ തന്നെ അവൻ കുട നിവർത്തി,

               "ആ 'പുതിയ' കുടയുടെ രണ്ട് വില്ലുകൾ ഒടിഞ്ഞിരിക്കുന്നു.!"  (കുഞ്ഞാണീസ് ഇഫക്ട്.!)

ഞങ്ങളൊക്കെ അതുകണ്ട് കുറേ നേരം ആർത്തു ചിരിച്ചു.

ഞാങ്ങൾ അടുത്ത ദിവസം തന്നെ അടുത്തുള്ള പുലാമന്തോൾ പുഴയിലേക്ക് പോവാൻ പ്ലാനിട്ടു. മഴയിൽ വെള്ളം നിറഞ്ഞ്, എത്രയായെന്നറിഞ്ഞ്,അതിലൊന്ന് നീന്തി-കുളിക്കാനുമായിട്ടാണാ യാത്ര പ്ലാൻ ചെയ്തത്. കൂട്ടത്തിലുള്ള മൂന്ന് പേർ ബൈക്കുകളുമെടുക്കും,അതിൽ ഞങ്ങൾ അഞ്ചോ ആറോ പേർ പോകും, അങ്ങനാണ് പ്ലാൻ. കൂട്ടുകാരൊക്കെ ബൈക്കുകളുമായെത്തി, പുലാമന്തോളിലേക്കുള്ള വഴിയിലുള്ള പെട്രോൾ പമ്പിൽ നിന്നും പെട്രോളടിച്ച് വേണം പോകാൻ. അങ്ങനെ അവിടെയെത്തി എല്ലാവരും നിരന്ന് നിന്ന് 'എണ്ണ'യടിക്കുന്നു. 'യ്ക്കൊരമ്പത് ','യ്ക്ക് നൂറ് ' അങ്ങനെ ഓരോരുത്തരായി 'എണ്ണ', സംഖ്യ പറഞ്ഞ് അടിച്ചു കൊണ്ടിരുന്നു. അവസാനമായുള്ള ഒരുവൻ കൂടി അടിച്ചാൽ ഞങ്ങൾക്ക് പോകാം.

അവൻ 'എണ്ണ' അടിക്കാനായി വണ്ടി റെഡിയാക്കി നിർത്തി കുറച്ച് ധൃതിയോടെ  പറഞ്ഞു,

'ഒരു നൂറിനടിച്ചോളിം.'

ദാ വന്നു, കാത്തിരിക്കുന്നവരുടെ ആരുടേയോ ബൈക്കിന് പിറകിലുള്ള കുഞ്ഞാണിയുടെ കമന്റ്,

 'എന്താ ല്ലേ ഓരോ ടെക്നോളജ്യോള്  ? സംഖ്യ ങ്ങ്ട് അടിച്ചാ മതി, അയിന് മാത്രങ്ങ്ട് ചാടും, കൂടുതലൊരു തുള്ളി മ്മക്ക് ക്ട്ടില്ല്യ ന്നെ.!'

എന്തായാലും ആ കൗണ്ടറിൽ നിന്ന് അവസാനത്തെ കൂട്ടുകാരന് 'എണ്ണ'യടിക്കാൻ കഴിഞ്ഞില്ല.! ആ റീഡറും അതിനോടനുബന്ധമായ യന്ത്രങ്ങളുടേയും പ്രവർത്തനം അപ്രതീക്ഷിതമായി നിന്നുപോയി അവൻ അവിടെയുള്ള മറ്റൊരു കൗണ്ടറിൽ നിന്ന് 'എണ്ണ'യടിച്ച് ഞങ്ങളോടൊപ്പം പുഴയിലേക്ക് പോന്നു.

ഡൽഹീ ന്നോ ബോംബേ ന്നോ മറ്റോ ആള് വന്നിട്ടാ,ആ റീഡർ നന്നാക്കിയെന്ന് പിന്നീട് 'കൂട്ടുകാരാരോ' പറഞ്ഞറിഞ്ഞു.!

**************          **************       ***************
ഞാൻ അമ്മയുടെ അഭിപ്രായമറിയാൻ അമ്മയുടെ വായനയും കണ്ട്, കാത്തിരിക്കുകയാണ്,

അമ്മ: 'വായിച്ചു,ഇതൊക്കെ യ്യ് ഇവടെ ഞങ്ങളോടൊക്കെ പറഞ്ഞ്ട്ട്ള്ളതല്ലേ ?'

ഞാൻ: 'അതേന്നും......ഇവടെ ങ്ങളോടൊക്കെ പറഞ്ഞതന്നേ ഇതുവരെ എഴ്ത്യേതൊക്കെ,
                                          പക്ഷെ ഇതുവരെ ഇങ്ങനെ ചെലതൊന്നും ബ്ലോഗിലെഴുതീട്ടില്ല്യാ.!'

അമ്മ: 'വല്ല്ലോരിം പറ്റി ഓരോന്ന് പറയാൻ തൊടങ്ങ്യാ പിന്നെ,'വെള്ളി്ആഴ്ച കന്ന്വോള് മൂത്രൊഴിക്ക്ണ പോലേ ണ് യ്യ് ' എവ്ട്ന്നാ എപ്പ്ഴാ എങ്ങനേ ഓരോന്ന് ചാട്വാ ന്ന്- അണക്കെന്നെ അറിയ്വണ്ടാവില്ല്യാ.'