Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Wednesday, 19 October 2011

മുഖം മൂടികൾ

ഞാൻ സത്യം പറഞ്ഞാൽ ആദ്യമായാണ് ഒരു കഥയ്ക്ക് വേണ്ടി ശ്രമിക്കുന്നത്. അതുകൊണ്ട് ഇതിന് ഒരു കഥയുടെ കെട്ടും മട്ടും ലാളിത്യവും ഒന്നും പ്രതീക്ഷിക്കരുത്. തെറ്റുകൾ നിങ്ങൾ ഈ മണ്ടൂസനോട് ചൂണ്ടി കാട്ടുക. ഒരു മുനറിയിപ്പ് കൂടി നിങ്ങൾ എത്ര പ്രായമുള്ളവരായാലും ശരി, സ്ത്രീകളാണെങ്കിൽ ഇത് വായിക്കരുത്. ഇനി വായിച്ചുകഴിഞ്ഞ് നിങ്ങളുടെ ജീവിതത്തിൽ വല്ല സംശയം മൂലമുള്ള താളപ്പിഴകൾ ഉണ്ടാവുന്നതിന് ഞാൻ ഉത്തരവാദിയായിരിക്കുന്നതല്ല.ഇതിന് അനുയോജ്യമായ പേര് നിങ്ങൾ നിർദ്ദേശിക്കുക. ഞാൻ വെറുതെ മൂന്ന് പേരുകൾ കൊടുത്തിട്ടുണ്ട്.





അവൻ മൂടിപ്പുതച്ച് കിടന്നുറങ്ങുകയാണ്. കാരണം കോളേജ്  വീടിനടുത്താണ്. അതു കാരണം എപ്പോൾ അവിടെയെത്തിയാലും കുഴപ്പമില്ല. പക്ഷെ ആ ഗംഭീര ഉറക്കത്തിനിടയിലും പെട്ടെന്നവൻ  ഉത്സാഹത്തോടെ ഞെട്ടിയുണർന്നു. എന്നിട്ട് കോലായിലിരുന്ന് പത്രം വായിക്കുന്ന സഹോദരിയിൽ നിന്ന് അവനാ പത്രം നിന്ന് തട്ടിപ്പറിച്ചെടുത്തു.
'അല്ലേലീ സമയത്ത് മൂടിപ്പുതച്ച് കിടന്നുറങ്ങുന്ന ആളിനെന്താ ഇന്നൊരു തിരക്ക്, അതും പത്രവായനക്ക് ? ' അവൾ സ്വല്പം ദേഷ്യത്തോടെ പരിഭവപൂർവ്വം ചോദിച്ചു. അവൾ കോളേജിൽ ഡിഗ്രിയ്ക്ക് പഠിക്കുന്നു.
അവൾ ഒരു ദിവസവും പത്രം വായന മുടക്കാറില്ല. (ഉള്ള ദിവസങ്ങളിൽ ട്ടോ). പക്ഷെ അന്നത്തെ ദിവസം അവളുടെ വായന തന്റെ എല്ലാമെല്ലാമായ ചേട്ടൻ തകർത്തിരിക്കുന്നു. അരിശത്തോടെ അവൾ വീടിനകത്തേയ്ക്ക് നടന്നു, നടക്കുമ്പോഴും അവൾ പിറുപിറുക്കുന്നുണ്ടായിരുന്നു.
'അല്ലെങ്കിൽ തേങ്ങ പറിക്കാനായിട്ട്, ഏട്ടൻ കൂർക്കം വലിച്ച് കിടന്നുറങ്ങുകയാവും, ഇന്നിപ്പെന്താണാവോ ഇതയധികം വിശേഷം പത്രത്തിൽ?
ഇനി നമുക്ക് ആരാണീ വാൽസല്യനിധിയായ ഏട്ടനെന്ന് നോക്കാം.
വീടിനടുത്തുതന്നേയുള്ള കോളേജിൽ എഞിനീറിംഗ് ഫൈനൽ ഇയറിന് പഠിക്കുന്ന, ഏതോ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ജില്ലാ നേതാക്കളിൽ പ്രമുഖനായ, സുന്ദരനും സുമുഖനുമായ, സർവ്വോപരി അന്യമതസ്ഥയായ ഒരു കുട്ടിയെ മനസ്സിൽ കൊണ്ട് നടക്കുന്നവനും(അവളിങ്ങോട്ടും), നാട്ടുകാർക്ക് പ്രിയപ്പെട്ടവനുമായ ഒരാളാണ് ഇത് വരെ വിവരിച്ചു പറഞ്ഞ ഈ ഏട്ടൻ.

പത്രത്തിൽ ആ വാർത്ത വന്നതുമുതൽ അവൻ അസ്വസ്ഥനാണ്. ആ വാർത്ത എന്നു പറഞ്ഞാൽ ട്രൈനിലെ അപകടത്തിൽ സൗമ്യ മരിച്ച ആ ഭീകര സംഭവം. അതിന്റെ വിശദാംശങ്ങൾ എത്ര വിവരിച്ച് പറഞ്ഞിട്ടും പത്രങ്ങൾക്ക് മതിവരുന്നില്ല. അതാണ് കുട്ടിനേതാവ് ഇത്ര തിരക്കോടെ വായിക്കുന്നത്.

ഇത്തരം കാര്യങ്ങളിൽ സമൂഹത്തോട് വളരെ നല്ലരീതിയിൽ പ്രതികരിക്കാൻ അവനിഷ്ടമാണ്. അവന്റെ ഒരു തീപാറുന്ന ഒരു പ്രസംഗം ഈയടുത്താണ്. അതിനുവേണ്ടി എല്ലാം തയ്യാറാക്കുന്നത് ഒരു സുഹൃത്താണ്. അതിനുവേണ്ടി സുഹൃത്ത് നല്ലൊരു വേദി കെട്ടിയുണ്ടാക്കി. എന്നിട്ട് സ്വന്തം ചിലവിൽ നല്ലൊരു അനൗൺസ്മെന്റും അതിന് വേണ്ടി ഏർപ്പാടാക്കി. എന്നിട്ട് നമ്മുടെ കുട്ടിനേതാവിനെ ഇടക്കിടെ വിളിച്ച് പറയാറുണ്ട്, 'ഡാ നീ എന്നെ നാറ്റിക്കരുത് ട്ടോ, നന്നായി പ്രിപ്പയർ ചെയ്തോ.'അപ്പോഴൊക്കെ അവൻ പറയും,'നീ പേടിക്കണ്ടടാ, ഞാൻ നന്നാക്കാം ആ പരിപാടി,കാരണം എന്റെ രാഷ്ട്രീയ ഭാവിയും അതിലാണല്ലോ ?'
അവൻ അങ്ങിനെയൊരു വേദി സ്വന്തമായി കിട്ടിയതിൽ നല്ല സന്തോഷത്തിലാണ്. കാരണം തന്റെ രാഷ്ട്രീയ ഭാവി അതിലൂടെ പച്ച പിടിക്കുന്നത് മനസ്സിൽ കണ്ടു.
'തനിക്കു വേണ്ടി തന്റെ കൂട്ടുകാരൻ രാപ്പകലില്ലാതെ അധ്വാനിക്കുന്നു.' അവന് ആ കൂട്ടുകാരനിൽ മതിപ്പ് തോന്നി.

കാര്യങ്ങൾ ഇങ്ങനേയൊക്കെയാണെങ്കിലും ആ പ്രസംഗത്തിനു വേണ്ടി തയ്യാറാകുന്നതിനിടയിൽ അവനെ കോളേജിലെ മറ്റൊരു കൂട്ടുകാരൻ വിളിച്ച് ഒരു സന്തോഷവാർത്ത അറിയിച്ചു. അതു കേട്ടതും അവൻ പറഞ്ഞു, 'ഞാനും കുറെ ദിവസങ്ങളായി അത് കാത്തിരിക്കുന്നു. എന്താ അത് ഇറങ്ങാത്തത് എന്ന് എന്റെ മനസ്സിലും ഉണ്ട്, നീ വീട്ടിൽ നിൽക്ക് ഞാനിപ്പങ്ങ്ട്ട് വരാം, എന്കറ്യ്തായാലും അത് നമ്മടെ കിട്ടീലോ ഇനിയതൊന്ന് ആസ്വദിച്ച് കാണട്ടെ!'
കുട്ടിനേതാവ് ആ പ്രസംഗത്തിനു വേണ്ടി തയ്യാറാക്കുന്ന കുറിപ്പുകളെല്ലാം മടക്കി വച്ച് പുറത്തേക്ക് പോകാൻ റെഡിയായി.
പ്രസംഗം ഇത്തിരി പിഴച്ചാലും കുഴപ്പല്ല്യ ,പക്ഷെ അതിനേക്കാൾ വലുതാ ഇപ്പോ കാണാൻ പോണേ, അവൻ  വളരേയധികം സന്തോഷത്തോടെ മനസ്സിലോർത്തു.

'എങ്ങട്ടാ ?' അമ്മയുടെ സ്ഥിരം ചോദ്യം.

'വല്ല കളിക്കുമായിരിക്കും' അനിയത്തി സംശയം കൂടാതെ പറഞ്ഞു.

'ഞാനിപ്പോ വരാ, എന്റെ ഒരു ക്ലാസ്സ്മേറ്റിന്റെ അടുത്ത് നിന്ന് കുറച്ച് നോട്സ് വാങ്ങിക്കണം.' അമ്മയോട് പറഞ്ഞു.

'എന്താ നിന്റെ കൂട്ടുകാരൻ ഒരുക്കിയ പ്രസംഗത്തിനുള്ള വല്ലതും ആണോ ?  അവൻ അതിന് വേണ്ടി രാവും പകലുമില്ലാതെ ഓട്ടത്തിലാ, കൂട്ടുകാരന്റെ ഓട്ടം കണ്ടാ തോന്നും അവനാ പ്രസംഗിക്കണേ   ന്ന് .' അമ്മ തമാശരൂപേണ പറഞ്ഞു.

'അതൊന്നുമല്ലമ്മാ, ഇതു ക്ലാസ്സിലെ  നോട്സാ, അവൻ ഇന്റെ കോളേജിലല്ലല്ലോ പഠിക്കണേ.'
അതും പറഞ്ഞ് അവൻ വളരെ ധൃതിയിൽ അവിടെ നിന്ന് ഇറങ്ങി.

'ഏട്ടന് എന്തോ കാര്യായത് വാങ്ങണം ന്ന് തോന്ന്ണു അമ്മാ, കണ്ടില്ലേ ഭയങ്കര തെരക്കിലാ പോക്ക്, കൊറച്ച് ദിവസായിട്ട് ഭയങ്കരമായ നിരാശയിലാ, എന്തോ പ്രതീക്ഷിച്ചത് കിട്ടാത്ത പോലെ.' അനിയത്തി ഏട്ടന്റെ സങ്കടങ്ങൾ മനസ്സിലാക്കിയെന്ന വണ്ണം ന്യായീകരിച്ചു..

'ഒരുപാട് ദിവസമായി കാത്തിരിക്കുന്നു, അതിന്ന് തന്റെ കയ്യിൽ വരാൻ പോകുകയാണ്.' അത് ഓർത്ത്കൊണ്ട് അവൻ നടത്തത്തിന് സ്പീഡ് കൂട്ടി.

ഇത്തിരിയങ്ങോട്ട് നടന്നപ്പോഴേക്കും, പ്രസംഗത്തിന് വേണ്ടിയുള്ള കാര്യങ്ങൾ തയ്യാറാക്കാനായി, എന്തിനോ വേണ്ടി ഓടുന്ന തന്റെ സുഹൃത്തിനെ കണ്ടു. തന്റെ രാഷ്ട്രീയ ഭാവിയുടെ പോക്ക് ആ പ്രസംഗം നിർണ്ണയിക്കും, അതുറപ്പാ.

ആ രാഷ്ട്രീയ ഭാവി നിർണ്ണയം നടത്തുന്ന തന്റെ സുഹൃത്താണ് ബൈക്കിൽ വരുന്നതെന്നറിയാമെങ്കിലും അവന്റെ മുഖം അപ്പോൾ അത്രക്ക് പ്രസന്നമായില്ല. മെല്ലെ അവനോട് ചിരിച്ചെന്ന് വരുത്തി, എന്നിട്ട് ചോദിച്ചു, 'എങ്ങോട്ടാ ?'

കൂട്ടുകാരൻ പതിവു പോലെ തന്നെ നല്ല തിരക്കിലാണ്. 'ഞാൻ നമ്മടെ മാഷെ കാണാൻ പോവ്വ്വാ, എന്തേ നീ വരുന്നോ ?' അവൻ ചോദിച്ചു. കുട്ടിനേതാവിന് അവന്റെ കൂടെ പോകാൻ മടിയായിരുന്നെങ്കിലും തനിക്ക് കാണേണ്ട സുഹൃത്തിന്റെ വീടും മാഷിന്റെ വീടിനടുത്താണല്ലോ എന്നാലോചിച്ചപ്പോൾ തീരുമാനം മാറ്റി.'ആ ഞാനും ണ്ട്, ന്റെ കൂട്ടുകാരനേയൊന്നു കാണണം'.

'ആ ഇനിക്ക് അറിയാ നിന്റെ ഫ്രന്റിനെ അതവിടെ അടുത്തെന്നെ അല്ലേ ? ' അവനേയും ഇരുത്തി ബൈക്കിൽ പോവുന്നതിനിടയിൽ കൂട്ടുകാരൻ പറഞ്ഞു. പുറകിൽ നിന്ന് ശബ്ദമൊന്നും വന്നില്ല.

അങ്ങനെ കൂട്ടുകാരന്റെ വീടിനു മുൻപിൽ തന്റെ സുഹൃത്തിനെ ഇറക്കി.
രാവിലെ, തന്നെ വീട്ടിലേക്ക് തിരക്കി വരുന്നത് കണ്ട് കൂട്ടുകാരൻ ചോദിച്ചു.
'എന്തേടാ പെട്ടെന്ന് ങ്ങ്ട് പോന്നേ ? അത് കയ്യിൽ കിട്ടീ ന്നറിഞ്ഞപ്പോ പിന്നെ കണ്ട്രോൾ കിട്ടീല്ല അല്ലേ ?'

ബൈക്കുമായി വന്ന സുഹൃത്ത് അതൊന്നും ശ്രദ്ധിക്കാതെ അവനെ അവിടെ ഇറക്കി,മാഷിന്റെ വീട്ടിലേക്ക് പോയി.

അങ്ങനെ മാഷെ കണ്ട് തിരിച്ച് വരുമ്പോഴും അവർ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾ കഴിഞ്ഞിരുന്നില്ല. രണ്ട് മൊബൈലുകളും ഇരുകയ്യിലുമായി പിടിച്ച് നില്ല്കുന്ന കൂട്ടുകാരൻ പറഞ്ഞു. 'ഡാ ഇപ്പ വരാ ട്ടോ, ഇതിപ്പൊ കണ്ടു കഴിയും'

കൂട്ടുകാരൻ ശരി എന്ന് പറഞ്ഞ് ബൈക്ക് സ്റ്റാർട്ടാക്കി, അതിനിടയിലെപ്പൊഴോ അവന്റെ ശ്രദ്ധ കൂട്ടുകാരന്റെ കയ്യിലെ മൊബൈലുകളിലേക്ക് തിരിഞ്ഞു. അതിലതാ താൻ എവിടെയോ കണ്ടുമറന്ന മുഖം മിന്നിമറയുന്നു. അതെ അതവൾ തന്നെ, കേരളത്തിലെ എല്ലാവരുടേയും കണ്ണീരിന്റെ ഒരംശമായി മാറിയ സൗമ്യ.അവളെ ആ കാമഭ്രാന്തൻ പൈശാചികമായി പീഢിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യമാണ് തന്റെ പ്രിയ സുഹൃത്ത്, നാളത്തെ കേരളം നയിക്കേണ്ട രാഷ്ട്രീയനായകൻ, 'കണ്ടാസ്വദിക്കുന്നത്.'

അവൻ അതിൽനിന്ന് കണ്ണെടുത്ത് താഴേക്കു നോക്കി, താഴെയതാ തന്റെ പ്രിയ സുഹൃത്തിന്റെ കാൽച്ചുവട്ടിൽ കുറെ മുഖം മൂടികൾ വീണ് കിടക്കുന്നു.
"ഒരമ്മയുടെ പുന്നാര മകന്റെ, വാൽസല്യ നിധിയായ ഒരു ചേട്ടന്റെ, കേരളത്തിന്റെ ഭാവി എഞ്ചിനീയറുടെ, രാഷ്ട്രീയ നായകന്റെ അങ്ങനെ ഒരുപാടൊരുപാട് കറുത്തമുഖം മൂടികൾ."

'അങ്ങനെ അവസാനം അതും കണ്ടു ഷ്ടാ, സമാധാനായി,വിചാരിച്ച മാതിരിയല്ലട്ടാ അടിപൊളിയായിരിക്ക്ണു.' ബൈക്കിൽ കയറുന്നതിനിടയിൽ കുട്ടിനേതാവ് കൂട്ടുകാരനൊട് സ്വല്പം ഉച്ചത്തിൽ തന്നെ പറഞ്ഞു.

ബൈക്കിൽ കയറുന്നതിന് മുൻപ് അവൻ അത് തന്റെ മൊബൈലിന്റെ അകപ്പെട്ടിയിൽ(ഫോൾഡർ) വയ്ക്കാനും നമ്പർ വച്ച് പൂട്ടി ഭദ്രമാക്കി അത് പോക്കറ്റിലിടാനും, തന്റെ മുഖം മൂടികൾ വീണ്ടും എടുത്തണിയാനും മറന്നില്ല. പ്രത്യേകിച്ച് ഒന്നും ഉരിയാടാതെ കൂട്ടുകാരൻ ബൈക്കോടിച്ച് വീട്ടിലേക്ക് പോയി, അവന് നാളെ ഇവൻ നയിക്കുന്ന കേരളത്തിന്റെ അവസ്ഥയാലോചിച്ച് ലജ്ജ തോന്നിക്കാണണം.