Thursday 23 May 2013

'മങ്ങാട്ടച്ഛനും കുഞ്ഞായി മൊയ്ല്യാരും' :സ്നേഹത്തിന്റെ അമ്മക്കഥകൾ.!

'അമ്മ ന്നാള്ങ്ങള് പറഞ്ഞ ആ മങ്ങാട്ടച്ഛന്റീം മൊയ്ല്യാരടീം കഥ ഒന്നും കൂടി പറഞ്ഞേര്വോ ?'
വീട്ടിൽ, അച്ഛനൊഴികെ എല്ലാവരും കല്യാണത്തിനും, അച്ഛൻ പുറത്തേക്കും പോയ സമയം ഞാൻ ഏതെങ്കിലും കഥ കേൾക്കാനായി അമ്മയോട് പറ്റിക്കൂടി.

'ഏത്  ?' അവയുടെ ഓർമ്മക്കായി ഒന്ന് പരതിയ അമ്മ ചോദിച്ചു,
 'അത്ബടെ ഒര്പാട് പറഞ്ഞ്ട്ട് ള്ളതല്ലടാ ?'

'അതെ, പക്ഷെ ന്നാലും യ്ക്കത് കമ്പ്യൂട്ടറില്-ടാനാണേയ്,
ഒന്നുങ്കുടി കേട്ടാലേ അതോർമ്മേ ന്ക്കൂ...അതാ....'

അമ്മ അടുക്കളയിലെ പണികൾ തീർത്ത് വന്ന് കഥപറയാനായി സോഫയിലേക്കിരുന്നു,
'അതേയ് അവിര് രണ്ടാളും നല്ല കൂട്ട്വാരേയിര്ന്നു ട്ടോ,
പക്ഷെ,
ആരാരാ വെല്ല്യേ സൂത്രക്കാര് ന്ന് അവര്ക്കൊര് മത്സരൂം അവിരടുള്ളില് ണ്ടായിര്ന്നു.!'

'ആ....' ഞാൻ ഒപ്പം കൂടണലോ, ല്ലേ ?

'ഒരൂസം രണ്ടാളും കൂടിങ്ങനെ വർത്താനും പറഞ്ഞ് നടക്കുമ്പോ മൊയ്ല്യാര് പറഞ്ഞ്വേയ്,
ന്റെ മങ്ങാട്ടച്ഛാ ഞാനൊരൂസം ഇത്ക്കൂടി വെരുമ്പഴേയ്
ഒര് പാമ്പ്ണ്ട് ഇന്റെ മുന്ന്ക്കൂടി എഴഞ്ഞ് പോണു,
ഒന്നും നോക്കീലാ, ഞാനതിനെ ഒര് വട്യോണ്ട് അങ്ങ്ട് തച്ച്വൊന്നു.'

'ങ്ഹ്....' ഞാൻ ശബ്ദം കൊണ്ട് സപ്പോർട്ട് ചെയ്തു.

'മങ്ങാട്ടച്ഛൻ അത് കേട്ടെങ്കിലും അതിനെ പറ്റി ഒന്നും പറയാണ്ട,
വേറെന്തൊക്കേ കാര്യം പറഞ്ഞ്ട്ട് നടന്ന് ങ്ങനെ പോയി.!
എന്താ മങ്ങാട്ടച്ഛൻ അതിനെ പറ്റ്യൊന്നും ചോയിക്കാത്ത് ന്ന് ചിന്തിച്ച്ട്ടാണെങ്കിലും, 
അപ്പ മങ്ങാട്ടച്ഛൻ പറഞ്ഞേന് മറുപടീം പറഞ്ഞ്ട്ട് മൊയ്ല്യാരും ഒപ്പം പോയി.'

'ഊം....'

'അങ്ങനെ കാലം കൊറേ കഴിഞ്ഞു ട്ടോ,
ഈ സംഭവൊക്കെ രണ്ടാളും മറക്കണ്ട സമയൊക്കെ ആയി,
അവിര് ആ  സംഭവം പറഞ്ഞ വഴീ കൂടെ തന്നെ പിന്നീം ഒരൂസം നടന്ന് വര്വാർന്നു ട്ടോ.!
അതില് മങ്ങാട്ടച്ഛൻ ചോയിച്ചു, 'ന്ന്ട്ടോ മൊയ്ല്യാരേ' ന്ന്.'

'അപ്പൊ മൊയ്ല്യാര്,
എന്താ ഇപ്പ ഇങ്ങനെ ചോയിക്ക്ണ് ന്ന ഒര് തപ്പും തടേം ഇല്ല്യാണ്ട പറഞ്ഞു,
ഞാനതിനേങ്ങ്ട് അപ്പറത്തിക്ക് തോണ്ടിട്ടു.!'
'മ്മളാണെങ്കീ,
കൊറേസം കഴിഞ്ഞാ ആരേലും ന്ന്ട്ടോ ന്ന് ചോയിച്ചാ ആദ്യം, 'എന്ത് ' ന്ന് ചോയിക്കില്ല്യേ ?

'ആ.......ഒറപ്പായിട്ടും.!'
ഞാൻ പറഞ്ഞു.

കഥ പറഞ്ഞ് കഴിഞ്ഞ അമ്മ എനിക്കായി വിശദീകരണം തന്നു.
'ഇങ്ങനേണ് ഇവിര് രണ്ടാളും,
ആരാരാ നല്ല ബുദ്ധിള്ളോര് കൂടുതലോർമ്മള്ളോര് ന്ന്
എപ്പഴും അങ്ങട്ടും ഇങ്ങട്ടും നോക്കീങ്ങോണ്ടും കള്യാക്കീങ്ങോണ്ടും ഇരിക്കും.!'

'ഞ്ഞ് വേറൊന്നും കൂടി പറഞ്ഞേരും, ന്നാ കമ്പ്യൂട്ടറില് ഒന്നിച്ച് ഇടാലോ ?'

'കമ്പ്യൂട്ടറില് ഇടലൊക്കെ അന്റെ കാര്യം,
ഞാനിപ്പൊ മുത്തച്ഛൻ എപ്പഴും പറയാറ് ള്ളത് പറഞ്ഞേരാ'

'അത് മതി, ങ്ങള് പറഞ്ഞാ മതി, ഞാനോർത്ത് ഇട്ടോണ്ട്.!'
ഞാൻ എന്റെ ഓർമ്മയെ രാകി മിനുക്കിക്കൊണ്ട് കേൾക്കാനിരുന്നു.


'മ്മടെ മൊയ്ല്യാര്ക്ക് ഒര് പച്ചക്കറി തോട്ടണ്ട്,
അവ്ട്ന്ന് നല്ലൊരു കുംബ്ളങ്ങ പറിച്ച്ട്ട് ഒരാളടെ അട്ത്ത് മങ്ങാട്ടച്ഛന് കൊട്ത്തയച്ചു.
ഈ കുംബ്ളങ്ങ പൂവലാവുമ്പ തന്നെ ഒരു പാനീൽയ്ക്ക് എറക്കി വച്ച്ട്ടേ വളർത്ത്യേര്ന്നേയ്,
അത് കാരണം ആ വല്യേ പാനീല് നെറേ ആ കുംബ്ളങ്ങ നെറഞ്ഞ് നിക്ക്വാ ണ് ട്ടോ.!'

'ആ പാനീല് ള്ള കുംബ്ളങ്ങീം ഇട്ത്ത്ട്ട് അയാള് മങ്ങാട്ടച്ഛന്റെ അട്ത്തെത്തി.
ദാ ങ്ങൾക്ക് മൊയ്ല്യാര് തന്നയ്ച്ചതാ ഇത് ആളടെ തോട്ടത്തിൽത്തെ കുംബ്ളങ്ങേ'
ആ പാനിയിലെ കുംബ്ളങ്ങ കൊണ്ടന്നാള് വിശദീകരിച്ച് മങ്ങാട്ടച്ഛനോട് പറഞ്ഞൊടുത്തു.'

'ഹാഹാ..ഹാ മങ്ങാട്ടച്ഛനത് പണ്യാവും.!'
ഞാനാ രംഗമാലോചിച്ച് ചിരിച്ചു.

'എന്ത് പണി ?' കഥയറിയാവുന്ന അമ്മയ്ക്ക് സംശയണ്ടാവില്ല്യല്ലോ ?
'മങ്ങാട്ടച്ഛൻ ആ കുംബ്ളങ്ങ പാന്യോടക്കനെ അട്പ്പത്തിക്ക് വെച്ചു,
അതില് മസാലീം വറവൊക്കെ കൂട്ടി വേവിച്ച്ട്ട്,
അത് പാകായപ്പോ കുത്ത്യൊടച്ച് അതെറക്കി ഒരു പാത്രത്തിൽക്ക് വെളമ്പീട്ട്
ആ പാനി കഴ്കീട്ട് അയാളടെ അട്ത്തന്നേ മൊയ്ല്യാര്ക്ക് കൊട്ത്തയച്ചു.!'

രണ്ടാളുടേയും സൂത്രത്തിന്റെ കഥകൾ പറഞ്ഞു കഴിഞ്ഞപ്പോൾ അമ്മ എന്നോടായി പറഞ്ഞു,

'ഇപ്പ രണ്ടാൾടീം ഓരോന്നായിലേ ?
ഞ്ഞ് കൊറച്ചൂസം കഴിയട്ടെ ട്ടോ'

'ശരി, ഞാനതൊക്കെ ഒന്നുങ്കൂടി ഓർക്കാള്ള കാര്യങ്ങളൊക്കെ നോക്കട്ടെ'
ഞാനാ കഥകൾ ഓർത്തെടുക്കേണ്ട കാര്യം ആലോചിച്ച് സോഫയിലിരുന്നു,
അമ്മ അടുക്കളയിലേക്കും പോയി. !


ഇതിന് മുൻപ് അമ്മയെനിക്ക് പകർന്നു തന്ന കഥകൾ ഇവിടെ വായിക്കാം,
സ്നേഹത്തിന്റെ അമ്മക്കഥകൾ.......!