Sunday 1 April 2012

'ബായ്ക്കീന്ന് കാണാൻ വല്ല്യേ മെച്ചൊന്നൂം ഇല്ല്യാ ട്ടോ.'

അങ്ങനെ സംഭവബഹുലമായ പത്താം ക്ലാസ്സ് ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ച് അവസാനിച്ചു.
പത്താം ക്ലാസ്സിനു ശേഷം ഞാൻ ഷൊറണൂർ പോളിടെക്നിക്കിലാണ് പഠിച്ചത്. അവിടെ എന്റെ പത്താം ക്ലാസ്സ് സഹപാഠിയും,അതിലെ നമ്മുടെ 'താരം' രവിയുടെ ബെഞ്ച് മേറ്റുമായിരുന്ന പ്രമോദും കൂടെയുണ്ട്. പിന്നെ പത്ത്.ബി യിലുണ്ടായിരുന്ന, കൊപ്പത്തുള്ള ഷാജുവും. കൊപ്പം സ്വദേശികളായ ഞങ്ങളെല്ലാവരും കൊപ്പത്ത് ഒന്നിച്ച് കൂടി അവിടുന്ന് പട്ടാമ്പി ബസ് പിടിച്ച്, അങ്ങനെ കോളേജിൽ പോവ്വാറാണ് പതിവ്. സമാന്യം തരക്കേടില്ലാതെ, അങ്ങനെ കോളേജ് ജീവിതം രസകരമായി മുന്നോട്ട് പോവുകയാണ്. ഞങ്ങൾ രണ്ടാം വർഷമായി. ആ വർഷത്തിൽ ഞങ്ങൾക്ക്  'ഡിജിറ്റൽ ഇലക്ട്രോണിക്സ് ' എന്നൊരു വിഷയമുണ്ട്. ആ വിഷയത്തിന് ക്ലാസ്സും ലാബുമുണ്ട്. അതിന്റെ ലാബ് നടക്കുന്നതിലാണ് ഈ സംഭവത്തിന്റെ 'കാര്യം'. ഒരു വലിയ ഡസ്ക്കിൽ നാല് പേർ വീതമുള്ള രണ്ട് ഗ്രൂപ്പുകളാണ് ഇരിക്കുക. ഡസ്ക്കിനപ്പുറവും ഇപ്പുറവുമായി രണ്ട് ഗ്രൂപ്പും ഇരിക്കും. ഞങ്ങൾ, പട്ടാമ്പിക്കാർ (പ്രദീപും,പ്രമോദും ഞാനുമൊക്കെ) ഒരു മേശയ്ക്ക് ഇരുപുറവുമുള്ള രണ്ട് ഗ്രൂപ്പുകളിലാണ്. അപ്പോൾ ചില ഐ.സി കളുടെ വിത്യസ്ത റീഡിംഗ് നോക്കലാണ് ലാബിൽ ചെയ്യുന്നത്. ലാബിൽ ആദ്യമാദ്യം ഐ.സിയുടെ  റീഡിംഗ് ചെക്ക് ചെയ്ത് റിസൽറ്റ് കിട്ടുന്നവർ റഫ് റെക്കോഡിൽ( വലിയ നോട്ട് ബുക്ക്) എഴുതിയത് സാറിനെ കാണിച്ച് ഒപ്പ് വാങ്ങിച്ച് പോവുകയാണ് പതിവ്. പിന്നീടത് വലിയ, ഒറിജിനൽ റെക്കോർഡിലേക്ക് പകർത്തും. ലാബിൽ സ്വന്തം ഗ്രൂപ്പിൽ, പ്രിയപ്പെട്ട കുട്ടുകാരൊന്നും  ഇല്ലാത്തത് കൊണ്ട്  ഞാൻ, -പ്രമോദ്, പട്ടാമ്പിയിലുള്ള പ്രദീപ് തുടങ്ങിയ അടുത്ത ഗ്രൂപ്പിലുള്ള കൂട്ടുകാരുമായി സംസാരിച്ചിരിക്കും.


നേരത്തെ കഴിഞ്ഞവരെല്ലാം സാറിനെ കാണിച്ച്, ഒപ്പ് വാങ്ങിച്ച് ക്ലാസ്സിലേക്ക് പോകുന്നുണ്ട്. ചിലർ പുറത്ത് നിന്ന് കത്തിയടിക്കുന്നുമുണ്ട്. പഠിക്കാനുണ്ടായിരുന്നത്, നിങ്ങൾക്ക് മനസ്സിലാവാൻ വേണ്ടി ഒന്ന് വ്യക്തമാക്കാം. ഐ.സി കൾ കൊണ്ടുള്ള പല തരം സർക്ക്യൂട്ട് ഗേയ്റ്റുകളുടെ റീഡിംഗ് ആണ് നോക്കാനുള്ളത്. ആൻഡ് ഗേയ്റ്റ്, ഓർ ഗേയ്റ്റ്, നോട്ട് ഗേയ്റ്റ്, നാൻഡ് ഗേയ്റ്റ്, നോർ ഗേയ്റ്റ് അങ്ങിനെ ചിലത്. ഇതിൽ ഒരു ഗെയ്റ്റേ(ഏതേലും ഒരു ഐ.സി കൊണ്ടുള്ളത്) ഒരു ദിവസം ലാബിൽ ഉണ്ടാവൂ. അതിൽ തർക്കമില്ല.

അങ്ങനെ കത്തിയടിയും ഐ.സി  'പരിശോധനയും' നടക്കുന്നതിനിടയ്ക്ക്, പ്രമോദിന്റെയും ടീമിന്റേയും ഐ.സി ചെക്ക് ചെയ്ത് റിസൾട്ട് കിട്ടിക്കഴിഞ്ഞു. പുറത്തിറങ്ങി കത്തിയടിക്കാനുള്ള ആർത്തിയിൽ ഗ്രൂപ്പിലുള്ള എല്ലാവരും 'ഐ.സി യും അനുബന്ധ ഉപകരണങ്ങളും തിരിച്ചേൽപ്പിക്കുക' എന്ന ഭാരിച്ച ഉത്തരവാദിത്തം പ്രദീപിനെ ഏൽപ്പിച്ചു, നേരത്തേ പുറത്തിറങ്ങി 'മുങ്ങി'. ഐ.സി യും, റീഡിംഗ് നോക്കാനുള്ള ഉപകരണവും, പിന്നെ ഈ ഐ.സി കണക്ട് ചെയ്യാനുള്ള സർക്ക്യൂട്ട് ബോർഡുമാണ് തിരിച്ചേൽപ്പിക്കേണ്ടത്.

പ്രദീപ് ഐ.സി യും മറ്റും കൊടുക്കാനയി, 'കൊക്കെത്ര  കുളം കണ്ടതാ' എന്ന ഭാവത്തിൽ, കൂട്ടുകാർ മുങ്ങിയതൊന്നും വക വക്കാതെ, റഫ് റെക്കോഡും ഐ.സി യും മറ്റുമായി മായി സാറിന്റെ അടുത്തെത്തി. അവന്റെ റഫ് റെക്കോർഡ് വാങ്ങി ഒപ്പിട്ട് കൊടുത്തു, മറ്റു സാധനങ്ങൾ വാങ്ങിച്ച് വച്ച്, ഐ.സി യ്ക്കായി സാർ കൈ നീട്ടി.

                            'ഇതേതാ ഐ.സി ?' സാർ അവനോട്, സാധാരണയായി, അലക്ഷ്യമായി ചോദിച്ചു.

                'നാൻഡ് ഗേയ്റ്റ് സാർ' വിനയ കുനയ കുലീന കുഞ്ഞിരാമനായി അവൻ പറഞ്ഞു.

'നാൻഡോ ?' അതല്ല എന്നറിയുന്ന സർ, വിശ്വാസം വരാത്ത പോലെ ചോദിച്ചു.

               'അല്ല സാർ, നോർ ഗേയ്റ്റ്,' പുറത്തിറങ്ങാനുള്ള ആർത്തിയിൽ പ്രദീപ് ഒന്നുകൂടി ഉറപ്പിച്ച് പറഞ്ഞു.

'നോറോ' ഇവന്റെ മറുപടികൾക്കൊന്നും ഒരുറപ്പില്ലാത്തതിനാൽ ഒന്നുകൂടി ഉറപ്പിക്കാനായി സാർ ചോദിച്ചു.

'അന്ന് അത് വരേയും ലാബിലിരുന്നിട്ടും, ഏത് ഗേയ്റ്റാ ചെക്ക് ചെയ്തത് ' എന്നോർമ്മയില്ലാത്ത പ്രദീപ് അവസാനം, കൈകൾ കൂപ്പി സാറിനോട് ദയനീയമായി പറഞ്ഞു,

   'അതവടെ ഡസ്ക്കിനടിയിൽ കെടന്നേര്ന്നതാ സാർ, ആരടേയോ അടുത്ത്ന്ന് വീണതാ,   ഞാങ്ങ്ട് ഇട്ത്ത് കൊടന്നതാ.'

സാർ പിന്നെ ഒന്നും പറയാതെ ആ ഐ.സി യും വാങ്ങി വച്ച് അവനോട് പൊയ്ക്കൊള്ളാൻ പറഞ്ഞു.

ഞങ്ങളങ്ങനെ പലവിധ വിശേഷങ്ങളുമായി, ക്ലാസ്സും കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ച് വരികയാണ്. അവിടുന്ന് ഞങ്ങൾ പട്ടാമ്പി ഭാഗത്തേക്ക് വരുന്നവരിൽ പ്രധാനികൾ ഞങ്ങൾ ഒരേ ക്ലാസ്സിലുള്ള പ്രമോദ്,പ്രദീപ്,ഷാജു തുടങ്ങിയവരുള്ള ടീമായിരുന്നൂ.

അതിൽ എനിക്ക് ഷൊറണൂർ സെന്റ് തെരേസയിൽ പ്ലസ്സ് ടൂ വിന് പഠിക്കുന്ന ഒരു കുട്ടിയെ നല്ല ഇഷ്ടായിരുന്നു(ആരും ചിരിക്കണ്ട, സൂക്കേട് അതു തന്നെ...!). അവൾ ഏതെങ്കിലും ഷൊറണൂർ ബസ്സിൽ, ഞങ്ങളുടെ കോളേജിന് മുന്നിലൂടെയുള്ള റോഡ്  വഴിയാണ് വരാറ്. ഞങ്ങൾക്ക് പാലക്കാടിൽ നിന്ന് വരുന്ന ബസ്സിൽ, പട്ടാമ്പിക്ക് പോയി വേഗത്തിൽ സ്റ്റാൻഡിൽ എത്താമെങ്കിലും,  'ഈ' ഒരൊറ്റ കാരണം കൊണ്ട്, ഞാൻ ഷൊറണൂർ ബസ്സിൽ പട്ടാമ്പിക്ക് പോവാനാണ് താത്പര്യം കാട്ടിയിരുന്നത്. പക്ഷെ എന്റെ വാക്കുകൾക്കെന്ത് വില ? അവരെല്ലാവരും, ഷൊറണൂർ-പട്ടാമ്പി ബസ്സ് വന്നപ്പോൾ, അതിൽ കയറാൻ എന്നെ സമ്മതിക്കാതെ, പിന്നാലെ വന്ന പാലക്കാട് ബസ്സിൽ എന്നെ പിടിച്ചുവലിച്ച് കയറ്റി.

ഞാൻ, ആ ബസ്സ് പട്ടാമ്പി എത്തുന്ന വരേയും എനിക്ക് സംഭവിച്ച 'ആ' വലിയ നഷ്ടത്തെ കുറിച്ച് അവരോട് പരിഭവം പറഞ്ഞ്  കൊണ്ടിരുന്നു. അവരെല്ലാം എന്നെ സമാധാനിപ്പിച്ചു,

'യ്യ് പേടിക്കണ്ട മനേഷേ, ആ ബസ്സ് വര്ണേ ള്ളൂ, ഞങ്ങളിന്ന് ഓള് പോണ വരേയും സ്റ്റാൻഡില് അന്റൊപ്പം നിക്കാ.' അവരുടെ ആ വാക്കുകൾ, എന്റെ മനസ്സിൽ നൂറ് ലഡ്ഢു പൊട്ടിച്ചു.

അങ്ങനെ കാത്തിരിപ്പിന്റെ അവസാനമായി, 'ആ' ബസ്സ് പിന്നാലേ തന്നെ എത്തി.

സ്റ്റാൻഡിൽ(പട്ടാമ്പി), പലയിടത്തേക്കും പോകാനുള്ള ബസ്സുകൾ നിൽക്കുന്നതിന്റെ അടുത്തായി ഞങ്ങൾ നാലുപേരും നിലയുറപ്പിച്ചു. ഞാൻ പ്രതീക്ഷിച്ച പോലെ, അവൾ ആ ബസ്സിൽ നിന്ന് ഇറങ്ങി, സ്റ്റാൻഡിൽ സ്ത്രീകളുടെ വെയിറ്റിംഗ് ഷെഡ്ഡിന്റെ ഭാഗത്തേക്ക് ധൃതിയിൽ നടന്നു. നടന്ന് പൊകുന്ന 'അവളെ' നോക്കി, ആവേശത്തോടെ ഞാൻ കൂട്ടുകാരോട് പറഞ്ഞു ,

                          'അതാ ട്ടോ 'കുട്ടി,............കണ്ടോ ല്ലാരും.'

എല്ലാവരും അത്തിപ്പൊത്തിൽ നിന്ന് മൂങ്ങ നോക്കും പൊലെ അവളെ തന്നെ സൂക്ഷിച്ച് നോക്കി.

      അവസാനം പ്രമോദ് തീർപ്പ് പറഞ്ഞു,  'വല്ല്യേ രസോന്നൂല്ല്യ ട്ടോ മനേഷേ.'

ഞാനാകെ നിരാശനായി, പക്ഷെ വിട്ടു കൊടുത്തില്ല.

'ങ്ങൾക്കൊന്നും രസല്ല്യെങ്കിലെന്താ ? ......യ്ക്ക്.... ന്റെ പെണ്ണ് ഐശ്വര്യ റായാ.....  ,അല്ലപിന്നെ',    ഞാൻ അവരോടുള്ള വാശിക്കായെങ്കിലും, സ്വയം സമാധാനിപ്പിച്ചു.

അവൾ നടന്ന് ചെന്ന് വെയിറ്റിംഗ് ഷെഡ്ഡിന്റെ മുന്നിൽ തന്നെ നിന്നു. അവൾ ആരോടോ, എന്തോ പറയാനായി സ്വല്പം ചരിഞ്ഞു നിൽപ്പാണ് അപ്പോഴും.

പ്രമോദ് അവളുടെ മേൽ നിന്ന് കണ്ണെടുക്കുന്നില്ല, അവസാനം അവനെന്നെ സമാധാനിപ്പിച്ചു കൊണ്ട് എന്നോടായി പറഞ്ഞു,
                   
                   'ഡാ....മനേഷേ...ഒരു സൈഡീന്ന് കണ്ടാ... വല്ല്യേ... കൊഴപ്പല്ല്യാ ട്ടോ'.

ഞാൻ അവനോടൊന്നും(അവരോടും) പറയാതെ അവരിൽ നിന്ന് കുറച്ച് വിട്ട് നിന്ന് 'അവളെ' പ്രണയ ദാഹത്തോടെ 'നോക്കൽ' ആരംഭിച്ചു. നിങ്ങൾക്കിപ്പോ സംശയം ണ്ടാവും ഇവനെന്താ ഇങ്ങനെ നോക്കുന്നേ ഉള്ളൂ ന്ന്. അവൾക്ക് അറിയണ്ടേ, അവളെ 'ഒരാൾ' ഇങ്ങനെ 'ഭയങ്കരമായി' സ്നേഹിക്കുന്നുണ്ടെന്ന്.! ഹാ...ഹാ...ഹാ ....!

അവസാനം പ്രമോദ് എന്റടുത്തേക്ക് നീങ്ങി നിന്നു. അപ്പൊഴും അവന്റെ നോട്ടം മാറിയിട്ടില്ല.

          'ആ....ഹ്....ഫ്രന്റീന്ന് കണ്ടാലും കൊഴപ്പല്ല്യ ട്ടോ മനേഷേ, ഞാനിപ്പഴാ ശ്രദ്ധിച്ചേ'

അവന്റെ  'ആ' ശ്രദ്ധിക്കൽ അധികമാവുന്നത് എനിക്കങ്ങ് ഇഷ്ടപ്പെടുന്നില്ല. പക്ഷെ ഞാൻ സഹിച്ചു നിന്നു, എത്രയായാലും കൂട്ടുകാരനല്ലേ, പാവം ശ്രദ്ധിച്ചോട്ടെ !

പ്രമോദ് പ്രദീപിനേയും ഷാജുവിനേയും മാറ്റിക്കൊണ്ട് എന്നോട് ചേർന്ന് നിന്നു. എന്നിട്ട് യാതൊരു മടിയുമില്ലാതെ അവൻ എന്നോട് 'വിഷയം' പറഞ്ഞു,

     'ഡാ...ഇത്...കൊഴപ്പൊന്നൂല്ല്യാ നല്ല...കുട്ട്യാ...ട്ടോ...,  യ്യ്....ഞ്ഞ് നോക്കണ്ട..ഡാ...ഞ്ഞ്.... ഞാൻ ഒന്ന് നോക്ക്യോക്കട്ടേ ഈ കൂട്ടീനെ.!'

പ്രമോദ് അങ്ങനെ പറഞ്ഞതും, ഞാൻ മറുപടിയൊന്നും പറയാതെ ഷാജുവിനേയും വിളിച്ച്  കൊപ്പത്തേക്കുള്ള മയിൽ വാഹനത്തിൽ(ബസ്സ്) കയറി ഇരുന്നു.അവർക്കാർക്കും മുഖം കൊടുക്കാതെ.

                                   [ഇതിന്റെ പ്രതികരണാനുസരണം ഇനി മറ്റ് കോളേജ് വിശേഷങ്ങൾ വരും.....]