Showing posts with label തമാശയനുഭവം. Show all posts
Showing posts with label തമാശയനുഭവം. Show all posts

Thursday, 6 October 2011

കടിക്കാത്ത പട്ടിക്കെന്തിനാ വാല് ? അഥവാ അന്തല്ല്യാത്തോനെന്ത് ഡിഗ്രി ?

ഈ തലക്കെട്ട് ആലോചിച്ച് നിങ്ങൾ വളരെയധികം തല പുണ്ണാക്കേണ്ട ഒരാവശ്യവും ഇല്ല. പട്ടി സ്നേഹം കാണിക്കാനാണ് വാൽ ആട്ടുന്നത്. ആരെയും കടിക്കുക തന്നെ ചെയ്യാത്ത ഒരു പട്ടിക്ക് എന്തിനാ സ്നേഹം കാണിക്കാൻ ഒരു വാൽ ? അത് ആരെയും കടിക്കാൻ പോവ്വാതെ തന്നെ അതിന്റെ സ്നേഹം എല്ലാരോടും കാണിക്കുന്നുണ്ടല്ലോ ! ഇനി അടുത്ത വരിയെപ്പറ്റി, എനിയ്ക്ക് ഈ ഡിഗ്രി കഴിഞ്ഞയാളുകളോട്( പിള്ളേരോട്) ഒരു പ്രത്യേക സ്നേഹമുണ്ടായിരുന്നു. കാരണം ഞാൻ പത്താം ക്ലാസ്സും പോളിടെക്നിക്കും പിന്നെ കുറച്ച് മൾട്ടീമീഡിയയും ഗുസ്തിയും ആണ്. അത് കൊണ്ട് തന്നെ എനിയ്ക്ക് ഈ ഡിഗ്രി വർഗ്ഗത്തിനോട് എന്തെന്നില്ലാത്ത (ഉള്ളിൽ നിന്ന് വരുന്ന) ഒരു സ്നേഹമാണ്. എന്നാൽ അങ്ങനേയുള്ള ഒരു 'വാലിനേയും' സ്നേഹിക്കണ്ട കാര്യം ഇല്ല, നമ്മളോട് സ്നേഹത്തോടെയും സൗഹൃദത്തോടെയും പെരുമാറുന്ന ആളുകളെ നമ്മൾ വില വച്ചാൽ മതി എന്ന് എന്റെ മനസ്സിൽ അടിവരയിട്ടുറപ്പിക്കുന്ന ഒരു സംഭവം എനിക്കുണ്ടായി.

ഞാൻ ആക്സിഡന്റ് കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുകയാണല്ലോ ? അപ്പോൾ ഒരു വിധം കൂട്ടുകാരുടെ ഒപ്പം പോയി ഇരുന്ന് വർത്തമാനം പറയാനൊക്കെ തുടങ്ങിയ സമയമാണ്. എന്നെ വൈകുന്നേരങ്ങളിൽ എന്റെ സുഹൃത്തായ ഫിസിയോ ജയേഷോ,സുധിയോ വന്ന് വീട്ടിൽ നിന്ന് പുറത്ത് കൊണ്ടുപോകും. അതാണ് പതിവ്. ആറ് മണി കഴിഞ്ഞാൽ പിന്നെ ഞാൻ അവരോടൊപ്പം വീട്ടിൽ നിന്ന് പുറത്ത് പോവാറില്ല. വീട്ടിൽ വിളക്ക്(ദീപം) വച്ചാൽ പിന്നെ ഞാൻ അവരുടെ കൂടെ പോവാറില്ല. ചില സമയങ്ങളിൽ ഉച്ചക്ക് ഞാൻ ചേട്ടന്റെ കൂടെ കടയിൽ പോയിരിക്കും,അപ്പോൾ പിന്നെ ആറുമണീ ന്നോ ഏഴ് മണീ ന്നോ പ്രശ്നമില്ല. കൂട്ടുകാർക്ക് കടയിൽ വന്ന് എന്നെ അവർ കമ്പനി കൂടുന്ന സ്ഥലത്തേക്ക് കൊണ്ട് പോകാം. അങ്ങനെ ഒരു ദിവസം ഞാൻ കടയിൽ പോയിരിക്കുകയായിരുന്നു..
സുധി അധികം വൈകാതെ ഗൾഫിൽ പോവ്വാണ്. സോ അവൻ എന്നെ വിളിച്ച് 'എന്റെ പല്ല് ഒന്ന് ഓട്ടയടക്കണം, ഞാൻ ഇപ്പൊ കടയിലേക്ക് വരാം, ന്ന്ട്ട് മ്മക്ക് ഡോക്ടറുടെ അടുത്ത് പോവാം' ന്ന് പറഞ്ഞു. അങ്ങനെ അവൻ വന്ന് കടയിൽ നിന്ന് എന്നെ വിളിച്ച് ബൈക്കിൽ കൊപ്പത്തുതന്നേയുള്ള ഹോസ്പിറ്റലിലേക്ക് പോയി. അങ്ങനെ ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി. അവിടെയപ്പോൾ ഞങ്ങളുടെ സുഹൃത്ത് മണ്ണേങ്ങോട് ഷാജിയും ഉണ്ടായിരുന്നു. അവന്റെ അമ്മയ്ക്ക് എന്തിനോ(?) ഡോക്ടറെ കാണാൻ വന്നതാണവൻ.(32 പല്ലുകളല്ലേ ? അതിന് എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാവും!)

ഞാൻ ഷാജിയോട് സംസാരിച്ച് അവിടേയിരിക്കുമ്പോൾ സുധി ചെന്ന് ഡോക്ടറെ കാണാനുള്ള ടിക്കറ്റ് (സ്ലിപ്) വാങ്ങുകയാണ്.
എതാ പേര് ? റിസപ്ഷനിലെ പയ്യൻ ചോദിച്ചു.(രാത്രിയായില്ലേ..... പയ്യനേ ഉള്ളൂ!)
'സുധീഷ് '. ശബ്ദത്തിന് ഇത്തിരി ബാസ് കൂട്ടി സുധി പറഞ്ഞു.
അല്ലെങ്കീ 'സുധി' ന്ന് എഴുത്യാ മതി. അതാവും ങ്ങൾക്ക് വിളിക്കാൻ സുഖം. അവൻ കാര്യം വിശദീകരിച്ചു.
റിസപ്ഷനിസ്റ്റ് പയ്യൻ പേരെഴുതിയ(?) കടലാസ് സുധിയുടെ കയ്യിൽ കൊടുത്ത്, ഞങ്ങളെ ചൂണ്ടിക്കാണിച്ച്, അവിടിരുന്നോളാൻ പറഞ്ഞു.
 പത്താം ക്ലാസ്സും ഗുസ്തിയും മാത്രം വിദ്യാഭ്യാമുള്ള നമ്മുടെ സുധി ആ കടലാസും കയ്യിൽ പിടിച്ച് അതിൽത്തന്നെ നോക്കി ചിരിച്ച് ചിരിച്ചുകൊണ്ട് ഞങ്ങളുടെ അടുത്ത് വന്ന് എന്നോട് പറഞ്ഞു.
'ഡാ മനേഷേ നീയീ ടിക്കറ്റ് ഒന്നു വായിച്ച് നോക്ക് '. ഞാൻ അവന്റെ കയ്യിലെ അഡ്മിഷൻ ടിക്കറ്റ് വായിച്ചു. ആദ്യം എനിക്ക് അതിലെഴുതിയ ഭാഷയേതാണെന്ന് മനസ്സിലായില്ല. ഞാൻ വീണ്ടും വീണ്ടും വായിച്ചു. 'സെദെ'(sedhe), അങ്ങനെയേ എന്റെ അറിവിൽ ആ വാക്കുകൾ പതിഞ്ഞുള്ളൂ. ഞാൻ അത് ഷാജിക്ക് കാണിച്ചു കൊടുത്തു. അവൻ അത് വായിച്ച ശേഷം പറഞ്ഞു.
'എല്ലാടത്തും ണ്ട്, ഈ റിസപ്ഷനിസ്റ്റ് ന്നും പറഞ്ഞ് ഒരന്തും കുന്തും ഇല്ലാത്തവന്മാരെ പിടിച്ചിരുത്തും, കൊറച്ചെങ്കിലും എഴുത്തും വായനീം അറിയുന്നവരേ കിട്ടീലേ ആവോ മ്മടെ ഡോക്ടറ്ക്ക്.'
'അത് അക്ഷരപിശാചാവും ഷാജ്യേ , പാവല്ലേ ഓൻ'. ഷാജിയോട് ഞാൻ പറഞ്ഞു.
ഏട മനേഷേ അക്ഷര പിശാചാച്ചെങ്കീ ഒരോടത്ത് മ്മക്ക് സഹിക്കാം, ത് നോക്ക് വല്ല ബന്ധൂം ണ്ടോ ഇവന്റെ പേരുമായിട്ട് (sudheesh,sudhi) ? ഷാജി ഇത്തിരി കനത്തിൽ പറഞ്ഞു.
ഞങ്ങൾ അങ്ങനെ സംസാരിച്ച് ചിരിച്ച് ഇരിക്കുന്നതിനിടയിൽ ഡോക്ടർ സുധിയെ വിളിച്ചു. കൂടെ ഞാനും കയറി. അങ്ങനെ അവന്റെ പരിശോധനയും 'പോട് അടക്കലും' കഴിഞ്ഞ് തിരിച്ച് പോരാൻ തുടങ്ങുമ്പോ ഞാൻ സുധിയുടെ സ്ലിപ് ഡോക്ടർക്ക് നേരെ നീട്ടി. എന്നിട്ട് അതൊന്ന് വായിക്കാൻ പറഞ്ഞു.

ഡോക്ടർ കുറെ നേരം ശ്രമിച്ച് നോക്കി എന്നിട്ട് ഞങ്ങളെ നോക്കി ചിരിച്ചു. 'ഇതാര് എഴുതിയതാ' ന്ന് ഡോക്ടർ ഞങ്ങളോട് ചോദിച്ചില്ല(കാരണം,അതറിയാമല്ലോ). പകരം ഇങ്ങനെ പറഞ്ഞു 'രാവിലത്തെ ഡോക്ടേഴ്സിന്റെ ഒപ്പമുള്ള കുട്ടി പോയാൽ പിന്നെ ആരെയും കിട്ടണില്ല. ഇപ്പൊ എന്റെ കൂടെ എല്ലാ കാര്യത്തിനും കൂടി ഒരു സഹായിയായി കിട്ടിയതാ ഇവനെ, ഡിഗ്രി(?) കഴിഞ്ഞ് ഇപ്പോ എന്തോ ചെയ്യ്വാ ത്രേ ഇവൻ'.
 ഡോക്ടറോട് 'ശരി,ഞങ്ങൾ പോട്ടെ' എന്ന് പറഞ്ഞിട്ട് തിരിച്ച് കൂട്ടുകാരുടെ ഇടയിലേക്ക് വരുമ്പോഴും മനസ്സ് നിറയെ ആ 'ഡിഗ്രി'ക്കാരനും അവന്റെ സുധി(sedhe) എന്ന എഴുത്തും ആയിരുന്നു.







സത്യം പറയാമല്ലോ അന്നു മുതൽ ഈ 'ഡിഗ്രി' എന്ന വാലിനെ ബഹുമാനത്തോടെ സ്നേഹിക്കുന്ന പരിപാടി ഞാൻ നിർത്തി.(എല്ലാ ഡിഗ്രിക്കാരും ഇങ്ങനേയല്ല കേട്ടോ!)


ഇത് വായിക്കുന്നവർ ദയവായി തെറ്റിദ്ധരിക്കരുത്. കാരണം ആ വ്യക്തി ഇങ്ങനേയെങ്കിലും തിരുത്തപ്പെടുന്നില്ലെങ്കിൽ ദോഷം അവന് തന്നെയാണ്.
ഒളിയമ്പ് : പാവം അവന് മലയാളത്തിൽ എഴുതിയാൽ മതിയായിരുന്നു.
കമന്റ്(ഒരു മലയാളഭാഷാ സ്നേഹി) :തന്തയില്ലാത്ത ഭാഷ എന്ന് കടുത്ത മലയാളഭാഷാ സ്നേഹികൾ പറയുന്ന ഇംഗ്ലീഷിന്റെ സ്ഥിതി,ഇങ്ങനെ റിസപ്ഷനിൽ മാനഭംഗപ്പെടാനാണെങ്കിൽ പിന്നെ നമ്മുടെ മാതൃഭാഷയുടെ സ്ഥിതി പറയണോ ?

Saturday, 1 October 2011

ഞാൻ കപ്പക്കിഴങ്ങ് വാങ്ങാൻ കൊപ്പത്തേക്ക് പോവ്വാ..!

എന്റെ നാട് മലപ്പുറത്തിനും പാലക്കാടിനും ഇടയിലുള്ള 'കൊപ്പം' ആണ്. പാലക്കാടിന്റെ  അതിർത്തിഗ്രാമമാണ് അത്.ഏകദേശം രണ്ട് കിലോമീറ്റർ പോയാൽ പുലാമന്തോൾ ആയി. അതായത് മലപ്പുറം ജില്ല. ഞങ്ങളുടെ നാട്ടിലെ സംസാരരീതിയ്ക്കും ആചാരങ്ങൾക്കും ഒരു മലപ്പുറം ടച്ചുണ്ട്. അതിനാൽ തന്നെ വളരെ രസകരമാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്(ജഗതി താളവട്ടത്തിൽ സോമനോട് പറയുമ്പോലെ 'ഞങ്ങളുടെ രസകരം ചിലപ്പോൾ നിങ്ങൾക്ക് അരസികത്തരമാവും). ഞാൻ ജോലിക്കായി എറണാംകുളത്തും പാലക്കാടുമൊക്കെ പോവുമ്പോൾ, ആ സംസാരരീതി കൂട്ടുകാരൊക്കെ വളരെ നന്നായി 'ആസ്വദിക്കുകയും' 'കളിയാക്കുകയും' ഒക്കെ ചെയ്യാറുണ്ട്. ഞാൻ പറയാൻ പോകുന്ന കഥയുടെ വിഷയം ഇതൊന്നുമല്ല.നമ്മുടെ വീടിന്റെ ഏകദേശം അടുത്തായിട്ടാണ് അമ്മയുടെ കൂട്ടുകാരിയും അവരുടെ മകൻ എന്റെ കൂട്ടുകാരനും ഒക്കെ താമസിക്കുന്ന വീട്. എന്റെ കൂട്ടുകാരൻ നസീർ ആണ് ഈ കഥയിലെ കേന്ദ്രകഥാപാത്രം.സംഗതി എന്നേക്കാൾ മൂന്നു നാല് വയസ്സിന്റെ മൂപ്പുണ്ട്. പക്ഷെ എന്തോ 'വിധിവിളയാട്ടം' കൊണ്ട് അവൻ എന്റെ കൂട്ടുകാരനായി.

നസീർ അപ്പോൾ നാട്ടിൽ, തക്കിട തരികിട ഡ്രൈവിംഗ് പരിപാടികളൊക്കെ ചെയ്ത് നടക്കുന്ന സമയമാണ്. അവന് നല്ലവണ്ണം ഡ്രൈവിംഗ് അറിയാമായിരുന്നു. ആ ഒരു ബലത്തിലാണ് അവന്റെ തരികിട കളികളെല്ലാം, കാരണം ജ്യേഷ്ഠന്മാർ ഒന്നു രണ്ട് പേർ ഗൾഫിലുണ്ട് അവരിലാരെങ്കിലും അവനെ അങ്ങോട്ട് കൊണ്ട് പോകും. അതാണ് അവന്റെ ഒരു ധൈര്യം. അങ്ങനെ അവൻ ഞങ്ങളുടെ ഇടയിൽ ഒരു 'ആവാൻ പോകുന്ന ഗൾഫ് കാരന്റെ ഗമയോടെ' ചെത്തി നടക്കുന്നതിന്നിടയിലാണ്, അവനെ ഡ്രൈവറായി എറണാംകുളത്തെ ഒരു കമ്പനി വിളിക്കുന്നത്. അവന് ഭയങ്കര സന്തോഷമായി. കാരണം ഞങ്ങൾ കൂട്ടുകാർക്കിടയിൽ അന്ന് എറണാംകുളത്തൊക്കെ പോവ്വാ ന്ന് പറഞ്ഞാൽ വല്ല്യേ സംഭവമാണ്. ഞങ്ങൾ കൂട്ടുകാർക്കൊക്കെ കുറച്ചെങ്കിലും അസൂയ തോന്നിയിട്ടുണ്ടാകും, കാരണം ഞങ്ങളിലൊരുത്തൻ എറണാംകുളത്തേക്ക്  ജോലിക്ക് പോവുകയാണ്. എന്തായാലും ആ അസൂയയൊക്കെ മാറ്റിവച്ച് അവനെ ഞങ്ങളെല്ലാവരും എറണാംകുളത്തേക്ക് യാത്രയാക്കി. അങ്ങനേ അവനില്ലാതെ ഞങ്ങളുടെ കളികളെല്ലാം കുറച്ച് ദിവസം മുന്നോട്ട് പോയി. അവന്റെ എറണാംകുളത്ത് നിന്നുള്ള വരവും കാത്ത് ഞങ്ങൾ ദിവസങ്ങൾ തള്ളി നീക്കി.

അങ്ങനെ ഒരു സുപ്രഭാതം ഞങ്ങളെ തഴുകിയുണർത്തിയത് നസീർ എറണാംകുളത്ത് നിന്ന് വന്നു എന്ന വാർത്തയുമായാണ്. ഞങ്ങൾക്കെല്ലാവർക്കും അവനെ കാണാൻ പോകാൻ ധൃതിയായി. ഞങ്ങൾ എന്ന് പറഞ്ഞാൽ ഞാൻ,അനി,ഷെരീഫ്,ഷംസു,കുഞ്ഞുമുഹമ്മദ് അങ്ങനെ ഒരുപാട് പേരുണ്ട്.ഞങ്ങൾ അവനെ വീട്ടിൽ ചെന്നു കണ്ടു. അവൻ ഒരു ഗൾഫുകാരന്റെ ഗമയോടെ ഞങ്ങളെയെല്ലാവരേയും അകത്തേക്ക് വിളിച്ച് കുശല പ്രശ്നം നടത്തി. കുറേ നേരം സംസാരിച്ചു, പക്ഷെ ഞങ്ങൾക്കൊന്നും ഞങ്ങളുടെ ആ 'പഴയ' നസീറിനെ കിട്ടുന്നില്ല. ഞങ്ങൾ കൂട്ടുകാർ ആകെ ചിന്താകുഴപ്പത്തിലായി. 'ഞങ്ങളുടെ'  ഒഴുക്കൻ മട്ടിലുള്ള മലയാളം ഏറ്റവും 'വഴുക്കലോടെ' സംസാരിക്കാറുണ്ടായിരുന്ന ആ പഴയ നസീറിനെ മാത്രം അവിടെയൊന്നും കണ്ടില്ല.അല്ലെങ്കിലേ ഞങ്ങളുടെ മലയാളം കേട്ടാൽ എല്ലാർക്കും ചിരിയാ. അതിനിടക്കാണ് ഒരാൾ(അവന്റെ മലയാളം കേട്ടാൽ ഞങ്ങൾക്കേ കലിയാ) ഞങ്ങളുടെ ഇടയിൽ നിന്നും പോയി രണ്ട് മാസം കഴിഞ്ഞപ്പോഴേക്കും നല്ല സ്ഫുടമായ മലയാളം പറഞ്ഞോണ്ട് വരുന്നത്. ഞങ്ങൾക്ക് സ്വല്പം ദേഷ്യമൊക്കെ ഉണ്ടായെങ്കിലും ഞങ്ങളാരും അത് പുറത്ത് കാണിച്ചില്ല.

ഞങ്ങൾ എല്ലാവരും(ഇതിൽ പേര് പറയാത്തതായ ഒരുപാട് ആളുകൾ ഉണ്ടേ !) അവനില്ലാത്ത ഒരു ദിവസം പാടത്ത് കൂടിയിരുന്ന്, നസീറിന്റെ ഈ പെട്ടെന്നുള്ള 'സ്റ്റാൻഡേർഡ് ' ആവലിൽ കടുത്ത അമർഷം രേഖപ്പെടുത്തി. അതിന് ശേഷം ഒരു ഗംഭീര ചർച്ച ആരംഭിച്ചു.

കുറച്ച് നേരത്തെ കടുത്ത നിശബ്ദതയ്ക്ക് ശേഷം ഞങ്ങൾ ചർച്ച ആരംഭിച്ചു.
'ന്താമ്മടെ നസീറിന് പറ്റിയേ ?, ഓന്റെ വർത്താനം ഒക്കെ ആകെ മാറീക്കണ്ണു. വർത്താനൊന്നും പ്പൊ മ്മക്ക് തിരിയണില്ല.'  ഞങ്ങങ്ങളുടെ എല്ലാവരുടെയും ചിന്ത ഒരേ ദിശയിലായിരുന്നു.

'അത്.... പ്പോ.... നോക്കീട്ട് കാര്യല്ല്യടാ എറണാംകുളത്തൊക്കെ പോയി വന്നതല്ലേ അപ്പ അങ്ങനെക്കെ ണ്ടാവും' ഷെരീഫ് അതിന്റെ കാരണം പറഞ്ഞു.

ഞങ്ങളെല്ലാവരും 'അത് ' മനസ്സിലാക്കി അവനോട് ക്ഷമിക്കാൻ കൂട്ടായ തീരുമാനമെടുത്തു.
കൂട്ടത്തിൽ എല്ലാവരും സ്വയം ഇങ്ങനെ സമാധാനിച്ചു,

     'മ്മളൊക്കെ സ്റ്റാൻഡേർഡ് ആവുമ്പോ, ങ്ങനെ സംസാരൊക്കെ മാറുമായിരിക്കും !'.

അങ്ങനെ കൂട്ടത്തിലൊരാൾ സ്റ്റാൻഡേർഡ് ആയ സന്തോഷത്തിൽ ഞങ്ങളെല്ലാവരും അന്ന് സു:ഖമായി കിടന്നുറങ്ങി. അടുത്ത ദിവസം ഉച്ചവരെ ആരും തമ്മിൽ കാണുകയോ, ഒന്നും സംസാരിക്കുകയോ ഉണ്ടായില്ല (ശ്രദ്ധിക്കുക അന്നു മൊബൈൽ ഇത്രയ്ക്ക് പ്രചാരമായിട്ടില്ല). വൈകുന്നേരമായപ്പോൾ ഞാൻ പുറത്തിറങ്ങി,നസീറിന്റെ വീടിന്റെ ഭാഗത്തേക്കു  പോയി,അപ്പോളുണ്ട് അവിടെ അനിയും ഷെരീഫും കൂടി നസീറുമായി അപാരമായ സംസാരത്തിലാണ്.നസീർ കൊപ്പത്തേക്കാണെന്ന് തോന്നുന്നു പോകാൻ വേണ്ടി റെഡിയായി നിൽക്കുകയാണ്.അപ്പോൾ ഞാനും അവരോടൊപ്പം സംസാരത്തിൽ പങ്കുചേർന്നു.

നസീർ ഭയങ്കര തിരക്കിലാണ്. അവന്റെ പെരുമാറ്റത്തിലും സംസാരത്തിലും എല്ലാം ഒരു തിരക്കു പിടിച്ച മനുഷ്യന്റെ പ്രകൃതം മയങ്ങി കിടക്കുന്നുണ്ട്. പക്ഷെ അനിയും ഷെരീഫും ഞാനുമൊന്നും അവനെ അങ്ങനെ വിടാൻ ഒരുക്കമല്ലായിരുന്നു. കാരണം അവൻ തിരിച്ച് എറണാംകുളത്തേക്ക് പോയാലും അവനെക്കുറിച്ച് ഓർത്തിരിക്കാനും സംസാരിച്ച് ചിരിക്കാനും എന്തെങ്കിലും വേണം. അതിനു വേണ്ടിയാണ് അവനെ ഞങ്ങളെല്ലാവരും അങ്ങനെ സംസാരിച്ച് പിടിച്ച് വച്ചിരിക്കുന്നത്.
അപ്പോഴും അവൻ ധൃതിയിൽ തന്നെയാണ്.
എന്തെങ്കിലും ഒരു 'വെള്ളി' അവന്റെ നാവിൽ നിന്ന് വീണ് കിട്ടാൻ വേണ്ടി എല്ലാവരും ചെവി കൂർപ്പിച്ചിരിക്കുകയാണ്.
'എട നസീറെ, അന്റെ സംസാരൊക്കെ ആകെ മാറിണ്ണു ട്ടോ' അനി പറഞ്ഞു.

അപ്പൊ നസീർ അതിനെ ന്യായീകരിച്ചു,'നിങ്ങൾക്ക് വെറുതെ തോന്നുന്നതാടാ, എനിക്ക് ഒരു മാറ്റവും ഇല്ല'.

ഇത് കേട്ടതും അനി പറഞ്ഞു, 'ഇപ്പത്തന്നെ നോക്ക്, യ്യ് പറേണതൊന്നും ഞങ്ങക്ക് പെട്ടെന്ന് മനസ്സിലാവണില്ല്യ , അന്റെ സംസാരം ഭയങ്കര സ്റ്റാൻഡേർഡ് ആയഡാ '

'അതൊക്കെ നിങ്ങൾക്ക് തോന്നുന്നതാ' നസീർ വിട്ടില്ല. 'ഞാൻ കൊപ്പത്തേക്ക് പോകട്ടെ' അവൻ കൂട്ടിച്ചേർത്തു.

'എന്തിനാടാ ഇപ്പൊ യ്യ് കൊപ്പത്തിയ്ക്ക് പോണ് ?' അനി നസീറിനെ അങ്ങനെ വിടാൻ ഒരുക്കമല്ലായിരുന്നു.

'കുറച്ച് കപ്പക്കിഴങ്ങ് വാങ്ങണം, അതിനാ ഞാൻ കൊപ്പത്തിയ്ക്ക് പോവുന്നത് ' നസീർ വളരെ സ്റ്റാൻഡേർഡ് ആയിത്തന്നെ കാര്യം വിശദീകരിച്ച് പറഞ്ഞു.

എന്തിനാടാ ഇപ്പൊ അണക്ക് പൂളക്കെഴങ്ങ് ? ഷെരീഫ് ചോദിച്ചു.

'കൊറീസണ്ട് കെര്ത്ണു പൂളക്കെയങ്ങ് ഒന്ന് പിയ്ങ്ങി തിന്നണം ന്ന്. അയിന് കെയങ്ങ് വാങ്ങാൻ പോവ്വ്വാ' അതും പറഞ്ഞ് നസീർ അപ്പൊൾ അവിടേക്ക് വന്ന ഓട്ടോയിൽ കയറി കൊപ്പത്തേക്ക് പോയി.

അവൻ അതും പറഞ്ഞ് പോയ ഉടനെ ഞങ്ങൾ മൂവരും കൂടി നിന്ന് അവന്റെ ആ സംസാരമോർത്ത് കുറേയേറെ ചിരിച്ചു. പേട്ടെന്നുള്ള നസീറിന്റെ പഴയ സ്റ്റൈലിലുള്ള പറച്ചിൽ കേട്ട് അന്തം വിട്ട അനി ഇങ്ങനെ പറഞ്ഞു.
                 'ഓനൊക്കെ എത്ര മാറാൻ പറ്റും ?,ഈ കൊപ്പം മാറണ്ടി വരും, ഓൻ മാറാൻ '
ഞങ്ങൾ എല്ലാവരും അനി പറഞ്ഞത് ശരിവച്ചു.



(പൂള, കപ്പ എന്നൊക്കെ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ അറിയപ്പെടുന്നത് മരച്ചീനിയാണ്
വെള്ളി എന്നു പറഞ്ഞാൽ സംസാരത്തിനിടെ വരുന്ന അബദ്ധം.)

Friday, 30 September 2011

'പ്ലീസ്, എന്നെ എല്ലാവരും കൂടി 'ഇങ്ങനെ' ബഹുമാനിക്കല്ലേ !'

ഞാൻ ഇനി കുറെ കുട്ടിക്കാലത്തിലേക്കു പോകാം, വളരെ ചെറുപ്പത്തിലെ കാര്യങ്ങൾ.
ഞങ്ങൾക്ക് ഒരു ചായപ്പീടിക ഉണ്ടായിരുന്നു. ഇപ്പഴത്തെ സിനിമകളിൽ കാണുന്ന പോലെ ആളുകളുടെ നുണപറച്ചിലോടെയുള്ള പത്രപാരായണമൊന്നുമില്ലെങ്കിലും, വെടിപറച്ചിലിന് ഒരു കുറവുമില്ല. അങ്ങനെ എന്റെ അച്ചനോട് പറ്റ് എഴുതിയും, അച്ചനെ പറ്റിച്ചും ഒരുപാട് പേർ അവിടെ വന്നു ചായ കുടിച്ച്,വയറ് നിറയെ കഴിച്ച് പോകുമായിരുന്നു. അഛന്റെ ചായ പാരലും, രുചികരമായ വെള്ളപ്പം,പുട്ട്,ദോശ,ഇഡ്ഢലി തുടങ്ങിയ പലഹാരങ്ങളും ആ കടയെ വളരെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോയിരുന്നു. ആ കടയിൽ നിന്ന് ചായ കുടിക്കാനും ദോശ, പുട്ട്,വെള്ളപ്പം,നെയ്യപ്പം തുടങ്ങിയ കഴിച്ച് അഛനോട് പറ്റു പറഞ്ഞു പോകാനും ഒരുപാട് പേർ അവിടേക്ക് വരുമായിരുന്നു.

പക്ഷെ അമ്മ പറഞ്ഞ്, ഞാൻ കേട്ട കഥ ഇതൊന്നുമല്ല. അവിടെ ഒരു കക്ഷി വരാമായിരുന്നത്രെ. അദ്ദേഹം വന്നാൽ ആദ്യം കൈകൾ മുന്നിലൂടെ വീശി എല്ലാവരോടും ഇരിക്കാൻ ആംഗ്യം കാണിച്ചിട്ട് 'ഇരിക്കിൻ മക്കളേ, ഇരിക്കിൻ മക്കളേ' ന്ന് എല്ലാരോടും പറയും.
സത്യത്തിൽ, ചായ കുടി കഴിഞ്ഞ് വീട്ടിൽ പോകാനല്ലാതെ ബഞ്ചിൽ നിന്ന് ആരും ഇളകിയിട്ടുണ്ടാവില്ല. പക്ഷെ എന്നാലും, എല്ലാ വരവിനും ആൾ 'ഇരിക്കിൻ മക്കളേ, ഇരിക്കിൻ മക്കളേ'.എന്ന ഡയലോഗ് തന്നെ ആവർത്തിച്ചു പറഞ്ഞു കൊണ്ടേയിരിക്കും.
അങ്ങനെ നാട്ടിലെ എല്ലാവരുടെ ഇടയിലും ,'കൂനാറത്തെ മമ്മ്യാക്ക പറയും പോലെ' എന്ന ഒരു ഒരു ചൊല്ല് തന്നേയുണ്ട്. ഞാൻ പറയാൻ പോകുന്ന കഥ ഇതൊന്നുമല്ല. എല്ലാ നാട്ടിലും ഇതുപോലെ ചില കഥാപാത്രങ്ങൾ ഉണ്ടാവും,'എല്ലാവരും തന്നെ ബഹുമാനിക്കുന്നുണ്ട്(?) നാട്ടുകാർക്കൊക്കെ താൻ വളരെ(?) വേണ്ടപ്പെട്ടവനാണ് ' എന്ന് സ്വയം ചിന്തിക്കുന്ന ഒരു കൂട്ടർ. അവരറിയില്ല എങ്കിലും അവർ അന്നാട്ടുകാർക്കിടയിൽ ഒരു അടിപൊളി കോമഡി കഥാപാത്രമായിരിയ്ക്കും.എല്ലായിടത്തും ഉള്ള പോലെ ഞങ്ങളുടെ നാട്ടിലുമുണ്ട് ഇങ്ങനെ ഒരുപാട് കഥാപാത്രങ്ങൾ

എന്റെ ആക്സിഡന്റ് കഴിഞ്ഞ് ഒരു വർഷത്തിനു ശേഷം, മുതുതല വല്ല്യമ്മയുടെ വീട്ടിൽ ഒന്നു പോകാൻ എനിക്ക് ആഗ്രഹം തോന്നി. ആക്സിഡന്റ് പറ്റിയിട്ട് ആകെ ഒരുതവണ ഒന്നു വീട്ടിലേക്ക് വന്നിട്ടേ ഉള്ളൂ, എങ്കിലും എനിക്കൊരു ആഗ്രഹം(അമ്മയ്ക്കും) മുതുതലയിലേക്ക് ഒന്നു പോയി വല്ല്യമ്മയെ കാണാൻ. അവിടേക്ക് പോകാൻ വേണ്ടി എട്ടൻ ഒരു ഓട്ടോറിക്ഷ ഉള്ള ചേട്ടനെ വിളിച്ച് വീട്ടിലേയ്ക്ക് വരാൻ പറഞ്ഞു. ആ ഓട്ടോ അപ്പോൾ വീടിന് ഏകദേശം മുന്നിലുള്ള പഞ്ചായത്ത് റോഡിലൂടെ വരികയായിരുന്നു. വീടിന് മുൻപിൽ ഒരു മുപ്പത് മീറ്റർ ഇടവഴിയും, അത് കഴിഞ്ഞാൽ പഞ്ചായത്ത് റോഡുമാണ്. ഓട്ടോക്കാരൻ മണിയേട്ടൻ, എല്ലാവരും റോഡു വരെ വന്നോളാൻ, ഏട്ടനോട് ഫോണിൽ പറഞ്ഞു. ഏട്ടൻ ഞങ്ങളോട് വരാൻ പറഞ്ഞിട്ട് മുൻപിൽ നടന്നു, ഞാൻ അമ്മയുടെ കൈ പിടിച്ച് പുറകെ പോകുന്നു. അപ്പോൾ റോഡിൽ 'സഖാവ് ' കുഞ്ഞേട്ടൻ നിൽക്കുന്നുണ്ടായിരുന്നു. അദ്ദേഹം, ഞാൻ നേരത്തെ പറഞ്ഞ തരത്തിലുള്ള ഒരു കഥാപാത്രമായിരുന്നു. ഞങ്ങൾ നടന്ന് റോഡിനടുത്തു വരെ എത്തി. ഇനി ഓട്ടോയിലേക്ക് ഇടവഴിയുടെ മുൻപിൽ നിന്ന് കഷ്ടി അഞ്ച് മീറ്റർ വരുന്ന ദൂരമേയുള്ളൂ.അവിടെ ഓട്ടോയുമായി മണിയേട്ടൻ നിൽക്കുന്നുണ്ട്. കുഞ്ഞേട്ടൻ എന്തെല്ലാമോ മണിയേട്ടനോട് പറയുന്നുണ്ട്.


എനിക്ക് നമ്മുടെ കുഞ്ഞേട്ടനോട് ദേഷ്യം ഒന്നുമില്ല, പക്ഷെ എനിക്ക് അപകടം പറ്റിയിട്ട് ഇതുവരെ ഹോസ്പിറ്റലിലോ വീട്ടിലോ ഒന്നും കാണാൻ വരാത്തതിലുള്ള ചെറിയ ഒരു സങ്കടം എന്റെ ഉള്ളിലുണ്ട്. അമ്മ എന്നോട് 'നീ അങ്ങോട്ട് വന്നോളില്ലേ?' എന്ന് ചോദിച്ച് എന്നെ വിട്ട് ഓട്ടോയിൽ കയറി ഇരുന്നു. അദ്ദേഹത്തോട് ഒന്നു ചിരിച്ചു എന്നു വരുത്തിയിട്ടു, ഞാൻ ഓട്ടോയുടെ അടുത്തേക്ക് നടക്കാൻ ഒരുങ്ങി. കുഞ്ഞേട്ടൻ ഓട്ടോയുടെ അടുത്തു നിൽക്കുകയാണ്.ഓട്ടോയിൽ ഏട്ടനും അമ്മയും ഇരിക്കുന്നുണ്ട്. മണിയേട്ടൻ എന്നെ കണ്ടതും, പോകാൻ വേണ്ടി, ഓട്ടോ സ്റ്റാർട്ട് ചെയ്തു. അതു കണ്ടതും ഞാൻ ഓട്ടോയുടെ അടുത്തേക്ക് വേഗത്തിൽ നടക്കുകയാണ്. ഇത് കണ്ട കുഞ്ഞേട്ടൻ വിചാരിച്ചത്, വയ്യാതിരിക്കുന്ന ഞാൻ അദ്ദേഹത്തെ കണ്ടപ്പോൾ സന്തോഷം കൊണ്ട് ഓടി അദ്ദേഹത്തിന്റെ അടുത്തേയ്ക്ക് ചെല്ലുകയാണെന്നാണ്. പിന്നെ താമസിച്ചില്ല, അദ്ദേഹത്തിൽ ഞാൻ നേരത്തെ സൂചിപ്പിച്ച, ആ 'ബഹുമാന വികാരം' ഉണർന്നു. വയ്യാതിരിക്കുന്ന ഇവൻ പോലും എന്നെകണ്ടപ്പോൾ സന്തോഷത്തോടെ ഓടി അടുത്ത് വരികയാണെന്ന് വിചാരിച്ച പാവം ശ്രീമാൻ സഖാവ് കുഞ്ഞേട്ടൻ അവിടുന്ന് എന്നോട് വലത് കൈ ഉയർത്തി കാണിച്ച് വിളിച്ച് പറഞ്ഞു.
'വേണ്ട വേണ്ട അവടെ നിന്നോ, വയ്യാത്തതല്ലേ എന്റടുത്തേക്ക് ഒറ്റക്ക് വരണ്ട'. ഒരു രണ്ട് മൂന്ന് തവണ അദ്ദേഹം അതുതന്നെ ആവർത്തിച്ചു വിളിച്ചു പറഞ്ഞു. അദ്ദേഹം പിന്നേയും എന്നോട് കൈ വീശി 'വരണ്ട,വരണ്ട..' ന്നു പറഞ്ഞു
അപ്പോൾ മണിയേട്ടൻ പറഞ്ഞു. 'ഇങ്ങടെ അടുത്തേക്കൊന്നും അല്ല ഓൻ വര്ണ്, ഈ ഓട്ടോയില് കേറാനാ, ഇങ്ങളിങ്ങ്ട് വഴീന്ന് മാറും, ഓനിങ്ങ്ട് കേറിക്കോട്ടെ', ഇത് കൂടി കേട്ടതും കുഞ്ഞേട്ടൻ ആകെ മിഴ്ങ്ങസ്യ പറഞ്ഞോണ്ട് അവിടത്തന്നെ നിന്നു. അപ്പോഴും പാവം കുഞ്ഞേട്ടന്റെ ചിന്ത മായാവിലെ സലീംകുമാറിന്റെ ചിന്ത പോലെ ആയിരുന്നു.
'ഈ നാട്ടുകാര് മുഴുവനും എന്നെ സ്നേഹിക്ക്വാണോ ? അതോ ഞാൻ ഈ നാട്ടുകാരെ മുഴുവനും സ്നേഹിക്ക്വാണോ ?

Monday, 26 September 2011

'ഭയോളഛി' അല്ലേ സിന്റപ്പാ?

നമുക്ക് ടൂൺ കർമ്മയിലേക്ക് തന്നെ തിരിച്ചു പോകാം. എല്ലാവരുടേയും ഡയലോഗുകൾ ഓർത്തെടുത്ത് ബുദ്ധിമുട്ടുന്നതിനേക്കാൾ നല്ലതു അപ്പപ്പോൾ ഓർമയിൽ വരുന്നത് എഴുതുന്നതല്ലേ ? നമുക്ക് സംഭവത്തിലേക്ക് പോകാം. ഞാൻ മുൻപ് വിവരിച്ച ടൂൺകർമ്മയിൽ പറയാൻ മറക്കാൻ പാടില്ലാത്ത ഒരു കഥാപാത്രവും കൂടി ഉണ്ട്.  സിന്റപ്പൻ എന്ന് ഞങ്ങൾ സ്നേഹത്തോടെ വിളിക്കുന്ന ഒരു സിന്റൊ ജോയ്. ടൂണിലെ പ്രധാന അനിമേറ്ററായിരുന്ന അഭിലാഷിന്റെ സുഹൃത്തും തൊട്ടടുത്ത വെബ് ഡിസൈനിംഗ് സെന്ററിൽ ജോലിയുള്ളതുമായ ഒരു കഥാപാത്രമായിരുന്നു സിന്റപ്പൻ.അഭിലാഷിന് പണ്ട് അവിടെ ജോലിയുള്ള കാലത്തുള്ള പരിചയമാണ്. പക്ഷെ അഭിലാഷ് ആ ബന്ധം ഇപ്പോഴും നിലനിർത്തുന്നു. അല്ലെങ്കിൽ 'കണ്ടകശ്ശനി കൊണ്ടേ പോവൂ' എന്ന് കേട്ടിട്ടില്ലേ? അതുപോലെ ആ ബന്ധം ഇപ്പോഴും രണ്ട് പേരും നില നിർത്തുന്നു. 'കണ്ടകശ്ശനി' ആരാണെന്ന് അവർ തീരുമാനിക്കട്ടെ.(നമ്മൾ ബുദ്ധിമുട്ടേണ്ട).

ഞാൻ അവിടെ ചെന്ന കാലം മുതൽ ഈ സിന്റപ്പൻ അവിടുത്തെ ഒരു നിത്യസന്ദർശകനാണ്. അവൻ ഇടക്കിടെ അവിടെ വരുന്നത് എല്ലാവരും നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു.എനിക്ക് വെബ് ഡിസൈനിംഗിലും അവൻ നല്ല ഒരു സഹായമായിരുന്നു. ടൂൺ കർമ്മയിൽ ഒരു ചേച്ചി ദിവസേന വന്ന് ഞങ്ങൾക്ക് ചോറ് വച്ചു തരാറുണ്ടായിരുന്നു. നല്ല രുചിയുള്ള ആഹാരം !
കാക്ക പശുവിന്റെ പുറത്തിരിക്കുമ്പോൾ രണ്ടാണ് കാര്യം. കാക്ക അവിടിരുന്ന് പശുവിന്റെ ദേഹത്തുള്ള പ്രാണിയും, ചെള്ളും എല്ലാം കൊത്തിത്തിന്നും. അങ്ങനെ വരുമ്പോൾ 'കാക്കയുടെ വിശപ്പും മാറും,പശുവിന്റെ കടി മാറുകേം ചെയ്യും' എന്നാണ് നാട്ടുകാർ പറയുക. അതുപോലെയാണ് നമ്മുടെ സിന്റപ്പന്റേയും കാര്യം അവന്, ചേച്ചി വയ്ക്കുന്ന ഈ ആഹാരം ഇടക്കിടെ വന്ന് കഴിച്ച് വിശപ്പ് മാറ്റുകയും ചെയ്യാം, ഞങ്ങൾക്ക് നല്ലൊരു കോമഡി വിരുന്നാകുകയും ചെയ്യും.

അങ്ങനെ ഒരു ദിവസം അവൻ വന്നിട്ട്, വന്ന ഉടനെ തന്നെ, ഞങ്ങൾ റാമിന്റേയും അഭിലാഷിന്റേയും നേതൃത്വത്തിൽ ഭയങ്കര ചർച്ചയിൽ ആയി. ആ പ്രാവശ്യത്തെ നോബെൽ സമ്മാനത്തെ കുറിച്ചായിരുന്നു ഞങ്ങളുടെ ഭീകരമായ ചർച്ച. ഞങ്ങൾ കുറച്ച് 'ബുദ്ധിജീവികളു'ടെ അപാരമായ(?) വിശകലന സംസാരം എത്രയൊക്കെയായിട്ടും നമ്മുടെ നായകൻ സന്ദീപിന് കാര്യം പിടികിട്ടിയില്ല. അവൻ എല്ലവരോടും എന്തൊക്കേയോ ചോദിക്കുന്നും പറയുന്നുമൊക്കെയുണ്ട്. ഞങ്ങളൊന്നും ആ ഭയങ്കരമായ ചർച്ചക്കിടയിൽ, അവന്റെ ചോദ്യങ്ങളെ കാര്യമായെടുക്കുന്നുമില്ല. അവസാനം നോബെൽ സമ്മാനങ്ങളെ കുറിച്ചാണ് ഞങ്ങൾ എല്ലാവരുടേയും സംസാരം എന്ന് അവന് മനസ്സിലായി. അപ്പോഴും വിഷയം ഏതാണെന്ന് അവന് മനസ്സിലായിട്ടില്ല. അവസാനം, കൂലങ്കഷമായ ഞങ്ങളുടെ സംസാരം ശ്രദ്ധിച്ച് കേട്ട അവന് എന്തോ കുറച്ചു മനസ്സിലായി. ബയോളജി ആണ് വിഷയം. ആ വർഷത്തെ ബയോളജി സമ്മാനത്തിന് എന്തോ ഒരു പ്രത്യേകത ഉണ്ടായിരുന്നു.അതായിരുന്നു ഞങ്ങളുടെ ചർച്ചക്കാധാരം.

പിന്നെ താമസിച്ചില്ല, നമ്മുടെ നായകൻ സന്ദീപ്, അവനിൽ നിന്ന് ഞങ്ങൾ ഒളിച്ച് വച്ച് ചർച്ച ചെയ്തിരുന്ന വിഷയം മനസ്സിലാക്കിയ സന്തോഷത്തിൽ ഉച്ചത്തിൽ ഞങ്ങളോടെല്ലാവരോടുമായി ചോദിച്ചു. 'ഡാ സിന്റപ്പാ ഭയോളഛി അല്ലേ? ഭയോളഛി' അവന്റെ ആ കർണ്ണകഠോരമായ ചോദ്യം വന്നപ്പോൾ തന്നെ, സിന്റപ്പൻ തന്റെ കൈകൾ കൊണ്ട് മുഖം പൊത്തിക്കൊണ്ട്, തറയിൽ കുനിഞ്ഞിരുന്നു. പിന്നീട്, പാൻപരാഗും മുറുക്കാനും കൂടിക്കലർന്ന് തന്റെ മുഖത്തേക്ക് തെറിച്ച തുപ്പൽ വലത് കൈ കൊണ്ട് അമർത്തിതുടച്ചുകൊണ്ട് എഴുന്നേറ്റ് സാവധാനം ഇങ്ങനെ പറഞ്ഞു.
 'ന്റെ പൊന്നു സന്ദീപേ, നീ ഇനിയെന്തുവേണേലും പറഞ്ഞോ, പക്ഷെ ബയോളജി ന്നു മാത്രംന്റെ മുന്നീന്ന് പറയരുത് !' 

Saturday, 17 September 2011

ഇങ്ങനേയും ഒരു സിനിമ പേരോ ?

സുഹൃത്തുക്കളേ, കുറെ കഥകളായി ഞാൻ പലർക്കും പറ്റിയതും, അവർ ഇളിഭ്യരായതുമായ കഥകളെ കുറിച്ചു പറയുന്നു. ഇനി ഞാൻ എനിക്കു പറ്റിയ ഒരു ഭീമാബദ്ധത്തെ കുറിച്ചു പറയാം. എന്റെ ആക്സിഡന്റിനു ശേഷം കുറെ കാലം ഞാൻ ബാഹ്യ ലോകവുമായി ഒരു ബന്ധവുമില്ലാതെ കഴിഞ്ഞു കൂടിയിരുന്നു. പുറം ലോകവുമായി ബന്ധപ്പെടാൻ ഒരുതരത്തിലും കഴിയാതിരുന്ന എനിക്ക് എന്റെ മെയിൽ ഐഡി കളും അതിലെ വിവരങ്ങളും എല്ലാം നഷ്ട്ടപ്പെട്ടു അങ്ങിനെ ഇരിക്കുമ്പോൾ എനിക്ക് ഏതൊക്കെ സിനിമകൾ ഇറങ്ങി എന്നോ, ആരുടെയൊക്കെ സിനിമകൾ ഇറങ്ങി എന്നോ,ഏതൊക്കെ വിജയിച്ചു എന്നോ അറിയില്ല. അങ്ങനെയിരിക്കെ ഒരു ദിവസം കൈരളി ടി.വി. യിൽ ഏതോ അവാർഡ് നൈറ്റ് നടക്കുന്നുണ്ട്. ഞാനും വീട്ടുകാരോടൊപ്പം അത് കാണാൻ തയ്യാറായി സോഫയിൽ കയറി ഇരുന്നു. ഒരു വർഷം മുമ്പാണ് ട്ടോ, മറക്കണ്ട.

അവാർഡ് നേടിയ ആളെ അവതാരിക സ്റ്റേജിലേക്ക് വിളിക്കും, അപ്പോൾ സ്ക്രീനിൽ അവരുടെ പേരും, അവാർഡിനർഹമായ സിനിമാ പേരും എഴുതിക്കാണിക്കും. അങ്ങനെയാണ് അവതാരണത്തിന്റെ രീതി. അപ്പോൾ ഏതോ എനിക്ക് നന്നായി അറിയാവുന്ന (സിനിമയിലൂടെ) ഒരാളെ വിളിച്ചു. അയാൾ സ്റ്റേജിലേക്ക് നടക്കുമ്പോൾ അയാളുടെ പേരും സിനിമയുടെ പേരും സ്ക്രീനിൽ എഴുതി കാണിച്ചു. ഞാൻ വളരെ കഷ്ടപ്പെട്ട് ആ സിനിമയുടെ പേര് സ്വല്പം ഉറക്കെ വായിച്ചു. കണ....കണ...'കണക്കൻ മണി'(kanakkanmani).അങ്ങനെ വളരെ കഷ്ട്ടപ്പെട്ട് സിനിമ പേര് വായിച്ചവസാനിപ്പിച്ച ശേഷം ഏട്ടനോട് ചോദിച്ചു  'എന്റെ ഏട്ടാ ഇങ്ങനേയും ഒരു സിനിമ ഇറങ്ങിയോ?'

ഞാൻ ഇത്തിരി അദ്ഭുതത്തോടെയാണ് ഏട്ടനോട് ചോദിച്ചത്. മയങ്ങുകയായിരുന്ന ഏട്ടൻ ഞെട്ടിയുണർന്ന് ചോദിച്ചു എന്താ ?  'കണക്കൻ മണി' ന്നൊരു സിനിമ ഇറങ്ങീട്ടുണ്ടോ ?
എന്റെ ചോദ്യം കേട്ടതും ഞെട്ടിപ്പിടഞ്ഞ് ഏട്ടൻ ടി.വി. യിലേക്ക് നോക്കി. എന്നിട്ട് ചോദിച്ചു എന്താ നീ പേര് വായിച്ചേ ? ഞാൻ കൂളായി പറഞ്ഞു കൊടുത്തു. 'കണക്കൻ മണി'.

ഏട്ടൻ ദേഷ്യത്തോടെ ടി.വി ഓഫ് ചെയ്തു എന്നിട്ട് ഇങ്ങനെ പറഞ്ഞു കൊണ്ട് അവിടുന്ന് പോയി. 'ഇവന് തലക്ക് പരിക്കു പറ്റിയപ്പോ വായന ശേഷിയും പോയീ ന്നാ തോന്ന്ണേ, കാണാക്കണ്മണി എന്നു എഴുതിയത് 'കണക്കൻ മണി' ന്നൊക്കെ വായിക്ക്ണെ.'
ഞാൻ സോഫയിൽ അന്തം വിട്ട് കുന്തം വിഴുങ്ങി റിമോട്ടും പിടിച്ച് ഒരു പുളിങ്ങാചിരിയും ചിരിച്ചു കൊണ്ട് നാല് പാടും നോക്കി ആരും അത് കണ്ടിട്ടില്ല,കേട്ടിട്ടില്ല എന്നു ഉറപ്പു വരുത്തി ഇരുന്നു.

Wednesday, 7 September 2011

ഡാ മനേഷേ...യ്യ് മാനല്ലടാ...

പഴയ സംഭവങ്ങൾ കുറെ ഓർത്തു. ഇനി നമുക്കു എനിക്ക് അപകടം പറ്റുന്നതിന്റെ ഏകദേശം ഒരു വർഷം മുൻപ് നടന്ന ഒരു കാര്യം നോക്കാം.

ഞാൻ എറണാംകുളത്ത് ടൂൺ കർമ്മ യിൽ ജോലി ചെയ്യുന്ന സമയത്ത് നടന്ന ഒരു സംഭവം നോക്കാം. ഞാൻ, എന്റെ ട്രൈൻ സുഹൃത്ത് പ്രമോദ്, ഞങ്ങളുടെ സംവിധായകൻ റാം, പ്രധാന ആർട്ടിസ്റ്റുകളായ അഭിലാഷ്, ടോണി,സന്ദീപ്,ശബ്ദത്തിന്റെ കലാകാരൻ ഹരീഷ്, ഗോപാൽജി, വേറൊരു വെബ് ഡിസൈനർ സന്ദീപ് തുടങ്ങിയവർ അടങ്ങിയതായിരുന്നു ടൂൺകർമ്മയിലെ സഹപ്രവർത്തകർ. ഞങ്ങളുടെ ബോസ് ഒരു മഹേഷ് സർ ആയിരുന്നു. ഒരു പാവം പ്രോഗ്രാമർ. അദ്ദേഹം ആരോടും അങ്ങനെ ദേഷ്യപ്പെട്ട് ഞാൻ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ എല്ലാവരും ജോലിയിൽ ഒരു അർപ്പണ മനോഭാവം കാണിച്ചിരുന്നു. 'സമ്മർദ്ദം അല്ല ഒരാളെ ജൊലി ചെയ്യാൻ പ്രേരിപ്പിക്കേണ്ടത്, മറിച്ച് അതിനോടുള്ള ഇഷ്ടമാണ് ' എന്ന സിദ്ധാന്തം വളരെ നന്നായി നടന്ന് പോകുന്ന ഒരു സ്ഥാപനം ആയിരുന്നു ടൂൺ കർമ്മ. അതുകൊണ്ട് തന്നെ അതിലെ ആർക്കും വല്ലാത്ത സമ്മർദ്ദം അനുഭവിക്കേണ്ടി വന്നിരുന്നില്ല.
ഞാൻ manesh mann എന്നാണ് സ്വന്തം പേര് പലയിടങ്ങളിലും ഉപയോഗിച്ചിരുന്നത്. ടൂൺ കർമ്മയിൽ ഉള്ള എല്ലാവരും എന്നെ 'മാൻ' എന്നാണ് വിളിച്ചിരുന്നത്. ഉച്ചാരണം ഞാൻ ഉദ്ദേശിക്കുന്നതതല്ലെങ്കിലും, എനിക്കാ വിളി നല്ല ഇഷ്ടാമായിരുന്നു. പ്രത്യേകിച്ച് റാമിന്റേയും,അഭിലാഷിന്റേയും, കഥാനായകൻ സന്ദീപിന്റേയും വിളികൾ.

ടൂൺ കർമ്മയിൽ നിന്ന് ഏകദേശം ആറു മണിയോടെ ഞാൻ ഇറങ്ങും.ഇറങ്ങുമ്പോൾ അഭിലാഷോ ടോണിച്ചനോ ആരെങ്കിലും കടവന്ത്ര വരെ കൂടേയുണ്ടാകും. അന്നു കൂടെ ടോണിച്ചനും അഭിലാഷും ഉണ്ടായിരുന്നു. ഞങ്ങൾ ഒരു ബ്ലോഗ് എഴുതുന്നതിനെ കുറിച്ചു കൂലങ്കഷമായ ചർച്ചയിൽ ആയിരുന്നു. ഇത് കേട്ട് കൂടെ വന്ന ആർട്ടിസ്റ്റ് സന്ദീപിന് ആകെ കലിപ്പിളകിക്കൊണ്ടിരുന്നു.
ടോണി: എടാ മനേഷെ, ഈ ബ്ലോഗെഴുത്ത് അത്ര സിമ്പിൾ  പരിപാടിയൊന്നുമല്ല.
അഭിലാഷ്: അല്ലെങ്കിലും, ഒന്നും അത്ര സിമ്പിൾ ഒന്നുമല്ല. നമ്മുടെ ആഗ്രഹം പോലിരിക്കും.
ടോണീ: എന്നാലും ഈ വിശാല മനസ്കന്റേയും ബർളിയുടേയും എഴുത്ത് കൊള്ളാം ട്ടോ.
അഭിലാഷ്: അതുപോലെ ഒരിക്കൽ നമ്മുടെ പേരും ആരെങ്കിലുമൊക്കെ പറഞ്ഞു നടക്കും, ഉറപ്പാ !
ഞാൻ: അങ്ങനെയാവട്ടെ, നമ്മൾ ശ്രമിക്കും ബാക്കിയെല്ലാം വിധിപോലെ.

ഇതൊക്കെ കേട്ട് സന്ദീപിന് ഭ്രാന്ത് പിടിച്ചു. അവൻ പറഞ്ഞു നിങ്ങളീ സംസാരം ഇവിടെ വച്ചു നിർത്ത്വാണെങ്കിൽ എന്റെ വക മനോരമയുടെ അടുത്ത് നിന്ന് തട്ടുകട  തട്ടൽ ഫ്രീ. അങ്ങനെ ഞങ്ങളെല്ലാവരും സന്ദീപിന്റെ ആ ഓഫർ സ്വീകരിച്ചു. ആ സംസാര വിഷയം അവിടെ വച്ച് നിർത്തി.എന്നിട്ട് ഞങ്ങൾ മനോരമ ജംഗ്ഷനിലേക്ക് തട്ടുകടയെ ലക്ഷ്യമാക്കി നടന്നു.

ടോണിച്ചൻ പറഞ്ഞ നല്ലൊരു തട്ടുകടയെ ലക്ഷ്യമാക്കി ഞങ്ങൾ നീങ്ങി. അവിടുന്നു ടോണിച്ചനും കാഷ്യർ സന്ദീപും ഒരോ കടിയും ചായയും കഴിച്ച് പരിപാടി അവസാനിപ്പിച്ചു. കടിക്കും ചായക്കും ഒക്കെ മൂന്ന് രൂപയായിരുന്നു.
എന്നാൽ അഭിലാഷും ഞാനും പിശുക്കൻ സന്ദീപിനെ അങ്ങനെ വിടാൻ ഒരുക്കമല്ലായിരുന്നു. ഞങ്ങൾ സന്ദീപിനോടുള്ള ദേഷ്യം തീർക്കാനെന്നവണ്ണം, കായബജികൾ ഓരോന്നായി അകത്താക്കികൊണ്ടിരുന്നു. സന്ദീപും ടോണിച്ചനും 'ഉദാരവൽക്കരണത്തെ' പറ്റിയും 'അമേരിക്കൻ നയങ്ങളെ' കുറിച്ചും ഗംഭീര ചർച്ചയിൽ ആയിരുന്നു. ചർച്ചയൊക്കെ കഴിഞ്ഞ് അവൻ പൈസ കൊടുക്കാൻ വന്നു. 'ഡാ അഭ്യേ, മാനേ അവസാനിപ്പിച്ചില്ലേ ?' അവൻ ഞങ്ങളോട് ചോദിച്ചു. 'അതൊക്കെ കഴിഞ്ഞു, നീ പൈസ കൊടുത്ത് വാടാ' അഭിലഷ് പറഞ്ഞു.

അങ്ങനെ അവൻ ചെന്ന് ചോദിച്ചു, 'ഏട്ടാ എത്രേയി ?' എന്നിട്ട് പാന്റിൽ നിന്ന് പേഴ്സ് എടുക്കാൻ തുടങ്ങി. സംഭവത്തിന്റെ ക്ലൈമാക്സ് എകദേശം അറിയാവുന്നതുകൊണ്ട് ഞാനും അഭിയും അവിടുന്ന് മെല്ലെ നടന്നു തുടങ്ങി. ഞങ്ങൾ കുറച്ചു ദൂരം ചെന്ന് തിരിഞ്ഞു നിന്നു.
'നൂറ്റിരണ്ട് രൂപ' കടക്കാരൻ വളരെ സന്തോഷത്തോടെ അവനോട് പറഞ്ഞു. അതു കേട്ടതും അവൻ വളരെ ദയനീയമായി ഞങ്ങളെ രണ്ട് പേരെയും നോക്കി. എന്നിട്ട് കാശ് കൊടുത്തു. എന്റേയും അഭിയുടേയും കണക്കുകൂട്ടലിൽ അയാൾക്ക് കണക്ക് തെറ്റിയിരിക്കുന്നു. ഞങ്ങളുടെ കൂട്ടലിൽ അതു വളരെ കുറഞ്ഞു പോയിരിക്കുന്നു. സന്ദീപ്, പൈസ കൊടുത്ത് ഞങ്ങളുടെ കൂടെ എന്നെ ബസ് കയറ്റാൻ വേണ്ടി മനോരമ ജംഗ്ഷനിലേക്ക് നടക്കുന്നതിനിടയിൽ എന്നെ ചൂണ്ടി  ആക്രോശിച്ചു കൊണ്ട് പറഞ്ഞു.
'ഡാ മനേഷേ,...... യ്യ് മാനല്ലടാ,... പന്ന്യാ....  പന്നി.'

Monday, 5 September 2011

അന്താക്ഷരി അഥവാ അന്തമുള്ളവരുടെ പാട്ട് !

ഞ്ഞങ്ങൾ നാട്ടിലുള്ളവ്ർക്ക് ഒരു അസ്ക്യതയുണ്ട്, ഏതെങ്കിലും കൂട്ടുകാരന്റെ കല്യാണത്തിന്റെ തലേദിവസം, അട്ടവും, പാട്ടും, ചില ആളുകൾ വെള്ളമടിയും ഒക്കെ ആയി ആ ദിവസം ഞങ്ങൾ ശിവരാത്രി ആക്കും. അങ്ങിനെ ഒരു കല്ല്യാണത്തലേന്ന് ഞങ്ങൾ എല്ലാവരും ഒത്തുകൂടി. സുരേട്ടൻ, പ്രസാദേട്ടൻ, ജ്യേഷ്ഠസുഹൃത്ത് സ്വാതി മനോജ്, സൈഫു, ഷിജു, പുലാശ്ശേരിയുടെ ഗായകൻ രവി,സുധി അങ്ങിനെ ഒരുപാട് പേരുണ്ട്. ഞങ്ങളങ്ങനെ തകർക്കുകയായിരുന്നു. അപ്പോൾ സുരേട്ടൻ പറഞ്ഞു നമുക്ക് 'അന്താക്ഷരി കളിക്കാം'. ഞങ്ങളൊക്കെ സമ്മതിച്ചു. അങ്ങനെ കളി തുടങ്ങി, അത് ശക്തിയായി മുന്നേറി.

സംഗീതം സിംഹത്തിന്റെ മടയിൽ പോയി അഭ്യസിക്കുന്ന മനോജ്, ഷിജു അങ്ങനേയുള്ളവർ ഒരു ചേരിയിലും, ഞങ്ങൾ വായ്പാട്ടുകാർ സൈഫു, സുരേട്ടൻ, സുധി,രവി,ഞാൻ തുടങ്ങിയവർ എതിർ ചേരിയിലും. അന്താക്ഷരി അന്തമില്ലാതെ അങ്ങനെ മുന്നേറിക്കൊണ്ടിരുന്നു. ഒരു പാട്ടിന്റെ നാലു വരിയെങ്കിലും ഒരു ടീം പാടണം. അതിന്റെ മൂന്നാമത്തെ വരിയുടെ അവസാനത്തെ അക്ഷരം വച്ച് എതിർ ടീം തുടങ്ങണം. അങ്ങിനേയാണു അന്താക്ഷരി കളിയുടെ നിയമം. ഏതെങ്കിലും ടീമിനു അതിനു കഴിഞ്ഞില്ലെങ്കിൽ ആ ടീം തോൽക്കും. ഞങ്ങളുടെ ടീമിൽ രവി ഉള്ളതു കൊണ്ടു ഞങ്ങൾ ഒരുവിധം പിടിച്ചു നിന്നു.
രവി അല്ലാതുള്ളവരൊക്കെ വായ്പാട്ടുകാരായിരുന്നു.

അങ്ങനെ കളി മുന്നേറുന്നതിനിടയിൽ മനോജിന്റെ ടീം 'റ' എന്ന അക്ഷരത്തിൽ മൂന്നാം വരി അവസാനിക്കുന്ന ഏതോ ഒരു പാട്ടു പാടി. ഞങ്ങൾ കൂലങ്കഷമായി ആലോചിച്ചു. എത്ര ആലോചിച്ചിട്ടും 'റ' യിൽ തുടങ്ങുന്ന ഒരു പാട്ട് ഞങ്ങൾക്ക് കിട്ടുന്നില്ല. പക്ഷെ തന്ത്രപരമായി കാര്യങ്ങളെ നേരിടുന്നതിൽ വിദഗ്ധരായ ഞങ്ങളുടെ ടീമിൽ നിന്ന് സൈഫു ആ വെല്ലുവിളി സധൈര്യം ഏറ്റെടുത്തു. അവൻ പാടിയതു ഒരു തകർപ്പൻ പാട്ടായിരുന്നു. അതിങ്ങനെ
             
                 റോജബക്കിടി സോട്ടെ,
                 റോമനടി സോട്ടെ,
                 അദ്നാബിസ് ഇദ്നാബിസ്
                 എക്സറടി സോട്ടെ.

ആ പാട്ടോട് കൂടി ആ അന്താക്ഷരി കളി അവിടെ അവസാനിച്ചു. ഞങ്ങളുടെ എതിർ ടീം തോറ്റതായി പ്രഖ്യാപിക്കപ്പെട്ടു. അങ്ങനെ ഞങ്ങളുടെ അന്താക്ഷരി അന്തമില്ലാതെ അവസാനിച്ചു. പക്ഷെ അങ്ങനെ തോറ്റതായി പ്രഖ്യാപിക്കപ്പെട്ട് അന്തം വിട്ട് ഇരിക്കുമ്പോഴും സംഗീത സാഗരത്തിൽ നീന്തിത്തുടിക്കുന്ന ഷിജു, മനോജ് പ്രഭൃതികൾക്ക് ആ സംശയം മാറിയിട്ടുണ്ടായിരുന്നില്ല. അങ്ങനേയൊരു മലയാളം പാട്ടുണ്ടോ ? 

Friday, 2 September 2011

സൈക്കിൽ യജ്ഞം ഒരു കൂതറക്കഥ !

എനിക്കൊരു കൂട്ടുകാരനുണ്ടായിരുന്നു. അവന്റെ പേരെന്തായാലും കുഴപ്പമില്ല, അവൻ ഈ നാട്ടിൽ വർഷങ്ങൾക്ക് മുൻപേ കുടിയേറി താമസിക്കുന്നതാണു എന്നു ഞാൻ പറയും, കാരണം അവനു മലയാളം അത്ര പിടിപാടില്ല. ഇനി പേരു ചോദിക്കരുത് കഥ പറയട്ടെ.അവൻ സൈക്കിൾ ഓടിക്കാൻ പഠിച്ചിട്ടേ ഉള്ളൂ. ആളുകൾ കൂടി നിൽക്കുന്ന ചായക്കടയുടെ അടുത്തൂടെയുള്ള പഞ്ചായത്ത് റോഡിൽ ക്കൂടി  അവൻ സൈക്കിൾ തകർത്തു ചവിട്ടുകയാണു. അപ്പോഴാണത് സംഭവിച്ചത്, ഒരു ഓട്ടോ ചീറി പാഞ്ഞ് വന്ന് അവന്റെ സൈക്കിളിനിട്ട് ചെറുതായി ഒരിടി കൊടുത്തു. ആകെ ആൾക്കൂട്ടമായി സംസാരിച്ച് സംസാരിച്ച് അങ്ങോട്ടും ഇങ്ങോട്ടും വാക്കേറ്റമായി, ഉന്തും തള്ളുമായി. പാവം എന്റെ സുഹൃത്ത് അവൻ കുറെ സംസാരിച്ചു നോക്കി, പക്ഷെ ഓട്ടോക്കാരുടെ അടുത്ത് അത് വല്ലതും നടക്കുമോ ?

അവസാനം ഒരു വയസ്സായ ആൾ ചായക്കടയിൽ നിന്നിറങ്ങി വന്ന് ഓട്ടോക്കാരനോട് സംസാരിച്ചു.
'നീയങ്ങനെ ആ പാവം പയ്യനെ കുറ്റം പറഞ്ഞ് രക്ഷപ്പെടാൻ നോക്കണ്ട. അവൻ ഒരു സൈഡിൽ കൂടി വരികയായിരുന്നു' അയാൾ പറഞ്ഞു. ഈ വാക്കേറ്റത്തിനും സംസാരത്തിനും ഇടയിൽ ആരൊക്കെ ആരുടെ ഭാഗം പറയുന്നു എന്ന് ആർക്കും തിരിച്ചറിയാൻ വയ്യ.'ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല, കുറ്റം മുഴുവൻ ആ ചെക്കന്റേയാ, എനിക്കൊന്നും ചെയ്യാനില്ല' ഇങ്ങനെ പറഞ്ഞ് ഓട്ടോക്കാരൻ കയ്യൊഴിഞ്ഞു. അപ്പോൾ ചായക്കടയിൽ നിന്നും ഇറങ്ങി വന്ന ആ വയസ്സൻ പറഞ്ഞു 'നീ അങ്ങനെ നല്ലപിള്ള ചമയണ്ട, ഞ്ഞങ്ങളൊക്കെ കണ്ടു നിൽക്കുന്നതാ. ആ പയ്യൻ നിരപരാധിയാ'.

ഇതു കേൾക്കേണ്ട താമസം പയ്യൻ ഉശിരോടെ ചാടി വന്നു. വന്നപാടെ അവൻ ആ പാവം മനുഷ്യനോട് തട്ടിക്കയറി. 'ദേ തന്തേ വയസ്സനാണെന്ന് ഞാൻ നോക്കില്ല, ഒറ്റചവിട്ടു വച്ചുതരും, ........ഞാനാ തന്തേ നിരപരാധി ? .......ആ ഓട്ടോക്കാരനല്ലേ നിരപരാധി ? അവിടെ കൂടി നിന്നിരുന്ന എല്ലാവരും ഒരു നിമിഷം അന്തം വിട്ട് നിന്നു.പിന്നെ പതുക്കെ ചിരിച്ചു കൊണ്ട് അവരവരുടെ സ്ഥലങ്ങളിലെക്ക് പോയി. ഇതിന്റെ അവസാനം ഓട്ടോക്കാരൻ ഓട്ടോക്കാരന്റെ വഴിക്കും നമ്മുടെ കഥാനായകൻ സൈക്കിൾ എടുത്ത് അവന്റെ വഴിക്കും പോയി. ആരും ആർക്കും കാശ് കൊടുക്കാതെ. പക്ഷെ അപ്പൊഴും ആ പാവം എന്റെ സുഹൃത്തിന്റെ സംശയം മാറിയിരുന്നില്ല- 'എന്നാലും എല്ലാവരുമെന്തേ പെട്ടെന്ന് സസാരം നിർത്തി, ചിരിച്ചു കൊണ്ട് പിരിഞ്ഞു പോയത് ?'




ഞാൻ പറയുന്ന കഥയിലെ കഥാപാത്രങ്ങൾ സാങ്കൽപ്പികമല്ല, അതു കൊണ്ട് ഇതിലെ പെരുകൾ ചിലതെല്ലാം ഞാൻ ഉണ്ടാക്കുന്നതാണ്. ഇതു വായിക്കുന്ന എന്റെ സുഹൃത്തുക്കൾ അവർക്കു മനസ്സിലാവുന്ന പേരുകൾ ആരോടും പറയാതിരിക്കുക.

ഡാ ഹാഷിമേ..ഇതൊരു അസുഖല്ലടാ.....!,

ഞാൻ എന്റെ പോളി കഴിഞ്ഞ് മൾട്ടീമീഡിയ പഠിക്കാൻ തൃശ്ശൂരിലെ അരീനയിലേക്ക് പോയിക്കൊണ്ടിരുന്ന സുന്ദര സുരഭില കാലഘട്ടം. പട്ടാമ്പിയിൽ നിന്നാണു ട്രൈൻ കയറേണ്ടത്. ഷാമോൻ, സാദിഖ്, ഷെമിൽ, ഹാറൂൺ വക്കീൽ, ഹരി തുടങ്ങിയ നിരവധി കൂട്ടുകാർ പട്ടാമ്പിയിൽ നിന്നുണ്ട്. കോഴിക്കോടിൽ നിന്ന് അരിക്കച്ചവടത്തിനു വേണ്ടി വരുന്ന രാജുവേട്ടൻ, ത്രിശ്ശൂർ എഞ്ചിനീറിങ്ങ് കോളേജിൽ ജോലിക്ക് വരുന്ന രാജുവേട്ടന്റെ സുഹൃത്ത് മഞ്ജുവേട്ടൻ, ഭ്രാന്താശുപത്രിയിൽ ജോലിക്ക് വരുന്ന മെന്റൽ വിശ്വേട്ടൻ, സംഗീതം പഠിക്കാൻ വരുന്ന ശാലിനി, താനൂരിൽ നിന്ന് ആർക്കിയോളജി വകുപ്പിൽ ജോലിക്ക് വരുന്ന മണിയേട്ടൻ, തിരൂരിൽ നിന്ന് രാജുവേട്ടന്റെ പാർട്ട്നർ അഷ്കർ, കുറ്റിപ്പുറത്ത് നിന്ന് അന്നു 'കൂതറ' ആയിട്ടില്ലാത്ത ഹാഷിം, ജ്യോതിഷ് എന്നിവർ പട്ടാമ്പിയിൽ നിന്ന് ഞങ്ങൾ, അങ്ങിനേയുള്ള വലിയൊരു സംഘമായിരുന്നു ഞങ്ങളുടെ യാത്രാ സംഘം. വളരെ സന്തോഷത്തോടെ ആടിയും പാടിയും ഉള്ള യാത്രയായിരുന്നു അതെല്ലാം.

ഞങ്ങൾ കുറച്ചു കോളേജ് പ്രായക്കാർക്ക് അതിനിടെ വരുന്ന തിങ്കളാഴ്ചയും വെള്ളിയാഴ്ചയും ഉത്സവദിനങ്ങളായിരുന്നു. കാരണം പി.സി. തോമസിന്റെ അടുത്ത് എൻട്രൻസ് കോച്ചിങ്ങിനു വരുന്ന കുട്ടികൾ (പെൺകുട്ടികൾ !)  വരുന്നതും പോകുന്നതും ആ ദിവസങ്ങളിലായിരുന്നു. ഇതിൽ ഞങ്ങളുടെ കൂടെയുണ്ടായിരുന്ന, അപ്പോൾ 'കൂതറ' ആയിട്ടില്ലാത്ത ഹാഷിമിന്റെ കൂടെ ഉള്ള ജ്യോതിഷ് ഒരു ശാന്തശീലനായ വായിനോട്ടക്കാരനായിരുന്നു. നടുറോഡാണെങ്കിലും ആശാൻ ഒരു പ്രശ്നവുമില്ലാതെ പാന്റ്സിന്റെ പോക്കറ്റിൽ കയ്യും തിരുകി 'ആ' എന്നു വായും പൊളിച്ച്, പെൺപിള്ളേരെ വായിൽ നോക്കും.

അന്ന് ട്രൈൻ ഇറങ്ങി ഞങ്ങളെല്ലാവരും വേഗത്തിൽ തങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് തിരക്കിട്ട് നടക്കുകയായിരുന്നു. അന്നൊരു തിങ്കളാഴ്ച ആണെന്ന് ഞങ്ങൾക്ക് ഓർമ്മയില്ല. അപ്പോൾ നമ്മുടെ ജ്യോതിഷ് പതിവുപോലെ പാന്റ്സിന്റെ പോക്കറ്റിൽ കയ്യും തിരുകി നല്ല വായിനോട്ടത്തിലായിരുന്നു. അത് കണ്ടപ്പോൾ നമുടെ കൂതറ ഹാഷിമിനു കലി കയറി, 'ഇവനേയൊന്ന് ഉപദേശിച്ചു കളയാം എന്നു കരുതി അവനോട് ചെന്ന് പറഞ്ഞു. "എടാ ജ്യൊതിഷെ, ഇങ്ങനേ വായിൽ നോക്കി നില്ക്കുന്നതു അത്ര നല്ല സ്വഭാവമൊന്നുമല്ല. ഞങ്ങളൊക്കെ വളരെ മാന്യമായി വായിൽ നോക്കുന്നില്ലേ? അതുപോലെ ഒരു നിയന്ത്രണം എല്ലാത്തിനും വേണം. ഇങ്ങനേയുള്ള വായിനോട്ടം ഒരു അസുഖമാണെടാ."

ഞങ്ങൾ എല്ലാവരും കരുതി ഇതൊടെ ജ്യോതിഷ് നന്നായി എന്ന്. പക്ഷെ ജ്യോതിഷിന്റെ മറുപടി ഞങ്ങളേയൊക്കെ ഞെട്ടിച്ചു കളഞ്ഞു.
"എടാ.... ഹാഷിമേ, ഇതൊരു............അസുഖല്ലടാ ഒരു സുഖാ..! " ആ മറുപടി കേട്ടപ്പോൾ ഹാഷിമിന്റെ മുഖത്ത് എന്തൊക്കെ 'കൂതറ' ഭാവങ്ങൾ മിന്നിമറഞ്ഞു എന്നു വിവരിക്കുക അസാധ്യം. എന്തായാലും ഡാവിഞ്ചി അദ്ദേഹത്തിന്റെ 'മൊണാലിസ' പെയിന്റിങ്ങിൽ ഒളിപ്പിച്ചു വച്ചതിനേക്കാൾ  നിഗൂഢമായിരുന്നു ഹാഷിമിന്റെ മുഖത്ത് വിടർന്ന ഭാവങ്ങൾ. പിന്നീട് അവൻ ഒരിക്കലും ആരേയും ഉപദേശിച്ചു നന്നാക്കാൻ പോയിട്ടില്ല.
അതു കേട്ടതും ഹാഷിം അവന്റെ വഴിക്കും ഞങ്ങൾ ഞങ്ങളുടെ വഴിക്കും പോയി. അന്ന് എന്ത് ചെയ്യുമ്പോഴും മനസ്സിൽ ആ വാക്കുകൾ മുഴങ്ങി 'ഇതൊരു അസുഖല്ലടാ....ഒരു സുഖാ...'







ഞാൻ എന്റെ ഓർമ്മകളിലെ ചെറിയ ചെറിയ  സംഭവങ്ങൾ ഇവിടെ കുറിക്കുകയാണു. അതിൽ ആർക്കെങ്കിലും വിഷമം നേരിടുന്നുണ്ടെങ്കിൽ ക്ഷമിക്കുക. ഇതിൽ വിവരിച്ച കഥാപാത്രങ്ങൾക്കു എന്റെ പല സുഹൃത്തുക്കളമായിയും സാമ്യം തോന്നാം. അതു വെറും യാദൃശ്ഛികമല്ല എന്നു ഞാൻ സന്തോഷപൂർവ്വം സൂചിപ്പിക്കട്ടെ.