Thursday 7 March 2013

'സ്നേഹത്തിന്റെ അമ്മക്കഥകൾ'........!

സാധാരണ ഞാൻ ദിവസത്തിലെ അധിക വൈകുന്നേരങ്ങളിലും കമ്പ്യൂട്ടറിൽ 'കലാപരിപാടികൾ' നടത്തിക്കൊണ്ട് ഇരിക്കുകയാവും. ചില പ്രത്യേക അവസരങ്ങളിൽ, അതായത്  7.00നും,7.30നും  കറണ്ട് കട്ട് ഉള്ള സമയത്ത്, അധികവും ഞാൻ കമ്പ്യൂട്ടർ ഓഫ് ചെയ്ത് ഉമ്മറത്തുള്ള സോഫയിൽ വന്നിരിക്കാറാണ് പതിവ്. സംഗതി ഇത്തിരി ഇരുട്ടത്താണെങ്കിലും നല്ലൊരു ഏകാന്തത അവിടെ നിന്ന് എനിക്ക് അനുഭവിക്കാനാവാറുണ്ട്. പക്ഷെ അങ്ങനെ ലോഡ് ഷെഡ്ഢിംഗുള്ള അധിക ദിവസങ്ങളിലും അമ്മയും അച്ഛനും അവിടെ സോഫയിലും ചാരുബെഞ്ചിലുമായി കിടന്നും ഇരുന്നും വീട്ടുകാര്യങ്ങൾ സംസാരിക്കുന്നുണ്ടാവും. അങ്ങിനെ ഒരിക്കലവർ ഇരിക്കുന്ന സമയത്ത് എന്റെ നിർബന്ധം കാരണം അമ്മ, ദുർവാശിയെ പറ്റി ഒരു കഥ പറഞ്ഞു തന്നു.
അത് അമ്മ പറഞ്ഞ അതേ രസത്തിൽ,സംസാരരീതിയിൽ ഞാനിവിടെയെഴുതാം,

'നാല് കൂട്ട്വാര് കൂടീട്ട് ഒരോടത്ത് താമസിച്ചേര്ന്നു ട്ടോ,
അവിര് കൂട്തലും കഞ്ഞ്യാ വീട്ട് ല് കഴിക്കാന്ണ്ടാക്ക്യേര്ന്നത്,
അതെന്താ ച്ചാ പണീം ലാഭാണ്,സമീം ലാഭാണ്.!'

'ആ...' ഞാൻ സപ്പോർട്ടിനായി ഒപ്പം കൂടി.

അമ്മ തുടരുന്നു...

'അങ്ങനൊരൂസം അവിര് കഞ്ഞിണ്ടാക്കീട്ട്, കൊറച്ച് കഴിഞ്ഞപ്പോ അത് കുടിക്കാനിര്ന്നൂ,
അപ്പഴാ അവിര്ക്ക് ഓർമ്മ വെന്ന്, ആരും 'പ്ലാല'* ഇട്ത്ത് കൊടന്ന്ട്ടില്ല്യാ.......
കഞ്ഞി കുടിക്കാള്ള ധൃതീല് അയിന്റെ കാര്യങ്ങ്ട് എല്ലാരും മറന്നു.!
ആരാപ്പോ അത് ഇട്ത്ത്വൊന്റാൻ പൂവ്വാ ?
അവ്-രെല്ലാരും കൂടി അതും പറഞ്ഞ്ട്ട് തർക്കായി.'

'ന്ന് ട്ടോ' എനിക്കെന്റെ മനസ്സിനെ അടക്കിനിർത്താനായില്ല.

'ന്ന്ട്ടെന്താ, ആദ്യം മുണ്ട്ണോര് പ്ലാല ഇട്ത്ത്വൊന്റണം ന്ന് അവിര് തീര്മാനിച്ചു.!
അങ്ങനെ പന്തയം തീരുമാനിച്ചപ്പൊ മൊതല്,
അവിരാരും ഒന്നും മ്ണ്ടാണ്ട ആ കഞ്ഞിടെ മുന്നില് ഇരിക്കാന്തൊടങ്ങി.'

'ഊം...'

'നേരങ്ങളും ദെവസങ്ങളും ആഴ്ചോളും കഴിഞ്ഞു..... അവിരാരും ഒന്നും മുണ്ട്ണില്ല്യാ,
അവിര് ഓരോര്ത്തരും ആ കഞ്ഞിപ്പാത്രത്തിന്റെ മുന്നില് കൊഴഞ്ഞ് വീണ്വൊടങ്ങി.'

'കൊറേസായിട്ടും ആ വ്...ട്ന്ന് ഒര് ഒച്ചീം അനക്കൂം കേക്കാഞ്ഞ്ട്ട്,
അയലോക്കക്കാരെല്ലാരും ആ വീട്ടിൽക്ക് വെന്നോക്കി,
അപ്പണ്ട് നാലാളും കഞ്ഞിപ്പാത്രത്തിന്റെ മുന്നില് മരിച്ച് കെടക്ക്ണു.!'

'ഹാ...ഹാ..ന്ന്ട്ടോ...?'
എനിക്ക് ആ ഉദ്വേഗമടക്കാനായില്ല.

'ന്ന്ട്ടെന്താ ആ നാട്ട്വാരൊക്കെക്കൂടി വെല്ല്യോര് കുഴി വെട്ടീട്ട്
അതില് നാലാളീം ഒന്നിച്ച് കുഴിച്ച് മൂടാൻ നോക്കി.'

'ഹാഹാ...അല്ലാ പിന്നെ...'
ഞാനാകെ രസം പിടിച്ച് അമ്മയോട് ചേർന്നിരുന്നു.!

'അങ്ങനെ കുഴിച്ച്ടാൻ നോക്കുമ്പണ്ട് ഒരാളടെ കാല്ങ്ങനെ കുഴിടെ പൊറത്തിക്ക് ന്ക്ക്ണു,
അയില് ആ കുഴിച്ച്ട്ണ ആള് 'കൈക്കോട്ട്വോ*'ണ്ട് അയാൾടെ കല്മ്മെ,
ഒറക്കെ ഒര് തട്ട്വൊട്ത്തു, അത് കുഴിടെ ഉള്ളിൽക്കാക്കാനായിട്ട്.!'

'അപ്പയള് മുണ്ടീട്ട്ണ്ടാവും,
വേനിച്ച്ട്ട്....' എനിക്ക് സംശയമൊന്നുമുണ്ടായില്ല.!

'വ്ചാരിച്ചിരിക്കാണ്ട കിട്ട്യേ ഭയങ്കര അടീല് അയാളാകെ
അമ്മേ...അയ്യോ....ന്ന്
പേടിച്ച് നെലോളിച്ചു.'


'അത്..കേട്ടപ്പോ അയാൾടെ കൂടെ കുഴീ കെടന്നോരൊക്കെക്കൂടി
അയാളോട് വിളിച്ച്വറയ്വാ,

'പോയിട്ത്ത്വൊന്റടാ പ്ലാല, യ്യേണ്പ്പ ആദ്യം മുണ്ട്യേത്.!'

അമ്മ അതും പറഞ്ഞ് ഒരു കഥ അവസാനിപ്പിച്ചു.

എന്റെ കമന്റ് : എന്തിനീം വാദിച്ച് വളച്ചൊടിക്കാൻ കഴിവുള്ളോര്ക്ക് ഇതിനെ അവിരടെ ദൃഢനിശ്ചയത്തിന്റെ പ്രതീകായിട്ടും കാണിക്കാ ട്ടോ.!






ഞാൻ രണ്ട് ദിവസം കഴിഞ്ഞ് പിന്നെയും അമ്മയുടെ അടുത്തിരുന്നു,


'അമ്മാ ഞ്ഞ് വേറൊന്ന് പറഞ്ഞേരും ന്നും,
ന്നാള് പറഞ്ഞ ആ ആദ്യം മുണ്ട്ണ സംഭവം ഇട്ടു.
എല്ലാര്ക്കും നല്ലോണം ഇഷ്ടാവും ചീതു.!'

'ഞാ....ഞ്ഞ്...വേറൊന്ന് ഇടട്ടേ ന്നും...ങ്ങള് പറഞ്ഞേരും.....'
ഞാൻ തിരക്ക് കൂട്ടി.!

'കഴൂമ്മ*ട്വാ ച്ചാ കഴൂമ്മട്,
യ്ക്ക് ചെത്താമ്പൂവാരായീ.....
ന്ന് പറഞ്ഞ പോലേണലോ യ്യീ പറയ്ണത്.!'

'അതെന്താ...മ്മാ.. ഈ കഴൂമ്മടല് ?'
ഞാൻ എനിക്ക് പുതിയ ഒരു വിഷയം കിട്ടിയ സന്തോഷത്തിൽ ചോദിച്ചു.

കഥ പറഞ്ഞു തരാനായി റെഡിയായിരിക്കുന്ന അമ്മ തുടർന്നു,

'അതോ, ഒര് സ്ഥലത്ത് കള്ള് ചെത്ത്ണ പണിള്ള ഒരാളെ
നാട്ടിൽത്തെ അധികാരി കഴൂമ്മടാൻ വിധിച്ചു.
അയാളെ രാവിലത്തന്നെ, കഴൂമ്മടാനായിട്ട്
കഴുമരത്തിന്റട്ത്ത് കൊടന്നു.'

'ന്ന്ട്ടോ...?'
ഞാൻ അമ്മയെ ബോറടിപ്പിക്കാതിരിക്കാനായി ചോദിച്ചു.

'ന്ന്ട്ടെന്താ.....അയാള്ക്ക് ചെത്താമ്പൂവാള്ള നേരായിട്ടും,
കഴുമരത്ത്മ്മ തൂക്കാള്ള ലക്ഷണൊന്നും കാണ് ണില്ല്യ.'

'അയിലയാള് ദേഷ്യം വെന്ന്ട്ട് പറയ്ണതാ ഇത്.'

'ഏത്...?'
കാര്യം എനിക്കറിയാമെങ്കിലും ഞാൻ അമ്മയുടെ അടുത്ത് നിന്ന്
അത് പറഞ്ഞ് കേക്കാനുള്ള കൊതിയിൽ ചോദിച്ചു.



'കഴൂമ്മട്വാ ച്ചാ കഴൂമ്മട്,
യ്ക്ക് ചെത്താമ്പൂവാരായി....' ന്ന്.!!!!!!!!

അങ്ങനെ അമ്മ പറഞ്ഞ രണ്ടാമത്തെ കഥയും കഴിഞ്ഞു.



കുറച്ച് ദിവസം കഴിഞ്ഞപ്പോൾ അമ്മ വീട്ടിലാരോടോ എന്തോ പറഞ്ഞ് വിശദീകരിക്കുന്നത് കേട്ടു.
ഞാനത് അപ്പോൾ കേട്ടെങ്കിലും അത്രയ്ക്ക് കാര്യമാക്കിയില്ല.......
ദിവസങ്ങൾ കഴിഞ്ഞ് അമ്മയോട് ഞാനാ കാര്യം ചോദിച്ചു.


'അതെന്താ അമ്മാ ന്നാള് ങ്ങളെന്തോ ചൊല്ല് പറഞ്ഞ്ട്ട്
ആരോടോ എന്തോ പറയ്ണത് കേട്ടലോ, അതെന്താ ?'

എന്റെ ചോദ്യം കേട്ട അമ്മ ആദ്യം ഒന്നമ്പരന്നു.
'എന്ത് ചൊല്ല്...?'

'ങ്ങളെന്തോ എലീ ന്നോ വരമ്പ് ന്നോ നത്ത് ന്നൊക്കെ
പറയ്ണ്ണ്ടായിര്ന്നലോ.....അത് ?'


'ആ...ആ..അതോ....ഇതാവും,

ചുണ്ടെലി വരമ്പ് തൊളക്ക്ണ പോലെ,
നത്ത് പൊത്തില് ഇരിക്ക്ണ പോലെ,
വജ്ജ് ല് കരിമ്പന നിക്ക്ണ പോലെ,
............................................................ .
അങ്ങനെന്തോ ഒന്നുംകൂട്യാണ് അവസാനൂം.!'



'ആ...അതെന്നേ....അതെന്താ ന്നും ?'
അന്ന് അമ്മ പറഞ്ഞത് വീണ്ടും കേട്ട ഞാൻ ഇന്ററസ്റ്റായി ചാടിക്കയറി പറഞ്ഞു.

'അതോ...'
അമ്മ അത് വിശദീകരിക്കാനായി സോഫയിലിരുന്നു.
കൂടെ കേൾക്കാനായി ഞാനും.

'പണ്ടൊര് വീട്ടില് നാല് കള്ളന്മാര് കക്കാൻ കേറി.
ചൊമര് തൊരന്ന്ട്ടാ അവിര് വീട്ടിന്റുള്ളില് കടക്കാൻ നോക്ക്യേത്,
അവിരൊക്കെക്കൂടി ഒരോടത്ത് കൂടിര്ന്ന്ട്ട് ചൊമര് തൊരക്കാൻ തൊടങ്ങി.'

'അപ്പൊ, വീട്ടില് ള്ളൊര് കുട്ടിര്ന്ന് കാണാപ്പാഠം പഠിക്കേര്ന്നു,
ചുണ്ടെലി വരമ്പ് തൊളക്ക്ണ പോലെ.......'

'ചൊമര് തൊരക്ക്ണ കള്ളന്മാരൊക്കെ ഇത് കേട്ട്
പേടിച്ച് അന്തം വ്ട്ട്ട്ടിര്ന്നു,
ആ കുട്ടി പറയ്ണത് അവിരേനേ ന്ന് കര്തീട്ട്,
അവിരാ ചൊമര്ന്റപ്പറത്ത് മ്ണ്ടാണ്ട പത്ങ്ങിര്ന്നു.!'


'കുട്ടി പിന്നീം പഠിക്ക്ണത് വായിക്ക്ക്ക്വാ,
നത്ത് പൊത്തില് ഇരിക്ക്ണ പോലെ..ന്ന്.....
അതും കൂടി കേട്ടപ്പോ,
ആ കള്ളന്മാരൊക്കെ ശരിക്കും പേടിച്ച്ട്ട്,
ആ പറയ്ണത് അവിരേനെത്തന്നേ ന്ന് ഒറപ്പിച്ചു,
കാരണം അവിരവടെ പത്ങ്ങി ഇരിക്ക്വല്ലേ ?'

'അയിലോ....?'
ഞാനപ്പോ ഇന്ററസ്റ്റായി ചോദിചു.

'അയിലവിരൊക്കെ പേടിച്ച്ട്ട്
ആ ചൊമരിന്റപ്പറത്ത് നെട്ന്നനെ* ണീറ്റ് ന്നു.

അപ്പ കുട്ടി വായിക്ക്വാ,
വജ്ജ് ല് കരിമ്പന നിക്ക്ണ പോലെ....ന്ന് '

'ആ വരീം കൂട്യായപ്പോ അവിരാകെ പേടിച്ച്ട്ട്ണ്ടാവും ല്ലേ ?'
എനിക്ക് ഏകദേശം കാര്യം മനസ്സിലായീ ന്ന് അമ്മയെ ഞാൻ ബോധിപ്പിച്ചു.

'ആ വജ്ജ് ല് കരിമ്പന നിക്കണ പോലേ ന്ന് ള്ള വരീം കൂട്യായപ്പോ,
ആ കള്ളന്മാരൊക്കെ പേടിച്ച് വീട്ടിൽക്ക് ജീവനേച്ച്ട്ട് ഓടി.'

'ആ ഓട്ണേനെന്തോ ഒന്നുംകൂട്യാ കുട്ടി പറയ്ണ്ണ്ട്,
അതെന്താ ന്ന് യ്ക്ക് ക്ട്ട്ണില്ല്യാ....'

'ങ്ങളൊന്നാലോയിച്ചോക്കും,അതുംകൂട്യായാ ഒന്നിച്ച്ട്ട് യ്ക്ക് കമ്പ്യൂട്ടറില് -ടാലോ ?'
ഞാൻ ബാക്കിക്കായി അമ്മയോട്, തന്റെ ഓർമ്മയെ ചികയാനായി നിർബന്ധിച്ചു.


'യ്ക്ക്പ്പത്രേ കിട്ട്ണ് ള്ളൂ, ഞ്ഞ്പ്പോ എത്രാലോയിച്ചാലും
അതന്നേ ണ്ടാവൂ......'
അമ്മ കട്ടായം പറഞ്ഞു.

ഈ കഴിഞ്ഞ ജനുവരിയിൽ 63th ജന്മദിനം കഴിഞ്ഞ അമ്മയുടെ ബാല്യകാല ഓർമ്മയല്ലേ ?

'ഒന്നൊറപ്പിച്ച്ട്ട് ഞ്ഞ് കിട്ടില്ല്യാ ന്ന് അമ്മ പറഞ്ഞാ
പിന്നെ അത് കിട്ടില്ല്യാ.....'

അതുകൊണ്ട് ഞാനിത് ഇടുകയാ......

അങ്ങനെ, സുഹൃത്തുക്കളേ നിങ്ങൾക്കായി മൂന്ന് 'അമ്മക്കഥകൾ' ഞാനിതാ സമർപ്പിക്കുന്നു.
ആദ്യവായനയിൽ ആർക്കും കാര്യമായി ഒന്നും മനസ്സിലാവാൻ സാധ്യതയില്ല. പക്ഷെ നിങ്ങൾ എന്നോടുള്ള സ്നേഹം കൊണ്ട് വീണ്ടും വീണ്ടും ഓടിച്ചെങ്കിലും വായിക്കുക.
തീർച്ചയായും മനസ്സിലാവും,അങ്ങനെ ആർക്കും മനസ്സിലാവാത്ത മലയാളമൊന്നുമല്ല ഞങ്ങളുടെ വീട്ടിലും നാട്ടിലും എല്ലാവരും പറയുന്നത്.!!!



                   ************************************************************************




പ്ലാല = പ്ലാവില.
കൈക്കോട്ട് = മൺ വെട്ടി.
കഴു = കഴുമരം,തൂക്ക് മരം.(ശിക്ഷ വിധിക്കാനുള്ളത്).
നെട്ന്നനെ = പേടിച്ച് നീണ്ട് നിവർന്ന്.

90 comments:

  1. ഞാൻ കഴിഞ്ഞ കുറേ പോസ്റ്റുകളായി സ്വന്തം നട്ടിലെ അനുഭവങ്ങൾ നിങ്ങളോട് പറയുന്നു. ആ കഥകൾ കഴിഞ്ഞിട്ടല്ലെങ്കിൽ കൂടി എനിക്കതിന് താൽക്കാലികമായൊരു വിരാമം ഇടേണ്ടി വന്നു. അതിന് മറ്റു ചില ബാഹ്യകാര്യങ്ങളും ഉണ്ട്. ഞാനെന്റേതായ അനുഭവങ്ങൾ ഇനിയും ഇവിടെ പകർത്തും എന്ന് ഉറപ്പ് തരുന്നു.
    'ലോകവനിതാ ദിന'ത്തിൽ നിങ്ങൾക്ക് ഞാൻ 'കണ്ട' ഏറ്റവും വലിയ കഥാകാരിയായ വനിത എന്റെ അമ്മയുടേതായ മൂന്ന് കഥകൾ.!!!

    ReplyDelete
  2. ഇഷ്ടമായി മനേഷ്. നീ ഭാഗ്യം ചെയ്തവനാണ്.

    ReplyDelete
  3. കുറെ കഷ്ടപ്പെട്ടു മനസ്സിലാക്കിയെടുക്കുവാന്‍.
    നന്നായി ഈ കഥകള്‍
    ആദ്യത്തെ കഥയാണ് ഏറ്റവും ഇഷ്ടപ്പെട്ടത്

    ReplyDelete
    Replies
    1. മനസ്സിലാക്കാനെത്ര പാടായാലും
      ഇഷ്ടായല്ലോ അതുമതി,
      സന്തോഷം ചേച്ചീ.

      Delete
  4. കള്ളന്‍ കഥയെ വായിക്കാന്‍ ഉണ്ടായിരുന്നുള്ളൂ. ബാക്കിയെല്ലാം മനുന്റെ മുന്‍ എഫ് ബി പോസ്റ്റില്‍ വായിച്ചാണ്. രസികന്‍ കഥകള്‍. ചുറ്റും ചെവി കൊടുത്താല്‍ ഇങ്ങിനെ നല്ല കഥകള്‍ ഒരു പാട് കിട്ടും. സ്വയം ചുരുങ്ങിക്കൂടുമ്പോഴാണ് ആശയ ദാരിദ്ര്യം ഉണ്ടാവുന്നത്. 63th ജന്മദിനം കടക്കുന്ന അമ്മയ്ക്ക് പൂര്‍ണ്ണാരോഗ്യവും ദീര്‍ഘായുസ്സും നേരുന്നു.

    ReplyDelete
  5. 'ന്ന് ട്ടോ'ആകാംഷ :) ഇപ്പോ വംശനാശഭീഷണിയുള്ള സംഭവമാ.

    ReplyDelete
  6. അങ്ങിനെ ആര്‍ക്കും മനസിലാവാത്ത മലയാളം, ഞാന്‍ കഷ്ടപ്പെട്ട് വായിച്ചു മനസിലാക്കി. ഹോ ഞാന്‍ ആരാ മോന്‍.
    അമ്മയെ എന്റെ അന്വേഷണം അറിയിക്കണേ. അമ്മയുടെ അടുത്തുന്നിന്നും കഥകള്‍ കിട്ടുന്ന മുറയ്ക്ക് പോസ്റ്റ്‌ ചെയൂ.

    ReplyDelete
  7. ഹോ മനസ്സങ്ങട് തണുത്തൂ മനൂ ...!
    അമ്മയുടെ മടിത്തട്ട് പൊലേ ...!
    ആദ്യത്തേ കഥ ഒരുപാട് ചിന്തിപ്പിച്ചൂ ...
    രണ്ടമത്തേത് പുഞ്ചിരി തന്നൂ ..
    മൂന്നാമത്തേത് , ബാല്യത്തേ കൂട്ടീ .............
    സത്യത്തില്‍ പവര്‍ കട്ട് കൊണ്ട് ഒരുപാട് ഉപയോഗങ്ങളുമുണ്ട് ..
    ഇല്ലാതാകുന്ന കുടുംബബന്ധങ്ങളുടെ കണ്ണികള്‍ കൂട്ടി ചേര്‍ക്കാന്‍
    ആ സ്വല്പ്പ നേരത്തേ ഇരുട്ടിനെങ്കിലുമാകട്ടെ ...
    " ഇന്‍ വേര്‍ട്ടര്‍ " അതിന് ഭീഷണിയെങ്കിലും ....................
    ആ സോഫയും , അമ്മയുടെ വാമൊഴിയും ചിത്രം പൊലെ
    മനസ്സില്‍ തെളിയുന്നു , ഒരുപാട് ഇഷ്ടായീ മനൂ ഈ പൊസ്റ്റ് .. "സ്ലാംഗും "

    ReplyDelete
  8. നിയ്യാണ് ശെരിക്കുമൊരു എഴുത്തുകാരൻ കെട്ടൊ,
    ചുറ്റുപാടുകളെ പകർത്തുന്ന എഴുത്തുകൾ എന്നും തിളക്കമുള്ളവതന്നെയാണ്
    ... പലതും സ്വഭാവിക ക്രയകളാണ് നാം ചുറ്റും കാണുന്നത്/ പക്ഷെ അവയ്കൊരു ഭാവമുണ്ടെന്ന് മനസിലാക്കണമെങ്കിൽ അതിന്ന് ഒരു കഥാകൃത്തിനേ കഴിയൂ, ഇതെല്ലാം നാം കേട്ടതാണെങ്കിലും വായികുമ്പോൾ ഇത് മറ്റൊരു തലത്തിലേക്കാണ് ഭാവപകർച്ചയേകുന്നത്......
    എന്തായാലും ഇത് കൊള്ളാം
    ആശംസകൾ, തുടരുക

    ReplyDelete
  9. മനു ആദ്യ കമന്റില്‍ പറഞ്ഞ അധിക വായന ഇല്ലാതെ തന്നെ കാര്യം മനസ്സിലായി.
    സംസാരഭാഷ ആകുമ്പോള്‍ ഓടിച്ചുള്ള വായന നടക്കില്ല എന്നെയുള്ളു.
    അല്പം സാവധാനം വായിച്ചുപോയാല്‍ കാര്യം എളുപ്പമാണ്.
    മൂന്നു കഥകളും നന്നായിരിക്കുന്നു.

    ReplyDelete
  10. ഇനി അമ്മയ്ക്ക് അത് കിട്ട്യാ തന്നെ ഇവിടെ പോസ്ടാന്‍ മറന്നാലും ഇന്നോട് പറയാന്‍ മറക്കണ്ട.. എന്റെ കുറച്ചു കുഞ്ഞിപെങ്ങമ്മാര്‍ക്ക് പറഞ്ഞു കൊടുക്കാനാ ഒടുക്കം കിട്ടിയില്ലെങ്കില്‍ അവരെന്റെ ഒടുക്കം കാണിക്കും. ആദ്യകഥ ഞാന്‍ മുന്‍പ് വായിച്ചതാണ്.

    പിന്നെ പൊതുവേ മനു ഏട്ടന്റെ പോസ്റ്റില്‍ കാണാത്ത ഒന്നാണ് അക്ഷരപിശക്
    ബോറഡിപ്പിക്കാതിരിക്കാനായി - ബോറടിപ്പിക്കാതിരിക്കാനായി ..

    ങ്ങളെ നാട്ടുഭാഷ നല്ല രസാ ട്ടോ :)

    ReplyDelete
    Replies
    1. അത് അമ്മക്ക് കിട്ടില്ല്യാ ന്ന് ഉറപ്പിച്ച് പറഞ്ഞു.
      അപ്പൊ വായിച്ച ഷലീർ പറഞ്ഞു, കള്ളന്മാർ ഓടുമ്പോ,
      'ലാവത്ത് കുറുക്കൻ മണ്ട്ണ പോലെ' എന്നിടാം ന്ന്.
      അത് ഞാനംഗീകരിച്ചു. നല്ല രസമുണ്ട്.

      ചുണ്ടെലി വരമ്പ് തൊളക്ക്ണ പോലെ,
      നത്ത് പൊത്തില് ഇരിക്ക്ണ പോലെ,
      വജ്ജ് ല് കരിമ്പന നിക്ക്ണ പോലെ,
      ലാവത്ത് കുറുക്കൻ മണ്ട്ണ പോലെ.
      അങ്ങനെ അതങ്ങ് കോംപ്രമൈസ് ചെയ്യാൻ പറ
      കുഞ്ഞുപെങ്ങന്മാരോട്.!!!!


      ആദ്യം തന്നെ ഇതുവരെ എന്റെ ബ്ലോഗ്ഗ് വായിച്ചവരാരും പറയാത്ത,
      കാര്യം പറഞ്ഞ് എന്നെ സന്തോഷിപ്പിച്ചതിന് ഒരുപാട് നന്ദിയുണ്ട്.
      മറ്റൊന്നുമല്ല, അക്ഷരത്തെറ്റുകൾ.!
      അതില്ലാതിരിക്കാൻ ഞാനെല്ലാവും വിധം ശ്രമിക്കാറുണ്ട്,
      കാരണം നമുക്ക് വന്ന വല്ല പിഴവുകളും മറ്റുള്ളവർ വായിച്ചാൽ
      അവർ കരുതും ഞങ്ങളുടെ ഭാഷയിൽ 'ആ' വാക്ക് അങ്ങനേയാണെന്ന്.!
      അതുകൊണ്ടാ ഞാനതിൽ നന്നായി ശ്രദ്ധിക്കുന്നത്.!
      ആരുമിതുവരെ പറയാത്ത ആ 'കാര്യം' പറഞ്ഞതിന് ഒരായിരം നന്ദി.

      Delete
    2. << അമ്മയെ ബോറഡിപ്പിക്കാതിരിക്കാനായി ചോദിച്ചു. >>

      ഇതിലെ പിശക് ഇതുവരെയും മാറ്റിയില്ല ലേ ??
      ബോറടി എന്നാണു ശരി .. :)

      Delete
    3. നന്ദി സംഗീത്....

      Delete
  11. അമ്മതൻ സ്നേഹം..
    അതനുഭവിക്കാനൊരു യോഗം വേണം..
    അമ്മക്കഥകൾ..അക്കഥകൾക്കുണ്ടൊരു ചന്തം..

    ReplyDelete
  12. അമ്മക്കഥകൾ അമ്മയുടെ വാമൊഴി രീതിയിൽ തന്നെ എഴുതിയപ്പോൾ അതിന് ചന്തമേറി. കഥകളിൽ നിന്ന് കിനിയുന്നത് മാത്ര്‌സ്നേഹത്തിന്റെ അമ്ര്‌ത്.നന്ദി.

    ReplyDelete
  13. ഇതൊക്കെ വായിക്കാന്‍ ഇപ്പൊ ഒരു ബുദ്ധിമുട്ടും ല്യ. അതെന്താച്ചാ ന്റെ മനു യ്യ് കൊറേ ആയില്ലേ ഇങ്ങനെ നാട്ടുഭാഷേല് എഴ്താന്‍ തൊടങ്ങീറ്റ് ..

    എന്തായാലും അന്റെ ഈ ഭാഷേം കഥകളും വായിക്കുമ്പോ നല്ല രസാ ട്ടാ

    ReplyDelete
  14. അമ്മ ക്കഥകള്‍ കൊള്ളാല്ലോ......

    ReplyDelete
  15. അമ്മയ്ക്കൊരുമ്മ....

    അനക്ക് വേണോ...? എന്നാല്‍ ഇത് പോലെ നല്ല കഥകളുമായി വാ.. അപ്പൊ തരാം... :)

    u r lucky anyway.. congrats...
    god bless u...

    ReplyDelete
  16. ഭാഷ കൊല്ലം ..മനസ്സില്‍ കയറാന്‍ സമയം എടുത്തു

    ReplyDelete
    Replies
    1. ഭാഷ കൊല്ലം അല്ല,
      പാലക്കാട്,പട്ടാമ്പി,കൊപ്പം.!

      Delete
  17. മന്വാ ... ഞാന്‍ പ്പോ ന്താ അന്നോട്‌ പറയേണ്ടേ .. ഇക്ക് അത്രക്കും അങ്ങട് ഇഷ്ടാടയ്ട ഈ പോസ്റ്റ്‌ .. അന്റെ ആ ഭാഷേം അമ്മ പറഞ്ഞന്ന കഥേം ഒക്കേം കൂടി ആയപ്പോള്‍ ഒരു പ്രത്യേക സുഖം ണ്ട് വായിക്കാന്‍ .. ഇജ്ജാതി കഥേ അന്നേ കൊണ്ട് മാത്രേ പറയാനും എഴുതാനും പട്ട്വുള്ളൂ മാനെ ..

    ആദ്യത്തെ കഥേ ഇന്നേ ഒരുപാട് ചിരിപ്പിചു. ഞാന്‍ ന്നാല്‍ കരുതിയത് അവിറ്റൊള് കഞ്ഞി കുടിക്ക്യാണ്ട് പട്ടിണി കിടന്നങ്ങ്ട് ചത്തൂന്നന്ന്യേ ട്ടോ . . ഈ ഭാഷ അറിയാത്തൊരു ഇതിപ്പ വായിച്ചിട്ട് ആകെ സുയിപ്പാകുമല്ലോ എന്നൊരു പ്രശ്നം മാത്രേ ഇക്കഥക്ക് ഞാന്‍ കാണുന്നുള്ളൂ . ആയിനുള്ള ആളോള് വായിച്ചാ മാതീന്നു ല്ലേ മന്വാ ..

    ആ കഴൂമ്മേടുന്ന കഥ വായിച്ചപ്പോള്‍ വെറൊരു കഥേ ഇക്ക് ഓര്മ വന്നെ . പണ്ടൊരിക്കല്‍ ഒരാളെ കഴുമ്മെടാന്‍ വിധിച്ചത്രേ . അടുത്ത ദീസോം പോലര്‍ച്ചേ നാല് മണ്യാവുമ്പൊ അയാളെ കഴുമ്മെടാനായിരുന്നു ജഡ്ജി വിധിച്ചത് .. അതങ്ങട് കേട്ടപ്പോ കഴുമ്മെ തൂങ്ങേണ്ടോന്‍ ചിരി തുടങ്ങി , എന്താ കാര്യന്നു ചോദിച്ചപ്പോള്‍ ഓന്‍ പറയ്വാ .. " അല്ലെ .. ഇന്നെ ഇങ്ങള് കഴുമ്മെടാന്‍ പോന്ന സമയം നാലല്ലേ .. അതോര്‍ത്തു ചിരിച്ചതാ .. അന്നെരത്തോക്കെ ഞാന്‍ പുടുത്തം വിട്ട ഉറക്കത്തിലാ ന്നും .. പിന്നെങ്ങനാ ഇങ്ങള് ന്നെ കഴുമ്മെട്വാ ?? "

    പിന്നെ അവസാനത്തെ കഥേടെ അവസാന ഭാഗം അമ്മോട് ഞാന്‍ നാട്ടില് വരുമ്പോ നേരിട്ട് ചോദിച്ചോളാം .. അല്ല ന്നു .. ഇങ്ങിനെ സസ്പന്സില്‍ അങ്ങട് നിര്‍ത്ത്വാ പ്പോ ?? ഇക്കും കേക്കണം അമ്മടെന്നു കുറെ ഇജ്ജാതി കഥേ .. ന്നിട്ട് ഞാനും എഴുതും ഇത്വോലെ കുറെണ്ണം .. ജ്ജ് നോക്കിക്കോ മാനെ ..

    അപ്പൊ ഒക്കെ പറഞ്ഞ പോലെ ... അടുത്ത പോസ്റ്റില്‍ കാണാം .. ആശംസകളോടെ

    ReplyDelete
    Replies
    1. മന്വാ ... ഞാന്‍ പ്പോ ന്താ അന്നോട്‌ പറയേണ്ടേ.

      യ്യൊന്നും പറയണ്ട പ്രവ്യേ.
      നാട്ടിൽക്ക് വരുമ്പോ ങ്ങ്ട് വീട്ടിൽക്ക്
      വന്നാ മതി.!

      Delete
  18. മണ്ടുസന്‍ ,
    കഥകള്‍ക്ക് ചില പാഠഭേദങ്ങളോടെ ചെറുപ്പത്തില്‍ ഞാനും കേട്ടിട്ട്ണ്ട്,
    ആശംസകള്‍

    ReplyDelete
  19. ഒ വി വിജയന്റെ രചനകളില്‍ നാട്ടുകാര്‍ തമ്മില്‍ മിക്കപ്പോഴും സംസാരിക്കുന്നത് മനൂന്റെ ഭാഷയിലാണ്. അതില്‍ ഒരു ലാളിത്യമുണ്ട്. അമ്മ പറഞ്ഞ ആദ്യകഥ ഞങ്ങളുടെ നാട്ടില്‍ വേറൊരു രൂപത്തില്‍ പ്രചാരത്തിലുണ്ട്. കഥകള്‍ മൂന്നും നന്നായിരിക്കുന്നു. അവതരണവും... ചുണ്ടെലി വരമ്പ് തൊളയ്ക്കണ പോലെ... എന്നതിന്റെ അവസാന വരി അറിയാവുന്നവര്‍ ഇവിടെ കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അല്ലെങ്കില്‍ പിന്നെ നമുക്കു തന്നെ ഒരെണ്ണം ഉണ്ടാക്കാം- 'ആന വിരണ്ട് മണ്ടണ പോലെ' എന്നോ മറ്റോ ... മനൂന്റെ അമ്മയ്ക്ക് സ്‌നേഹാന്വേഷണം...

    ReplyDelete
  20. ഒരിക്കല്‍ ഒരു യാത്രക്കിടയില്‍ എന്റെ സഹയാത്രികന്‍ സംഭാഷണ മദ്ധ്യേ പറഞ്ഞു : എനിക്ക് ഒരു മകനുണ്ട് .
    അവന്‍ നടന്നു പോകുന്ന വഴിയില്‍ ഒരു നൂറു രൂപാ നോട്ട്‌ വീണു കിടക്കുന്നത് കണ്ടാലും അവന്‍ എടുക്കില്ല
    അത്രക്ക് സത്യസന്ധന്‍ അയതോണ്ടോന്നും അല്ല ട്ടോ
    അതെടുക്കാന്‍ കുമ്പിടണ്ടേ അതിനു മടിച്ചിട്ടാ

    ReplyDelete
  21. പാലക്കാടിന്റെ മറ്റു ഭാഗങ്ങളെയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ കൊപ്പം ഭാഷ അല്പം കട്ടിയാണോ? അതോ എന്റെ തോന്നലോ ?

    ReplyDelete
  22. ശരിക്കും പാലക്കാട് ഈ ഭാഷ തന്നെയാണോ മന്വോ ? ഞാന്‍ അറിയുന്ന ചിലര്‍ക്ക് ഈ സ്ലാന്ഗ് ഇല്ല .അമ്മയുടെ കഥ കൊള്ളാം .

    ReplyDelete
    Replies
    1. പാലക്കാടിന്റെ പട്ടാമ്പി ഭാഗത്തുള്ള വള്ളുവനാട് ഭാഷയും,
      പുലാമന്തോൾ ഭാഗത്തെ മലബാർ ഭാഷയും കൂടി
      മിക്സായിട്ടുള്ള ഭാഷയാ ഇത്.!
      അതുകൊണ്ട് തന്നെ നിങ്ങളറിയുന്ന പാലക്കാട്ടുകാർ ഈ
      ഭാഷയാവില്ല പറയുന്നത്.!!!!!!!!!!!!!!!
      അവർ ഒന്നുകിൽ പാലക്കാട് ടൗണിലെ തമിഴ് കലർന്ന മലയാളം,
      അല്ലെങ്കിൽ ഒറ്റപ്പാലം ചെർപ്പുളശ്ശേരി ഭാഗത്തെ തനി വള്ളുവനാടൻ.
      അതുകൊണ്ടാണ് നിങ്ങളറിയുന്ന പാലക്കാട്ടുകാരിൽ നിന്ന്
      ഈ ഭാഷ കേൾക്കാത്തത്.

      പാലക്കാട് വള്ളുവനാടനും,മലപ്പുറം മലബാർ പ്രദേശവും ചേർന്ന
      ഭാഗമാണിത്.
      ഹാഷിഖിക്കാ, ആമി അലവിക്കാ.!

      Delete
  23. ഞാം ഇപ്പളാ കണ്ടതേയ്, ഉഷാറായിട്ടുണ്ട് മനേഷേട്ടാ... അഭിനന്ദനങ്ങള്‍ ...:)

    പിന്നെയ് അമ്മോട് ന്‍റെ പെറന്നാള്‍ ആശംസകള്‍ പറേണേ...

    ReplyDelete
  24. അമ്മ സ്നേഹവും അമ്മ കഥകളും ഒരു ഭാഗ്യം തന്നെയാ അത് ....അസൂയ തോനുന്നു നിന്നോട് ഇനിയും എഴുതൂ മനു ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞുമയില്‍പീലി

    ReplyDelete
  25. ആ അമ്മയെ കാണാനും ഒരുപാട് നേരം സംസാരിച്ചിരിക്കാനുമുള്ള ഭാഗ്യം എനിക്കുണ്ടായി.ന്നാലും മന്വോ അമ്മ നിക്ക് കഥയൊന്നും പറഞ്ഞു തന്നില്യാല്ലോ... അമ്മ പറേണത് മ്മടെ ഭാഷയില്‍ തന്നെ എഴുതിയാ മതിട്ടോ..

    അമ്മയെ എന്‍റെ സ്നേഹാന്വേഷണങ്ങള്‍ അറിയിക്കുക.

    ReplyDelete
    Replies
    1. ഇവിടെ വീട്ടിൽ ഇടയ്ക്കിടെ ഞങ്ങളുടെ സംസാരത്തിൽ ഇത്ത
      കടന്ന് വരാറുണ്ട്. ഇടയ്ക്കിടെ ആ ചോക്ലേറ്റിന്റെ രസത്തെ പറ്റിയും
      സംസാരിക്കാറുണ്ട്.
      അന്വേഷണങ്ങൾ ഞാനറിയിക്കാം ഇത്താ.

      Delete
  26. അമ്മ കഥകള്‍ കൊള്ളാം ന്നാലും മരിച്ചു കഴിഞ്ഞ ആളുകള്‍ കൈക്കോട്ട് കൊണ്ട് തട്ട് കിട്ടിയാല്‍ മുണ്ടോ ?

    ReplyDelete
  27. ആദ്യവായനയിൽ തന്നെ നാട്ടുഭാഷപ്രയോഗങ്ങളിലൂടെ കഥകളുടെ കെട്ടഴിക്കുന്ന
    ആ ഷഷ്ട്ടിപൂർത്തി കഴിഞ്ഞ സ്നേഹനിധിയായ അമ്മക്കിളിയെ തൊട്ടറിയുവാൻ സാധിച്ചു കേട്ടൊ മനീഷെ

    ReplyDelete
  28. തനത് ശൈലിയിലുള്ള മറ്റൊരു കഥ.... നന്നായി, ചില വായനക്കാരെയെങ്കിലും ഈ ഭാഷ കൊണ്ട് നട്ടം തിരിപ്പിക്കാൻ കഴിയും...

    ReplyDelete
  29. പണ്ടെങ്ങോ കേട്ട് മറന്ന കഥകള്‍ ഓര്‍മ വന്നു തുടങ്ങി. ഭാഷയൊക്കെ അസ്സലായിട്ടുണ്ട്. ഒന്നുമില്ലേലും ഞാനുമൊരു പട്ടാമ്പിക്കാരന്‍ ആണല്ലോ. ഏറെകാലമായുള്ള കോയിക്കോടന്‍ ജീവിതം എന്‍റെ വള്ളുവനാടന്‍ സാല്‌ങിനെ നശിപ്പിക്കാന്‍ നോക്കിയിട്ട് നടന്നിട്ടില്ല.
    മ്മ്ലോടാ ഓര്രെ കളി?

    ReplyDelete
  30. ഞാൻകണ്ട ഏറ്റവും വലിയ കഥാകാരിയും എന്റെ അമ്മയാണ്.... അമ്മിഞ്ഞപ്പാലിനൊപ്പം, സ്വപ്നം കാണാനും, കഥകളുടെ മനക്കോട്ടകൾ കെട്ടാനും നമ്മെ പഠിപ്പിച്ച സർവ്വംസഹയായ മാതൃസ്നേഹത്തിന് പ്രണാമം.....

    ReplyDelete
  31. ഇഷ്ടമായി, മോഹിപ്പിക്കുന്ന ഈ നന്മക്കഥകള്‍ ...!
    "സ്നേഹത്തിന്റെ അമ്മക്കഥകള്‍" ...:)

    ReplyDelete
  32. കഥകള്‍ പറഞ്ഞു തരുന്ന ഒരമ്മ...അതില്‍പരം എന്ത് സുകൃതമാണ് ഈ കാലഘട്ടത്തില്‍ നമുക്ക് കിട്ടാന്‍ ? മനേഷിന്റെ അമ്മയ്ക്ക് ഇനിയും ഒരുപാട് കഥകള്‍ പറഞ്ഞു തരാന്‍ ദൈവം ആയുരാരോഘ്യ സൌഖ്യം നല്‍കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു... ഒപ്പം അയത്നലളിതമായി കൊപ്പം സ്റ്റൈലില്‍ കഥകള്‍ അവതരിപ്പിച്ച മനേഷിനു ആശംസകള്‍ ....നൂറു നൂറാശംസകള്‍

    ReplyDelete
  33. ഈ രചനയ്ക്കൊരു കമന്റെഴുതുക എന്ന് പറഞ്ഞാല്‍ അതൊരു ഭാഗ്യമാണ്
    കാരണം ഈ പോസ്റ്റ് നിറയെ അമ്മയുടെ സ്നേഹമാണ്
    ആശംസകള്‍ ചങ്ങാതീ

    ReplyDelete
  34. ഫെയ്സ്ബുക്കില്‍ വായിച്ചിരുന്നെങ്കിലും വീണ്ടും വായിക്കുമ്പോള്‍ മുഷിയില്ല . :)

    ReplyDelete
  35. കഥയുടെ രീതി വളരെ നന്നായി ..അമ്മക്കൊരു വന്ദനം ...
    ആ അമ്മക്കൊപ്പം ഇരുന്നു കഥകള്‍ കേള്‍ക്കാന്‍ ഒരു ഭാഗ്യം ഉണ്ടായല്ലോ ...ഞാന്‍ ചിലപ്പോള്‍ കേള്‍ക്കാറുണ്ട് എന്‍റെ അമ്മ പഴയ കഥകള്‍ എന്‍റെ ഏട്ടന്‍റെ മോന് പറഞ്ഞു കൊടുക്കുന്നത് ...അവനു അത്ര താല്‍പ്പര്യം തോന്നിയിട്ടില്ല ചിലപ്പോള്‍ ..ഞാന്‍ ഇരുന്നു കേള്‍ക്കും ...ഇതൊക്കെ ജീവിതത്തിലെ ബാക്കിയാവുന്ന സുന്ദര നിമിഷങ്ങള്‍ ആണ്

    ആ ഭാഷ മാറ്റാതെ പോസ്ടിയതും നന്നായി

    ReplyDelete
  36. ന്റെ മന്വോ..നിൻക്ക് കെട്ടി പിടിച്ചൊരുമ്മ !

    അമ്മയ്ക്കിന്നും മോൻ ഇള്ളക്കുട്ടി തന്നെ !

    ReplyDelete
  37. അമ്മ ക്കഥകള്‍ നന്നായിരിക്കുന്നു...!!

    ReplyDelete
  38. ആദ്യത്തേത് ഞാന്‍ നേരത്തെ വായിച്ചിരുന്നു ഇഷ്ടായി മണ്ടൂന്റെ ഈ അമ്മക്കഥകള്‍ ..

    >>>അങ്ങനെ ആർക്കും മനസ്സിലാവാത്ത മലയാളമൊന്നുമല്ല ഞങ്ങളുടെ വീട്ടിലും നാട്ടിലും എല്ലാവരും പറയുന്നത്.!!<<<
    ആഹാ അങ്ങനെയാല്ലേ , ഉം സമ്മതിച്ചൂ ട്ടോ ..:)

    ReplyDelete
  39. ആദ്യായിട്ടാണ്‌ ഇവിടെ മനേഷ്...
    മുഴുവനും വായിച്ചു... അമ്മ പറഞ്ഞു തരുന്ന കഥകള്‍ ഇഷ്ടാവാതിരിക്കുവത് എങ്ങിനെ...
    കുറച്ചൊക്കെ എഫ് ബി യില്‍ വായിക്കാറുണ്ട്.. അപ്പോഴൊക്കെ അത്ഭുദപ്പെടാറുമുണ്ട്, ഇതെങ്ങനെ ഇങ്ങനെ എഴുതാന്‍ പറ്റുന്നു എന്ന്... വായിച്ചു മനസ്സിലാക്കാന്‍ വല്ല്യ ബുദ്ധിമുട്ടില്ലാട്ടോ... ഒന്നാമത്തെ വായനയില്‍ തന്നെ കാര്യങ്ങള്‍ മനസ്സിലായി (പതുക്കയേ വായിച്ചുള്ളൂ, അതോണ്ടാവും)... ന്നാലും ഏറെ ഇഷ്ടായത് കൊണ്ട് രണ്ടുമൂന്നാവര്‍ത്തി വായിച്ചു...
    കഥയ്ക്കും, കഥ പറഞ്ഞു തന്ന അമ്മയ്ക്കും, അത് പോലെ എഴുതി, കേള്‍ക്കുന്ന ആ അനുഭവം പങ്കു വച്ച കൂട്ടുകാരനും സ്നേഹം നിറഞ്ഞ ആശംസകള്‍...,...

    ReplyDelete
    Replies
    1. എന്റെ മനസ്സിൽ ഇഷ്ടത്തോടെ ചേക്കേറിയ വരികളാണിവ,
      'ഇതെങ്ങനെ ഇങ്ങനെ എഴുതാന്‍ പറ്റുന്നു എന്ന്...'
      ഞാൻ മറ്റുപല സാഹിത്യശ്രേഷ്ഠതയുള്ള,നാനാർത്ഥങ്ങൾ പങ്കു വയ്ക്കുന്ന
      ബ്ലോഗ്ഗുകളും കഥകളും വായിച്ച് അത്ഭുതപ്പെടാറുള്ള അതേ കാര്യമാണിത്,
      'ഇതെങ്ങനെ ഇങ്ങനെ എഴുതാന്‍ പറ്റുന്നു എന്ന്...'
      അങ്ങനേയൊരു അഭിപ്രായം എന്റെ എഴുത്തിൽ തോന്നിയാൽ എനിക്കൊരൊറ്റ
      ഉത്തരമേ ഉള്ളൂ..... ഞാൻ കൂട്ടുകാരോട് വിശദീകരിച്ച് പറയും പോലെ അങ്ങെഴുതുന്നു.!
      നന്ദിയുണ്ട് ഒരുപാട്,ഇങ്ങനൊരു അഭിപ്രായം എഴുതിയതിനും വായനയ്ക്കും.

      Delete
  40. കൊള്ളാം മണ്ടൂസാ!
    ഇവിടെ കമന്റിട്ടില്ലെന്ന് ഇപ്പഴാ മനസ്സിലായേ!
    (ഇതാ ആദ്യം ഫെയ്സ് ബുക്കിൽ പോസ്റ്റിയാലുള്ള കുഴപ്പം.)

    ReplyDelete
  41. മന്വോ സ്സലായിട്ടോ .... ചില വാക്കുകള മനസ്സിലാക്കാന്‍ ശി സമയട്ത്തുട്ടോ
    ആശംസകള്‍

    ReplyDelete
  42. സ്നേഹത്തിന്റെ ഈ അമ്മ കഥകളില്‍ ചില പ്രസക്ത സന്ദേശങ്ങളും ഉണ്ട്..
    ആദ്യത്തെ ഒന്ന് രണ്ടു കഥകള്‍ ഞാന്‍ നിന്റെ ഫേസ്ബുക്ക്‌ സ്ടാടസ് ആയി വായിച്ചിരുന്നു.
    ഇവിടെയും എടുത്തു പറയേണ്ടത് നീ ഉപയോഗിക്കുന്ന ഭാഷ തന്നെയാണ്. ആ ഭാഷ ഈ കഥകള്‍ക്ക് നല്ലൊരു നിറവു നല്‍കി. പ്രത്യേകിച്ച് അമ്മ പറയുന്ന കഥകള്‍ കൂടി ആയതിനാല്‍ ആ നിറവു പൂര്‍ണ്ണമായി എന്ന് വേണം പറയാന്‍.

    ഗ്രാമീണ ഭാഷയും നന്മയുമൊക്കെ നാട് നീങ്ങുന്ന ഈ അവസരത്തില്‍ ഗ്രാമ്യ ഭാഷയുടെ വശ്യതയുമായി ഇനിയും നിന്റെ എഴുത്തുകള്‍ വായനക്ക് വെക്കുക. ആശംസകള്‍ മനു ..

    ReplyDelete
  43. പ്രിയപ്പെട്ട മനു..... സുഖമല്ലേ...?
    മനുവിന്റെ എഴുത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഈ നാട്ടു ഭാഷ തന്നെയാണ്.. എനിയ്ക്ക് പലപ്പോഴും ഈ ഭാഷയിലെ ചില പ്രയോഗങ്ങൾ മനസ്സിലാക്കുവാൻ പ്രയാസമുണ്ടാകാറുണ്ടെങ്കിലും എനിയ്ക്ക് നന്നായി ആസ്വദിയ്ക്കുവാൻ സാധിയ്ക്കാറുണ്ട്.. ചിലപ്പോൾ രണ്ടു പ്രാവശ്യമെങ്കിലും വായിയ്ക്കേണ്ടതായി വരുമെന്ന് മാത്രം.... ഈ കഥകൾ കുട്ടിക്കാലത്ത് കേട്ടിട്ടുണ്ടെങ്കിലും മനുവിന്റെ ഭാഷയിലൂടെ കേൾക്കുമ്പോൾ അതിന് മറ്റൊരു സൗന്ദര്യം കൂടിയുണ്ട്... അത് ഒരു അമ്മയുടെ സ്നേഹം നിറഞ്ഞ വാമൊഴിയായിരുന്നുവെന്ന് മനസ്സിലാകുമ്പോൾ അതിന്റെ സൗന്ദര്യം സ്വർണ്ണം പോലെ തിളങ്ങുന്നു... അമ്മയുടെ മടിയിൽ കിടന്ന് കഥകൾ കേട്ടിരുന്ന് ഒരു നല്ല കാലത്തിന്റെ തുടിപ്പുള്ള ഓർമ്മകളീലേയ്ക്കുള്ള ഒരു യാത്ര കൂടിയായി മാറുന്നു ഈ പോസ്റ്റ്... ഇനിയും എഴുതുക മാധുര്യമുള്ള അമ്മകഥകൾ... മറന്നുകിടക്കുന്ന നിറപ്പകിട്ടാർന്ന പഴയകാല കഥകൾ, വരുവാനിരിയ്ക്കുന്ന തലമുറകൾക്കായി നമുക്ക് ഇങ്ങനെയെങ്കിലും എഴുതി സൂക്ഷിയ്ക്കാം.... എല്ലാ വിധ ആശംസകളും നേരുന്നു,,, സ്നേഹപൂർവ്വം.. ഷിബു തോവാള.

    ReplyDelete
  44. അമ്മെടടുത്ത് ഒരുപാടു കഥകള്‍ സ്റ്റോക് ഉണ്ടെന്നു തോന്നുന്നു. ഇതുപോലെയൊക്കെ പറഞ്ഞു തരാന്‍ സാമയമുള്ള അമ്മമാരും ഇപ്പോള്‍ ഉണ്ട് എന്നറിയുന്നതില്‍ ഒരുപാടു സന്തോഷം.
    അമ്മയോട് ആശംസകള്‍ അറിയിക്കുക. അമ്മമാര്‍ക്ക് എല്ലാവരും മക്കളാണ്. അതുകൊണ്ട്, കഥകള്‍ നേരിട്ട് കേള്‍ക്കാന്‍ എന്നെങ്കിലും ഒരിക്കല്‍ ഞങ്ങളും വന്നോട്ടെ?

    ReplyDelete
    Replies
    1. എന്നെങ്കിലും ഒരിക്കലല്ല, എപ്പോ വേണേലും വന്നോളൂ....
      നല്ലൊരൂണും കഴിച്ച് കഥോളും കേട്ട് പോവാ.....

      നന്ദിയുണ്ടെല്ലാവരോടും ട്ടോ,അഭിപ്രായമറിയിച്ചവരെ.!

      Delete
  45. നന്നായിട്ടുണ്ട് മനേഷ്. ഏഫ് ബിൽ വായിച്ചിരുന്നത് കൊണ്ടാണു ഇത്രദിവസായിട്ടും വരാതിരുന്നത്. എല്ലാ ആശംസകളും.

    ReplyDelete
  46. മനേഷിന്‍റെ എഫ് ബി സ്റ്റാറ്റസുകള്‍ വായിച്ച് പരിചയിച്ച് ഇപ്പോള്‍ ഈ ഭാഷയും എളുപ്പം മനസ്സിലാവാന്‍ തുടങ്ങിയിരിക്കുന്നു. പതിവുപോലെ ഇഷ്ടായി ഈ അമ്മകഥകളും.

    ReplyDelete
  47. ഇതവിടെ നിന്ന് വായിച്ചതാ.. മുഖ പുസ്തകത്തില്‍ നിന്ന്..
    ഈ കഥകള്‍ എല്ലാം വാമൊഴിയായി പകര്‍ന്നു വന്നതാകും.. നീയാണ് മനൂ നീയതു അക്ഷരങ്ങളാക്കുന്നത്.
    അത് വലിയ ഒരുകാര്യം തന്നെയാ
    ഇനിയും ഉണ്ടാകും.. കൂടുതല്‍ വരട്ടെ

    ReplyDelete
  48. നല്ല തണുത്ത കോലായില്‍ നിക്കറും ഇട്ടു കാലിലും കയ്യിലും തണുപ്പരിക്കുന്ന അമ്മ വിരലുകള്‍ ഓടുന്ന നേരം പോലെ കുറെ നേരം....ശരിക്കും കുറെ നേരം.... നല്ല തണുപ്പുള്ള വരികള്‍ ..ഇഷ്ടായീ..ഒത്തിരി ഇഷ്ടായീ....:)))))

    ReplyDelete
  49. പറഞ്ഞ് പറഞ്ഞ് നിന്‍റെ അമ്മയെയും അമ്മകഥകളെയും ഒരു പാട് ഇഷ്ടമായി പോയി..അമ്മയില്‍ നിന്നും കൂടുതല്‍ കഥകള്‍ പ്രതീക്ഷിക്കുന്നു ..അത് നിന്നിലൂടെ ഞങ്ങളിലേക്കും ..

    ReplyDelete
  50. ഇക്കാലത്ത് അമ്മയില്നിന്നു കഥ കേള്ക്കുക എന്നത്
    മഹാഭാഗ്യമാണ് ...

    ReplyDelete
  51. നല്ല രസ്സണ്ടായിരുന്നു വായിക്കാൻ

    ReplyDelete
  52. സ്നേഹത്തില്‍ പൊതിഞ്ഞ അമ്മയുടെ വാക്കുകള്‍ ,ഓരോ കഥയിലും നല്ല ഗുണപാഠവും , ഏറ്റവും ഇഷ്ട്ടമായത് ആദ്യകഥ തന്നെ ,,ഇത്തരം കേട്ടറിവുകള്‍ അതെ പടി പകര്‍ത്തുക വഴി ഭാവിയില്‍ ഉപകരിക്കും എന്ന കാര്യത്തില്‍ സംശയമില്ല ,, നല്ല ശ്രമം മനു . അമ്മയ്ക്ക് ന്‍റെ വകയും ഹൃദയത്തില്‍ നിന്നും ഒരു ബിഗ്‌ സല്യുട്ട്

    ReplyDelete
  53. അമ്മക്കഥകള്‍ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി വായിച്ചു
    അപ്പോള്‍ ഒത്തിരി ഇഷ്ടമായി

    ReplyDelete
  54. ആദ്യമായാണ് ഇതുവഴി
    അമ്മകഥകൾ കൊള്ളാം
    ഇനിയും കാണാം

    ReplyDelete
  55. പ്രാദേശിക ഭാഷകള്‍ ഇങ്ങനെയെങ്കിലും അവയുടെ ആത്മസൗന്ദര്യത്തിന്റെ തനിമ നിലനിര്‍ത്തട്ടെ. നല്ല ഉദ്യമം. ആശംസകള്‍

    ReplyDelete
  56. യ്യോ മനെശേട്ടോ .. ഇതിനു ഞാനൊരു കമന്റ് ഇട്ടിരുന്നല്ലോ ..
    അതിനിപ്പോ ഫേസ്ബൂക്കിലായിരുന്നോ ...? എന്തായാലും ഒത്തിരി ഇഷ്ടം ഈ ശൈലി ... ഈ ഭാഷ...!!
    ഇങ്ങനെ കഥ പറഞ്ഞു കേള്‍ക്കാനും വേണം ഒരു ഭാഗ്യം..... :)

    ReplyDelete
    Replies
    1. ഷലീറേ, ഞാൻ നീ അന്ന് ഫേയ്സ് ബുക്കിൽ പറഞ്ഞ 'ലാവത്ത് കുറ്ക്കൻ മണ്ട്ണ പോലെ'
      എന്നുള്ള നാലാം വരി,.....അതേതാ ന്ന് ചോദിച്ച സംഗീതിന് പറഞ്ഞ് കൊടുത്തു.!
      നന്ദിയുണ്ട് ട്ടോ,ആ വരിക്ക്.
      അത് ശരിക്കും ഇതിന് യോജിക്കുന്നുമുണ്ട്.!
      അമ്മയുടെ പറച്ചിലിൽ വെള്ളം ചേർക്കണ്ടാ ന്ന് കരുതിയാ ഞാനതിവിടെ ഇടാഞ്ഞത്.!!!!

      Delete
    2. ഹ ഹ സന്തോഷം മനെഷേട്ടാ .. ആ കഥ മനസ്സില്‍ പതിഞ്ഞത് കൊണ്ടാ അപ്പൊ അങ്ങനൊരു വരി കിട്ടിയത് ..
      ഈ തീരുമാനം ശരിയാണ് അമ്മയുടെ പറച്ചിലില്‍ വെള്ളം ചേര്‍ക്കണ്ട.... അത് അമ്മ പറഞ്ഞ പോലെ തന്നെ വേണം....
      ഇനിയും ഇത് പോലെ ഒത്തിരി കഥകള്‍ പ്രതീക്ഷിക്കുന്നു....

      Delete
  57. കേട്ട് ശീലമില്ലാത്ത ശൈലിയിലായതുകൊണ്ട് കുറച്ച് സമയമെടുത്തു വായിക്കാനെങ്കിലും ഒത്തിരിക്കാര്യങ്ങളുള്ള ഇത്തിരിക്കഥകൾ ഒത്തിരി ഇഷ്ടായി

    ReplyDelete
  58. ആശംസകള്‍ മനേഷ്...

    ReplyDelete
  59. അമ്മമാരുടെ മനസ്സുകളിലൊക്കെയേ ഇന്നിത്തരം കഥകൾ ഉണ്ടാവൂ. കാക്കികൂടി മെല്ലെ പുറത്തെടുത്ത് ഇവിടെ എഴുതി വെക്ക്. 
    വല്ലാത്തൊരു ഭാഷ തന്നെ. പറഞ്ഞു കേട്ടാൽ പിന്നേം മനസ്സിലാവും, വായിച്ചെടുക്കാൻ എന്തൊരു പാടാ. എന്നാലും അധ്വാനിച്ച് തിന്നുന്നതിന്റെ ഒരു സുഖം എന്നൊക്കെ പറയുമ്പോലെ അധ്വാനിച്ച് വായിച്ചതിന്റെ ഒരു സുഖം!

    ReplyDelete
  60. അമ്മയുടെ വായില്‍ നിന്ന് തന്നെയാണ് കഥ ഞാന്‍ ശ്രവിച്ചത്. ആദ്യത്തെ കഥയാണ് കൂടുതല്‍ ഇഷ്ട്ടമായത്. അമ്മയെ ബോറടിപ്പിക്കാതെ ‘ന്ന്ട്ടോ’ ന്ന് ചോദിച്ചവിടെ കുത്തിയിരിക്കുന്ന മനുവിനെയും ഇഷ്ട്ടപ്പെട്ടു.

    ReplyDelete
  61. മനൂ.....
    അമ്മ ആദ്യം പറഞ്ഞ കഥ സൂപ്പര്‍..,..!!!

    ബാക്കിയുള്ളതും നന്നായി..

    ആദ്യത്തെ കഥ അത്രയ്ക്ക് ഇഷ്ടപ്പെടാന്‍ ഒരു കാരണം കൂടിയുണ്ട്....
    എന്താണെന്നു വെച്ചാല്‍ ഏതാണ്ട് ഇത്പോലത്തെ ഒരു food-story എന്‍റെ വെല്ലിമ്മയും (grand-ma)
    എന്നോട് പറഞ്ഞിട്ടുണ്ട്.പണ്ട്. ചുരുക്കി ഒറ്റവരിയില്‍ താഴെയെഴുതാം....

    " അമ്മേ ആ ചേട്ടന്‍ കൊതിയന്‍....,.. അവന്‍ വാഴയില വെട്ടാന്‍ പോയിരിയ്ക്ക്യാ....
    എനിയ്ക്കിവിടെ നിലത്തു തന്നെ വെളംമ്ബ്യെ.... ഭയങ്കര വെശപ്പ്...!!! അതാ...."

    അപ്പോ ആരാ കൊതിയന്‍.?... മന്വോ...

    അപ്പോ... ശരി.. പിന്നേ... കാണാം.. !!! :)))))))))))

    ReplyDelete
  62. ഈ ഭാഷയുണ്ടല്ലോ മനൂ എനിക്കു ഒത്തിരി ഇഷ്ട്ടമാ
    പലപ്പോഴും ഈ ഭാഷയുടെ രുചിയറിയാന്‍ ഞാന്‍ വരുന്ന സ്ഥലമാ മനുവിന്റെ ബ്ലോഗ്‌
    അമ്മയുടെ മനോഹരമായ വാക്കുകള്‍ വരികളിലൂടെ പുനര്‍ ജനിച്ചപ്പോള്‍ വായിച്ച എനിക്കു നല്ല സന്തോഷം തോന്നി
    കാരണം മറ്റൊന്നുമല്ല അമ്മയുടെ തിളങ്ങുന്ന സ്നേഹത്തിന്‍റെ മറ്റൊരു മുഖം മകനിലൂടെ കാണുവാന്‍ കഴിഞ്ഞപ്പോള്‍ ...
    എല്ലാം ഇഷ്ട്ടമായി
    ഇനിയും വരും ആ തൂലികയില്‍ നിന്നും മനോഹരമായ രചനകള്‍ ഇനിയും പിറക്കട്ടെ .
    പഴയ ഓര്‍മ്മകളെയും പഴയ വാക്കുകളെയും പ്രണയിക്കുന്ന ഒരു കൂട്ടുകാരന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍
    ആള്‍ ദി ബെസ്റ്റ് മൈ ഡിയര്‍ .

    ReplyDelete
    Replies
    1. വളരെ സന്തോഷം ഡാ റഷ്യേ....ഇങ്ങനൊരു കമന്റിട്ടതിലും,
      നിന്റെ മനസ്സിൽ എനിക്കുള്ള സ്ഥാനം അറിയുന്നതിലും.!
      ഒരുപാടൊരുപാട് നന്ദി ണ്ട് ട്ടോ.

      Delete
  63. ആ "ന്ന് ട്ടോ " യിൽ ഒരുപാട് സ്നേഹമുണ്ട് .. കഥ അമ്മയെക്കൊണ്ട് പറയിപ്പിക്ക്ണ രീതിയൊക്കെ നല്ല രസണ്ട് .. കഥകൾക്ക് മാധുര്യവും .. വീണ്ടും കാണാം

    ReplyDelete
  64. നന്നായിട്ടുണ്ട്.ആശംസകൾ

    ReplyDelete
  65. തെളിനീര്‍ പോലെ ഹുര്‍ദ്യമായ അമ്മക്കഥകള്‍., ആദ്യത്തേത് ഞാന്‍ എഫ്ബിയില്‍ വായിച്ചിരുന്നു. രണ്ടാമത്തെ കഥ വേറെ കേട്ടിരുന്നു. എന്നാലും പിന്നെയും വായിച്ചപ്പോള്‍ ഒരു പുതുമ പോലെ തോന്നി. അമ്മയുടെ ഭാഷയില്‍ ഒന്നും കലര്‍ത്താതെ തന്നെ മണ്ടൂസന്‍ ഞങ്ങള്‍ക്ക്‌ നല്‍കി. ആശംസകള്‍

    ReplyDelete
  66. തന്മയത്വമുള്ള അമ്മക്കഥ - ഒരു ഓർമ്മ കൊണ്ട് വന്ന തന്ന തോന്നല .. ഭാഷ ഇഷ്ടായി ട്ടോ മണ്ടൂസാ .

    ReplyDelete
  67. അമ്മ പഠിപ്പിച്ചതൊക്കെ ആർക്കാണ്ടോ മറക്കാൻ പറ്റ്യ .
    കുട്ടിക്കാലത്തെ കഥകൾ ഒക്കെ അമ്മ പറഞ്ഞു കേട്ടാലെ ശരിയാവൂ .. ഏത് ?

    ReplyDelete
  68. കൊള്ളാട്ടോ മന്വോ ....
    ക്ക്യ് ഒത്തിരി ബോധിച്ചു !
    അസ്രൂസാശംസകള്‍

    ReplyDelete
  69. കഥകള് അസ്സലായിരിക്ക്ണ് മന്വേ..!അമ്മയെ എന്റെ അന്വേഷണവും സ്നേഹവും അറിയിക്കുമല്ലോ.

    ReplyDelete
  70. Aadyathe kadha manassilaayi.. assalaayi... oru pakshe ithe copy cheythaavum chila cinema haasa ranganal undaakkiyittundaavuka.
    Randaamathethu athrakku manassilaayilla...

    ReplyDelete
  71. എന്റെ അമ്മയുടെ അതെ പ്രായം.....
    ഈ അമ്മ ഇതിനുംമാത്രം കഥകള്‍ എവിടെയാണോ ഒളിപ്പിച്ചു വച്ചിരിക്കുന്നത്??
    ആയുരാരോഗ്യസൌഖ്യം നേരുന്നു

    ReplyDelete
  72. ഇപ്പോഴാണ്‌ അമ്മക്കഥകള്‍ വായിച്ചത്.... സംസാര ഭാഷ വായിക്കുന്നതിനു ഒരു പ്രത്യേക സുഖമുണ്ട്.... പാലക്കാടിന്റെ ചില പ്രദേശങ്ങളിലെ ഭാഷ-എല്ലാം ഒറ്റ വായനയില്‍ തന്നെ മനസിലായി. പിന്നെ, അമ്മയുണ്ടാക്കുന്ന കറിയില്‍ ഒരല്‍പം സ്നേഹം ചേര്‍ത്ത് താളിക്കും എന്ന് പറഞ്ഞത് പോലെ, ഈ കഥകളിലൊക്കെ മണ്ടൂസിനോടുള്ള സ്നേഹം ചെര്താ അമ്മ വിളമ്പിയത്...അതാണ്‌ അതിന്റെ രുചി, മറ്റാര്‍ക്കും ചെര്‍ക്കാനാകാത്ത ഒന്ന് . ആ അമ്മയോട് സ്നേഹാന്വേഷണം, പ്രാര്‍ഥനകള്‍..... ചെര്‍പ്പുളശേരിയില്‍ നിന്ന് എത്ര ദൂരമുണ്ടാകും ഈ ഭാഷയിലേക്ക് ? :)
    മൂന്നു കഥകളും പല രീതിയില്‍ കേട്ടിട്ടുണ്ട് -പക്ഷെ മറ്റൊരു ശൈലിയില്‍. ആ കള്ളന്മാരുടെ കഥയും കേട്ടിട്ടുണ്ട് -പക്ഷെ എത്ര ഓര്‍ത്തിട്ടും ഓര്‍മ്മ കിട്ടുന്നില്ല അവസാന വരി :(.

    ReplyDelete
    Replies
    1. നിങ്ങക്കെല്ലാർക്കും തനി പാലക്കാടൻ-മലപ്പുറം അതിർത്തി ഭാഷയിലുള്ള ഈ അമ്മക്കഥകൾ
      ഇഷ്ടമായി എന്നറിയുന്നതിൽ സന്തോഷം. മലബാറും-വള്ളുവനാടനും കൂടി മിക്സായിട്ടുള്ള ഭാഷയാണിത്,
      എന്റെ അധിക പോസ്റ്റുകളിലും ഉള്ളത്.!

      ഈ തരത്തിലുള്ള അമ്മക്കഥ ഒന്നുകൂടിയുണ്ട് ഇതാ....swanthamsyama,
      http://manndoosan.blogspot.in/2013/05/blog-post_23.html
      മങ്ങാട്ടച്ഛന്റേയും കുഞ്ഞായി മൊയ്ല്യാരുടേയും രസകരമായ രണ്ടു കഥകൾ.......

      Delete
  73. എന്റെ അമ്മയും ഏകദേശം ഇതേ ഭാഷയില എനിക്ക് കുട്ടിക്കാലത്ത് കഥകള്‍ പറഞ്ഞു തന്നിരുന്നത്. 19ന്‍റെ പടിവാതിലില്‍ ഞാന്‍ എത്തും മുപേ ന്‍റെ അമ്മ ന്നെ ഒറ്റക്കാക്കീല്ലേ.ല്ലേല്‍ ദു പോലെ നിക്കും കഥ കേക്കാരുന്നു

    ReplyDelete
  74. വായിച്ച്‌ മനസിലാക്കാൻ ബുദ്ധിമുട്ടിയെങ്കിലും പിന്നേം പിന്നേം വായിച്ചു മനസിലാക്കി.നന്നായിട്ടുണ്ട്‌.

    അമ്മക്ക്‌ ആയുരാരോഗ്യങ്ങൾ നേരുന്നു.

    ReplyDelete
  75. ഈ ബ്ലോഗിൽ ഒരു കമന്റ് 2013 ലാ അവസാനമായി വീണത്. അതു കഴിഞ്ഞ് ഇപ്പോഴാ.
    എന്തായാലും വളരെ സന്തോഷം, ഇപ്പോഴും എന്റെ എഴുത്തുകൾ വായിക്കപ്പെടുന്നുണ്ടറിഞ്ഞതിന്.!!!!!
    നന്ദിയോടെ മനേഷ് എന്ന മണ്ടൂസൻ.!

    ReplyDelete