Thursday, 1 August 2013

സ്കൂൾ ചരിതം,മൂന്നാം ഖണ്ഡം : 'നാടകാന്ത്യം.......ശുംഭൻ അല്ല ശുംഭം ഛെ അതുമല്ല ശുഭം.!'

ഞാൻ പത്താം ക്ളാസ്സിലെത്തുന്നതിനു മുൻപ് എട്ടിലും ഒൻപതിലും പഠിച്ചിരുന്ന കാലത്ത്, ക്ളാസ്സിലെ സുഹൃത്തുക്കളോടൊപ്പം നാടക മത്സരങ്ങൾക്കും മറ്റും സ്കൂൾ തലത്തിലും സബ്-ജില്ലാ തലത്തിലും പങ്കെടുത്ത് ധാരാളം സമ്മാനങ്ങൾ വാങ്ങിയിട്ടുണ്ട്. പക്ഷെ അവയിലൊന്ന് പോലും അവിടുത്തെ മാഷ്മ്മാരുടെ  പിന്തുണയോടും സംവിധാനത്തിലും ആയിരുന്നില്ല എന്നത് കൊണ്ട് തന്നെ അവ സബ്-ജില്ലയ്ക്കപ്പുറം പോയിരുന്നില്ല. ഞങ്ങൾ കുറച്ച് കൂട്ടുകാർ ചേർന്ന് പലപല ടി.വി മിമിക്സുകളും, കോമഡികളും കൂട്ടിച്ചേർത്ത് ഒരു നാടകമാക്കി, സ്കൂൾ തലത്തിൽ മത്സരിച്ച് അവിടുത്തെ കൂട്ടുകാരെ നന്നായി ചിരിപ്പിക്കുകയും, അവരുടെ മുന്നിൽ 'ഷൈൻ' ചെയ്യുകയും ചെയ്യുന്നവയായിരുന്നു അവയെല്ലാം. ഞങ്ങൾക്കും ആ കാലത്ത് സ്കൂളിലുള്ള ഞങ്ങളുടെ സ്വന്തമായ കൂട്ടുകാരെയെല്ലാം സന്തോഷിപ്പിക്കുക, അവരുടെ മുന്നിൽ ആളാവുക  എന്ന ചെറിയ (ആ കാലത്ത് വലിയ) ചിന്തകളൊക്കെ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതും സബ്-ജില്ലയ്ക്കപ്പുറം മുന്നേറുന്നതിൽ നിന്ന് ഞങ്ങളെ തടഞ്ഞു. ഞങ്ങൾ, ഞങ്ങളുടേതായ കൂട്ടുകാർക്ക് കാണാനല്ലാത്ത ആ സബ്-ജില്ലയ്ക്ക് വലിയ പ്രാധാന്യവും ഗൗരവവും കൊടുത്തിരുന്നില്ല എന്നതാണ് വലിയ സത്യം.!

ഇനി വിഷയത്തിലേക്ക് വരാം, ഞങ്ങളുടെ പത്താം ക്ളാസ്സ് കാലം, സ്കൂളിലുള്ള യുവജനോത്സവത്തിൽ സ്കൂളിലെല്ലാവരും പ്രതീക്ഷിച്ച പോലെത്തന്നെ ഞങ്ങൾ ഒന്നാം സ്ഥാനത്തെത്തുകയും സബ്-ജില്ലയ്ക്ക് പോവാനായി യോഗ്യത നേടുകയും ചെയ്തു. ആ വർഷത്തിലാണെങ്കിൽ ഞങ്ങളുടെ സ്വന്തം സ്കൂളിലാണ് സബ്-ജില്ലാ മത്സരങ്ങൾ നടക്കുന്നത്. അത് ഞങ്ങളിലും മറ്റ് ഞങ്ങളുടെ നാടക-ആരാധകരായ സ്കൂളിലെ എല്ലാവരിലും (മാഷ്മ്മാരും,കുട്ടികളും) സന്തോഷം നിറച്ചിട്ടുണ്ട്, കാരണം ആ നാടകങ്ങൾ അവർക്കും ബുദ്ധിമുട്ടില്ലാതെ കാണാം എന്നതു തന്നെ.! അതുകൊണ്ട് തന്നെ വളരെ ആത്മാർത്ഥതയോടെ സീരിയസ്സായി, രസകരമായി ഞങ്ങൾ റിഹേഴ്സൽ നടത്തി, ഹാസ്യായുധങ്ങൾ മൂർച്ചപ്പെടുത്തി നാടകത്തിന്  റെഡിയായി.

നാടകത്തിന്റെ കഥയിലേക്ക് വരാം, കഥാചുരുക്കം ഇങ്ങനെ :- ഒരു പാടത്ത് വച്ച് ആരുമായോ-എന്തിനോ ഉള്ള അടിപിടിയിൽ ഒരാൾ അടിയേറ്റ് വീണ് മരിക്കുന്നു. ആരും ശ്രദ്ധിക്കാതെ ആ 'ശവം' അവിടെ ധാരാളം സമയം കിടന്നു. അവസാനം അത് കണ്ടു കൊണ്ട് ഒരു പ്രായമേറിയ ഹാജിയാർ ആ വഴി വരുകയും ആ 'ശവ'ത്തിനെ തന്ത്രപൂർവ്വം നിസ്കരിക്കുന്ന രീതിയിൽ ആക്കി വയ്ക്കുകയും ചെയ്തു. അങ്ങനെ ചെയ്ത് അയാൾ പോയ ശേഷം അതുവഴി വന്നത് ഒരു നമ്പൂതിരി ആയിരുന്നു. ഒരാൾ പാടത്ത് നിസ്കരിക്കുന്നത് കണ്ട് ശ്രദ്ധിച്ച കൃഷ്ണഭക്തനായ അദ്ദേഹം, അതൊരു ശവമാണെന്ന് മനസ്സിലാക്കുകയും, ആ 'ശവ'ത്തിനെ വളരെ കഷ്ടപ്പെട്ട് ഓടക്കുഴൽ വായിക്കുന്ന കൃഷ്ണരൂപത്തിലാക്കി പാടത്ത് നിർത്തി അവിടുന്ന് പോവുകയും ചെയ്തു. അതു കഴിഞ്ഞ് അങ്ങോട്ടേക്ക് വന്നത് ഒരു പള്ളീലച്ചനായിരുന്നു. അദ്ദേഹമാകട്ടെ, ഒരാൾ കൃഷ്ണവിഗ്രഹ രൂപത്തിൽ പാടത്ത് നിൽക്കുന്നത് ശ്രദ്ധിച്ച്, അതൊരു ശവമാണെന്ന് മനസ്സിലാക്കിയപ്പോൾ, അതിനെ രണ്ട് കൈകളും പാതി-മുട്ടുമടക്കി മലർത്തി തുറന്ന് പിടിച്ച് മുകളിലേക്ക് നോക്കി കാൽമുട്ട് നിലത്ത് കുത്തി നിൽക്കുന്ന രീതിയിൽ ആക്കി വച്ചു. അങ്ങനെ മൂന്ന് പേരുടേയും അവിടെ നിന്നുള്ള പിന്മാറ്റത്തിനു ശേഷം അവിടേക്ക് യാദൃച്ഛികമായി(?) അവർ മൂവരും ഒന്നിച്ച് എത്തുകയും, ആ ശവത്തെ ചൊല്ലി അവർ ഗംഭീര വാഗ്വാദത്തിൽ ഏർപ്പെടുകയും ചെയ്തു.

അവരാരും ആ ശവശരീരത്തിന്റെ ഉടമസ്ഥർ തങ്ങളാണെന്നുള്ള അവകാശവാദത്തിൽ നിന്ന് പിൻതിരിയാതിരുന്നത് കാരണം അവർ തമ്മിൽ പൊരിഞ്ഞ സംഘടനം നടക്കുന്നു. അതിനിടയിൽ ആ 'ശവം' എണീറ്റ് നിന്ന് 'മരിച്ച് കെടക്കാനും നിങ്ങളൊരു സ്വസ്ഥത തരില്ലേ' എന്ന് ചോദിച്ച് വീഴുന്നു.! ശവത്തിന്റെ അപ്രതീക്ഷിത പ്രതികരണത്തിൽ അന്തം വിട്ട് നിശ്ചലരായി നിൽക്കുന്ന അവർ മൂവർക്കും,
ആ നാടകത്തിന്റെ ഹൈലൈറ്റായ ഒരു അശരീരി പിന്നിൽ നിന്നും കേൾക്കാം, 
'മതത്തിന്റേയും ജാതിയുടേയും പേര് പറഞ്ഞ് തല്ലുകൂടുന്നവരെ, 
നിങ്ങളോർക്കുക, ഒരു ശവത്തെ പോലും വെറുതെ വിടാതെ.......'
അങ്ങനെ തുടർന്ന് ഇത്തിരി കൂടി ഉണ്ട് ആ അശരീരി.(മുഴുവനായി ഓർമ്മ കിട്ടുന്നില്ല.!)

ഇതാണ് ആ നാടകത്തിന്റെ രത്നച്ചുരുക്കം.!

ഈ നാടകത്തിന്റെ ആശയം മറ്റെവിടുന്നോ ആണെങ്കിലും, സംഭാഷണങ്ങൾ ഒരുക്കിയത് ഞങ്ങൾ കൂട്ടുകാരെല്ലാം ചേർന്നായിരുന്നു. സ്കൂളിനു പുറത്തുള്ള ഒന്നുരണ്ട് കൂട്ടുകാരുടെ ചെറുതല്ലാത്ത സഹായവും അതിന് ഉണ്ടായിരുന്നു. അതിൽ ആദ്യം വരുന്ന ഹാജിയാരായി, നല്ല രസകരമായി മലപ്പുറം ഭാഷയിൽ സംസാരിക്കുന്ന വിനീഷും, രണ്ടാമതു വരുന്ന നമ്പൂതിരിയായി ഞാനും, പള്ളീലച്ചനായി പ്രമോദ് എന്ന സുഹൃത്തും അഭിനയിച്ചു. അതിൽ ശവമായി, ഇപ്പോൾ ഞങ്ങളെ വിട്ടുപിരിഞ്ഞ ഷാജീവ് എന്ന സുഹൃത്ത് അഭിനയിച്ച് നല്ല നടനുള്ള സമ്മാനവും കരസ്ഥമാക്കിയിരുന്നു. ഇതിലെ പള്ളീലച്ചനായി അഭിനയിച്ച പ്രമോദാണ് പിന്നീട്  'ബാക്കീന്ന് കാണാൻ വല്ല്യേ മെച്ചൊന്നൂല്ല്യാ' യിൽ പ്രധാനകഥാപാത്രമായ പ്രമോദ്. 

അങ്ങനെ ഇതിലെ പ്രധാനകഥാപാത്രങ്ങളെയെല്ലാം ഗ്യാങ്ങിലെ അടുത്ത കൂട്ടുകാരായ ഞങ്ങൾ കയ്യടക്കി. പിന്നെയുള്ളത് ആ അശരീരിയുടെ ശബ്ദസാന്നിധ്യമാണ്. അത് ആ നാടകത്തിൽ വളരെ പ്രാധാന്യമേറിയതാണ്, എങ്കിലും ആ നാടകത്തിൽ വെറും ശബ്ദസാന്നിധ്യമായി ഒതുങ്ങാൻ ഞങ്ങളാരും ഇഷ്ടപ്പെട്ടില്ല. അങ്ങനെ ആ സാന്നിധ്യം ഞങ്ങളുടെ അടുത്ത കൂട്ടുകാരനാണെങ്കിലും പത്താം ക്ളാസ്സിൽ വച്ച് മാത്രം ഞങ്ങളുടെ സ്വന്തം -10.A- ക്ളാസ്സ് ഗ്യാങ്ങിലേക്ക് വന്നെത്തിയ ജയേഷ് എന്ന സുഹൃത്ത് കൈക്കലാക്കി. അങ്ങനെയെങ്കിലും ഞങ്ങളുടെ ആ 'വലിയ' സംരംഭത്തിൽ പങ്കാളിയാവാൻ കഴിഞ്ഞതിൽ അവനേറെ സന്തോഷമുണ്ട് താനും. കാരണം കൂട്ടുകാരുടേയും മാഷ്മ്മാരുടേയും ഇടയിൽ അത്രയ്ക്കാണ് ഞങ്ങളുടെ ടീമിന്റെ 'പേരും പ്രശസ്തിയും'.

അങ്ങനെ എല്ലാവരുടേയും പ്രതീക്ഷയിൽ ആ നാടക ദിവസം വന്നെത്തി, നാടകത്തിന്റെ സമയവുമായിത്തുടങ്ങി. ഞങ്ങളെല്ലാവരും മേക്കപ്പിട്ട് നാടകത്തിന് റെഡിയായി. അധികം താമസിയാതെ എവിടെ നിന്നോ ജയേഷും ഓടിക്കിതച്ച് സ്റ്റേജിന് പിറകിലേക്കെത്തി. അവൻ ആരെയോ കാണാനോ, എന്തോ സംസാരിക്കാനോ പോയതാണെന്ന് പിന്നീട് ഞങ്ങൾക്ക് മനസ്സിലായി. സ്വന്തം സ്കൂളിലെ സബ്-ജില്ലാ കലോത്സവമല്ലേ ? 'പലരേയും' കാണാനുണ്ടാവണമല്ലോ ? അങ്ങനെ ഞങ്ങൾ സമാധാനത്തോടെ ആ നാടകമാരംഭിച്ച്, നല്ല രീതിയിൽ കാണികളെ രസിപ്പിച്ചും, ഗംഭീരമായും മുന്നേറിക്കൊണ്ടിരിക്കുന്നു. സ്റ്റേജിൽ അപ്പോൾ ഞങ്ങൾ മൂന്നുപേരും 'ശവ'ത്തിന്റെ അവകാശവാദവുമായി രംഗം കൊഴുപ്പിക്കുന്നു.!

'ഇത് ഞമ്മട കൂട്ടര്-ലെ ഒര്ത്തനാ ന്ന് ങ്ങക്ക് പറഞ്ഞാ മനസ്സിലാവ്-ല്ല്യേ ന്നും
ന്റെ നമ്പൂരിച്ചാ ? ഈശോമിശിച്ചാ ?
ഓൻ ഞമ്മടെ ഈ മുറിക്കണ്ടത്തില് ഇര്ന്ന്ട്ട് നിസ്കരിക്ക്ണ് കണ്ട്ട്ടാ ഞാന്-ത്ക്കൂടി അപ്പറത്ത് ള്ള ഞമ്മന്റെ പാടത്ത്ക്ക് പോയത്,
തിര്ച്ച് വര്ണ വഴി ഇബടെത്ത്യപ്പഴാ ങ്ങളൊക്കെ കൂടി ബടെ ഒറക്കെ വർത്താനം പറയ്-ണ് കണ്ടത്, 
അത് കേട്ടപ്പഴാ ഓൻ മയ്യത്തായിക്ക്ണൂ ന്ന് ഞമ്മക്ക് തിരിഞ്ഞത്.! 
പിന്നെങ്ങനേ ഈ മയ്യത്ത്‌ ങ്ങടെ കൂട്ടര്ടേവ്ണ് ന്ന് ഒന്ന് പറഞ്ഞാണീം ങ്ങള് ?'

ഹാജ്യാർ വളരെ വാശിയോടെ തന്നെ കടുത്ത അംഗവിക്ഷേപങ്ങളുമായി ഉച്ചത്തിൽ തന്റെ ഭാഗം അവിടെ കൂടിയവരോട് വിശദീകരിക്കുന്നതോടൊപ്പം മറ്റു രണ്ട് പേരോടുമായി ചോദിച്ചു.

നമ്പൂര്യച്ചൻ അതായത് ഞാൻ വിട്ടു കൊടുക്കുമോ ?

'ഹേയ്...ഹേയ്......ഹെന്റാജ്യാരേ എന്താ നിങ്ങളീ പറയുന്നത് ?
നോം ഈ പാടത്ത്കൂടി ആ വടക്കേപാടത്തെ ഇല്ലത്തേയ്ക്കൊന്ന് പോവാനെറങ്ങ്യേതാ,
അപ്പ ദാ ഇവടെ നിൽക്ക്വാ, നല്ല ഐശ്വൊര്യായിട്ട് ഒരു കൃഷ്ണ വിഗ്രഹ രൂപം,
ഓടക്കുഴലൊക്കെ പിടിച്ച്ട്ടേയ്, നല്ല സുന്ദരായിട്ട് ള്ള ആ നില്പ് കണ്ടപ്പഴൊന്നും
നോം നിരീച്ചിലാ അതൊരു പ്രേതായിരിക്കും ന്ന്.!  
അത് പ്രേതാന്നറിഞ്ഞപ്പഴേയ് ഞാനങ്ങ്ട് പേടിച്ച് വല്ലാണ്ടായിപ്പോയി ട്ടോ, 

ന്റെ ഹാജ്യാരേ, ഈശോം മിശിഹേ, ആ ഭയാശങ്കകളിപ്പഴൂം മാറീല്ല്യ,
നോമിന്റെ നെഞ്ചിലൊന്ന് തൊട്ട് നോക്കൂ, കെടന്ന്‍ മിടിക്ക്ണ നോക്കൂ.......,
ഹേയ്...ഒന്ന് തൊട്ട് നോക്ക്വാ നിങ്ങളാരേലും.......!'

നമ്പൂരിച്ചൻ അംഗവിക്ഷേപങ്ങളോട് കൂടിയുള്ള തന്റെ വിശദീകരണത്തിന്റെ അവസാനം വലതു കൈവിരലുകൾ സ്വന്തം നെഞ്ചിന് നേരെ ചൂണ്ടിക്കൊണ്ട് തൊട്ട് നോക്കാൻ പറയുന്നത് രണ്ട് മൂന്ന് തവണ ആവർത്തിച്ചു.!

ഇതെല്ലാം കേട്ട് കൊണ്ട് പള്ളിലച്ചൻ ശാന്തനായി എന്നാൽ ഗംഭീര്യമാർന്ന സ്വരത്തിൽ പറഞ്ഞു,

'കർത്താവായ ഈശോം മിശിഹായേ....ഈ പാപികൾക്ക് മാപ്പ് നൽകരുതേ,
ഇവർ ചെയ്യുന്നതും പറയുന്നതും എന്തെന്ന് 'എനിക്ക് ' മനസ്സിലാവുന്നതേയില്ലാ,
ആയതിനാൽ ഇവരോടാരോടും പൊറുക്കരുത് കർത്താവേ.......!
ഈ മനുഷ്യൻ പാടത്ത് മുട്ടുകുത്തിയിരുന്ന് 
കയ്യുയർത്തി അത്യുന്നതിയിലേക്ക് നോക്കി അങ്ങയോട് പ്രാർത്ഥിക്കുന്നത് കണ്ടു കൊണ്ടാണ്
ഞാൻ ഇതുവഴി അങ്ങേതിലെ ഔസേപ്പിന്റെ ഭവനത്തിലേക്ക് നടന്ന് പോയത്, 
അദ്ദേഹം മരിച്ചു പോയെങ്കിൽ ആ ശരീരത്തിനവകാശം ഞങ്ങളിൽ മാത്രം നിക്ഷിപ്തമാണ്, 
അത് ഞങ്ങൾക്ക് വിട്ടു തരിക കുഞ്ഞാടുകളേ.!'

വളരെ താളാത്മകമായി, നല്ല ഒഴുക്കോടെയായിരുന്നു പള്ളീലച്ചന്റെ അംഗവിക്ഷേപങ്ങൾ.!

ഞങ്ങൾ മൂവരും ഭയങ്കരമായ വീറോടെ സ്റ്റേജിൽ നിറഞ്ഞാടി, കാണുന്ന എല്ലാവർക്കും അത് രസിക്കുന്നു എന്ന് ഞങ്ങൾക്ക് അവരുടെ ഉച്ചത്തിലുള്ള ചിരിയിൽ നിന്ന് മനസ്സിലാവുന്നുണ്ട്.!

വീറോടെയുള്ള അവകാശവാദങ്ങൾക്ക് പിറകെ ഞങ്ങൾ തമ്മിൽ ഗംഭീര അടിയായി,
'നല്ല പൊരിഞ്ഞ സംഘട്ടനം.!'.
ഞങ്ങൾ അടികൂടുന്ന സമയത്ത് ശവം എഴുന്നേറ്റ് നിന്ന്, 
'മരിച്ച് കെടക്കാനും നിങ്ങളൊര് സ്വസ്ഥത തരില്ല ല്ലേ ?' എന്ന് ചോദിച്ച് നിലത്തേക്ക് തന്നെ വീണതും ശ്രദ്ധിച്ച ഞങ്ങൾ, തുടർന്നുള്ള ആ ഗംഭീരമായ അശരീരിക്ക് കാതോർത്ത്, നിശ്ചലമായി നിൽക്കാൻ തുടങ്ങി.!

അന്തം വിട്ട് നിൽക്കൽ പത്ത് സെക്കൻഡ് നിന്നാൽ മതി, അപ്പോഴേക്കും ആ അശരീരിയെത്തണം എന്നാണ് ഞങ്ങളുടെ അശരീരിക്കാരനുമായുള്ള കരാർ, കാരണം അത്രയ്ക്കും നിശ്ചലമായാണ് ആ നില്പ്.!

ഞങ്ങളുടെ നിൽപ് പത്ത് സെക്കൻഡ് കഴിഞ്ഞു, ഇരുപത് സെക്കൻഡ് കഴിഞ്ഞു, ഒരു മിനിറ്റ് കഴിഞ്ഞു, രണ്ട് മിനിറ്റ് കഴിഞ്ഞു...... സമയമങ്ങനെ നീങ്ങുന്നു,അശരീരി വരുന്നില്ല.......! ഞങ്ങൾ മൂന്ന് പേർക്കും ആ നില്പിൽ ശരീരം കുഴഞ്ഞ്, വല്ലാതെ ദേഷ്യം വന്നു തുടങ്ങി.!!!!!!!

ഞങ്ങൾ അശരീരി വരാതെത്തന്നെ സ്റ്റേജിൽ തളർന്ന് വീഴും എന്നവസ്ഥയിലെത്തിയതും, ആരോ സ്റ്റേജിന് പിറകിലേക്ക് ഓടി പോയി ജയേഷിനെ വിളിച്ചു, പാവം അവനാണ് ഞങ്ങളുടെ 'രക്ഷകൻ'.! അവിടെ വീണ്ടും അങ്ങനെ നിശ്ചലമായി നിൽക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചത് ആ രക്ഷകനാണ്.

'ഡാ ജയേഷേ അന്റെ ഡയലോഗിന്റെ സമയായടാ, 
ആ ഡയലോഗ് പറെ യ്യ്...വേഗം....!'
(സ്റ്റേജിൽ നിശ്ചലരായി നിൽക്കുന്ന ഞങ്ങളും അതെല്ലാം കേൾക്കുന്നുണ്ട്, 
പക്ഷെ മിണ്ടാനും ചിരിക്കാനും ഭാവമാറ്റത്തിനും ഞങ്ങൾക്കാർക്കും കഴിയില്ലല്ലോ ?)

കയ്യിൽ മൈക്കും ഓണാക്കി പിടിച്ച് ആരുടേയോ സൗന്ദര്യാസ്വാദനം നടത്തുകയായിരുന്ന ജയേഷ് അന്തം വിട്ട് രക്ഷകനോട് പറഞ്ഞു,

'പോടാ അവ്ട്ന്ന്......! 
ഞാനീ ഡയലോഗ് പറയണെങ്ങി, മ്മടെ ഷാജീവ് ണീച്ച് ഡയലോഗ് പറഞ്ഞ് വ്ഴണ്ടേ ?'
(ശ്രദ്ധിക്കുക, ജയേഷിന്റെ കയ്യിലെ മൈക്ക് 'ഓണാ'ണ്.!)

ഷാജീവിന്റെ ഡയലോഗും വീഴ്ചയും നടക്കുമ്പോൾ സ്റ്റേജിന് പിറകിൽ അവൻ 'ആരേയോ' കണ്ണെറിഞ്ഞ് വീഴ്ത്തുകയായിരുന്നു എന്ന് മനസ്സിലാക്കിയ ഞങ്ങളുടെ 'രക്ഷകൻ' അവനോട് 'പതിവില്ലാത്ത വിധം' ശാന്തസ്വരത്തിൽ 'കാര്യം' ആവർത്തിച്ചു,
'അതൊക്കെ പറഞ്ഞ് ഓൻ വീണ് ട്ട് കൊറേ നേരായടാ, 
യ്യ് അന്റെ ഡയലോഗ് പറയ് വേഗം.......'
അവൻ വീണ്ടും അക്ഷമയോടെ പറഞ്ഞു. 
ആ അക്ഷമ കാരണം അവന്റെ ശബ്ദം നന്നായി ഉയര്‍ന്നിരുന്നു,
കാരണം ഞങ്ങൾക്ക് പോലും ആ 'നിർബന്ധം' അത്രയ്ക്ക് വ്യക്തമായി കേൾക്കുന്നുണ്ടായിരുന്നു.!

അതുകൂടി കേട്ടപ്പോൾ അന്തം വിട്ട് പരിഭ്രമത്തോടെ സ്റ്റേജിലേക്ക് ശ്രദ്ധിച്ച ജയേഷ്, ഞങ്ങൾ മൂന്ന് പേരും നിശ്ചലരായി നിൽക്കുന്നത് കണ്ടു. ഡയലോഗ് പറയാറായീ എന്ന് മനസ്സിലായ അവൻ വളരെ ഗാംഭീര്യമാർന്ന സ്വരത്തിൽ ആ അശരീരി പറഞ്ഞു.  ആ അശരീരിക്ക് മുൻപെ അവൻ പറഞ്ഞത് കാണികളും ജഡ്ജസ്സും കേട്ടതൊന്നും അവൻ ശ്രദ്ധിച്ചിട്ടും അറിഞ്ഞിട്ടും ഇല്ല.!
(ഭാഗ്യം.! അല്ലെങ്കിൽ ആ പതർച്ച കൂടി 'അശരീരി'യിലുണ്ടാവുമായിരുന്നു.)

ശേഷം ഒരു കുട്ടി ദേശീയ പതാകയുമായി സ്റ്റേജിലേക്ക് വരുകയും,ഞങ്ങൾ മൂന്ന് പേരും ആ പതാക വാങ്ങി ഒരുമിച്ച് ഉയർത്തി പിടിച്ച് നിൽക്കുകയും ചെയ്തു. അപ്പോൾ പിന്നണിയിൽ 'സാരേ ജഹാം സെ അച്ഛാ.....' മുഴങ്ങുന്നു. ആ ബേജാറിനിടയിൽ ഞങ്ങളുയർത്തിയത് കുട്ടി കൊണ്ടുവന്ന കോൺഗ്രസ്സിന്റെ പതാകയാണെന്ന് ഞങ്ങൾക്ക് മനസ്സിലായത്, സ്റ്റേജിന്റെ മുന്നിൽ തന്നെയുള്ള ജഡ്ജസ്സിന്റെ അടക്കി പിടിച്ച ചിരിയും, പതാക ചൂണ്ടിയുള്ള അടക്കം പറച്ചിലും ശ്രദ്ധിച്ചപ്പോഴാണ്. അങ്ങനെ,  ഞങ്ങളുടെ സബ്-ജില്ലയ്ക്കപ്പുറമുള്ള പ്രയാണം ആ സ്റ്റേജിൽ നിന്ന് ഇറങ്ങുന്നതിനു മുന്നേ തന്നെ ശക്തമായി ഞങ്ങൾക്കുറപ്പിക്കാറായി'.!

                                                                                        
                                                                               (ശുംഭൻ) മുകളിൽ നിങ്ങൾ വായിച്ചത് ഞങ്ങൾ കൂട്ടുകാരുടെ മനസ്സിലൂടെ വളർന്ന് വന്നതും, നാടകശേഷം ജയേഷിനെ സ്കൂൾ ഗ്രൗണ്ടിലൂടെ ഓടിച്ച് പിടിച്ച് ചീത്ത പറഞ്ഞതിനും കാരണമായ ചിന്തയാണ്. 
ഇനി അതിന്റെ സത്യാവസ്ഥയുടെ കഥനം ജയേഷിന്റെ വിശദീകരണം ഈയിടെ കേട്ട ശേഷം,
(നാടകം സ്റ്റേജിൽ നടക്കുന്നു, 
സ്റ്റേജിനു പിന്നിൽ അശരീരിക്കായി മൈക്കും പിടിച്ച് ജയേഷ് ഇരിക്കുന്നു,
അശരീരിക്ക് ഏകദേശം സമയമായി എന്ന് ബോധ്യം വന്ന് ജയേഷ് അതിനായി തയ്യാറെടുക്കുന്നു.)

ശോഭടീച്ചർ തികച്ചും യാദൃച്ഛികമായി, സ്വന്തം സ്കൂളിൽ വച്ച് നടക്കുന്ന സബ്-ജില്ലാ കലോത്സവത്തിന്റെ സ്ഥിതി വിവരങ്ങൾ അന്വേഷിച്ചു കൊണ്ട് ഞങ്ങളുടെ നാടക സ്റ്റേജിനെ ലക്ഷ്യമാക്കി നടന്നു വരുന്നു. അവിടെയെത്തിയാൽ ആദ്യം കാണുക പിറകു വശമാണ്. പിറകിലൂടെ സ്റ്റേജിലേക്കൊന്ന് എത്തിനോക്കി, കണ്ടത് മൈക്കുമായിരിക്കുന്ന ജയേഷിനെ.

'ഇവിടെ ഈ സ്റ്റേജിന് പുറകിൽ എന്താ പരിപാടി ജയേഷ് ?'
എന്തിനെ പറ്റിയും വിശദമായി അറിയണം എന്ന് ആ ടീച്ചർക്ക് നിർബന്ധമാണ്.!

'ഞാൻ ചുമ്മാ ഞങ്ങടെ നാടകത്തിന്റെ.......
.......ഒരനൗൺസ്മെന്റിനായിട്ട് ന്ക്ക്വാ ടീച്ചറേ'
ജയേഷ് തന്റെ റോൾ പറയാനുള്ള വിമ്മിഷ്ടത്തിൽ, ഇത്തിരി പരുങ്ങലോടെ അറിയിച്ചു.

'അതേത് നാടകമാ ജയേഷ് ?
ഇവിടെ സ്കൂളിലവതരിപ്പിച്ച അതേ നാടകമാണോ ?'
ടീച്ചർക്ക് ആ അറിഞ്ഞതൊന്നും പൂർണ്ണമായില്ല.!

'അതെ ടീച്ചറേ, മ്മടെ ഷാജീവ് ശവായി കെടന്ന്ട്ട്,
മൂന്ന് മതത്തിന്റെ ആൾക്കാരും കൂടി അതിന്വേണ്ടീട്ട് കടിപിടി കൂട്ണ അതേ നാടകെന്നേ'

'ഓഹ്...അത്.! 
അപ്പൊ അതിന് ജയേഷെന്താ ഇവിടെ മൈക്കും പിടിച്ച് നിൽക്കുന്നേ  ?'

'അത്...അതാ... അവസാനത്തെ ഡയലോഗിനാ ടീച്ചറേ'
ഇത്തിരി 'അക്ഷമ'യോടെയാണെങ്കിലും ജയേഷിനത് പറയാതിരിക്കാനായില്ല.!

ഇങ്ങനെ, കാര്യങ്ങളുടെ വിശദീകരണം സ്റ്റേജിന് പിറകിൽ ഗംഭീരമായി നടക്കുന്ന നേരത്ത്, ഞങ്ങൾ 'മൂന്നാളുകൾ' സ്റ്റേജിൽ ഷാജീവിന്റെ വീഴ്ചയും കഴിഞ്ഞ് പുറകിൽ നിന്ന് വരാനുള്ള അശരീരിയും കാത്ത് അക്ഷമരായി, നിശ്ചലരായി, എല്ലാം കേട്ട്, അറിഞ്ഞ്, ഒന്നും മിണ്ടാനാകാതെ, ഇപ്പോൾ വീഴും എന്ന അവസ്ഥയിൽ അവശരായി നിൽക്കുകയാണ്.!!!!!!!
ശേഷം സംഭവിച്ചതെല്ലാം നിങ്ങൾ വായിച്ചറിഞ്ഞല്ലോ ?
                                                                                                     (ശുഭം.!)

69 comments:

 1. ഞാൻ കഴിഞ്ഞ 8-9 മാസങ്ങളായി സ്വന്തമായുള്ള സൃഷ്ടികളൊന്നും 'മണ്ടൂസനി'ൽ പോസ്റ്റ് ചെയ്യാറില്ല. മുൻപേ ഇട്ടത് രണ്ടും അമ്മയുടെ സംസാരങ്ങളായിരുന്നു.! എന്റെ വിശ്രമം കഴിയേണ്ട സമയമൊക്കെ അതിക്രമിച്ച് പോയി,അങ്ങനെ ചില 'പണി'യാവശ്യങ്ങൾക്കായി എഴുത്തിൽ നിന്ന് ചെറുതായി വിട്ടുനിൽക്കുകയാണ്. അങ്ങനെയിരുന്നപ്പോൾ എനിക്കൊരു തോന്നൽ 'മണ്ടൂസനി'ൽ വല്ലപ്പോഴും ഒന്നെങ്കിലും പോസ്റ്റ് ചെയ്യാതിരുന്നാൽ 'മണ്ടൂസൻ' എന്നത് ബ്ലോഗ്ഗ് കൂട്ടത്തിൽ നിന്ന് അസ്തമിച്ചാലോ, അതിനാൽ ഞാനിതാ നിങ്ങളുടെ മുന്നിൽ പുതിയ എഴുത്തുമായ്.......

  ReplyDelete
 2. വീണ്ടും കണ്ടത്തിൽ സന്തോഷം :) ആദ്യം ഞാൻ ഇതൊന്നു വായിക്കട്ടെ

  ReplyDelete
  Replies
  1. വീണ്ടും കണ്ടതില്‍ സന്തോഷം എന്ന് തിരുത്തി വായിക്കുക!! :)

   Delete
 3. :) വന്ന വഴിക്ക് പഴയ സ്കൂള്‍ സാഹസവും ഒന്ന് വായിച്ചു... ഈ നാടകം ഞങ്ങളുടെ സ്കൂളിലും അവതരിപ്പിച്ചിട്ടുണ്ട് ട്ടോ മണ്ടൂസ...., പക്ഷെ ഞാന്‍ അഭിനയിച്ചിട്ടില്ല അതില്‍ :). അപ്പൊ എല്ലാം നന്നായി... പാവം സുഹൃത്ത് :D . അയ്യോ, പറയാന്‍ വിട്ടു -ഇടയ്ക്ക് അമ്മക്കഥകളുടെ കൂട്ടത്തില്‍ മണ്ടൂസ് കഥകളും വേണം, അത് കണ്ടതില്‍ സന്തോഷം... , അപ്പൊ ഇനിയും പോരട്ടെ ട്ടോ..... ,ആശംസകള്‍

  ReplyDelete
  Replies
  1. ഈ മെസേജുകളൊന്നും എന്റെ മെയിൽ ബോക്സിൽ വരുന്നില്ലല്ലോ ?
   ഞാൻ കരുതി ആരുമൊന്നും അഭിപ്രായിച്ചില്ലേ എന്ന്.!!!!!!!

   Delete
 4. ഹഹഹ ...........പൊട്ടിച്ചിരിപ്പിച്ചു ഈ നാടകം

  ReplyDelete
 5. :D

  സന്ദേശം സിനിമയില്‍ പാര്‍ട്ടിക്കാര്‍ ശവത്തിനു വേണ്ടി..,.. തല്ലുകൂടുന്ന രംഗം ഓര്‍മ്മ വന്നു!!

  കുറെ നാളുകള്‍ക്ക് ശേഷമാണ് മനു പോസ്റ്റ്‌ ഇടുന്നതെങ്കിലും....

  പഴയ ആ ഒഴുക്ക് കൈമോശം വന്നിട്ടില്ല!!

  രസിപ്പിച്ചു....ചിരിപ്പിച്ചു!!

  :)

  ReplyDelete
 6. ന്‍റെ. മന്വോ... ജോറായി ......

  ReplyDelete
 7. ഇതുപോലെ ഒരു നാടകം ഞങള്‍ കളിച്ചിരുന്നു. അതില്‍ രണ്ടു പേര്‍ മാത്രമേ ഉണ്ടായിരുന്നുളൂ. ഒരാളും അയാളുടെ മനസാക്ഷിയും, തമ്മിലുള്ള സംഘര്‍ഷം മൂത്ത് കയ്യംകളിയില്‍ എത്തുന്നു. കളി മുറുകിയപ്പോള്‍ ലവന്‍ കേറി പിടിച്ചത് എന്‍റെ മുണ്ടില്‍.. ബാകി ഞാന്‍ പറയണ്ടല്ലോ..

  നാടക കഥ സൂപര്‍ ആയി..

  ReplyDelete
 8. hahha ഇതു പോലെ ചില നാടക രംഗങ്ങൾ ഓർമയിൽ വന്നൂ
  സ്കൂൾ കാലം അതൊക്കെ ഓർമയിലേക്ക് കൊണ്ട് വന്ന ഒരു പോസ്റ്റ്
  ആശംസകൾ

  ReplyDelete
 9. മനു... ഏറെക്കാലങ്ങൾക്കുശേഷമാണല്ലോ ബ്ലോഗിലേയ്ക്ക് സജീവമായി എത്തുന്നത്... വരവ് മോശമാക്കിയിട്ടില്ല കേട്ടോ... പഴയകാല സ്കൂൾജീവിതങ്ങളുടെ ഓർമ്മകൾ എന്നും, എല്ലാവർക്കും മധുരം മാത്രം സമ്മാനിയ്ക്കുന്നതാണല്ലോ... ഇത്തരത്തിലുള്ള ഓർമ്മകൾ നമ്മൂടെയെല്ലാം മനസ്സുകളിൽ മറഞ്ഞുകിടക്കുന്നതുകൊണ്ട് ഈ കുറിപ്പുകളും ഏറെ മധുരതരമാകുന്നു... ...

  മടി കൂടാതെ തുടർച്ചയായി എഴുതുക...മനോഹരമായ നാടൻഭാഷയിലുള്ള എഴുത്തുകൾ മനുവിന്റെ തൂലികയിലൂടെ ജന്മമെടുക്കട്ടെ,,,
  ആശംസകൾ നേരുന്നു...

  ReplyDelete
 10. ഹഹ..രസകരം ഇത്തരം പരിപാടികളുടെ തുടക്കം മുതല്‍ അവസാനം വരെ ഇങ്ങനെ ആയിരിക്കും .ഓരോ തമാശകള്‍ .പെട്ടെന്ന് സ്കൂള്‍ കാലം ഓര്‍ത്തുപോയി മന്വോ...

  ReplyDelete
 11. മന്വോ... നാടകം കലക്കിട്ടോ :)

  ReplyDelete
 12. സ്കൂൾ കാലം അല്ലെങ്കിൽ പഠന കാലം എന്നത് വല്ലാത്ത ഒരോർമ്മയാണ് . അല്പം കല കൈയിലുള്ള ആളാവുമ്പോൾ തീര്ച്ചയായും ടീച്ചേഴ്സ് എല്ലാരും അറിയും , കുട്ടികൾ എല്ലാരും അറിയും പ്രത്യേകിച്ച് ജാതിഭേത മതമെന്യെ പെണ്‍കുട്ടികള ആരാധികമാരാകും.
  പെട്ടെന്ന് ഭൂതകാലത്തിലേക്ക് എറിഞ്ഞ പോലെ .. ഒരു നഷ്ട ബോധം .
  (ദേശീയ പതാകക്ക് പകരം കോണ്ഗ്രസ് പതാക എങ്ങനെ വന്നു എന്നൊരു സംശയം ഉണ്ട് മനു) ആദ്യം തയ്യാറാകി വച്ചിരുന്നില്ലേ ? അങ്ങനെയെങ്കില അത് നിങ്ങള്ടെ വീഴ്ചയാണല്ലോ ..
  ഏതായാലും - ആസ്വദിച്ചു . നന്ദി .
  (കള്ളാ - നീ ഇത് ലിങ്ക് തന്നപ്പോ ഞാൻ കരുതി വല്ല മലയാള ഭാഷയെ ക്കുറിച്ചുള്ള ലേഖനമോ മറ്റോ ആണെന്ന് ) :P

  ReplyDelete
  Replies
  1. ജാതിമതഭേദമന്യേ - എന്ന് തിരുത്തി വായിക്കുക :)

   Delete
  2. ഞങ്ങളുടെ കൂട്ടത്തിൽ എങ്ങിനാ ദേശീയ പതാക സംഘടിപ്പിക്ക്വാ ന്ന് ചർച്ചയായി,
   പലരും,പറഞ്ഞു നമുക്ക് സ്കൂളിൽ ചോദിക്കാം ന്ന്.
   പക്ഷെ നാടകത്തിനൊരു സഹായവും 'ചെയ്യാത്ത' അവരിൽ നിന്ന് അങ്ങനൊരു സഹായം
   കൈപ്പറ്റണ്ടാ ന്ന് ഭൂരിപക്ഷം. അപ്പോൾ ഒരുവൻ പറഞ്ഞു, 'ന്റെ വീട്ടില്ണ്ട് ഒന്ന്, ഞാനത് കൊടന്നേരാ' ന്ന്,
   അങ്ങനെ അവൻ എത്തിച്ചതാ, അവന്റച്ഛൻ ഒരു കോൺഗ്രസ് പ്രവർത്തകനായിരുന്നു.!

   Delete
 13. കലാലയജീവിതകാലത്തെ രസകരമായ മുഹൂര്‍ത്തങ്ങള്‍ . നന്നായി എഴുതി. ആശംസകള്‍

  ReplyDelete
 14. അങ്ങനെ സബ്ജില്ല കഴിഞ്ഞു മുന്നോട്ടുള്ള നാടക പ്രയാണം അതോടെ തീര്‍ന്നു അല്ലേ; ഒരു സംശയമുണ്ട്‌, കൊടി എങ്ങനെ മാറിപ്പോയി, അത് പറഞ്ഞില്ലല്ലോ...

  ReplyDelete
 15. നാടകം കളി അസ്സലായി. 'അശരീരിയെ ' എല്ലാവരും കൂടി നന്നായി കൈകാര്യം ചെയ്തോ?പുതിയ പോസ്റ്റ്‌ വന്നിട്ട ബ്ലോഗ്‌ ജീവന്‍ വയ്ക്കുന്നത് കാണുമ്പോള്‍ സന്തോഷമാണ് .

  ReplyDelete
 16. നാടകം അപ്പോ ഇങ്ങനെ കളിക്കണം... കേമമായിട്ടുണ്ട്. എല്ലാ സ്കൂളിലും ഉണ്ടാവും ഇതുമാതിരി ഓരോ ശോഭ ടീച്ചര്‍മാര്‍...

  ReplyDelete
 17. ചെറിയൊരു ഇടവേളക്കു ശേഷം നല്ലൊരു പോസ്റ്റുമായി മനേഷ് വന്നിരിക്കുന്നു. സാധാരണയായി ബ്ലോഗുകളില്‍ കാണാറുള്ള അനുഭവവിവരണങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ഒരു സ്കൂള്‍ യുവജനോത്സവത്തിന്റെ പാശ്ചാത്തലത്തില്‍ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.

  ReplyDelete
 18. ഓഫീസില്‍ വച്ചാണ് ഈ പോസ്റ്റിന്റെ നോട്ടിഫികേഷന്‍ വന്നത്. അപ്പോള്‍ ഹാജര്‍ അടയാളപ്പെടുത്തിയിട്ട് പോയി.
  ഇപ്പോഴാണ് വായിയ്ക്കുന്നത്.

  ആ നാടകത്തിന്റെ സ്ക്രിപ്റ്റ് വളരെ നന്നായിരുന്നു. ടീച്ചര്‍ വില്ലത്തി ഒപ്പിച്ച പണികാരണം നാടകം അലമ്പായിപ്പോയി അല്ലേ?

  ReplyDelete
 19. കുട്ടികളുടെ നാടകമാണെങ്കിലും നല്ല തിരക്കഥയായിരുന്നല്ലോ ... ഈ ശോഭറ്റീച്ചര്‍മാര്‍ എല്ലായിടത്തും ഒരുപോലെയാണോ... ? :)

  ReplyDelete
 20. നന്നായി രസിപ്പിച്ചു..
  ഇതേ തീം വെച്ച് സ്കൂളില്‍ പഠിക്കുമ്പോള്‍ ഞങ്ങള്‍ മൈം അവതരിപ്പിച്ചിരുന്നു...അതില്‍ ശവത്തിനു പകരം ഒരു പ്രതിമ എന്ന രീതിയില്‍ ..ആ പ്രതിമ ആയത് ഞാനായിരുന്നു....ജീവിതത്തില്‍ ആദ്യമായും അവസാനമായും സ്റ്റേജില്‍ കയറിയത് അന്നാണ്...

  ReplyDelete
 21. മന്വോ, കുറച്ച് വൈകിയാലെന്താ ഇതുപോലത്തതുണ്ടെങ്കിൽ നമ്മൾ ഇനിയും വെയിറ്റ് ചെയ്യാൻ തയ്യാറാണ്.

  ഏതായാലും, എനിക്ക് ഒരു ത്രെഡ് തന്നതിനു നന്ദി., ഈ കഥ എന്റെ യു പി സ്കൂൾ കാലത്തെ ഓർമിപ്പിച്ചു...

  ReplyDelete
  Replies
  1. ആരെങ്കിലും ഓടിച്ചിട്ട്‌ ഏതെങ്കിലും ഇറയത്തു കേറിയ കഥയായിരിക്കും :P

   Delete
  2. ചെലപ്പൊ തല പിടിച്ച് താഴ്ത്തീട്ട് പുറത്ത് നല്ല ഇഞ്ചിക്കുത്ത് കുത്ത്യേ കഥേവും.!
   ഷിഹാബിക്കാ.

   Delete
  3. ഇതൊരു വെല്ലു വിളിയായി ഞാൻ ഏറ്റെടുക്കുന്നു, പ്രതികാരം ചെയ്യും.., (യൂ റ്റൂ ശിഹാബ് ബായ്) :(

   Delete
 22. നാടകം നാറാതേ നാറ്റിപ്പിച്ച് ശുഭമാക്കിയ
  ഒരു പണ്ടത്തെ ശുംഭൻ അനുഭവം കൊള്ളാം കേട്ടോ മന്വോ

  ReplyDelete
 23. എന്റെ സ്കൂള്‍ കോളേജ്‌ ജീവിതത്തില്‍ ഒന്നും കലയോ, കലയുമായി ബന്ധപ്പെട്ട ഒരു പ്രവര്‍ത്തനങ്ങളോ ഉണ്ടായിട്ടില്ല.... എന്നാല്, വായന എന്നെയും കുറച്ചൊക്കെ പിറകിലേക്ക്‌ ഓടിച്ചു.... അഭിനന്ദനങ്ങള്‍.....

  ReplyDelete
 24. നാടകവും അതിനെക്കാളേറെ സ്റ്റേജില്‍ സംഭവിച്ച കാര്യങ്ങളും ഒരുപാടു ചിരി സമ്മാനിച്ചല്ലോ മനീഷേ വളരെ നന്ദി

  ReplyDelete
 25. ഇതു രണ്ടാമത്തെ തവണയാണ്‌ തപ്പിപ്പിടിച്ച്‌ വന്നു ഇതു വായിക്കുന്നത്‌. ഇത്രയും വലിയ സംഭവം കൈയ്യിലിരുന്നിട്ടാണോ ഇത്ര നാളും ഇതു പോസ്റ്റ്‌ ചെയ്യാതിരുന്നത്‌?. ഞാൻ ആ നാടകത്തെ കുറിച്ച്‌ ഓർത്താണ്‌ വീണ്ടും വരുന്നത്‌. ഇപ്പോൾ കളിച്ചാലും ആ നാടകത്തിനു പ്രസക്തിയുണ്ട്‌!. ഇനി ഒരു 50 വർഷം കഴിഞ്ഞാലും പ്രസക്തി ഉണ്ടാവും (അതാണല്ലോ കേരളം!).. ആ നാടകം തയ്യാറാക്കിയ എല്ലാ മിടുക്കന്മാർക്കും അഭിനന്ദനങ്ങൾ! കൂട്ടത്തിൽ ഇതു പോസ്റ്റ്‌ ചെയ്ത മനേഷനും :)  ReplyDelete
 26. ഇത് വായനയ്ക്ക് വയ്ക്കാൻ വളരെയധികം വൈകിപ്പോയി,
  ഞാൻ മാസത്തിലോരോ പോസ്റ്റുകളിട്ടിരുന്ന 2012ൽ ഇടേണ്ട
  സംഭവമായിരുന്നു ഇത്.! അത് കുഴപ്പമില്ല, സംഗതി എത്ര വൈകിയായാലും
  വായിക്കേണ്ടവർ അത് അന്വേഷിച്ച് ഇവിടെത്തി വായിച്ചു കൊള്ളും.
  ഇഷ്ടമാവും എന്ന് നിങ്ങളുടെയെല്ലാം അഭിപ്രായത്തിലൂടെ എനിക്ക് മനസ്സിലാവുന്നു.
  അഭിപ്രായങ്ങൾക്കെല്ലാം നന്ദിയുണ്ട്.!

  ReplyDelete
 27. ഇത് രസായി... കര്‍ട്ടന്‍ വീഴാതിരുന്ന അനുഭവവും, ഷാജു ഇതൊന്നും ശാശ്വതമല്ല എന്നതിന് പകരം ശാശു ഇതൊന്നും ഷാജുവല്ല എന്ന് പറഞ്ഞതുമായ അനുഭവങ്ങള്‍ എനിക്കുമുണ്ട്.. :p അതിലേക്കുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയായി ഈ പോസ്റ്റ്‌.. :)

  ReplyDelete
 28. ഇതിലെ അവസാന കര്‍ട്ടന്‍ താഴുന്നത് വരെ ഞാന്‍ മനൂന്റെ
  കൂടെ ആയിരുന്നു ആ മൈക്ക് ഓണ്‍ ചെയ്തു കൊണ്ടുള്ള ടയലോഗും മുന്നിലിരിക്കുന്നവരുടെ ചിരിയും ഓര്‍ത്തപ്പോള്‍ ശെരിക്കും കലാലയ ജീവിതം മുന്നില്‍ സജീവമായി .. ജീവനുള്ള എഴുത്ത് മടുപ്പ് തോന്നിയതേയില്ല .
  ഒമ്പതാം ക്ലാസില്‍ പടികുമ്പോള്‍ ഒപ്പനയില്‍ ഒരാളുടെ തുണി അഴിഞ്ഞതും കുട്ടികള്‍ കൂവുന്നതും നോക്കി കര്‍ട്ടന്‍ വലിക്കുന്നവന്‍ ഇരുന്നു ചിരിച്ചപ്പോള്‍
  പോയിന്റ്‌ പോയതില്‍ ദേഷ്യം പിടിച്ച ഗ്രൂപ്പ് ലീഡര്‍ കര്‍ട്ടന്‍ വലിക്കുന്നവനെ വന്നു ഉന്തിയതും ഞങ്ങള്‍ കൂവിയതും എല്ലാം ഓര്‍ക്കുവാന്‍ കഴിഞ്ഞു
  ആശംസകള്‍ നല്ല പോസ്റ്റ്‌

  ReplyDelete
 29. ബുഹ്ഹ്ഹ്ഹ്ഹ :D

  ReplyDelete
 30. കൊപ്പത്തെ ആ സ്കൂള്‍ മുറ്റത്ത് ഒരു സ്റ്റേജ് ഉയര്‍ന്നതും നാടകം നടക്കുന്നതും മനുവും കൂട്ടരും തകര്‍ത്താടുന്നതും മനസ്സില്‍ തെളിഞ്ഞു. അനുഭവങ്ങള്‍ രസകരമായി വിവരിക്കാന്‍ ഒരു പ്രത്യേക കഴിവ് തന്നെ വേണം. അത് മനുവില്‍ ഉണ്ട് എന്നതിന് തെളിവാണ് മണ്ടുസനിലെ ഓരോ പോസ്റ്റും. ചെക്കന്മാരുടെ താളം തെറ്റിക്കാന്‍ ഇത് പോലെ ഓരോ ടീച്ചര്‍മാര്‍ പലയിടത്തും കാണും. എല്ലാം കുളമാക്കിയ ആ ശോഭ ടീച്ചറെ പിന്നെ കണ്ടിട്ടുണ്ടോ? കാണുകയാണെങ്കില്‍ എന്റെ ഒരു ഹായ്‌ പറഞ്ഞേക്കു:)

  ReplyDelete
  Replies
  1. ഹാഹാഹാ വേണ്വേട്ടാ,
   ഇതിൽ കമന്റിയ ആരേക്കാളും ആ സ്കൂൾ ഭാഗങ്ങൾ നേരിൽ കണ്ട വേണ്വേട്ടന് അതിലെ ഓരോ സ്ഥലങ്ങളും വിശദീകരിക്കുമ്പോൾ കൂടുതൽ മനസ്സിലാവും എന്ന് തോന്നുന്നു. കാരണം എന്നെ കാണാൻ വന്നപ്പോൾ വീട്ടിൽ വച്ചല്ലല്ലോ വേണ്വേട്ടൻ കണ്ടത്,ആ സ്കൂൾ പരിസരത്ത് വച്ചല്ലേ ?
   അഭിപ്രായം പറഞ്ഞ വേണ്വേട്ടനും അഭിപ്രായം പറഞ്ഞതും പറയാൻ പോകുന്നതുമായ എല്ലാവർക്കും ഒരുപാട് നന്ദി ഹൃദയത്തിൽ നിന്നും.!

   Delete
 31. haiii mandooosetta return also me...happy to meet u ...now going to read

  ReplyDelete
 32. പൊടി പൊടിച്ചു മനേഷേ. അലസത കാരണം വായിക്കാനും അഭിപ്രായം പറയാനും വൈകി എന്ന വിഷമമേ ഉള്ളൂ. നാടകത്തില്‍ ചിരിയുണ്ട്, ആഴത്തിലുള്ള ചിന്തയുമുണ്ട്. അത് രണ്ടും അതെ അനുപാതത്തില്‍ ഈ പോസ്റ്റിലേക്കും കൊണ്ട് വരാന്‍ കഴിഞ്ഞു. എഴുതുക. ഇനിയും ഒരു പാട്.

  ReplyDelete
 33. നന്നായി . രസകരം. ആരെയും പഴയ സ്കൂള്‍ കാലത്തേക്ക് കൊണ്ടുപോകും.
  എഴുതാനുള്ളത് എന്തിനാപ്പോ , വെച്ചുനീട്ടണത് ? ഇനിയും പോരട്ടെ,

  ReplyDelete
 34. വരാൻ വൈകി കേട്ടോ......ക്ഷമിക്കണം
  തിരിച്ചുവരവിൽ വളരെ സന്തോഷം.സ്വാഗതം
  ഗംഭീരമായ തിരിച്ചുവരവ്.
  ആ മൂന്നു കുരങ്ങന്മാർ നിങ്ങളാണ് അല്ലേ?ഹിഹിഹി

  നല്ല എഴുത്ത്, വായിക്കാൻ നല്ല സുഖമുള്ള രചനാശൈലി.\

  ആശംസകൾ, പ്രാർഥനകൾ..................

  ReplyDelete
  Replies
  1. ഹാഹാഹാ ചേച്ചീ.
   ഇത്രയ്ക്ക് പെട്ടെന്ന് അതും മനസ്സിലാക്കിയെടുത്തോ ?
   വളരെ സത്യമാണ്, അതിലെ ഞാനേതാ ന്ന് അറിയ്വോ ?

   Delete
 35. മനെഷിന്റെ ഉള്ളിൽ ഒരു അഭിനേതാവ് കൂടി ഉണ്ടായിരുന്നു അല്ലെ!

  ആശരീരിക്കായി ഉള്ള ആ നില്പ്പ് ഒര്തിട്ടു തന്നെ ചിരി വരുന്നു !

  ReplyDelete
 36. ഹ ഹ ...കലക്കീ ട്ടോ ... ഈ പോസ്റ്റിൽ എനിക്ക് പ്രത്യേകിച്ച് ഒന്നും പറയാനില്ല .. പിന്നെ നിങ്ങടെ നാടകത്തിന്റെ തീം കുറെ മൈം ഷോകളിൽ കണ്ടിട്ടുണ്ട് ആ കാലത്ത് തന്നെ ... എന്തായാലും ജയേഷ് ആണ് താരം ... ഹി ഹി ...

  ReplyDelete
  Replies
  1. അതെന്താ പ്രവീ നിനക്കൊന്നും പറയാനില്ലാത്തത് ?
   നിന്റെ വക വായിക്കുമ്പോൾ വലിയൊരു ഉപന്യാസ കമന്റ് വരുന്നതും
   പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നു,ഇത്രേം ദിവസം.!
   നീ പറഞ്ഞ താരത്തെ ഞാൻ പരിചയപ്പെടുത്തി തരാം, അടുത്ത വരവിന്.!
   അതുമാത്രമല്ല എല്ലാ കഥാപാത്രങ്ങളേയും. അങ്ങനൊരു കണ്ടുമുട്ടലിനായി ഞാൻ പ്രാർത്ഥിക്കുന്നു.!

   Delete
 37. നാടകത്തിന്‍റെ സ്ക്രിപ്റ്റ് ഏറെ നന്നായി. സന്ദേശം എന്ന സിനിമയിലെ
  രംഗങ്ങള്‍ ഓര്‍മ്മ വന്നു,
  പിന്നെ മനുവിന്‍റെ പതിവുനാട്ടുഭാഷാപ്രയോഗം ജോര്‍ ആയി..!!

  നാടകത്തിന്‍റെ സംഘാടകര്‍ക്കും, കൂടെ മനുവിനും അഭിനന്ദനങ്ങള്‍ ...

  ReplyDelete
 38. കൊള്ളാല്ലോ ....നാടകമേ ഉലകം

  ReplyDelete
 39. വായിച്ചൂ....ചിരിച്ചൂ...പിന്നെ അതുപോലൊരു നാടകം ഞാൻ പണ്ട് എഴുതിയിരുന്നെന്നീണ് ഓർമ്മ . ആശംസകൾ അനിയാ...........

  ReplyDelete
 40. തകര്‍ത്തിട്ടുണ്ട്ട്ടാ ചുള്ളാ...

  ReplyDelete
 41. ഹഹഹ് ഇയ്യ്‌ നാടകത്തിലും അഭിനയിച്ചിട്ടുണ്ടോ നീ അപ്പൊ ഈ നാട്ടുകാരെ ദ്രോഹിക്കല്‍ ചെറുപ്പം മുതലേ തുടങ്ങീട്ടുണ്ട് അല്ലെ

  രസകരമായ എഴുത്ത് ആശംസകള്‍

  ReplyDelete
  Replies
  1. എന്താണാവോ, ആളുകൾക്ക് എന്റെ ദ്രോഹാദികർമ്മങ്ങളില്ലാത്ത ദിവസം
   ശരിയായ ഉറക്കം കിട്ടാറില്ല എന്ന പരാതി ഇടക്കിടെ പറയാറുണ്ട്.!
   അപ്പോൾ നാട്ടുകാരെ നന്നായി ഉറക്കാനാ ഞാനീ പെടാപ്പാട് പെടുന്നത്,
   അന്നും ഇന്നും മൂസാക്കാ.!

   Delete
 42. രസിപ്പിച്ചു, ചിരിപ്പിച്ചു.. ഭാവുകങ്ങൾ.. :)

  ReplyDelete
 43. നാടകം കണ്ട പോലുണ്ട്... കോള്ളാം ഡോ

  ReplyDelete
 44. വരികളില്‍ കൂടി ആ നാടകം നടക്കുന്നതും കൊടി മാറി പോയതും ഒക്കെ മനസ്സില്‍ നിറഞ്ഞു നിന്നു. ഇടവേളക്ക് ശേഷം വന്ന മനു വിന്‍റെ ഒരു നല്ല പോസ്റ്റ്‌.

  ReplyDelete
 45. മനുവേ ,ഞാനും ഒരു ചെറിയ നാടക രചയിതാവും സംവിധായകയുമൊക്കെ ആണുട്ടോ ഞങ്ങളുടെ സണ്‍‌ഡേ സ്കൂളിലെ നാടകമൊക്കെ ഞാനാണ് ചെയ്യുന്നത് അത് പറയാന്‍ കാരണം ഒരോ വര്‍ഷവും രണ്ടു മാസത്തെ പ്രാക്ടീസും ,അത് അരങ്ങേറുമ്പോഴുള്ള അക്കിടികളും ഒക്കെ അടുത്ത വര്‍ഷം വരെ ഓര്‍ത്തോത്ത് ചിരിക്കാനുണ്ടാവും ,ഇത് വായിച്ചപ്പോള്‍ ഞാനാണിവിടുത്തെ ഡി വൈ എസ് പി എന്നുള്ളതിന് ഞാനാണിവിടുത്തെ ഡി വൈ എഫ് ഐ എന്നൊക്കെ പറഞ്ഞുപോയ എന്‍റെ പ്രിയ അഭിനേതാക്കളെ ഓര്‍ത്തു പോകുന്നു ....വളരെ രസകരമായ പോസ്റ്റ്‌ .എനിക്ക് വളരെ ഇഷ്ടപ്പെട്ടു .

  ReplyDelete
 46. ഹ ഹ ആ അവസാന നില്പ് ഓര്‍ത്തുപോയി.
  ആശംസകള്‍

  ReplyDelete
 47. ശക്തമായ വരികൾ ....
  ആശംസകൾ ...
  വീണ്ടും വരാം ....
  സസ്നേഹം ,
  ആഷിക് തിരൂർ

  ReplyDelete
 48. ആ നില്പിന്റെ കാര്യം ഓർത്ത് ഞങ്ങളും നന്നായി ചിരിക്കാറുണ്ട്, ഇപ്പോഴും. ആ നാടകത്തിലെ കഥാപാത്രങ്ങളായ കൂട്ടുകാരിൽ ഇപ്പോൾ 'ഞങ്ങളോടൊപ്പമില്ലാത്ത' ഷാജീവൊഴികെയുള്ള എല്ലാവരും നാട്ടിലെ കൂട്ടുകാരുമാണ്. ആ അവസാന നില്പിൽ പൂണൂല് പൊട്ടിയ ഞാനും താടിയിളകിയ ഹാജ്യാരും അവ പിടിച്ചുകൊണ്ട് ആരേയും അറിയിക്കാതെ നിന്നത് ഇപ്പോൾ ഓർക്കുമ്പോൾ നല്ല രസം തോന്നുന്നു.!

  ReplyDelete
 49. അന്ന് സ്കൂൾ ഗ്രൌണ്ടിലൂടെ ഓടിയ ജയേഷല്ല ഈ ജയേഷ്..എങ്കിലും എനിക്കും ഉണ്ടായിരുന്നു ഇതുപോലൊരു സ്കൂൾ നാടകാനുഭവം ..നാടകത്തിനു വേണ്ടി മുടി നരപ്പിക്കാൻ തേച്ച സാധനം ഇളകിപ്പോകാതെ ബുദ്ധിമുട്ടിയതും സഹ നടന് അടി കൊടുത്തത് യഥാർഥത്തിൽ കൊണ്ട് അവൻ അടുത്ത ഡയലോഗു മറന്നു നിന്നതുമൊക്കെ. ഓർമ്മിപ്പിച്ചതിനു നന്ദി .....എഴുത്ത് തുടരൂ ....

  ReplyDelete
 50. ഒത്തിരി ചിരിപ്പിച്ചു...രസിപ്പിച്ചു... :)

  ReplyDelete
 51. നാടകറിഹേര്‍സല്‍ സമയങ്ങള്‍ എന്നും തമാശയുടെ പൂരപ്പറമ്പായിരുന്നു.. അതുപോലെ സ്റ്റേജിലും അക്കിളി പറ്റിയ എന്തോരം സന്ദര്‍ഭങ്ങള്‍.. :) നന്നായി രസിപ്പിച്ച പോസ്റ്റ്‌, ഇന്നാണ് വായിക്കാന്‍ കഴിഞ്ഞത്..

  ReplyDelete